അഞ്ജനയുടെ ജീവിതത്തേയും മരണത്തേയും കുറിച്ചുള്ള ക്വിയര്‍ഫോബിക് പ്രചരണങ്ങള്‍ക്കെതിരെ ‘സഹയാത്രിക’

അഞ്ജന ഒരു അര്‍ബന്‍ നക്‌സലൈറ്റും, മാവോയിസ്റ്റും, ദേശദ്രോഹിയും, ജിഹാദി ലെസ്ബിയനും, മയക്കുമരുന്നിനടിമയും, തീവ്രവാദിയുമായിരുന്നുവെന്നും, പ്രകൃതിവിരുദ്ധമായ ഒരു ജീവിതമാണ് അവള്‍ നയിച്ചു കൊണ്ടിരുന്നതെന്നും ചിത്രീകരിച്ച പത്ര-സാമൂഹ്യ മാദ്ധ്യമങ്ങളുടെ എല്ലാ ആരോപണങ്ങളേയും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. സ്വന്തം കുടുംബത്തില്‍ നിന്നും, തന്നെ അനധികൃതമായി ചികില്‍സിച്ച മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായ പീഡനങ്ങള്‍ക്കെതിരെ ശക്തമായ ഒരു നിലപാടെടുക്കുകയാണ് അഞ്ജന ചെയ്തത്. എന്നാല്‍, പല മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും വാര്‍ത്തകള്‍ വളച്ചൊടിച്ചുകൊണ്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെറ്റായി ചിത്രീകരിച്ചു കൊണ്ടും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുണ്ടായി. വളരെ കുറച്ച് മാധ്യമങ്ങള്‍ മാത്രമാണ് തന്റെ ജീവിതത്തെക്കുറിച്ചുള്ള അഞ്ജനയുടെ സ്വന്തം വാക്കുകളും തീര്‍പ്പുകളും പരിഗണിച്ചുകൊണ്ട് ഉത്തരവാദിത്തബോധത്തോടുകൂടി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിനിയും, ഒരു ക്വിയര്‍-ഐഡന്റിഫൈഡ് വിദ്യാര്‍ത്ഥിനിയുമായ അഞ്ജന ഹരീഷ് എന്ന ചിന്നു സുല്‍ഫിക്കര്‍ (21 വയസ്സ്) 2020 മെയ് 13 നു ആത്മഹത്യ ചെയ്യുകയുണ്ടായി. കോവിഡ് ലോക്ഡൗണില്‍ അകപെട്ട് ഗോവയില്‍ താമസിക്കുമ്പോളായിരുന്നു മരണം സംഭവിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇതൊരു ആത്മഹത്യയായിരുന്നു. എന്നാല്‍ അഞ്ജനയുടെ ജീവിതത്തെയും മരണത്തെയും തെറ്റിദ്ധാരണയുളവാക്കും വിധം വ്യാഖ്യാനിക്കുകയും അതിലൂടെ മറ്റു സ്ത്രീകളെയും, കേരളത്തിലെ ട്രാന്‍സ്, വിമതലൈംഗിക വിഭാഗങ്ങളെയും കുറ്റവാളികളാക്കി ചിത്രീകരിക്കുകയും ചെയ്യുന്നതരത്തില്‍ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി വ്യാപകപ്രചരണങ്ങള്‍ നടക്കുകയുണ്ടായി. ഇതില്‍ ഞങ്ങള്‍ ശക്തമായി പ്രതിഷേധിക്കുന്നു.

അഞ്ജനയെ മരണത്തിലേക്ക് തള്ളിവിട്ട സാമൂഹികവും സ്ഥാപനവല്‍കൃതവുമായ ഹിംസയെക്കുറിച്ച് നിഷ്പക്ഷവും , നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ പതിനെട്ടു വര്‍ഷമായി കേരളത്തിലെ ക്വിയര്‍, ട്രാന്‍സ് സമുദായങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഒരു സമുദായാധിഷ്ഠിത മനുഷ്യാവകാശ സംഘടനയാണ് സഹയാത്രിക. ലെസ്ബിയന്‍, ബൈസെക്ഷ്വല്‍ സ്ത്രീകള്‍, ട്രാന്‍സ്‌മെന്‍, ഇന്റര്‍ സെക്‌സ്, ലിംഗപദവി സ്ഥിരീകരിക്കാത്തവര്‍ തുടങ്ങി ജനനാവസ്ഥയില്‍ സ്ത്രീയായി അടയാളപ്പെടുത്തപ്പെട്ട ലിംഗ- ലൈംഗിക ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും സഹയാത്രിക പ്രവര്‍ത്തിക്കുന്നത്.

2002, 2003 കാലഘട്ടത്തില്‍ കേരളത്തില്‍ നടന്നിരുന്ന ക്വിയര്‍ , ട്രാന്‍സ് വ്യക്തികളുടെ തുടര്‍ച്ചയായ ആത്മഹത്യകളെകുറിച്ച് സഹയാത്രിക വസ്തുതാപഠനങ്ങള്‍ (Fact findings) നടത്തുകയുണ്ടായി. (രേഷ്മ ഭരദ്വാജ് എഡിറ്റ് ചെയ്ത ‘മിഥ്യകള്‍ക്കപ്പുറം: സ്വവര്‍ഗലൈംഗികത കേരളത്തില്‍’ എന്ന പുസ്തകത്തില്‍ അതിന്റെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ). ഈ വസ്തുതാ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് സഹയാത്രിക സജീവ പ്രവര്‍ത്തനമാരംഭിക്കുന്നത്. 2002 ലെ ഞങ്ങളുടെ ആദ്യ പ്രൊജക്ട് മുതല്‍ പ്രതിസന്ധികള്‍ നേരിടുന്ന ക്വിയര്‍, ട്രാന്‍സ് വ്യക്തികളുടെ ആയിരക്കണക്കിന് ഫോണ്‍ കോളുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ക്വിയര്‍, ട്രാന്‍സ് വ്യക്തികള്‍ക്കെതിരെയുള്ള ഹിംസയും ഉപദ്രവങ്ങളും സ്വാഭാവികം എന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിക്കുന്ന ഈ ലോകത്ത്, കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ചവര്‍, നിര്‍ബന്ധിത ചികിത്സയിലൂടെ കടന്നു പോകേണ്ടി വന്നവര്‍, ജോലി സ്ഥലത്ത് വിവേചനം നേരിടേണ്ടി വന്നവര്‍ ഇങ്ങനെ അതിജീവനത്തിനായി പോരാടുന്ന ഒരുപാടുപേര്‍ ഞങ്ങളുമായി ബന്ധം പുലര്‍ത്തി.

2020 മാര്‍ച്ച് 13 ന് അഞ്ജന തന്റെ ഫേസ് ബുക്ക് ലൈവില്‍ വന്ന് ഒരു വീഡിയോ ചെയ്തിരുന്നു (https://rb.gy/2gf61o). ഇതില്‍ അഞ്ജനയുടെ വീട്ടുകാര്‍ 2019 ഡിസംബര്‍ 24 രാത്രി മുതല്‍ അവളെ നിര്‍ബന്ധപൂര്‍വ്വം മാനസികാരോഗ്യ ചികില്‍സക്കായി കോയമ്പത്തൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ കൊണ്ടുപോയിരുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. തുടര്‍ന്നുള്ള രണ്ട് മാസത്തോളം ഈ സ്ഥലങ്ങളില്‍ ആയിരുന്നു അവള്‍ ഉണ്ടായിരുന്നത് എന്നും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ബലം പ്രയോഗിച്ചാണ് കുടുംബാംഗങ്ങള്‍ തന്നെ കാറില്‍ കയറ്റി കൊണ്ട് പോയതെന്നും തന്നെ ശാരീരികമായും, മാനസികമായും പീഡിപ്പിച്ചതെങ്ങനെയെല്ലാമാണെന്നും അതില്‍ വിശദമായി വിവരിക്കുന്നുണ്ട്. ഇതിന് ശേഷം, കോയമ്പത്തൂരിലുള്ള Dr. N. S. മോനിയുടെ ക്ലിനിക്കില്‍ കൊണ്ടുപോയതായും തനിക്ക് രോഗങ്ങളില്ല എന്ന് ആവര്‍ത്തിച്ച് പറയുകയും എതിര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ ചെകിട്ടത്തടിച്ച് താഴെ വീഴ്ത്തുകയും നിര്‍ബന്ധിതമായി മയക്കാനുള്ള മരുന്ന് (Sedative) കുത്തിവെക്കുകയും ചെയ്തതായും അഞ്ജന ഈ വിഡിയോയില്‍ പറയുന്നുണ്ട്. അഞ്ജനയുടെ അടുത്ത ഓര്‍മ പാലക്കാടുള്ള ഒരു ലഹരി വിമുക്ത കേന്ദ്രത്തില്‍ (ശാലോം ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് & ഡീ-അഡിക്ഷന്‍ സെന്റര്‍ ) ഉറക്കമുണരുന്നതാണ്. അവിടെ തന്നെക്കാള്‍ പ്രായമുള്ള, മാനസിക രോഗമുള്ളതും മാനസിക പ്രശ്‌നങ്ങള്‍ ആരോപിക്കപ്പെട്ടതുമായ സ്ത്രീകളോടൊപ്പം ജീവിക്കേണ്ടി വന്നതിനെക്കുറിച്ചും ഭക്ഷണത്തിനൊഴികെയുള്ള എല്ലാ സമയങ്ങളിലും സെല്ലില്‍ അടച്ചിടപ്പെട്ടതിനെക്കുറിച്ചും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതിനെക്കുറിച്ചും അഞ്ജന പറയുന്നുണ്ട്. മൂന്നാഴ്ചകള്‍ക്ക് ശേഷം തിരുവനന്തപുരത്തുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് (കരുണാ സായി ഇസ്റ്റിറ്റിയൂട്ട് ) തന്നെ മാറ്റിയതായും പേരറിയാത്ത നാല്‍പതോളം മരുന്നുകള്‍ തന്റെ മേല്‍ കുത്തിവെച്ചതായും അഞ്ജന പറയുന്നു. ഈ മരുന്നുകളുടെ ഉപയോഗം മൂലം തലകറക്കം, കാഴ്ച നഷ്ടമാകല്‍, സംസാരിക്കാനും ആളുകളെ കാണാനും ബുദ്ധിമുട്ട്, ഇങ്ങനെ പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായെന്ന് അഞ്ജന ആ വിഡിയോയില്‍ പറഞ്ഞിരുന്നു. അഞ്ജനയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ ‘ഈ മരുന്നും ഇഞ്ചക്ഷനും ഒക്കെ കൊണ്ട് അഞ്ജന ഹരീഷ് എന്ന് പറയുന്ന ഒരു സാധനം ഇല്ലാതാവുകയായിരുന്നു’.

സൈക്യാട്രിക്ക് ട്രീറ്റ്‌മെന്റിനു രണ്ടാഴ്ച്ചക്ക് ശേഷം അഞ്ജന വീട്ടില്‍ നിന്നും സുഹൃത്തുക്കളുടെ അടുക്കലേക്ക് പോകുകയും അതിനു ശേഷം അവളുടെ വീട്ടുകാര്‍ ഒരു മിസ്സിംഗ് പേഴ്‌സണ്‍ കംപ്ലെയിന്റ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. 2020 മാര്‍ച്ച് 13-ആം തീയതി അഞ്ജന മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാകുകയും അവളുടെ തീരുമാനപ്രകാരം കോടതി അവളെ സ്വതന്ത്രയായി ജീവിക്കാന്‍ അനുവദിക്കുകയും ചെയ്തു. ആരുടെ കൂടെ പോകാനാണ് ഇഷ്ടം എന്ന കോടതിയുടെ ചോദ്യത്തോടു തന്റെ കുട്ടുകാരോടൊപ്പം പോകാനാണ് താല്‍പര്യം എന്ന് മറുപടി പറഞ്ഞു. പല മാധ്യമങ്ങളും ആരോപണരൂപത്തില്‍ പ്രചരിപ്പിച്ചത് അഞ്ജനയുടെ ‘നിയമപരമായ രക്ഷാകര്‍ത്തൃത്വം’ അവളുടെ സുഹൃത്തുക്കളുടെ ഉത്തരവാദിത്തമാണെന്നാണ്. അത്തരക്കാര്‍ക്ക് പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം കുടുംബത്തിന്റെ പിന്തുണയില്ലാതെ സ്വയം ഏറ്റെടുക്കാന്‍ കഴിവുള്ളവര്‍ ആണെന്ന ആശയം തന്നെ അപരിചിതമാണ്. കോടതിയുടെ ഭാഗത്ത് നിന്നോ മറ്റേതെങ്കിലും തരത്തിലോ നിയമപരമായി രക്ഷാകര്‍ത്തൃത്വ നിബന്ധനകള്‍ അഞ്ജനയുടെ കാര്യത്തില്‍ ഉണ്ടായിരുന്നില്ല. സ്വതന്ത്രമായി ജീവിക്കുന്നതിനായി അവള്‍ തന്റെ സുഹൃത്തുക്കളുടെ സഹായം സ്വീകരിച്ചതിനെ വീട്ടുകാര്‍ ചിത്രീകരിച്ചത് അഞ്ജന വഴിവിട്ട ജീവിതം നയിച്ചിരുന്നതായും പലതരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായുമാണ്.

അഞ്ജന ഒരു അര്‍ബന്‍ നക്‌സലൈറ്റും, മാവോയിസ്റ്റും, ദേശദ്രോഹിയും, ജിഹാദി ലെസ്ബിയനും, മയക്കുമരുന്നിനടിമയും, തീവ്രവാദിയുമായിരുന്നുവെന്നും, പ്രകൃതിവിരുദ്ധമായ ഒരു ജീവിതമാണ് അവള്‍ നയിച്ചു കൊണ്ടിരുന്നതെന്നും ചിത്രീകരിച്ച പത്ര-സാമൂഹ്യ മാദ്ധ്യമങ്ങളുടെ എല്ലാ ആരോപണങ്ങളേയും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു. സ്വന്തം കുടുംബത്തില്‍ നിന്നും, തന്നെ അനധികൃതമായി ചികില്‍സിച്ച മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടായ പീഡനങ്ങള്‍ക്കെതിരെ ശക്തമായ ഒരു നിലപാടെടുക്കുകയാണ് അഞ്ജന ചെയ്തത്. എന്നാല്‍, പല മാധ്യമങ്ങളും യൂട്യൂബ് ചാനലുകളും വാര്‍ത്തകള്‍ വളച്ചൊടിച്ചുകൊണ്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെറ്റായി ചിത്രീകരിച്ചു കൊണ്ടും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുണ്ടായി. വളരെ കുറച്ച് മാധ്യമങ്ങള്‍ മാത്രമാണ് തന്റെ ജീവിതത്തെക്കുറിച്ചുള്ള അഞ്ജനയുടെ സ്വന്തം വാക്കുകളും തീര്‍പ്പുകളും പരിഗണിച്ചുകൊണ്ട് ഉത്തരവാദിത്തബോധത്തോടുകൂടി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അഞ്ജനയോട് അടുപ്പമുണ്ടായിരുന്ന ആളുകള്‍ക്കെതിരെ നടക്കുന്ന ക്വിയര്‍ ഫോബിക്കായ അപവാദപ്രചരണങ്ങളെ ഞങ്ങള്‍ അപലപിക്കുന്നു. അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് ബോധപൂര്‍വ്വം നിഗൂഢതകള്‍ സൃഷ്ടിച്ചു കൊണ്ടും അവളുടെ സുഹൃത്തുക്കളെ കുറ്റവാളികളാക്കികൊണ്ടും ജനം ടിവി, നമോ ടിവി ഉള്‍പ്പടെ മറ്റു പല ചാനലുകളുടേയും പത്രങ്ങളുടേയും റിപ്പോര്‍ട്ടുകള്‍ വന്നു. അഞ്ജനയുമായി താമസസ്ഥലം പങ്കിട്ട, അവളോടൊപ്പം ഗോവയില്‍ ഉണ്ടായിരുന്ന, സുഹൃത്തുക്കള്‍ പലതരത്തിലുള്ള പാര്‍ശ്വവല്‍കൃത ഇടങ്ങളില്‍ നിന്നുള്ളവരാണ് – സ്ത്രീകള്‍, ക്വിയര്‍- ട്രാന്‍സ് വ്യക്തികള്‍, ഭിന്നശേഷി ഉള്ളവര്‍, ബഹുജന്‍, മുസ്ലീം, ദളിത് പാര്‍ശ്വവല്‍കൃത സമുദായങ്ങളില്‍പെട്ടവര്‍. വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ മൂലം അവര്‍ നേരിടുന്ന ആള്‍ക്കൂട്ട വിചാരണ തീര്‍ത്തും മനുഷ്യാവകാശലംഘനമാണ്. അഞ്ജനയുടെ സുഹൃത്തുക്കള്‍ക്കെതിരെ അപവാദപ്രചരണങ്ങള്‍ നടത്തിയ ഈ മാധ്യമ റിപ്പോര്‍ട്ടുകള്‍, കാലങ്ങളായി ക്വിയര്‍ – ട്രാന്‍സ് വ്യക്തികള്‍ സമരം ചെയ്തു നേടിയെടുത്ത അനുകൂല ഇടങ്ങളെ അപകടത്തിലാക്കിക്കൊണ്ട്, വരുംകാലങ്ങളില്‍ ഈ സമുദായങ്ങളുടെ അതിജീവനത്തെ കൂടുതല്‍ ദുഷ്‌കരമാക്കുകയാണ് ചെയ്തിട്ടുള്ളത് . അഞ്ജനയുടെ ദാരുണമായ അന്ത്യവും അതിനെ തുടര്‍ന്നുണ്ടായ അപവാദപ്രചരണങ്ങളും പ്രായപൂര്‍ത്തിയായ സ്ത്രീകളുടേയും ക്വിയര്‍ വ്യക്തികളുടേയും ഭവന സുരക്ഷിതത്വ അവകാശം അടിയന്തിര പ്രാധാന്യമുള്ള കാര്യമാണെന്ന് ഓര്‍മിപ്പിക്കുന്നു.

അഞ്ജനയെ വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ച കുടുംബപരവും സ്ഥാപനവല്‍കൃതവുമായ പീഡനങ്ങളെ തീര്‍ത്തും അവഗണിച്ച് ബോധപൂര്‍വം ദുഷ്പ്രചരണങ്ങള്‍ അഴിച്ചുവിട്ട ആളുകളും മാധ്യമങ്ങളും പ്രതിഷേധാര്‍ഹമായ കുറ്റകൃത്യമാണ് ചെയ്തത്. കുട്ടിക്കാലത്ത് തനിക്ക് അനുഭവിക്കേണ്ടി വന്നിട്ടുള്ള മാനസികാഘാതങ്ങളെകുറിച്ചും പീഡനങ്ങളെകുറിച്ചും അഞ്ജന എഴുതുകയും ഒരുപാടുപേരോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കൗമാരകാലത്ത് രണ്ടാനച്ഛനില്‍ നിന്നുണ്ടായ ലൈംഗികപീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച അഞ്ജനയെ താല്‍ക്കാലികമായി ഗവണ്‍മെന്റ് കസ്റ്റഡിയില്‍ വച്ചിട്ടുണ്ടായിരുന്നു. ഈ സംഭവം അഞ്ജനയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ (ചിന്നു സുള്‍ഫിക്കര്‍) പരാമര്‍ശിച്ചിട്ടുണ്ട് (ജനുവരി 14, 2018). അതുകൂടാതെ ബാലപീഡനങ്ങളെകുറിച്ചും, കുടുംബത്തില്‍ നിന്നുമുണ്ടായ പീഡനങ്ങളെക്കുറിച്ചും പലപ്രാവശ്യം അഞ്ജന തന്റെ ഫേസ്ബുക് പ്രൊഫൈലില്‍ എഴുതിയിട്ടുണ്ട്. 2020 മെയ് മൂന്നാം തീയതി അഞ്ജന ഗന്ധങ്ങളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ടുള്ള ഓര്‍മ്മകളെക്കുറിച്ചും മനസ്സുതുറക്കുന്ന ഒരു കുറിപ്പ് എഴുതിയിരുന്നു. ഇതില്‍ ഒരു ബന്ധുവില്‍ നിന്നും നേരിടേണ്ടിവന്ന ലൈംഗിക സ്പര്‍ശത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ഒരു ഗന്ധത്തെക്കുറിച്ചും അവള്‍ പരാമര്‍ശിച്ചിട്ടുണ്ട്. അഞ്ജന അവളുടെ ജീവിതം അവസാനിപ്പിക്കുന്നതിന് ഏകദേശം ഒരാഴ്ച്ച മുന്‍പ്, 2020 മെയ് ഏഴാം തീയതി അവളുടെ ഫേസ്ബുക്ക് പേജില്‍ ഇങ്ങനെ എഴുതി: ‘മനോഹരമായ ബാല്യകാലം ഉണ്ടായിരുന്നവരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്തവര്‍’. അഞ്ജനയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പരിശോധിച്ചാല്‍ അവളുടെ മുന്‍കാല ആത്മഹത്യാശ്രമങ്ങളെക്കുറിച്ചും ആത്മഹത്യാസങ്കല്പങ്ങളെക്കുറിച്ചും ഉള്ള എഴുത്തുകള്‍ കാണാന്‍ കഴിയും.

നിര്‍ബന്ധിതമായി തന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട മാനസികാരോഗ്യ ചികില്‍സകളെക്കുറിച്ചുള്ള അഞ്ജനയുടെ സ്വയം സാക്ഷ്യപ്പെടുത്തലിനെ പരിഗണിക്കാന്‍ തയ്യാറാവാതിരുന്ന മാധ്യമങ്ങളുടെ നിലപാടിനെ ഞങ്ങള്‍ അപലപിക്കുന്നു . അഞ്ജനയെ അവളുടെ സമ്മതമില്ലാതെ ബലമായി ‘ചികില്‍സിച്ച’ മാനസികാരോഗ്യ വിദഗ്ധരെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും അവളുടെ സാക്ഷ്യപ്പെടുത്തലിനെ അടിസ്ഥാനമാക്കി ഒരു അടിയന്തിരാന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

2018 ജൂലൈയില്‍ പ്രാബല്യത്തില്‍ വന്ന മെന്റല്‍ ഹെല്‍ത്ത് ആക്റ്റ് 2017 പ്രകാരം പ്രായപൂര്‍ത്തിയായൊരു വ്യക്തിയെ അയാളുടെയോ അല്ലെങ്കില്‍ അയാള്‍ തന്നെ നാമനിര്‍ദേശം ചെയ്തിട്ടുള്ള ഒരു പ്രതിനിധിയുടേയോ സമ്മതത്തോടെയല്ലാതെ യാതൊരു വിധത്തിലുമുള്ള മാനസികാരോഗ്യ ചികില്‍സയ്ക്കും വിധേയമാക്കാന്‍ പാടുള്ളതല്ല. ഞങ്ങളുടെ ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍-അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഞങ്ങള്‍ മനസ്സിലാക്കിയിട്ടുള്ള വേദനാജനകമായ ഒരു സത്യം, ക്വിയര്‍ – ട്രാന്‍സ് സമുദായാംഗങ്ങളെ പലപ്പോഴും അവരുടെ സമ്മതമില്ലാതെ കുടുംബങ്ങളുടെ നേതൃത്വത്തില്‍ മാനസികാരോഗ്യ ചികില്‍സയ്ക്കും ലൈംഗികതയും ലിംഗത്വവും മാറ്റാനുള്ള പരിവര്‍ത്തന ചികില്‍സയ്ക്കും (Conversion therapy) നിര്‍ബന്ധിതമായി വിധേയമാക്കുന്നത് ഒരു സര്‍വ്വസാധാരണമായ സംഭവമാണ് എന്നതാണ്.

1973 മുതല്‍ അമേരിക്കന്‍ സൈക്യാട്രിക് അസോസ്സിയേഷനും (DSM II ല്‍ ) 1992 മുതല്‍ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനും (ICD – 10 ല്‍) സ്വവര്‍ഗ്ഗലൈംഗികത ഒരു രോഗമല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 2018 ജൂലൈയില്‍ ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി നടത്തിയ പ്രസ്താവനയില്‍ ഇങ്ങനെ പറയുന്നു ‘സ്വവര്‍ഗ്ഗലൈംഗികത ഒരു മാനസികരോഗമോ അസുഖമോ ആണെന്നുള്ള വിശ്വാസത്തെ സാധൂകരിക്കുന്നതായി യാതൊരുവിധ തെളിവുകളും ഇല്ല’. ഈ അടുത്തകാലത്ത് ‘ദ അസോസ്സിയേഷന്‍ ഓഫ് സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് പ്രൊഫഷണല്‍സ് ഇന്‍ ഇന്ത്യ’ യും, ‘ദ ഇന്ത്യന്‍ അസോസ്സിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്‌സും’, ‘ദ കേരള ബ്രാഞ്ച് ഓഫ് ദ ഇന്ത്യന്‍ സൈക്യാട്രിക് സൊസ്സൈറ്റി’യും ഒരുമിച്ച് പരിവര്‍ത്തന ചികില്‍സയെ പൂര്‍ണ്ണമായും വിലക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അഞ്ജനയെ സഹായിച്ചുവെന്ന് സ്വയം അവകാശപ്പെടുകയും അതേ സമയം അവള്‍ക്കുമേല്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പിക്കപ്പെട്ട മാനസികാരോഗ്യ ചികില്‍സയ്ക്കു കൂട്ടുനില്‍ക്കുകയും ചെയ്ത ‘ഹിന്ദു ഡെമോക്രാറ്റിക് ഫ്രണ്ട്’ എന്ന രാഷ്ട്രീയ സംഘടനയ്ക്ക് ഈ സംഭവത്തിലുള്ള പങ്ക് ചോദ്യം ചെയ്യുന്നതില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ യാതൊരു താല്‍പ്പര്യവും കാണിച്ചില്ല. ഇത് പ്രതിഷേധാര്‍ഹമാണ്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും അവയ്ക്ക് സ്വീകാര്യത നല്‍കുകയും ചെയ്യുന്ന NALSA വിധിയും, പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗലൈംഗിക ബന്ധങ്ങളെ കുറ്റവിമുക്തമാക്കുന്ന നവതേജ് സിംഗ് ജോഹര്‍ 2018 വിധിയും നിലനില്‍ക്കേ, ഈ നിയമങ്ങളെ ഒന്നും കണക്കിലെടുക്കാതെ ഹിന്ദുത്വവാദികളും വലതുപക്ഷ വിഭാഗങ്ങളും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള തങ്ങളുടെ നിലപാടിനൊരു മാറ്റവും വരുത്തില്ല എന്ന ഉറച്ച തീരുമാനത്തോടെ മുന്നോട്ടു പോവുകയാണ് . ഇതോടൊപ്പം തന്നെ ഇടതുപക്ഷ അനുഭാവികളും ‘പുരോഗമനവാദി’കളുമായ ചില വ്യക്തികള്‍ പത്ര-സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ, അഞ്ജനയുടെ സുഹൃത്തുക്കളെയും വിമതസമുദായങ്ങളെയും കുറ്റവാളികളാക്കുന്ന തരത്തിലുള്ള എഴുത്തുകളേയും ഞങ്ങള്‍ കടുത്ത നിരാശയോടെ അപലപിക്കുന്നു.

IPC 377 പിന്‍വലിച്ചതിനെ പിന്തുണച്ചുകൊണ്ടും ട്രാന്‍സ് ജെന്‍ഡര്‍ വെല്‍ഫെയര്‍ പോളിസികള്‍ രൂപീകരിച്ചുകൊണ്ടുമൊക്കെ കേരളത്തിലെ കഴിഞ്ഞ രണ്ട് സര്‍ക്കാരുകളും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ പ്രതിബദ്ധത പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ, അഞ്ജനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ എതിര്‍ക്കണമെന്നും അത് തടയുന്നതരത്തില്‍ തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും നീതി നടപ്പിലാക്കണമെന്നും കേരളസര്‍ക്കാരിനോടും, രാഷ്ട്രീയ പാര്‍ട്ടികളോടും, സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളോടും നീതിയില്‍ വിശ്വസിക്കുന്ന എല്ലാ ആളുകളോടും ഞങ്ങള്‍ ആവശ്യപ്പെടുകയാണ്.

ലൈംഗികതയിലും ലിംഗപദവിയിലുമുള്ള വ്യത്യസ്തതകള്‍ ഓരോരുത്തരുടേയും അവകാശമാണെന്ന് ബോധ്യമുള്ളവര്‍ എന്ന നിലയിലാണ് ഞങ്ങള്‍ ഇതെഴുതുന്നത്. ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ കുറ്റവാളികളാക്കുന്നതിലേക്കും അപകീര്‍ത്തിപ്പെടുത്തുന്നതിലേക്കും നയിക്കുന്ന ഇത്തരം വെറുപ്പും അവഗണനയും വിദ്വേഷവും ഇനിയും ഞങ്ങള്‍ സഹിക്കാന്‍ തയ്യാറല്ല. ചുവടെ പറയുന്ന കാര്യങ്ങള്‍ എത്രയും പെട്ടെന്നുതന്നെ നടപ്പിലാക്കണമെന്ന് കേരളസര്‍ക്കാരിനോടും മറ്റു അധികാരപ്പെട്ട സംഘടനകളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു:

1. പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗ്ഗലൈംഗിക ബന്ധങ്ങളെ കുറ്റവിമുക്തമാക്കുന്ന 2018 ലെ നവതേജ് ജോഹര്‍ V/S സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ വിധിയെ ഉയര്‍ത്തിപ്പിടിക്കുകയും, എല്ലാ മാധ്യമങ്ങളും ഇത് നിര്‍ബന്ധമായും പിന്‍പറ്റുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുക.

2. അഞ്ജനയെ ചികില്‍സിച്ചിരുന്നു എന്ന് പറയപ്പെടുന്ന മനോരോഗ വിദഗ്ദ്ധരേയും ലഹരിവിമുക്തകേന്ദ്രങ്ങളേയും ഇവര്‍ക്കൊപ്പം അക്രമത്തിനു കൂട്ടുനിന്നവരേയും കുറിച്ച് വിശദമായ അന്വേഷണം നടത്തി കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുക.

3. മുഖ്യധാരാ മാധ്യമങ്ങളിലും അതോടൊപ്പം തന്നെ സാമൂഹ്യ മാധ്യമങ്ങളിലും വിദ്വേഷഭാഷണം നടത്തുകയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ വിശദമായ അന്വേഷണം നടത്തുകയും അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.

4. കേരളത്തില്‍ പരിവര്‍ത്തന ചികില്‍സ (Conversion therapy) നടത്തുകയോ അതിന്റെ വക്താക്കളായി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന എല്ലാ ലഹരിവിമുക്തകേന്ദ്രങ്ങള്‍ക്കും, മാനസികാരോഗ്യ വിദഗ്ധര്‍ക്കും പരിശീലകര്‍ക്കും എതിരെ വിശദമായ അന്വേഷണം നടത്തുകയും കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.

5. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ചികില്‍സാരീതികള്‍ നടപ്പിലാക്കുന്ന മാനസികാരോഗ്യകേന്ദ്രങ്ങളുടെ നടത്തിപ്പവകാശം റദ്ദാക്കി അടച്ചുപൂട്ടുകയും ഇത്തരത്തിലുള്ള നിര്‍ബന്ധിതമായ മനോരോഗ-പരിവര്‍ത്തന ചികില്‍സകള്‍ നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യുക.

6. വിദ്വേഷ ഭാഷണം, അപകീര്‍ത്തികരമായ ആക്ഷേപങ്ങള്‍, വിവിധതരത്തിലുള്ള സ്പഷ്ടമായ വിവേചനങ്ങള്‍, ആംഗ്യത്തിലൂടെയോ പ്രവൃത്തിയിലൂടെയോ വാക്കുകളിലൂടെയോ മറ്റേതെങ്കിലും തരത്തിലോ ഉള്ള കളങ്കപ്പെടുത്തല്‍ എന്നിവയെ ശക്തമായി എതിര്‍ക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്യുക.

7. ആണ്‍കോയ്മയിലധിഷ്ഠിതവും ഹോമോഫോബിക്കുമായ ഈ വ്യവസ്ഥയില്‍ നിന്നും പീഡനം അനുഭവിക്കേണ്ടിവരുന്ന എല്ലാ ക്വിയര്‍ വ്യക്തികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതമായ താമസസൗകര്യം ഉറപ്പുവരുത്തുക .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply