മാതൃഭൂമിയുടെ ആ സദസ്സ് സമ്പന്നമോ?

നാരായണന്‍ എസ് ”ആവേശത്തിന്റെ ഓളപ്പരപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ വരവ്. പ്രിയപ്പെട്ട സത്യന്‍ അന്തിക്കാടിനൊപ്പം ഗൃഹാതുരമായ ഒരു കൂട്ടുകെട്ടിനെ ഓര്‍മ്മപ്പെടുത്തി മോഹന്‍ലാലുമെത്തി. മാതൃഭൂമിയുടെ നവതിയാഘോഷം അങ്ങിനെ മലയാള സിനിമയിലെ ഏറ്റവും തിളക്കമാര്‍ന്ന രണ്ട് നക്ഷത്രങ്ങളുടെ തെളിഞ്ഞ ആകാശം കൂടിയായി. ഫോര്‍ട്ട് കൊച്ചിയില്‍ ‘ഗാങ്സ്റ്റര്‍’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പ്രത്യേക സ്പീഡ് ബോട്ടിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. ചാനല്‍ എന്ന ബോട്ടിന്റെ വേഗച്ചിറകിലേറി ഉച്ചക്ക് രണ്ടരയോടെ മമ്മൂട്ടി കിന്‍കോ ജെട്ടിയിലെത്തി. അവിടെ നിന്ന് പ്രത്യേക വാഹനത്തില്‍ വേദിയിലേക്ക്. പ്രധാനമന്ത്രി പങ്കെടുക്കുന്ന […]

mammuttyനാരായണന്‍ എസ്

”ആവേശത്തിന്റെ ഓളപ്പരപ്പിലൂടെയായിരുന്നു മമ്മൂട്ടിയുടെ വരവ്. പ്രിയപ്പെട്ട സത്യന്‍ അന്തിക്കാടിനൊപ്പം ഗൃഹാതുരമായ ഒരു കൂട്ടുകെട്ടിനെ ഓര്‍മ്മപ്പെടുത്തി മോഹന്‍ലാലുമെത്തി. മാതൃഭൂമിയുടെ നവതിയാഘോഷം അങ്ങിനെ മലയാള സിനിമയിലെ ഏറ്റവും തിളക്കമാര്‍ന്ന രണ്ട് നക്ഷത്രങ്ങളുടെ തെളിഞ്ഞ ആകാശം കൂടിയായി. ഫോര്‍ട്ട് കൊച്ചിയില്‍ ‘ഗാങ്സ്റ്റര്‍’ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് പ്രത്യേക സ്പീഡ് ബോട്ടിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയത്. ചാനല്‍ എന്ന ബോട്ടിന്റെ വേഗച്ചിറകിലേറി ഉച്ചക്ക് രണ്ടരയോടെ മമ്മൂട്ടി കിന്‍കോ ജെട്ടിയിലെത്തി. അവിടെ നിന്ന് പ്രത്യേക വാഹനത്തില്‍ വേദിയിലേക്ക്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ അതീവ സുരക്ഷയിലായിരുന്നു കായല്‍മേഖല. അതുകൊണ്ട് എസ്.പി.ജി, നാവികസേന, കോസ്റ്റ്ഗാര്‍ഡ്, സി.ഐ.എസ്.എഫ് എന്നിവയുടെ അനുമതിയോടെയും സഹകരണത്തോടെയുമായിരുന്നു നവതിയാഘോഷസ്ഥലത്തേക്ക് മമ്മൂട്ടിയുടെ കായല്‍ യാത്ര. പോലീസ് സംഘവും സഹായത്തിനുണ്ടായിരുന്നു. മമ്മൂട്ടിയുടെ വരവിന് പത്തു നിമിഷം മുമ്പ് മോഹന്‍ലാല്‍ വേദിയിലേക്കെത്തി. അടുത്തടുത്തുള്ള ഇരിപ്പിടങ്ങളില്‍ മലയാള സിനിമയിലെ നായകര്‍, മാതൃഭൂമിയുടെ നവതിക്ക് സാക്ഷികളായി.”
മാതൃഭൂമി പത്രത്തിന്റെ തൊണ്ണൂറാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പരിപാടിയെപ്പറ്റി ‘ഓളച്ചിറകേറി മമ്മൂട്ടി, അന്തിക്കാടിനൊപ്പം ലാല്‍’ എന്ന തലക്കെട്ടോടെ കൊടുത്ത റിപ്പോര്‍ട്ടാണ് മുകളില്‍ കണ്ടത്. മമ്മൂട്ടി കൂളിംഗ് ഗ്ലാസ് ധരിച്ച് കായല്‍ പരപ്പിലൂടെ സ്പീഡ് ബോട്ടില്‍ വരുന്ന ചിത്രവും ഒപ്പമുണ്ട്. സദസ്സില്‍ ഉണ്ടായിരുന്ന മറ്റു മഹാരഥന്മാരെ പറ്റി തൊട്ടപ്പുറത്തു തന്നെ ‘പ്രൗഢം, സമ്പന്നം ഈ സദസ്സ്’ എന്ന് എട്ടു കോളം തലക്കെട്ടില്‍ വിസ്തരിച്ച് വാര്‍ത്ത കൊടുത്തിരിക്കുന്നു. കേന്ദ്രമന്ത്രിമാര്‍, സംസ്ഥാനമന്ത്രിമാര്‍, ഉദ്യോഗസ്ഥപ്രമുഖര്‍, ജഡ്ജിമാര്‍, എഴുത്തുകാര്‍, മത രാഷ്ട്രീയ നേതാക്കള്‍, പത്രാധിപന്മാര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുമുള്ളവര്‍ സദസ്സിലുണ്ട്.
പ്രൗഢ സദസ്സിലുള്ള നൂറ്റമ്പതോളം പേരുകള്‍ എടുത്തെഴുതിയതു പോരാതെ പരിപാടിക്കെത്താന്‍ ഉദ്ദേശിച്ചിരുന്നവരേയും വഴിയില്‍ പെട്ടുപോയവരേയും ലേഖകന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ”മഞ്ജു വാരിയരുടെ തിരിച്ചുവരവിലെ ആദ്യ ചിത്രമായ ‘ഹൗ ഓള്‍ഡ് ആര്‍ യു’വിന്റെ തിരക്കിട്ട ചര്‍ച്ചകള്‍ക്കിടയില്‍ നിന്നാണ് ബോബിയും സഞ്ജയും എത്തിയത്. ചിത്രത്തിന്റെ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഇവര്‍ക്കൊപ്പമെത്താന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും അവസാന നിമിഷമുണ്ടായ അസൗകര്യം മൂലം സാധിച്ചില്ല. ചടങ്ങിനു പുറപ്പെട്ട മീരാനന്ദനു മുന്നില്‍ പാതി വഴിയില്‍ ട്രാഫിക് കുരുക്ക് വില്ലനായി. പ്രധാനമന്ത്രി വരാറായ സമയമായതിനാല്‍ മറൈന്‍ ഡ്രൈവിലേക്കുള്ള റോഡിലെ ഗതാഗതം നിയന്ത്രിച്ചിരുന്നു, ഇതോടെ മീരക്ക് ചടങ്ങിനെത്താനാകാതെ പോയി”. ലേഖകന്‍ കണ്ണീരോടെ റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നു.
ഇത്രയും എടുത്തെഴുതിയതിന് കാരണമുണ്ട്. കൊച്ചിയില്‍ നടന്നത് ഒരു സിനിമാ മാസികയുടെ തൊണ്ണൂറാം പിറന്നാളായിരുന്നില്ല. നാടിന്റെ സ്വാതന്ത്ര്യസമരത്തിലും സാമൂഹ്യചരിത്രത്തിലും നിര്‍ണ്ണായകമായ ഇടപെടലുകള്‍ നടത്തിയ ഒരു പത്രത്തിന്റെ നവതിയാഘോഷമാണ് അവിടെ നടന്നത്. നാഴികക്ക് നാല്പതുവട്ടം സ്വാതന്ത്ര്യസമരത്തേയും മഹാത്മാഗാന്ധിയേയും ഐക്യ കേരളത്തേയും ഗുരുവായൂര്‍ സത്യാഗ്രഹത്തേയും കെ.പി.കേശവമേനോനേയും ഉദ്ധരിക്കുന്ന പത്രത്തിന്റെ നേതൃനിരയിലുള്ളവര്‍ മാതൃഭൂമിയെ സിനിമാക്കാരുടെ തൊഴുത്തില്‍ കൊണ്ടുചെന്നു കെട്ടി എന്ന് തെറ്റിദ്ധരിക്കരുത്. സിനിമാക്കാരെ കൊതിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. യഥാര്‍ത്ഥത്തില്‍ കോര്‍പ്പറേറ്റുകളുടെ തൊഴുത്തിലാണ് പത്രത്തെ കൊണ്ടു കെട്ടിയിരിക്കുന്നത്. ”പ്രൗഢം സമ്പന്നം ഈ സദസ്സ്’ എന്ന വാര്‍ത്ത അവസാനിക്കുന്നത് കോര്‍പ്പറേറ്റ് മേധാവികളുടെ നീണ്ട ലിസ്റ്റ് കൂടി അവതരിപ്പിച്ചിട്ടാണ്.
മഹാത്മാഗാന്ധിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട്് ആരംഭിച്ച പ്രസ്ഥാനമാണ് മാതൃഭൂമിയെന്ന് സ്വാഗതപ്രസംഗം നടത്തിയ മാനേജിംഗ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാര്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞു. കാലമെത്ര മാറിയാലും മൂല്യങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് അദ്ദേഹം സദസ്സിന് ഉറപ്പുകൊടുത്തു. മാതൃഭൂമി അതിന്റെ പാരമ്പര്യത്തില്‍ നിന്നും മൂല്യങ്ങളില്‍നിന്നും കടുകിട വ്യതിചലിക്കില്ലെന്ന് മാനേജിംഗ് എഡിറ്റര്‍ പി.വി. ചന്ദ്രനും ഉറപ്പിച്ചു പറയുന്നു. എന്തു മൂല്യമാണ് മാനേജിംഗ് ഡയറക്ടറും മാനേജിംഗ് എഡിറ്ററും ഉറപ്പിക്കുന്നതെന്ന് ‘പ്രൗഢം സമ്പന്നം ഈ സദസ്സ്’എന്നതിനു താഴെ കൊടുത്ത, പരിപാടിയില്‍ പങ്കെടുത്തവരുടെ പട്ടിക വായിച്ചാല്‍ വ്യക്തമാകും. ”ഫെഡറല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ യുമായ ശ്യാം ശ്രീനിവാസന്‍, ബീന കണ്ണന്‍ (ശീമാട്ടി), എം.പി.അഹമ്മദ് (മലബാര്‍ ഗോള്‍ഡ്), വി.പി.നന്ദകുമാര്‍ (മണപ്പുറം ഫിനാന്‍സ്), ഗോവിന്ദ് കമ്മത്ത് (ജയലക്ഷ്മി സില്‍ക്‌സ്), പ്രകാശ് പട്ടാഭിരാമന്‍ (കല്യാണ്‍ സില്‍ക്‌സ്), ബിജു കര്‍ണ്ണന്‍ (നിറപറ), ബാബു മൂപ്പന്‍ (നിപ്പോണ്‍ ടൊയോട്ട), ജി.പി.സി. നായര്‍ (എസ്.സി.എം.എസ്), അനില്‍ വര്‍മ്മ സുനില്‍കുമാര്‍ (അസറ്റ് ഹോംസ്), രാജീവ് നായിക്, രവി നായിക് (വി.എന്‍.എം), റസാക് റഫീക് (വി.കെ.സി), തോമസ് ജോര്‍ജ് മുത്തൂറ്റ് (മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്), ശരണ്‍ കര്‍ത്ത (സി.എം.ആര്‍.എല്‍), കെ. ഭവദാസ് (കെ.പി.നമ്പൂതിരീസ്), സി.സി. വില്യം വര്‍ഗ്ഗീസ് (ബി.ആര്‍.ഡി. ഗ്രൂപ്പ്), വര്‍ഗ്ഗീസ് ആലൂക്ക (ജോസ് ആലൂക്കാസ്), പ്രേംകുമാര്‍ (ഈസ്റ്റേണ്‍ ഗ്രൂപ്പ്), സിദ്ദിഖ് അഹമ്മദ് (ഇറാം ഗ്രൂപ്പ്), ഭുവനേന്ദ്രന്‍ (ഹെഡ്ജ് ഇക്വിറ്റീസ്), മാത്യു മുത്തൂറ്റ് (മിനി മുത്തൂറ്റ് ഗ്രൂപ്പ്), ബാബു ആലപ്പാട്ട് (ആലപ്പാട്ട് ഗോള്‍ഡ്)…”
മമ്മൂട്ടി വന്നതുപോലെ ഓളച്ചിറകേറിയല്ല മാതൃഭൂമി കേരള ചരിത്രത്തിന്റെ ഭാഗമായത്. ഓളത്തിനെതിരെ നീന്തിയാണ് മാതൃഭൂമി മലയാളിയുടെ ജീവിതത്തില്‍ ഇടമുണ്ടാക്കിയത്. ഈ പാരമ്പര്യം ഇന്നത്തെ നേതൃത്വം മറന്നു പോകുന്നു. അതുകൊണ്ടാണ് പ്ലാച്ചിമട സമരത്തിന്റെ ഖ്യാതി അവകാശപ്പെടുമ്പോഴും പ്ലാച്ചിമട സമരത്തിലെ ഒറ്റ പ്രതിനിധിക്കെങ്കിലും ആ ‘പ്രൗഢ’ സദസ്സിലേക്ക് ക്ഷണം കിട്ടാതിരുന്നത്. എന്‍ഡോസള്‍ഫാന്റെ ദുരിതം അനുഭവിക്കുന്ന കാസര്‍ക്കോട്ടുനിന്ന് ആരെങ്കിലും അവിടെയുണ്ടായിരുന്നോ? സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുന്ന പാലിയേക്കര ടോള്‍ പ്ലാസയില്‍ നിന്ന് ആരെങ്കിലും? ശുദ്ധ വായുവിന് വേണ്ടി മുറവിളി കൂട്ടിയതിന് പോലീസിന്റെ കാടത്തം അനുഭവിക്കേണ്ടിവന്ന കാതികുടത്തുനിന്ന്…?, ലാലൂരില്‍ നിന്ന്…?, വിളപ്പില്‍ ശാലയില്‍നിന്ന്…?,  പ്ലാച്ചിമട സമരത്തിന് തങ്ങളാണ് നേതൃത്വം കൊടുത്തതെന്ന് ‘വീര’സ്യം പറഞ്ഞുകൊണ്ടിരിക്കുന്ന മാതൃഭൂമിക്ക്, ഒപ്പം നിന്ന ഒരു സമരപോരാളിയെയെങ്കിലും നവതിയിലേക്ക് ക്ഷണിക്കാന്‍ തോന്നിയില്ല. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ എത്രയോ ദയനീയ ചിത്രങ്ങള്‍ മാതൃഭൂമി അച്ചടിച്ച് കാശാക്കി മാറ്റിയിരിക്കുന്നു. എന്നിട്ടും അവിടുത്തെ ഒരു പ്രാതിനിധ്യവും സദസ്സിലില്ല. രാസവളവും കീടനാശിനിയുമില്ലാതെ നെല്ലുവിളയിക്കുന്ന, ജലസംരക്ഷണത്തില്‍ അതീവ പ്രാഗത്ഭ്യമുള്ള, വൃക്ഷം നടുന്നത് തപസ്യയായി കൊണ്ടുനടക്കുന്ന എത്രയോ പേരെ മാതൃഭൂമി വാര്‍ത്തകളില്‍ അവതരിപ്പിച്ചിരിക്കുന്നു. അവരൊന്നും നവതി ആഘോഷത്തിന്റെ സദസ്സിലില്ല. അരിയുണ്ടാക്കുന്നവനും തുണിയുണ്ടാക്കുന്നവനുമൊന്നും ഒരു രൂപയുടെ പോലും പരസ്യം നല്‍കില്ല. അതിന് ‘നിറപറ’യും പട്ടുവ്യാപാരികളും തന്നെ വേണം. സ്ഥിരമായി പരസ്യം കൊടുത്തുകൊണ്ടിരുന്ന ഒരു ജ്വലറിക്ക് സ്വര്‍ണ്ണ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിഘട്ടത്തില്‍ പരസ്യം ഒരു മാസത്തോളം നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. അപ്പോഴേക്കും ശമ്പളം കൊടുക്കാന്‍ നിവൃത്തിയില്ലാതെ രണ്ട് ചെറുകിട പത്രങ്ങള്‍ അവരുടെ കോഴിക്കോട് യൂണിറ്റ് അടച്ചുപൂട്ടിയാലോ എന്നാലോചിച്ചുവത്രേ. ജ്വല്ലറിക്കാര്‍ അവരുടേതായ രീതിയില്‍ തടിതപ്പിയപ്പോഴാണ് പത്രങ്ങള്‍ വീണ്ടും ഉഷാറായത്. ഇതാണ് പരസ്യക്കാരും പത്രവും തമ്മിലുള്ള ബന്ധം. ഈ പത്രത്തിന് ജ്വല്ലറി നടത്തിയ സ്വര്‍ണ്ണകള്ളക്കടത്തിനെക്കുറിച്ച് എന്തെങ്കിലും മിണ്ടാനാകുമോ? നവതിയാഘോഷം കഴിഞ്ഞ് നാലുദിവസത്തിന് ശേഷം ഇറങ്ങിയ മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജിലെ പ്രധാനതലക്കെട്ട്, ഇന്ത്യയിലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകളില്‍ 87 ശതമാനവും കോര്‍പ്പറേറ്റ് പണമാണെന്നതിനെ സംബന്ധിച്ചായിരുന്നു. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് കോര്‍പ്പറേറ്റുകളുടെ മടിത്തട്ടിലിരുന്ന് അവര്‍ക്ക് വേണ്ടി പത്രം അടിച്ചിറക്കുമ്പോഴും രാഷ്ട്രീയക്കാരനെ കുറ്റം പറയുന്ന ഈ സമീപനം കാല്‍ മണലില്‍ താഴ്ത്തിയ പഴയ മന്തുകാലനെ ഓര്‍മ്മിപ്പിക്കുന്നു.
ദുരിതമനുഭവിക്കുന്നവരോ ദുരിതം അനുഭവിക്കുന്നവരുടെ കൂടെ നില്‍ക്കുന്നവരോ ആരും ആ ‘പ്രൗഢ’ സദസ്സില്‍ പെട്ടില്ല. അസ്വതന്ത്രരായ ഒരു ജനതയെ ഉണര്‍ത്താനും അയിത്തത്തിലും അനാചാരങ്ങളിലും കുടുങ്ങി നട്ടം തിരിയുന്നവരുടെ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കാനും വേണ്ടി, അസാമാന്യ നേതൃപാടവവും ത്യാഗസന്നദ്ധതയും ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് തുടങ്ങിവച്ച ഒരു പത്രം തൊണ്ണൂറ് വയസ്സാകുമ്പോള്‍ കോര്‍പ്പറേറ്റുകളുടെ കാല്‍ക്കല്‍ സാഷ്ടാംഗം വീണുകിടക്കുന്നത് എന്തുകൊണ്ടാണ്? കുന്നിടിക്കുന്നതിനെതിരെയും മണ്ണും വനവും കൊള്ളയടിക്കുന്നതിനെതിരെയും കുടിവെള്ളത്തിനു വേണ്ടിയും വയലുകള്‍ നികത്തി വിമാനത്താവളം നിര്‍മ്മിക്കുന്നതിനെതിരെയും ഒരു തുണ്ട് ഭൂമിക്കു വേണ്ടിയും കേരളത്തിലങ്ങോളമിങ്ങോളം ഇരുനൂറിലധികം ജനകീയ സമരങ്ങള്‍ നടന്നുവരുന്നു. ഇതിലുള്‍പ്പെട്ട ഏതെങ്കിലും ഒരാള്‍ ആ സദസ്സിലുണ്ടായിരുന്നുവോ എന്ന് നമുക്കറിയില്ല. അങ്ങനെയാരെങ്കിലും അവിടെയുണ്ടായിരുന്നെങ്കില്‍ തന്നെ, അവര്‍ക്കൊന്നും ‘പ്രൗഢി’യുള്ളതായി മാതൃഭൂമി അംഗീകരിച്ചിട്ടില്ല എന്നതു മാത്രമാണ് പിറ്റേന്നിറങ്ങിയ പത്രത്തില്‍ നിന്ന് നമുക്കറിയാനാവുന്നത്.
നവതി മഹാമഹം നടന്ന ജനുവരി 5ന് തന്നെയായിരുന്നു ഗുരുവായൂരില്‍, ജാതിയില്‍ താഴ്ന്നയാളാണെന്ന് പറഞ്ഞ് പഞ്ചവാദ്യ സംഘത്തിലെ ഇലത്താളം കൊട്ടുന്ന കല്ലൂര്‍ ബാബു എന്ന ദളിത് യുവാവിനെ ക്ഷേത്രത്തില്‍ നിന്നും അപമാനിച്ച് പുറത്താക്കിയത്. ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ അട്ടിപ്പേറ് അവകാശപ്പെടുന്ന മാതൃഭൂമി ദിവസങ്ങളോളം അത് റിപ്പോര്‍ട്ട് ചെയ്യുകപോലുമുണ്ടായില്ല. സമരങ്ങളും പ്രക്ഷോഭങ്ങളുമായി വിവിധ സംഘടനകള്‍ ഗുരുവായൂരിനെ ഇളക്കി മറിച്ചപ്പോഴാണ് നില്‍ക്കക്കള്ളിയില്ലാതെ മാതൃഭൂമി സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷം വാര്‍ത്തകള്‍ നല്‍കിത്തുടങ്ങിയത്. തൃശൂരിന് പുറത്തുള്ള മാതൃഭൂമി വായനക്കാര്‍ ഈ സംഭവം അറിഞ്ഞിട്ടുണ്ടോ എന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. നവതിയുടെ ഭാഗമായി മാതൃഭൂമിയില്‍ ഈയിടെത്തുടങ്ങിയ ‘പോരാട്ടം’ എന്ന പംക്തിയില്‍ പഴയ മുഖപ്രസംഗങ്ങള്‍ എടുത്തെഴുതിയിരിക്കുന്നു: ”അയിത്തം എന്ന വാക്കിന് മാത്രമായിരുന്നു അന്ന് അതിന്റെ താളുകളില്‍ അയിത്തം. ജീവിതവും സമരവും ഒന്നാക്കി മാറ്റിയവരാണ് എന്നും മാതൃഭൂമിയെ നയിച്ചത്. വൈക്കത്തെ നടവഴികള്‍ നാടിനു മുഴുവനുമായി തുറക്കുന്നതിനുള്ള സഹനപരമ്പരയുടെ തലപ്പത്ത് മാതൃഭൂമി പത്രാധിപര്‍ കെ.പി. കേശവമേനോനും, മാനേജര്‍ കെ. കേളപ്പന്‍ നായരുമായിരുന്നു. ഇരുവര്‍ക്കും ലഭിച്ച പ്രതിഫലം ഇരുമ്പഴികളായിരുന്നു. അന്ന് പത്രമെഴുതി: അയിത്തം ഉന്മൂലനാശം ചെയ്യാനുള്ള പരിശ്രമത്തെ വിജയപ്രദമാക്കുവാന്‍ മാതൃഭൂമി അതിന്റെ പത്രാധിപരേയും മാനേജരേയും ബലികൊടുത്തിരിക്കുന്നു. ഇതിലധികം ഒരു ത്യാഗം മാതൃഭൂമിക്ക് ചെയ്യാനില്ല.”
‘പോരാട്ടം’ എന്ന പംക്തിയില്‍ പഴയകാല പ്രൗഢിയെപ്പറ്റി മാത്രമല്ല, ഇന്നത്തെ നേതൃത്വത്തെയും പത്രം എന്തിനു വേണ്ടി നിലകൊള്ളുന്നു എന്നും എടുത്തുപറയുന്നുണ്ട്. ”’സാമൂഹ്യ വിഷയങ്ങളില്‍ ആളുകൊണ്ടും അക്ഷരം കൊണ്ടുമുള്ള ഇടപെടലിനെ മാനേജിംഗ് ഡയറക്ടറായ എം.പി.വീരേന്ദ്രകുമാര്‍ തന്നെ മുന്നില്‍ നിന്ന് നയിക്കുന്നു. മണ്ണിനും മരത്തിനും പുഴക്കും പൂക്കള്‍ക്കും മനുഷ്യനും അവന്റെ ശ്വാസത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു ഈ പത്രത്തിന്റെ മുഴുവന്‍ കരുത്തും.” ആളുകൊണ്ടുള്ള ഇടപെടല്‍ കൊക്കക്കോള കമ്പനിയെ മാമ്പഴച്ചാര്‍ ഉണ്ടാക്കുന്ന കമ്പനിയാക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങളില്‍ കേരളീയര്‍ കണ്ടതാണ്. അത് പുറത്തറിയാന്‍ മാനേജിംഗ് ഡയറക്ടറുടെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പിളര്‍പ്പും അതിനെത്തുടര്‍ന്നുള്ള വിഴുപ്പലക്കലും വേണ്ടിവന്നു എന്നു മാത്രം. അക്ഷരം കൊണ്ടുള്ള ഇടപെടല്‍ അറിയണമെങ്കില്‍ നവതി ആഘോഷിച്ച ദിവസം ഇറങ്ങിയ പത്രത്തിലെ മാര്‍ക്കറ്റിംഗ് ഫീച്ചര്‍ വായിച്ചാല്‍ മതി. ”നാലുചുവരുകളിലും ഈശ്വര ചിത്രങ്ങള്‍. കെടാ വിളക്കുകളുടെ പ്രഭ. ഭക്തിനിറവിന്റെ പൂമാലചാര്‍ത്ത്. ചന്ദന-കളഭ സുഗന്ധം. പോക്കറ്റില്‍ തിളങ്ങുന്ന പേനയില്‍ പോലുമുണ്ട് ദേവസാന്നിദ്ധ്യം. തിരക്കേറിയ ഒരു വ്യവസായിയുടെ ഓഫീസ് റൂം സങ്കല്പങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തം. പരമപവിത്രമായ ഒരു സന്നിധിയില്‍ പ്രതീക്ഷിക്കാതെ എത്തിപ്പെട്ട അസാധാരണമായ അനുഭവം.” മേല്പത്തൂര്‍ നാരായണ ഭട്ടതിരി ഗുരുവായൂരപ്പനെ നേരില്‍ കണ്ട് നാരായണീയത്തില്‍ വര്‍ണ്ണിച്ചിട്ടുള്ളതല്ല മുകളില്‍ ഉദ്ധരിച്ചത്. പെരിയാറില്‍ രാസവിഷം കലക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന, ആലുവ-എറണാകുളം  ഭാഗത്തുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരെ ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് കൂലിയെഴുത്തുകാരെക്കൊണ്ട് പ്രമുഖ വാരികകളില്‍ വരെ പുലഭ്യം എഴുതിക്കാന്‍ ശേഷിയുള്ള, കേരളത്തിലെ കരിമണലിലേക്ക് കടക്കണ്ണെറിഞ്ഞ് നില്‍ക്കുന്ന എസ്.എന്‍. ശശിധരന്‍ കര്‍ത്താ എന്ന അഴകിയ രാവണനെപ്പറ്റിയാകുന്നു അത്. പരിസ്ഥിതിവാദികളുടെ ആക്രമണത്തെ തുടര്‍ച്ചയായി നേരിട്ടുകൊണ്ട് സി.എം.ആര്‍.എല്‍ എന്ന സ്ഥാപനം നടത്തികൊണ്ടുപോകാന്‍ അദ്ദേഹം സഹിക്കുന്ന ബുദ്ധിമുട്ടുകള്‍ വിവരിക്കാന്‍ നവതിദിനത്തില്‍ പത്രത്തിന്റെ ഫുള്‍പേജ് തന്നെ വിട്ടുകൊടുത്തിരിക്കുന്നു. ”അഗ്നിസാക്ഷിയായേ ഞാന്‍ പറയൂ, പ്രവര്‍ത്തിക്കൂ. ഇവിടെ ഈ മുറിയില്‍ ഇരുന്ന് നുണയില്ല, തട്ടിപ്പില്ല. ഇതൊക്കെ എന്നിലേക്ക് കൊണ്ടുവന്ന ചൈതന്യം…. അത് എന്റെ മെറിറ്റ് ആയി എടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഉത്തരവാദി ഈശ്വരനാണ്. അദ്ദേഹത്തോട് പൂര്‍ണ്ണ വിധേയനാണ് ഞാന്‍. എന്തിനാണ് ടെന്‍ഷന്‍. എന്റെ ശരി ബാക്കിയുള്ളവര്‍ക്കുകൂടി ശരിയാകണമെന്ന് നിര്‍ബന്ധമില്ല. ശുദ്ധമായ കര്‍മ്മവും അചഞ്ചലമായ ഭക്തിയും കൂടിച്ചേര്‍ന്ന ആത്മവിശ്വാസമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്…. കാര്യമായ ഒരു ബുദ്ധിമുട്ടും ഈശ്വര കൃപയാല്‍ ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. പിന്നെ ഗുരുവായൂരപ്പന് വേണ്ടാത്ത ജീവിതമാണെങ്കില്‍ എനിക്കും വേണ്ട. വിജയിച്ചോ എന്നത് ഇപ്പോഴും ചോദ്യമാണ്. ഈശ്വരാനുഗ്രഹം വിജയമായി കനിയണമെങ്കില്‍ മനസാ വാചാ കര്‍മ്മണാ ശുദ്ധമായിരിക്കണം. കലികാലത്തില്‍ കര്‍മ്മമാണ് പ്രധാനം. അത് വ്യവസായം തന്നെ ആകണമെന്നില്ല…” കരിമണല്‍ ഊറ്റാന്‍ സാധിക്കാത്തതിന്റെ അമര്‍ഷം പങ്കുവയ്ക്കുകയും പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി കേള്‍ക്കുമ്പോള്‍ പല്ലിറുമ്മുകയും ചെയ്യുന്ന കര്‍ത്ത എന്ന നിഷ്‌കാമകര്‍മ്മിയായ മനീഷിയുടെ ഇത്തരം മൊഴിമുത്തുകള്‍ കൂടി പത്രം വായനക്കാരുടെ മുന്നില്‍ നിരത്തുന്നുണ്ട്.
”ഡാമേജിംഗ് എഡിറ്റര്‍’ എന്ന് പലപ്പോഴും സുകുമാര്‍ അഴിക്കോട് വിശേഷിപ്പിക്കാറുണ്ടായിരുന്ന വീരേന്ദ്രകുമാറിനെ പോലൊരാള്‍ക്കുമാത്രമേ ഒരു പത്രത്തില്‍, അതും നവതി ആഘോഷിക്കുന്ന വേളയില്‍, ഇരിക്കുന്നിടം തോണ്ടുന്ന പരിസ്ഥിതിദ്രോഹികളുടെ മലീമസവാചകങ്ങള്‍ അച്ചടിക്കാന്‍ തൊലിക്കട്ടി കാണുകയുള്ളൂ. ഭാഗ്യം, ഉദ്ഘാടന കാലത്ത് പത്രത്തിന്റെ നേതൃത്വത്തില്‍ ഇത്തരം മനസ്സുകള്‍ ഉണ്ടാകാതിരുന്നത്. എങ്കില്‍ അന്നത്തെ ‘പ്രൗഢ’ സദസ്സില്‍ വിക്‌ടോറിയാ രാജ്ഞിയും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ട ജനറല്‍ ഡയറും, മൗണ്ട്ബാറ്റണ്‍ പ്രഭുവും തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി.പിയും ഒക്കെയാകുമായിരുന്നു വിശിഷ്ടാതിഥികള്‍!
ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ ഉത്സവത്തിന് കോലമേന്തുന്ന ആനയുടെ ഇരു പുറവും രണ്ട് കുട്ടിയാനകളെ നിര്‍ത്തുന്ന പതിവുണ്ട്. ‘മാതൃഭൂമി’ എന്നതിന്റെ ഇരുപുറവും രണ്ട് കുട്ടിച്ചാത്തന്‍ പരസ്യവുമായിട്ടാണ് പത്രം ദിവസേന രാവിലെ എഴുന്നെള്ളുന്നത്. ‘വശ്യം, ആകര്‍ഷണം, ശത്രുവില്‍ വിജയം, ചാത്തസേവ സ്വീകരിക്കുമ്പോഴും ബാധകള്‍ ഒഴിയുമ്പോഴും അടയാളം കാട്ടുന്നു’ എന്നൊക്കെ എഴുതിവിടുന്ന ഇത്തരം പരസ്യങ്ങള്‍ ഒരു ജാള്യതയുമില്ലാതെ ഉമ്മറത്തുതന്നെ തുടരുന്നത് ചെറുതല്ലാത്ത ‘മൂല്യം’ അതിലുള്ളതുകൊണ്ടായിരിക്കണമല്ലോ. കാതികുടത്തെ വിഷമാലിന്യം വളം എന്ന പേരില്‍ വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്നും അതിന്റെ പ്രത്യാഘാതം അതി ഭയാനകമായിരിക്കുമെന്നും പറഞ്ഞ് വി.ടി,പത്മനാഭന്‍ നടത്തിയ പത്ര സമ്മേളനത്തില്‍ നിന്നും ഒരു വരി പോലും കൊടുക്കാതെ മാതൃഭൂമി ‘മൂല്യം’ സംരക്ഷിച്ചത് മറക്കാറായിട്ടില്ല. ‘സീഡി’ലുള്ള കുട്ടികള്‍ക്ക് പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജനത്തിന് അവസരമുണ്ടാകാന്‍ വേണ്ടിയാണ് വനിതാപ്രസിദ്ധീകരണങ്ങളും ഓണപ്പതിപ്പും മറ്റും പ്ലാസ്റ്റിക് കൂടുകളിലാക്കി വിതരണം ചെയ്യുന്നത്. രണ്ടാഴ്ചയിലൊരിക്കലെങ്കിലും ഏതെങ്കിലും കോര്‍പ്പറേറ്റിന്റെ ജാക്കറ്റ് പരസ്യം കിട്ടും. അതിന്റെ ‘മൂല്യം’ വളരെ ഉയര്‍ന്നതായതുകൊണ്ട് ആ കോമാളിപ്പുതപ്പ് ധരിക്കാതിരിക്കാനാവില്ല. അതുപോലെ തന്നെ കൂടംകുളം ആണവനിലയത്തെ പിന്തുണക്കുന്ന നിലപാട് പത്രം എടുക്കുന്നു. ആഴ്ചപ്പതിപ്പ് വായിക്കുന്നവരെ അതിന് കിട്ടില്ലെന്നറിയാം. അതുകൊണ്ട് ആഴ്ചപ്പതിപ്പിന്റെ നിലപാട് ആണവനിലയം ആപത്താണ് എന്നാകുന്നു. അനുഗ്രഹീത എഴുത്തുകാരനും ഫോട്ടോഗ്രാഫറുമായ എന്‍.എ. നസീറിന്റെ ചിത്രങ്ങളും ലേഖനവും ആഴ്ച്ചപ്പതിപ്പില്‍ അച്ചടിച്ച് കേരളം ആനകളോട് കാണിക്കുന്ന ക്രൂരതയെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുന്നു. ഒരുലക്കം മുഴുവനും അതിനായി മാറ്റിവയ്ക്കുന്നു. അതേസമയം പത്രം ചെയ്തുകൊണ്ടിരിക്കുന്നത്, നാട്ടില്‍ ആനകളെ പങ്കെടുപ്പിച്ച് നടത്തുന്ന സകല പൂരങ്ങളെയും അങ്ങേയറ്റം പൊലിമയോടെ അവതരിപ്പിക്കുകയാണ്. ആനയിടഞ്ഞ് പൂരം അലങ്കോലമായാല്‍ പത്രം എഴുതുക, ആനയ്ക്ക് കോലം കിട്ടാത്തതിലുള്ള മനോവിഷമം കൊണ്ടാണ് ഇടഞ്ഞതെന്നാണ്. ആനത്തോട്ടികൊണ്ട് പാപ്പാന്മാര്‍ കുത്തിയപ്പോഴുണ്ടായ മുറിവും ചങ്ങല ഉരഞ്ഞ് ചലം ഒലിക്കുന്ന  വ്രണങ്ങളുമുള്ള പിന്‍കാലുകളുടെ ചിത്രമാണ് ആഴ്ചപ്പതിപ്പിന് പഥ്യം. തീവെട്ടികളുടെ വെളിച്ചത്തില്‍ തിളങ്ങുന്ന നെറ്റിപ്പട്ടമണിഞ്ഞ്, വെഞ്ചാമരവും ആലവട്ടവും പട്ടുക്കുടയുമായി നില്‍ക്കുന്ന ഗജസൗന്ദര്യമാണ് പത്രത്തിന് വേണ്ടത്. ‘ആന ചത്താലും ജീവിച്ചാലും പന്തീരായിരം’ എന്ന നാട്ടുമൊഴിയാണ് ഇവിടെ പ്രമാണം. ആനയുടെ പിന്‍ഭാഗമായാലും മുന്‍ഭാഗമായാലും മാര്‍ക്കറ്റ് അനുസരിച്ച് വിളമ്പുക എന്നതാണ് മാതൃഭൂമിയുടെ നയം. ഇതെല്ലാം ‘മൂല്യ’ത്തില്‍ അധിഷ്ഠിതമാണ്. പത്തുവര്‍ഷം കൂടി കഴിഞ്ഞാല്‍ മാതൃഭൂമിക്ക് ശതാബ്ദിയാണ്. നവതിയില്‍ അവസാന ഖണ്ഡികയിലേക്ക് ഒതുക്കപ്പെട്ട കോര്‍പ്പറേറ്റുകള്‍ക്ക് അന്നു മുന്‍നിരയിലേക്ക് സ്ഥാനം കിട്ടുമെന്നുറപ്പിക്കാം. ഇപ്പോഴുള്ള എഴുത്തുകാരേയും രാഷ്ട്രീയക്കാരേയുമൊക്കെ പൂര്‍ണ്ണമായി ഒഴിവാക്കണം. എന്നാലേ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ സദസ്സ് ‘പ്രൗഢവും’ ‘സമ്പന്നവും’ ആകൂ…
ജനുവരി 16 മുതല്‍ പത്രത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചിരിക്കുകയാണല്ലോ. പത്രക്കടലാസിന്റെയും മറ്റ് അച്ചടി സാമഗ്രികളുടെയും വിലയില്‍ വന്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നതിന് പുറമെ വൈദ്യുതിയുടെയും ഡീസലിന്റെയും വിലയും കൂടിയ സാഹചര്യത്തില്‍ പത്രത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുന്നു എന്ന അറിയിപ്പോടെയാണ് ഇത്. ഒരു ദിവസത്തെ വാര്‍ത്തകള്‍ അച്ചടിക്കാന്‍ രണ്ട് പേജോ ഏറിയാല്‍ നാല് പേജോ മതിയെന്നിരിക്കെ എന്തിനാണ് 38 ളും 48 ഉും പേജുകള്‍ എന്ന് വായനക്കാര്‍ ചിന്തിച്ചുകൂടായ്കയില്ല. ”ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊന്നും ഇടം കൊടുക്കാതെ കോര്‍പ്പറേറ്റുകളെ വാഴ്ത്താനും അവരുടെ പരസ്യമടിക്കാനും വേണ്ടി ഇത്രയും പത്രക്കടലാസും ഡീസലും വൈദ്യുതിയും നശിപ്പിക്കുന്നതിന് ഞങ്ങളെന്തിന് പണം തരണമെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. ഈ സാഹചര്യത്തില്‍ അടുത്ത ഒന്നാം തീയതി മുതല്‍ പത്രം വേണ്ടെന്ന് വയ്ക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നു” എന്ന് വായനക്കാര്‍ എഴുതിവിടുന്ന കാര്‍ഡുകള്‍കൊണ്ട് നമ്മുടെ പത്രമോഫീസുകള്‍ നിറയുന്ന കാലം അനതിവിദൂരമല്ല.

കടപ്പാട് – കേരളീയം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply