സാമൂഹ്യജനാധിപത്യമില്ലാത്ത രാഷ്ട്രീയ ജനാധിപത്യം പരാജയം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ എന്നൊക്കെ പറയുമ്പോഴും സാമൂഹ്യജനാധിപത്യത്തെ കുറിച്ച് അജ്ഞരായ സമൂഹമാണ് നമ്മുടേത്. മനുഷ്യര്‍ തുല്ല്യരാണ് എന്ന ധാര്‍മ്മികബോധം നമുക്കില്ല എന്നതാണ് പ്രശ്‌നം. ലോകത്തെല്ലായിടത്തും അസമത്വം നിലനില്‍ക്കുന്നുണ്ടാകാം. എന്നാല്‍ മനുഷ്യര്‍ ആത്യന്തികമായി തുല്ല്യരല്ല എന്ന് പ്രഖ്യാപിക്കുന്ന തത്വസംഹിതയെ പേറുന്ന ഏകരാഷ്ട്രം ഇന്ത്യയായിരിക്കും.

പൗരത്വഭേദഗതിനിയമത്തിനും ദേശീയപൗരത്വപട്ടികക്കുമെതിരായ രോഷം രാജ്യമങ്ങും ആഞ്ഞടിക്കുകയാണ്. തീര്‍ച്ചയായും വലിയ പ്രതീക്ഷയാണ് ഈ മുന്നേറ്റങ്ങള്‍ നല്‍കുന്നത്. എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഇതുമായി ബന്ധപ്പെട്ട് നാം കാണേണ്ടതുണ്ട്. ഇതേതെങ്കിലും ഭരണാധികാരിയുടെയോ ഭരണാധികാരികളുടേയോ പ്രശ്‌നമല്ല എന്നതാണത്. അതിനാല്‍ തന്നെ ഇതിനെതിരായ പോരാട്ടങ്ങള്‍ കേവലം വികാരപരമാകാനും പാടില്ല.
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ എന്നൊക്കെ പറയുമ്പോഴും സാമൂഹ്യജനാധിപത്യത്തെ കുറിച്ച് അജ്ഞരായ സമൂഹമാണ് നമ്മുടേത്. മനുഷ്യര്‍ തുല്ല്യരാണ് എന്ന ധാര്‍മ്മികബോധം നമുക്കില്ല എന്നതാണ് പ്രശ്‌നം. ലോകത്തെല്ലായിടത്തും അസമത്വം നിലനില്‍ക്കുന്നുണ്ടാകാം. എന്നാല്‍ മനുഷ്യര്‍ ആത്യന്തികമായി തുല്ല്യരല്ല എന്ന് പ്രഖ്യാപിക്കുന്ന തത്വസംഹിതയെ പേറുന്ന ഏകരാഷ്ട്രം ഇന്ത്യയായിരിക്കും. ജനനം കൊണ്ടുതന്നെ നമ്മള്‍ അസമത്വമുള്ളവരാണെന്ന്, അതിനാല്‍ വിവേചനം അതിന്റെ ഭാഗമാണ് എന്നു ആത്മാര്‍ത്ഥമായി നാം വിശ്വസിക്കുന്നു. പലരും അവകാശപ്പെടുന്നപോലെ സമത്വസുന്ദരമായ ഒരിന്ത്യ ഒരുകാലത്തും ഉണ്ടായിട്ടില്ല. ഹിന്ദ് സ്വരാജില്‍ ഗാന്ധിയും ഡിസ്‌കവറി ഓഫ് ഇന്ത്യയില്‍ നെഹ്‌റുവും പറയുന്നപോലെ സുന്ദരമായൊരു കാലമൊന്നും നമുക്കുണ്ടായിരന്നില്ല. സമത്വമില്ല എന്നു മാത്രമല്ല, അതുണ്ടാകാന്‍ പാടില്ല എന്ന് വിശ്വസിച്ചിരുന്നവരായിരുന്നു നാം. ഹിന്ദുത്വമെന്ന ബ്രാഹ്മണിക്കല്‍ സംവിധാനത്തില്‍ അസമത്വത്തെ ദൈവനിശ്ചയമായിട്ടായിരുന്നു കണ്ടിരുന്നത്. ഇക്കാര്യം ആദ്യമായി തുറന്നു കാട്ടിയത് അംബേദ്കറായിരുന്നു. അപരനെ വെറുക്കുന്നതും വധിക്കുന്നതും പോലും ഇവിടെ കുറ്റമല്ല. അക്രമത്തേയും വെറുപ്പിനേയും ധര്‍മ്മമായിട്ടായിരുന്നു കണ്ടിരുന്നത്. ഇന്നും അതില്‍ വലിയ മാറ്റമുണ്ടോ? ദളിതരെ കൂട്ടത്തോടെ കൊന്ന് ജയിലില്‍ പോയിവരുന്നവര്‍ക്കു പോലും വന്‍സ്വീകരണം ലഭിക്കുന്നത് എന്തുകൊണ്ടാണ്? അവര്‍ കുറ്റക്കാര്‍ക്കുപകരം വീരന്മാരാകുന്നതാണ് ബ്രാഹ്മണ്യത്തിന്റെ സവിശേഷത. ഗുരുവാണവിടെ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഉന്നതന്‍. അതുകൊണ്ടായിരുന്നു ഏകലവ്യനു പെരുവിരല്‍ വനഷ്ടപ്പെട്ടത്. ഈ പവിത്രതാസങ്കല്‍പ്പത്തെ തന്നെയാണ് സമകാലിക ഇന്ത്യയില്‍ അക്രമോത്സുക ദേശീയവാദികള്‍ ഉപയോഗിക്കുന്നത്. ഇന്ത്യയില്‍ ഹിന്ദുത്വശക്തികള്‍ അധികാരത്തില്‍ വന്നാല്‍ അതൊരു വന്‍ദുരന്തമായിരിക്കും എന്ന് അന്നുതന്നെ അംബേദ്കര്‍ പറഞ്ഞത് ഈ തിരിച്ചറിവിലായിരുന്നു.
ഈയൊരു വിഷയത്തെ അഭിമുഖീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി തിരിച്ചറിയാനാകില്ല. ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനപരമായ സ്വഭാവം അതിന്റെ ശ്രേണീകൃതമായ ഘടനയാണ്. അദ്വെതമടക്കമുള്ള എല്ലാ ആശയസംഹിതകളും അതിനെ ന്യായീകരിക്കുന്നു. ശ്രേണിയില്‍ അടിയിലുള്ളവര്‍ അനുഭവിക്കുന്നത് മുജ്ജന്മപാപമായി വ്യാഖ്യാനിക്കുന്നു. ഇതിനെ തകര്‍ക്കുകയും തുല്ല്യതയിലധിഷ്ഠിതമായ മറ്റൊരു ധര്‍മ്മവ്യവസ്ഥകൊണ്ട് മറികടക്കുകയും ചെയ്യാനാകില്ലെങ്കില്‍ ഇന്നത്തെ പോരാട്ടങ്ങളൊന്നും അന്തിമലക്ഷ്യത്തിലെത്തില്ല. വിദ്യാഭ്യാസം കൊണ്ടൊന്നും ഇതിനെ മറികടക്കാനാകില്ല. ആകുമായിരുന്നെങ്കില്‍ ശബരിമല പ്രക്ഷോഭകാലത്ത് എഞ്ചിനിയര്‍മാരും ഡോക്ടര്‍മാരും രാഷ്ട്രീയനേതാക്കളുമടക്കമുള്ള സ്ത്രീകള്‍ തങ്ങള്‍ പുരുഷന് തുല്ല്യരല്ലെന്ന് പ്രഖ്യാപിക്കുമായിരുന്നില്ലല്ലോ. പുരിക്ഷേത്രത്തിലെത്തിയ ഇന്ത്യന്‍ പ്രസിഡന്റിനെ പൂജാരി തടഞ്ഞപ്പോള്‍ അദ്ദേഹമത് അംഗീകരിച്ച് പരാതിയില്ലാതെ തിരിച്ചുപോകുമായിരുന്നില്ലല്ലോ. രാജ്യത്തിന്റെ പ്രഥമപുരുഷനെപോലും പൂണൂലിട്ടാല്‍ തടയാന്‍ കഴിയുന്ന രാഷ്ട്രമാണ് ഇന്നും ഇന്ത്യ.
തീര്‍ച്ചയായും മനുഷ്യത്വവിരുദ്ധമായ ബ്രാഹ്മണ്യത്തിനും അതിന്റെ ധര്‍മ്മവ്യവസ്ഥക്കുമെതിരെ നിരവധി പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട്. ഇ വി രാമസ്വാമി നായ്ക്കരും മഹാത്മാ ഫൂലേയും നാരായണഗുരുവും അയ്യങ്കാളിയും വി ടിയും അംബേദ്കറുമൊക്കെ നടത്തിയ പോരാട്ടങ്ങള്‍ ഉദാഹരണങ്ങള്‍. ഈ ധാരയാണ് അതുവരെ നമുക്ക് അജ്ഞാതമായിരുന്ന ജനാധിപത്യത്തേയും സമത്വത്തേയും സാഹോദര്യത്തേയും കുറിച്ചുള്ള ആശയങ്ങള്‍ നല്‍കിയത്. എന്നാല്‍ ഇന്നും അതില്‍ നിന്നും കാര്യമായി മുന്നോട്ടുപോകാന്‍ നമുക്കായിട്ടിയില്ല. അതിനാലാണല്ലോ കേരളത്തില്‍ തന്നെ നാട്ടുകാര്‍ എന്തുപറയുമെന്ന് കരുതി, ഇതരജാതിയില്‍ പിറന്നയാളെ വിവാഹം കഴിച്ച മകളെ അച്ഛന്‍ തന്നെ വെട്ടിക്കൊന്നത്. മരുമകനെ മറ്റൊരച്ഛനും. തൊടാന്‍ പാടില്ലാത്തതിനാല്‍ ദളിത് സ്ത്രീയെ ബ്രാഹ്മണന്‍ ബലാല്‍സംഗം ചെയ്യില്ല എന്ന കോടതിവിധി പോലും രാജസ്ഥാനില്‍ ഉണ്ടായിട്ടുണ്ടല്ലോ. വിജ്ഞാനം പോലും ഇവിടെ ഒരുവിഭാഗത്തിന്റെതു മാത്രമായിരുന്നു. അതുകൊണ്ടായിരുന്നല്ലോ അംബേദ്കര്‍ ബ്രാഹ്മണനാണെന്നായിരുന്നു താന്‍ ധരിച്ചതെന്ന് ഗാന്ധി പറഞ്ഞത്.
പവിത്രമായ ഇന്ത്യയെ സംഘപരിവാര്‍ ദുരുപയോഗിക്കുന്നതല്ല പ്രശ്‌നം, ഇന്ത്യ പവിത്രമല്ല എന്നതാണ്. ഈ പവിത്രബോധത്തില്‍ നിന്നു പുറത്തായതിനാലായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയവും സമൂഹവും അംബേദ്കറെപോലും ഏറെകാലം അകറ്റി നിര്‍ത്തിയത്. ഏം എ വരെ പഠിച്ച ഞാന്‍ പഠനകാലത്ത് ഒരിടത്തുപോലും അംബേദ്കറെ കുറിച്ച് കേട്ടിട്ടില്ല. ഭരണഘടനയെഴുതിയ ആള്‍ എന്നതിനപ്പുറം ഒരധ്യാപകന്‍ പോലും ആ പേരുച്ചരിച്ചിട്ടല്ല. മണ്ഡലിനും രോഹിത് മെമുലക്കും ശേഷമിതാ ഇന്ത്യാ അംബേദ്കറിനെ കണ്ടെത്തുകയാണ്. ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിലൂടെ മാത്രമല്ല, അസമത്വത്തിനെതിരായ ആഭ്യന്തരസമരങ്ങളിലൂടേയുമാണ് ഇന്ത്യ ജനാധിപത്യരാഷ്ട്രമായത്. തത്വത്തില്‍ എല്ലാവരും തുല്ല്യരായ, അതുവരെയുള്ള ജീവിതം കുറ്റകരമായിരുന്നു എന്നു പ്രഖ്യാപിച്ച ഭരണഘടന ഉണ്ടായത് അങ്ങനെയാണ്. തുല്ല്യനീതിയിലെത്താനായി ചില സമുദായങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കി. എന്നാല്‍ അന്നുമുതലെ ഭരണഘടന തകര്‍ക്കാനുള്ള നീക്കവും ആരംഭിച്ചിരുന്നു. മണ്ഡല്‍ കാലത്താണ് ഈ പ്രക്ഷോഭം ശക്തമായത്. മണ്ഡല്‍ കമ്മീഷനെതിരായ സമരകാലത്ത് പെണ്‍കുട്ടികള്‍ വിളിച്ച ഒരു മുദ്രാവാക്യമുണ്ടായിരുന്നു. we don’t want jobless husbands എന്നായിരുന്നു അത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സവര്‍ണ്ണര്‍ക്ക് തൊഴിലില്ലാതാകും എന്നായിരുന്നു അവരുദ്ദേശിച്ചത്. എങ്കില്‍ ജോലിയുള്ള അവര്‍ണ്ണരെ അവര്‍ക്ക് വിവാഹം കഴിക്കാമല്ലോ. പറ്റില്ല. അതാണ് നമ്മുടെ പ്രശ്‌നം. അതേസമയം ഹിന്ദുവെന്നു വിളിക്കപ്പെടുന്ന വിഭാഗത്തെ മണ്ഡല്‍ നെടുകെ പിളര്‍ക്കുമെന്നു തിരിച്ചറിഞ്ഞതായിരുന്നു ബാബറി മസ്ജിദ് തകര്‍ക്കാന്‍ കാരണമായത്. ഒരു ശത്രുവിനെ ചൂണ്ടികാട്ടി, വ്യത്യസ്ഥ ജാതികള്‍ മാത്രമായ ഹിന്ദുവിനെ ഏകീകരിക്കലായിരുന്നു അതിന്റെ ലക്ഷ്യം. അവിടെനിന്നാണ് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പുതുപിറവി ആരംഭിച്ചത്. അതുതിരിച്ചറിയാതെ പല പുരോഗമവാദികള്‍ പോലും മതേതര വ്യാജകാര്‍ഡിറക്കിയതും നാം കണ്ടു. ശ്രീരാമന്‍ കൊള്ളാം, സംഘപരിവാര്‍ മോശമായി ഉപയോഗിക്കുന്നതാണ് പ്രശ്‌നമെന്ന വാദം ഇന്നും നാം കേള്‍ക്കുന്നുണ്ടല്ലോ. 1932ല്‍ തന്നെ തന്റെ the riddles of rama എന്ന പുസ്തകത്തില്‍ അംബേദ്കര്‍ ഈ നിലപാടിന ചോദ്യം ചെയ്തിട്ടുള്ളതാണ്. എന്നാല്‍ മതേതര ജനാധിപത്യ ശക്തികളെന്നു കരുതിയവര്‍ പോലും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നില്ല. ഭാരതപാരമ്പര്യത്തെ വിമര്‍ശിച്ച് ബഹുസ്വരതക്കും സമത്വത്തിനും സാമൂഹ്യജനാധിപത്യത്തിനുമായി നിലകൊള്ളാതെ അവര്‍ രാമനിലും കൃഷ്ണനിലുമെല്ലാം പങ്കുചോദിക്കുകയായിരുന്നു. ഈ സാഹചര്യമാണ് ഹിന്ദുത്വശക്തികള്‍ ഭംഗിയായി ഉപയോഗിച്ച് അധികാരത്തിലെത്തിയത്. അദികാരത്തിലെത്തിയശേഷം അവരുടേത് കൂടുതല്‍ അക്രമോത്സുകമായ ദേശീയതയായി മാറുകയാണ്. അക്രമിക്കപ്പെടുന്നവര്‍ പ്രധാനമായും മുസ്ലിമുകളും ദളിതരും.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും കലുഷിതമായിരുന്ന വിഭജനകാലത്തുപോലും പൗരത്വത്തെ കുറിച്ചു നടന്ന ചര്‍ച്ചകളില്‍ മതം ഒരു ഘടകമായിരുന്നില്ല എന്നതാണ് ഇവിടെ പ്രസക്തം. ഇന്നിതാ അപരത്വത്തെ നിയമവല്‍ക്കരിക്കാനും ഹിന്ദുരാഷ്ട്രമാക്കാനുമാണ് നീക്കം. ഫലത്തില്‍ ഏകോപിപ്പിക്കലല്ല, ഇന്ത്യയെ ചിതറിക്കലാണ് ഇവര്‍ ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് സാമൂഹ്യജനാധിപത്യമെന്ന സങ്കല്‍പ്പത്തെ തിരിച്ചുപിടിക്കേണ്ടതിന്റെ പ്രസക്തി. ജനാധിപത്യമെന്നത് കേവലം ഭരണക്രമം മാത്രമല്ല, സാമൂഹ്യജീവിതക്രമം കൂടിയാണെന്നു തിരിച്ചറിയണം. മനുഷ്യര്‍ തമ്മിലുള്ള എല്ലാ ഇടപാടിലും സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും ഉയര്‍ത്തിപിടിക്കണം. അതംഗീകരിക്കാത്ത ഭരണാധികാരികളുടെ നടപടികളെ ബഹിഷ്‌കരിക്കണം. അതിനാല്‍ തന്നെ സാമൂഹ്യജനാധിപത്യത്തിനു വിരുദ്ധമായ പൗരത്വനിയമവും പൗരത്വപട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ബഹിഷ്‌കരിക്കാനാണ് നാം തയ്യാറാകേണ്ടത്. ഒപ്പം ആരംഭത്തില്‍ പറഞ്ഞപോലെ ഇന്ത്യന്‍ പാരമ്പര്യത്തെ പരിപാവനമെന്ന് കരുതുന്ന എല്ലാ ആശയസംഹിതകളും വലിച്ചെറിയാനും തയ്യാറാകണം.

(ജനനീതി തൃശൂരില്‍ നടത്തിയ സമ്മേളനത്തില്‍ നടത്തിയ പ്രഭാ,ണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply