ആനപീഡനം : കേന്ദ്രത്തിനും ബോധ്യമായി

ആനപ്രേമത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന ഭീകരമായ ആനപീഡനങ്ങള്‍ കേന്ദ്രസര്‍ക്കാരിനും ബോധ്യപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളെ നടയിരുത്തുന്ന സമ്പ്രദായം പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാരിന്‌ വിദഗ്‌ദ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിരിക്കുകയാണ്‌. ഭക്തര്‍ ആനകളെ നടയിരുത്തുന്നതും ആനകളെ ദാനമായി ദേവസ്വം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ്‌ ഡോ. സുവര്‍ണ ഗാംഗുലി അധ്യക്ഷയായ സമിതി കേന്ദ്ര സര്‍ക്കാരിന്‌ കീഴിലുള്ള കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഗുരുവായൂരിലെ ഗജക്ഷേമത്തിലെ വീഴ്‌ചകളെ കുറിച്ച്‌ പൊതുജനങ്ങളും സംഘടനകളും […]

anaആനപ്രേമത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന ഭീകരമായ ആനപീഡനങ്ങള്‍ കേന്ദ്രസര്‍ക്കാരിനും ബോധ്യപ്പെട്ടു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളെ നടയിരുത്തുന്ന സമ്പ്രദായം പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന്‌ കേന്ദ്ര സര്‍ക്കാരിന്‌ വിദഗ്‌ദ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്‌തിരിക്കുകയാണ്‌.
ഭക്തര്‍ ആനകളെ നടയിരുത്തുന്നതും ആനകളെ ദാനമായി ദേവസ്വം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ്‌ ഡോ. സുവര്‍ണ ഗാംഗുലി അധ്യക്ഷയായ സമിതി കേന്ദ്ര സര്‍ക്കാരിന്‌ കീഴിലുള്ള കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന്‌ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ഗുരുവായൂരിലെ ഗജക്ഷേമത്തിലെ വീഴ്‌ചകളെ കുറിച്ച്‌ പൊതുജനങ്ങളും സംഘടനകളും സംസ്ഥാന വനം വകുപ്പിന്റെ വന്യജീവി ഉപദേശക സമിതിയും ഉന്നയിച്ച പരാതികളെ തുടര്‍ന്നാണ്‌ അന്വേഷണത്തിനായി വിദഗ്‌ദ്ധ സമിതിയെ നിയോഗിച്ചത്‌.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള പുന്നത്തൂര്‍ കോട്ടയിലുള്ള 59 ആനകളുടെ പരിതാപകരമായ സ്ഥിതിയാണ്‌ വിദഗ്‌ദ്ധ സമിതി പരിശോധിച്ചത്‌. ഗജക്ഷേമത്തിനുള്ള വന്യജീവി സംരക്ഷണ നിയമവും നാട്ടാന പരിപാലന ചട്ടങ്ങളും നഗ്‌നമായി പുന്നത്തൂര്‍ കോട്ടയില്‍ ലംഘിക്കപ്പെടുന്നതായി സമിതി വ്യക്തമാക്കി.
90 ശതമാനം ആനകള്‍ക്കും പാദ രോഗങ്ങള്‍ ഉണ്ട്‌. ആനകളുടെ ആരോഗ്യ പരിപാലനത്തില്‍ ദേവസ്വം ഗുരുതരമായ വീഴ്‌ച വരുത്തിയിട്ടുണ്ട്‌. 59 ആനകള്‍ക്ക്‌ പുന്നത്തൂര്‍ കോട്ടയില്‍ 18.42 ഏക്കര്‍ സ്ഥലമാണുള്ളത്‌. ആനകള്‍ ഈ സ്ഥലത്ത്‌ ശ്വാസം മുട്ടി കഴിയുന്ന നിലയിലാണ്‌. പ്രതിദിനം അഞ്ച്‌ ടണ്‍ വരെ മാലിന്യങ്ങള്‍ ഇവിടെയുണ്ടാകുന്നുണ്ട്‌. അവ നീക്കുന്നതില്‍ ഫലപ്രദമായ നടപടികള്‍ യാതൊന്നുമില്ല. പൊതുവെ ദുസ്സഹമായ അന്തരീക്ഷത്തിലാണ്‌ ദേശീയ പൈതൃക മൃഗമായ ആന കഴിഞ്ഞുകൂടുന്നത്‌. കേന്ദ്ര മൃഗശാല അതോറിട്ടിയുടെ മാര്‍ഗരേഖകള്‍ അനുസരിച്ച്‌ 59 ആനയ്‌ക്ക്‌ 90 ഏക്കര്‍ സ്ഥല സൗകര്യം കൂടിയേ തീരൂ. ഇത്‌ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ചട്ടപ്രകാരം മൃഗങ്ങളോട്‌ കാണിക്കുന്ന ക്രൂരതയായിട്ടു മാത്രമേ കണക്കാക്കാനാവൂ. അതിനാല്‍ നിലവിലുള്ള സൗകര്യം പൂര്‍ണമായും അസ്വീകാര്യമാണെന്ന്‌ സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ള നാട്ടാന പരിപാലന നിയമവും പുന്നത്തൂര്‍ കോട്ടയില്‍ ലംഘിക്കുന്നു.
വേണ്ടത്ര പരിശീലനം കിട്ടാത്ത പാപ്പാന്മാര്‍ ആനകളോട്‌ കാണിച്ചിട്ടുള്ള ക്രൂരതയെ കുറിച്ച്‌ സമിതി വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്‌. ആനകളുടെ ദേഹത്തുള്ള മുറിവുകളും വ്രണങ്ങളും അതിന്‌ സാക്ഷ്യം വഹിക്കുന്നു.
പല ആനകളെയും 24 മണിക്കൂറും ചങ്ങലയില്‍ ബന്ധിച്ചിടുന്നു. അതും ഗൗരവമായ നിയമ ലംഘനമാണ്‌. വേണ്ടത്ര കുടിവെള്ളം പോലും ആനകള്‍ക്ക്‌ നല്‍കുന്നില്ല. വേണ്ടത്ര തീറ്റ ആനകള്‍ക്ക്‌ കിട്ടുന്നുണ്ടോ എന്നും സംശയമാണ്‌. അത്‌ സംബന്ധിച്ചുള്ള രജിസ്റ്ററുകള്‍ ലഭ്യമല്ല. മൃഗ ഡോക്ടര്‍മാരുടെ ഫലപ്രദമായ പരിപാലനം ആനകള്‍ക്ക്‌ കിട്ടുന്നില്ല. ചൂടേറിയ ടാറിട്ട റോഡിലൂടെ ആനകളെ മണിക്കൂറുകള്‍ നടത്തിക്കൊണ്ടു പോകുന്നതും ക്രൂരതയാണെന്ന്‌ റിപ്പോര്‍ട്ടിലുണ്ട്‌. ആനകളുടെ ആരോഗ്യ പരിപാലനം സംബന്ധിച്ചുള്ള രേഖകള്‍ കാണാനില്ല. ആനകള്‍ക്ക്‌ നേരിട്ട രോഗങ്ങള്‍ എന്തെന്നും അവയെ എങ്ങനെ ചികിത്സിച്ചുവെന്നും തെളിയിക്കാന്‍ ഒരൊറ്റ രജിസ്റ്റര്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആനകളെ പല ആവശ്യങ്ങള്‍ക്കായി എവിടെയെല്ലാം കൊണ്ടുപോയിട്ടുണ്ടെന്ന്‌ തെളിയിക്കുന്ന രേഖകള്‍ ഇല്ല. ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും വിശ്വാസ യോഗ്യമല്ല.
ക്ഷേത്രങ്ങളിലെ ഉത്സവ പരിപാടികള്‍ക്കും മറ്റ്‌ ആഘോഷങ്ങള്‍ക്കും ദേവസ്വത്തിന്റെ ആനകളെ വിട്ടുകൊടുക്കുന്ന സമ്പ്രദായം ക്രമേണ അവസാനിപ്പിക്കണെമന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്‌. ഉത്സവങ്ങള്‍ക്കും മറ്റും ആനകളെ നല്‍കുന്നത്‌ വന്യജീവി നിയമ ലംഘനമാണ്‌. അങ്ങനെ നിയമമുള്ളപ്പോള്‍ അത്‌ ലംഘിക്കാനുള്ള അവസരം അധികൃതര്‍ നല്‍കരുത്‌.
അതിനിടെ പോയ വര്‍ഷം സംസ്ഥാനത്ത്‌ ആനകള്‍ ഇടഞ്ഞോടിയ സംഭവങ്ങളുടെ കണക്കുകള്‍ ലഭ്യമായി. 2014ല്‍ സംസ്‌ഥാനത്ത്‌ 310 ആനകള്‍ ഇടഞ്ഞോടി. ആകെ ഇടഞ്ഞത്‌ 2011 പ്രാവശ്യം. ആനയിടഞ്ഞതിനെ തുടര്‍ന്ന്‌ അഞ്ച്‌ പാപ്പാന്മാരും ഒരു ടൂറിസ്‌റ്റ്‌ വനിതയും ഒരു വിദ്യാര്‍ഥിയും മരണമടഞ്ഞു. 24 ആനകളും ഈവര്‍ഷം ചരിഞ്ഞു. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെറിട്ടേജ്‌ അനിമല്‍ ടാസ്‌ക്‌ ഫോഴ്‌സ്‌ എന്ന സംഘടനയാണ്‌ ഈ കണക്കുകള്‍ ലഭ്യമാക്കിയത്‌.
അമിതമായ ജോലിഭാരവും പീഡനങ്ങളും മദമുള്ളപ്പോള്‍ പോലും എഴുന്നള്ളിക്കുന്നതും മറ്റുമാണ്‌ ആനകളിടയാന്‍ കാരണമാകുന്നത്‌. വനംവകുപ്പ്‌ ഉദ്യോഗസ്‌ഥരും പോലീസും ആന കോണ്‍ട്രാക്‌ടര്‍മാര്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണെന്ന്‌ സംഘടന ആരോപിച്ചു.
ഉത്സവങ്ങള്‍ക്ക്‌ ആരാധനാലയങ്ങളുടെ മതില്‍ക്കെട്ടിനകത്ത്‌ മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുക, പകല്‍ 11 മുതല്‍ മൂന്നുമണിവരെ ആനയെഴുന്നള്ളത്തുകള്‍ നടത്തുക, മൂന്നുമണിക്കൂറില്‍ കൂടുതല്‍ സമയം ആനകളെ തുടര്‍ച്ചയായി എഴുന്നള്ളിക്കുക തുടങ്ങിയ നിയമവിരുദ്ധമായ നടപടികള്‍ നിരന്തരമായി ആവര്‍ത്തിക്കുന്നു. മൂന്നില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കുന്നുണ്ടെങ്കില്‍ സംസ്‌ഥാന വനംസെക്രട്ടറിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം, മൂന്ന്‌ ആനകളെയാണെങ്കില്‍ ജില്ലാകലക്‌ടറുടെ പക്കല്‍നിന്നും 72 മണിക്കൂറിനു മുന്നേ അനുമതിപത്രം വാങ്ങണം. ആനകള്‍ക്ക്‌ മദമില്ലെന്നും പരുക്കുകള്‍ ഇല്ലെന്നും വ്യക്‌തമാക്കി എഴുന്നള്ളിപ്പു ദിവസം എഴുന്നള്ളിപ്പ്‌ സ്‌ഥലത്തെ വെറ്ററിനറി സര്‍ജന്‍ നല്‍കുന്ന ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്‌ഥാനത്തില്‍ മാത്രമേ എഴുന്നള്ളിക്കാവൂ, പകല്‍ എഴുന്നള്ളിച്ച ആനകളെ രാത്രി എഴുന്നള്ളിക്കരുത്‌, എഴുന്നള്ളിപ്പുകഴിഞ്ഞ്‌ 12 മണിക്കൂര്‍നേരം വിശ്രമം നല്‍കിയ ശേഷമേ ആനകളെ പിന്നീട്‌ എഴുന്നള്ളിക്കാവൂ, എഴുന്നള്ളിപ്പ്‌ സ്‌ഥലത്ത്‌ 12 മണിക്കൂര്‍ മുന്നേ ആനകളെ എത്തിച്ചിരിക്കണം തുടങ്ങിയ 2008 മാര്‍ച്ച്‌ 16 ലെ കേരള ഹൈക്കോടതി വിധികളെല്ലാം ലംഘിക്കപ്പെടുകയാണെന്ന്‌ സംഘടന ചൂണ്ടിക്കാട്ടി. 14 ദിവസം മുന്നേ ലഭ്യമായ ഫിറ്റ്‌നസ്‌ സര്‍ട്ടിഫിക്കറ്റ്‌ ഉപയോഗിച്ച്‌ ആനകളെ തുടര്‍ച്ചയായി എല്ലാദിവസവും രാവുംപകലും എഴുന്നള്ളിക്കുകയാണ്‌. ആനകളെ സ്‌നേഹിക്കുന്നു എന്ന വ്യാജേന നടത്തുന്ന ഈ പീഡനങ്ങള്‍ അവസാനിപ്പിക്കണം. മാത്രമല്ല നാട്ടാന എന്ന വാക്കുതന്നെ മനുഷ്യസൃഷ്ടിയാണ്‌. കാട്ടാന മാത്രമേയുള്ളു. ആത്യന്തികമായി നാട്ടാനകളും ആ വാക്കും ഇല്ലാതാവുകയാണ്‌ വേണ്ടത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'