ഗുരുപ്രതിമകള്‍ സ്ഥാപിക്കേണ്ടത് പൊതുസ്ഥലങ്ങളിലാണ്

നാളെ ശ്രീനാരായണ ജയന്തി. കോവിഡ് ഇല്ലായിരുന്നുവെങ്കില്‍,നാടെങ്ങും ഘോഷയാത്ര, ഗുരുപൂജ.’ശ്രീനാരായണീയര്‍’ അഥവാ ഈഴവര്‍ മാത്രം പങ്കെടുക്കുന്ന ആഘോഷങ്ങള്‍. അവര്‍ ദൈവമായി ഗുരുവിനെ പൂജിക്കുന്നു.ഗുരുമന്ദിരങ്ങള്‍ ഇപ്പോള്‍ ഈഴവക്ഷേത്രങ്ങളാണ്. മതാതീയത ആത്മീയത പ്രചരിപ്പിച്ച ജ്ഞാനയോഗിയും കര്‍മ്മയോഗിയുമായ ,സാമൂഹികപരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരുവിനെ അങ്ങനെ എസ്.എന്‍.ഡി.പി തന്നെ കൈയ്യൊഴിഞ്ഞു; കഥ കഴിച്ചു.

ഗുരുവിനെ ജാതിയുടെ നാലമ്പലത്തില്‍ നിന്ന് വീണ്ടെടുക്കുവാന്‍ യഥാര്‍ത്ഥ ശ്രീനാരായണീയര്‍, അദ്ദേഹത്തിന്റെ പാത പിന്തുടരുന്നവര്‍, ചെയ്യേണ്ടത് ഇവയാണ്;

1.അദ്ദേഹം ദൈവമോ അമാനുഷിക ശക്തിയുള്ള സിദ്ധനോ അല്ല എന്ന് പ്രഖ്യാപിക്കുക. ഗുരുവിന്റെ പേരില്‍ പൂജ, ആരതി, മതഗ്രന്ഥപാരായണം, വഴിപാട്, ദീപാരാധന തുടങ്ങിയ മതാധിഷ്ഠിതമായ ഒരു ചടങ്ങും നടത്തരുത്.

2. ശിവലിംഗ പ്രതിഷ്ഠയിലൂടെ ബ്രാഹ്മണ്യത്തിന്റെ വേരറുത്ത മഹാനായ ആ കര്‍മ്മയോഗിയുടെ പ്രതിമകള്‍ പൊതുസ്ഥലങ്ങളില്‍, തുറസായ ഇടങ്ങളിലാണു സ്ഥാപിക്കേണ്ടത്. ഗാന്ധിജിയെപ്പോലെ, നെഹ്രുവിനെപ്പോലെ, അയ്യങ്കാളിയെപ്പോലെ, അംബേദ്കറെപ്പോലെ ആ പ്രതിമകള്‍ കാറ്റും വെയിലും മഴയുമേറ്റ് പൊതുസ്ഥലങ്ങളില്‍ തന്നെ നില്‍ക്കട്ടെ. അവ കാണുമ്പോള്‍ ആ കര്‍മ്മയോഗിയെ, വിപ്ലവകാരിയായ സാമൂഹികപരിഷ്‌കര്‍ത്താവിനെ, പൊതുസമൂഹത്തിനോര്‍മ്മവരും. അങ്ങനെ,ഗുരുവിന്റെ ആദര്‍ശങ്ങള്‍ക്ക് സ്വീകാര്യതയേറും. ഈഴവഗുരുവെന്ന വാമനത്വമവസാനിക്കും.

3.സാമൂഹിക നവോത്ഥാനപ്രസ്ഥാനം എന്ന നിലയില്‍ എല്ലാ മതേതരപ്രസ്ഥാനങ്ങളുടേയും പ്രഭവകേന്ദ്രമായി മാറേണ്ടതാണു ശ്രീനാരായണപ്രസ്ഥാനങ്ങള്‍.മത-ജാതിരഹിത വിവാഹങ്ങളായിരിക്കണം എസ്.എന്‍.ഡി.പിയുടെ മുഖ്യ അജണ്ടകളിലൊന്നു. ജാതീയമായി താഴെതട്ടിലുള്ള ദളിത്ജനവിഭാഗങ്ങളുമായി ഇത്തരം വിവാഹങ്ങളിലൂടെയുള്ള വംശസങ്കലനം കേരളീയസമൂഹത്തില്‍ ഉണ്ടായിട്ടില്ല.എസ്.എന്‍.ഡി.പിയുടെ തലപ്പത്തുള്ള വെള്ളാപ്പള്ളി നടേശന്റെ കുടുംബം മുതല്‍ താഴെ തട്ടിലുള്ള ശാഖായോഗം ഭാരവാഹികളുടെ കുടുംബങ്ങളുടെ വരെ വാതിലുകള്‍ ഈ വിവാഹബന്ധങ്ങള്‍ക്കായി തുറന്നിടുക. സ്വജാതി വിവാഹങ്ങള്‍, ജാതകം, ഹസ്തരേഖ, കാലത്തിനുചേരാത്ത ഹോമം, യാഗം, ചൊവ്വാദോഷം നോക്കല്‍, ഗണപതിഹോമം, മുഹൂര്‍ത്തം നിശ് ചയിക്കല്‍, ചോറൂണു, ചരട്-രക്ഷ കെട്ടിക്കല്‍, ഗുരുവിന്റെ ഫോട്ടോ വെച്ച് പൂജ നടത്തിയുള്ള വിവാഹ ചടങ്ങുകള്‍ , സ്വര്‍ണ്ണാഭരണപ്രദര്‍ശനം, മരണാനന്തരകര്‍മ്മങ്ങള്‍ തുടങ്ങിയ ഹൈദവ ആചാരാനുഷ്ഠാനങ്ങളെ നിരുത്സാഹപ്പെടുത്തുക.മൃതദേഹങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുക.

3.മിശ്രവിവാഹിതര്‍, ദളിതര്‍, സമൂഹത്തിലെ താഴെതട്ടിലുള്ള മറ്റു ജനവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്ക് ശ്രീനാരായണീയര്‍ നടത്തുന്ന സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ തുടങ്ങിയ എല്ലാസ്ഥാപനങ്ങളിലെയും എല്ലാതസ്തികയിലും നയാപൈസ വാങ്ങാതെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കുക. ഈ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്ഥാപനങ്ങളില്‍ സൗജന്യവിദ്യാഭ്യാസം ഉറപ്പുവരുത്തണം. മാവേലിക്കരയിലെ വെള്ളാപ്പള്ളി എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്ന് ഇന്നുതന്നെ ഇതിനു തുടക്കം കുറിക്കാവുന്നതാണ്.

4. അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പന്‍ തുടങ്ങിയ അധസ്ഥിത നേതാക്കളെയും അവരുടെ വിമോചനപ്പോരാട്ടങ്ങളേയും ഉള്‍ക്കൊള്ളുകയും അംഗീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക. ശ്രീനാരാണീയരുടെ പ്രമുഖസ്ഥാപനങ്ങള്‍ക്ക് അവരുടെ കൂടി പേരുകള്‍ നല്‍കുക.

5.ദളിത് മുന്നേറ്റങ്ങള്‍ക്കും അധസ്ഥിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനും നേതൃത്വം നല്‍കിയ ഡോ ബി.ആര്‍.അംബേദ്കര്‍, ജ്യോതിഭായി ഫൂലെ, കന്‍ഷീറാം, പെരിയോര്‍, വി.പി.സിങ്ങ്,മുന്‍ രാഷ്ട്രപതിമാരായ കെ.ആര്‍.നാരായണന്‍, എ.പി.ജെ അബ്ദുള്‍ കലാം തുടങ്ങിയവരെ ശ്രീനായണപ്രസ്ഥാനങ്ങള്‍ ഗുരുസ്ഥാനീയരായി അംഗീകരിക്കുകയും അവരുടെ സ്മാരകങ്ങളായി ഉന്നത-വിദ്യാഭ്യാസ കേന്ദ്രങ്ങളും പഠന-ഗവേഷണസ്ഥാപനങ്ങളും ആരംഭിക്കുകയും ചെയ്യുക.

6. യുക്തിവാദ പ്രസ്ഥാനങ്ങള്‍, സി.കെ.ജാനു, ളാഹ ഗോപാലന്‍, ശ്രീരാമന്‍ കൊയ്യാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ഭൂരഹിത ദളിതരുടെ മുന്നേറ്റങ്ങള്‍, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുക.

7.ശബരിമല, ഗുരുവായൂര്‍ അടക്കമുള്ള സര്‍വ്വക്ഷേത്രങ്ങളിലും പൗരോഹിത്യത്തിലെ ബ്രാഹ്മണകുത്തക അവസാനിപ്പിക്കാനുള്ള വിമോചനപ്രസ്ഥാനത്തിനു നേതൃത്വം നല്‍കുക. അതിനു മാതൃകയായി എസ്.എന്‍.ഡി.പിയുടെ നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ഈഴവരും ദളിതരുമടക്കമുള്ള അധസ്ഥിത ജനവിഭാഗങ്ങളില്‍ നിന്നു സ്ത്രീകളടക്കമുള്ള പൂജാരിമാരെ മാത്രം നിയമിക്കുക.

8.എല്ലാ ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷപദവികളിലും ആദിവാസികളും ദളിതരുമുള്‍പ്പെടെയുള്ള അധസ്ഥിതരെ അവരോധിക്കുക. തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളുടെ പ്രസിഡന്റുമാരായി ഇനി വരുന്നത് ആദിവാസി / ദളിത് സ്ത്രീകളായായിരിക്കണമെന്ന് കേരളത്തിലെ ഏറ്റവും പ്രബലമായ ഈഴവസമുദായവും വെള്ളാപ്പള്ളി നടേശനും ആവശ്യപ്പെടണം. -എങ്കിലേ ഇക്കാണുന്ന ‘ശ്രീനാരായണീയര്‍’ യഥാര്‍ത്ഥ ശ്രീനാരായണീയരും ,ജാതി -മതഭേദമില്ലാത്ത, മതാതീത ആത്മീയതയുടെ വക്താക്കളുമാകൂ. അക്കാലത്തേ ശ്രീനാരായണദര്‍ശനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ചാലകശക്തിയായി നിലനില്‍ക്കൂ.

(ഫേസ് ബുക്ക് പോസ്റ്റ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply