അധ്യയനമാധ്യമം ഇംഗ്ലീഷാക്കണം – എഴുത്തച്ഛന്‍ സമാജത്തിന്റെ ആവശ്യം ന്യായമാണ്

അധ്യയനമാധ്യമം പൂര്‍ണ്ണമായും ഇംഗ്ലീഷാക്കണമെന്നും അതോടൊപ്പം എല്ലാ ക്ലാസ്സിലും മാതൃഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും അഖിലകേരള എഴുത്തച്ഛന്‍ സമാജം ആവശ്യപ്പെട്ടിരിക്കുന്നു. ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തുടനീളം വ്യാപകമായി പ്രചരണപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് സമാജം. മലയാളത്തിന്റെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ പന്‍ഗാമികളാണിതു പറയുന്നതെന്ന് ആക്ഷേപിക്കാം. എന്നാല്‍ ഗൃഹാതുരത്വമോ കാല്‍പ്പനികതയോ അല്ല ഈ വിഷയത്തില്‍ ആവശ്യം. പച്ചയായ സമകാലിക യാഥാര്‍ത്ഥ്യമാണ്. അത്തരമൊരു പരിശോധനയില്‍ സമാജത്തിന്റെ ആവശ്യം ന്യായമാണെന്നു കാണാം. എഴുത്തച്ഛന്‍ സമാജത്തിന്റെ ആദ്യപ്രചരണപരിപാടി ആഗസ്റ്റ്് 4ന് തൃശൂരിലാണ് നടക്കുന്നത്. ഉദ്ഘാടനം ചെയ്യുന്നത് ദളിത് ചിന്തകന്‍ കാഞ്ച […]

ee

അധ്യയനമാധ്യമം പൂര്‍ണ്ണമായും ഇംഗ്ലീഷാക്കണമെന്നും അതോടൊപ്പം എല്ലാ ക്ലാസ്സിലും മാതൃഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും അഖിലകേരള എഴുത്തച്ഛന്‍ സമാജം ആവശ്യപ്പെട്ടിരിക്കുന്നു. ഈ ആവശ്യമുന്നയിച്ച് സംസ്ഥാനത്തുടനീളം വ്യാപകമായി പ്രചരണപരിപാടികള്‍ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് സമാജം. മലയാളത്തിന്റെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛന്റെ പന്‍ഗാമികളാണിതു പറയുന്നതെന്ന് ആക്ഷേപിക്കാം. എന്നാല്‍ ഗൃഹാതുരത്വമോ കാല്‍പ്പനികതയോ അല്ല ഈ വിഷയത്തില്‍ ആവശ്യം. പച്ചയായ സമകാലിക യാഥാര്‍ത്ഥ്യമാണ്. അത്തരമൊരു പരിശോധനയില്‍ സമാജത്തിന്റെ ആവശ്യം ന്യായമാണെന്നു കാണാം.
എഴുത്തച്ഛന്‍ സമാജത്തിന്റെ ആദ്യപ്രചരണപരിപാടി ആഗസ്റ്റ്് 4ന് തൃശൂരിലാണ് നടക്കുന്നത്. ഉദ്ഘാടനം ചെയ്യുന്നത് ദളിത് ചിന്തകന്‍ കാഞ്ച ഐലയ്യയാണ്. ഏറെ കാലങ്ങളായി അദ്ദേഹം ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആവശ്യമാണിത്. അതിനദ്ദേഹത്തിനു കൃത്യമായ കാരണങ്ങള്‍ പറയാനുണ്ട്. കാലത്തിനനുസരിച്ച് മാറി നേട്ടങ്ങളെല്ലാം സ്വന്തമാക്കാന്‍ സവര്‍ണ്ണവിഭാഗങ്ങള്‍ക്കു കഴിയുമ്പോള്‍ പിന്നോക്ക ദളിത് മുസ്ലിം വിഭാഗങ്ങള്‍ക്ക് അതിനു കഴിയുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രധാന വാദം. അതിനുള്ള ഉദാഹരണമായാണ് അദ്ദേഹം ഭാഷാവിഷയം ചൂണ്ടികാട്ടുന്നത്. സംസ്‌കൃതം ദേവഭാഷയാണെന്നും അതുപയോഗിക്കാനുള്ള ്അവകാശം തങ്ങള്‍ക്കു മാത്രമേയുള്ളു എന്നുമാണല്ലോ സവര്‍ണ്ണര്‍ എന്നും വാദിക്കാറുള്ളതെന്നും എന്നാലിന്ന് അവരിലാരെങ്കിലും സംസ്‌കൃതം പഠിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു. അവരെല്ലാം പഠിക്കുന്നത് ഇംഗ്ലീഷാണ്. ആധുനികകാലത്തെ അവസരങ്ങള്‍ കൈക്കലാക്കാന്‍ ഇംഗ്ലീഷാവശ്യമാണെന്ന് അവര്‍ക്കറിയാം. ്അതിനാലവര്‍ മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിക്കുന്നു. നമ്മുടെ മക്കള്‍ മിക്കവാറും പ്രാദേശിക ഭാഷാ മീഡിയം സ്‌കൂളുകളിലും. അതിനാല്‍ തന്നെ രാജ്യത്തെ ഉന്നതസ്ഥാനങ്ങളും വിദേശത്തെ അവസരങ്ങളും അവര്‍ കവര്‍ന്നെടുക്കുന്നു. ഹൈദരാബാദില്‍ നിന്നു അമേരിക്കയില്‍ ജോലിക്കുപോയ നിരവധി പേരെ ഇംഗ്ലീഷില്‍ മോശമായതിനാല്‍ തിരിച്ചയച്ച സംഭവം അദ്ദേഹം ചൂണ്ടികാട്ടുന്നു. മുസ്ലിം രാഷ്ട്രങ്ങളിലെ നമ്മുടെ ഏംബസികളിലെ ഉദ്യോഗസ്ഥരില്‍ ഭൂരിഭാഗവും സവര്‍ണ്ണരായതിന്റെ കാരണവും മറ്റൊന്നല്ല എന്നും അദ്ദേഹം പറയുന്നു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് അധ്യയനമാധ്യമം പൂര്‍ണ്ണമായും ഇംഗീഷാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്. ഭൂമി നേടിയെടുക്കുന്നതില്‍ മാത്രം ഒതുങ്ങേണ്ടതല്ല ദലിത്, ആദിവാസി വിമോചന സമരമെന്നും ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനായി അവര്‍ പോരാടണമെന്നും അവരെ ദേശീയ, അന്താരാഷ്ട്ര തലങ്ങളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇതിലൂടെ മാത്രമെ കഴിയൂ എന്നും കാലങ്ങളായി കൈഞ്ച ഐലയ്യ വാദിക്കുന്നു.
മാതൃഭാഷാ അധ്യയനം പോലുള്ള പൊതുവിദ്യാഭ്യാസ മൂല്യങ്ങളുടെ ആദര്‍ശഭാരം അടിസ്ഥാന ജനവിഭാഗങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല എന്നതുതന്നെയാണ് ശരി. സാമൂഹ്യമായി ഉന്നതപദവി വഹിക്കുന്നവര്‍ അതു ചെയ്ത് മാതൃക കാണിക്കട്ടെ. എന്നാല്‍ ദളിത് – പിന്നോക്ക വിഭാഗങ്ങള്‍ക്ക് കാത്തു നില്‍ക്കാന്‍ സമയമില്ല. അവര്‍ക്ക് അതിജീവനത്തിന് (വ്യക്തിപരമായും, സാമൂഹികപരമായും) ഓരോ ദിവസത്തെ സമയം പോലും വളരെ പ്രധാനമാണ്. അവരില്‍ നിന്ന് എത്രയും വേഗം സ്വന്തം ബുദ്ധിജീവികളും, പ്രൊഫഷണലുകളും ഉണ്ടാകേണ്ടതുണ്ട്. മലയാളത്തെ രക്ഷിക്കുക, അധ്യയനവും ഭരണവുമെല്ലാം മലയാളത്തിലാക്കുക എന്നതെല്ലാം ആധുനികകാലത്തിന് അനുയോജ്യമായ മുദ്രാവാക്യങ്ങളാണോ എന്ന് ഭാഷാമൗലികവാദികള്‍ സ്വയം പരിശോധിക്കേണ്ടതാണ്. തീര്‍ച്ചയായും എല്ലാ മേഖലകളിലുമുള്ള വൈവിധ്യങ്ങളും ദുര്‍ബ്ബലവിഭാഗങ്ങളും തുടച്ചുമാറ്റപ്പെടുകയും ആധിപത്യശക്തികള്‍ മാത്രം അതിജീവിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രാദേശികഭാഷകള്‍ക്ക് പ്രസക്തിയുണ്ട്. മാതൃഭാഷ പഠിക്കാതെ ബിരുദം നേടാവുന്ന അവസ്ഥയൊക്കെ മാറണം. എഴുത്തച്ഛന്‍ സമാജം ആവശ്യപ്പെടുന്നപോലെ മാതൃഭാഷാ പഠനം നിര്‍ബന്ധമാക്കണം. എന്നാല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലോകത്തെ ഒന്നാക്കി മാറ്റികൊണ്ടിരിക്കുമ്പോള്‍ സ്വാഭാവികമായുമുണ്ടാകുന്ന മത്സരത്തില്‍ നമ്മള്‍ പുറകിലാകാന്‍ പാടി. അതിനാല്‍തന്നെ അധ്യയന മാധ്യമം ഇംഗ്ലീഷാക്കുക എന്ന ആവശ്യം പ്രസക്തമാണ്. അധ്യയനമാധ്യമം മാതൃഭാഷയാക്കുക എന്ന് പരസ്യമായി ആവശ്യപ്പെടുന്നവരില്‍ ഭൂരിപക്ഷവും സ്വന്തം മക്കളുടെ കാര്യത്തില്‍ അതു ചെയ്യാതിരിക്കാനുള്ള കാരണവും മറ്റൊന്നല്ലല്ലോ. തങ്ങളുടെ ഭാവിയെ കുറിച്ചുള്ള ഭയമാണ് പത്രങ്ങളെ മലയാളത്തിനായി അമിതമായി രംഗത്തിറങ്ങാന്‍ പ്രചോദിപ്പിക്കുന്നത് എന്നതും വ്യക്തം. പരസ്പരം കൊണ്ടും കൊടുത്തും ഭാഷകള്‍ വളരും. തളരും. ചില ഭാഷകള്‍ ചിലപ്പോള്‍ തളരും. മരിക്കും. കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെങ്കിലും സ്വാഭാവികമായ മരണങ്ങള്‍ അംഗീകരിക്കാതിരിക്കാനാവില്ലല്ലോ. അവിടെ ഭാഷാമൗലികവാദപരമായ നിലപാടുകള്‍ അപ്രസക്തമാകും. നിരവധി ഭാഷകള്‍ സംസാരിക്കുന്ന കോസ്‌മോ പൊളിറ്റന്‍ സംസ്‌കാരത്തേക്കാണ് കേരളം നീങ്ങുന്നത്. അതത്ര മോശപ്പെട്ട കാര്യമല്ല. അങ്ങോട്ടുപഠിപ്പിക്കുക മാത്രമല്ല, ഇങ്ങോട്ടു പഠിക്കാനും നാം തയ്യാറാവണം.
പഠനവുമായി ബന്ധപ്പെട്ട ഒരുദാഹണം. അക്കാദമികതലത്തില്‍ ശാസ്ത്രം പഠിക്കുന്ന ഒരാളുടെ മുന്നിലെ പ്രധാനവഴി ശാസ്ത്രഗവേഷണമാണ്. മലയാളം എന്ന ഭാഷയിലോ കേരളമെന്ന പ്രദേശത്തോ ഒതുങ്ങിനിന്ന് ഇത് സാധിച്ചെടുക്കുക എന്നത് ഏതാണ്ട് അസാധ്യമാണ്. പഠിക്കുന്ന വിഷയത്തില്‍ ഒരു സംശയം വന്നാല്‍ ഇക്കാലത്ത് അതേപ്പറ്റി അന്വേഷിക്കുന്നത് ഇന്റര്‍നെറ്റിലായിരിക്കും. അവിടെ മലയാളത്തിലുള്ള സെര്‍ച്ചിങ് കാര്യമായ പ്രയോജനം ചെയ്യില്ല എന്നുറപ്പാണ്. ആ സമയത്ത് കഷ്ടപ്പെടുന്നതിനേക്കാള്‍ നല്ലത് സ്‌കൂള്‍ മുതല്‍ ആരംഭിക്കുന്നതല്ലേ?
വാസ്തവത്തില്‍ മാതൃഭാഷ എന്നു പറഞ്ഞാല്‍ തന്നെ എന്താണ്? ഒരു പ്രദേശത്തിനും ഒരു മാതൃഭാഷ ഉണ്ടാകുക അസാധ്യമാണ്. ഭൂരിപക്ഷത്തിന്റെ ഭാഷയുണ്ടാകാം. ഇന്ത്യയുടെ മാതൃഭാഷ ഹിന്ദിയാണെന്നു പറയുന്നപോലെ അസംബന്ധമാണ് കേരളത്തിന്റെ മാതൃഭാഷ മലയാളമാണെന്ന വാദം. ഭാഷാടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ രൂപീകരണം നടന്നതെന്നതുശരി. എന്നാലത് ഭൂരിപക്ഷം എന്ന അര്‍ത്ഥത്തില്‍ മാത്രമാണ്. കേരളത്തില്‍ എത്രയോ ആദിവാസി, ദളിത് ഭാഷകള്‍ നിലവിലുണ്ട്. എത്രയെത്ര ഭാഷാ ന്യൂനപക്ഷങ്ങളാണ് ഇവിടെ ജീവിക്കുന്നത്. കൂടാതെ ഇങ്ങോട്ടു കുടിയേറുന്ന ഇതരസംസ്ഥാനക്കാരുടെ എണ്ണവും അനുദിനം വര്‍ദ്ധിക്കുന്നു. അവരുടെ മാതൃഭാഷ മലയാളമാണോ? മലയാളികളുടെ മാതൃഭാഷ മലയാളമെന്നു പറയാമെന്നാല്ലതെ കേരളത്തിന്റെ മാതൃഭാഷ മലയാളമാണെന്ന പ്രയോഗം ഭാഷാമൗലികവാദം തന്നെയാണ്. മാത്രമല്ല എത്രയോ ആദിവാസി – ദളിത് ഭാഷകളെ ഇല്ലാതാക്കിയാണ് മലയാളം തന്നെ വളര്‍ന്നത്. ആ ചരിത്രമെങ്കിലും ഓര്‍ത്തായിരിക്കണം ഈ വിഷയത്തില്‍ നിലപാടെടുക്കേണ്ടത്. തീര്‍ച്ചയായും ഈ വിഷയത്തില്‍ എഴുത്തച്ഛന്‍ സമാജത്തോടൊപ്പം നില്‍്ക്കാനാണ് സാമൂഹ്യനീതിയില്‍ വിശ്വസിക്കുന്നവര്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply