പാലക്കാട് കളക്ട്രേറ്റിലേക്ക് ആദിവാസി – ദളിത് പ്രതിഷേധ മാര്‍ച്ച്

സ്വതന്ത്രമായി കേസന്വേഷിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞത് ആരാണ് ? ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഇക്കാര്യം വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്.

വാളയാര്‍ ദലിത് കുട്ടികളുടെ കൊലപാതകം സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കുക, പീഢന പ്രതികള്‍ക്ക് വേണ്ടി കേസ് അട്ടിമറിച്ച പബ്ലിക് പ്രസിക്കൂട്ടര്‍ക്കെതിരെ എസ് സി / എസ് ടി അതിക്രമം തടയല്‍ നിയമപ്രകാരം ക്രിമിനല്‍ കേസെടുക്കുക, കൊലപാതകം അട്ടിമറിച്ച കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും സര്‍വ്വീസില്‍ നിന്ന് പുറത്താക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആദിവാസി-ദളിത്-പിന്നോക്ക-ജനാതിപത്യ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇന്നു കാലത്ത് 10.30 മണിക്ക് പാലക്കാട് കളക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. മാര്‍ച്ച് പാലക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും തുടങ്ങും.

വാളയാറിലെ എന്നത് ഇപ്പോള്‍ കേരളത്തിന്റൈ ഒരതിര്‍ത്തി ദേശത്തിന്റെ പേര് മാത്രമല്ല. മരവിച്ചുപോയ നമ്മുടെ മനസ്സാക്ഷിയുടെയും തകര്‍ന്നുപോയ നമ്മുടെ നിയമപരിപാലന വ്യവസ്ഥയുടെയും കൂടി പേരാണ്. ജീവിതത്തിന്റെ വളവും തിരിവുകളും എന്താണെന്ന് ചേര്‍ത്തുവായിക്കാന്‍ പോലും അറിയാത്ത, കാലം തികയും മുമ്പ് ജീവിതത്തില്‍ നിന്ന് നിഷ്‌കരുണം പുറത്താക്കപ്പെട്ട രണ്ട് പെണ്‍കുഞ്ഞുങ്ങളെ നമ്മള്‍ മറന്നിട്ടില്ല. ദലിതരായി ജനിച്ചുപോയതു കൊണ്ട് പുറമ്പോക്കുകളിലേക്ക് എറിയപ്പെട്ട, ഒടുവില്‍ ജീവിതത്തില്‍നിന്ന് തന്നെ പുറത്തെറിയപ്പെട്ട വാളയാറിലെ ആ രണ്ടു പെണ്‍കുഞ്ഞുങ്ങളെ നരാധമന്മാര്‍ ക്രൂരമായി പീഢിപ്പിച്ചു കൊലപ്പെടുത്തി. അവര്‍ ആത്മഹത്യ ചെയ്തതല്ലെന്നും, അതി ക്രൂരമായ ബലാത്സംഗത്തിനു ശേഷം കൊല ചെയ്യപ്പെട്ടതാണെന്നും പൊതുസമൂഹത്തിനും, ഇരകള്‍ക്കും ബോധ്യമായ ശേഷവും പ്രതികള്‍ രക്ഷപ്പെട്ടിരിക്കുന്നു. സ്ത്രീ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്നു എന്നവകാശപ്പെടുന്ന ഈ സര്‍ക്കാറിന്റെ പോലീസ് നടത്തിയ അന്വേഷണത്തിലെ അനാസ്ഥ കൊണ്ടും, പബ്ലിക് പ്രോസിക്യൂട്ടറുടെ ഒത്തുകളികൊണ്ടും മാത്രമാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്..

2017 ജനുവരി 13നായിരുന്നു 13 വയസ്സുകാരിയായ മൂത്തകുട്ടിയെ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. 59 ദിവസത്തിനു ശേഷം ഒമ്പതു വയസ്സുകാരി അനിയത്തിയെ ഇതേ രീതിയില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തി.രണ്ടുപേരുടെ പോസ്റ്റ്‌മോര്‍ട്ടത്തിലും അതിനിഷ്ഠുരമായ നിലയില്‍ ലൈംഗിക പീഡനത്തിനിരയായതായും, ബലാല്‍സംഗത്തിന് ഇരയാക്കപ്പെട്ടുവെന്നും ബോധ്യമായതാണ്. എന്നിട്ടും അതൊരു ആത്മഹത്യയായാണ് പോലീസിന് ചിത്രീകരിക്കാന്‍ തോന്നിയുള്ളു. പിന്നീട് വിവാദമായപ്പോള്‍ നടന്ന അന്വേഷണത്തിലാണ് മരണത്തിനു പിന്നില്‍ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുള്ള അഞ്ചോളം പേരുടെ പങ്കാളിത്തം തിരിച്ചറിയുന്നത്.

തുടക്കം മുതല്‍ തന്നെ പ്രതികളെ സംരക്ഷിക്കാനായിരുന്നു പോലീസിന് താല്‍പര്യം. അതുകൊണ്ടാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്ന ചേര്‍ത്തല സ്വദേശി പ്രദീപ്കുമാറിനെ ആദ്യം തന്നെ വിട്ടയച്ചത്. ഇപ്പോള്‍ മറ്റു പ്രതികളായ എം. മധു, ഷിബു, വി. മധു എന്നിവരെയും പാലക്കാട് പ്രത്യേക പോക്‌സോ കോടതി വെറുതെ വിട്ടിരിക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത വിചാരണ ജുവനൈല്‍ കോര്‍ട്ടില്‍ നടക്കുമ്പോഴാണ് കൃത്യമായ തെളിവില്ല എന്ന കാരണത്താല്‍ പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.

സ്വതന്ത്രമായി കേസന്വേഷിക്കുന്നതില്‍ നിന്ന് പോലീസിനെ തടഞ്ഞത് ആരാണ് ? ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് ഇക്കാര്യം വ്യക്തമാക്കേണ്ട ബാധ്യതയുണ്ട്. കേസില്‍ ഒരു പ്രതിക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകനെ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ചെയര്‍മാനായി നിയമിച്ചത് വിവാദമായത് നമ്മളൊന്നും മറന്നിട്ടില്ല.

കൊല്ലപ്പെട്ടത് രണ്ട് ദലിത് പെണ്‍കുട്ടികളാണ്. ഓരോ ദിവസവും പെണ്‍ജീവിതങ്ങള്‍ ഒട്ടും സുരക്ഷിതമല്ലാതായി തീര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് വാളയാറിലെ പെണ്‍കുട്ടികളുടെ മരണം വിളിച്ചറിയിക്കുന്നു. മരിച്ചവന് കിട്ടാവുന്ന കേവല നീതി പ്രതികള്‍ക്കുള്ള ശിക്ഷ മാത്രമാണ്. അതെങ്കിലും നല്‍കുകയെന്നത് ഭരണകൂടത്തിന്റെ ഭരണഘടനാ ഉത്തരവാദിത്തമാണ്. ആ പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് നീതി കിട്ടിയേ മതിയാകൂ. അതിന് നീതിപൂര്‍വമായ പുനരന്വേഷണമാണ് വേണ്ടത്. ആ കുഞ്ഞുങ്ങളുടെ മാതാപിതാക്കളും, പൊതു സമൂഹവും അത് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നു. മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത കേരളീത ജനതയുടെ ഏറ്റവും കുറഞ്ഞ ആവശ്യവും അതാണ്.

വാളയാര്‍ എന്നത് നാം പുലര്‍ത്തുന്ന മൗനങ്ങളുടെയും നമ്മുടെ അനീതികളുടെയും വിളിപ്പേരാവരുത്. ഈ രണ്ട് ദലിതു പെണ്‍കുട്ടികളുടെ ദാരുണമായ അന്ത്യത്തില്‍ പുനരന്വേഷണം നടത്തണമെന്നും അതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നുമാണ് നമ്മള്‍ ആവശ്യപ്പെടുന്നത്. അല്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കണം. ഒപ്പം പ്രതികളെ സഹായിക്കാന്‍ കൂട്ടുനിന്ന ക്രിമിനലുകളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവിധേയമായി കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച്. നടത്തുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply