അംബേദ്കര്‍ സ്മരണ ജനാധിപത്യ സംരക്ഷണത്തിനുള്ള സന്ദേശം – ഇന്ന്അംബേദ്കറുടെ ചരമദിനം

ഐ.കെ. രവീന്ദ്രരാജ് ഇന്ത്യയില്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ യുഗങ്ങളോളം ജീവിക്കേണ്ടിവന്ന അധഃസ്ഥിത പിന്നാക്ക വര്‍ഗങ്ങളെ മുഖ്യധാരാ ജീവിതത്തിലേക്ക് മടങ്ങിക്കൊണ്ടുവരാന്‍, ഭരണഘടനാ അവകാശമായി സംവരണ നിയമം നടപ്പാക്കിവരുന്നതിനെ സംവരണവിരോധികള്‍ പല പ്രത്യയശാസ്ത്രത്തേയും ഉയര്‍ത്തിക്കാട്ടി കാപട്യപൂര്‍വം എതിര്‍ത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ സനാധനധര്‍മവാദികളും കാറല്‍ മാര്‍ക്സിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവരുമുണ്ട്. സംവരണത്തിന്റെ സാമൂഹിക ലക്ഷ്യത്തെ തകര്‍ത്ത് സംവരണം തൊഴില്‍ ദാന പദ്ധതിയോ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയോ ആക്കി മാറ്റാനുള്ള വ്യഗ്രതയിലാണ് ഇക്കൂട്ടര്‍. സമഗ്രവും ശാസ്ത്രീയവുമായ കാഴ്ചപ്പാടാണ് ഇവരുടേതെന്നും ഇക്കാര്യത്തില്‍ ഇവരുടെ ശരിയേക്കാള്‍ […]

AMB

ഐ.കെ. രവീന്ദ്രരാജ്

ഇന്ത്യയില്‍ ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹ്യ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളില്‍ യുഗങ്ങളോളം ജീവിക്കേണ്ടിവന്ന അധഃസ്ഥിത പിന്നാക്ക വര്‍ഗങ്ങളെ മുഖ്യധാരാ ജീവിതത്തിലേക്ക് മടങ്ങിക്കൊണ്ടുവരാന്‍, ഭരണഘടനാ അവകാശമായി സംവരണ നിയമം നടപ്പാക്കിവരുന്നതിനെ സംവരണവിരോധികള്‍ പല പ്രത്യയശാസ്ത്രത്തേയും ഉയര്‍ത്തിക്കാട്ടി കാപട്യപൂര്‍വം എതിര്‍ത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ സനാധനധര്‍മവാദികളും കാറല്‍ മാര്‍ക്സിന്റെ അനുയായികളെന്ന് അവകാശപ്പെടുന്നവരുമുണ്ട്.
സംവരണത്തിന്റെ സാമൂഹിക ലക്ഷ്യത്തെ തകര്‍ത്ത് സംവരണം തൊഴില്‍ ദാന പദ്ധതിയോ ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയോ ആക്കി മാറ്റാനുള്ള വ്യഗ്രതയിലാണ് ഇക്കൂട്ടര്‍. സമഗ്രവും ശാസ്ത്രീയവുമായ കാഴ്ചപ്പാടാണ് ഇവരുടേതെന്നും ഇക്കാര്യത്തില്‍ ഇവരുടെ ശരിയേക്കാള്‍ മറ്റൊരു ശരിയും ഇല്ലെന്നാണ് ഇവരുടെ വാദം. സാമൂഹ്യ പിന്നാക്കാവസ്ഥയും സാമ്പത്തിക പിന്നാക്കവസ്ഥയും ഒന്നല്ലെന്നും രണ്ടാണെന്നും ഭരണഘടനാ നിര്‍മാണ സഭ വളരെയേറെ ചര്‍ച്ച ചെയ്തതാണ്. സംവരണത്തിന്റെ മാനദണ്ഡമായി സാമൂഹ്യമായ പിന്നാക്കാവസ്ഥ പരിഗണിച്ചാല്‍ മതിയെന്നു ഭരണഘടനാ നിര്‍മാണ സഭ ഐക്യകണ്ഠേന അംഗീകരിക്കുകയും മറിച്ചുള്ള വാദഗതികള്‍ തള്ളിക്കളയുകയും ചെയ്തിട്ടുള്ളതാണ്. സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് പല കേസുകളിലും സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിപുറപ്പെടുവിച്ചിട്ടുണ്ട്. മുന്നോക്ക സമുദായത്തില്‍പ്പെട്ട ജാട്ട് സമുദായത്തെ പിന്നാക്ക ലിസ്റ്റില്‍ ഉള്‍പ്പെടുത്തുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലിച്ചിട്ടും ഈ ആവശ്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത് സമീപകാലത്താണ്.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലെ ജീവനക്കാരില്‍ 97 ശതമാനം പേരും മുന്നോക്കസമുദായക്കാരാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ 1700 ജീവനക്കാരില്‍ കേവലം 200ല്‍ താഴെ മാത്രമാണ് പിന്നാക്ക വിഭാഗക്കാരുള്ളത്. ഇതില്‍ പട്ടികജാതി- വര്‍ഗക്കാരായി ഒരാള്‍പോലും ഇല്ലായെന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലേയും ഇവയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലും മുന്നോക്ക സമുദായക്കാര്‍ എല്ലാ ഉദ്യോഗങ്ങളും കൈയടക്കിയിരിക്കുമ്പോള്‍ മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ നടപടി സാമുദായിക സംവരണം ഇല്ലാതാക്കാനുള്ള ലക്ഷ്യവും ഭരണനീക്കവുമാണ്.
സൈദ്ധാന്തികമായും രാഷ്ട്രീയമായും രണ്ടുധ്രുവങ്ങളില്‍ നില്‍ക്കുകയും പരസ്പരം വെട്ടിക്കൊലപ്പെടുത്തുകയും ചെയ്യുന്ന സി.പി.എമ്മും ആര്‍.എസ്.എസും സംവരണ പ്രശ്നത്തില്‍ ഒരേ നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ പ്രസ്ഥാനങ്ങളിലെ സവര്‍ണ മുഖവും സാമ്പത്തിക സംവരണ അനുകൂല നിലപാടും തിരിച്ചറിയാന്‍ ഇനിയും വൈകിയാല്‍ അതു സംവരണ സമുദായങ്ങള്‍ക്ക് ആപല്‍ക്കരവും സാമൂഹ്യ നീതിയുടെ കടയ്ക്കല്‍ കത്തിവയ്ക്കലിനെ സഹായിക്കലുമായിരിക്കും.
സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യയില്‍ ഭരണഘടന വിഭാവന ചെയ്ത സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ജനാധിപത്യ-സംവരണ അവകാശങ്ങളും നടപ്പിലാക്കാന്‍ കഴിഞ്ഞില്ലായെന്ന യാഥാര്‍ഥ്യം നീതിബോധമുള്ള ആര്‍ക്കും അംഗീകരിക്കാനേ കഴിയൂ. കാതലായ മാറ്റം വരാതെ ജാതി വ്യവസ്ഥയും അയിത്തവും അസമത്വവും ദാരിദ്ര്യവും പൗരാവകാശ നിഷേധവും ഭരണഘടനാ ലംഘനങ്ങളും ഇപ്പോഴും രാജ്യത്ത് നിര്‍ബാധം തുടരുകയാണ്. പട്ടികജാതി- പട്ടികവര്‍ഗക്കാരും പിന്നാക്ക വിഭാഗങ്ങളും മതന്യൂനപക്ഷങ്ങളും ജാതിയുടെയും മതത്തിന്റെയും പേരില്‍ ഇപ്പോഴും നിരവധി പീഡനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ഭൂവുടമ ബന്ധങ്ങളില്‍ പൊളിച്ചെഴുത്തു നടത്താനോ മണ്ണില്‍ പണിയെടുത്തു ഉപജീവനം കഴിയുന്ന അധഃസ്ഥിത പിന്നാക്ക- ദരിദ്ര കര്‍ഷകര്‍ക്ക് കൃഷിഭൂമി ലഭിക്കത്തക്കവിധം സമഗ്രമായ ഭൂപരിഷ്‌കരണ നിയമം ദേശീയതലത്തില്‍ കൊണ്ടുവരാനോ ഭരണകൂടങ്ങള്‍ക്കു കഴിഞ്ഞില്ല. പ്രാഥമിക ജീവിതാവശ്യം പോലും നിര്‍വഹിക്കാന്‍ കഴിയാത്തവര്‍ 67 ശതമാനം വരുമെന്ന കണക്ക് നമ്മുടെ വികസന നയത്തിന്റെ സമ്പൂര്‍ണ പരാജയത്തെയാണ് കാണിക്കുന്നത്. ഇതിനുകാരണമായ വികസന സാമ്പത്തിക രാഷ്ട്രീയ നയങ്ങളില്‍ ഗുണപരമായ പൊളിച്ചെഴുത്തു നടത്താനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയാണ് രാജ്യത്തിന് ഇന്ന് ആവശ്യം.
ഓരോ പതിനെട്ട് മിനിറ്റിലും ഒരു പട്ടികജാതിക്കാരന്‍ ആക്രമണത്തിനും പീഡനങ്ങള്‍ക്കും വിധേയമാകുന്നു. കുറ്റവാളികളില്‍ അഞ്ചു ശതമാനം പേ മാത്രമാണ് ശിക്ഷിക്കപ്പെടുന്നത്. 95 ശതമാനം കുറ്റവാളികളും രക്ഷപ്പെടുന്നു. അഥവാ രക്ഷപ്പെടുത്തുന്നു. ജനക്ഷേമ തത്പര്യതയില്‍നിന്നും അകന്നുമാറിയ സര്‍ക്കാര്‍ പുത്തന്‍ സാമ്പത്തികനയം സ്വീകരിച്ചുകൊണ്ട് രാജ്യത്തെ സമ്പത്തും പ്രകൃതി വിഭവങ്ങളും ഭൂമിയും സര്‍ക്കാര്‍ ഫാക്ടറികളും സ്ഥാപനങ്ങളും സ്വദേശ-വിദേശ മൂലധന ശക്തികള്‍ക്ക് വീതംവച്ചുകൊടുക്കുകയാണ്. എല്ലാം സ്വകാര്യമേഖലയ്ക്കും കൈമാറി ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാമെന്ന അവകാശവാദത്തിലാണ് സര്‍ക്കാര്‍ എത്തിനില്‍ക്കുന്നത്. കര്‍ഷകര്‍ക്കും ദരിദ്ര കര്‍ഷകര്‍ക്കും ദരിദ്രഭൂരഹിതര്‍ക്കും ഒരിഞ്ചു ഭൂമിപോലും നല്‍കാന്‍ മടികാണിക്കുന്ന ഭരണകൂടം വലിയ ഇളവുകളോടെ വിദേശികള്‍ക്ക് ഭൂമി നല്‍കാന്‍ യാതൊരു മടിയും കാണിക്കുന്നില്ല. രാജ്യത്ത് വളരെവേഗത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സ്വകാര്യവത്കരണം ഭരണഘടന അനുശാസിക്കുന്ന സംവരണ അവകാശങ്ങള്‍തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.
ജനങ്ങള്‍ നേരിടുന്ന സങ്കീര്‍ണ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പദ്ധതികളും ഭരണ നടപടികളും സ്വീകരിക്കേണ്ട സര്‍ക്കാര്‍ അതിന് തയാറാകാതെ മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകള്‍ സൃഷ്ടിച്ച് ജനങ്ങളെ വേര്‍തിരിക്കുകയാണ്. ഹൈന്ദവ ഭൂരിപക്ഷത്തെ അടിസ്ഥാനമാക്കി ഇന്ത്യയെ ഹിന്ദുരാജ്യമാക്കാനും അതിനനുസരിച്ച് ഭരണഘടനതന്നെ മാറ്റാനുമുള്ള ഗൂഢലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത്. പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കവര്‍ഗക്കാര്‍ക്കുള്ള സംവരണം എടുത്തുകളയണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ അഭിപ്രായപ്പെട്ടുകഴിഞ്ഞു.
ഭരണഘടന ഉറപ്പുനല്‍കുന്ന ന്യൂനപക്ഷ അവകാശവും ഇല്ലാതാക്കാനുള്ള ഒരുക്കത്തിലാണ് ജാതി ഹിന്ദുത്വ മത മൗലികവാദികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ജനാധിപത്യഭരണം നടപ്പിലായതോടുകൂടി ജാതി ഹിന്ദുത്വവാദികള്‍ക്ക് നഷ്ടമായ ഏകാധിപത്യ ഭരണ സംവിധാനം പുനഃസ്ഥാപിക്കാന്‍ വേണ്ടി ജനാധിപത്യ അവകാശങ്ങളെയും അത് ഉറപ്പുനല്‍കുന്ന ഭരണഘടനയേയും തങ്ങള്‍ക്കനുകൂലമയി മാറ്റിയെടുക്കാനുള്ള തയാറെടുപ്പിലാണ് അവര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇത് അംബേദ്കറുടെ ജനാധിപത്യ കാഴ്ചപ്പാടിനും അംബേദ്കര്‍ ചിന്തകള്‍ക്കും രാജ്യത്തിനും ആപല്‍ക്കരവുമാണ്.

(സോഷ്യലിസ്റ്റ് എസ്.സി/എസ്.ടി. സെന്റര്‍ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍.) മംഗളം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply