അത്ര മഹത്തരമോ പ്രണയം? അതോ മലയാളിയുടെ കാപട്യമോ?

ഹരികുമാര്‍ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമങ്ങൡ നിന്ന് ഓഡിറ്റോറിയങ്ങളിലെ ത്തുകയാണ്. സംവിധാകന്‍ വിമലും പല നടീനടന്മാരും മൊയ്തീന്റെ യഥാര്‍ത്ഥ സഹോദരനുമെല്ലാം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. പലയിടത്തും പൊതുജനങ്ങളുടെ പങ്കാളിത്തവും സജീവമാണ്. സിനിമ കാണുകയും കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയില്‍ നടന്ന ചര്‍ച്ചകേള്‍ക്കുകയും ചെയ്തപ്പോഴാണ് ഈ ചോദ്യം ചോദിക്കാന്‍ തോന്നിയത്. അത്ര മഹത്തരമോ പ്രണയം? അതോ മലയാളിയുടെ കാപട്യമോ? ഇങ്ങനെ ചര്‍ച്ച ചെയ്യാന്‍ സാമൂഹ്യമായ എന്തു പ്രസക്തിയാണുള്ളത്? ഭേദപ്പെട്ട രീതിയില്‍ ചെയ്ത ഒരു പ്രണയസിനിമയാണ് […]

mmmഹരികുമാര്‍

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാധ്യമങ്ങൡ നിന്ന് ഓഡിറ്റോറിയങ്ങളിലെ ത്തുകയാണ്. സംവിധാകന്‍ വിമലും പല നടീനടന്മാരും മൊയ്തീന്റെ യഥാര്‍ത്ഥ സഹോദരനുമെല്ലാം ചര്‍ച്ചകളില്‍ പങ്കെടുക്കുന്നുണ്ട്. പലയിടത്തും പൊതുജനങ്ങളുടെ പങ്കാളിത്തവും സജീവമാണ്. സിനിമ കാണുകയും കഴിഞ്ഞ ദിവസം സാഹിത്യ അക്കാദമിയില്‍ നടന്ന ചര്‍ച്ചകേള്‍ക്കുകയും ചെയ്തപ്പോഴാണ് ഈ ചോദ്യം ചോദിക്കാന്‍ തോന്നിയത്. അത്ര മഹത്തരമോ പ്രണയം? അതോ മലയാളിയുടെ കാപട്യമോ? ഇങ്ങനെ ചര്‍ച്ച ചെയ്യാന്‍ സാമൂഹ്യമായ എന്തു പ്രസക്തിയാണുള്ളത്?
ഭേദപ്പെട്ട രീതിയില്‍ ചെയ്ത ഒരു പ്രണയസിനിമയാണ് എന്ന് നിന്റെ മൊയ്തീന്‍ എന്നതില്‍ സംശയമില്ല. എന്നാല്‍ എത്രയോ പ്രണയസിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. പലതും ഈ സിനിമയെ മറികടക്കുന്നവ. ചെമ്മീന്റെ പ്രമേയം പോലും മറ്റൊന്നല്ലല്ലോ. എന്നാല്‍ അവയെ കുറിച്ചൊന്നും ഇത്തരത്തില്‍ ചര്‍ച്ചകള്‍ നടക്കാറില്ല. ചര്‍ച്ചകള്‍ക്കു കാരണം എന്താണെന്ന് വ്യക്തം. നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമ, സമകാലികാവസ്ഥയില്‍ അതിനുള്ള പ്രസക്തി. ഇതാണല്ലോ ചര്‍ച്ചകള്‍ സംഘടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതില്‍ തെറ്റില്ല. എന്നാല്‍ ചര്‍ച്ചകളിലെ അഭിപ്രായങ്ങള്‍ വളരെ രസാവഹമായി തോന്നി.
മൊയ്തീന്‍ – കാഞ്ചന പ്രണയം മനോഹരമായിരുന്നു എന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ തിയറ്ററിലിരുന്ന് കയ്യടിക്കുകയും ചര്‍ച്ചകളില്‍ സിനിമയെ വാനോളം പുകഴ്ത്തുകയും ചെയ്യുന്നവരില്‍ എത്രപേര്‍ സ്വന്തം ജീവിതത്തിലോ കുടുംബാംഗങ്ങളിലോ അത് പ്രായോഗികമാക്കാന്‍ ശ്രമിച്ചിട്ടിണ്ട്? പ്രണയിച്ചോ അല്ലാതേയോ മിശ്രവിവാഹം കഴിച്ചിട്ടുണ്ട്? അവിടെയാണ് നമ്മുടെ കാപട്യം. നല്ല സിനിമ ആസ്വദിക്കുന്നത് തെറ്റാണെന്നല്ല പറയുന്നത്. എന്നാല്‍ ഈ സിനിമയെ അങ്ങനെയല്ലല്ലോ അവതരിപ്പിക്കുന്നത്. ചരിത്രസംഭവവുമായി കൂട്ടിയിണക്കിയല്ലേ? ചര്‍ച്ചകള്‍ക്കും കാരണം അതല്ലേ? അതിനാല്‍ തന്നെ ഈ കാപട്യത്തെ വിമര്‍ശിക്കാതെ വയ്യ.
വര്‍ഗ്ഗീയതയും ജാതിയുമെല്ലാം അവസാനിപ്പിക്കാന്‍ പ്രണയം കൊണ്ടാകുമെന്നുപോലും ചര്‍ച്ചകള്‍ നടക്കുന്നു. പ്രണയം ഒരു സാധ്യതയാണെന്ന പേരില്‍ കേരളത്തില്‍ യുജനസംഘടനകളുടെ നേതൃത്വത്തില്‍ കൂടിച്ചേരലുകള്‍ നടക്കുന്നു.
സത്യത്തില്‍ അത്രക്കു മഹത്തരമാണോ പ്രണയം? സാധ്യതയാണോ? ആണെന്നതിന് കാര്യമായ വാദഗതികളൊന്നും ചരിത്രത്തില്‍ കണ്ടിട്ടില്ല. അതേ സമയം എന്നും പ്രണയമുണ്ടായിട്ടുണ്ട്. എല്ലാ തലമുറയും പ്രണയിച്ചട്ടുണ്ട്. പ്രണയിക്കുന്ന ഓരോരുത്തരും കരുതും തങ്ങളുടേതാണ് ഏറ്റവും വിശുദ്ധമായ പ്രണയമെന്ന്. മാംസനിബദ്ധമല്ലാത്ത പ്രണയമെന്ന്. മാംസനിബദ്ധവും അല്ലാത്തതുമായി എന്താണ് വ്യത്യാസം എന്നതു വേറെ ചോദ്യം.
പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും വിവാഹം കഴിക്കാന്‍ കഴിയാത്തും ആത്മഹത്യ ചെയ്യുന്നതും വേറെ വിവാഹം കഴിക്കുന്നതുമൊക്കെ സര്‍വ്വസാധാരണമാണ്. പ്രണയിച്ചു വിവാഹം കഴിക്കുന്നവരുടേയും അറേഞ്ച്ഡ് മാരേജ് കഴിക്കുന്നവരുടേയും ജീവിതങ്ങള്‍ തമ്മില്‍ കാര്യമായ എന്തെങ്കിലും വ്യത്യാസമുള്ളതായി തോന്നിയിട്ടില്ല. പഴയ ഒരു സിനിമയില്‍ ഉര്‍വ്വശി മോഹന്‍ ലാലിനോട് ചോദിക്കുന്ന പോലെ കുറെ ചോദ്യങ്ങള്‍ ഉണ്ടാകുമായിരിക്കാം. സത്യത്തില്‍ വിവാഹം കഴിക്കാതിരിക്കുന്നവരുടെ പ്രണയം ഒരുപക്ഷെ ഏറെ കാലം നിലനിന്നു എന്നു വരാം. ആ അര്‍ത്ഥത്തില്‍ വിവാഹമണ്ഡപത്തില്‍ പ്രണയം മരിക്കുകയാണ്. പ്രണയത്തിന്റെ വിജയം വിവാഹമാണ് എന്ന സമവാക്യം പൂര്‍ണ്ണമായും തെറ്റാണ്. കാഞ്ചന – മൊയ്തീന്‍ പ്രണയം മരിക്കാത്തത് വിവാഹിതരാകാഞ്ഞതു കൊണ്ടുമാത്രമാണ്.
തീര്‍ച്ചയായും വിവാഹത്തില്‍ സ്വന്തം തെരഞ്ഞെടുപ്പ് എന്ന പ്രശ്‌നമുണ്ട്. അതിനെതിരെ നില്‍ക്കുന്നത് മാതാപിതാക്കളാണെങ്കിലും തള്ളിക്കളയണം. എന്നാല്‍ അത് ജാതിക്കും മതത്തിനുമെതിരായ മുന്നേറ്റമൊന്നുമല്ല. പ്രണയത്തിനുവേണ്ടി സിംഹാസനങ്ങള്‍ വലിച്ചറിഞ്ഞവര്‍ ചരിത്രത്തിലില്ലേ? ജാതി – മത വേലിക്കെട്ടുകളൊക്കെ തകര്‍ത്തവരെത്ര. ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ അത്രയും ശക്തമായ വികാരമാണത്. എന്നാല്‍ പിന്നിട് അവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും ജീവിതം പരിശോധിച്ചാല്‍ അതിന്റെ ബാലിശത മനസ്സിലാകും. മിക്കവാറും പേര്‍ ജീവിക്കുന്നത് ജാതി – മത വേലികള്‍ക്കുള്ളില്‍ തന്നെ. ജാതി – മത വേലിക്കെട്ടുകള്‍ പൊട്ടണമെങ്കില്‍ നടക്കേണ്ടത് കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ ബോധപൂര്‍വ്വമായ അറേഞ്ച്ഡ് മാരേജാണ്. അതാകട്ടെ നടക്കുന്നുമില്ല. ഘോരഘോരം ശബ്ദമുയര്‍ത്തുന്നവരില്‍ മഹാഭൂരിപക്ഷം പോലും അതിനു തയ്യാറാകുന്നില്ല. ഇ എം എസിന്റെ നാലു മക്കളും ഇല്ലങ്ങളില്‍ നിന്നാണ് വിവാഹിതരായത് എന്നതിനേക്കാല്‍ കൂടുതലായൊന്നും ഇക്കാര്യത്തില്‍ ഉദാഹരിക്കേണ്ടതില്ലല്ലോ.
മലയാളികളുടെ കാപട്യം വ്യക്തമാക്കുന്ന മറ്റൊരു ഉദാഹരണമാണ് പ്രണയസിനിമകളുടെ വിജയം. സ്വന്തം കുടുംബത്തെ പ്രണയത്തെ അംഗീകരിക്കാത്തവരാണ് തിയറ്ററുകളില്‍ പോയി പണം കൊടുത്ത് പ്രണയസിനിമകള്‍ കാണുന്നത്. അവരാണ് മൊയ്തീന്‍ വരെയുള്ള സിനിമകളെ വിജയിപ്പിക്കുന്നത്. ഇപ്പോഴിതാ പ്രേമമെന്ന വന്‍ഹിറ്റായ സിനിമയെ തള്ളിയാണ് മൊയ്തീനെ വാഴ്ത്തുന്നത്. ആയിരം മലരിന് അര കാഞ്ചനയത്രെ. സത്യത്തില്‍ ഉള്ളടക്കത്തിന്റെ പരിശോധനയില്‍ പ്രേമം എത്രയോ മുന്നിലാണ്. പ്രണയത്തിനുവേണ്ടി സ്വയം നശിക്കാന്‍ തയ്യാറാത്തവരാണ് അതിലെ കഥാപാത്രങ്ങള്‍. യുവത്വത്തിന്റെ സ്വാഭാവികമായ ആഘോഷം മാത്രമാണ് അവര്‍ക്ക് പ്രണയം. അതിനെ അമിതമായി കാല്‍പ്പനികരിച്ച് ജീവിതത്തിന്റെ മറ്റെല്ലാ വശങ്ങളേയും തള്ളിക്കളയുന്ന കൊട്ടിഘോഷിക്കപ്പെടുന്ന പ്രണയമല്ല അത്. സ്വന്തമാക്കുന്നതാണ് പ്രണയത്തിന്റെ മഹത്തരം എന്ന ധാരണക്കു വിരുദ്ധമാണത്. മൊയ്തീനാകട്ടെ പ്രണയം പരാജയപ്പെട്ടാല്‍ ജീവിതത്തിന് ഒരര്‍ത്ഥവുമില്ല എന്ന സന്ദേശമാണ് നല്‍കുന്നത്. അവരുടെ പ്രണയത്തിലെ ഏറ്റവും പ്രധാനം മൊയ്തീന്റെ മരണശേഷമുള്ള കാഞ്ചനയുടെ സാമൂഹ്യജീവിതമാണ്. അതാകട്ടെ സംവിധായകന്‍ വിട്ടുകളയുന്നുതാനും. അത്തരത്തില്‍ പരിശോധിച്ചാല്‍ ഭേദപ്പെട്ട ഒരു സിനിമ എന്നതിനപ്പുറം ചര്‍ച്ച ചെയ്യാന്‍ സാമൂഹ്യമായി എന്തു പ്രസക്തിയാണ് ഈ ചിത്രത്തിനുള്ളത്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply