കൊറോണ കാലത്തും ചെല്ലാനം ജനത പോരാട്ടം തുടരുന്നു

പടിഞ്ഞാറ് അറബിക്കടലും, കിഴക്കു വേമ്പനാട്ടു കായലും അതിരിടുന്ന തീരഗ്രാമമാണ് ചെല്ലാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇവിടെ കടല്‍കയറ്റം ആവര്‍ത്തിക്കുകയാണ്. സംരക്ഷണത്തിനായി സ്ഥാപിച്ചിരുന്ന കടല്‍ഭിത്തി പലയിടങ്ങളിലും പൂര്‍ണ്ണമായും തകര്‍ന്നു പോയി. ഏകദേശം1.100 കിലോമീറ്ററിലധികം നീളത്തില്‍ നിലവില്‍ കടല്‍ഭിത്തി തകര്‍ന്നിട്ടുണ്ട്. അതിലുമധികം നീളത്തില്‍ ഇനിയൊരു കടല്‍കയറ്റം താങ്ങാന്‍ കഴിയാത്തവിധം കടല്‍ഭിത്തി ദുര്‍ബലമായിട്ടുണ്ട്. കലിതുള്ളുന്ന കടല്‍തിരയുടെ ക്ഷോഭത്തില്‍ നിന്നും സംരക്ഷണമേകാന്‍ സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ കടലില്‍ താഴ്ന്നുപോയിട്ടു വര്‍ഷങ്ങളായി. കൃത്യസമയത്ത് കടല്‍ഭിത്തിയും പുലിമുട്ടുകളും അറ്റകുറ്റപണികള്‍ നടത്തി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാതിരുന്നതാണ് തകര്‍ച്ചക്ക് കാരണം. കൂടാതെ അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണവും.