അച്ചന്മാരെ പെണ്ണുകെട്ടിക്കൂ പോപ്പ്……….

പുതിയ പോപ്പ് പുരോഗമനവാദിയാണെന്നാണല്ലോ വെപ്പ്. പല വിഷയങ്ങളിലും അങ്ങനെയാണെന്ന പ്രതീതി അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അതു ശരിയാണെങ്കില്‍ അദ്ദേഹം ചെയ്യേണ്ടത് അച്ചന്മാരെ കൊണ്ട് ആദ്യം വിവാഹം കഴിപ്പിക്കുകയാണ്. എങ്കില്‍ ലോകമെമ്പാടും എത്രയോ പെണ്‍കുട്ടികള്‍ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടും. വിവാഹിതര്‍ സ്ത്രീപീഡനം നടത്തില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ ളോഹയണിഞ്ഞ്, കുഞ്ഞാടുകള്‍ക്കായി ബ്രഹ്മചാരികളായി ജീവിക്കുന്നു എന്നവകാശപ്പെടുന്ന പുരോഹിതവര്‍ഗ്ഗം ചെയ്യുന്നത് കൊടിയ വഞ്ചനയാണ്. മാനുഷികമായ ഒന്നാണ് ലൈംഗികവികാരം എന്നത് സനാതന സത്യമാണ്. അതങ്ങനെയല്ല എന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്നവരാണല്ലോ പുരോഹിതന്മാര്‍. എന്നാല്‍ അവര്‍ […]

120px-Pope_Francis_in_March_2013_(cropped)

പുതിയ പോപ്പ് പുരോഗമനവാദിയാണെന്നാണല്ലോ വെപ്പ്. പല വിഷയങ്ങളിലും അങ്ങനെയാണെന്ന പ്രതീതി അദ്ദേഹം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അതു ശരിയാണെങ്കില്‍ അദ്ദേഹം ചെയ്യേണ്ടത് അച്ചന്മാരെ കൊണ്ട് ആദ്യം വിവാഹം കഴിപ്പിക്കുകയാണ്. എങ്കില്‍ ലോകമെമ്പാടും എത്രയോ പെണ്‍കുട്ടികള്‍ പീഡനങ്ങളില്‍ നിന്ന് രക്ഷപ്പെടും.
വിവാഹിതര്‍ സ്ത്രീപീഡനം നടത്തില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ ളോഹയണിഞ്ഞ്, കുഞ്ഞാടുകള്‍ക്കായി ബ്രഹ്മചാരികളായി ജീവിക്കുന്നു എന്നവകാശപ്പെടുന്ന പുരോഹിതവര്‍ഗ്ഗം ചെയ്യുന്നത് കൊടിയ വഞ്ചനയാണ്. മാനുഷികമായ ഒന്നാണ് ലൈംഗികവികാരം എന്നത് സനാതന സത്യമാണ്. അതങ്ങനെയല്ല എന്നു സ്വയം വിശ്വസിക്കാന്‍ ശ്രമിക്കുന്നവരാണല്ലോ പുരോഹിതന്മാര്‍. എന്നാല്‍ അവര്‍ ചെയ്യുന്നതെന്താണ്? പുരോഹിതര്‍ ചെയ്യുന്ന ലൈംഗിക പീഡനങ്ങളാണ് സഭ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിഷയമെന്ന് പോപ്പ് പോലും പറയുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍.
ഒല്ലൂര്‍ തൈക്കാട്ടുശേരിയില്‍ വൈദികന്‍ ഒമ്പതുവയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. ലോകത്തിന്റെ മറ്റു ഭാഗങ്ങളോടൊപ്പം കേരളത്തിലും നിരന്തരമായി ഇത്തരപം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. എന്നാല്‍ മിക്കവാറും സംഭവങ്ങള്‍ മൂടിവെക്കപ്പെടുന്നു. അച്ചന്മാര്‍ക്കെതിരെ ആരു കേസു കൊടുക്കും? ഇവിടെ ഈ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിശ്ചയദാര്‍ഢ്യത്തോടെ നില്‍ക്കുന്നതിലാണ് സംഭവം പുറത്തുവന്നത്.
ഒല്ലൂര്‍ സെന്റ് പോള്‍സ് പള്ളി വികാരി ഫാ.രാജു കൊക്കനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഏപ്രില്‍ എട്ട്, 11, 24 തീയതികളിലാണ് സംഭവം, കുട്ടിയുടെ ചിത്രം വൈദികന്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. നിര്‍ധന വീട്ടിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
ആദ്യകുര്‍ബാനയ്ക്ക് വസ്ത്രം നല്‍കാമെന്നു വാഗ്ദാനം നല്‍കി വിളിച്ചു വരുത്തിയ ശേഷം പെണ്‍കുട്ടിയെ നഗ്നയാക്കി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചിത്രങ്ങളെടുക്കുകയും ചെയ്യുകയാണ് ളോങ ധരിച്ച ഈ പിശാച് ചെയ്തത്. പിന്നീട് വീണ്ടും 11നും 24നും പെണ്‍കുട്ടിയെ വരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഇന്നലെയാണ് പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറയുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ വനിതാ സെല്ലിലറിയിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. പൊലീസ് പെണ്‍കുട്ടിയെ വൈദ്യപരിശോധനയക്ക് വിധേയയാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. വൈദികന്‍ ഇപ്പോള്‍ ഒളിവിലാണ്. ഇയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കുട്ടികള്‍ക്കെതിരായ അതിക്രമം, മാനഭംഗം തുടങ്ങിയ കേസുകളും ഐടി ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
ലോകമെങ്ങും ആവര്‍ത്തിക്കുന്ന ഒരു സംഭവമാണിത്. പോപ്പടക്കമുള്ള മതമേസധ്യക്ഷന്മാര്‍ നിരന്തരമായി ഇക്കാര്യത്തില്‍ മാപ്പപേക്ഷിക്കാറുമുണ്ട്. എന്നാല്‍ മാപ്പുകൊണ്ട് തീരുന്ന സംഭവമല്ലിത്. സഭക്കുള്ളില്‍ എന്തെങ്കിലും നടപടിയെടുത്ത് പ്രശ്‌നമവസാനിപ്പിക്കുകയാണ് ചെയ്യുന്നത്. അതെങ്ങനെ അംഗീകരിക്കും? സ്ത്രീപീഡനം നടത്തുന്ന പുരോഹിതരെ അതാതു രാജ്യങ്ങളിലെ നിയമപ്രകാരം ശിക്ഷിക്കുകയയാണ് വേണ്ടത്. അതില്‍ നിന്ന് സഭ പലപ്പോഴും ഒളിച്ചോടുന്നു. അവരെ സംരക്ഷിക്കുന്നു. ഇവിടേയും അതുതന്നെ സംഭവിക്കാനാണ് സാധ്യത. തങ്ങളെ ഭരിക്കുന്നത് വത്തിക്കാനാണ് എന്നാണ് പല പുരോഹിതരും ധരിച്ചുവെച്ചിരിക്കുന്നത്. ആ ധാരണ ഇനിയെങ്കിലും അവസാനിപ്പിക്കണം.
സഭയോടുള്ള പ്രതിബദ്ധത നിലനിര്‍ത്താനാണ് അച്ചന്മാര്‍ വിവാഹിതരാകരുതെന്ന് സഭ നിഷ്‌കര്‍ഷിക്കുന്നത്. ആ നിലപാടുതന്നെ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുമ്പസാരക്കൂട്ടില്‍ ചില അച്ചന്മാര്‍ ചോദിക്കുന്ന ചോദ്യങ്ങളെ കുറിച്ച് സ്ത്രീകളോട് ചോദിച്ചാല്‍ അറിയാം എത്രമാത്രം പെര്‍വര്‍ഷനിലാണ് അവര്‍ ജീവിക്കുന്നതെന്ന്. ഈ പെര്‍വര്‍ഷനുമായാണ് അവര്‍ വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് ക്ലാസ്സെടുക്കുന്നതെന്നത് മറ്റൊരു തമാശ.
അച്ചനെതിരെ നടപടിയെടുത്തു എന്ന് തൃശൂര്‍ അതിരൂപത പറയുന്നുണ്ട്. അതുപോര. അച്ചനെ നിയമത്തിനു മുന്നില്‍ ഹാജരാക്കാന്‍ സഭ ബാധ്യസ്ഥമാണ്. അക്കാര്യത്തില്‍ പോലീസ് ശക്തമായ നടപടിയെടുക്കണം.
തീര്‍ച്ചയായും സഭയുടെ മാത്രം വിഷയമല്ല ഇത്. അടുത്തയിടെ കേരളത്തിലെ ചില പാര്‍ട്ടികള്‍ തങ്ങളുടെ ഓഫീസില്‍ വെച്ചുണ്ടായ ലൈംഗിക പീഡനത്തില്‍ തങ്ങള്‍ തന്നെ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ഇടപെടേണ്ട എന്നും പ്രഖ്യാപിച്ചിരുന്നു. രണ്ടും തമ്മില്‍ കാര്യമായ അന്തരമില്ല.
പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധതക്കുവേണ്ടി വിവാഹ ജീവിതം നിഷേധിക്കുന്നത് സഭ മാത്രമല്ല. ആര്‍എസ്എസിന്റെ നേതാവ് വിവാഹിതനായതിനെ തുടര്‍ന്ന് പുറത്താക്കിയ വാര്‍ത്ത പുറത്തുവന്ന് രണ്ടു ദിവസമേ ഈയുള്ളു. പണ്ട് കമ്യൂണിസ്റ്റുകാരും പിന്നീട് നക്‌സലൈറ്റുകളും ഇതേ ചിന്താഗതിക്കാരായിരുന്നു. കുടുംബം വന്നാല്‍ പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത കുറയുമെന്നാണത്രെ ഇവര്‍ കരുതിയിരിക്കുന്നത്. ഫലമെന്താണെന്ന് ഈ സംഭവം വ്യക്തമാകുന്നു.
മാനുഷികമായ യാതൊന്നും തനിക്കന്യമല്ല എന്നാണ് കാറല്‍ മാക്‌സ് പറഞ്ഞത്. ആദ്യകാലത്ത് മാര്‍പ്പാപ്പമാര്‍ പോലും വിവാഹിതരായിരുന്നു. ഹൈന്ദവമതത്തിലാകട്ടെ ലൈംഗികത ഒരു കാലത്തും നിഷിധമായിരുന്നില്ല. എന്നാല്‍ ഇവരുടെയൊക്കെ അനുയായികളാണ് ഇത്തരത്തില്‍ കാപട്യത്തിന്റെ പ്രവാചകരായി മാറുന്നതെന്നതാണ് വൈരുദ്ധ്യം………

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply