രാമായണത്തെ ചരിത്രവത്കരിക്കുമ്പോള്‍

രാമായണത്തിന്റെ ബഹുസ്വര പാഠരൂപങ്ങളെ നിരാകരിച്ചും നിശ്ശബ്ദമാക്കിയുമാണ് സംഘ്പരിവാര്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഔദ്യോഗിക സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അതിനാല്‍, സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ രാമായണ പാഠങ്ങള്‍ക്കും ബഹുസ്വരമായ വ്യാഖ്യാനങ്ങള്‍ക്കും മേല്‍ കടന്നാക്രമണങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ ഏറെയാണ്.

മിത്തും ചരിത്രവും രണ്ടാണ്. മിത്തിനെ ചരിത്രമാക്കുമ്പോള്‍ ചരിത്രകാരന്‍ ചരിത്രത്തോട് വിടപറയുന്നു’ എന്നു പറഞ്ഞത് ചരിത്രപണ്ഡിതനായ ഡോ. കെ.എന്‍. പണിക്കരാണ്. എന്നാല്‍, സംഘ് പരിവാര്‍ ചരിത്രകാരനും ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ മുന്‍ അധ്യക്ഷനുമായ യെല്ല പ്രഗദ സുദര്‍ശന റാവു പറയുന്നത്, നാളിതുവരെ ഇതിഹാസ ഗ്രന്ഥങ്ങളായി പരിഗണിച്ചിരുന്ന രാമായണവും മഹാഭാരതവും ചരിത്രഗ്രന്ഥങ്ങളാണെന്നാണ്. രാമായണ, മഹാഭാരതാദികളുടെ കാലം നിര്‍ണയിക്കുന്ന പണികൂടി ചരിത്ര കൗണ്‍സില്‍ ഏറ്റെടുക്കാനുള്ള സാധ്യതയും മുമ്പ് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

രാമായണത്തിന്റെ ബഹുസ്വര പാഠരൂപങ്ങളെ നിരാകരിച്ചും നിശ്ശബ്ദമാക്കിയുമാണ് സംഘ്പരിവാര്‍ തങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ ഔദ്യോഗിക സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. അതിനാല്‍, സംഘ്പരിവാര്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ രാമായണ പാഠങ്ങള്‍ക്കും ബഹുസ്വരമായ വ്യാഖ്യാനങ്ങള്‍ക്കും മേല്‍ കടന്നാക്രമണങ്ങള്‍ നടത്താനുള്ള സാധ്യതകള്‍ ഏറെയാണ്.

1993ല്‍ ശബ്‌നം ഹഷ്മിയുടെയും കെ.എന്‍. പണിക്കരുടെയും മറ്റും നേതൃത്വത്തില്‍ ‘സഹ്മതി’ന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച വിവിധ രാമായണങ്ങളുടെ പ്രദര്‍ശനം സംഘ്പരിവാര്‍ കൈയേറിയതും, ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ എ.കെ. രാമാനുജന്റെ വിശ്വപ്രസിദ്ധമായ ‘മുന്നൂറ് രാമായണങ്ങള്‍: അഞ്ച് ഉദാഹരണങ്ങളും, തര്‍ജമയെ സംബന്ധിച്ച മൂന്ന് വിചാരങ്ങളും’ എന്ന പ്രബന്ധം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ കലാപമഴിച്ചുവിട്ടതും മുന്‍ അനുഭവങ്ങളാണ്.

ഏറ്റവും കൗതുകകരമായ വസ്തുത, ഇന്ത്യയില്‍ രാമായണം നിലനില്‍ക്കുന്നത് ഒരൊറ്റ പാഠരൂപമായിട്ടല്ല എന്നതാണ്. 300 രാമായണങ്ങളെപ്പറ്റിയാണ് കാമില്‍ ബുല്‍ക്കെ ‘രാമകഥ ഉദ്ഭവവും വളര്‍ച്ചയും’ എന്ന കൃതിയില്‍ പറയുന്നത്. ഇക്കാര്യം ഒരു തെലുങ്കുരാമായണ പണ്ഡിതനോട് എ.കെ. രാമാനുജന്‍ പങ്കുവെച്ചപ്പോള്‍ അദ്ദേഹം പറഞ്ഞുവത്രെ, തെലുങ്കില്‍ മാത്രം ആയിരത്തോളം രാമായണ വാമൊഴി രൂപങ്ങള്‍ താന്‍ കണ്ടുവെന്ന്. രസകരമായ കാര്യം, ഇന്ത്യയില്‍ രാമായണം നിലനില്‍ക്കുന്നത് കേവല ഹൈന്ദവ, ബ്രാഹ്മണിക്കല്‍ പാഠമായിട്ടല്ല; മറിച്ച്, ജൈന, ബൗദ്ധ, ദലിത്, ആദിവാസി പാഠരൂപങ്ങളായിക്കൂടിയാണ്. വാല്മീകി രാമായണം സംസ്‌കൃതത്തിലാണെങ്കില്‍ ബൗദ്ധരുടെ ‘ദശരഥ ജാതക’വും ‘അനാമകം ജാതക’വും പാലി ഭാഷയിലാണ്. ജൈനരുടെ പഉമചരീയമാകട്ടെ, പ്രാകൃത ഭാഷയിലും. ഇന്ത്യയിലെ അസംഖ്യം ദലിത്, ആദിവാസി വിഭാഗങ്ങള്‍ക്കിടയിലും രാമായണ വാമൊഴി രൂപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്തോനേഷ്യ, മലേഷ്യ, ഭൂട്ടാന്‍, ബര്‍മ, സിലോണ്‍, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ജപ്പാന്‍, ചൈന തുടങ്ങി നിരവധി രാജ്യങ്ങളില്‍ രാമായണങ്ങളുണ്ട്. Ramayana does not exist as a single text in India. Camille Bulke talks about the 300 Ramayanas in his work ‘Rama Katha Udbhava Vum Rozhyam’.

തായ്‌ലന്റിലെ അയൂധ്യ

അവയില്‍ പല ഗ്രന്ഥങ്ങളിലും രാമായണ കഥകള്‍ അരങ്ങേറുന്നത് ഇന്ത്യക്കു വെളിയിലാണ്. തായ്‌ലന്‍ഡില്‍ ‘അയൂധ്യ’ എന്നൊരു സ്ഥലംപോലുമുണ്ട്.. സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടുന്ന വാല്മീകി രാമായണംപോലും ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ഒരൊറ്റ പാഠമായിട്ടല്ല. ദക്ഷിണാത്യപാഠം, ഗൗഡീയ പാഠം, പശ്ചിമോത്തരീയ പാഠം എന്നിങ്ങനെ മൂന്നുതരം വാല്മീകിരാമായണങ്ങള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ദക്ഷിണാത്യപാഠവും ഗൗഡീയ പാഠവും തമ്മില്‍ താരതമ്യപ്പെടുത്തുമ്പോള്‍ ശ്‌ളോകങ്ങളുടെ സംഖ്യയുടെ മൂന്നിലൊന്നു മാത്രമേ ഓരോന്നിലും ഒരേ പാഠത്തില്‍ കാണപ്പെടുന്നുള്ളൂവെന്ന് രാമായണ ഗവേഷകനായ കാമില്‍ ബുല്‍ക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. വാല്മീകിയുടെ കാലത്തോ അതിന്റെ തൊട്ടടുത്ത കാലത്തോ ആയി 19 മഹര്‍ഷിമാര്‍ രചിച്ച രാമായണങ്ങളെപ്പറ്റി ശ്രീരാമദാസഗൗദ്ധന്‍ ‘ഹിന്ദുത്വം’ എന്ന കൃതിയില്‍ പറയുന്നുണ്ട്. മഹാരാമായണം, സംവൃത രാമായണം, ലോമശ രാമായണം, അഗസ്ത്യ രാമായണം, മഞ്ജുള രാമായണം, സൗപത്മ രാമായണം, രാമായണ മഹാമാല, സൗഹാര്‍ദ രാമായണം, രാമായണ മണിരത്‌നം, സൗര്യ രാമായണം, ചാന്ദ്ര രാമായണം, മൈന്ദ രാമായണം, സ്വയംഭൂവ രാമായണം, സുബ്രഹ്മ രാമായണം, സുവര്‍ച്ചസ രാമായണം, ദേവരാമായണം, ശ്രവണ രാമായണം, ദുരന്ത രാമായണം, രാമായണ ചമ്പു എന്നിവയാണവ. ‘ഹിന്ദുത്വ’ത്തില്‍ ഈ രാമായണങ്ങളിലെ കഥാ സംഗ്രഹം നല്‍കിയിട്ടുണ്ട്. അവയില്‍ ഓരോ കൃതിയും ആവിഷ്‌കാര രീതിയിലും പ്രമേയ തലത്തിലും ഏറെ ഭിന്നമാണത്രെ. രാമായണങ്ങളെപ്പറ്റി പഠിക്കുന്ന ഒരാള്‍ക്ക് എങ്ങനെ ഈ പാഠരൂപങ്ങളെ നിരാകരിക്കാനാകും?

കൊല്ലിയിലെ വാല്‍മീകി ആശ്രമം

രാമായണത്തെ ചരിത്രമാക്കുന്നതിന്റെ ആദ്യപടിയാണ് കാലഘട്ടം കണ്ടത്തെല്‍. വാല്മീകി രാമായണത്തിന്റെ കാലഘട്ടമാണ് ഇപ്പോള്‍ കണ്ടത്തൊന്‍ ശ്രമിക്കുന്നത്. കൗതുകകരമായ കാര്യം, ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവ മുമ്പേ കണ്ടത്തെിയിട്ടുണ്ടെന്നുള്ളതാണ്. വസ്തുനിഷ്ഠ ചരിത്രവുമായി ബന്ധമില്ലാത്ത യുഗക്കണക്കാണത്. വാല്മീകി രാമായണത്തില്‍നിന്ന് ലഭ്യമാവുന്ന കാലഗണനയാണത്. ഡോ. കെ.ആര്‍. രാമന്‍ നമ്പൂതിരി ‘വേദഹൃദയത്തിലൂടെ’ എന്ന കൃതിയില്‍ അതിങ്ങനെ രേഖപ്പെടുത്തുന്നു: ‘ഞങ്ങളുടെ കണക്കനുസരിച്ച് വാല്മീകിതന്നെ പറഞ്ഞുകൊടുത്തപ്രകാരം 1,81,49,115 വര്‍ഷങ്ങള്‍ക്കു മുമ്പാണ് വാല്മീകി രാമായണം ഭരദ്വാജനാല്‍ എഴുതപ്പെട്ടത്. അന്ന് മനുഷ്യസമുദായം ഭൂമുഖത്തുണ്ടായിട്ടുണ്ടോ, എഴുത്തുവിദ്യ ആരംഭിച്ചിട്ടുണ്ടോ എന്നൊന്നും ചോദിക്കരുത്. കാരണം, അത് വിശ്വാസമാണ്. ഇതേസമയം, ബി.സി 500ാം ശതകത്തിനിടയില്‍ ജീവിച്ച ബുദ്ധനെപ്പറ്റി വാല്മീകി രാമായണത്തില്‍ പറയുന്നതും കാണാം. ‘യഥാഹി ചോരസ്തഥാഹി ബുദ്ധസ്തഥാഗതം നാസ്തികമത്ര വിദ്ധി’ എന്ന് ജാബാലി വൃത്താന്തത്തില്‍ പറയുന്നു. ബുദ്ധന്‍ കള്ളനും നാസ്തികനുമാണെന്നാണ് രാമന്റെ പക്ഷം.

സീതാദേവി ഭൂമിയിലേക്ക് അന്തര്‍ദ്ധാനം ചെയ്ത സ്ഥലം. ജsയറ്റകാവ്

വാല്മീകി രാമായണത്തിന്റെ കാലഘട്ടത്തെപ്പറ്റി പാശ്ചാത്യ-പൗരസ്ത്യ പണ്ഡിതര്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡോ. യാക്കോബിയുടെ അഭിപ്രായത്തില്‍ ബി.സി ആറും എട്ടും നൂറ്റാണ്ടുകള്‍ക്കിടയിലാണ്. ഗ്‌ളേഗലിന്റെ അഭിപ്രായം, ക്രിസ്തുവിനു മുമ്പ് 11ാം നൂറ്റാണ്ടിലാണെന്നും ജി. ഗോരേസിയോയുടെ അഭിപ്രായം ക്രിസ്തുവിനു മുമ്പ് ഏകദേശം 12ാം നൂറ്റാണ്ടിലാണെന്നുമാണ്. സി.വി. വൈദ്യയുടെ അഭിപ്രായം ക്രിസ്തുവിനു മുമ്പ് രണ്ടാം നൂറ്റാണ്ടിനും ക്രിസ്തുവര്‍ഷം രണ്ടാം നൂറ്റാണ്ടിനുമിടയിലാണ്. വാല്മീകി രാമായണത്തിനു മുമ്പ് ബുദ്ധമതസ്ഥരുടെ ‘ബൗദ്ധദശരഥ ജാതകം’ രചിക്കപ്പെട്ടു എന്നഭിപ്രായപ്പെട്ട പണ്ഡിതന്മാര്‍പോലുമുണ്ട്. നാടോടിയായി പ്രചരിച്ച ഒരു കഥ പലരും പകര്‍ത്തിയതാണ് പലപല രാമായണങ്ങള്‍ എന്നഭിപ്രായപ്പെട്ട ഗവേഷകര്‍ ഒട്ടേറെയാണ്.

വയനാട്ടിലെ മുത്തങ്ങയ്ക്കടുത്ത പൊന്‍കുഴിയിലെ സീതാദേവിയുടെ കണ്ണീര് വീണുണ്ടായ തടാകം -കണ്ണീര്‍ തടാകം

രാമായണത്തെ ആഴത്തില്‍ പഠനവിധേയമാക്കാന്‍ ശ്രമിച്ച പാശ്ചാത്യ-പൗരസ്ത്യ ഗവേഷകരില്‍നിന്ന് ഭിന്നമായി രാമായണത്തിന്റെ കാലഗണന നിര്‍ണയിക്കാന്‍ ശ്രമിക്കുന്ന പുതിയ ചരിത്ര കൗണ്‍സില്‍ അധ്യക്ഷന്റെ ലക്ഷ്യം തനി രാഷ്ട്രീയമാണ്. രാമായണം ചരിത്രമാക്കുന്നതോടെ രാമനടക്കമുള്ള കഥാപാത്രങ്ങള്‍ ചരിത്രപുരുഷന്മാരാവും. ചരിത്ര പുരുഷന്റെ ജന്മസ്ഥാനവും ജീവിതത്തിലെ ഓരോ ഘട്ടവും അതോടെ രേഖപ്പെടുത്തും. അവിടങ്ങളില്‍ സ്മാരകങ്ങളും ക്ഷേത്രങ്ങളുമുയരും. അവയില്‍ നല്‌ളൊരു പങ്കും മുസ്ലിം, ക്രൈസ്തവ ദേവാലയങ്ങള്‍ക്കും മറ്റും ഉള്ളിലായിരിക്കും.

ജന്മസ്ഥാനം തേടിയും തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പലവിധത്തില്‍ പങ്കാളിയാക്കിയും സര്‍ക്കാറുകളുടെ രൂപവത്കരണത്തിലും പിരിച്ചുവിടലിലും മുഖ്യപങ്ക് വഹിപ്പിച്ചും ദേശീയതയെ പുനര്‍നിര്‍വചിക്കുന്ന ആശയങ്ങളും സംഭവങ്ങളും അഴിച്ചുവിട്ടും രാമനെന്ന ‘ചരിത്രപുരുഷനെ’ സംഘ്പരിവാര്‍ വരുംനാളുകളില്‍ പുനര്‍ജീവിപ്പിക്കും. അങ്ങനെ അവതാരപുരുഷനായും ദൈവമായും വിശ്വസിച്ചുപോന്ന ത്രേതായുഗ അവതാരമായ രാമനെ കലിയുടെ ഈ ഉരുക്കുയുഗത്തില്‍ പ്രാചീന വേട്ടയുടെ ചിഹ്നമായ അമ്പിനും വില്ലിനും പകരം ക്രൗദ്ധമായ ത്രിശൂലമേന്തിക്കും. ചിഹ്നങ്ങളും മിത്തുകളും ജനമനസ്സുകളെ സ്വാധീനിക്കാനുള്ള മികച്ച മാധ്യമങ്ങളാണെന്ന് സംഘ്പരിവാറിനോളം തിരിച്ചറിഞ്ഞവര്‍ മറ്റാരുണ്ട്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply