അക്രമം : അവസരം കാത്ത് കേന്ദ്രം

മൂന്നുദിവസമായി തലസ്ഥാനം കേന്ദ്രീകരിച്ച് നടന്ന അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം – ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനമൊന്നും ഉണ്ടായില്ല എന്നു വേണം കരുതാന്‍. പതിവുപോലെ അക്രമം ഇനിയുണ്ടാകരുതെന്ന് ഭംഗിവാക്കു പറഞ്ഞവസാനിക്കുകയാണ് ചെയ്തത്. വീടുകളും പാര്‍ട്ടി ഓഫീസുകളും അക്രമിക്കരുതെന്നും തീരുമാനമായത്രെ. മറ്റിടങ്ങളില്‍ അക്രമമാകാമോ എന്നറിയില്ല. അതുപോലെ നേതാക്കള്‍ അണികളെ ബോധവല്‍ക്കരിക്കുമത്രെ. കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലിരുന്ന് പരസ്പരം വെല്ലുവിളിക്കുകയും അക്രമത്തിന് വളമിടുകയും ചെയ്ത നേതാക്കള്‍ തന്നെയല്ലേ അണികളെ ബോധവല്‍ക്കരിക്കുക? വരുംദിവസങ്ങളിലും ചര്‍ച്ചകള്‍ നടക്കുമെന്നും വേണ്ടിവന്നാല്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും […]

images

മൂന്നുദിവസമായി തലസ്ഥാനം കേന്ദ്രീകരിച്ച് നടന്ന അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം – ബിജെപി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ കാര്യമായ തീരുമാനമൊന്നും ഉണ്ടായില്ല എന്നു വേണം കരുതാന്‍. പതിവുപോലെ അക്രമം ഇനിയുണ്ടാകരുതെന്ന് ഭംഗിവാക്കു പറഞ്ഞവസാനിക്കുകയാണ് ചെയ്തത്. വീടുകളും പാര്‍ട്ടി ഓഫീസുകളും അക്രമിക്കരുതെന്നും തീരുമാനമായത്രെ. മറ്റിടങ്ങളില്‍ അക്രമമാകാമോ എന്നറിയില്ല. അതുപോലെ നേതാക്കള്‍ അണികളെ ബോധവല്‍ക്കരിക്കുമത്രെ. കഴിഞ്ഞ ദിവസങ്ങളില്‍ ചാനലുകളിലിരുന്ന് പരസ്പരം വെല്ലുവിളിക്കുകയും അക്രമത്തിന് വളമിടുകയും ചെയ്ത നേതാക്കള്‍ തന്നെയല്ലേ അണികളെ ബോധവല്‍ക്കരിക്കുക? വരുംദിവസങ്ങളിലും ചര്‍ച്ചകള്‍ നടക്കുമെന്നും വേണ്ടിവന്നാല്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആറാംതിയതിയാണ് സര്‍വ്വകക്ഷിയോഗം. എന്തുചെയ്താലും അക്രമം അവസാനിക്കുമെങ്കില്‍ അത്രയും നന്ന്. എന്നാല്‍ തങ്ങള്‍ സന്തുഷ്ടരല്ല എന്നാണ് ചര്‍ച്ചക്കുശേഷമുള്ള കുമ്മനത്തിന്റെ ശരീരഭാഷയും വാക്കുകളും നല്‍കുന്ന സൂചന.
ഗവര്‍ണര്‍ പി സദാശിവത്തിന്റെ നിര്‍ദേശാനുസരണമായിരുന്നു ചര്‍ച്ച നടന്നത്. മുഖ്യമന്ത്രിയേയും ഡിജിപിയേയും വിളിച്ചുവരുത്തി കാര്യങ്ങള്‍ ആരാഞ്ഞ ഗവര്‍ണ്ണറുടെ നടപടിയില്‍ അഭിപ്രായഭിന്നതയുള്ളവര്‍ ഭരണപക്ഷത്ത് നിരവധിയാണ്. കാനം രാജേന്ദ്രന്‍ മാത്രമാണ് അതു തുറന്നു പറഞ്ഞിരിക്കുന്നത്. അനിഷ്ടസംഭവങ്ങളുണ്ടായാല്‍ മുഖ്യമന്ത്രിയില്‍നിന്നു ഗവര്‍ണര്‍ സാധാരണ വിവരങ്ങള്‍ തേടാറുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ അന്വേഷിക്കുന്നത് അപൂര്‍വമാണ്. ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് സംസ്ഥാനത്തു പലടയിത്തും സംഘര്‍ഷാവസ്ഥയുണ്ടായ സാഹചര്യത്തിലാണു ഗവര്‍ണര്‍ അസാധാരണ നടപടിയിലൂടെ മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും വിളിച്ചുവരുത്തിയത്. പത്രക്കാരുടെ മുന്നിലായിരുന്നില്ല, ഗവര്‍ണ്ണര്‍ക്കുമുന്നിലായിരുന്നു മുഖ്യമന്ത്രി ഇരട്ടച്ചങ്കു കാണിക്കേണ്ടിയിരുന്നത്. അതുണ്ടായില്ല.കേന്ദ്ര ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയെ വിളിച്ച് വിവരങ്ങള്‍ ആരാഞ്ഞിരുന്നു. അതൊന്നും നല്‍കുന്ന സൂചന അത്രനന്നല്ല. അവസരം കാത്തിരിക്കുകയാണ് കേന്ദ്രം എന്നു സംശയിക്കുന്നതില്‍ തെറ്റില്ല.
അതിനിടെ തലസ്ഥാനത്ത് വീണ്ടും അക്രമസാധ്യതയുണ്ടെന്ന ഇന്റലിജന്റ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഏതു സാഹചര്യവും നേരിടാന്‍ തക്ക വിധത്തില്‍ പോലീസിനെ സജ്ജമാക്കിയിട്ടുണ്ട് എന്ന്് ഡിജിപി ലോക്‌നാഥ് ബഹ്‌റയും പറയുന്നു. പാര്‍ട്ടി ഓഫീസുകള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. സിസിടിവി നിരീക്ഷണം ഉള്‍പ്പെടെയുള്ളവ ശക്തമാക്കി. അവധിയില്‍ കഴിയുന്ന പോലീസുകാരെ വരെ വിളിച്ചു വരുത്തിയിട്ടുണ്ട്. കൊ്ല്ലപ്പെട്ട രാജേഷിന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്കിടെ അക്രമങ്ങളുണ്ടായതിനെ തുടര്‍ന്നാണ് നടപടികള്‍ കര്‍ക്കശമാക്കിയത്. കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലില്‍ സംസ്ഥാനത്തെ പലഭാഗത്തും അക്രമങ്ങള്‍ ഉണ്ടാകുകയും ചെയ്തു.
മറ്റു വിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാതെ തങ്ങളുടെ കോട്ടകളായി എസ് എഫ് ഐയും എ ബി വി പിയും പിടിച്ചടക്കിയിരിക്കുന്ന യൂണിവേഴ്‌സിറ്റി കോളേജിലും എം ജി കോളേജിലും കയറിപറ്റാനുള്ള ഇരുകൂട്ടരുടേയും ശ്രമങ്ങളുടെ തുടര്‍ച്ചയാണ് തിരുവനന്തപുരത്ത് അരങ്ങേറിയത്. ജനാധിപത്യവിരുദ്ധസംവിധാനങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമം. ശരിക്കും കണ്ണൂര്‍ മോഡല്‍ തന്നെയാണ് അരങ്ങേറിയത്. രാജേഷിന്റെ വധം ഇതുമായി നേരിട്ട് ബന്ധപ്പെട്ടതാണോ എന്ന തര്‍ക്കം ബാക്കിയാണ്. രാജേഷിന്റെ ദേഹത്ത് 89 മുറിവുകളാണുണ്ടായിരുന്നത്. ഇടതുകൈ വെട്ടിമാറ്റി വലിച്ചെറിഞ്ഞിരുന്നു. കഴുത്തിനു പിന്നിലും താടിയെല്ലും ചെവിയുമായി ബന്ധപ്പെടുത്തിയുമുള്ള ആഴമേറിയ മുറിവുകളാണ് മരണത്തിനിടയാക്കിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് പത്തു പേര്‍ പിടിയിലായിട്ടുണ്ട്. മുഖ്യപ്രതി മണിക്കുട്ടന്റെ ബന്ധങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്.
ഏറ്റവും വലിയ ദുരന്തം കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണപാര്‍ട്ടികള്‍തന്നെയാണ് അക്രമകാരികളാകുന്നതെന്നതാണ്. പരസ്പരം ആരോപണമുന്നയിക്കാന്‍ ഇരുവരുടേയും കൈവശം കുറെ കണക്കുകളുണ്ട്. അതു പരസ്പരം ഉന്നയിച്ച് നടത്തുന്ന അന്തിചര്‍ച്ചകളിലൂടെ ഇവര്‍ വീണ്ടും കോരിയിടുന്നത് പകയുടെ തീക്കനലുകളാണ്. ദൃശ്യമാധ്യങ്ങള്‍ അതിനുള്ള അവസരമാണ് ഒരുക്കി കൊടുക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലെ കാര്യം പറയാനുമില്ല.
ഇന്ത്യയില്‍തന്നെ ഏറ്റവുമധികം രാഷ്ട്രീയകൊലപാതകങ്ങള്‍ നടക്കുന്ന പ്രദേശമാണ് ഇന്നു കേരളം. ഇവിടെ അക്രമിച്ചതാര്, കൊല്ലപ്പെട്ടതാര് എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കാരണം അതു മാറി മാറി വരും. ഭയാനകമായ രീതിയിലുള്ള രാഷ്ട്രീയ കൊലകള്‍ കണ്ണൂരില്‍ ആരംഭിച്ച് ദശകങ്ങളായി. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുകയും അവയുടെ എണ്ണം പറഞ്ഞ് അഭിമാനം കൊള്ളുകയും ചെയ്യുന്ന പാര്‍ട്ടികളുടെ നാടാണിത്. മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. ഇലയനങ്ങണമെങ്കില്‍ അതാത് പാര്‍ട്ടിയുടെ അനുമതി വേണം. പാര്‍ട്ടിഗ്രാമങ്ങളിലെ വിവാഹങ്ങള്‍ പോലും തീരുമാനിക്കുന്നത് നേതാക്കളാണ്. ഇങ്ങനെയൊക്കെയായിട്ടും എതിരാളികളെ ഇല്ലാതാക്കാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞിട്ടില്ല എന്നതാണ്. മാത്രമല്ല തലേദിവസം വരെ എതിരാളികളായിരുന്നവര്‍ പിറ്റേന്നുമുതല്‍ സഹപ്രവര്‍ത്തകരായി മാറുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിലുള്ള പാര്‍ട്ടിമാറ്റങ്ങള്‍ ഉണ്ടായി. അപ്പോള്‍ എന്തിനായിരുന്നു ഇവര്‍ ഇത്രയും കാലം പോരടിച്ചിരുന്നതെന്ന ചോദ്യം പ്രസക്തമാണ്. ഒരു വശത്ത് ഹൈന്ദവഫാസിസവും മറുവശത്ത് രാഷ്ട്രീയഫാസിസവും ഉയര്‍ത്തിപിടിക്കുന്ന ജനാധിപത്യവിരുദ്ധശക്തികളാണ് ഏറ്റുമുട്ടുന്നത്. ഈ രാഷ്ട്രീയം കേരളം മുഴുവന്‍ വ്യാപിപ്പിക്കാനുള്ള ശ്രമുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. അതിന്റെ സൂചനയാണ് തിരുവനന്തപുരം സംഭവങ്ങള്‍ നല്‍കുന്നത്. അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപി ശ്രമമവും ഇതിനു പുറകിലുണ്ടെന്നതും വ്യക്തം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply