ലൈംഗികതയും സാമുദായികതയും

മേല്‍ജാതിക്കാരായ പുരുഷന്മാര്‍ ലൈംഗികാവശ്യത്തിനുപയോഗിക്കുന്ന സ്ത്രീകള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ ദേവദാസികളും ആന്ധ്രയിലെ ‘വോഗം’ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും മറ്റും അത്തരക്കാരായിരുന്നു. പക്ഷെ ആധുനികകാലത്ത് ആ സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികളായിത്തീരുകയാണുണ്ടായത്.

പുരുഷന് ലൈംഗികസ്വാതന്ത്ര്യം അനുവദിക്കുകയും സ്ത്രീക്ക് അത് നിഷേധിക്കുകയും ചെയ്യുന്ന നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന പുരുഷാധിപത്യമുള്ള വ്യവസ്ഥയാണ് കേരളത്തില്‍ ലൈംഗിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. പാശ്ചാത്യരാജ്യങ്ങളിലും ജപ്പാനിലും മറ്റും ഇതില്‍ അല്പം മാറ്റം വന്നത് ആധുനികഫെമിനിസം ശക്തിപ്പെടുകയും ഗര്‍ഭനിരോധനരീതികള്‍ എളുപ്പം സ്വീകരിക്കാന്‍ സാധ്യമാവുകയും സ്ത്രീക്കും അത്യാനന്ദകരമായ രതിമൂര്‍ച്ഛ സിദ്ധിക്കുമെന്ന് അനുഭവങ്ങളിലൂടെ പല സ്ത്രീകളും കണ്ടെത്തുകയും ചെയ്തതോടെയാണ്. കേരളത്തിലെ അവസ്ഥ വ്യത്യസ്ഥമാണ്. ഇവിടെ ലൈംഗികത നിയന്ത്രിക്കുന്നതുതന്നെ സാമുദായിക ശക്തികളാണ്. അതാകട്ടെ കേരള ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു.
വടക്കുപടിഞ്ഞാറുനിന്നെത്തിയ ബ്രാഹ്മണര്‍ (നമ്പൂതിരിമാരായറിയപ്പെടുന്നവര്‍) കൃഷിഭൂമി സ്വന്തമാക്കുകയും അതില്‍ ധാന്യകൃഷി ചെയ്യാന്‍ ഇവിടുത്തെ ആദിമനിവാസികളെ പരിശീലിപ്പിക്കുകയും ചെയ്തത് ഏതാണ്ട് ക്രിസ്തുവര്‍ഷം 7-8 നൂറ്റാണ്ടുകളിലാവണം. അവര്‍ മണ്ണില്‍ പണിചെയ്യുന്നവരുടെ മേല്‍ നോട്ടം വഹിക്കാനും ഭൂവുടമയ്ക്ക് സംരക്ഷണം നല്‍കാനുമായി ചില ഗോത്രവര്‍ഗ്ഗങ്ങളെ മലയില്‍നിന്നിറക്കി കൊണ്ടുവന്ന് ഇണക്കിയിട്ടുണ്ടാവണം. ഇവരാണ് നായര്‍, നമ്പ്യാന്മാര്‍ തുടങ്ങിയ പില്‍ക്കാലത്തെ ജാതിവിഭാഗങ്ങളായത്. സുഗന്ധവ്യഞ്ജനങ്ങളുടെ കടല്‍വഴിക്കുള്ള കച്ചവടത്തില്‍നിന്ന് ഗണ്യമായ വരുമാനം കിട്ടിത്തുടങ്ങിയ 9-ാം നൂറ്റാണ്ടുകളില്‍ കച്ചവടക്കാരില്‍നിന്ന് കിട്ടുന്ന ചുങ്കം, ലാഭത്തിന്റെ ഒരു വിഹിതം തുടങ്ങിയതിനെ ആശ്രയിക്കുന്ന രാജസ്ഥാനങ്ങള്‍ രൂപപ്പെട്ടിരിക്കണം. കയ്യൂക്കും ആള്‍ബലവുമുള്ള നായന്മാരാണ് ഈ രാജസ്ഥാനങ്ങളിലെത്തിയത്. ഒന്നോ രണ്ടോ ബ്രാഹ്മണകുടുംബങ്ങളും രാജാധികാരം ഏറ്റെടുത്തിട്ടുണ്ട്. ഇവരെല്ലാം ബ്രാഹ്മണര്‍ക്ക് വിധേയരായി ഭരിക്കണം എന്നനുശാസിക്കുന്ന പ്രത്യയശാസ്ത്രം രൂപപ്പെടുത്താന്‍ നമ്പൂതിരിമാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രാജകുടുംബങ്ങളുടേയും കച്ചവടക്കാരുടേയും സംരക്ഷണത്തിന് നായന്മാര്‍ക്ക് ആയുധപരിശീലനം നല്‍കിത്തുടങ്ങിയിരിക്കണം. ആ ഘട്ടത്തിലാവാം കളരികള്‍ ആരംഭിച്ചത്. ആയുധപരിശീലനം നേടിയവരാണ് നായന്മാര്‍ എന്ന് ക്രമത്തില്‍ അംഗീകരിക്കപ്പെട്ടു; അവര്‍ക്ക് ജാതിശ്രേണിയില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുകയും ചെയ്തു.
കേരളത്തിലെ ധാന്യകൃഷിക്കു പറ്റിയ ഭൂസ്വത്ത് മുഴുവന്‍ നമ്പൂതിരിമാരുടേതാണെന്ന് 12-ാം നൂറ്റാണ്ടോടെ ഉറപ്പിച്ചശേഷം അവര്‍ ആ ഭൂമി വിഭജിച്ച് പോവാതിരിക്കാനുള്ള സൂത്രപ്പണികള്‍ ആവിഷ്‌കരിച്ച് സമര്‍ഥമായി നടപ്പില്‍ വരുത്തുകയും ചെയ്തു. അങ്ങിനെയാണ് ഓരോ നമ്പൂതിരി ഇല്ലത്തെയും മൂത്തമകനുമാത്രമെ സ്വത്തുകള്‍ക്കവകാശമുള്ളൂ എന്ന് വ്യവസ്ഥ ചെയ്തത്. മൂത്ത മകനുമാത്രമേ വേളിക്ക് (വിവാഹത്തിന്) അവകാശമുള്ളൂ എന്നും വിധിച്ചു. ഇളയമക്കള്‍ക്ക് (അഫന്മാര്‍ക്ക്) വിവാഹം തന്നെ നിഷേധിച്ചു. പക്ഷെ അവരുടെ ലൈംഗികാവശ്യങ്ങള്‍ക്കായി നായന്മാരുടെ സ്ത്രീകളെ ഉപയോഗിക്കാവുന്ന സംബന്ധരീതി ആരംഭിക്കുകയും ചെയ്തു. ഓരോ ഇല്ലത്തെയും അച്ഛന്‍ നമ്പൂതിരിക്കുമാത്രം വേളി കഴിക്കാം എന്നുവന്നപ്പോള്‍ നമ്പൂതിരി സ്ത്രീകള്‍ക്ക് വിവാഹംകഴിക്കാന്‍ അല്പം ചില അച്ഛന്‍നമ്പൂതിരിമാര്‍ മാത്രമാണുള്ളത് എന്നുവന്നു. അപ്പോള്‍ ഒരു മൂത്തനമ്പൂതിരിതന്നെ അഞ്ചും എട്ടും നമ്പൂതിരിസ്ത്രീകളെ വേളികഴിക്കുന്നത് അനുവദനീയമായി. അവരുടെയെല്ലാം പുരുഷബന്ധത്തിനുള്ള ആഗ്രഹം ശമിപ്പിക്കാന്‍ ഒരാളെക്കൊണ്ട് സാദ്ധ്യമല്ല എന്ന അവസ്ഥയുണ്ടായിരുന്നു. അതുകൊണ്ട് ഈ അന്തര്‍ജനങ്ങള്‍ ‘പിഴയ്ക്കാ’തിരിക്കാന്‍ കര്‍ശനമായ ജാഗ്രത വേണ്ടിവന്നു. പരപുരുഷന്മാരോട് അവര്‍ക്കാര്‍ക്കെങ്കിലും നേരിയ അടുപ്പമുണ്ടായി എന്ന ശങ്കയുണ്ടായാല്‍ത്തന്നെ അവരെ സ്മാര്‍ത്തവിചാരത്തിന് വിധേയമാക്കാനും ശങ്കയ്ക്കടിസ്ഥാനമുണ്ടെന്ന് പ്രാകൃതമായ വിചാരണരീതികളിലൂടെ തെളിഞ്ഞാല്‍ അവരേയും അവരുമായി ബന്ധപ്പെട്ട പുരുഷന്മാരേയും സമൂഹത്തില്‍നിന്ന് ഭ്രഷ്ടാക്കാനുള്ള അധികാരം നമ്പൂതിരിമാര്‍ക്കുണ്ടായിരുന്നു. ഈ ക്രൂരതയില്‍ പ്രതിഷേധിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ ഒരു താത്രിക്കുട്ടി സ്വന്തം പിതാവടക്കമുള്ള പല പുരുഷന്മാരുമായി ലൈംഗികബന്ധം പുലര്‍ത്തി സ്വയം ഭ്രഷ്ട് വരിച്ചതും മറ്റും ഇന്ന് പരക്കെ അറിയപ്പെടുന്നതാണല്ലോ. ഈവിധം സ്ത്രീകളെ ദ്രോഹിക്കുന്ന ഒരു വ്യവസ്ഥ സംസ്‌കാരസമ്പന്നരെന്ന് സ്വയം അവകാശപ്പെട്ടിരുന്ന നമ്പൂതിരിമാര്‍ പലനൂറ്റാണ്ടുകാലം നിലനിര്‍ത്തിയതിന് സമാനമായ ഒരു സ്ത്രീപീഡനം ലോക ചരിത്രത്തില്‍ത്തന്നെ വേറെ ഉണ്ടാവില്ല. വി.ടി. ഭട്ടതിരിപ്പാടിന്റേയും മറ്റും നേതൃത്വത്തില്‍ നടന്ന പരിഷ്‌കരണപ്രസ്ഥാനമാണ് ഈ ദ്രോഹങ്ങളെ 20-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ അവസാനിപ്പിച്ചത്.
നമ്പൂതിരിഇല്ലങ്ങളിലെ അഫര്‍ക്ക് ലൈംഗികബന്ധത്തിന് നായര്‍ സ്ത്രീകളെ ഉപയോഗിക്കുന്നതിന് പ്രതിഫലം എന്ന നിലയ്ക്ക് നായര്‍തറവാടുകള്‍ക്ക് പാട്ടത്തിന് നമ്പൂതിരിമാരുടെ ഭൂമി നല്‍കിപ്പോന്നു. മണ്ണിലിറങ്ങി കൃഷി ചെയ്തിരുന്ന അടിയാളരില്‍നിന്ന് ധാന്യവിളവിന്റെ നല്ലൊരു ഭാഗം പിരിച്ചെടുക്കുന്നതും അതില്‍ പകുതിയിലേറെ ജന്മിയായ നമ്പൂതിരിക്ക് പാട്ടമായിനല്‍കുന്നതുമാണ് പതിവായത്. ഈ അവസ്ഥയില്‍ നായര്‍ സ്ത്രീകള്‍ക്ക് പാതിവ്രത്യം പാടില്ല എന്ന് കേരള ബ്രാഹ്മണര്‍ വിധിച്ചിരുന്നു. ഇത് ഫലത്തില്‍ അഫന്മാര്‍ക്കും നായര്‍ പുരുഷന്മാര്‍ക്കും ലൈംഗികസ്വാതന്ത്ര്യം അനുവദിച്ചിരുന്നു. പക്ഷെ നായര്‍ സ്ത്രീകളും ഇത്തരം സ്വാതന്ത്ര്യം അനുഭവിച്ചുപോന്നു എന്ന് കരുതുന്നത് ശരിയാവില്ല. തറവാട്ടിലെ കാരണവരോ സ്ഥലത്തെ ഏതെങ്കിലും ജന്മിയോ നിര്‍ദേശിക്കുന്ന, കീഴ്ജാതിക്കാരനല്ലാത്ത പുരുഷനുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. ചിലപ്പോള്‍ ഇത്തരം നിര്‍ദേശങ്ങളെ സ്വീകരിക്കാതിരിക്കുന്ന ‘പുലപ്പേടി’യും ‘മണ്ണാപ്പേടി’യും മറ്റും. അല്ലാതെ നായര്‍ സ്ത്രീകളെ പിടിച്ചു കൊണ്ടുപോകാനുള്ള അവകാശം ചില കാലങ്ങളില്‍ അടിയാള വിഭാഗത്തിനു നല്കിയിരുന്നതിനെയാണ് ‘പുലപ്പേടി’യെന്നൊക്കെ കരുതുന്നത് ശുദ്ധപോഴത്തമായിരിക്കും.
നായന്മാര്‍ക്കിടയിലെ മരുമക്കത്തായ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്കുണ്ടാവുന്ന മക്കളെ പുലര്‍ത്തുവാനുള്ള ഉത്തരവാദിത്വം അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്കുണ്ടായിരുന്നില്ല. അവരുടെ ചിലവുകള്‍ തറവാട് വഹിക്കുന്നതായിരുന്നു പതിവ്. അതിനാണ് കാണമായും മറ്റും ലഭിക്കുന്ന ഭൂമിയില്‍നിന്നുള്ള വരുമാനം ഉപയോഗിച്ചിരുന്നത്.
ഈ വിധത്തില്‍ മേല്‍ജാതിക്കാരായ പുരുഷന്മാര്‍ ലൈംഗികാവശ്യത്തിനുപയോഗിക്കുന്ന സ്ത്രീകള്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഉണ്ടായിരുന്നു. തമിഴ്നാട്ടിലെ ദേവദാസികളും ആന്ധ്രയിലെ ‘വോഗം’ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളും മറ്റും അത്തരക്കാരായിരുന്നു. പക്ഷെ ആധുനികകാലത്ത് ആ സ്ത്രീകള്‍ ലൈംഗികത്തൊഴിലാളികളായിത്തീരുകയാണുണ്ടായത്. കല്‍ക്കത്ത.യിലെ ‘സോണാഗച്ചി’, ബോംബെയിലെ ചുവന്ന തെരുവുകള്‍ തുടങ്ങിയതില്‍ അത്തരത്തിലുള്ളവരാണുള്ളത്. ദേവദാസികള്‍ നൃത്ത-നൃത്യാദികളിലേക്കും മറ്റു കലകളിലേക്കും മാറിയിട്ടുണ്ട്. ‘വോഗം’ വിഭാഗത്തില്‍പ്പെട്ട പലരും ഇപ്പോഴും സമ്പന്നരായ അഭിസാരികകളാണെന്ന് കേള്‍ക്കുന്നു.
കേരളത്തിലെ നായര്‍ സ്ത്രീകള്‍ക്ക് പൊതുവെ ഈ അവസ്ഥയുണ്ടായില്ല. ഇതിനു കാരണം ബ്രിട്ടീഷാധിപത്യത്തിന്റെ കാലത്ത് ലഭ്യമായ ഇംഗ്ലീഷുവിദ്യാഭ്യാസത്തിലൂടെ നായര്‍ പുരുഷന്മാര്‍ പലരും സര്‍ക്കാര്‍ ജോലിക്കാരായതാണ്. അവര്‍ മരുമക്കത്തായത്തിലെ സംബന്ധരീതി മാറ്റിത്തീര്‍ക്കാനാഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി തറവാടുകള്‍ ഭാഗിക്കപ്പെട്ടപ്പോള്‍ ഉദ്യോഗസ്ഥന്മാരുടെ അണുകുടുംബങ്ങള്‍ രൂപപ്പെട്ടു. ഈ കുടുംബങ്ങള്‍ സ്വീകരിച്ചത് വ്യവസായ വിപ്ലവത്തിനു ശേഷം യൂറോപ്യന്‍രാജ്യങ്ങളില്‍ പരന്നുപിടിച്ച വിക്ടോറിയന്‍ സദാചാരവ്യവസ്ഥയെയാണ്. അതനുസരിച്ച് സ്ത്രീകളെല്ലാം വീട്ടിലും നാട്ടിലും സദാ പാതിവ്രത്യം സംരക്ഷിച്ചുകൊണ്ട് ഒതുങ്ങിക്കഴിയുന്നതും പുരുഷന്മാര്‍ വ്യവസായശാലകളിലും ഓഫീസുകളിലും ജോലി ചെയ്യുന്നതും മാന്യന്മാര്‍ക്ക് ചേര്‍ന്നതായി കരുതപ്പെട്ടു.
20-ാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ നമ്പൂതിരി സമുദായത്തിലുണ്ടായ പരിഷ്‌കരണപ്രസ്ഥാനത്തിന്റെ ഫലമായി സമുദായത്തിലെ അഫന്മാരടക്കമുള്ള പുരുഷന്മാര്‍ സ്വജാതിവിവാഹത്തിലേര്‍പ്പെടുന്ന അവസ്ഥയുണ്ടായി. അവരും അണുകുടുംബങ്ങളായി പിരിഞ്ഞു. പക്ഷെ ഈ കുടുംബങ്ങളിലെ സ്ത്രീകളും പാതിവ്രത്യം കര്‍ശനമായി പാലിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.
കേരളത്തിലെ ഹിന്ദുസമുദായമായി കരുതപ്പെടുന്ന മറ്റു സമുദായങ്ങളിലൊന്ന് ഈഴവരുടേതാണല്ലോ. ഇവര്‍ ഈഴത്തില്‍നിന്ന് (ദ്വീപില്‍നിന്ന് – ശ്രീലങ്കയില്‍നിന്ന്) കുടിയേറിപ്പാര്‍ത്തവരാണെന്ന് കരുതിവരുന്നു. നമ്പൂതിരിമാര്‍ ധാന്യകൃഷികൊണ്ടുവന്നതുപോലെ ഈഴവര്‍ തെങ്ങിന്‍ കൃഷിയാണ് കൊണ്ടുവന്നത്. തേങ്ങ ‘തെന്‍കായ’ (തെക്കുനിന്നുള്ള കായ) ആണല്ലോ. ശ്രീലങ്കയില്‍ ബുദ്ധമതവുമായി ബന്ധപ്പെട്ടുവളര്‍ന്ന വൈദ്യരീതികള്‍ അവരില്‍ ചിലര്‍ക്കു വശമുണ്ടായിരുന്നു. തെങ്ങില്‍ നിന്നും വൈദ്യത്തില്‍നിന്നുമുള്ള വരുമാനം അവരില്‍ ചിലരെ സമ്പന്നരാക്കിയിരുന്നു. എങ്കിലും നമ്പൂതിരിമാര്‍ അവരെ നായന്മാര്‍ക്കും താഴെയുള്ള ജാതിയായാണ് നിലനിര്‍ത്തിയത്. ആദ്യംമുതല്‍ ഈഴവര്‍ പൊതുവെ മക്കത്തായികളായിരുന്നു. ഒരച്ഛന്റെ ആണ്‍മക്കളെല്ലാം വിവാഹം കഴിച്ച് അവരുടെ കുട്ടികളോടൊപ്പം കൂട്ടുകുടുംബമായി ഒരു തറവാട്ടില്‍ കഴിയുന്നതായിരുന്നു അവരുടെ പതിവ്. അവരുടെ സ്ത്രീകള്‍ പാതിവ്രത്യം പാലിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. പക്ഷെ അവര്‍ക്കിടയിലെ ദരിദ്രകുടുംബങ്ങളിലുള്ള പെണ്‍കിടാങ്ങളെ പണ്ട് നായന്മാര്‍ മോഹിപ്പിച്ച് ലൈംഗികബന്ധത്തിനുപയോഗിച്ചിട്ടുണ്ട്. പലപ്പോഴും ഇത് അവിഹിതഗര്‍ഭത്തിനും സ്ത്രീയുടെ ആത്മഹത്യയിലേക്കും കാരണമായിരിക്കണം. നായന്മാരിലെ സ്ത്രീകള്‍ പലരും പഴയകാലത്ത് സുരതം കഴിഞ്ഞ ഉടനെ കിണ്ടിയുടെ വാലിലൂടെ യോനിയിലേക്ക് വെള്ളം കടത്തി കഴുകാന്‍ ശീലിച്ചിരുന്നു. ഇതുകൊണ്ട് ഇഷ്ടപ്പെടാത്ത ഗര്‍ഭം ഒഴിവാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കണം. ഇത് മറ്റു സമുദായങ്ങളില്‍ പതിവില്ലായിരുന്നു.
ഈഴവരില്‍ ആധുനികവിദ്യാഭ്യാസം നേടിയവര്‍ കൂട്ടുകുടുംബം വിട്ട് അണുകുടുംബങ്ങളിലേക്ക് മാറുന്നത് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍തന്നെ ആരംഭിച്ചിട്ടുണ്ട്. അവരുടെ സ്ത്രീകള്‍ പുരുഷന്മാരാല്‍ കര്‍ശനമായി ഒതുക്കപ്പെട്ടു. കമ്മാളരും, പുലയര്‍, പറയര്‍ തുടങ്ങിയ അടിയാളവിഭാഗങ്ങളും ആദിവസികളും പൊതുവെ മക്കത്തായികളായിരുന്നു. അധ്വാനിച്ച് ജീവിക്കുന്ന അവര്‍ക്കിടയില്‍ സ്ത്രീകള്‍ താരതമ്യേന സ്വാതന്ത്ര്യം അനുഭവിച്ചു. എങ്കിലും മേല്‍ജാതി പുരുഷന്മാരുടെ ലൈംഗികമായ അതിക്രമങ്ങള്‍ ഇവരുടെ സ്ത്രീകള്‍ക്ക് പഴയകാലത്ത് സഹിക്കേണ്ടിവന്നിട്ടുണ്ട്.
കേരളത്തിലെ മുസ്ലീംസമുദായത്തിലെ സ്ത്രീകളാണ് പഴയകാലത്തെ നമ്പൂതിരി സ്ത്രീകളെപോലെ ഏറ്റവുമധികം പുരുഷാധിപത്യം സഹിക്കേണ്ടിവന്നിട്ടുള്ളത്. ഇന്നും അതിന് ഏറെയൊന്നും മാറ്റം വന്നിട്ടില്ല. പ്രവാചകന്‍ സ്ത്രീകള്‍ക്ക് പല സൗകര്യങ്ങളും സ്വാതന്ത്ര്യങ്ങളും അനുവദിച്ചുകൊടുക്കുകയും ലൈംഗികാനന്ദം സ്ത്രീകളുടെ അവകാശമായി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പ്രവാചകനുശേഷം ഇസ്ലാം മതപണ്ഡിതന്മാര്‍ (ഉലമാക്കള്‍) പുരോഹിതന്മാരെപോലെ സമുദായത്തില്‍ അധികാരം കയ്യാളുന്നവരായിട്ടുണ്ട്. വിവാഹമോചനം പുരുഷന്മാര്‍ക്ക് അവളെ എളുപ്പമാക്കിയതുകൊണ്ടും ബഹുഭാര്യത്വത്തിനുള്ള അനുവാദം അതിന് നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കാതെ ഉപയോഗിക്കപ്പെടുന്നതുകൊണ്ടും സ്ത്രീകള്‍ പൊതുവെ പുരുഷന്റെ ഇച്ഛക്ക് പൂര്‍ണ്ണമായും വിധേയരായി കഴിയാന്‍ നിര്‍ബന്ധിതരാവുന്നു.
പൊതുവെ മക്കത്തായികളായ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തില്‍ ലൈംഗികത പാപമാണെന്ന ഉറച്ച ധാരണയാണ് ഇന്നും നിലനില്‍ക്കുന്നത്. ഭൂരിപക്ഷം കത്തോലിക്കവിശ്വാസക്കാരുള്ള ഫ്രാന്‍സില്‍ പോലും ഈ അവസ്ഥ മാറിയിട്ട് ദശകങ്ങള്‍ പലതായി. സ്വന്തമായി വരുമാനമുള്ള അല്പം ക്രിസ്ത്യന്‍ സ്ത്രീകള്‍ക്ക് മാത്രമാണ് സ്വതന്ത്രമായി ശരീരത്തിന്റെ സന്തോഷങ്ങളനുഭവിക്കാന്‍ കഴിയുന്നത്. പൗരോഹിത്യത്തിന്റെ കര്‍ശനമായ സ്ത്രീവിരുദ്ധനിലപാടുകള്‍ കാരണം ലൈംഗികതയുടെ ആനന്ദം വിലക്കപ്പെട്ടതായി കരുതാനേ ഭൂരിഭാഗം സ്ത്രീകള്‍ക്കും കഴിയുന്നുള്ളൂ.

(ക്രിട്ടിക് പ്രസിദ്ധീകരിച്ച പഴയ ലേഖനം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ലൈംഗികതയും സാമുദായികതയും

  1. Avatar for എം ഗംഗാധരന്‍

    Very informative. Very useful.

    Very informative. Very useful.

Leave a Reply