മലയാളികള്‍ അഭിമാനിക്കുകയാണ് വേണ്ടത്, ചെളിവാരിയെറിയുകയല്ല

ഫാസിസത്തിനെതിരായ വിധിയെഴുത്താണ് കേരളം നടത്തിയത്. തീര്‍ച്ചയായും മറ്റു പലഘടകങ്ങള്‍ക്കും ചെറിയ സ്വാധിനമൊക്കെ ചെലുത്താന്‍ സാധിച്ചിട്ടുണ്ടാകാം. ഉദാഹരണത്തിന് വടക്കന്‍ കേരളത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരം വോട്ടെടുപ്പില്‍ ഉണ്ടായിട്ടുണ്ട്. ആലത്തൂരില്‍ രമ്യക്കെതിരെ നടത്തിയ മോശം പ്രചാരണങ്ങള്‍ അവര്‍ക്ക്് സഹായകരമായി. അങ്ങനെ പല മണ്ഡലങ്ങളിലും പലഘടകങ്ങളും നേരിയ തോതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയില്‍ മിക്കവാറും യുഡിഎഫിന് അനുകൂലമായിരുന്നു. ഇവയുടെയെല്ലാം ആകത്തുകയാണ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയത്തില്‍ അവരെ എത്തിച്ചത്. എന്നാല്‍ പ്രധാനം ഫാസിസത്തിനെതിരായ വിധിയെഴുത്തുതന്നെ. അതില്‍ അഭിമാനിക്കുകയാണ് മലയാളികള്‍ ചെയ്യേണ്ടത്. പരസ്പരം കുറ്റപ്പെടുത്തുകയല്ല. ഇടതുപക്ഷമായാലും വലതുപക്ഷമായാലും.

ലോകസഭാ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നിട്ട് ദിവസങ്ങളായിട്ടും കേരളത്തില്‍ യുഡിഎഫിന്റെ തിളക്കമാര്‍ന്ന വിജയത്തിന്റേയും എല്‍ഡിഎഫിന്റേയും എന്‍ഡിഎയുടേയും കനത്ത പരാജയത്തിന്റേയും കാരണങ്ങളെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ തുടരുകയാണ്. തര്‍ക്കങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത് ശബരിമല തന്നെയാണ്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസികള്‍ക്കെതിരായ നിലപാടാണ് എല്‍ഡിഎഫിന്റെ പരാജയത്തിനും യുഡിഎഫിന്റെ വിജയത്തിനും കാരണമെന്നു വാദിക്കുന്നവരില്‍ മൂന്നു മുന്നണികളിലും പെട്ട ഭൂരിപക്ഷം പേരുമുണ്ട് എന്നതാണ് കൗതുകകരം. ശബരിമലയല്ല പരാജയത്തിനു കാരണമെന്നു സമ്മതിക്കാന്‍ സാധിക്കാത്തതിനാല്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കടുത്ത അനുയായികളും ആ വാദത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. തുറന്നു പറയാനാകാത്തതിനാല്‍ തന്നെ വിശ്വാസികളെ ബോധ്യപ്പെടുത്താനായില്ല, അവര്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്നിങ്ങനെയുള്ള വാചകങ്ങള്‍ ഉപയോഗിച്ച് ശബരിമലവാദത്തെ അംഗീകരിക്കുകയാണ് സിപിഎം അടക്കമുള്ള ഇടതുമുന്നണിയിലെ പാര്‍ട്ടികളെല്ലാം തന്നെ. പോളിറ്റ് ബ്യൂറോ പോലും ആ നിലപാടിലാണ്.
തെരഞ്ഞെടുപ്പുഫലങ്ങളെ ഒരുപാട് വിഷയങ്ങള്‍ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. ശബരിമലയും അതിലൊരു ഘടകമാണ്. എന്നാല്‍ അതാണ് പ്രധാന ഘടകമെങ്കില്‍ കേരളത്തില്‍ ബിജെപിക്ക് ഇത്രയും വോട്ടുകള്‍ ലഭിച്ചാല്‍ പോര. കുറച്ചുകാലമായി പതിവുള്ള പോലെ ഇത്തവണയും ബിജെപിക്ക് വോട്ടുകൂടിയിട്ടുണ്ടെന്നത് ശരി. എന്നാല്‍ ഇത്തവണ വീണുകിട്ടിയ സുവര്‍ണ്ണാവസരമാണെന്ന് അവരുടെ നേതാക്കള്‍ തന്നെ വിശേഷിപ്പിച്ചിട്ടും അത്തരത്തിലുള്ള കുതിച്ചുചാട്ടം ഉണ്ടായില്ല എന്നതല്ലേ സത്യം? പതിവുപോലെ ഒരു സീറ്റുപോലും ലഭിക്കാനുമായില്ല. തിരുവനന്തപുരത്തും മറ്റും ഇടതുമുന്നണി കോണ്‍ഗ്രസ്സിനു വോട്ടുമറച്ചതായി ആരോപണമുണ്ട്്. ആ ആരോപണം പുതിയതല്ല. മുമ്പും ഉണ്ടായിരുന്നു. ശബരിമല വിഷയത്തില്‍ ശക്തമായ രീതിയില്‍ പ്രക്ഷോഭം നയിച്ച ബിജിപിക്കു നല്‍കാതെ, വിശ്വാസികള്‍ ഒന്നടങ്കം തങ്ങളുടെ വോട്ട് യുഡിഎഫിനു വല്‍കി എന്നതും അവിശ്വസനീയമാണ്. തങ്ങളാണ് യുഡിഎഫിന്റെ വിജയശില്‍പ്പി തങ്ങളാണെന്ന് സ്ഥാപിക്കാന്‍ പ്രധാനമായും ബിജെപി തന്നെയാണ് ഈ വാദം ഉന്നയിക്കുന്നത്. ഇതു പറയുന്ന അതേ ബിജെപിതന്നെ വരുന്ന നിയമസഭ ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല പ്രധാന വിഷയമാക്കില്ല എന്ന നിലപാട് സ്വീകരിച്ചതായും വാര്‍ത്ത കണ്ടു. തങ്ങള്‍ ഉദ്ദേശിച്ച പ്രകാരം ശബരിമല പ്രധാന വിഷയമാക്കാന്‍ തങ്ങള്‍ക്കായില്ല എന്നു ബിജെപി തന്നെ മനസ്സിലാക്കിയിരിക്കുന്നു. മാത്രമല്ല, മൊത്തത്തില്‍ പാര്‍ട്ടിക്കകത്തെ ഭിന്നതകള്‍ വര്‍ദ്ധിപ്പിക്കാനാണ് അതു സഹായിച്ചത്. മാത്രമല്ല, തെരഞ്ഞെടുപ്പിനുശേഷം ശബരിമല വിഷയത്തില്‍ സംഘപരിവാറിനകത്തെ ഭിന്നതകളും ശക്തമായി പുറത്തുവന്നിരിക്കുന്നു.
ബിജെപിയില്‍ മാത്രമല്ല, സിപിഎമ്മിലും ശക്തമായ ഭിന്നതക്ക് ശബരിമല കാരണമായിട്ടുണ്ട് എന്നതില്‍ സംശയമില്ല. ശക്തമായ സംഘടനാ സംവിധാനം ഉപയോഗിച്ച് അതു മറച്ചുവെക്കാന്‍ പാര്‍ട്ടി ശ്രമിച്ചിരുന്നെങ്കിലും ഫലപ്പോളുമത് മറ നീക്കി പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി സ്വീകരിച്ച കടുത്ത നിലപാടിനെതിരെ ശക്തമായ പ്രതിഷേധം പാര്‍ട്ടിക്കകച്ചുണ്ടായിരുന്നു. എന്നാല്‍ പിണറായിയുടെ അപ്രമാദിത്തത്തിനുമുന്നില്‍ അതു കാര്യമായി പുറത്തുവന്നില്ല, തെരഞ്ഞെടു്പപുഫലത്തിനുശേഷം ആര്‍ക്കും മനസ്സിലാവുന്ന രീതിയില്‍ ഭിന്നതകള്‍ പുറത്തു വന്നിട്ടുണ്ട്. പരാജയത്തിനു കാരണം ശബരിമലയാണെന്നും അതിനുള്ള പ്രധാന കാരണം മുഖ്യമന്ത്രിയുടെ നിലപാടാണെന്നുമുള്ള വികാരമാണ് പാര്‍്ട്ടിയില്‍ ശകതമായിരിക്കുന്നത്. മറുവശത്താകട്ടൈ തെരഞ്ഞെടുപ്പടുത്തപ്പോള്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു എന്ന നവോത്ഥാന സമിതിയുടെ ചെയര്‍മാന്‍ വെള്ളാപ്പള്ളിയുടെ നിലപാടും മുഖ്യമന്ത്രിക്കു വിനയായി. നിര്‍ണ്ണായകസമയത്ത് മുഖ്യമന്ത്രിയെ പിന്തുണച്ച ദളിത് നേതാക്കള്‍ പുന്നല ശ്രീകുമാറും സണ്ണി കപിക്കാടും ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിക്കുകയും ചെയ്തു.
ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടന്നത് എന്നതു മറന്നാണ് എല്ലാവരും ശബരിമലയില്‍ കയറി പിടിക്കുന്നത്. ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പും നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പും വ്യത്യസ്ഥ രീതിയില്‍ നോക്കികണ്ട നിരവധി ഉദാഹരണങ്ങള്‍ കേരളത്തിലുണ്ട്. പലപ്പോളും മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായി രീതിയിലുമാണ് മലയാളികള്‍ വോട്ടുചെയ്യാറുള്ളത്. അതുതന്നെയാണ് ഇത്തവണയും സംഭവിച്ചത്. എന്തായാലും തമിഴ് നാടു പോലെ സംഘപരിവാറിന് കേറിപറ്റാന്‍ സാധിക്കാത്ത അവശേഷിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണല്ലോ കേരളം. ബിജെപിയെ ഭരണത്തില്‍ നിന്നകറ്റാനാണ് എല്‍ഡിഎഫും യുഡിഎഫും വോട്ടു ചോദിച്ചത്. വളരെ കൃത്യമായ കക്ഷിരാഷ്ട്രീയമില്ലാത്ത വലിയൊരുവിഭാഗം ജനങ്ങള്‍ ഇതില്‍ തെരഞ്ഞെടുത്തത് യുഡിഎഫിനെയായിരുന്നു. മുഖ്യമന്ത്രി തന്നെ സമ്മതിച്ചപോലെ, ‘കോണ്‍ഗ്രസിന് ഒരു സീറ്റെങ്കിലും അധികം കിട്ടിയാലെ രാഷ്ട്രപതി മന്ത്രിസഭയുണ്ടാക്കാന്‍ വിളിക്കൂ എന്ന പ്രചരണം പലരെയും യു ഡി എഫിന് വോട്ടു ചെയ്യുന്നതിലെത്തിച്ചു.’ അതു പ്രചരണമല്ല, യാഥാര്‍ത്ഥ്യം തന്നെയാണ്. ബിജെപിയുടെ ഭരണം തുടരുന്നതില്‍ ആശങ്കയുള്ളവര്‍, പ്രതേകിച്ച് ന്യൂനപക്ഷവിഭാഗങ്ങള്‍ യുഡിഎഫിനി വോട്ടുചെയ്തത് മോദിയെ പുറത്താക്കാമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു. എല്‍ഡിഎഫിനു ചെയ്താല്‍ ചിലപ്പോളതു വൃഥാവിലാകുമെന്നവര്‍ കരുതിയത് ന്യായം. ഇവരില്‍ വലിയൊരു ഭാഗം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു വോട്ടുചെയ്തവര്‍ തന്നെയാണ്. അതു മനസ്സിലാക്കാതെയാണ് പല ഇടതുസൈബര്‍ പോരാളികളും ന്യൂമപക്ഷങ്ങളെ അധിക്ഷേപിക്കുന്നത്. കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ സാന്നിധ്യം മിക്കവാറും എല്ലാ സംസ്ഥാനങ്ങളേക്കാള്‍ കൂടുതലും അവര്‍ സംഘടിതരുമാണെന്ന് മറക്കരുത്. അവര്‍ വോട്ടുചെയ്തത് രാഹുല്‍ ഗാന്ധിക്കായിരുന്നു, ചെന്നിത്തലക്കായിരുന്നില്ല എന്നതും പ്രത്യേകം പറഞ്ഞേ പറ്റൂ. ഈ വോട്ടുകളാണ് സത്യത്തില്‍ ഈ തെരഞ്ഞടുപ്പിലെ നിര്‍ണ്ണായകഘടകമായത്. കൂടെ ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ ചെറിയൊരു മാറ്റവും കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി എന്നു മാത്രം. അല്ലാതെ ഇത് സര്‍ക്കാരിനെതിരായ വിധിയായോ പിണറായിയുടെ ധാര്‍ഷ്ട്യത്തിനെതിരായ വികാരമായോ കാണാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസ്സുകാര്‍ പോലും അതു പറയുന്നതുകേള്‍ക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.
തീര്‍ച്ചയായും മറ്റു പലഘടകങ്ങള്‍ക്കും ചെറിയ സ്വാധിനമൊക്കെ ചെലുത്താന്‍ സാധിച്ചിട്ടുണ്ടാകാം. ഉദാഹരണത്തിന് വടക്കന്‍ കേരളത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരായ ജനവികാരം വോട്ടെടുപ്പില്‍ ഉണ്ടായിട്ടുണ്ട്. ആലത്തൂരില്‍ രമ്യക്കെതിരെ നടത്തിയ മോശം പ്രചാരണങ്ങള്‍ അവര്‍ക്ക്് സഹായകരമായി. അങ്ങനെ പല മണ്ഡലങ്ങളിലും പലഘടകങ്ങളും നേരിയ തോതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവയില്‍ മിക്കവാറും യുഡിഎഫിന് അനുകൂലമായിരുന്നു. ഇവയുടെയെല്ലാം ആകത്തുകയാണ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയത്തില്‍ അവരെ എത്തിച്ചത്. വാസ്തവത്തില്‍ ഫാസിസത്തിനെതിരായ വിധിയെഴുത്താണഅ കേരളം നടത്തിയത്. അതില്‍ അഭിമാനിക്കുകയാണ് മലയാളികള്‍ ചെയ്യേണ്ടത്. പരസ്പരം കുറ്റപ്പെടുത്തുകയല്ല. ഇടതുപക്ഷമായാലും വലതുപക്ഷമായാലും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala, Latest news, Politics | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply