സമ്പദ്ഘടന ഉടച്ചുവാര്‍ത്തത് ഡോ മന്‍മോഹന്‍സിംഗ്‌

ആഗോളവല്‍ക്കരണം വൈവിധ്യങ്ങളിലൂടേയും മത്സരത്തിലൂടേയും തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിപണന സാധ്യത സൃഷ്ടിക്കുമെന്നും മെച്ചപ്പെട്ട വില ലഭിക്കാന്‍ ഇടയാക്കുമെന്നും ഭരണകൂടം മാത്രമല്ല, വിവിധ ദേശീയ, പ്രാദേശിക രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രചരിപ്പിച്ചതോടെ മറുവശം ഇല്ലാതായി തീര്‍ന്നു. ഇതോടൊപ്പം പ്രാദേശിക വിപണിയിലേക്കുവരെ കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കുണ്ടായി. കേരളത്തിലെ ഒരു പ്രാദേശികകക്ഷിയായ കേരള കോണ്‍ഗ്രസ്സ് പുതിയ സാമ്പത്തിക നയത്തിന്റെ ഫലമായി റബ്ബറിന് വലിയ വില ലഭിക്കുമെന്നു നടത്തിയ പ്രചാരണം ഓര്‍ക്കുക. മാത്രമല്ല, തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ സ്ഥാനം ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ കയ്യടക്കിയതോടെ, കാര്‍ഷിക – കൈത്തൊഴില്‍ – ചെറുകിട ഉല്‍പ്പാദന മേഖല തകര്‍ച്ചയെ നേരിട്ടു – കെ കെ കൊച്ചിന്റെ ‘സ്വയം പര്യാപ്തതയുടെ സാമ്പത്തികശാസ്ത്രം’ എന്ന ലേഖനത്തിന്റെ നാലാം ഭാഗം

ഇന്ത്യന്‍ സമ്പദ്ഘടനയില്‍ ദൂരവ്യാപകമായ മാറ്റത്തിനാരംഭം കുറിക്കുന്നത് പി വി നരസിംഹറാവു നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിലെ ധനകാര്യ മന്ത്രിയായിരുന്ന ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് അവതരിപ്പിച്ച വ്യവസായ നയ പ്രഖ്യാപനമാണ്. ലോകബാങ്കിന്റെ മുന്‍ ഉദ്യോഗസ്ഥനും പിന്നീട് റിസര്‍വ് ബാങ്കിന്റെ ഗവര്‍ണറമായിരുന്ന അദ്ദേഹം, ഇപ്പോഴും വാഴ്ത്തപ്പെടുന്നത് അത്യുന്നതനായ സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിലാണ്. എന്നാല്‍ ഐഎംഎഫിന്റേയും ലോകബാങ്കിന്റേയും നയങ്ങള്‍ അക്ഷരംപ്രതി നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഒരുദ്യോഗസ്ഥമേധാവിയെന്നതിനപ്പുറമുള്ള പരിവേഷങ്ങള്‍, കോണ്‍ഗ്രസ് നേതൃത്വവും മാധ്യമങ്ങളും ബോധപൂര്‍വം കെട്ടിച്ചമച്ചതാണ് എന്നാണ് അദ്ദേഹത്തിന്റെ സമ്പദ്ഘടനയിലെ ഇടപെടലുകള്‍ വ്യക്തമാക്കുന്നത്.

കോണ്‍ഗ്രസ് ഭരണത്തിലെ തണലില്‍ നിലനിന്ന വന്‍കിട മുതലാളിമാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി സമ്പദ്ഘടനയില്‍ വരുത്തിയ തിരുത്തലുകള്‍ക്കെതിരെ, ജനങ്ങളുടെ ജധിപത്യാഭിലാഷങ്ങളും സമഗ്രവികസനവും സുരക്ഷിതമായ ഭാവിയും ഉറപ്പുവരുത്തുന്ന ഒരു സാമ്പത്തിക നയം മുന്നോട്ട് വയ്ക്കാന്‍ ഇടതുപ്രസ്ഥാനങ്ങള്‍ക്കോ അവരെ പിന്തുണച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍മാര്‍ക്കോ കഴിഞ്ഞില്ല. ഫലമോ ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ചോദ്യം ചെയ്യാനാവാത്ത സാമ്പത്തിക വിദഗ്ധനും അനിഷേധ്യനായ രാഷ്ട്രീയ നേതൃത്വവുമായി മാറിയതിനാലാണ് 2004 – 2014ല്‍ സിപിഎം അടക്കമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ ഒന്നും രണ്ടും യു എ പി എ സര്‍ക്കാരുകളുടെ പ്രധാനമന്ത്രിയായത്. ഇപ്രകാരം ലഭിച്ച സര്‍വസമ്മതിയെ ഊന്നുവടിയാക്കിയതിലൂടെ ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ പട്ടാള സേച്ഛാധിപതികളിലൂടെയും എണ്ണമറ്റ കൂട്ടക്കൊല കളിലൂടെയും അമേരിക്കന്‍ സാമ്രാജ്യത്വം നടപ്പാക്കിയ ഐ എം എഫിന്റേയും ലോകബാങ്കിന്റേയും സാമ്പത്തിക അധീശത്വം ഇന്ത്യക്കുമേല്‍ എതിരഭിപ്രായങ്ങളോ വിമതശബ്ദങ്ങളോ ഇല്ലാതെ നടപ്പാക്കാന്‍ കഴിഞ്ഞു.

ധനകാര്യ മന്ത്രിസ്ഥാനം ഡോ മന്‍മോഹന്‍സിങ്ങ് ഏറ്റെടുക്കുമ്പോള്‍ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളെ അഭിമുഖീകരിക്കുകയായിരുന്നു. തൊട്ടുമുമ്പ് പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന്റെ ഗവണ്‍മെന്റ് 1990 ജൂലൈ മാസത്തെ ഗുരുതരമായ സാമ്പത്തിക വ്യാപാര കമ്മി മൂലം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും ബാങ്ക് ഓഫ് ജപ്പാനിലുമായി ആയി 46.9 ടണ്‍ സ്വര്‍ണം പണയം വെച്ചിരുന്നു. എന്നാല്‍ 1991 ജൂലൈ 8ന് പുതിയ വായ്പ ലഭിക്കാനായി റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരത്തിലുണ്ടായിരുന്നു. 29 ടണ്‍ സ്വര്‍ണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്ക് മാറ്റി 200 ദശലക്ഷം ഡോളര്‍ ലഭ്യമാക്കി. ഇത്തരമൊരു സാഹചര്യത്തില്‍ ധനമന്ത്രി 1991 ജൂലൈ 24ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ വ്യവസായനയത്തിന്റെ ലക്ഷ്യമായി ചൂണ്ടിക്കാട്ടിയത്, വികസിത ശാസ്ത്ര-സാങ്കേതിക ജ്ഞാനംകൊണ്ട് ഉല്‍പാദനമേഖലയെ പരിഷ്‌കരിക്കുകയും ആധുനികവല്‍ക്കരിക്കുകയുമായിരുന്നു. ഇതിനാവശ്യമായ ശാസ്ത്ര സാങ്കേതിക ജ്ഞാനത്തിന്റെ ഇറക്കുമതിയോടൊപ്പം മൂലധനത്തിന്റെ ഇറക്കുമതിയും വ്യവസായത്തിലുള്‍പ്പെട്ടിരുന്നു. പുതിയ നയത്തിന്റെ അംഗീകാരമെന്ന നിലയില്‍, സെപ്തംബര്‍ 12ന് ഐഎംഎഫ് ഇന്ത്യയുടെ വ്യാപാര ശിഷ്ട പ്രതിസന്ധി പരിഹരിക്കുന്നതിനായി 1635 കോടി രൂപ വായ്പയായി അനുവദിച്ചു. ഇപ്രകാരം ഗവണ്‍മെന്റിന്റെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ കഴിഞ്ഞതോടെയാണ് പണയം വെച്ചിരുന്ന സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ കഴിഞ്ഞത്.

രാജ്യം സാമ്പത്തിക പ്രശ്‌നങ്ങളോടൊപ്പം രാഷ്ട്രീയ കുഴപ്പങ്ങളിലൂടെയും കടന്നു പോവുകയായിരുന്നു. അടിയന്തരാവസ്ഥയിലെ അമിതാധികാരത്തിലൂടെ നിലനിന്ന ഇന്ദിരാഗാന്ധിയുടെ സേച്ഛാധിപത്യം 1977ല്‍ അവസാനിച്ചതിനെ തുടര്‍ന്നുള്ള മൂന്നുവര്‍ഷം രാഷ്ട്രീയ അരക്ഷിതത്വത്തിന്റേതായിരുന്നു. ഫലമോ കേന്ദ്രഭരണത്തിന്റെ മുഖമുദ്ര അസ്ഥിരതയുടെതു മാത്രമായിരുന്നില്ല, ദേശീയ – സംസ്ഥാന രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭിന്നിപ്പുകളുടേയും ദുര്‍ബലമായ ഐക്യമുന്നണികളുടെ രൂപീകരണത്തിന്റേതുമായിരുന്നു. ഇത്തരമൊരവസ്ഥ ജനങ്ങളില്‍ വ്യാപകമായ ് അസംതൃപ്തിയും അവിശ്വാസവുമാണ് സൃഷ്ടിച്ചത്. ദേശീയ ജീവിതത്തിലുടനീളം നിലനിന്ന സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന മറ്റൊരു രാഷ്ട്രീയ നേതൃത്വത്തിന്റെ അഭാവത്തില്‍ ചരിത്രനിയോഗമായി കരുത്തുറ്റ ഭരണാധികാരിയും നേതാവുമെന്ന പരിവേഷത്തോടെയാണ് 1980ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി തിരിച്ചെത്തിയത്. എങ്കിലും മുമ്പൊരിക്കലുമില്ലാത്ത സാമൂഹിക രാഷ്ട്രീയ കുഴപ്പങ്ങളാണ് രൂപപ്പെട്ടത്. 1984 ഫെബ്രുവരി 27ന് സിക്കുമതത്തെ ഹിന്ദുമതത്തിന്റെ ഭാഗമായുള്ള നിര്‍വചനം റദ്ദാക്കാനാവശ്യപ്പെട്ട്, അകാലിദള്‍ പ്രവര്‍ത്തകര്‍ ബംഗ്ലാസാഹിബ് ഗുരുദ്വാരക്കുള്ളില്‍ ഭരണഘടനയുടെ ഇരുപത്തിയഞ്ചാം ഖണ്ഡികയുടെ പ്രതികള്‍ കത്തിച്ചു. ഈ പ്രക്ഷോഭം ചോരചിന്തി വളര്‍ന്നാണ് ഖാലിസ്ഥാന്‍ സ്വതന്ത്രരാഷ്ട്ര വാദത്തിനും ഇന്ദിരാഗാന്ധിയുടെ വധത്തിനും അടിസ്ഥാനമായത്. ഇതോടൊപ്പം ആസാമിലും കാശ്മീരിലും ശ്രീലങ്കയിലെ തമിഴ് ജനതകളുടെ പ്രശ്‌നങ്ങളെ മുന്‍നിര്‍ത്തി തമിഴ്‌നാട്ടിലും കലാപ സമാനമായ പ്രക്ഷോഭങ്ങള്‍ നടന്നു. ഗുജറാത്തിലാരംഭിച്ച സംവരണ വിരുദ്ധ സമരം വിവിധ സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നു പിടിച്ചു നിരവധി അക്രമങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമായി. ഇതേ കാലത്താണ് വിശ്വഹിന്ദു പരിഷത്തിന്റെ മുന്‍കൈയില്‍ നടന്നുകൊണ്ടിരുന്ന ബാബറി മസ്ജിദ് -രാമജന്മഭൂമി പ്രശ്‌നത്തെ ബിജെപി ഏറ്റെടുത്ത് ് അഖിലേന്ത്യാ രാഷ്ട്രീയ പ്രക്ഷോഭമാക്കി മാറ്റിയത്. ദേശീയരാഷ്ട്രീയത്തില്‍ രൂപപ്പെട്ട മതപരവും സാമുദായികവുമായ പ്രശ്‌നവല്‍ക്കരണങ്ങളെ ഇന്ദിരാഗാന്ധി നേരിട്ടത് സ്വാതന്ത്ര്യസമരകാലം മുതല്‍ നിലനിന്ന നാനാത്വത്തില്‍ ഏകത്വം എന്ന ദേശീയ സങ്കല്പനത്തെ കൈവിട്ട് ഒറ്റ ഇന്ത്യ, ഒറ്റ ജനത എന്ന ഹിന്ദുത്വ ദേശീയ സങ്കല്പത്തെ സ്ഥാപനവല്‍ക്കരിച്ചായിരുന്നു.

സാമ്പത്തിക മേഖലയും കുഴപ്പങ്ങളില്‍ നിന്ന് മുക്തമായിരുന്നില്ല. എങ്കിലും നെഹ്‌റുവിന്റെ കാലം മുതല്‍ തുടര്‍ന്നു പോന്നിരുന്ന സാമ്പത്തികനയം തിരുത്താന്‍ ഇന്ദിരാഗാന്ധി ഗാന്ധി തയ്യാറാകാതിരുന്നതിനാല്‍ രാജ്യമെമ്പാടും മെച്ചപ്പട്ട വേതനത്തിനും തൊഴില്‍ – സാമ്പത്തിക സുരക്ഷിതത്വത്തിനും വേണ്ടിയുള്ള തൊഴിലാളികളുടെയും കര്‍ഷകരുടെയും ഇടത്തരക്കാരുടെയും പ്രക്ഷോഭങ്ങള്‍ നടന്നു. ഈ മുന്നേറ്റങ്ങളുടെ ഫലമായി കോണ്‍ഗ്രസിന്റെ ഭരണം തകര്‍ച്ചയിലേക്ക് നീങ്ങ്ികൊണ്ടിരിക്കുമ്പോഴാണ് ഇന്ദിരാഗാന്ധി വധിക്കപ്പെടുന്നതും രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതും. രാജ്യത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ നയിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം സമ്പദ്ഘടനയുടെ ആധുനികവല്‍ക്കരണം എന്ന സന്ദേശമാണ് നല്‍കിയത്. ഇതോടൊപ്പം ഇന്ദിരാഗാന്ധിയുടെ ഹിന്ദുത്വ നിലപാടിനെ ബാബരി മസ്ജിദ് – രാമജന്മഭൂമി പ്രശ്‌നത്തിലടക്കം നടപ്പാക്കുകയായിരുന്നു. 1989ല്‍ ബോഫേഴ്‌സ് പ്രശ്‌നത്തില്‍ ആരോപണ വിധേയനായി രാജീവ് ഗാന്ധി പ്രധാനമന്ത്രിപദം ഒഴിഞ്ഞതോടെ വി പി സിംഗ് പ്രധാനമന്ത്രിയായി. അതേസമയം സാമ്പത്തിക പ്രശ്‌നങ്ങള്‍ വന്‍കിടമുതലാളിമാരിലേക്കും കുത്തകകളിലേക്കും പടര്‍ന്നു കയറുകയായിരുന്നു. ഇതോടെ രൂപപ്പെട്ട മത്സരത്തിലൂടെ ഓരോ കുത്തകഗ്രൂപ്പും ശ്രമിച്ചത് സര്‍ക്കാരിനെ വരുതിയിലാക്കി ഉത്പാദന മേഖലയുടെ പരിഷ്‌കരണത്തിനായി ദേശീയ മൂലധനം കയ്യടക്കുകയായിരുന്നു. 1989 ഓഗസ്റ്റ് ഒന്നിന് റിലയന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് കെ പി അംബാനിയെ പോലീസ് പോലീസ് അറസ്റ്റ് ചെയ്യുന്നത് പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ബോംബെ ഡൈയിംഗ് ചെയര്‍മാനെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ചായിരുന്നു. ഈ സംഭവം കുത്തക ഗ്രൂപ്പുകള്‍ക്കിടയിലെ മത്സരത്തിന്റെ ആഴമാണ് വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രി വി പി സിംഗിന് ദേശീയ പ്രശ്‌നങ്ങളോട് വ്യത്യസ്തമായൊരു സമീപനമാണ് ഉണ്ടായിരുന്നത്. 1990 ആഗസ്റ്റ് ഏഴിന് അദ്ദേഹം നടപ്പാക്കിയ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ദൂരവ്യാപകമായ ഫലമുളവാക്കുന്ന പുതിയൊരു ചരിത്രാനുഭവമായിരുന്നു. നാളതുവരെ ഭരണ നിര്‍വഹണത്തില്‍ നിന്നും് അകറ്റി നിറുത്തപ്പെട്ടിരുന്ന പിന്നോക്ക സമുദായങ്ങളുടെ ഭരണ പങ്കാളിത്തത്തോടൊപ്പം സാമ്പത്തിക മേഖലയുടെ പരിഷ്‌കരണവും മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകല്‍ ഉള്‍കൊണ്ടിരുന്നു. അടിത്തട്ടിലെ ജനങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്താനുതകുന്ന വിധമുള്ള നിര്‍ദ്ദേശങ്ങള്‍, രാജ്യവ്യാപകമായി സമഗ്രമായ ഭൂപരിഷ്‌കരണം നടപ്പാക്കുക, ഗ്രാമീണ മേഖലയിലെ കൈത്തൊഴിലുകളേയും ചെറുകിട വ്യവസായങ്ങളേയും ശക്തിപ്പെടുത്തുക, സ്ത്രീ ശാക്തീകരണത്തിനായുള്ള നടപടികള്‍ സ്വീകരിക്കുക എന്നീ കാര്യങ്ങളായിരുന്നു. ഇതോടൊപ്പം വ്യവസായിക മേഖലയില്‍ വന്‍തോതില്‍ തൊഴില്‍ വിന്യാസമുള്ള വസ്ത്ര നിര്‍മ്മാണവും വ്യാപാരവും, ഖനനം, ഭക്ഷ്യസംസ്‌കരണം എന്നിവയ്ക്കാണ് മൂലധനനിക്ഷേപത്തില്‍ പ്രാധാന്യം നല്‍കിയത്. ഈ മേഖലയിലെ ഉടമസ്ഥത മുഖ്യമായും പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങങ്ങള്‍ക്കായിരുന്നു. അതേസമയം ശാസ്ത്ര സാങ്കേതിക ജ്ഞാനം ം വിനിയോഗിക്കേണ്ടതും ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നിര്‍മിക്കപ്പെടുന്നതുമായ യന്ത്രഭാഗങ്ങള്‍ കൊണ്ട് സംയോജിക്കപ്പെടുന്നതുമായ (assembling) ് ടിവി, കമ്പ്യൂട്ടര്‍, വാഹനങ്ങള്‍ എന്നിവയില്‍ വന്‍തോതിലുള്ള മൂലധനനിക്ഷേപിനുള്ള സമ്മര്‍ദ്ദവും നിലനിന്നിരുന്നു. കായികാധ്വാനം ചെയ്യുന്ന, തൊഴിലെടുക്കുന്നവര്‍ കുറവായതും പരിമിതമായ ബൗദ്ധിക അധ്വാനം മാത്രം ആവശ്യമായതുമായ ഈ മേഖലയിലെ അധീശത്വം ബ്രാഹ്മണരുള്‍പ്പെടുന്ന സവര്‍ണ്ണ വിഭാഗങ്ങള്‍ക്കായിരുന്നു. സ്വന്തം വ്യവസായമേഖലയില്‍ കൂടുതലായുള്ള മൂലധന നിക്ഷേപം വേണമെന്ന വാദത്തിനാധാരം സമ്പദ് ഘടനയില്‍ ആധിപത്യമുറപ്പിക്കുകയായിരുന്നില്ല, മറിച്ച് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ പങ്കാളിത്തം നിഷേധിക്കാനും ദുര്‍ബലപ്പെടുത്താനുമായിരുന്നു. ഇപ്രകാരം സവര്‍ണ്ണ ഹിന്ദുത്വ താല്പര്യമുള്‍കൊണ്ടിരുന്നതിനാലാണ് കുത്തകപത്രങ്ങളടേയും സവര്‍ണ്ണ ബുദ്ധിജീവികളുടെയും മുന്‍കൈയില്‍ മണ്ഡല്‍ വിരുദ്ധ സമരം നടന്നത്.

മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭത്തിന്‍െ മുന്‍നിരയില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഇടതു വലതു കമ്യൂണിസ്റ്റ് പാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും അണി നിരന്നതോടെ 1990 നവംബര്‍ 10ന് വി പി സിംഗിന് രാജിവെക്കേണ്ടിവന്നു. തുടര്‍ന്ന് അധികാരത്തിലെത്തിയ ചന്ദ്രശേഖറിന് ദേശീയമോ രാഷ്ട്രീയമോ ആയ പ്രാതിനിധ്യമില്ലാതിരുന്നതിനാല്‍ സമ്പദ്ഘടനയില്‍ കാര്യമായി ഇടെപെടാന്‍ കഴിഞ്ഞില്ല. ഈയൊരു സാഹചര്യത്തിലാണ് ഡോ മന്‍മോഹന്‍ സിംഗ് പുതിയ വ്യവസായിക നയം പ്രഖ്യാപിച്ചത്. ഇതോടെയാണ് സമ്പദ്ഘടനയെ ഐ എം എഫിനും ലോകബാങ്കിനും വിധേയമാക്കുന്നത്. വിപണിയുടെ മേലുള്ള നിയന്ത്രണം വിദേശമൂലധനത്തിനും അവരോട് സഖ്യം ചെയ്ത ഇന്ത്യയിലെ കോര്‍പ്പറേറ്റുകള്‍ക്കും ലഭിക്കുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ സഹായത്തോടെ കുത്തിയൊഴുകിയ വിദേശമൂലധനം കഴുകനെ പോലെ കൊത്തിയെടുത്തത് വ്യവസായ മേഖലയിലെ കുത്തകകളാണ്. ഈ കുത്തകകള്‍ ഹൈടെക് ഉല്‍പ്പന്നങ്ങളുടേയും സാങ്കേതിക ജ്ഞാനം അവശ്യ ഉല്‍പ്പാദന മേഖലയിലുമാണ് അധീശത്വം വഹിച്ചത്. തൊഴിലെടുക്കുന്നവരും ചെറുകിട സ്വത്തുടമസ്ഥരും കുറവായതിനാലും വിപണിയെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതിനാലും വന്‍തോതില്‍ മൂലധനം കയ്യടക്കാന്‍ കഴിഞ്ഞു. മാത്രമല്ല കയറ്റുമതിയും ഇറക്കുമതിയും ഉദാരവല്‍ക്കരിക്കപ്പെട്ടതോടെ രാജ്യത്തിന്റെ വിഭവങ്ങളും വിലകുറഞ്ഞ അധ്വാനവും വന്‍തോതില്‍ കയറ്റുമതി ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ സബ്‌സിഡികളുടെ അഭാവത്തില്‍ നിര്‍മ്മിതമോ അല്ലാത്തതോ ആയ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയും സാദ്ധ്യമായി. ഇതോടെ തദ്ദേശീയരും വിദേശീയരുമായ കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടി കമ്പോളം അതിരുകളില്ലാത്ത ലോകവിപണിയായി പരിവര്‍ത്തനപ്പെട്ടു.

ആഗോളവല്‍ക്കരണം വൈവിധ്യങ്ങളിലൂടേയും മത്സരത്തിലൂടേയും തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍തോതില്‍ വിപണന സാധ്യത സൃഷ്ടിക്കുമെന്നും മെച്ചപ്പെട്ട വില ലഭിക്കാന്‍ ഇടയാക്കുമെന്നും ഭരണകൂടം മാത്രമല്ല, വിവിധ ദേശീയ, പ്രാദേശിക രാഷ്ട്രീയപ്രസ്ഥാനങ്ങളും പ്രചരിപ്പിച്ചതോടെ മറുവശം ഇല്ലാതായി തീര്‍ന്നു. ഇതോടൊപ്പം പ്രാദേശിക വിപണിയിലേക്കുവരെ കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ കുത്തൊഴുക്കുണ്ടായി. കേരളത്തിലെ ഒരു പ്രാദേശികകക്ഷിയായ കേരള കോണ്‍ഗ്രസ്സ് പുതിയ സാമ്പത്തിക നയത്തിന്റെ ഫലമായി റബ്ബറിന് വലിയ വില ലഭിക്കുമെന്നു നടത്തിയ പ്രചാരണം ഓര്‍ക്കുക. മാത്രമല്ല, തദ്ദേശീയ ഉല്‍പ്പന്നങ്ങളുടെ സ്ഥാനം ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ കയ്യടക്കിയതോടെ, കാര്‍ഷിക – കൈത്തൊഴില്‍ – ചെറുകിട ഉല്‍പ്പാദന മേഖല തകര്‍ച്ചയെ നേരിട്ടു. വിഭവങ്ങളുടെ സംസ്‌കരണത്തിനാവശ്യമായ ശാസ്ത്ര – സാങ്കേതിക ജ്ഞാനവും മൂലധനവും വിപണനസാധ്യതകളും താഴേക്കരിച്ചിറങ്ങാതിരുന്നതിനാല്‍ സംസ്‌കരണം അസാധ്യമായി. ഇപ്രകാരം ഉല്‍പ്പാദനമേഖലയുടെ തകര്‍ച്ചക്ക് വഴിതെളിച്ച പുതിയ. സാമ്പത്തിക നയത്തിലൂടെ വ്യവസായ കുത്തകകളില്‍ സമ്പത്ത് കുമിഞ്ഞുകൂടിയതോടെ കാര്‍ഷിക മേഖല പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞു. മേഖലയുടെ സ്വതന്ത്രവികാസത്തിന് സഹായകമായ നടപടികളുടെ അഭാവത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള അവസ്ഥ തുടരുകയായിരുന്നു. വിത്തുകള്‍, വളം, കാര്‍ഷിക യന്ത്രോപകരണങ്ങള്‍ എന്നിവയുടെ വിതരണം കുത്തകകളില്‍ നിക്ഷിപ്തമായതോടെ മണ്ണിന്റെ ഗുണമേന്മ നഷ്ടപ്പെട്ടു. പരിസ്ഥിതി വിനാശവും തകര്‍ച്ചയുടെ ഗതിവേഗമിരട്ടിപ്പിച്ചു. കൊളോണിയല്‍ കാലത്തെ അനുസ്മരിപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി മൂന്നരലക്ഷം കര്‍ഷകരാണ് ആത്മഹത്യയിലഭയം തേടിയത്.

വ്യവസായ മേഖലയില്‍ പരന്നൊഴുകിയ മൂലധനം, വന്‍കിട കെട്ടിടങ്ങള്‍, തുറമുഖങ്ങള്‍, അണകെട്ടുകള്‍, വാഹനങ്ങള്‍ എന്നിവയുടെ നിര്‍്മ്മാണത്തിനുതകിയപ്പോള്‍. അസംസ്‌കൃത വസ്തുക്കളുടെ നീക്കത്തിനും ഉല്‍പ്പന്ന വിപണനത്തിനുമാവശ്യമായ റോഡുകള്‍, പാലങ്ങള്‍ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കല്‍ സര്‍ക്കാരിന്റെ കടമയായി മാറി. അതുകൊണ്ടാണ് പുതിയ വികസനനയം അടിസ്ഥാന സൗകര്യങ്ങളുടെ പെരുപ്പത്തില്‍ അധിഷ്ഠിതമായി തീര്‍ന്നത്.

(തുടരും)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply