അതെ, സാംസ്‌കാരിക ഫാസിസത്തിന് പ്രതിരോധമുണ്ട്

ഒരനീതി നടന്നാല്‍ അവിടെ പ്രതിഷേധവുമുയരണം, അല്ലെങ്കില്‍ ആ നഗരത്തിന് കത്തിയെരിയാം…. എന്നാല്‍ അങ്ങനെ കത്തിയെരിയാന്‍ തയ്യാറല്ലെന്ന് തൃശൂര്‍ നഗരം ഒരിക്കല്‍ കൂടി തെളിയിച്ചു, അങ്ങനെ ഏതാനും സാംസ്‌കാരിക സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടു മാത്രമല്ല സാംസ്‌കാരിക നഗരം എന്ന പേര് അന്വര്‍ത്ഥമാണെന്നും… ഒരൊറ്റ ഫേസ് ബുക്ക് പോസ്റ്റ്.. അതും തലേന്ന് വൈകീട്ട്. അതില്‍ നിന്നായിരുന്നു തുടക്കം. നേരം പുലര്‍ന്നപ്പോഴേക്കും അതൊരു അസാധ്യ ശക്തിയായി മാറി. സാമൂഹ്യമാധ്യമങ്ങളുടെ കരുത്ത് ഒരിക്കല്‍ കൂടി തെളിയിച്ച്.. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ […]

CCCC

ഒരനീതി നടന്നാല്‍ അവിടെ പ്രതിഷേധവുമുയരണം, അല്ലെങ്കില്‍ ആ നഗരത്തിന് കത്തിയെരിയാം…. എന്നാല്‍ അങ്ങനെ കത്തിയെരിയാന്‍ തയ്യാറല്ലെന്ന് തൃശൂര്‍ നഗരം ഒരിക്കല്‍ കൂടി തെളിയിച്ചു, അങ്ങനെ ഏതാനും സാംസ്‌കാരിക സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടു മാത്രമല്ല സാംസ്‌കാരിക നഗരം എന്ന പേര് അന്വര്‍ത്ഥമാണെന്നും…
ഒരൊറ്റ ഫേസ് ബുക്ക് പോസ്റ്റ്.. അതും തലേന്ന് വൈകീട്ട്. അതില്‍ നിന്നായിരുന്നു തുടക്കം. നേരം പുലര്‍ന്നപ്പോഴേക്കും അതൊരു അസാധ്യ ശക്തിയായി മാറി. സാമൂഹ്യമാധ്യമങ്ങളുടെ കരുത്ത് ഒരിക്കല്‍ കൂടി തെളിയിച്ച്..
മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാമിന്റെ അവസാന പുസ്തകമായ Transcendence My Spiritual Experience with Pramukh Swamiji (Harper Collins India) മലയാളത്തിലേക്ക് ‘കാലാതീതം’ എന്നാ പേരില്‍ വിവര്‍ത്തനം ചെയ്ത എഴുത്തുകാരി ശ്രീദേവി കര്‍ത്തയെ പ്രകാശനചടങ്ങില്‍ നിന്നു മാറ്റി നിര്‍്ത്തിയതില്‍ അസ്വാഭാവികമായി ഒന്നുമില്ല എന്നാണ് കറന്റ് ബുക്‌സ് മാനേജ്‌മെന്റിന്റെ വാദം. തര്‍ജ്ജമ ചെയ്തവരെ പ്രകാശന ചടങ്ങില്‍ പങ്കെടുപ്പിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും ചടങ്ങ് ലളിതമാണെന്നും. ഗുജറാത്തില്‍ നിന്ന് കലാമിന്റെ ആത്മീയഗുരുവായ പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ് സ്വാമിജിയും കലാമിന്റെ സഹ എഴുത്തുകാരന്‍അരുണ്‍ തിവാരിയും എം ടിയും എത്തുന്ന ചടങ്ങ് എങ്ങനെയാണാണാവോ ലളിതമാകുന്നത്? തിരുവനന്തപുരത്തുനിന്ന് ശ്രീദേവിക്കെത്താന്‍ അത്രബുദ്ധിമുട്ടുണ്ടെന്ന് കറന്റ് ബുക്‌സ് മാനേജ്‌മെന്റ് ധരിച്ചോ? ശ്രീദേവി പറഞ്ഞതുതന്നെയാണ് സത്യമെന്ന് മനസ്സിലാക്കാന്‍ സാമാന്യ ബുദ്ധി മാത്രം മതി. ആശ്രമത്തിന്റെ പ്രതിനിധിയായി .വരുന്ന സ്വാമിജി ഇരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല, അദ്ദേഹം വേദിയില്‍ ഇരിക്കുമ്പോള്‍ മുമ്പിലുള്ള 3 വരി സീറ്റുകള്‍ ശൂന്യമായി ഇടണം അവിടെ അദ്ദേഹത്തിന്റെ പുരുഷ അനുയായി വൃന്ദത്തിന് മാത്രമേ ഇരിക്കാന്‍ അനുവാദമുള്ളു എന്നീ നിബന്ധനകള്‍ കറന്റ് ബുക്‌സ് അംഗീകരിച്ചു എന്നതാണ് സത്യം. ശ്രീദേവി പറഞ്ഞപോലെ എഴുത്തുകാരേ പോറ്റുകയും എഴുത്തുകാരല്‍ പോറ്റപ്പെടുകയും ചെയ്യുന്ന ഒരു പ്രസാധക സ്ഥാപനത്തിന് ഇത്രെയും അശ്ലീലമായ ഒരു ആവശ്യത്തെ നിരസിക്കാനുള്ള ചങ്കുറപ്പ് നഷ്ടപ്പെട്ട് പോവുകായിരുന്നു.
ഈ സംഭവത്തില്‍ ഒരു എഴുത്തുകാരിയെന്ന നിലയ്ക്ക് ഉണ്ടായ വ്യക്തിപരമായ അവഹേളനത്തെക്കാളുപരി തന്നെ നടുക്കിയത് അതില്‍ ഒളിഞ്ഞിരിക്കുന്ന അപായ സൂചനകളാണെന്ന ശ്രീദേവിയുടെ വിലയിരുത്തല്‍ തന്നെയാണ് വിഷയം. സ്ത്രീകള്‍ കണ്ണുകള്‍ മാത്രമേ പുറത്തു കാണിക്കാവു എന്ന നിയമം തല വെട്ടി പോലും നടപ്പിലാക്കുന്ന താലിബാനും സ്ത്രീകള്‍ രാത്രി സഞ്ചരിക്കരത്, സ്ത്രീകള്‍ പുരുഷനൊപ്പം പൊതുവേദിയില്‍ ഇരിക്കരുത് എന്നോകെ ആവശ്യപെട്ടുന്ന ആര്യ ഭാരത സന്യാസ സംഘങ്ങളും തമ്മില്‍ എന്ത് വത്യാസമാണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. ആ ചോദ്യംതന്നെയാണ് ഇത്തരത്തിലുള്ള ഓരോ സംഭവവും നമുക്കുമുന്നിലുയര്‍ത്തുന്നത്.
തീര്‍ച്ചയായും കറന്റ് ബുക്‌സ്, കച്ചവടസ്ഥാപനമെന്നതിനേക്കാല്‍ തൃശൂരിന്റെ ഒരു സാംസ്‌കാരിക സ്ഥാപനം കൂടിയാണ്. സാംസ്‌കാരിക കേരളത്തിന്റെ പ്രിയപുത്രന്‍ ജോസഫ് മുണ്ടശ്ശേരിയുടെ പിന്മുറക്കാരാണതിന്റെ സാരഥികള്‍. പുസ്‌കപ്രസാധന രംഗത്തെ കുത്തകവല്‍ക്കരണത്തെ പ്രതിരോധിക്കുകയും പ്രസാധനമെന്നത് ഒരു സാസ്‌കാരികപ്രവര്‍ത്തനം കൂടിയാണെന്ന് തെളിയിക്കുകയും ചെയ്യ്ുന്നവര്‍. എന്നാല്‍ അവര്‍ പോലും ഇത്തരത്തിലുള്ള നിലപാടുകള്‍ സ്വീകരിക്കുന്നു എന്നത് നമ്മുടെ പോക്ക് എങ്ങോട്ടാണെന്നതിന്റെ സൂചനകളാണ്. ഒരുവശത്ത് സ്ത്രീശാക്തീകരണം ശക്തമാകുന്നു എന്നു ധരിക്കുമ്പോഴും മറുവശത്ത് സ്ത്രീവിരുദ്ധമായ പ്രത്യയശാസ്ത്രങ്ങള്‍ പിടി മുറുക്കുന്നതാണ് ഇതില്‍ നിന്ന് വെളിവാകുന്നത്.
അധികാരം പിടിച്ചെടുക്കാന്‍ ബാലറ്റിനൊപ്പം ആയുധങ്ങളും ഉപയോഗിക്കുമ്പോള്‍ നിലനിര്‍ത്താന്‍ ആവശ്യം സാസ്‌കാരികായുധങ്ങളാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതുതന്നെയാണ് സമകാലിക ഇന്ത്യയിലും ആവര്‍ത്തിക്കുന്നത്. സവര്‍ണ്ണവും പുരുഷ കേന്ദ്രീകൃതവുമായ മൂല്യവ്യവസ്ഥയുടെ പുനസ്ഥാപനമാണ് വിദ്യാഭ്യാസരംഗത്തും ചരിത്രമേഖലയിലും സാംസ്‌കാരിക ലോകത്തും നടക്കുന്നത്. അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അനുദിനം പുറത്തുവരുന്നു. പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ധബോല്‍ക്കറുടേയും കല്‍ബുര്‍ഗ്ഗിയുടേയും പന്‍സാരെയുടേയും അനുഭവമായിരിക്കുമെന്നും അതോര്‍മ്മിപ്പിക്കുന്നു. ഈ ഓര്‍മ്മപ്പെടുത്തലുകളാണ് കേരളത്തിലേക്കും കടന്നു വരുന്നത്. രാമായണത്തെ വ്യഖ്യാനിക്കാനുള്ള എം എം ബഷീറിന്റെ അവകാശം ചോദ്യം ചെയ്യപ്പെട്ടത് അങ്ങനെയാണ്. എഴുത്തുകാരിക്ക് പൊതുവേദിയിലിരിക്കാനുള്ള അവകാശവും. ഒരുപക്ഷെ അതിന്റെ ഗൗരവം മനസ്സിലാക്കാതെയാവാം കറന്റ് ബുക്‌സ് ഇത്തരമൊരു നിബന്ധന അംഗീകരിച്ചത്.
അതേസമയം ചരിത്രം അങ്ങനെ അവസാനിക്കുമോ? ഒരിക്കലുമില്ല. ഫാസിസം അതിന്റെ പത്തിവിടര്‍ത്തിയാടുന്നു, ഇനിയൊരു പ്രതീക്ഷക്കും വഴിയില്ല എന്ന നിലപാട് അര്‍ത്ഥശൂന്യമാണ്. കമ്പ്യൂട്ടറിനു മുന്നില്‍ കുത്തിയിരിക്കുന്ന പുതിയ തലമുറയില്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നും. ആ പുതുതലമുറ തന്നെയാണ് ഇന്നു കേരളത്തില്‍ സര്‍്ഗ്ഗാത്മകമായ പ്രതിരോധങ്ങള്‍ തീര്‍ക്കുന്നത്. നില്‍പ്പുസമരത്തിലും ഇരിപ്പുസമരത്തിലും ചുംബനസമരത്തിലുമെല്ലാം നാമത് കണ്ടു. സ്വന്തം നേതൃത്വം പോലും കയ്യൊഴിഞ്ഞപ്പോള്‍ പാവപ്പെട്ട തോട്ടം തൊഴിലാളിസ്ത്രീകള്‍ ഐതിഹാസികമായ സമരം രചിച്ചതും കേരളം കണ്ടു. സംഘടിതശക്തികള്‍ ഇന്ന് ഈ പുതുശക്തികള്‍ക്കു പുറകില്‍ ഓടിയെത്താന്‍ ശ്രമിക്കുകയാണ്. അത്രയും നന്ന്. സാഹിത്യഅക്കാദമിയില്‍ ഇടതുപക്ഷ വനിതാ, യുവജനസംഘടനകളും പ്രതിഷേധവുമായി എത്തിയത് സ്വാഗതാര്‍ഹം തന്നെ. രണ്ടുവര്‍ഷം മുമ്പ് മഴവില്‍ ചലചിത്രമേളയില്‍ കാശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ സിനിമയുടെ പ്രദര്‍ശനം തടയാനെത്തിയ സംഘപരിവാര്‍ ശക്തികളെ പ്രേക്ഷകരൊന്നടങ്കം പ്രതിരോധിച്ചതിനു സമാനമായ സംഭവമാണ് ഇന്നലെ അക്കാദമിയില്‍ അരങ്ങേറിയത്. കാലത്തിന്റെ കുത്തക ആര്‍ക്കും അവകാശപ്പെടതല്ല എന്ന സന്ദേശമാണ് ഈ സംഭവങ്ങള്‍ നല്‍കുന്നത്.
അതേ സമയം ഈ വിഷയത്തില്‍ എഴുത്തുകാരിയും സ്ത്രീപ്രവര്‍ത്തകയും ആം ആദ്മി നേതാവായ സാറാജോസഫ് സ്വീകരിച്ച നിലപാട് ഏറെ ഖേദകരമായിപോയി എന്നു പറയാതെ വയ്യ. സാറാ ടീച്ചര്‍ക്കെതിരെ സ്ത്രീകളും പെണ്‍കുട്ടികളും മുദ്രാവാക്യം വിളിക്കുന്ന അപൂര്‍വ്വദൃശ്യത്തിനും അക്കാദമി സാക്ഷിയായി. ഇടതുപക്ഷക്കാര്‍ കിട്ടിയ അവസരം ഭംഗിയായി ഉപയോഗിച്ചു. പ്രതീക്ഷനല്‍കുന്ന പുതുതലമുറയോടൊപ്പം സ്ത്രീസ്വാതന്ത്ര്യത്തെ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അംഗീകരിക്കാത്തവരും അക്കാര്യത്തില്‍ ടീച്ചറേക്കാള്‍ എത്രയോ പുറകില്‍ നില്‍ക്കുന്നവരും സാറാ ജോസഫ് ഗോ ബാക്ക് എന്നു വിളിച്ചത് ഖേദകരമായ കാഴ്ചയായിരുന്നു. അപ്പോഴും എഴുത്തുകാരിയേക്കാള്‍ പ്രസാധകനെ വിശ്വസിക്കുന്നു എന്ന വാക്കുകളിലൂടെ ടീച്ചര്‍ കുറെ കൊല്ലങ്ങള്‍ ചരിത്രത്തിന്റെ പുറകിലേക്ക് നടന്നുകഴിഞ്ഞു. അതും ചരിത്രത്തിന്റെ ഒരു അശ്ലീലതയാകാം.
അതേസമയം ശ്രീദേവി കര്‍ത്തയും ചില ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ ബാധ്യസ്ഥയാണ്. താങ്കള്‍ വിവര്‍ത്തനം ചെയതത് Transcendence My Spiritual Experience with Pramukh Swamiji എന്ന പുസ്തകമാണല്ലോ. പ്രമുഖ് സ്വാമിജിയുടെ പ്രതിനിധിയായ ബ്രഹ്മ വിഹാരി ദാസ് സ്വാമിജി താനിരിക്കുന്ന വേദിയില്‍ സ്ത്രീകള്‍ ഇരിക്കാന്‍ പാടില്ല എന്നാവശ്യപ്പെട്ടതിനാലാണല്ലോ താങ്കളെ ഒഴിവാക്കിയത്. സ്വാമിയുടെ വീക്ഷണങ്ങളെ കുറിച്ചുള്ള പുസ്തകം തര്‍്ജജമ ചെയ്ത താങ്കള്‍ക്ക് ശിഷ്യനില്‍ നിന്ന് ഇത്തരമൊരാവശ്യം ഉയര്‍ന്നത് അപ്രതീക്ഷിതമാണെന്ന് പറയാനാകുമോ? താങ്കള്‍ ഒരു തൊഴിലായി മാത്രമാണോ തര്‍ജ്ജമയെ കണ്ടത്? അതില്‍ കൂടുതലെന്തെങ്കിലുമുണ്ടോ? എന്തിനാണ് ഈ സന്യാസിമാരുടെ ചിന്തകളെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്..? അതല്ല, പുസ്തകത്തില്‍ ഇത്തരത്തില്‍ സ്ത്രീവിരുദ്ധമായ ആശയങ്ങള്‍ ഒന്നുമില്ല എന്നുണ്ടോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply