ഇന്ത്യന്‍ ഭരണഘടന: പുനര്‍ വായിക്കപ്പെടേണ്ട ഫെമിനിസ്റ്റ് മാനിഫെസ്റ്റോ

ഇന്ത്യയിലെ ജാതിവ്യവസ്ഥ എന്നത് ബ്രാഹ്മണ കല്പിതമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥ തന്നെയാണ്. ജാതിവ്യവസ്ഥയുടെ രണ്ട് പ്രധാന ഇരകളാണ് സ്ത്രീകളും ദലിതരും. ജാതിവ്യവസ്ഥയെ ഒരു തലമുറയില്‍ നിന്ന് അടുത്തതിലേക്ക് സംക്രമിപ്പിക്കുന്നത് സ്ത്രീയുടെ ഗര്‍ഭപാത്രമാകയാലാണ് അവര്‍ സ്ത്രീയെ തങ്ങളുടെ നിയന്ത്രണത്തില്‍ ഒതുക്കി നിര്‍ത്താനുള്ള വ്യവസ്ഥകള്‍ ചെയ്തിരുന്നത്. ജാതിവ്യവസ്ഥയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യാനും ഇല്ലായ്മ ചെയ്യാനും ഉള്ള പ്രാപ്തി പുരോഗമനചിന്തയുള്ള സ്ത്രീയുടെ ഗര്‍ഭപാത്രത്തിനുണ്ട് എന്ന അവരുടെ ജാഗ്രതയാണ് അത്തരത്തിലുള്ള പുരോഗമന ബോധ്യങ്ങളിലേക്ക് സ്ത്രീകള്‍ കടന്നുവരാനുള്ള സാഹചര്യങ്ങളെയെല്ലാം സൂക്ഷ്മതയോടുകൂടി ഒഴിവാക്കി നിര്‍ത്തിയിരുന്നത്.

ലോകത്തിലെ മറ്റൊരു ഭരണഘടനയ്ക്കും അവകാശപ്പെടാനാവാത്ത ഒരു സവിശേഷത ഇന്ത്യന്‍ ഭരണഘടനയ്ക്കുണ്ട്. അതിന്റെ മുഖ്യ ശില്പി ഒരു കറതീര്‍ന്ന ഫെമിനിസ്റ്റാണ് എന്നതാണ് ആ പ്രത്യേകത. ലോകത്താകമാനം വളര്‍ന്നു തുടങ്ങിയിരുന്ന സ്ത്രീവാദ പ്രസ്ഥാനങ്ങളെയും മുന്നേറ്റങ്ങളെയും അവര്‍ മുന്നോട്ടുവെച്ച ആശയങ്ങളെയും കൃത്യമായ സ്ത്രീപക്ഷ വീക്ഷണത്തോടു കൂടി ഉള്‍ക്കൊള്ളാനും ഭരണഘടനാ നിര്‍മ്മാണ ഘട്ടത്തില്‍ ആ ആശയങ്ങളെ പ്രയോഗ തലത്തിലെത്തിക്കാനും ഡോ: അംബേദ്കര്‍ക്ക് സാധിച്ചിരുന്നു. വിദ്യാഭ്യാസത്തിലും സ്വത്തധികാരത്തിലും രാഷ്ട്രീയ അധികാരത്തിലും എന്നു വേണ്ട ജീവിതത്തിന്റെ സമസ്ത മേഖലകളിലും സ്ത്രീകള്‍ക്ക് ലഭിക്കേണ്ടുന്ന തുല്യതയെന്ന വിഷയത്തെ നേടുന്ന ഏറ്റവും ആധുനിക മൂല്യബോധത്തോടെയാണ് അദ്ദേഹം സമീപിച്ചിരുന്നത്.

സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക മാത്രമല്ല നിയമ നിര്‍മ്മാണ ഘട്ടത്തില്‍ അവയ്ക്ക് പരമ പ്രാധാന്യം കല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയുടെ നിയമ വ്യവസ്ഥ ലോകത്തില്‍ ഏറ്റവും അധികം സ്ത്രീ സുരക്ഷാ നിയമങ്ങളുള്ള ഒന്നായതില്‍ ചെറുതല്ലാത്ത പങ്ക് ഡോ: അംബേദ്കര്‍ക്കുണ്ട്. ജാതിവ്യവസ്ഥയുടെ രണ്ട് പ്രധാന ഇരകള്‍ എന്നാണ് അദ്ദേഹം അയിത്തജാതിക്കാരെയും സ്ത്രീകളെയും നിര്‍ണയിച്ചത്. ജാതിവ്യവസ്ഥയെ ഒരു തലമുറയില്‍നിന്ന് അടുത്ത തലമുറയിലേക്ക് ഗര്‍ഭം വഴി പകരുന്നവര്‍ എന്ന നിലയ്ക്കു ജാതിവ്യവസ്ഥയുടെ നിലനില്‍പ്പും സ്ത്രീയുടെ പുരോഗമന ചിന്തയും തമ്മിലുള്ള ബന്ധത്തെപ്പറ്റി കൃത്യമായ ബോധ്യവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ത്യന്‍ സ്ത്രീയുടെ സമത്വത്തിനും തുല്യാവകാശം വേണ്ടി നിലകൊണ്ട ചുരുക്കം ചില നേതാക്കളേ നമുക്കുള്ളൂ .ശ്രീബുദ്ധന്‍ ,ജോതിറാവു ഫുലെ ,സാവിത്രിബായ് ഫുലെ
ഈ വി രാമസ്വാമി ,ഡോക്ടര്‍ അംബേദ്കര്‍ ,മഹാത്മാ അയ്യന്‍കാളി എന്നിങ്ങനെ വിരലിലെണ്ണാവുന്നവര്‍! ഇവരില്‍നിന്ന് ഡോക്ടര്‍ അംബേദ്കര്‍ക്കുള്ള വ്യത്യസ്തത അദ്ദേഹത്തിന് തന്റെ ശ്രമങ്ങളെ സ്ത്രീകളുടെ അവകാശങ്ങളും സംരക്ഷണ ഉപാധികളായ നിയമങ്ങളും നിയമങ്ങളും ആക്കി മാറ്റാന്‍ ഭരണഘടനയിലൂടെസാധിച്ചു എന്നതാണ്.

ഹിന്ദു ശാസ്ത്രങ്ങളും സ്മൃതികളും അനുശാസിച്ചിരുന്ന നിയമവ്യവസ്ഥകള്‍ക്കുംവിലക്കുകള്‍ക്കും അകത്തു സ്വതന്ത്ര ബോധമോ ചിന്തയോ പോലും വിലക്കപ്പെട്ട്മൃഗതുല്യമായ അടിമ ജീവിതം നയിച്ചിരുന്ന ഇന്ത്യന്‍ സ്ത്രീകള്‍ക്ക് അവസാനിപ്പിക്കുവാനാകണം എങ്കില്‍ അവളെ വിദ്യാഭ്യാസം ചെയ്യിക്കുകയേ നിവൃത്തിയുള്ളൂ എന്ന് അദ്ദേഹംകൃത്യമായി തിരിച്ചറിഞ്ഞിരുന്നു. സ്ത്രീശാക്തീകരണം എന്നത് ബഹുതല സ്പര്‍ശിയും വിഭിന്ന മാര്‍ഗ്ഗങ്ങളിലൂടെ മാത്രം സാധ്യമാകുന്ന ഒന്നും തന്നെയാണ് എന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ അംബേദ്കര്‍ അതിനുള്ള ഏറ്റവും കരുത്തുറ്റ ആയുധമെന്ന് തന്നെയാണ് വിദ്യാഭ്യാസത്തെ പരിഗണിച്ചിരുന്നത് . സ്ത്രീകള്‍ക്ക് വിദ്യാഭ്യാസപരമായി അക്കാലം വരെ നിലനിന്നിരുന്ന വിലക്കുകള്‍ എടുത്തു മാറ്റാനും വിദ്യാഭ്യാസം സാര്‍വത്രികമാക്കാനുമുള്ള ഇടപെടലുകളായിരുന്നു അവയില്‍ പ്രധാനം.
പുരോഗതി നേടിയ സമൂഹം എന്നാല്‍ അതിനര്‍ത്ഥം പുരോഗതി നേടിയ സ്ത്രീകള്‍ എന്നുതന്നെ ആണ് എന്ന അദ്ദേഹം ഉറപ്പിച്ചു പറഞ്ഞതുംഅക്കാരണം കൊണ്ടുതന്നെയാണ് .

ഡോക്ടര്‍ അംബേദ്കറുടെ സ്ത്രീ ദര്‍ശനത്തിന് ബുദ്ധമതത്തിലെ സ്ത്രീപക്ഷ ദര്‍ശനങ്ങളുമായി അഭേദ്യബന്ധമുണ്ട്. മനുവിന്റെയും ബുദ്ധന്റെയും സ്ത്രീ വീക്ഷണങ്ങളിലെ വിപരീതത്വം ഡോക്ടര്‍ അംബേദ്കര്‍ തന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും ആവര്‍ത്തിച്ചു പറയാറുണ്ട് .ബുദ്ധന്‍ സ്ത്രീകളോട് തികഞ്ഞ ബഹുമാനത്തോടും സ്‌നേഹത്തോടുംകൂടി ഇടപെടണമെന്ന് ഉപദേശിക്കുകയും സ്ത്രീയുടെ ലിംഗപദവിയെ വിലകുറച്ച് വില കുറച്ച് കാണരുതെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു .അദ്ദേഹം സ്ത്രീകള്‍ക്ക് ധമ്മവും തത്ത്വചിന്തയും ഉപദേശിച്ചിരുന്നു .വൈശാലിയിലെ അമ്രപാലിയെയും വിശാഖയെയുംഗൗതമിയെയും റാണി മല്ലികയെയും പ്രസേനജിത്തിന്റെ റാണിയേയും പോലുള്ള സ്ത്രീകള്‍ ബുദ്ധനെ ധമ്മ ദീക്ഷയ്ക്കായി സമീപിച്ചതും അദ്ദേഹം അവര്‍ക്ക് ധമ്മം ഉപദേശിച്ചതായുംഉള്ള കഥകള്‍ ഡോക്ടര്‍ അംബേദ്കര്‍ ഉദ്ധരിക്കാറുണ്ട്. ഡോക്ടര്‍ അംബേദ്കര്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് നല്‍കിയ പ്രാധാന്യം ഇതേ ബൗദ്ധദര്‍ശനത്തിന്റെ തന്നെ തുടര്‍ച്ചയായി കാണാവുന്നതാണ് .

സ്ത്രീക്ക് വിദ്യാഭ്യാസം നല്‍കുന്നതും പുരുഷന് വിദ്യാഭ്യാസം നല്‍കുന്നതും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ബാബാസാബ് ഡോക്ടര്‍ അംബേദ്കര്‍ പറയുന്നത് ഇപ്രകാരമാണ്;’ ഒരു ആണ്‍കുട്ടിക്ക് വിദ്യാഭ്യാസം നല്‍കുമ്പോള്‍ അത് ഒരുവ്യക്തിക്ക് മാത്രമാണ് നല്‍കപ്പെടുന്നത് എന്നാല്‍ ഒരു പെണ്‍കുട്ടിക്ക് വിദ്യാഭാസം നല്‍കുമ്പോള്‍ അത് നല്‍കപ്പെടുന്നത് അവള്‍ ഉള്‍പ്പെടുന്ന കുടുംബത്തിന് മുഴുവനായാണ് ‘
. ലക്ഷ്യങ്ങളെയും അടിസ്ഥാന തത്വങ്ങള്‍ അടിസ്ഥാന തത്വങ്ങളെയും എല്ലാംസമഗ്രമായി ഉള്‍ക്കൊള്ളുന്ന സുപ്രധാന രേഖയാണ്. മൗലികാവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഇടത്താണ് ഭരണഘടന ആദ്യമായി സ്ത്രീയെ അഭിസംബോധന ചെയ്യുന്നത്. അത് ഇങ്ങനെയാണ് ”മതത്തിന്റെയോ ലിംഗത്തിന്റെയോ അല്ലെങ്കില്‍ അവയിലേതെങ്കിലും ഒന്നിന്റെയോ അടിസ്ഥാനത്തില്‍ ഭരണകൂടം പൗരന്മാരോട് വിവേചനം കാണിക്കില്ല .എന്നാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതില്‍ നിന്ന് ഇത് ഭരണകൂടത്തെ തടസപ്പെടുത്തുന്നില്ല.’ മൗലിക അവകാശങ്ങളെ കുറിച്ചുള്ള പ്രാഥമികമായ വിവരണത്തില്‍ തന്നെ ഇത്രയും വ്യക്തവും കൃത്യവുമായി സ്ത്രീയുടെ അവകാശമെന്ന്, തുല്യതയെ സമതയെ അടയാളപ്പെടുത്തിയിരിക്കുന്നു ഇന്ത്യന്‍ ഭരണഘടനയില്‍.

വിദ്യാഭ്യാസത്തിലും സ്വത്ത് അധികാരത്തിലും രാഷ്ട്രീയ അധികാരത്തിലും എന്നുവേണ്ട ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്ത്രീകള്‍ക്ക് ലഭിക്കേണ്ടുന്ന തുല്യനീതി എന്ന വിഷയത്തെ വളരെ ആധുനികമായ മൂല്യബോധത്തോടെ യാണ് അദ്ദേഹം ഉള്‍കൊണ്ടിരുന്നത്.
ഒരു ഇന്ത്യന്‍ പൗരന് തന്റെപൗരത്വത്തിന്റെ അടിസ്ഥാന അവകാശമെന്ന് സ്ഥാപിക്കാന്‍ ആവുന്ന ഒന്നാണ് പ്രായപൂര്‍ത്തി വോട്ടവകാശം. അന്നുവരെ നികുതി അടയ്ക്കാന്‍ മാത്രം ഭൂസ്വത്ത് ഉള്ള പുരുഷനു മാത്രം പ്രാപ്തമായിരുന്ന വോട്ട് അവകാശത്തെ സ്ത്രീപുരുഷ ഭേദമില്ലാതെ പ്രായപൂര്‍ത്തി എന്ന ഒറ്റ മാനദണ്ഡം മാത്രം അടിസ്ഥാനമാക്കി നിയമപരമായ അവകാശമാക്കി വ്യവസ്ഥ ചെയ്യാന്‍വേണ്ടി ശബ്ദിച്ചത് ബാബാസാഹേബ് അംബേദ്കര്‍ ആണ്. അതിനെതിരെ ഇന്ന് മോദിസര്‍ക്കാര്‍ കോടികളുടെ പ്രതിമ സ്ഥാപിച്ച ആഘോഷിച്ച ആദരിച്ച സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അടക്കമുള്ളവര്‍ വലിയ എതിര്‍പ്പാണ് നിയമസഭയില്‍ അടക്കം ഉന്നയിച്ചത്. മൊണ്ടേഗു ചെംസ്‌ഫോര്‍ഡ് റിഫോംസ് മാത്രമായിരുന്നു അതുവരെ ഇന്ത്യയിലെ ചുരുക്കം ചില പ്രവിശ്യകളില്‍ എങ്കിലും പ്രായപൂര്‍ത്തി വോട്ടവകാശം നാമമാത്രമായെങ്കിലും നടപ്പിലാക്കിയത്. ഡോക്ടര്‍ അംബേദ്കര്‍, പ്രായപൂര്‍ത്തി വോട്ടവകാശം വഴി ഇന്ത്യ മുഴുവനും ബാധകമായ നിയമമായത് വ്യവസ്ഥ ചെയ്തപ്പോള്‍ സ്ഥാപിക്കപ്പെട്ടത് മൗലികാവകാശമായി വാഗ്ദാനം ചെയ്യപ്പെട്ട സമതയുടെ ആദ്യ ജനാധിപത്യ അടിസ്ഥാനം തന്നെ ആയിരുന്നു . ആര്‍ട്ടിക്കിള്‍ 326 പ്രകാരം പ്രായപൂര്‍ത്തി വോട്ടവകാശം നിയമപരമായ അവകാശമായി സ്ഥാപിച്ചതിന് പുറമേ ഇന്ത്യന്‍ സ്ത്രീയുടെ ആത്മാഭിമാനത്തെ അന്തസുള്ള ജീവിതത്തിനും അടിസ്ഥാനമാകുന്ന ഒട്ടേറെ നിയമ പരിരക്ഷകള്‍ ഡോക്ടര്‍ അംബേദ്കറുടെ ശ്രമഫലമായി ഭരണഘടനയില്‍ സാധിച്ചു. സ്ത്രീ തൊഴില്‍ സംരക്ഷണ നിയമം, പിതൃസ്വത്തിന്‍മേലുള്ള അവകാശം, പ്രായപൂര്‍ത്തി വിവാഹ നിയമം, ജീവനാംശ അവകാശം, തുല്യവേതനാവകാശം, പ്രസവകാല വേതനാവകാശം,സ്ത്രീകളെ കൊണ്ട്അപകടകരമായ ഖനികളില്‍ തൊഴിലെടുപ്പിക്കുന്നത് വിലക്കുന്ന നിയമം, തുടങ്ങി ഇന്നും ഇന്ത്യന്‍ സ്ത്രീയുടെ അന്തസ്സോടെയുള്ള ജീവിതം സാധ്യമാക്കുന്ന സംരക്ഷണ വ്യവസ്ഥകള്‍ ഉള്‍ച്ചേര്‍ന്ന ഇന്ത്യന്‍ ഭരണഘടന പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരു ഫെമിനിസ്റ്റ് മാനിഫെസ്റ്റോ തന്നെയാണ്.

educate, agitate ,organaise ഈ ആപ്തവാക്യം ഡോക്ടര്‍ അംബേദ്കറുടേതാണ്. ഇത് പില്‍ക്കാലത്ത് എസ്എഫ്‌ഐ അതിന്റെ ആപ്തവാക്യമായി സ്വീകരിച്ചു .ഡോക്ടര്‍ അംബേദ്കര്‍ ഈ വാക്യത്തിന് ഒരു അധിക വിശദീകരണവും നല്‍കിയിട്ടുണ്ട് .അതാണ് പ്രധാനം’ education is fruitless without educated women, agitation is incomplete without the Strength of women. and organisations are meaningless without the accompaniment of women ‘സ്ത്രീകള്‍ക്ക് നല്‍കപ്പെടുന്നില്ല എങ്കില്‍ വിദ്യാഭ്യാസമെന്നത് സമൂഹത്തിന് ഒരു ഗുണവും ചെയ്യില്ല. സ്ത്രീകളുടെ പങ്കാളിത്തത്തോടുകൂടിയല്ലാത്ത ഏതു സമരവും അപൂര്‍ണ്ണമാണ് .സ്ത്രീകളുടെ പങ്കാളിത്തമില്ലാത്ത കൂട്ടായ്മകള്‍ അര്‍ത്ഥരഹിതമാണ് .

നവോത്ഥാന പ്രക്ഷോഭങ്ങളും സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും കലാപങ്ങളും സ്ത്രീപുരുഷന്മാരുടെ തുല്യ പങ്കാളിത്തത്തോടെയാണ് നടന്നതെങ്കിലും പുരുഷകര്‍തൃത്വങ്ങള്‍ മാത്രമാണ് ചരിത്രത്തില്‍ ഇടംനേടിയത്. ചാന്നാര്‍ ലഹളയില്‍, കല്ലമാല സമരത്തില്‍, ഊഴിയവേല വിരുദ്ധ സമരത്തില്‍ ഒക്കെ നേതൃത്വപരമായ പങ്കുവഹിച്ച കീഴാളസ്ത്രീസാന്നിധ്യങ്ങള്‍ അപ്പാടെ മറയ്ക്കപ്പെട്ടു പോവുകയായിരുന്നു. രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒരേ ഒരുപേര് ചേര്‍ത്തലക്കാരിയായ നങ്ങേലിയുടേതാണ്. എന്നാല്‍ നങ്ങേലിയുടെ കഥ കെട്ടുകഥയാണ് എന്നാണ് സവര്‍ണ്ണ സംഘ അവകാശവാദം . യഥാര്‍ത്ഥ ചരിത്രത്തെ കെട്ടുകഥകള്‍ ആക്കാനും കെട്ടുകഥകളെ യഥാര്‍ത്ഥ ചരിത്രമെന്ന് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ എക്കാലവും അവര്‍ നടത്തിയിട്ടുണ്ട്.
നവോത്ഥാനസമരങ്ങളുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും സ്ത്രീകള്‍ക്കുണ്ടായ അടയാള അദൃശ്യതപക്ഷേ ഹിന്ദുസമുദായ പരിഷ്‌കരണവുമായി ബന്ധപ്പെട്ട പുരോഗമന നിലപാടുകളെ പിന്തുണച്ച് പ്രവര്‍ത്തിച്ച സവര്‍ണ്ണ സ്ത്രീകള്‍ക്ക് ഉണ്ടായില്ല. അതു അതുകൊണ്ടാണല്ലോ പാര്‍വതി നെന്മേനി മംഗലവും പാര്‍വതി മനാഴിയും ആര്യാ പള്ളവും ഒക്കെ കേരളത്തിലെ നവോത്ഥാന ചരിത്രത്തില്‍ പേരുകളായെങ്കിലും ഇടം പിടിച്ചതും ഒരു കീഴാള സ്ത്രീയുടെ പേരു പോലും ആ ചരിത്രത്തില്‍ ഇല്ലാതെ പോയതും. അടയാളപ്പെടുത്തപ്പെട്ട പേരുകള്‍ ചരിത്രത്തിന്റെ ഭാഗമായി അവശേഷിക്കുന്നതില്‍ സന്തോഷം തീര്‍ച്ചയായുമുണ്ട്. എന്നാല്‍ രേഖപ്പെടുത്തപ്പെട്ടതു മാത്രമല്ല എന്നും അനാചാരങ്ങള്‍ക്കും മതങ്ങള്‍ക്കും ജാതികള്‍ക്കും വേണ്ടി കൊലചെയ്യപ്പെട്ട പതിനായിരക്കണക്കിന് സ്ത്രീകളുടെ അടയാളപ്പെടാത്ത ആത്മത്യാഗങ്ങളുടേതു കൂടിയാണ്.
ഇക്കഴിഞ്ഞ കാലംവരെ സമുദായ പരിഷ്‌കര്‍ത്താക്കള്‍ എന്ന് അഭിസംബോധന ചെയ്യപ്പെട്ടിരുന്ന മഹാത്മാ അയ്യന്‍കാളിയെയും ശ്രീനാരായണ ഗുരുവിനെയും നവോത്ഥാന നായകര്‍ എന്ന് തിരുത്തി വിളിക്കാന്‍ കാണിച്ച ആര്‍ജ്ജവത്തോടെ അടയാളപ്പെടാനനുവദിക്കാത്ത പെണ്‍പോരാട്ടങ്ങളെ പുനര്‍വായനക്കെടുക തന്നെ ചെയ്യും പുതിയ കാലം!

സമരങ്ങളിലും സാമൂഹ്യ ഇടപെടലുകളും സ്ത്രീകളുടെ പങ്കാളിത്തവും സജീവ നേതൃത്വവും ഉറപ്പുവരുത്താന്‍ എക്കാലവും ശ്രദ്ധിച്ചിരുന്ന നേതാവാണ് ഡോ: അംബേദ്കര്‍. സമൂലമാറ്റങ്ങളിലേക്ക് സമൂഹത്തെ നയിക്കുവാന്‍ സ്ത്രീകള്‍ക്കേ കഴിയൂ എന്നദ്ദേഹം ഉറപ്പിച്ചുപറയുകയും ചെയ്തു. 1927 ല്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന മഹാഡ് സത്യാഗ്രഹത്തില്‍ 25000 സ്ത്രീകള്‍ പങ്കെടുത്തിരുന്നു .ആ വേദിയില്‍ വെച്ചാണ് അദ്ദേഹം മനുസ്മൃതി കത്തിക്കുന്നത്. അതിനദ്ദേഹം പറഞ്ഞ കാരണമാണ് ശ്രദ്ധിക്കേണ്ടത്
‘സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും പരമ വിനാശകാരിയായ നിയമം എന്ന നിലയ്ക്കാണ് ഞാന്‍മനുസ്മൃതി കത്തിക്കുന്നത് ‘

.സവര്‍ണ്ണ ഹിന്ദു വര്‍ഗീയത സൃഷ്ടിച്ചിരിക്കുന്ന കപടമായ ഹിന്ദു സാമാന്യബോധം എത്തരത്തിലാണ് സമൂഹത്തെ അപകടപരമായി ബാധിച്ചിരിക്കുന്നത് എന്ന തിരിച്ചറിവ് ഈ ഒരു ഘട്ടത്തിലെങ്കിലും ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഹിന്ദു സാമാന്യബോധം ആണ് യഥാര്‍ത്ഥത്തില്‍ ഹൈന്ദവ ഫാസിസത്തിന് അടിസ്ഥാനം. ഇന്ത്യന്‍ പൗരബോധം അഥവാ ഇന്ത്യന്‍ സാമാന്യബോധം എന്നത് ഹിന്ദു സാമാന്യബോധമായി പരിവര്‍ത്തി പ്പിക്കാനുള്ള സംഘപരിവാറിന്റെ ജാഗ്രതയോടുകൂടി ശ്രമങ്ങളാണ് എക്കാലത്തും ഹൈന്ദവ ഫാസിസം വളര്‍ത്തിയതും അതുവഴി ഇന്ത്യയിലെ സ്ത്രീകളുടെ ദലിതരുടെയും മുസ്ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെയും അതിജീവനവും മുന്നോട്ടുപോകും ആശങ്കയിലാഴ്ത്തിയതും. ദലിതര്‍ ഹൈന്ദവതയുടെ കപട ചേര്‍ത്തു പിടിക്കലില്‍ നിന്ന് കുതറിമാറിയാണ് അത്തരം ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചത്.ക്രൈസ്തവ ,മുസ്ലിം ന്യൂനപക്ഷങ്ങള്‍ തങ്ങളുടെ സ്വത്വബോധത്തില്‍ ഉറച്ച രാഷ്ട്രീയ നിലപാടുകളിലൂടെയും അതിനെ പ്രതിരോധിച്ചു.

ഇന്ത്യയിലെ ജാതിവ്യവസ്ഥ എന്നത് ബ്രാഹ്മണ കല്പിതമായ ചാതുര്‍വര്‍ണ്യ വ്യവസ്ഥ തന്നെയാണ്. ജാതിവ്യവസ്ഥയുടെ രണ്ട് പ്രധാന ഇരകളാണ് സ്ത്രീകളും ദലിതരും. ജാതിവ്യവസ്ഥയെ ഒരു തലമുറയില്‍ നിന്ന് അടുത്തതിലേക്ക് സംക്രമിപ്പിക്കുന്നത് സ്ത്രീയുടെ ഗര്‍ഭപാത്രമാകയാലാണ് അവര്‍ സ്ത്രീയെ തങ്ങളുടെ നിയന്ത്രണത്തില്‍ ഒതുക്കി നിര്‍ത്താനുള്ള വ്യവസ്ഥകള്‍ ചെയ്തിരുന്നത്. ജാതിവ്യവസ്ഥയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യാനും ഇല്ലായ്മ ചെയ്യാനും ഉള്ള പ്രാപ്തി പുരോഗമനചിന്തയുള്ള സ്ത്രീയുടെ ഗര്‍ഭപാത്രത്തിനുണ്ട് എന്ന അവരുടെ ജാഗ്രതയാണ് അത്തരത്തിലുള്ള പുരോഗമന ബോധ്യങ്ങളിലേക്ക് സ്ത്രീകള്‍ കടന്നുവരാനുള്ള സാഹചര്യങ്ങളെയെല്ലാം സൂക്ഷ്മതയോടുകൂടി ഒഴിവാക്കി നിര്‍ത്തിയിരുന്നത്.

ജാതിവ്യവസ്ഥയുടെ നിലനില്‍പ്പും സ്ത്രീകളും തമ്മിലുള്ള ബന്ധം കൃത്യമായി മനസ്സിലാക്കിയത് കൊണ്ടാണ് ഹിന്ദു കോഡ് ബില്ല് തയ്യാറാക്കിയപ്പോള്‍ ഹിന്ദു സമൂഹത്തിലെ സ്ത്രീകളുടെ തുല്യതയും അവസര സമത്വത്തിനും വേണ്ടിയുള്ള ഉപാധികള്‍ ഡോ.അംബേദ്കര്‍അതില്‍ കൃത്യമായി ചേര്‍ത്തത്.സ്വത്തിന്മേലും ദായക്രമത്തിലും വിവാഹത്തിലും വിവാഹമോചനത്തിലും രക്ഷാകര്‍തൃത്വത്തിലും ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്തമേഖലകളിലും സ്ത്രീക്ക് സമത്വവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്നതായിരുന്നു അദ്ദേഹം മുന്നോട്ടുവച്ച ഹിന്ദു കോഡ് ബില്‍.
പാരമ്പര്യവാദികളായ നെഹ്‌റുവും ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ അതിനെ നിശിതമായി എതിര്‍ത്തു. അവരാണിന്ന് സ്ത്രീ അവകാശ പോരാളികള്‍ എന്നു വാഴ്ത്തപ്പെടുന്നത്!
ഹിന്ദുകോഡ് ബില്ലിനെ എതിര്‍ത്തുകൊണ്ട് ഗോള്‍വര്‍ക്കര്‍ പറഞ്ഞത് അത് ഹിന്ദുസമുദായത്തെ ദുര്‍ബലപ്പെടുത്തും എന്നാണ്. എന്തൊക്കെ ഗുണഫലങ്ങള്‍ ഇന്നാട്ടിലെ സ്ത്രീകള്‍ക്കും ജനങ്ങള്‍ക്കും അതുമൂലമുണ്ടായാലും ശരി ഹിന്ദുസമുദായത്തിന്, ജാതിവ്യവസ്ഥയ്ക്ക്, ബ്രാഹ്മണ അധികാരത്തിന് അത് ദോഷം ചെയ്യുന്നെങ്കില്‍ അത് വേണ്ട എന്നു പറയാന്‍ അവര്‍ക്ക് ഒരു കാലത്തും മടിയില്ലായിരുന്നു
ഹിന്ദുകോഡ് ബില്ലിന് എതിരെ മാത്രമല്ല ഇന്ത്യന്‍ ഭരണഘടനയ്ക്ക് നേരെയും കടുത്ത വിമര്‍ശനമുന്നയിക്കുകയും ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതിന് ശേഷവും ‘ നമ്മള്‍ ഹിന്ദുക്കള്‍ ഭരണഘടനയെ അംഗീകരിക്കേണ്ടതില്ല. ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമല്ല. ഇന്ത്യക്ക് ഒരു ഔദ്യോഗിക മതം ഉണ്ട് അത് ഹിന്ദുമതമാണ്. ഹിന്ദുമതത്തിന് ഒരു ഭരണഘടനയുണ്ട്, അത് മനുസ്മൃതിയാണ് .ഇന്ത്യയുടെ ഔദ്യോഗിക മതമായ, ഹിന്ദുമതത്തിന്റെ ഭരണഘടനയായ മനുസ്മൃതിയാണ് ഭരണഘടനയായി അംഗീകരിക്കേണ്ടത് ‘എന്നുപറഞ്ഞ ഗോള്‍വര്‍ക്കര്‍ ഹിന്ദു കോഡ് ബില്ലിനെ എതിര്‍ത്തതില്‍ അതിശയം വിചാരിക്കേണ്ട കാര്യമില്ല!

എന്തായാലും ഹിന്ദുകോഡ് ബില്‍ പാസാക്കപ്പെട്ടില്ല .രാജ്യത്തെ സ്ത്രീകളുടെ ജീവിതത്തെ ഏറ്റവും ഗുണപരമായി പരിവര്‍ത്തിപ്പിക്കാന്‍ കഴിയുമായിരുന്ന ഏറ്റവും മഹത്തായ പദ്ധതിയുടെ നിരാശാജനകമായ അന്ത്യം കൂടിയായിരുന്നു അത്. നിയമനിര്‍മ്മാണസഭ അംഗത്വം രാജിവച്ചു ഡോക്ടര്‍ അംബേദ്കര്‍ക്ക് പിന്‍വാങ്ങേണ്ടിവന്നു .രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന അസഹിഷ്ണുതയ്ക്കും അസ്വസ്ഥതയ്ക്കും രാഷ്ട്രീയമായ പ്രതിവിധി ആവേണ്ടിയിരുന്ന, പൂര്‍വ്വ പര മാതൃകകളില്ലാത്ത താരതമ്യ രഹിതമായ ഹിന്ദു കോഡ് ബില്‍ അംഗീകരിക്കപ്പെടാതെ പോകയാല്‍
രാജ്യം നേരിടാന്‍ പോകുന്ന വലിയ ദുരന്തത്തെ പറ്റി അദ്ദേഹം കൃത്യമായി എഴുതിവച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ ഉദ്ധരിക്കട്ടെ ,’ മേല്‍ത്തട്ട് കീഴ്ട്ട് ബന്ധങ്ങളെ, വര്‍ഗ വംശ വൈരുദ്ധ്യങ്ങളെ ,ലിംഗലൈംഗിക ഭിന്നതകളെ, അവയെ അടിസ്ഥാനമാക്കിയുള്ള അസമത്വങ്ങളെ എല്ലാം സൃഷ്ടിച്ചത് സവര്‍ണ്ണ ഹൈന്ദവ സംഹിതയാണ് .ഇവ വരുംകാലത്ത് നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിക്കും. ഭരണഘടനയുടെ ഫലദായകമായ സംവേദന ശക്തിക്കുമുന്നില്‍ പ്രഹേളികയായി മാറും ‘എത്ര ദീര്‍ഘവീക്ഷണത്തോടെയാണ് അദ്ദേഹം രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെ അന്നേ കണ്ടത് എന്നറിയുമ്പോളാണ്
ഡോക്ടര്‍ അംബേദ്കറുടെ ആശയങ്ങളും ദര്‍ശനങ്ങളും ഭരണഘടനയ്ക്ക് നല്‍കേണ്ടുന്ന അധിക മൂല്യത്തിനുള്ള രാഷ്ട്രീയ പ്രസക്തിയും പുനര്‍വിചിന്തനം ചെയ്യേണ്ടത് അനിവാര്യമായി മാറുന്നത്

രാമന്റെ ഭാരതമല്ല, അംബേദ്കറുടെ ഇന്ത്യയാണ്
മനുസ്മൃതിയല്ല തന്ത്രസമുച്ചയമല്ല മഹത്തായ ഇന്ത്യന്‍ ഭരണഘടനയാണ്
നിയമവ്യവസ്ഥയാണു വാഴേണ്ടത്

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply