അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ മക്കളെ മാപ്പ്

രാജേന്ദ്രപ്രസാദ് രോഗിയായതിനു ശേഷം ചികിത്സ നിശ്ചയിക്കണമോ അതല്ല രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സിക്കേണ്ടതുണ്ടോ. ഇത്തരം ചോദ്യങ്ങള്‍ അട്ടപ്പാടിയിലെ ശിശുമരണങ്ങളുമായി കൂട്ടിവായിക്കപ്പെടേണ്ടതാണ്. വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന ആദിവാസി വികസന പദ്ധതികളുടെ പൊള്ളത്തരങ്ങളെയാണ് ഇതു പുറത്തുകൊണ്ടു വരുന്നത്. കഴിഞ്ഞ 16 മാസത്തിനിടയില്‍ സംഭവിച്ച 36 ശിശുമരണങ്ങളും 18 മാസത്തിനിടയില്‍ സംഭവിച്ച 896 മരണങ്ങളും മേല്‍പറഞ്ഞ ചോദ്യത്തിലേക്കാണ് കേരളത്തിലെ പൊതു മനസ്സിനെ കൊണ്ടു ചെന്നെത്തിക്കുന്നത്. 2012-13 കാലഘട്ടത്തില്‍ മാത്രം പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ക്കായി കേരളം ചിലവഴിക്കുവാന്‍ മാറ്റി വച്ചിരിക്കുന്ന തുക […]

attappadii
രാജേന്ദ്രപ്രസാദ്
രോഗിയായതിനു ശേഷം ചികിത്സ നിശ്ചയിക്കണമോ അതല്ല രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ചികിത്സിക്കേണ്ടതുണ്ടോ. ഇത്തരം ചോദ്യങ്ങള്‍ അട്ടപ്പാടിയിലെ ശിശുമരണങ്ങളുമായി കൂട്ടിവായിക്കപ്പെടേണ്ടതാണ്. വര്‍ഷങ്ങളായി കേരളത്തില്‍ നടക്കുന്ന ആദിവാസി വികസന പദ്ധതികളുടെ പൊള്ളത്തരങ്ങളെയാണ് ഇതു പുറത്തുകൊണ്ടു വരുന്നത്. കഴിഞ്ഞ 16 മാസത്തിനിടയില്‍ സംഭവിച്ച 36 ശിശുമരണങ്ങളും 18 മാസത്തിനിടയില്‍ സംഭവിച്ച 896 മരണങ്ങളും മേല്‍പറഞ്ഞ ചോദ്യത്തിലേക്കാണ് കേരളത്തിലെ പൊതു മനസ്സിനെ കൊണ്ടു ചെന്നെത്തിക്കുന്നത്. 2012-13 കാലഘട്ടത്തില്‍ മാത്രം പട്ടികവര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ക്കായി കേരളം ചിലവഴിക്കുവാന്‍ മാറ്റി വച്ചിരിക്കുന്ന തുക പട്ടിക വര്‍ഗ്ഗ വികസനത്തിനു വേണ്ടി മാറ്റി വച്ചിട്ടുണ്ട്. അട്ടപ്പാടിയില്‍ മാത്രം കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ അഹാഡ്‌സിനായി അനുവദിച്ച 219 കോടി രൂപയടക്കം കേന്ദ്രാവിഷ്‌കൃതവും സംസ്ഥാനവിഹിതവുമടക്കം ഏകദേശം 750കോടിയോളം രൂപയാണ് ആദിവാസി ക്ഷേമത്തിനായി ചിലവഴിച്ചിട്ടുള്ളത്. 30,000ത്തോളം മാത്രം വരുന്ന അട്ടപ്പാടി ആദിവാസി ജനവിഭാഗത്തിനു വേണ്ടി ചിലവഴിച്ച മേല്‍ പറഞ്ഞ തുകപതിനായിരത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് വീതിച്ചു നല്‍കിയാല്‍ ഏകദേശം ഏഴരലക്ഷം രൂപ വരും. ആളോന്നിന് നല്‍കിയാല്‍ അത് രണ്ടര ലക്ഷം രൂപയാകും. സംസാരിക്കുന്ന കണക്കുകള്‍ ഇതായിരിക്കെ ആദിവാസികളും ശിശുക്കളും പോഷകാഹാപക്കുറവുമൂലം മരണം വരിക്കേണ്ടി വരുന്നത് കേരള വികസന മാതൃകയുടെ പൊള്ളത്തരത്തെയാണ് കാണിക്കുന്നത്. ഒപ്പം കൊട്ടിഘോഷിക്കപ്പെടുന്ന ആദിവാസി വികസന നയത്തിന്റെ പരാജയവും ഇതിലൂടെ പുറത്തു വരുന്നു.
1996ല്‍ 25ഉം 1998ല്‍ 12ഉം ആദിവാസി മരണങ്ങള്‍ അട്ടപ്പാടിയില്‍ നടന്നു. 1999-2000 കാലഘട്ടത്തില്‍ 33 ആദിവാസി മരണങ്ങള്‍ വയനാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതെല്ലാം പോഷകാഹാരക്കുറവും പട്ടിണിയും മൂലമായിരുന്നു. ഈ മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ആദിവാസികള്‍ ഭൂമിക്ക് വേണ്ടി സമരങ്ങള്‍ തുടങ്ങിയത്. സി.കെ.ജാനുവിന്റെ നേതൃത്വത്തില്‍ 1995ല്‍ അമ്പുകുത്തിയില്‍ നടന്ന സമരമായിരുന്നു കേരളത്തിലെ ആദ്യത്തെ ആദിവാസി ഭൂസമരം കുടില്‍ കെട്ടി സമരം, മുത്തങ്ങ സമരം ആറളം സമരം, കാറ്റാടി സമരം എന്നിങ്ങനെ പിന്നീടങ്ങോട്ട് സമരങ്ങളുടെ ഒരു ജൈത്രയാത്ര തന്നെ നടന്നു. പക്ഷേ, ഭൂവധികാരം സ്ഥാപിക്കുവാന്‍ ആദിവാസി വിഭാഗങ്ങള്‍ക്ക് കഴിഞ്ഞില്ല. ഫലമോ വീണ്ടും മരണങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടു. പലപ്പോഴും പൊതു സമൂഹം അതറിഞ്ഞില്ല. സര്‍ക്കാര്‍ അറിഞ്ഞെങ്കിലും അത് കണ്ടതായി നടിച്ചില്ല. സ്വാതന്ത്ര്യാനന്തരവും അതിനു മുമ്പും വന്ന വന നിയമങ്ങള്‍ ആദിവാസിയെ വനത്തില്‍ അതിക്രമിച്ചു കയറിയവരായി കണ്ടു. 2006ല്‍ സ്വാതന്ത്ര്യാനന്തരം ആദിവാസികളോട് തുടര്‍ന്നു പോന്ന അനീതിക്ക് പ്രായശ്ചിത്തം ചോദിച്ചുകൊണ്ടു വന്ന വനാവകാശ നിയമം കേരളത്തില്‍ വേണ്ട വിധം പ്രാബല്യത്തില്‍ കൊണ്ടു വരുവാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. കേരളത്തിലെ വനമേഖലയില്‍ എവിടേയും വനാവകാശ നിയമപ്രകാരം സാമൂഹ്യാവകാശം നല്‍കിയിട്ടില്ല. ഭൂമിയുടെ അന്യാധീനപ്പെടലും തനത് കൃഷിരീതിയുടെ അപചയവും കാലാവസ്ഥയില്‍ വന്ന വ്യതിയാനവും അവനെ പട്ടിണിയിലേക്ക് നയിച്ചു. അട്ടപ്പാടിയെ സംബന്ധിച്ചിടത്തോളം അവന്റെ പ്രതീക്ഷയ്ക്ക് പൊന്‍തൂവല്‍ ചാര്‍ത്തിയ അഹാഡ്‌സ് പദ്ധതിയുടെ പരാജയം അവന്റെ പതനം പൂര്‍ത്തിയാക്കി. പരിസ്ഥിതി പുന:സ്ഥാപനത്തിലൂടെ തദ്ദേശിയരായ ആദിവാസികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട അഹാഡ്‌സ്, വനവല്‍ക്കരണം നീര്‍ത്തട വികസനവും രണ്ടാംഘട്ടത്തില്‍ കോണ്‍ട്രാക്റ്റ് പ്രവര്‍ത്തനങ്ങളിലേക്ക് മാറി. ഫലമോ അഹാഡ്‌സ് നിര്‍മ്മിച്ചു കൊടുത്ത കോണ്‍ക്രീറ്റ് വീടിനുള്ളില്‍ പട്ടിണി കിടക്കേണ്ട അവസ്ഥയിലേക്ക് ആദിവാസി ജനതയെ കൊണ്ടു ചെന്നെത്തിച്ചു. പട്ടിണി മരണങ്ങള്‍/പോഷകാഹാരക്കുറവ് മൂലമുള്ള മരണങ്ങള്‍ അട്ടപ്പാടി മലയിടുക്കുകളില്‍ നിന്നുള്ള തേങ്ങലായി മാറി. 2013 ല്‍ 18 ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞപ്പോഴാണ് സര്‍ക്കാര്‍ അനങ്ങി തുടങ്ങിയത്. കോട്ടത്തറ സ്‌പെഷ്യാലിറ്റി ആശുപത്രി കേന്ദ്രീകരിച്ച് ഒരു മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. അത് ഉദ്ഘാടനം ചെയ്യുവാനായി മന്ത്രിമാരായ പി.കെ. ജയലക്ഷ്മിയും, ശിവകുമാറുമെത്തി. മരിച്ച കുഞ്ഞുങ്ങളുടെ ഊരുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു. ഏതാനും പ്രഖ്യാപനങ്ങള്‍ നടത്തി. ബാക്കി മന്ത്രിസഭാ യോഗത്തിനു ശേഷമുണ്ടാകുമെന്ന ഉറപ്പ്. മന്ത്രിസഭാ യോഗം കഴിഞ്ഞ് മുഖ്യമന്ത്രി അട്ടപ്പാടിക്ക് സമഗ്ര വികസന ആരോഗ്യ പാക്കേജ് പ്രഖ്യാപിച്ചു. പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസം തികയുമ്പോള്‍ 3 നവജാത ശിശുക്കള്‍ കൂടി അട്ടപ്പാടിയില്‍ മരിച്ചു കഴിഞ്ഞു. ഇങ്ങനെ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ നോക്കുകുത്തിയായി തീരുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം മരണങ്ങളുടെ നിജസ്ഥിതി പുറത്തുകൊണ്ടുവരുവാന്‍ വിശദമായ ഒരന്വേഷണം സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകണം. അതുപോലെ മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ കുറ്റക്കാരായ അധികൃതര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷണ നടപടികള്‍ സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഇന്ത്യയില്‍ ജനിക്കുന്ന ഓരോ രണ്ടാമത്തെ കുട്ടിയും പോഷകാഹാരകുറവോടെയാണ് ജനിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷമാണ് പോഷകാഹാരകുറവ് ഒരു ദേശീയ നാണക്കേടാണെന്ന് നമ്മുടെ പ്രധാനമന്ത്രി പ്രസ്താവിച്ചത്. ഇങ്ങനെ സര്‍ക്കാര്‍ പ്രസ്താവനയും പരസ്യ ചിത്രങ്ങളും അരങ്ങ് തകര്‍ക്കുമ്പോഴും ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇതിനോടനുബന്ധിച്ച വാര്‍ത്തകളിലൂടെ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വികസന മാതൃകയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍പ്പോലും 2012ല്‍ 4 ജില്ലകളില്‍ നടത്തിയ കണക്കെടുപ്പനുസരിച്ച് 1180 കുട്ടികള്‍ മരണപ്പെട്ടതായി സി.എ.ജി. റിപ്പോര്‍ട്ട് പുറത്തു വന്നു കഴിഞ്ഞു. ഇതില്‍ 110 കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ടായിരുന്നതായി റിപ്പോര്‍ട്ടു ചൂണ്ടിക്കാണിക്കുന്നു. പാലക്കാട്, ഇടുക്കി, മലപ്പുറം, തിരുവനന്തപുരം ജില്ലയിലെ പഠനത്തിലാണ് ഇത് വ്യക്തമായത്. സംസ്ഥാനത്ത് 6 വയസ്സിന് താഴെ പോഷകാഹാരകുറവുള്ള കുട്ടികളുടെ ശതമാനം 27നും 39നും മധ്യേയാണ്. സര്‍ക്കാര്‍ തലത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ഇല്ലാത്തതാണ് ഇത്തരം ദാരുണമായ അവസ്ഥ വിശേഷണത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചതെന്ന് സി.എ.ജി.റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. സമൂഹത്തെ വേട്ടയാടപ്പെടുന്ന അദൃശ്യശക്തിക്കെതിരെ കോടികള്‍ മുഴക്കി പരസ്യം കൊടുക്കുമ്പോഴും ആവശ്യത്തിന് പോഷകഗുണമുള്ള ഭക്ഷണം കിട്ടാതെ പട്ടിണി മൂലം കുട്ടികള്‍ മരിച്ചു കൊണ്ടിരിക്കുന്നു/രോഗത്തിന് അടിമകളാകുന്നു. ഇതിന്റെ ഏറ്റവും അവസാനത്തെ രക്തസാക്ഷിത്വമാണ് അട്ടപ്പാടിയിലെ 33 കുരുന്നുകളുടേത്. മേല്‍പ്പറഞ്ഞ 110 ശിശുമരണങ്ങളുടെ വിവരം പുറത്തു വിടുന്ന റിപ്പോര്‍ട്ട്, കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലാണ് സി.എ.ജി. (കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍) നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. സി.എ.ജി. റിപ്പോര്‍ട്ട് ഗൗരവത്തോടെ കണ്ട് സര്‍ക്കാര്‍ പ്രശ്‌നങ്ങളെ അഭിസംഭോധന ചെയ്തിരുന്നുവെങ്കില്‍ പ്രശ്‌നങ്ങളെ നേരത്തെ നിയന്ത്രണ വിധേയമാക്കാമായിരുന്നു. കുരുന്നുകളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു. മേഖലയിലെ സാമൂഹ്യപ്രവര്‍ത്തകരും ഗോത്രവര്‍ഗ്ഗ മേഖലയിലെ പ്രസിദ്ധീകരണമായ ഗോത്രഭൂമിയും ഒരു വര്‍ഷം മുമ്പ് തന്നെ അട്ടപ്പാടി മേഖലയില്‍ കൂടിവരുന്ന ശിശു മരണങ്ങളെ സംബന്ധിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നെങ്കിലും പ്രശ്‌നത്തെ ഗൗരവത്തോടെ കാണാതെ സര്‍ക്കാര്‍ അനുവര്‍ത്തിച്ച നിസംഗതയാണ് 36 കുരുന്നുകളുടെ ജീവന്‍ എടുത്തത്.
എന്‍.ആര്‍.എച്ച്.എം. റിപ്പോര്‍ട്ട് പ്രകാരം അട്ടപ്പാടിയില്‍ 600 ഓളം അനീമിയ ബാധിതരെ കണ്ടെത്തിയിരുന്നു. അതില്‍ പകുതിയും കുട്ടികളാണ്. ഈ മേഖലയില്‍ അടുത്തിടെ നടത്തിയ പഠനം 200-ഓളം സിക്കിള്‍സെല്‍ അനീമിയ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇപ്പോള്‍ ആരോഗ്യ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്ന സര്‍വ്വേയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ അട്ടപ്പാടി മേഖലയില്‍ മാത്രം 894 മരണങ്ങള്‍ നടന്നതായി ത്രിതല പഞ്ചായത്തുകളില്‍ നിന്നും സെന്റര്‍ ഫോര്‍ ട്രൈബല്‍ എഡ്യൂക്കേഷന്‍, ഡവലപ്പമെന്റ് ആന്റ് റിസര്‍ച്ച് എന്ന സംഘടനക്ക് വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍ 80 ശതമാനവും ആദിവാസി മരണങ്ങളാണ്. ഇതും 36 ശിശുമരണങ്ങളോടൊപ്പം കൂട്ടിവായിക്കപ്പെടേണ്ടതാണ്. ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണിത്. ഈ സാഹചര്യത്തില്‍ നിസംഗത വെടിഞ്ഞ് ക്രിയാത്മകമായ ഇടപെടല്‍ അട്ടപ്പാടി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവണം. പ്രസ്താവനകള്‍ക്കപ്പുറം പ്രവര്‍ത്തനമാണ് ഇത്തരം സന്ദര്‍ഭത്തില്‍ അനിവാര്യം. ശിശു മരണങ്ങള്‍ നടന്ന് ഒരു മാസം തികയുമ്പോള്‍അടിയന്തിരമായി നടത്തേണ്ട ഇടപെടല്‍ പ്രസ്തുത മേഖലയില്‍ നടന്നിട്ടില്ല എന്നതാണ് വാസ്തവം. ഊരുകള്‍ കേന്ദ്രീകരിച്ചുള്ള ഹെല്‍ത്ത് അസ്സസ്സ്‌മെന്റ് നടത്തിയെങ്കില്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത മനസ്സിലാക്കാനാവൂ. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കേന്ദ്രീകരിച്ച് ഒരു മെഗാ മെഡിക്കല്‍ ക്യാമ്പ് മാത്രമാണ് ഇതുവരെ നടന്നിട്ടുള്ളത്. അത് ആശുപത്രി അധികൃതര്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നതാണ്. ശിശുമരണങ്ങള്‍ നടന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് വിപുലമാക്കിയെന്നേയുള്ളൂ. രണ്ടാമതായി മേല്‍പ്പറഞ്ഞ ഹെല്‍ത്ത് അസ്സസ്സ്‌മെന്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ന്യൂട്രീഷന്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (എന്‍.ആര്‍.സി.) ആരംഭിച്ച്, ഒരു ന്യൂട്രിഷന്റേയും ശിശുരോഗ വിദഗ്ദ്ധന്റേയും നേതൃത്വത്തില്‍ നിരീക്ഷിക്കണം. പക്ഷേ അത് ഇതുവരെ ആരംഭിച്ചിട്ടില്ല. മെഗാ ക്യാമ്പില്‍ കണ്ടെത്തിയ തൂക്കക്കുറവുള്ള കുട്ടികള്‍ക്ക്, തൂക്കകുറവ് അടയാളപ്പെടുത്തിയ കാര്‍ഡും മരുന്നും കൊടുത്ത് തിരിച്ചയക്കുകയാണ് അധികൃതര്‍ ചെയ്തത്. അതിനോടനുബന്ധിച്ച് ഭക്ഷണമോ തുടര്‍മരുന്നുകളോ ഊറുകളില്‍ എത്തിച്ചിട്ടില്ല. മൂന്നാമതായി ഊരുകളില്‍ കുട്ടികള്‍ക്കായി പ്രത്യേകം ഫുഡ് സപ്പോര്‍ട്ട് സ്‌കീം ആരംഭിക്കണം. അംഗന്‍വാടികള്‍ വഴിയുള്ള ഫുഡ് വിതരണം മൂന്നു മുതല്‍ ആറു വയസ്സുവരെ മാത്രമെ ഇപ്പോള്‍ ലഭിക്കുന്നുള്ളൂ. പൂജ്യം മുതല്‍ മൂന്നു വയസ്സു വരെയും ആറു മുതല്‍ 18 വയസ്സു വരെയും ഉള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, നിരാലംബര്‍ എന്നിവര്‍ക്കുകൂടി ഫുഡ് സപ്പോര്‍ട്ട് സ്‌കീം എത്തേണ്ടതുണ്ട്. നാലാമതായി അംഗന്‍വാടികളുടെ ശോചനീയാവസ്ഥ പരിഹരിക്കുകയും അടിസ്ഥാന സൗകര്യം സാധ്യമാക്കുകയും ചെയ്യണം. അംഗന്‍ വാടികളിലേക്കുള്ള ഭക്ഷ്യ വിതരണം സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിക്കുകയും എല്ലാ ഊരുകളിലും അംഗന്‍വാടികള്‍ ആരംഭിക്കുകയും ചെയ്യണം. ആദ്യഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനോടൊപ്പം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ മേഖലയിലെ തദ്ദേശീയരായ ആദിവാസികളുടെ സുസ്ഥിര വികസനം സാധ്യമാക്കുന്ന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കണം. അവര്‍ നേരിടുന്ന ഭൂപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം. ഇതുവരെ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കണം. പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ തദ്ദേശീയരായ ഗോത്ര ജനതയുടേയും സംഘടനകളുടേയും അഭിപ്രായം മുഖവിലക്കെടുക്കണം. അവരെ വിവിധ സമിതികളില്‍ ഉള്‍പ്പെടുത്തണം. സംസ്ഥാന തലത്തില്‍ ഒരു പോഷകാഹാര നയത്തിന് രൂപം കൊടുക്കണം. സംസ്ഥാനത്ത് ഒരു പോഷകാഹാര നിരീക്ഷണ സമിതിയും ഐ.സി.ഡി.എസ്. നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തണം. അതില്‍ ഗോത്രവര്‍ഗ്ഗ ജനതയടക്കമുള്ളവരുടെ ജനകീയ പങ്കാളിത്വം ഉറപ്പു വരുത്തണം. സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള കുട്ടികളുടെ അവകാശകമ്മീഷനില്‍ അട്ടപ്പാടി മേഖലയുടെ പ്രാധാന്യം ഉറപ്പു വരുത്തണം.
നാളെയുടെ ഈടു വയ്പ്പുകളാണ് ഇന്നത്തെ കുട്ടികള്‍. അവര്‍ക്ക് ജനിക്കുവാനും വളരുവാനുമുള്ള സാഹചര്യം ഒരുക്കുവാന്‍ സമൂഹത്തിന് ബാധ്യതയുണ്ട്. അതുകൊണ്ട് തന്നെ സമഗ്ര ആരോഗ്യ പാക്കേജ് പ്രഖ്യാപിക്കപ്പെടുമ്പോഴും ഗോത്രവര്‍ഗ്ഗ മേഖലയ്ക്കായി ഇതുവരെ നിലവില്‍ വന്ന നിയമങ്ങളുടേയും പാക്കേജുകളുടേയും അവസ്ഥയാകരുത് ആരോഗ്യ പാക്കേജിന്. കാരണം ഒരു ജനതയുടെ പ്രതീക്ഷയും അഭിമാനവുമാണ് ആരോഗ്യവും സന്തോഷവുമുള്ള കുട്ടികള്‍. അട്ടപ്പാടിയില്‍ 16 മാസത്തിനിടയില്‍ 36 ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് അവിടത്തെ തദ്ദേശിയരായ ജനതയുടെ പ്രതീക്ഷയാണ്. ആരോടാണ് ഞങ്ങള്‍ ഇനി പരാതി ബോധിപ്പിക്കേണ്ടതെന്ന അട്ടപ്പാടിയിലെ ഗോത്രജനതയുടെ ചോദ്യത്തിന് ഉത്തരം പറയുവാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്വത്തില്‍ നിന്നും ഒരു ജനാധിപത്യ സര്‍ക്കാരിന് പുറം തിരിഞ്ഞിരിക്കാനാവില്ല. ജീവിതം തന്നെ അതിജീവന സമരമായ ഗോത്ര ജനതയെ സംബന്ധിച്ചിടത്തോളം സ്വന്തം ആരോഗ്യം കാത്തു സൂക്ഷിക്കാനായി തെരുവിലറങ്ങേണ്ടി വരുന്ന കാഴ്ചയാണ് ഇന്ന് നമുക്ക് അട്ടപ്പാടിയില്‍ കാണാനാവുന്നത്. അതുകൊണ്ടു തന്നെ അട്ടപ്പാടി മേഖലയെ കാര്‍ന്ന് തിന്നുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പോഷകാഹാരക്കുറവ് പരിഹരിക്കുവാന്‍ കോടികളുടെ പരസ്യചിത്രങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കുമപ്പുറം ക്രിയാത്മകമായ നടപടികളാണ് വേണ്ടത്.
കടപ്പാട് ഗോത്രഭൂമി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply