ഇനിയും നീതി കിട്ടാതെ വിനായകന്‍

മര്‍ദ്ദനോപാധിയായ പോലീസില്‍ നിന്നും നീതിനിര്‍വ്വഹണ സംവിധാനമായ ജുഡീഷ്യറിയില്‍ നിന്നും നേരിടുന്ന വിവേചനകളുടെ കൂടി ഇരകളായിട്ടാണ് സത്യത്തില്‍ ഇന്ത്യന്‍ ജയിലുകളില്‍ 55% ദളിതുകളും മുസ്ലിങ്ങളുമായി മാറിയത്. അല്ലാതെ ആ സാമൂഹിക വിഭാഗത്തില്‍ നിന്നും കൂടുതല്‍ ക്രിമിനലുകള്‍ ഉണ്ടായിട്ടല്ല. വിനായകന്‍ കൊലപാതകത്തില്‍ മാത്രമല്ല ജിഷ കൊലപാതകത്തിലും കണ്ണൂരിലുള്ള ചിത്രലേഖ നേരിടുന്ന ജാതി വിവേചനത്തിലും ഗോവിന്ദാപുരം ജാതി വിവേചന വിഷയത്തിലും പോലീസ് സ്വീകരിച്ചിട്ടുള്ള ദളിത് വിരുദ്ധ നിലപാടുകള്‍ കടുത്ത ജാതി വിവേചനം തന്നെ ആയിട്ടാണ് മനസിലാക്കാന്‍ സാധിക്കുന്നത്.

പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല. വിനായകന്റെ അമ്മയും ഈയടുത്തു മരണപ്പെട്ടു. അന്വേഷണവുമായി ബന്ധപെട്ടു വിനായകന്റെ അച്ഛന്‍ മുഖ്യമന്ത്രിയെയടക്കം കണ്ടിരുന്നു എങ്കിലും ഇതുവരെ ഒരു നടപടിയും കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ ഉണ്ടായില്ല. ലോക്കല്‍ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസില്‍ വിനായകനെ ആക്രമിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത പോലീസുകാര്‍ തെറ്റുകാരല്ലെന്നാണ് കണ്ടെത്തിയത്. ദളിത് സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് വിനായകനെ മര്‍ദിച്ച ശ്രീജിത്ത്, സാജന്‍ എന്നീ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമവും അന്യായമായി തടവിലാക്കലും പീഡനവും മറ്റും ചാര്‍ജ് ചെയ്തിരുന്നു. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. രണ്ടുപേരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും ആറുമാസത്തിനു ശേഷം ഇരുവരും സര്‍വീസില്‍ തിരിച്ചു കയറി. വിനായകന്റെ മരണം കേരളീയസമൂഹവും ഭരണകൂടവും എത്രമാത്രം ജാതിവെറി പൂണ്ടതാണെന്നു ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു. മരണശേഷം കാലമിത്രയായിട്ടും വിനായകന് നീതി ലഭിച്ചില്ല എന്നത് ഈ ബോധ്യപ്പെടലിനെ ശക്തിപ്പെടുത്തുന്നു.
തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. 2017 ജൂലൈ 17 നാണു വിനായകന്‍ എന്ന ദളിത് യുവാവിനെ സുഹൃത്തായ പെണ്‍കുട്ടിയോട് സംസാരിച്ചു നിന്നതിനു അതുവഴി വന്ന പാവറട്ടി പോലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ശ്രീജിത്ത് കസ്റ്റഡിയില്‍ എടുക്കുന്നു. മണ്ണുത്തിയില്‍ ഹെയര്‍ കട്ടിങ് പഠിക്കുകയായിരുന്നു വിനായകന്‍.
സ്റ്റേഷനില്‍ എത്തിയപ്പോള്‍ മുതല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. വിനായകന്റെ ജോലി, അവന്റെ അച്ഛന്റെ ജോലി, അവന്റെ ജാതി തുടങ്ങിയവയൊക്കെയായിരുന്നു പോലീസിന്റെ ചോദ്യങ്ങള്‍. വിനായകനോടും സുഹൃത്ത് ശരത്തിനോടും പോലീസ് തട്ടിക്കയറുകയും മര്‍ദിക്കുകയും ഒരു മാല മോഷ്ടിച്ച കേസ് അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആരോപണം നിഷേധിച്ചതിന് വീണ്ടും ക്രൂരമായ മര്‍ദ്ദനം തുടര്‍ന്നു. മുടി നീട്ടിവളര്‍ത്തിയതിന്റെ പേരിലായിരുന്നു കൂടുതല്‍ മര്‍ദ്ദനം. മര്‍ദ്ദനത്തില്‍ വിനായകന്റെ നെഞ്ചിലും പുറത്തും നാഭിയിലും ഗുഹ്യഭാഗത്തും മാരകമായി പരിക്കേറ്റു. പുറത്തു മുട്ടുകൈകൊണ്ടു മര്‍ദിക്കുകയും നാഭിയില്‍ ബൂട്സ് ഇട്ടു ചവിട്ടുകയും ചെയ്തു. ബൂട്ടിട്ട കാലുകള്‍ കൊണ്ട് പാദങ്ങള്‍ ചവിട്ടി ചതച്ചു. നീണ്ട മുടിയില്‍ കുത്തിപ്പിടിച്ചു വലിച്ചു പറിക്കുകയും പരിഹസിച്ചുകൊണ്ട് മുടി വെട്ടണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനുശേഷം വിനായകന്റെ അച്ഛനായ കൃഷ്ണന്‍ കുട്ടിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയും വിനായകന്‍ കഞ്ചാവിനടിമയാണെന്നു നുണ പറഞ്ഞു പിതാവിനെയും കൂട്ടം ചേര്‍ന്ന് അപമാനിച്ചു. വിനായകന്‍ മുടി വെട്ടാതെ കണ്ടാല്‍ തല്ലുകിട്ടുക തനിക്കായിരിക്കുമെന്നും അവര്‍ കൃഷ്ണന്‍കുട്ടിയെ ഭീഷണിപ്പെടുത്തി.
സ്റ്റേഷനില്‍ നിന്ന് തിരിച്ചിറങ്ങിയ വിനായകന്‍ കടുത്ത മാനസിക പിരിമുറുക്കത്തിലും സംഘര്‍ഷത്തിലും ആയിരുന്നു. സുഹൃത്തുക്കളോടോ വീട്ടുകാരോടോ കൃത്യമായി സംസാരിച്ചില്ല. എന്നാല്‍ സ്ഥലത്തെ സിപിഎം ഏരിയ സെക്രട്ടറി സുല്‍ത്താനോടും മറ്റൊരു സുഹൃത്തിനോടും തനിക്ക് നേരിട്ടത് മനുഷ്യത്വ വിരുദ്ധമായ പോലീസിന്റെ മര്‍ദനത്തെക്കുറിച്ചും ജാത്യാപമാനങ്ങളെക്കുറിച്ചും പറഞ്ഞു. തുടര്‍ന്ന് പിറ്റേന്ന് ജൂലൈ 18 നു വിനായകന്‍ സ്വന്തം കിടപ്പറയില്‍ തൂങ്ങിമരിച്ചതായി കാണപ്പെട്ടു.
വിനായകന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കടുത്ത മര്‍ദ്ദനങ്ങള്‍ക്ക് വിനായകന്‍ വിധേയനായതായി രേഖപെടുത്തിയിരുന്നു. വിനായകനു പോലീസ് മര്‍ദ്ദനത്തില്‍ നെഞ്ചിലും പുറത്തും നാഭിയിലും ഗുഹ്യഭാഗത്തും മാരകമായി പരിക്കേറ്റിരുന്നു. പുറത്തു മുട്ടുകൈകൊണ്ടു മര്‍ദിക്കുകയും നാഭിയില്‍ ബൂട്സ് ഇട്ടു ചവിട്ടുകയും ചെയ്ത പാടുകള്‍ വ്യക്തമായിരുന്നു. ബൂട്ടിട്ട കാലുകള്‍ കൊണ്ട് പാദങ്ങള്‍ ചവിട്ടി ചതഞ്ഞിട്ടുണ്ടായിരുന്നു. മുല ഞെട്ടുകള്‍ ചതഞ്ഞിട്ടുണ്ടായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ദളിത് സമൂഹങ്ങളില്‍ നിന്നും പ്രതിഷേധവും രോഷവുമുയര്‍ന്നു. വിനായകന്റേതു ജാതിക്കൊലപാതകം തന്നെയായിരുന്നു എന്നവര്‍ പ്രഖ്യാപിച്ചു. ദുര്‍ബലരായ സാമൂഹിക പരിസരങ്ങളില്‍ നിന്ന് വരുന്ന ദളിതുകളോടു ഭരണകൂട സംവിധാനത്തില്‍ നിന്ന് നേരിടുന്ന ജാതി വിവേചനത്തിന്റേയും ജാതിപരമായ അടിച്ചമര്‍ത്തലിന്റെയും ഇരയായിരുന്നു വിനായകന്‍. മര്‍ദ്ദനോപാധിയായ പോലീസില്‍ നിന്നും നീതിനിര്‍വ്വഹണ സംവിധാനമായ ജുഡീഷ്യറിയില്‍ നിന്നും നേരിടുന്ന വിവേചനകളുടെ കൂടി ഇരകളായിട്ടാണ് സത്യത്തില്‍ ഇന്ത്യന്‍ ജയിലുകളില്‍ 55% ദളിതുകളും മുസ്ലിങ്ങളുമായി മാറിയത്. അല്ലാതെ ആ സാമൂഹിക വിഭാഗത്തില്‍ നിന്നും കൂടുതല്‍ ക്രിമിനലുകള്‍ ഉണ്ടായിട്ടല്ല. വിനായകന്‍ കൊലപാതകത്തില്‍ മാത്രമല്ല ജിഷ കൊലപാതകത്തിലും കണ്ണൂരിലുള്ള ചിത്രലേഖ നേരിടുന്ന ജാതി വിവേചനത്തിലും ഗോവിന്ദാപുരം ജാതി വിവേചന വിഷയത്തിലും പോലീസ് സ്വീകരിച്ചിട്ടുള്ള ദളിത് വിരുദ്ധ നിലപാടുകള്‍ കടുത്ത ജാതി വിവേചനം തന്നെ ആയിട്ടാണ് മനസിലാക്കാന്‍ സാധിക്കുന്നത്.
വിനായകന്റേത് ജാതികൊലയാണെന്നാരോപിച്ചും കുറ്റവാളികളെ ശിക്ഷിക്കാനാവശ്യപ്പട്ടും ശക്തമായ പ്രക്ഷോഭങ്ങളാണ് തൃശൂരിലും സംസ്ഥാനത്തുടനീളവും നടന്നത്. ദളിത് സംഘടനകള്‍ തൃശൂര്‍ ഐജി ഓഫിസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. എം ഗീതാനന്ദനും സലീനാ പ്രാക്കാനവുമൊക്കെ മാര്‍ച്ചില്‍ പങ്കെടുത്തു. തിരുവോണ നാളില്‍ തൃശൂര്‍ നഗരത്തില്‍ ദളിത് പ്രവര്‍ത്തകര്‍ ഉപവസിച്ചു. കുറ്റക്കാരായ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണമെന്നാവശ്യപ്പെട്ടാണ് ദളിത് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഉപവാസം സംഘടിപ്പിച്ചു. ഊരാളി ബാന്‍ഡിന്റെ നേതൃത്വത്തില്‍ തേക്കിന്‍ കാട് മൈതാനത്തില്‍ ഫ്രീക്കന്‍സ് യുണൈറ്റഡ് എന്ന കൂട്ടായ്മ സംഘടിപ്പിച്ച പ്രതിഷേധം പുതുമയുള്ളതായി. പ്രതിഷേധഗാനങ്ങളാല്‍ പൂരനഗരി മുഖരിതമായി. ഡല്‍ഹി കേരള ഹൌസിനു മുന്നില്‍ ഇറ്റ്സ് മര്‍ഡര്‍ എന്ന പേരില്‍ പ്രതിഷേധപരിപാടി നടന്നു.
നിര്‍ഭാഗ്യകരമെന്നു പറയട്ടെ, സിപിഎം അനുഭാവകുടുംബമായിട്ടും പാര്‍ട്ടിക്കോ ഭരണ സംവിധാനത്തിനോ സംഭവത്തില്‍ കാര്യമായി ഇടപെടാനായില്ല എന്ന് വീട്ടുകാര്‍ തന്നെ പറയുന്നു. പ്രതികളെ ശിക്ഷിക്കണമെന്ന് മുഖ്യമന്ത്രിക്കു പരാതി നല്കാന്‍ വിനായകന്റെ ‘അമ്മ ഓമനക്കും അച്ഛന്‍ കൃഷ്ണനും പലവട്ടം ചെന്നിട്ടാണ് മുഖ്യമന്ത്രിയെ കാണാന്‍ കൂടി കഴിഞ്ഞത്. സര്‍ക്കാരില്‍ നിന്ന് യാതൊരു സഹായയും വിനായകന്റെ കുടുംബത്തിന് ലഭിച്ചില്ല. സംഭവത്തിനു രണ്ടുവര്‍ഷത്തിനുശേഷം നീതിക്കായി ഈ ദളിത് കുടുംബം അധികാരകേന്ദ്രങ്ങളും കോടതികളും കയറിയിറങ്ങുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply