സത്യാനന്തര രാഷ്ട്രീയത്തിന്റെ വ്യാജബിംബങ്ങളാണ് യഥാര്‍ത്ഥ കേരളാസ്റ്റോറി

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, വ്യാജപ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, വ്യാജ രേഖ, വ്യാജ മാര്‍ക്ലിസ്റ്റുകള്‍, വ്യാജ പരീക്ഷാഫലങ്ങള്‍, വ്യാജ പി.എച്.ഡി പ്രബന്ധങ്ങള്‍, ആള്‍ മാറാട്ടം നടത്തുന്ന യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍മാര്‍, വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ മാഫിയകള്‍, വ്യാജ നിയമനങ്ങള്‍…. സര്‍വ്വകലാശാലകള്‍ വ്യാജോല്പാദനശാലകളായി മാറുന്നു..

കേരളത്തിന്റെ കഥയെന്താണ്? സംഘ പരിവാര്‍ സിനിമക്കാരന്‍ അവകാശപ്പെടുന്ന പോലെ ലവ് ജിഹാദും, ISIS ല്‍ റിക്രൂട്ടു ചെയ്യപ്പെടുന്ന ഹിന്ദുപ്പെണ്‍കുട്ടികളുടെ കദനകഥയുമല്ല. ഹിന്ദുത്വ ഫാസിസത്തിനെതിരെ പ്രതിരോധത്തിന്റെ ചെങ്കോട്ട തീര്‍ക്കുന്ന ഇടതു കമ്മ്യൂണിസ്റ്റ് സര്‍ക്കാറിന്റെ വിപ്ലവമുന്നേറ്റത്തിന്റെ കഥയുമല്ല. പിന്നെ എന്താണ്? കഥയില്ലായ്മയാണോ കേരളത്തിന്റെ കഥ? The real story of Kerala is not love jihad, as the Sangh Parivar says, or the resistance the Left government claims to be mounting against Hindutva fascism. But the false images of post-truth politics

കഴിഞ്ഞ കുറേ ദിവസങ്ങളിലെ പത്രവാര്‍ത്തകള്‍, ചാനല്‍ ദൃശ്യങ്ങള്‍ ഇതിനു ഉത്തരം നല്‍കും: ഉന്നത വിദ്യാഭ്യാസത്തിന്റെ വ്യാജവല്‍ക്കരണം. സിലബസ്സിനെയോ, ആശയങ്ങളെയോ, ബോധന സമ്പ്രദയത്തെയോ സംബന്ധിച്ച തര്‍ക്കങ്ങളല്ല. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍, വ്യാജപ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, വ്യാജ രേഖ, വ്യാജ മാര്‍ക്ലിസ്റ്റുകള്‍, വ്യാജ പരീക്ഷാഫലങ്ങള്‍, വ്യാജ പി.എച്.ഡി പ്രബന്ധങ്ങള്‍, ആള്‍ മാറാട്ടം നടത്തുന്ന യൂണിവേഴ്‌സിറ്റി കൗണ്‍സിലര്‍മാര്‍, വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ മാഫിയകള്‍, വ്യാജ നിയമനങ്ങള്‍. സര്‍വ്വകലാശാലകള്‍ വ്യാജോല്പാദനശാലകളായി മാറുന്നുവെന്നര്‍ത്ഥം. ഭരണകക്ഷിയായ സി. പി.എമ്മിന്റെയും അതിന്റെ വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ.യുടെയും നേതാക്കളാണ് ഇതില്‍ മുഖ്യമായും ഉള്‍പ്പെട്ടിരിക്കുന്നതെന്നതും പ്രശ്‌നത്തെ സങ്കീര്‍ണ്ണമാക്കുന്നു. പാര്‍ട്ടി നേതാക്കളുടെയും, അധികാരികളുടെയും ഒത്താശയോടുകൂടിയാണ് ഈ തട്ടിപ്പുകളെല്ലാം നടന്നത് എന്നത് വ്യക്തം. എം.ജി.യൂണിവേഴ്‌സിറ്റിയിലെ പൂരിപ്പിക്കാത്ത അമ്പതോളം ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാണാനില്ലെന്ന വാര്‍ത്തയും വന്നിരുന്നു. ഉന്നതവിദ്യാഭ്യാസമന്ത്രി പറയുന്നത് ഈ സംഭവങ്ങളെയൊന്നും സാമാന്യവല്‍ക്കരിക്കുവാനാവില്ല എന്നാണ്. അതായത് ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന്.

എന്നാല്‍ ഈ വ്യാജവല്‍ക്കരണ പ്രക്രിയ വെറും, സര്‍വ്വകലാശാലകളിലോ, വിദ്യാഭ്യാസരംഗത്തോ ഒതുങ്ങുന്നതല്ല എന്ന് ഒന്നാമത്തെയും രണ്ടാമത്തെയും പിണറായി സര്‍ക്കാരിന്റ ഭരണചരിത്രം തെളിയിക്കുന്നുണ്ട്. ലൈഫ് മിഷന്‍ പദ്ധതിയിലും, പ്രളയാനന്തരപുനരധിവാസപദ്ധതിയിലും നടന്ന ക്രമക്കേടുകള്‍, സ്വര്‍ണ്ണ ക്കള്ളക്കടത്ത്, ബാങ്കു തട്ടിപ്പുകള്‍, മാലിന്യപ്ലാന്റുകളുടെ കാര്യത്തില്‍, വികസനപദ്ധതികളുടെ പേരില്‍ കമ്മീഷന്‍ തട്ടല്‍, സര്‍വ്വകലാശാലകളില്‍ ഔദ്യോഗികസ്ഥാപനങ്ങളില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റല്‍, നവോത്ഥാനത്തിന്റെ വ്യാജപ്പതിപ്പായ വനിതാമതിലും, മനുഷ്യച്ചങ്ങലയും, കോര്‍പ്പറേറ്റുകളുമായി ചേര്‍ന്ന് കെ.റെയില്‍ പോലുള്ള വ്യാജപദ്ധതികള്‍, വാഹന പരിശോധനക്ക്യാമറകളുമായി ബന്ധപ്പെട്ട അഴിമതിയും കൊള്ളയും, മോദി ഗവണ്മെന്റുമായുള്ള ഗൂഢ ധാരണകള്‍, അങ്ങനെ പട്ടിക നീളുന്നു.മുതലാളിത്തത്തെയും നിയോലിബറലിസത്തെയും നിരന്തരം തെറിപറയുന്നവര്‍, കോര്‍പ്പറേറ്റുകളുമായി കൂട്ടുകച്ചവടം നടത്തുകയും കേരളത്തിന്റെ പ്രകൃതിയും സമ്പദ്വ്യവസ്ഥയും അവര്‍ക്കു തീറെഴുതിക്കൊടുക്കുകയും ചെയ്യുന്നു. ഓട്ടോണമസ് കോളേജുകളെ എതിര്‍ത്തവര്‍ ഇന്ന് പ്രസിദ്ധ കലാശാലകള്‍ക്ക് ഓട്ടോണമസ് പദവി നല്‍കുകയും അതുവഴി അവയെ പാര്‍ട്ടി സ്ഥാപനങ്ങളാക്കി മാറ്റുകയും ചെയ്യുന്നു. വേള്‍ഡ് ബാങ്കിനെയും ഐ.എം.എഫിനെയും എതിര്‍ത്തവര്‍ വന്‍ പലിശയ്ക്ക് അവരില്‍ നിന്ന് കടമെടുക്കുന്നു. നിക്ഷേപങ്ങള്‍ക്കായി മുതലാളിത്ത തലസ്ഥാനങ്ങളില്‍ യാചനായാത്രകള്‍ നടത്തുകയും ശതകോടീശ്വരന്മാര്‍ക്ക് നാട്ടില്‍ യഥേഷ്ടം നിരങ്ങുവാനുള്ള അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ മൂലധനനിക്ഷേപമുള്ള ഒരു കോര്‍പ്പറേറ്റ് പ്രസ്ഥാനമായി സി.പി.എം. മാറിയിരിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വ്യാജവല്‍ക്കരണത്തിന്റെ ആദ്യത്തെ ഇര കമ്മ്യൂണിസത്തിന്റെ പ്രത്യയശാസ്ത്രവും ആശയ സംഹിതകളുമാണെന്നര്‍ഥം. കമ്മ്യൂണിസത്തിന്റെ ഈ വ്യാജപ്പതിപ്പിന് ലെജിറ്റിമസി നല്‍കലാണ് സാംസ്‌ക്കാരിക നായകരുടെ, ബുദ്ധിജീവികളുടെ, ധര്‍മ്മം. പാര്‍ട്ടിയുടെ ക്രിമിനല്‍വല്‍ക്കരണത്തിന് നേതൃത്വം നല്‍കിയ സര്‍വ്വാധിപതിയായ മുഖ്യമന്ത്രിക്ക് ഓര്‍ഗാനിക്ക് ബുദ്ധി ജീവി എന്ന കള്ള ബിരുദം നല്‍കിയത് ഉന്നത വിദ്യാഭ്യാസമന്ത്രിയാണെന്നോര്‍ക്കുക. ഗ്രാംചിയുടെ മഹനീയമായ ബുദ്ധിജീവി സങ്കല്പമാണ് ഇവിടെ വ്യാജവല്‍ക്കരിക്കപ്പെട്ടത്. വ്യാജോല്പാദനം, ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി, ജീവിത ശൈലിയായി, സാംസ്‌ക്കാരിക പ്രസ്ഥാനമായി സി.പി.എം. വികസിപ്പിച്ചെടുത്തിരിക്കുന്നു. പൊതു മണ്ഡലത്തില്‍ അതിന്റെ പ്രത്യക്ഷവല്‍ക്കരണമാണ് ഉന്നത വിദ്യാഭ്യാസത്തില്‍ ഇന്നു പ്രത്യക്ഷമാവുന്ന വ്യാജനിര്‍മ്മിതികള്‍.

സത്യാനന്തര രാഷ്ട്രീയത്തിന്റെ രണ്ടു പൈശാചിക രൂപങ്ങളാണ് നമ്മെ ഭരിക്കുന്നത്. കേന്ദ്രത്തില്‍ ഹിന്ദുത്വ ഫാസിസവും കേരളത്തില്‍ സി.പി.എം. ഫാസിസവും.രാജ്യദ്രോഹികള്‍ രാജ്യസ്‌നേഹികളായും, ജനാധിപത്യവാദികള്‍ രാജ്യദ്രോഹികളായും മുദ്രകുത്തപ്പെടുന്നു. ഗാന്ധിയെക്കൊന്നവര്‍, ഗാന്ധിയെ നിരന്തരം അവഹേളിച്ചു കൊണ്ടിരിക്കുന്നവര്‍ ഗാന്ധിഭക്തന്മാരായി വേഷം കെട്ടുന്നു. ഗാന്ധി പീസ് പ്രൈസ് ഇത്തവണ നല്‍കിയത് ഗാന്ധിയെ ആക്രമിച്ചവരും ഗാന്ധിയന്‍ ആദര്‍ശത്തെ ഉച്ചാടനം ചെയ്യുവാന്‍ ശ്രമിച്ചരുമായ ഗോരഖ്പൂരിലെ ഗീതാപ്രസ്സുകാര്‍ക്ക്. മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ മൗനം പാലിച്ച പ്രധാനമന്ത്രി ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ യോഗാഭ്യാസം പ്രദര്‍ശിപ്പിക്കുകയും ഇന്ത്യയുടെ ലോകഗുരുത്വത്തെപ്പറ്റി ക്ലാസ്സെടുക്കുകയും ചെയ്യുന്നു.

മോദിയുടെ ജനാധിപത്യവിരുദ്ധ നീക്കങ്ങളെപ്പറ്റി ഗിരിപ്രഭാഷണം നടത്തുന്ന സിപി.എം. നേതാക്കളും ഭരണകൂടവും കേരളത്തില്‍ മാദ്ധ്യമങ്ങള്‍ക്കെതിരേ ഗൂഢാലോചനയ്ക്കു കേസ്സെടുക്കുന്നു. ജനാധിപത്യത്തെ ശ്വാസം മുട്ടിച്ചു കൊല്ലുവാന്‍ ശ്രമിക്കുന്നു. വര്‍ഗ്ഗ സമരമല്ല, കോര്‍പ്പറേറ്റ് വികസന പദ്ധതികളായി മുഖ്യ അജെന്‍ഡ.

ഒരു സത്യാനന്തര രാഷ്ട്രീയപ്രസ്ഥാനമായി സി.പി.എം. രൂപാന്തരണം ചെയ്യുന്ന ചരിത്ര സന്ദര്‍ഭവും ശ്രദ്ധേയമാണ്. നമ്മുടെ ഇടതു നേതാക്കളും ബുദ്ധിജീവികളും മറക്കുവാനും മായ്ച്ചുകളയുവാനും ശ്രമിക്കുന്ന സന്ദര്‍ഭം. കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ച സംഭവമായിരുന്നു വിമതകമ്മ്യൂണിസ്റ്റുകാരനായ ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകവും തുടര്‍ന്നുണ്ടായ ജനകീയ പ്രക്ഷോഭവും. അച്ചുതാനന്ദനെ മറിച്ചിട്ടുകൊണ്ട് കണ്ണൂരിലെ ക്രിമിനല്‍ കമ്മ്യൂണിസ്റ്റുകള്‍ പിണറായിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ആധിപത്യം നേടുന്ന സന്ദര്‍ഭം. കൊല ചെയ്തവരില്‍ നിന്ന് ”കൊല ചെയ്യിച്ചവരിലേക്കുള്ള” പോലീസ്സന്വേഷണങ്ങള്‍ അട്ടിമറിച്ച് കൊണ്ട് , കൊലപാതകത്തില്‍ പാര്‍ട്ടിക്കുള്ള പങ്കാളിത്തം മായ്ച്ചു കളയുന്നതില്‍ നേതൃത്വം വിജയിച്ചു. ജനങ്ങളുടെ മറവിയെ മുതലെടുത്ത് കൊണ്ട്, ഹിന്ദുത്വ ഫാസിസത്തിന്റെ യഥാര്‍ഥ പ്രതിരോധകരാണ് തങ്ങളെന്നവകാശപ്പെട്ടു കൊണ്ട് 2016 ലെ തിരഞ്ഞെടുപ്പില്‍ അധികാരം നേടുവാനും പാര്‍ട്ടിക്കു കഴിഞ്ഞു. ചന്ദ്രശേഖര വധം സൃഷ്ടിച്ച പ്രതിസന്ധിയെ പാര്‍ട്ടി അതിജീവിക്കുന്നതങ്ങനെയാണ്. ഈ വിജയം നല്‍കിയ ആത്മവിശ്വാസവും ഹുങ്കുമാണ് സത്യധ്വംസനത്തിന്റെ കുടിലപാതയിലൂടെ സഞ്ചരിക്കാനുള്ള ഊര്‍ജ്ജം സി.പി.എമ്മിനു നല്‍കിയതെന്ന് ഞാന്‍ കരുതുന്നു. വ്യാജവല്‍ക്കരണം സിപി.എമ്മിന്റെ മുഖ്യ പരിപാടിയായി മാറുന്നത് ഇതോടെയാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തോടെ രാഷ്ട്രീയക്കൊലപാതകങ്ങളില്‍ നിന്ന് സി.പി.എം പിന്തിരിയുമെന്ന കേരളീയരുടെ പ്രതീക്ഷ അസ്ഥാനത്തായി. മട്ടന്നൂരിലും പെരിയയിലും യൂത്ത് കോണ്‍ഗ്രസ്സുകാര്‍ വധിക്കപ്പെട്ടു. കൂത്തുപറമ്പില്‍ മുസ്ലീം ലീഗു പ്രവര്‍ത്തകന്‍ കൊല ചെയ്യപ്പെട്ടു. പാലക്കാട് ബിജെ.പി.സി.പി.എം സംഘര്‍ഷത്തില്‍ ഇരു ചേരിയില്‍പ്പെട്ടവരും വധിക്കപ്പെട്ടു (2022). ലോക്കപ്പു മരണം പെരുകി. കലാശാലകള്‍ യുദ്ധക്കളങ്ങളായി. സൈബര്‍ പോരാളികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വിഷം വമിച്ചു. കൊലപാതകക്കേസുകളില്‍ നിന്ന് പാര്‍ട്ടിക്കാരെ രക്ഷിക്കുവാന്‍ ലക്ഷക്കണക്കിനു രൂപ ഖജനാവില്‍ നിന്നു ഒഴുകി. പിണറായി കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന്റെ മുഴുവന്‍ ശ്രദ്ധയും കേസ്സൊതുക്കുന്നതിനും പാര്‍ട്ടിയുടെ ശത്രുക്കളെ കള്ളക്കേസ്സില്‍ കുടുക്കി ഭീഷണിപ്പെടുത്തുന്നതിലുമായി. ചോരക്കറ മായ്ച്ചു കളഞ്ഞു മാന്യതയുടെ പരിവേഷം സൃഷ്ടിക്കുവാന്‍ (വ്യാജ)ഓര്‍ഗാനിക് ബുദ്ധിജീവികള്‍ പാര്‍ട്ടിയെ സഹായിച്ചു. പ്രതിഛായ മിനുക്കുന്നതില്‍ താല്‍ക്കാലിക വിജയം വരിച്ചുവെങ്കിലും ക്രിമിനലുകളും മാഫിയകളും പാര്‍ട്ടിയില്‍ തമ്പടിച്ചു.

ഇന്നത്തെ മാദ്ധ്യമവേട്ടയും പ്രതിപക്ഷവേട്ടയും, ഗൂഢാലോചനാ സിദ്ധാന്തവും, സത്യത്തിനും ജനാധിപത്യത്തിനും നേരേയുള്ള ആക്രമണവും സൂചിപ്പിക്കുന്നത് സി.പി.എമ്മിന്റെയും അതിന്റെ സര്‍ക്കാരിന്റെയും legitimacy തകര്‍ന്നു കഴിഞ്ഞു എന്നതാണ്. നുണകളുടെയും പോലീസ് കേസ്സുകളുടെയും ഭീഷണിയുടെയും കവചം തീര്‍ത്തുകൊണ്ടു മാത്രമേ, പാര്‍ട്ടിക്കിനി മുന്നോട്ടു പോകുവാനാവൂ. ജനാധിപത്യം സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലനില്പിന് അസൗകര്യം മാത്രമല്ല ആപല്‍ക്കരവും ആത്മനാശകവുമാണെന്ന് സഖാക്കള്‍ മനസ്സിലാക്കിക്കഴിഞ്ഞു. പണത്തിന്റെയും പേശീബലത്തിന്റെയും അധികാരത്തിന്റെയും പോലീസ്സ് സൈന്യത്തിന്റെയും കൃത്രിമശ്വാസോഛ്വാസം കൊണ്ടു മാത്രം ജീവന്‍ നിലനിര്‍ത്തുന്ന തീവ്രപരിചരണവിഭാഗത്തിലാക്കപ്പെട്ട ഒരു രോഗിയുടെ അവസ്ഥയാണ് ഇന്ന് പിണറായി ഗവണ്മെന്റിന്റേത്. ജനങ്ങളില്‍ മറവിയും ഭീതിയും, വെറുപ്പും ഉന്മാദവും സൃഷ്ടിച്ചും, ജനാധിപത്യത്തിന്റെ പ്രാണനായ സത്യഭാഷണത്തെ നിരോധിച്ചും, സത്യത്തെ നുണയായും നുണയെ സത്യമായും, കീഴ്‌മേല്‍ മറിച്ചും, രാഷ്ട്രീയത്തെ വ്യാജവല്‍ക്കരിച്ചും വ്യാജത്തെ രാഷ്ട്രീയവല്‍ക്കരിച്ചും, കേരളത്തിന്റെ സമ്പത്തിനെയും ആവാസവ്യവസ്ഥയെയും കോര്‍പ്പറെറ്റുകള്‍ക്കു വിറ്റും, കേരളത്തെ ശവപ്പറമ്പാക്കുന്ന അധാര്‍മ്മികമായ ഒരു രാഷ്ട്രീയ യജ്ഞത്തിലാണ് ഇന്ന് സി.പി.എമ്മും അതിന്റെ ഭരണകൂടവും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടിമുടി വ്യാജവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു ഇന്ന് മലയാളി സമൂഹം. വ്യാജനാണ് നമ്മുടെ താരം. വാക്കു വ്യാജം ചിന്ത വ്യാജം, എഴുത്തു വ്യാജം. കലയിലും കവിതയിലും കഥയിലും ഭാവുകത്വത്തിലും നിറഞ്ഞു നില്‍ക്കുന്നത് മുടി ചൂടിയ വ്യാജേന്ദ്രന്മാര്‍. അന്നവും വെള്ളവും വായുവും ജീവിതവും സര്‍വ്വം വ്യാജം, മലിനം വിഷമയം.

ഇതാണ് ഇന്ന് കേരളത്തിന്റെ കഥ, കേരളത്തിന്റെ സത്യം. ഈ സത്യം തുറന്നു പറയുവാന്‍ മലയാളിക്കു ത്രാണിയുണ്ടോ എന്നതാണ് പ്രശ്‌നം. ധാര്‍മ്മികവും മൂല്യപരവുമായ ഒരു ഉള്‍വിപ്ലവത്തിലൂടെ മാത്രമേ ഈ വ്യാജാധിപത്യത്തെ ചെറുക്കുവാനാകൂ. ജനാധിപത്യത്തെ രാഷ്ട്രീയത്തെ ജീവിതത്തെ, ഭാവുകത്വത്തെ നൈതികവല്‍ക്കരിക്കല്‍, സത്യവല്‍ക്കരിക്കല്‍. ജനാധിപത്യത്തിന്റെ പ്രാണപ്രമാണമെന്ന് ഗ്രീക്കുകര്‍ കരുതിയ സത്യം പറയലിന്റെ (parrhesia), സത്യപ്രക്രിയയുടെ രാഷ്ട്രീയത്തെ വീണ്ടെടുക്കല്‍. ഗാന്ധി കാണിച്ചു തന്ന പോലെ, അധികാരത്തിന്റെ വ്യാജകേളിയെ സത്യകേളികളിലൂടെ അട്ടിമറിക്കല്‍, വാക്കില്‍, ചിന്തയില്‍, പ്രയോഗത്തില്‍, ഭാവുകത്വത്തില്‍, രാഷ്ട്രീയത്തില്‍, ജീവിതത്തില്‍, സത്യത്തെ മുറുകെപ്പിടിക്കല്‍. സത്യാനന്തര കാലത്തെ, രാഷ്ട്രീയം നമ്മോടാവശ്യപ്പെടുന്നതിതൊക്കെയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply