ഈ യാത്രയിലൂടെ സിപിഎം ലക്ഷ്യമാക്കുന്നതെന്ത്?

പാര്‍ട്ടി ചൂണ്ടികാട്ടുന്നപോലെ ഫെഡറല്‍ സംവിധാനത്തിന് എതിരായ നിലപാടാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എന്നാല്‍ ശ്രദ്ധേയമായ കാര്യം ഇക്കാര്യത്തിലൊന്നും പ്രതിപക്ഷത്തെ കൂടി സഹകരിപ്പിച്ച് യൂണിയന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് സര്‍ക്കാരോ പാര്‍ട്ടിയോ തയ്യാറാകുന്നില്ല എന്നതാണ്. പഴയ ഭരണവും സമരവും എന്ന മുദ്രാവാക്യമൊക്കെ പാര്‍ട്ടി കയ്യൊഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഭരണം മാത്രമാണ് ലക്ഷ്യം എന്നു വന്നിരിക്കുന്നു.

പുതിയ നേതൃത്വം ഏറ്റെടുക്കുമ്പോള്‍ സംസ്ഥാനതലത്തില്‍ പ്രചാരണജാഥ സംഘടിപ്പിക്കുക എന്നത് കേരളത്തിലെ രാഷ്ട്രീയപാര്‍്ട്ടികളുടെ സ്ഥിരം പരിപാടിയാണ്. അത്തരത്തില്‍ തന്നെ വേണം എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ സിപിഎം സംഘടിപ്പിക്കുന്ന, കാസര്‍ഗോഡ് നിന്നു പുറപ്പെട്ടിരിക്കുന്ന ജനകീയ പ്രതിരോധ യാത്രയെ നോക്കികാണാന്‍. അതേസമയം 2016ല്‍ അധികാരമേല്‍ക്കുകയും പിന്നീട് തുടര്‍ഭരണം ലഭിക്കുകയും ചെയ്ത പിണറായി സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയും യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ വഴി നീളെ മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ യാത്ര നടക്കുന്നത്. അതോടൊപ്പം അടുത്ത വര്‍ഷം വളരെ നിര്‍ണായകമായ ലോകസഭാ തെരഞ്ഞെടുപ്പു നടക്കുന്ന വേളയില്‍ ഈ യാത്രക്ക് വളരെയേറെ രാഷ്ട്രീയപ്രസക്തിയുണ്ടുതാനും. 19 സീറ്റും യുഡിഎഫ് നേടിയ കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പുഫലം എപ്പോഴും വേട്ടയാടുന്ന സിപിഎമ്മിനു ഇത്തവണ നിലമെച്ചപ്പെടുത്തുക എന്നത് നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്.

കേരളത്തിനെതിരെ കേന്ദ്രം തുടരുന്ന കടുത്ത അവഗണനയും പ്രതികാര നടപടികളും തുറന്നുകാട്ടി ജനങ്ങളെ സംഘടിപ്പിച്ച് പ്രതിരോധം തീര്‍ക്കുക, വര്‍ഗീയ വിദ്വേഷം പരത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തിയ സംഘപരിവാര്‍ അധികാരം നിലനിര്‍ത്താന്‍ ആ നിലപാട് കൂടുതല്‍ തീവ്രമാക്കുന്നതും തുറന്നുകാട്ടുക, മാതൃകാപരമായ കേരള ബദലും അതിനെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാരും യുഡിഎഫും നടത്തുന്ന നീക്കങ്ങളും ജനങ്ങളോട് പറയുക എന്നിവയാണ് യാത്രയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. തീര്‍ച്ചയായും വളരെ പ്രസക്തമായ ലക്ഷ്യങ്ങളാണിവയെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് അധികാരം നിലനിര്‍ത്താനായി വര്‍ഗ്ഗീയ നിലപാടുകള്‍ തീവ്രമാക്കുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ ശക്തമായി തന്നെ തുറന്നു കാട്ടണം. അതേസമയം ഈ യാത്രയുമായി ബന്ധപ്പെട്ടും ഈ സന്ദേശങ്ങളുമായി ബന്ധപ്പെട്ടും കൂടുതല്‍ ചര്‍ച്ച അനിവാര്യമാണുതാനും.

പാര്‍ട്ടി ചൂണ്ടികാട്ടുന്നപോലെ ഫെഡറല്‍ സംവിധാനത്തിന് എതിരായ നിലപാടാണ് യൂണിയന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഒരു കാര്യത്തിലും കേരളത്തിന് അനുകൂലമായ തീരുമാനമുണ്ടാകുന്നില്ല. റെയില്‍വേ, എയിംസ്, വിമാനത്താവളം എന്നിവയില്‍ പൂര്‍ണമായി അവഗണിച്ചു. അനുവദിച്ച കോച്ച് ഫാക്ടറി നിഷേധിച്ചു. എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും കണ്ണൂര്‍ വിമാനത്താവളത്തിന് വിദേശ വിമാന കമ്പനികളുടെ സര്‍വീസിന് അനുമതി നല്‍കുന്നില്ല, സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട 40,000 കോടി രൂപയുടെ സാമ്പത്തികവിഹിതം വെട്ടിക്കുറച്ചു എന്നിങ്ങനെ പല ഉദാഹരണങ്ങളും ചൂണ്ടികാട്ടുന്നുണ്ട്. എന്നാല്‍ ശ്രദ്ധേയമായ കാര്യം ഇക്കാര്യത്തിലൊന്നും പ്രതിപക്ഷത്തെ കൂടി സഹകരിപ്പിിച്ച് യൂണിയന്‍ സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് സര്‍ക്കാരോ പാര്‍ട്ടിയോ തയ്യാറാകുന്നില്ല എന്നതാണ്. പഴയ ഭരണവും സമരവും എന്ന മുദ്രാവാക്യമൊക്കെ പാര്‍ട്ടി കയ്യൊഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഭരണം മാത്രമാണ് ലക്ഷ്യം എന്നു വന്നിരിക്കുന്നു. അതൊടൊപ്പം വികസനത്തിന്റെ ഒന്നാംഘട്ടം (വിദ്യാഭ്യാസ,ആരോഗ്യ , സേവന മേഖലകള്‍) തരണം ചെയ്ത സംസ്ഥാനങ്ങളുടെ പട്ടികയില്‍ പെട്ടതാണ് കേന്ദ്രവിഹിതം വെട്ടിക്കുറയ്ക്കാന്‍ കാരണമായതായി പാര്‍ട്ടി പറയുന്നുമുണ്ട്. ഈ മേഖലയിലെ നേട്ടങ്ങള്‍ പര്‍വ്വതീകരിച്ച് അവതരിപ്പിക്കുന്ന രീതിയെ എത്രയോ വിദഗ്ധര്‍ വിമര്‍ശിക്കാറുണ്ട് എന്നതോര്‍ക്കുന്നത് നല്ലതാണ്. ജി എസ് ടി കുടിശ്ശികയൊക്കെ കിട്ടികഴിഞ്ഞിട്ടുമുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേന്ദ്രത്തിന്റെ നിഷേധാത്മകനിലപാടുകള്‍ക്കൊപ്പം സര്‍ക്കാരിന്റെ പല നയങ്ങളും കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണ്. അക്കാര്യത്തില്‍ ദീര്‍ഘകാലാടിസ്താനത്തിലുള്ള പദ്ധതികള്‍ അവിഷ്‌കരിക്കുന്നതില്‍ പൊതുവില്‍ മാറി മാറി വരുന്ന സര്‍ക്കാരുകളെല്ലാം പരാജയമാണ്. ്ഓരോ സര്‍ക്കാര്‍ മാറുമ്പോഴും കടത്തിന്റെ കണക്ക് പെരുകുകയാണ്. കൂടുതല്‍ കടമെടുക്കാന്‍ കേന്ദ്രം അനുവദിക്കുന്നില്ല എന്നാണ് പാര്‍ട്ടിയുടെ പരാതി എന്നതാണ് തമാശ. മാത്രമല്ല എല്ലാ മേഖലകളിലും നികുതി വര്‍ദ്ധിപ്പിച്ച്്, എന്നും എതിര്‍ക്കുന്ന ഡീസല്‍, പെട്രോളിനുപോലും സെസ് ഏര്‍പ്പെടുത്തി ജനജീവിതത്തെ കൂടുതല്‍ ദുരിതമയമാക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കേന്ദ്രവിരുദ്ധ നിലപാടിലൂടെ അതെല്ലാം മറച്ചുവെക്കാമെന്നാണ് പാര്‍ട്ടി കരുതുന്നതെന്നു തോന്നുന്നു. ലോകത്തിലെ ഏറ്റവും വലിയ മുതലാളിമാരെ സൃഷ്ടിക്കുന്നതാണ് മോദി സര്‍ക്കാരിന്റെ നയമെന്ന് യാത്രയുടെ മുന്നോടിയായ ഒരു ഇന്റര്‍വ്യൂവില്‍ എം വി ഗോവിന്ദന്‍ പറയുന്നതുകേട്ടപ്പോള്‍ അദാനിയുടെ വിഴിഞ്ഞം തുറമുഖപദ്ധതിക്കെതിരായ മത്സ്യത്തൊഴിലാളി സമരത്തോട് പാര്‍ട്ടിയും സര്‍ക്കാരും അതിനോട് ചേര്‍ന്നു നില്‍ക്കുന്ന പൗരപ്രമുഖരും എടുത്ത നിലപാട് ഓര്‍മ്മിക്കുന്നത് സ്വാഭാവികം. മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തരമടക്കം പല വകുപ്പുകളും തികഞ്ഞ പരാജയമാണെന്ന വിമര്‍ശനം പരിഗണിച്ച് കര്‍ശന നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനുള്ള ആര്‍ജ്ജവം സംസ്ഥാന സ ക്രെട്ടിരിക്കുണ്ടോ എന്നതും ഉത്തരം കിട്ടേണ്ട ചോദ്യമാണ്.

ഭരണത്തുടര്‍ച്ചയോടെ പാര്‍ട്ടിയെ ബാധിച്ചിരിക്കുന്ന ജീര്‍ണ്ണതകളെ കുറിച്ചുള്ള തെറ്റുതിരുത്തല്‍ രേഖയുടെ പശ്ചാത്തലത്തിലാണ് ഈ യാത്ര നടക്കുന്നതെന്നത് ശ്രദ്ധേയമാണ്. പ്രതിപക്ഷം മാത്രമല്ല, ഇടതുപക്ഷത്തോട് അനുഭാവമുള്ള വലിയൊരു വിഭാഗം പേരും എന്നേ ചൂണ്ടികാട്ടുന്ന വസ്തുതകളാണ് രേഖയിലുള്ളത്. തെറ്റുതിരുത്തല്‍ രേഖ തയ്യാറാക്കുന്നത് ആഗോളതലത്തില്‍ തന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്ഥിരം പരിപാടിയാണ്. എന്നാല്‍ അധികം താമസിയാതെ വീണ്ടും ്അത്തരം രേഖയുണ്ടാക്കേണ്ട അവസ്ഥയാണ് സംജാതമാകുക. പാര്‍ട്ടി നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി വാങ്ങിക്കൊടുക്കുന്നത് അവകാശമായി കരുതുന്ന നിരവധി സഖാക്കളുണ്ടെന്ന് രേഖയില്‍ പറയുന്നു. ഭരണത്തിലെത്തിയതോടെ കിട്ടാവുന്നതെല്ലാം നേടിയെടുക്കണമെന്ന മനോഭാവം പാര്‍ട്ടിയില്‍ വേരുറപ്പിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട പദവിയിലെത്തിയാല്‍ തന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ജോലി ഉള്‍പ്പെടെ വാങ്ങിക്കൊടുക്കുക അവകാശമായി കൊണ്ടു നടക്കുന്ന ചില സഖാക്കളുണ്ട്. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട തൊഴില്‍ നേതാക്കള്‍ തട്ടിയെടുത്തു എന്ന വികാരം സൃഷ്ടിക്കുന്നത് പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകല്‍ച്ചക്ക് ഇടയാക്കുന്നു. പാര്‍ട്ടിയിലും വര്‍ഗബഹുജന സംഘടനകളിലും കുറച്ചുകാലം പ്രവര്‍ത്തിച്ചാല്‍ തൊഴില്‍ നല്‍കുക എന്നത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണെന്നു കരുതുന്നവരും കുറവല്ല എന്നിങ്ങനെ പോകുന്നു രേഖയുടെ ഉള്ളടക്കം. സംസ്ഥാത്തു പാര്‍്ട്ടിയും സര്‍ക്കാരുമായി ബന്ധപ്പെട്ടു നടന്ന പല സമീപകാല വിവാദങ്ങളിലും ഈ വിഷയങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഉന്നതരായ പല നേതാക്കളും തന്നെയായിരുന്നു ആരോപണവിധേയരായത്. എന്നാല്‍ അതിനെയെല്ലാം നിഷേധിക്കുകയായിരുന്നു പാര്‍ട്ടിയും ചിനലുകളിലെ ന്യായീകരണക്കാരും ചെയ്തിരുന്നത്. ഇപ്പോഴിതാ അതെല്ലാം ശരിയാമെന്നു പാര്‍ട്ടി അംഗീകരിച്ചിരിക്കുകയാണ്. അംഗീകരിച്ചാല്‍ പിന്നെ വേണ്ടത് കര്‍ശനമായ നടപടികളാണ്. ഈ ജാഥയുടെ ഭാഗമായി അതുണ്ടായാല്‍ വളരെ നന്ന്.

യാത്രക്കുതൊട്ടുമുമ്പ് കണ്ണൂരില്‍ നടക്കുന്ന വിവാദവും ശ്രദ്ധേയമാണ്. തല്ലങ്കേരി സഖാക്കളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് സൂചിപ്പിക്കുന്നത്. അതിനെ കേവലം പ്രാദേശിക വിഷയമായി കാണാനാകില്ല. മിക്ക സംസ്ഥാനങ്ങളിലും ഇല്ലാത്ത രീതിയില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളുടെ ഉള്ളറകളിലേക്കാണ് പല തുറന്നുപറച്ചിലുകളും വിരല്‍ ചൂണ്ടുന്നത്. പാര്‍ട്ടികളുടെ സംസ്ഥാനതല നേതാക്കളുടെ ആശിര്‍വാദത്തോടെയാണ് മിക്ക കൊലകളും നടക്കുന്നത് എന്നതാണ് വസ്്തുത. ഒന്നോ രണ്ടോ പേര്‍ക്കെതിരെ നടപടിയെടുത്ത് ഗൂഢാലോചനക്കാരെ രക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്നാണ് സൂചന. അതിന്റെ ഭാഗമായാണ് എം വി ജയരാജനും പി ജയരാജനും പങ്കെടുത്ത്് തല്ലങ്കേരിയില്‍ വിശദീകരണയോഗം നടത്തിയതും അതില്‍ ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിക്കളഞ്ഞതും എന്നു വേണം കരുതാന്‍. അതേസമയം സമീപകാലത്ത് സംസ്ഥാനത്തെ കക്ഷിരാഷ്ട്രീയ കൊലകള്‍ക്ക് കുറവുണ്ടെന്നത് സ്വാഗതാര്‍ഹമാണ്. അത് പൂര്‍ണ്ണമായും ഇല്ലാതാകണം. അതിനു സ്വാഭാവികമായും മുന്‍കൈ എടുക്കേണ്ടത് ഭരണത്തിനു നേതൃത്വം നല്‍കുന്ന, സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎം തന്നെയാണ്. ഇക്കാര്യം ഈ യാത്രയിലെ സജീവ ചര്‍ച്ചാവിഷയമാക്കാന്‍ കഴിയണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ട്ടിയിലെ സൈദ്ധാന്തികനാണ് എം വി ഗോവിന്ദന്‍ എന്നാണല്ലോ വെപ്പ്. ജാഥ തുടങ്ങുന്നതിനു തലേദിവസം പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി നടത്തിയ ചില സ്വയം വിമര്‍ശനങ്ങള്‍ കണ്ടു. അതിനോട് ഗോവിന്ദന്‍ മാസ്റ്ററുടെ പ്രതികരണം അറിയാന്‍ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്നവര്‍ക്ക് താല്‍പ്പര്യമുണ്ടാകും. മുതലാളിത്തത്തെ വിലയിരുത്തുന്നതിലും സിദ്ധാന്തത്തെ അപഗ്രഥിക്കുന്നതിലും മാര്‍ക്‌സിസത്തിന് വലിയ തെറ്റുകള്‍ പറ്റി, അതാണ് കമ്യൂണിസത്തിന് വലിയ തിരിച്ചടിയുണ്ടാകാന്‍ കാരണം, ലോഷ്യലിസത്തില്‍ നിന്നു മുതലാളിത്തത്തിലേക്ക് തിരിച്ചുപോകില്ല എന്നു പ്രചരിപ്പിച്ചു, കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയുടെ ആശയങ്ങള്‍ അതെഴുതപ്പെട്ട കാലത്തു മാത്രമാണ് കൂടുതല്‍ പ്രസക്തി, മതഗ്രന്ഥത്തിന്റെ കാഴ്ചപ്പാടോടെ അതിനെ കാണേണ്ടതില്ല, അതിന്റെ കാഴ്ചപ്പാടിനും പ്രപഞ്ചവീക്ഷണത്തിനും വലിയ മാറ്റങ്ങള്‍ വന്നു, അടിസ്ഥാനാശയം മുറുകെ പിടിച്ച് കാലോചിതമായി മാറി ഓരോ രാജ്യത്തിന്റെയും സാഹചര്യത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, തെറ്റായ നടപടികളിലൂടെ വലിയ വീഴ്ച മാര്‍ക്‌സിസത്തിുണ്ടായിട്ടുണ്ട്, നടത്തിപ്പില്‍ മാപ്പര്‍ഹിക്കാത്ത അപരാധങ്ങളുണ്ടായിട്ടുണ്ട്, ഗോര്‍ബച്ചോവിനെ മാത്രം കുറ്റം പറയേണ്ട, അതിനുമുമ്പുള്ളവര്‍ വരുത്തിവെച്ച തെറ്റായ നടപടികള്‍ തന്നെയണ് പ്രധാന കാരണം, മാനിഫെസ്റ്റോയിലും മൂലധനത്തിലുമുള്ളത് പൂര്‍ത്തീകരിക്കപ്പെട്ട സിദ്ധാന്തങ്ങളല്ല, സമത്വപൂര്‍ണ്ണമായ സമൂഹം സ്ഥാപിക്കുന്നതില്‍ മാനിഫെസ്റ്റോയിലെ അടിസ്ഥാനശിലകള്‍ ശരിയാണെങ്കിലും വലിയ ശരിയല്ലായ്മകളുണ്ട് എന്നിങ്ങനെ പോകുന്നു ബേബിയുടെ വിമര്‍ശനങ്ങള്‍. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളില്‍ മുതലാളിത്ത പുനസ്ഥാപനം നടക്കുന്നു എന്ന് എത്രയോ കാലം മുമ്പ് കെ വേണു പറഞ്ഞപ്പോള്‍ ‘മനുഷ്യനു വീണ്ടും കുരങ്ങനാകാന്‍ കഴിയില്ല’ എന്ന ഇ എം എസിന്റെ പ്രശസ്തമായ മറുപടിയെയാണ് ബേബി നിഷേധിക്കുന്നത്. എന്നാല്‍ ഈ വാചകങ്ങളെല്ലാം മറച്ചുവെച്ച് മാനിഫെസ്റ്റോയുടെ പ്രസക്തി വര്‍ദ്ധിക്കുകയാണ് എന്നാണ് ബേബി പറഞ്ഞതെന്നാണ് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തത്. ഇതേകുറിച്ച് യാത്രയിലെവിടെയെങ്കിലും സെക്രട്ടറി പ്രതികരിക്കുമെന്നു കരുതാം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply