അതെ, സ്വകാര്യമേഖലയിലും വേണം സംവരണം

സര്‍ക്കാരുകളില്‍ നിന്നു വലിയ തോതില്‍ ആനുകൂല്യങ്ങളും ഇളവുകളും നേടിയെടുക്കുന്ന രാജ്യത്തെ സ്വകാര്യ മേഖല പിന്നാക്കക്കാര്‍ക്കു ജോലി സംവരണവും നല്‍കണമെന്നു ദേശീയ പിന്നാക്ക സമുദായ കമ്മിഷന്റെ നിര്‍ദേശം വളരെ പ്രസക്തവും സ്വാഗതാര്‍ഹവുമാണ്. സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുകയും സര്‍ക്കാരിന്റെ എല്ലാ സഹായത്തോടേയും സ്വകാര്യമേഖല ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹ്യനീതി എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സ്വകാര്യമേഖലയിലെ സംവരണം അനിവാര്യമാണ്. . സ്വകാര്യസ്ഥാപനങ്ങളിലെ ജോലികളില്‍ 27% പിന്നാക്കവിഭാഗക്കാര്‍ക്കായി മാറ്റിവയ്ക്കണമെന്ന ശുപാര്‍ശ നിയമമാക്കാനാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര […]

reservation1

സര്‍ക്കാരുകളില്‍ നിന്നു വലിയ തോതില്‍ ആനുകൂല്യങ്ങളും ഇളവുകളും നേടിയെടുക്കുന്ന രാജ്യത്തെ സ്വകാര്യ മേഖല പിന്നാക്കക്കാര്‍ക്കു ജോലി സംവരണവും നല്‍കണമെന്നു ദേശീയ പിന്നാക്ക സമുദായ കമ്മിഷന്റെ നിര്‍ദേശം വളരെ പ്രസക്തവും സ്വാഗതാര്‍ഹവുമാണ്. സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുകയും സര്‍ക്കാരിന്റെ എല്ലാ സഹായത്തോടേയും സ്വകാര്യമേഖല ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ സാമൂഹ്യനീതി എന്ന ലക്ഷ്യം നേടിയെടുക്കാന്‍ സ്വകാര്യമേഖലയിലെ സംവരണം അനിവാര്യമാണ്. . സ്വകാര്യസ്ഥാപനങ്ങളിലെ ജോലികളില്‍ 27% പിന്നാക്കവിഭാഗക്കാര്‍ക്കായി മാറ്റിവയ്ക്കണമെന്ന ശുപാര്‍ശ നിയമമാക്കാനാണ് കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിനു കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയത്. കേന്ദ്ര പേഴ്‌സണല്‍ ആന്‍ഡ് ട്രെയ്‌നിങ് വകുപ്പിനും പകര്‍പ്പു നല്‍കിയിട്ടുണ്ട്. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ ഇക്കാര്യത്തില്‍ നിയമനിര്‍മാണത്തിനു ശ്രമിക്കുമെന്നു കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍ സൂചിപ്പിച്ചു. നിര്‍ദ്ദേശത്തിനെതിരെ വിവിധ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ), അസോചം തുടങ്ങിയ സംഘടനകളും ചേംബറുകളും രംഗത്തുവന്നു കഴിഞ്ഞു.. കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള രാഷ്ട്രീയ കക്ഷികളാകട്ടെ നിശബ്ദരാണ്.
സര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങള്‍ വലിയ തോതില്‍ കുറയുന്ന സാഹചര്യത്തിലാണു സ്വകാര്യമേഖലയില്‍ പിന്നാക്ക വിഭാഗക്കാര്‍ക്കു ജോലി സംവരണം നിര്‍ബന്ധമാക്കാന്‍ കമ്മിഷന്‍ തീരുമാനിച്ചത്. സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കു തൊഴില്‍ ഉറപ്പുവരുത്തേണ്ട ചുമതലയും ബാധ്യതയും സ്വകാര്യമേഖല കൂടി ഏറ്റെടുക്കണമെന്ന കാലാനുസൃതമായ നിര്‍ദ്ദേശമാണ് റിട്ട. ജസ്റ്റിസ് വി. ഈശ്വ രപ്പ അധ്യക്ഷനായ കമ്മിഷന്‍ നല്‍കിയത്.
രാജ്യത്തു സ്വകാര്യ മേഖലയില്‍ നിലവില്‍ ഒന്നേമുക്കാല്‍ കോടിയോളം തൊഴിലവസരങ്ങളുള്ളതായാണു കണ്ടെത്തല്‍. 27% പിന്നാക്ക സംവരണം ഏര്‍പ്പെടുത്തിയാല്‍ 50 ലക്ഷത്തോളം പേര്‍ക്കാണു തൊഴില്‍ സാധ്യത. 2006ല്‍ 1.82 കോടി തൊഴിലവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയിലുണ്ടായിരുന്നു. 2012ല്‍ ഇത് 1.76 കോടിയായി ചുരുങ്ങി. 2006ല്‍ 87. 7 ലക്ഷം സ്വകാര്യ തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് 2012ല്‍ അതു 1.2 കോടിയായി വര്‍ധിച്ചു. ഈ സാഹചര്യത്തില്‍ പിന്നോക്ക വിഭാഗക്കാര്‍ക്കു സ്വകാര്യമേഖലാ ജോലികളിലും ആനുപാതികമായി ജാതി സംവരണം ഏര്‍പ്പെടുത്തണമെന്ന കമ്മിഷന്റെ നിലപാടിനെ പിന്തുണച്ചു രംഗത്തുവരുകയാണ് ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്ന പ്രസ്ഥാനങ്ങള്‍ തയ്യാറാകേണ്ടത്.
അതിനിടെ സംവരണത്തിനെതിരായ നീക്കങ്ങള്‍ വീണ്ടും ശക്തിപ്പെടുകയാണ്. കഴിഞ്ഞ ദിവസം സുപ്രിം കോടതി പോലും അ്തതരത്തിലൊരു പ്രസ്താവന നടത്തി. ദശകങ്ങളായി ഒരേവാദമാണ് സംവരണവിരുദ്ധര്‍ ഉന്നയിക്കുന്നത്. യോഗ്യതയും വേണ്ടിവന്നാല്‍ സാമ്പത്തികപിന്നോക്കാവസ്തയുമാണ് സംവരണത്തിനു മാനദണ്ഡമാക്കേണ്ടത് എന്നതാണത്. സംവരണം എന്ന ആശയം ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ അംബേദ്കര്‍ തന്നെ അതിന്റെ ആവശ്യത്തെ കുറിച്ച് എത്രയോ വിശദീകരിച്ചതാണ്. തുടര്‍ന്നും സംവരണ വിരുദ്ധ നീക്കങ്ങള്‍ ശക്തമാകുമ്പോഴെല്ലാം ഈ വിഷയം എത്രയോ ചര്‍ച്ച ചെയ്തു കഴിഞ്ഞു. ണണ്ഡല്‍ കമ്മീഷന്‍ ഈ ചര്‍ച്ചകളെ എത്രയോ സജീവമാക്കി. എന്നിരുന്നാലും ഇപ്പോഴും കാലഹരണപ്പെട്ട വാദങ്ങളുമായാണ് സംവരണ വിരുദ്ധര്‍ രംഗത്തുള്ളത്. സ്വകാര്യമേഖലയിലെ സംവരണത്തിനെതിരേയും അത്തരം വാദഗതികളും പ്രക്ഷോഭങ്ങളും പ്രതീക്ഷിക്കാം.
സംവരണത്തിന്റെ പ്രാഥമികലക്ഷ്യം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനമോ തൊഴിലും വിദ്യാഭ്യാസവും നല്‍കലോ അല്ല. മറിച്ച് സാമൂഹ്യനീതി നേടിയെടുക്കലാണെന്ന സത്യമാണ് ഇക്കുട്ടര്‍ അറിയാത്തത്, അറിഞ്ഞാലും ഇല്ലെന്നു നടി്കകുന്നത്. അതിനു ഇന്നോളം അധികാരം നിഷേധിക്കപ്പെട്ടവര്‍ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ എത്തണം. അധികാരത്തിന്റെ ഏണിപ്പടികള്‍ അപ്രാപ്യമാക്കപ്പെട്ട ജനസംഖ്യയുടെ മൂന്നില്‍ രണ്ടോ അതിലും കൂടുതലോ വരുന്ന ജനവിഭാഗങ്ങള്‍ക്ക് നാമമാത്ര പ്രാതിനിധ്യമെങ്കിലും കൈവരുത്താനുള്ള ഭരണഘടനാപരമായ പരിഹാരമായിരുന്നു സംവരണം. ഇത്രയും കാലം സംവരണം നിലനിന്നിട്ടും സമൂഹത്തിന്റെ മുഖ്യധാരയിലെത്താനാകാത്ത വിഭാഗങ്ങള്‍ നിരവധിയാണ്. ജനസംഖ്യാനുപാതികമായി അവകാശപ്പെട്ട സ്ഥാനങ്ങളില്‍ അവരെത്തിയിട്ടില്ല. തീരുമാനങ്ങളെടുക്കുന്ന നിര്‍ണ്ണായക സ്ഥാനങ്ങള്‍ അവര്‍ക്കിപ്പോഴും അന്യമാണ്. പലപ്പോഴും സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. അവിടേക്ക് എത്താന്‍ പോലും അവര്‍ക്കാവുന്നില്ല. അല്‍പ്പസ്വല്‍പ്പം ഉയര്‍ന്നുപോകുന്നവര്‍ തന്നെ എവിടേയും നേരിടുന്നത് അപമാനവും പീഡനങ്ങളും നീതിനിഷേധവും. രോഹിതിന്റെ മരണം പോലും സംവരണ വിരുദ്ധരുടെ കണ്ണുതുറപ്പിക്കുന്നില്ല എന്നതാണ് ഖേദകരം. യോഗ്യതയുള്ളവര്‍ക്ക് യോഗ്യതകൊണ്ട് മാത്രം ഒരു സ്ഥാനവും ലഭ്യമാവില്ല എന്നാതാണവര്‍ മറക്കുന്നത്. ശ്രേണീകൃതമായ അസമത്വം നിലനില്‍ക്കുന്ന ഒരു സമൂഹം എന്ന നിലയ്ക്ക് നീതിയുടെ വിതരണം സ്വാഭാവികമല്ല എന്നത് മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. അത്തരം സാഹചര്യത്തില്‍ അത്തരം വിഭാഗങ്ങള്‍ക്ക് പ്രത്യേകമായ പരിഗണന നല്‍കിയില്ലെങ്കില്‍ സാമൂഹിക സാമ്പത്തിക രാഷ്ട്രീയജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും അവര്‍ തൂത്തെറിയപ്പെടും. അതായതം കേവലം ഏതെങ്കിലും ഉദ്യോഗം കിട്ടുന്നതിന്റേയോ, എം.പി, എം.എല്‍. എ സ്ഥാനം നേടുന്നതിന്റെയോ കാര്യം എന്നതിനുമപ്പുറം ഒരു ആധുനിക രാഷ്ട്രം അതിലെ മുഴുവന്‍ പൗരന്‍മാരേയും എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നുള്ള വളരെ ഗൗരവമായ രാഷ്ട്രീയ ആലോചനയുടെ ഒരു ഫലമാണ് സംവരണം. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ മാത്രം പോരെ, സ്വകാര്യമേഖലയിലും അതനിവാര്യമായിരിക്കുന്നു എന്ന കമ്മീഷന്റെ നിര്‍ദ്ദേശം സാമൂഹ്യനീതിക്കായുള്ള പോരാട്ടത്തില്‍ സുപ്രധാന കാല്‍വെപ്പാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply