മലയാളം സമരങ്ങളും ഭാഷാന്യൂനപക്ഷങ്ങളും

മലയാളഭാഷയില്‍ എല്ലാകാര്യങ്ങളും ചെയ്യാനും ചെയ്തുകിട്ടാനും എല്ലാ മലയാളികള്‍ക്കും പറ്റണം. അതിനുവേണ്ടി നടത്തുന്ന സമരങ്ങളെ ആ നിലയ്ക്ക് പിന്തുണയ്‌ക്കേണ്ടതുമാണ്. പക്ഷേ ഭാഷാസൂത്രണമെന്നത് ഇതരഭാഷകളെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ളതാകരുത് എന്നു മാത്രം. മലയാളി ഗോത്രഭാഷകളുടെയും തമിഴിന്റെയും തുളുവിന്റെയും മറ്റു പല ഭാഷകളുടെയും ഇടങ്ങളിലേക്ക് രാഷ്ട്രീയാധിനിവേശം നടത്തിയ പ്രക്രിയയുടെകൂടി പേരാണ് കേരളരൂപീകരണം എന്നത്. ദേശരാഷ്ട്രങ്ങളുടെ രൂപീകരണത്തില്‍ ഇത്തരം പ്രക്രിയകള്‍ ഉള്ളടങ്ങിയിരിക്കുന്നു. അതിനെ മറികടക്കേണ്ടത് തുല്യപൗരത്വത്തിലും ഭാഷാനീതിയിലും ഊന്നിക്കൊണ്ടായിരിക്കണം.

‘കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ഉള്‍പ്പെടെ എല്ലാ തൊഴില്‍ പരീക്ഷകളും മലയാളത്തിലും ന്യൂനപക്ഷഭാഷകളിലും കൂടി നടത്തുക’ എന്ന ആവശ്യവുമായാണ് ഓഗസ്റ്റ് 29 ന് ഐക്യമലയാളപ്രസ്ഥാനം അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുന്നത്. ന്യായമായ ആവശ്യമാണ്. സമരത്തിന്റെ 6-ാം ദിവസം നടത്തിയ ചര്‍ച്ചയില്‍ പരീക്ഷകള്‍ മലയാളത്തില്‍ എഴുതാം, സാങ്കേതികകാരണങ്ങളാല്‍ ചോദ്യപേപ്പര്‍ മലയാളത്തില്‍ നല്‍കാനാവില്ല എന്നായിരുന്നു പി.എസ്.സി.യുടെ പ്രതികരണം. പി.എസ്.സി.യുടെ വാദമുഖങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും മറ്റു സംസ്ഥാനങ്ങളിലൊക്കെ പി.എസ്.സി. പരീക്ഷകള്‍ അവരുടെ ഭാഷകളില്‍കൂടി ചോദ്യപേപ്പര്‍ നല്‍കുന്നുണ്ടെന്നും സമരക്കാര്‍ വ്യക്തമാക്കി. സാങ്കേതികമായ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കേണ്ടതും പി.എസ്.സി. ആണല്ലോ. ഇതേത്തുടര്‍ന്ന് സമരം തുടരുകയും സെപ്റ്റംബര്‍ 16-ാം തീയതി മുഖ്യമന്ത്രി പി.എസ്.സി.യുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് പരീക്ഷാചോദ്യങ്ങള്‍ മലയാളത്തിലും നല്‍കാന്‍ ധാരണയാകുകയും ചെയ്തു. പി.എസ്.സി. പരീക്ഷകള്‍ മലയാളത്തിലും നടത്തും എന്ന ഉറപ്പോടുകൂടി സമരം അവസാനിക്കുകയായിരുന്നു. സമരം അവസാനിച്ചിട്ട് ഒരു മാസം ആകുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സാങ്കേതികപദങ്ങള്‍ മലയാളത്തിലാക്കുന്നതു സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ഒരു ചോദ്യം ബാക്കിയാവുന്നു. ന്യൂനപക്ഷഭാഷകള്‍ എന്ന സമരാവശ്യം എവിടെ? യഥാര്‍ത്ഥത്തില്‍ സമരവിജയം ആഘോഷിക്കുന്നവരൊന്നും തന്നെ ഇതിനെക്കുറിച്ച് ആശങ്കപ്പെട്ടേ കാണുന്നില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ‘ന്യൂനപക്ഷഭാഷകളായ കന്നഡയിലും തമിഴിലുംചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുവേണ്ട നടപടി ചിലപ്പോള്‍ ഭാവിയില്‍ സ്വീകരിക്കേണ്ടതായി വരും.’ എന്നു മാത്രമാണ്. അത്തരത്തില്‍ ഒരു നീക്കവും പി.എസ്.സി. തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല എന്നാണ് മനസ്സിലാകുന്നത്. അപ്പോള്‍ സമരം വിജയിച്ചോ? അതെ എന്നാണ് ഉത്തരം.

 

 

 

 

 

 

 

 

‘ന്യൂനപക്ഷഭാഷകളിലും’ എന്ന ഈ സമരത്തിലെ ആവശ്യത്തില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നതായി കരുതാനാവില്ല. സമരത്തിന്റെ ആസൂത്രണങ്ങളില്‍ വളരെ വൈകി മാത്രം ഇടംപിടിച്ച ഒരു വാചകമാണത്. 2009-ല്‍ മലയാള ഐക്യവേദി രൂപം കൊള്ളുമ്പോള്‍ മുന്നോട്ടുവെച്ച ആവശ്യമാണ് മലയാളത്തില്‍ പി.എസ്.സി. പരീക്ഷകള്‍ നടത്തുക എന്നത്. അതിനുശേഷം 2019 ഫെബ്രുവരി 21 വരെ അവര്‍ നടത്തിയ നിരവധി സമരങ്ങളിലോ നിവേദനങ്ങളിലോ ഒന്നും ന്യൂനപക്ഷഭാഷകള്‍ എന്ന ആവശ്യം ഉണ്ടായിരുന്നില്ല. വൈകിവന്ന വിവേകം എന്നതിനെക്കാള്‍ വിമര്‍ശനങ്ങളെ പ്രതിരോധിക്കാനുള്ള തന്ത്രമായി മാത്രമേ അതിനെ കാണാനാവൂ. പി.എസ്.സി. സമരത്തിന്റെ പോസ്റ്ററുകളിലോ നോട്ടീസുകളിലോ ചെറിയ ഫോണ്ടില്‍ മാത്രം, അപ്രധാനമായ ആവശ്യം എന്ന നിലയില്‍ മാത്രമായിരുന്നു ഇക്കാര്യം. ‘മലയാളത്തോടുള്ള അയിത്തം അവസാനിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായിട്ടാണ് സമരം ആരംഭിക്കുന്നതുതന്നെ. സമരക്കാരുടെ അജണ്ട വെളിവാക്കുന്ന മറ്റൊരു പ്രധാനഘട്ടമായിരുന്നു തിരുവോണദിവസത്തിലെ കൂട്ട ഉപവാസം. ‘മലയാളമില്ലാതെ ഓണമില്ല’ എന്നതായിരുന്നു ആ സമരത്തില്‍ മുമ്പോട്ടുവെച്ച മുദ്രാവാക്യം. സമരവുമായി ബന്ധപ്പെട്ടു വിവിധ ചാനലുകളില്‍, പത്രങ്ങളില്‍ പല തവണ നല്‍കിയ വാര്‍ത്തകളില്‍ ‘പി.എസ്.സി. പരീക്ഷകള്‍ മലയാളത്തില്‍/മലയാളത്തിലും നടത്തുക’ എന്നതല്ലാതെ സമരാവശ്യമായി റിപ്പോര്‍ട്ടു ചെയ്തുകാണുന്നില്ല. അതിനെ സംബന്ധിച്ച് മുഖ്യമന്ത്രി ഫെയ്‌സ് ബുക്കില്‍ പങ്കുവെച്ച പ്രസ്താവനയിലും മറ്റു നേതാക്കളുടെ പ്രസ്താവനകളിലും ഒക്കെ മലയാളം എന്ന ആവശ്യം മാത്രമാണ് ഉണ്ടായിരുന്നത്. ഈ വാര്‍ത്തകളിലൊന്നും വന്ന ഒഴിവാക്കല്‍ ഒരുതരത്തിലും സമരാനുകൂലികള്‍ക്ക് വിഷയമായിരുന്നില്ല. വാര്‍ത്തകളില്‍ തെറ്റുവരാം. എന്നാല്‍ ഇവരാരും അക്കാര്യം ഉന്നയിച്ചതായോ മാധ്യമങ്ങളെ തിരുത്തിയതായോ കാണാനില്ല. സമരവുമായി ബന്ധപ്പെട്ടു നടത്തിയ ഒരു ചാനല്‍ ചര്‍ച്ചയിലും ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നം ഉയര്‍ന്നുവന്നില്ല. ചില ആക്റ്റിവിസ്റ്റുകളെങ്കിലും ന്യൂനപക്ഷഭാഷകളിലും പി.എസ്.സി. നടത്തണമെന്ന ആവശ്യം ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലും മറ്റും ഉള്‍പ്പെടുത്തുന്നതില്‍ ആദ്യദിവസങ്ങളില്‍ ശ്രദ്ധിച്ചിരുന്നുവെങ്കിലും അനുകൂലിച്ചോ പ്രതികൂലിച്ചോ വരുന്ന എല്ലാ ചര്‍ച്ചകളും പതുക്കെ മലയാളത്തിലേക്ക് ഒതുങ്ങുകയായിരുന്നു.

 

 

 

 

 

 

 

 

മലയാള ഐക്യവേദിയുടെയോ ഐക്യമലയാളപ്രസ്ഥാനത്തിന്റെയോ വര്‍ഷങ്ങളായുള്ള പ്രവര്‍ത്തനങ്ങളൊന്നും തന്നെ മാതൃഭാഷാവകാശത്തിനു വേണ്ടിയായിരുന്നില്ല. ഔദ്യോഗികഭാഷ അംഗീകരിപ്പിക്കുക എന്നതായിരുന്നു അവരുടെ നയം. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന മലയാള സംരക്ഷണ വേദി, പി. പവിത്രന്റെ നേതൃത്വത്തില്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച മലയാള ഐക്യവേദി, തിരുവനന്തപുരം ആസ്ഥാനമായ മലയാള സമിതി എന്നിവ ചേര്‍ന്ന് 2010-ല്‍ രൂപീകരിച്ചതാണ് ഐക്യമലയാളപ്രസ്ഥാനം. മലയാളസംരക്ഷണവേദി 1989-ലും മലയാള ഐക്യവേദി 2009-ലും ആണ് രൂപംകൊണ്ടത്. ഭരണഭാഷയെന്ന നിലയിലും പഠനമാധ്യമമെന്ന നിലയിലും മലയാളത്തെ എല്ലായിടങ്ങളിലും വ്യാപിപ്പിക്കുക എന്നതാണ് മലയാള ഐക്യവേദിയുടെ പ്രഖ്യാപിതലക്ഷ്യം. ഇതിനായി സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും മലയാളം നിര്‍ബ്ബന്ധിത ഒന്നാം ഭാഷയായി പഠിപ്പിക്കുക എന്നതായിരുന്നു മലയാള ഐക്യവേദി നേടിയെടുത്ത ഒന്നാമത്തെ കാര്യം. ഇത് ഡിഗ്രിതലം വരെ ഉയര്‍ത്താനും മലയാളം എല്ലാ വിഷയങ്ങളിലും പഠനമാധ്യമമാക്കാനും അവര്‍ ആവശ്യപ്പെടുന്നു. കോടതിഭാഷ മലയാളത്തിലാക്കുക, കടകളിലെ ബില്ലുകളും ബോര്‍ഡുകളും മലയാളത്തിലാക്കാന്‍ നിര്‍ദ്ദേശിക്കുക, ബസ് ടിക്കറ്റുകളില്‍ മലയാളം ഉപയോഗിക്കുക തുടങ്ങി നിരവധി പ്രചാരണങ്ങളാണ് മലയാളത്തിന്റെ പ്രചാരണത്തിനുവേണ്ടി മലയാള ഐക്യവേദി ചെയ്തിട്ടുള്ളത്. ഒക്കെ നല്ലതുതന്നെ. എന്നാല്‍ ഐക്യമലയാളപ്രസ്ഥാനത്തിന്റെ ഉദ്ഭവം തൊട്ടുള്ള ചരിത്രത്തില്‍ ഭാഷാന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടില്ല.

 

 

 

 

 

 

 

 

ഭാഷാന്യൂനപക്ഷസംഘടനകളുമായോ മറ്റോ വേണ്ടത്ര ഇടപെടലുകള്‍ നടത്താന്‍ ഇവര്‍ ശ്രമിച്ചിട്ടില്ല. പകരം അവര്‍ കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് പറയത്തക്ക പ്രശ്‌നമൊന്നുമില്ലെന്നു പറഞ്ഞുറപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഭാഷാന്യൂനപക്ഷങ്ങള്‍ ആരൊക്കെയെന്ന കാര്യത്തില്‍ സര്‍ക്കാരും ഐക്യമലയാളപ്രസ്ഥാനവും പിന്തുടരുന്ന നിലപാടും പരിശോധിക്കേണ്ടതാണ്. 15 ശതമാനത്തിനു മുകളില്‍ പേര്‍ മറ്റേതെങ്കിലും ഭാഷ സംസാരിക്കുന്ന താലൂക്കിനെ/ജില്ലയെ/നഗരസഭയെ ഭാഷാന്യൂനപക്ഷ താലൂക്ക്/ജില്ല/നഗരസഭ ആയി കണക്കാക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ്, പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ എന്നീ താലൂക്കുകളും പാലക്കാട് നഗരസഭയും ഇടുക്കി ജില്ലയിലെ ദേവികുളം, പീരുമേട്, ഉടുമ്പുംചോല താലൂക്കുകളും ഭാഷാന്യൂനപക്ഷപ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. ഇടുക്കി ഭാഷാന്യൂനപക്ഷജില്ലയാണ്. യഥാര്‍ത്ഥത്തില്‍ തുളുവാണ് കാസര്‍ഗോഡ് താലൂക്കില്‍ 15 ശതമാനത്തില്‍ മേലെ പേര്‍ സംസാരിക്കുന്ന ഭാഷ. പക്ഷേ കാസര്‍ഗോഡ് താലൂക്ക് കന്നഡ ന്യൂനപക്ഷപ്രദേശമായി പ്രഖ്യാപിച്ചിരിക്കുന്നത് തുളുവിനു നിലവില്‍ ലിപിയില്ല എന്ന കാരണത്താലാണ്; കന്നഡ പ്രസ്ഥാനങ്ങളുടെ ആവശ്യം എന്ന നിലയിലും. ഇത് തുളുഭാഷയുടെ സ്വത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന സമീപനമാണ്. ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള ദക്ഷിണമേഖലാ കൗണ്‍സില്‍ തീരുമാനമനുസരിച്ച് തമിഴ്, കന്നഡഭാഷകള്‍ക്ക് കേരളത്തില്‍ ഔദ്യോഗിക ന്യൂനപക്ഷ ഭാഷാപദവിയുണ്ട്. ഭാഷാ ന്യൂനപക്ഷമേഖലകളുമായി ബന്ധപ്പെട്ട ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുക എന്നു മാത്രമാണ് ഈ പദവി കൊണ്ട് ഉദ്ദേശിക്കുന്നത്. ഭരണകൂടത്തിന്റെ പ്രായോഗികപരിമിതികള്‍ കണക്കിലെടുത്തുകൊണ്ടാണ്, മറ്റു ന്യൂനപക്ഷഭാഷകളെ നിഷേധിച്ചു കൊണ്ടുള്ളതല്ല ഈ നയം. 1965-ലെ ഉത്തരവ് കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളെ തമിഴ്, കന്നഡഭാഷകള്‍ സംസാരിക്കുന്നവര്‍, മറ്റു ന്യൂനപക്ഷഭാഷകള്‍ സംസാരിക്കുന്നവര്‍ എന്നിങ്ങനെ മൂന്നായി തിരിക്കുന്നതാണ്. 1964-ലെ ഔദ്യോഗിക ഭാഷാനിയമവും ഇത് പിന്തുടരുന്നു. എപ്പോഴെല്ലാം പി.എസ്.സി. മലയാളത്തില്‍ പരീക്ഷ നടത്തുന്നുവോ അപ്പോഴെല്ലാം ഭാഷാന്യൂനപക്ഷങ്ങളെ പരിഗണിച്ചുകൊണ്ട് തമിഴ്-കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും കൂടി പരീക്ഷ നേരിടാന്‍ ഉദ്യോഗാര്‍ത്ഥികളെ അനുവദിക്കേണ്ടതാണ് എന്നും 1965-ലെസര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട് (ഈ ഉത്തരവ് 1986-ല്‍ ആവര്‍ത്തിക്കുന്നുണ്ട്).  പത്താംതരം യോഗ്യത വരെയുള്ള പരീക്ഷകള്‍ മലയാളം/കന്നഡ/തമിഴ ്ഭാഷകളില്‍ മാത്രമായതിനാല്‍ ഈ ഉത്തരവ് ഇപ്പോള്‍തന്നെ പാലിക്കപ്പെടുന്നില്ല. മറ്റു ഭാഷാന്യൂനപക്ഷങ്ങള്‍ പി.എസ്.സി.ക്ക് പുറത്താണ്. ഡിഗ്രിതലപരീക്ഷകളില്‍ 10 മാര്‍ക്കിന്റെ ചോദ്യം മലയാളം/കന്നഡ/തമിഴ് ഭാഷകളില്‍നിന്നുമായതുകൊണ്ട് അവയും മറ്റുഭാഷാന്യൂനപക്ഷങ്ങളെ പുറംതള്ളുന്ന നടപടിയാണ് എന്ന് ഓര്‍ക്കേണ്ടതുണ്ട്. തമിഴ് – കന്നഡ സമൂഹങ്ങളുടെ ന്യൂനപക്ഷാവകാശവും തള്ളിക്കളയുകയാണ് പി.എസ്.സി. കെ.എ.എസ്. പരീക്ഷ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ മാത്രംനടത്തുമ്പോള്‍.

 

 

 

 

 

 

 

 

ഭാഷാന്യൂനപക്ഷമെന്നനിലയില്‍ തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്നതും സ്വഭാഷയില്‍ വിദ്യാഭ്യാസം നല്‍കണമെന്നതും കേരളത്തിലെ വിവിധ ഭാഷാസമുദായങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്. സാങ്കേതികമേഖലയിലെ വികാസവും മാറ്റിനിര്‍ത്തപ്പെട്ടവരുടെയിടിയില്‍ നിന്നുണ്ടാകുന്ന പുതിയശബ്ദങ്ങളും സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ നയങ്ങള്‍ കൂടുതല്‍ ഉള്‍ക്കൊള്ളുന്നതാക്കാനുള്ള സാധ്യതകളാണ് നല്‍കുന്നത്. എന്നാല്‍ ഐക്യമലയാളപ്രസ്ഥാനം തുടക്കംമുതല്‍ കേരളത്തിലെ ഭാഷാന്യൂനപക്ഷമായി പരിഗണിച്ചുവന്ന തമിഴരെയും കന്നഡികരെയും മാത്രമാണ്. അതില്‍ ആദിവാസിവിഭാഗങ്ങളോ, തുളു, ബ്യാരി, ഗുജറാത്തി, കൊങ്കണി, മറാത്തി, തെലുങ്ക്, അസമീസ്, ബംഗാളി ഭാഷക്കാര്‍, ആംഗ്ലോ-ഇന്‍ഡ്യക്കാര്‍ തുടങ്ങിയവരോ ഒന്നും ഉണ്ടായിരുന്നില്ല. ലക്ഷദ്വീപില്‍ സംസാരിക്കുന്ന ജസരിയോ ഇവിടത്തെ തീരദേശഭാഷകളോ ഉണ്ടായിരുന്നില്ല. മൂകരും ബധിരരുമായവരുടെ ചിഹ്നഭാഷ ഉണ്ടായിരുന്നില്ല. എല്ലാവര്‍ക്കും ഭാഷാപരമായ തുല്യതനല്‍കാന്‍ സര്‍ക്കാരിനു കഴിഞ്ഞെന്നു വരില്ല. എന്നാല്‍ ഒരുവ്യക്തി/സംഘടന എന്ന നിലയ്ക്ക് ജനാധിപത്യബോധം കൈവരിക്കാന്‍ ഭാഷാദേശീയവാദികള്‍ ശ്രമിച്ചിട്ടില്ല എന്നിടത്താണ് പ്രശ്‌നം.

 

 

 

 

 

 

 

 

മലയാളികളുടെയോ കന്നഡ-തമിഴ് ഭാഷകരുടെയോ മാത്രമല്ല, മാതൃഭാഷാ അവകാശമെന്നത് ഇവിടുത്തെ ന്യൂനപക്ഷഭാഷ സംസാരിക്കുന്ന ഓരോരുത്തരുടെയും അവകാശമാണ്. ഭരണഘടന അനുച്ഛേദം 350എ ഏതൊരു ഭാഷാന്യൂനപക്ഷത്തില്‍ പെട്ട കുട്ടിക്കും മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം (കേരളത്തില്‍ 7-ാം തരം വരെ) ലഭ്യമാക്കാന്‍ അനുശാസിക്കുന്നുണ്ട്. എന്നാല്‍ കന്നഡ-തമിഴ് ഭാഷകള്‍ക്കു മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ഈ അവകാശം അനുവദിച്ചിട്ടുള്ളത്. കൊച്ചിയിലെ കൊങ്കണി സമുദായങ്ങളുടെ ആവശ്യവും സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ട്. ഇക്കാര്യത്തിലൊന്നും ഭാഷാദേശീയവാദികള്‍ ഇടപെടലുകളൊന്നും തന്നെ നടത്തിയിട്ടില്ല. പകരം ഐക്യമലയാളപ്രസ്ഥാനത്തിന്റെ ആവശ്യപ്രകാരം ഇവിടെ നടപ്പിലായത് മാതൃഭാഷ ഏതായാലും മലയാളം ഒരു നിര്‍ബ്ബന്ധിതവിഷയമായി പഠിക്കുക എന്ന നയമാണ്. തമിഴ്-കന്നഡ വിഭാഗങ്ങള്‍ക്ക് സ്വഭാഷ ഐച്ഛികമായെടുത്ത് പഠിക്കാമെങ്കിലും, പതുക്കെ ഭാഷ അന്യമാകുന്നതിന് ഇടയാക്കുന്ന ഒരു അധിനിവേശയുക്തിയായിരുന്നു അത്. ഭരണഭാഷയായ മലയാളവുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതിനും ആവശ്യങ്ങള്‍ ബുദ്ധിമുട്ടില്ലാതെ നേടിയെടുക്കുന്നതിനുമുള്ള സൗകര്യം എന്നതാണ് ഇതിന് മലയാളസംഘടനകളുടെയും സര്‍ക്കാരിന്റെയും വിശദീകരണം. എന്നാല്‍ ഇത്തരത്തില്‍ തങ്ങള്‍ക്ക് മലയാളം പഠിക്കാന്‍ അവസരമില്ലെന്നോ സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്നോ ന്യൂനപക്ഷഭാഷാ സംഘടനകളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നുമാത്രമല്ല, അവര്‍ ഈ നിര്‍ബന്ധിതഭാഷാപഠനത്തിനെതിരെ നിരന്തരം സമരത്തിലുമാണ്.

 

 

 

 

 

 

 

 

ആശയവിനിമയത്തിനുള്ള പ്രശ്‌നമാണെങ്കില്‍ അവരുടെ പ്രദേശത്തെ മലയാളികുട്ടികളും കന്നഡ പഠിക്കട്ടെ എന്ന് സര്‍ക്കാരിന് ഉത്തരവിറക്കാമോ, എന്തുകൊണ്ട് ന്യൂനപക്ഷഭാഷക്കാര്‍ക്ക് മാത്രം ഭാഷ പഠിക്കേണ്ട അമിതഭാരം എന്ന് കന്നഡികര്‍ ചോദിക്കുന്നു. കന്നട-തുളു-തമിഴ് ഭാഷക്കാര്‍ ആവശ്യപ്പെടുന്നത് അവരുടെ പ്രദേശങ്ങളിലെ സ്‌കൂളുകളിലും ഓഫീസുകളിലും അവരുടെ ഭാഷയറിയുന്ന, അധ്യാപകരും ഉദ്യോഗസ്ഥരും ഉണ്ടാകുക എന്നതാണ്. കേരളസര്‍ക്കാര്‍ പല ഘട്ടങ്ങളിലും അക്കാര്യം ഉറപ്പുവരുത്താന്‍ ഉത്തരവുകളും സര്‍ക്കുലറുകളും ഇറക്കിയിട്ടുണ്ടെങ്കിലും ഇവയൊന്നും പാലിക്കപ്പെടുന്നില്ല. കന്നഡ മീഡിയം സ്‌കൂളുകളില്‍ തന്നെ മലയാളം മാതൃഭാഷയായ അധ്യാപകരെയാണ് നിയമിക്കുന്നത് എന്ന പ്രശ്‌നത്തില്‍നിരവധികാലമായി സമരം നടത്തുന്നു. സംസ്ഥാനത്ത് ന്യൂനപക്ഷഭാഷാമീഡിയത്തില്‍ പ്ലസ്ടു സ്‌കൂളുകളൊന്നും തന്നെ അനുവദിച്ചിട്ടില്ല എന്നതും ഓര്‍ക്കേണ്ടതാണ്. ഹയര്‍ സെക്കണ്ടറി മേഖലയില്‍ ബോധനമാധ്യമം ഇംഗ്ലീഷും പഠനരീതി മിശ്രമായ ഇംഗ്ലീഷ്-മലയാളവുമാണ് എന്നതും തമിഴ്-കന്നഡ കേരളീയരുടെ പരാതിയാണ്. ജനസംഖ്യയില്‍ 50 ശതമാനം തമിഴ് ഭാഷ സംസാരിക്കുന്ന ഇടുക്കി ദേവികുളം താലൂക്കില്‍ പോലും പല സര്‍ക്കാര്‍ അപേക്ഷകളും മലയാളത്തിലാണ് എന്നതാണ് വസ്തുത. 2016-ലെ കേന്ദ്ര ന്യൂനപക്ഷഭാഷാകമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത് സര്‍ക്കാര്‍ നിയമങ്ങളോ ചട്ടങ്ങളോ നോട്ടീസുകളോ ഒന്നും തന്നെ ന്യൂനപക്ഷഭാഷാമേഖലകളില്‍ ലഭ്യമാക്കാനുള്ള ഒരു നടപടിയും കേരളസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്നാണ്. 2012-ലെ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാസറഗോട്ടെ ഭാഷാന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും വിവരിച്ചിട്ടുണ്ടെങ്കിലും ഒരു തരം നടപടികളും തുടര്‍ന്ന് ഉണ്ടായിട്ടില്ല. മലയാളപഠനം നിര്‍ബന്ധമാക്കുന്നത് ഇവരുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. കൊങ്കണി-ഗുജറാത്തി സമൂഹവും തങ്ങളുടെ ഭാഷയില്‍ വിദ്യാഭ്യാസം നടത്തുന്നതിനുള്ള ആവശ്യവുമായി മുന്നോട്ടുപോവുകയാണ്. തങ്ങള്‍ക്ക് അനുവദിച്ച കൊങ്കണിഭാഷയിലുള്ള പ്രൈമറി പാഠപുസ്തകങ്ങള്‍ ഇവിടുത്തെ ഗൗഡസാരസ്വതബ്രാഹ്മണരുടെമിശ്രകൊങ്കണിയിലാണെന്ന് കുടുംബി സമുദായത്തിന്റെ പരാതിയും നിലനില്‍ക്കുന്നു. എല്ലാവരും മലയാളപഠനം നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തരാണ്.

 

 

 

 

 

 

 

 

ആദിവാസിമേഖലകളിലെ സ്‌കൂളുകളിലെ വന്‍ തോതിലുള്ള കൊഴിഞ്ഞുപോക്കിന് ഒരു പ്രധാന കാരണമായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് അവര്‍ക്ക് അന്യമായ ഭാഷയിലും സംസ്‌കാരത്തിലും പ്രാഥമികവിദ്യാഭ്യാസം നേടേണ്ടിവരുന്നു എന്നതാണ്. ഒരു രണ്ടാംഭാഷ എന്ന നിലയില്‍ മിക്ക ആദിവാസിവിഭാഗങ്ങള്‍ക്കും മലയാളവും ഇംഗ്ലീഷും ഒരേ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മലയാളം അവര്‍ക്ക് പ്രയാസമാകുന്നത് അവരുടെ മേല്‍ അധിനിവേശം നടത്തിയവരുടെ ഭാഷയെന്ന നിലയിലും കൂടിയാണ്. വയനാട്ടിലെ ആദിവാസികുട്ടികളിലെ മലയാളത്തോടുള്ള പേടിയെക്കുറിച്ച്, അതില്‍ കൗണ്‍സല്‍ ചെയ്യുന്ന ആദിവാസിപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഗോത്രഭാഷകള്‍ വളരെ ചെറിയ ഒരു ജനവിഭാഗം തലമുറകളായി കൈമാറി വന്നതാണ്. പക്ഷേ അവ ഇന്ന് വലിയ ഭീഷണിയിലാണ്. ഭാഷകള്‍ ഉരുവപ്പെടുകയും ഇല്ലാതാകുകയും ചെയ്യുന്നുണ്ട്. പക്ഷേ, ഔദ്യോഗികഭാഷയെന്ന നിലയില്‍ മലയാളത്തിന്റെ പദവിയും പ്രചാരവും നിര്‍ബന്ധങ്ങളും കൂടിയാണ് അതിനു കാരണമാകുന്നത് എന്നിടത്താണ് പ്രശ്‌നം. ഈ വിവേചനങ്ങള്‍ അതതു സമൂഹങ്ങളോടു കാണിക്കുന്നതാണെന്നും കേവലം ഭാഷയോടല്ലെന്നും കൂടി മനസ്സിലാക്കണം.ആദിവാസിവിഭാഗങ്ങളെ സംബന്ധിച്ച് അവരുടെ ലോകവിജ്ഞാനവും അതിജീവനതന്ത്രങ്ങളും ചരിത്രവും എല്ലാം വാമൊഴിയിലാണ്. പാട്ടുകളും കഥകളും ചൊല്ലുകളും വാക്കുകളും എല്ലാമായി. മറ്റൊരു ഭാഷയിലേക്ക് മൊഴിമാറാന്‍ പറ്റാത്തത്ര ഗഹനമാണ് ഭാഷയും പ്രകൃതിയും ജീവിതവും തമ്മില്‍ആദിവാസികള്‍ക്കുള്ള ബന്ധം.തദ്ദേശീയജനവിഭാഗങ്ങള്‍ അതതു പ്രദേശങ്ങളുടെ സങ്കീര്‍ണ്ണ ജൈവപരിസ്ഥിതിയെ വര്‍ഗ്ഗീകരിക്കാനും വിവരിക്കാനും വേണ്ട ആഴം അവരുടെ ഭാഷകളില്‍ വികസിപ്പിച്ചെടുക്കുന്നു എന്നും ഭാഷാനഷ്ടം ജൈവവൈവിധ്യത്തെ ബാധിക്കുമെന്നും യുനെസ്‌കോ നിരീക്ഷിക്കുന്നുണ്ടല്ലോ.ഈ ബന്ധം നമ്മുടെ തീരദേശഭാഷകളിലും കാണാം. എന്നാല്‍ ദലിദ്ഭാഷകളെപ്പോലെ തീരദേശഭാഷകളെയും മലയാളം മങ്ങൂഴത്തിലാക്കിയിരിക്കുന്നു.

[widgets_on_pages id=”wop-youtube-channel-link”]

ഇവിടെ വര്‍ഷങ്ങളായി താമസിക്കുന്ന കുടിയേറ്റത്തൊഴിലാളികള്‍ കേരളത്തിലെ നിവാസിജനസംഖ്യയുടെ 10 ശതമാനത്തിലധികം വരും.കേരളം ഒരു ഏകഭാഷാസംസ്ഥാനമായി സ്ഥാപിക്കാന്‍ ധൃതിപ്പെടുന്നവര്‍ തഴയുന്നത് ഇവരെയുമാണ്. എല്ലാതരത്തിലും അരക്ഷിതരായ ഒരു സമൂഹമാണ് ബംഗാളില്‍നിന്നും അസമില്‍നിന്നും ഒറീസയില്‍നിന്നും ബിഹാറില്‍നിന്നും യു.പി.യില്‍നിന്നും ഝാര്‍ഖണ്ഡില്‍നിന്നും ഒക്കെ എത്തുന്ന ഈ തൊഴിലാളികള്‍. നമുക്ക് എല്ലാവരും ബംഗാളികളാണ്; തമിഴ്‌നാട്ടില്‍നിന്നുള്ള തൊഴിലാളികള്‍ അണ്ണാച്ചികളും. തൊഴിലിനോ ജീവനോ അവര്‍ക്ക് സുരക്ഷയില്ല; നിരവധി പേരെയാണ് മലയാളി അക്രമിച്ചും തല്ലിക്കൊന്നും വകവരുത്തിയത്. പരാതി പറയാന്‍ പോലും പറ്റാത്ത സമൂഹം. അവരെചൂണ്ടിക്കാണിച്ച് ‘അവര്‍ ഇവിടെ വീടും വെച്ച് ഇവിടെനിന്ന് കല്യാണവും കഴിച്ച് ഇവിടുത്തുകാരായിമാറും’ എന്നും ‘ഇത്സാംസ്‌കാരികമായ വന്‍ദുരന്തത്തിലേക്കാണ് കേരളത്തെ ചെന്നെത്തിക്കുക’ എന്നും പറഞ്ഞയാളെക്കൊണ്ടുതന്നെ മലയാളഭാഷയ്ക്കുവേണ്ടിയുള്ള സമരത്തിന്റെ ഉദ്ഘാടനം ചെയ്യിക്കാനാണ് ഐക്യമലയാളപ്രസ്ഥാനം തുനിഞ്ഞത് എന്നും കാണേണ്ടതുണ്ട്. ഇതേ മലയാളപ്രസ്ഥാനങ്ങളുടെ പ്രസംഗവേദികളില്‍ ബംഗാളികള്‍ തെയ്യം കെട്ടാനും തെങ്ങുകയറാനും വരുന്ന ഹാസ്യം പറഞ്ഞ് നേതാക്കള്‍ കയ്യടി വാങ്ങുന്നതു കണ്ടിട്ടുണ്ട്. (യഥാര്‍ത്ഥത്തില്‍ ബംഗാളികളെയല്ല അവര്‍ ലക്ഷ്യം വെക്കുന്നത്, ജാതിത്തൊഴിലുകള്‍ വിട്ടു തന്‍കാര്യം നോക്കിയ യുവാക്കളെയാണ്.)

ഭാഷാ-ലൈംഗിക ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍, ദലിത്-മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍, പ്രവര്‍ത്തകര്‍ ഒക്കെ പല സന്ദര്‍ഭത്തിലും ഐക്യമലയാളപ്രസ്ഥാനത്തിന്റെ സമരങ്ങളില്‍ ഐക്യപ്പെട്ടിട്ടുണ്ട്. മലയാള ഐക്യവേദിയോ മറ്റു പ്രസ്ഥാനങ്ങളോ രൂപപ്പെട്ടതിനുമുമ്പും പിമ്പുമായി കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളുടെ സമരങ്ങളും ആവശ്യങ്ങളും പരാതികളും നിരവധി ഉണ്ടായിട്ടുണ്ട്: എന്നാല്‍ ഇവരാരുടെയും പ്രക്ഷോഭങ്ങളിലോ പ്രവര്‍ത്തനങ്ങളിലോ ഒന്നും തന്നെ ഈ പ്രസ്ഥാനങ്ങള്‍ തിരിച്ച് പിന്തുണയറിയിച്ചിട്ടോ ഇടപെട്ടിട്ടോ കാണുന്നില്ല. ഏറ്റവുമൊടുവില്‍ എയ്ഡഡ് മേഖലയിലെ സംവരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ക്കുവരെ. ഭാഷ ഒറ്റതിരിഞ്ഞു നില്‍ക്കുന്ന പ്രശ്‌നമല്ലല്ലോ. മറ്റു സാമൂഹികാധികാര പങ്കാളിത്തങ്ങളെക്കുറിച്ച് ഈ സംഘടനകള്‍ മൗനം പാലിക്കുകയാണ് പക്ഷേ.

മത്സരപരീക്ഷകളില്‍ മലയാളം കൂടുതല്‍ സ്വീകാര്യമാകുന്നതോടുകൂടി അനിവാര്യമാകുന്ന ഒരു പ്രശ്‌നം ഇംഗ്ലീഷും മലയാളവും ഒരു പോലെ അന്യവും പ്രയാസവുമായിട്ടുള്ള ആദിവാസികളുള്‍പ്പെടെ ഭാഷാന്യൂനപക്ഷങ്ങളില്‍ പെട്ടവരും എഴുത്തുമലയാളം സ്വായത്തമല്ലാത്തവരും തൊഴിലുകളില്‍നിന്ന് കുറച്ചുകൂടി മാറ്റിനിര്‍ത്തപ്പെടുമെന്നതാണ്. ഇംഗ്ലീഷ് അറിയാവുന്ന ഒരു വരേണ്യവര്‍ഗ്ഗത്തോടൊപ്പം മലയാളത്തില്‍നിന്ന് ഒരു വരേണ്യവര്‍ഗ്ഗം കൂടി ഉന്നത ഉദ്യോഗങ്ങളിലേക്ക് എത്തിപ്പെട്ടേക്കാം എന്നല്ലാതെ അടിത്തട്ടിലുള്ളവര്‍ക്ക് നീതിലഭിക്കും എന്നു കരുതാനാകില്ല. പ്രശ്‌നം ഭാഷയുടെ മാത്രമല്ലല്ലോ, വിഭവ-ജ്ഞാനാധികാരങ്ങളുടെയും കൂടിയാണല്ലോ. അവയില്‍ ഒരുതരത്തിലും ഇടപെടാന്‍ തയ്യാറാവാതെ മലയാളസമരക്കാര്‍ ചെയ്യുന്നത് അസ്ഥാനത്താവുകയേ ഉള്ളൂ.

 

 

 

 

 

 

 

 

ഭാഷാന്യൂനപക്ഷങ്ങള്‍ മറ്റു സംസ്ഥാനങ്ങളെക്കാള്‍ കുറവാണ് എന്ന ഒരു കണക്ക് ഉയര്‍ത്തിക്കാട്ടി ആ സംസ്ഥാനങ്ങളെക്കാള്‍ കേരളം ഔദ്യോഗികഭാഷാവത്കരിക്കേണ്ടതാണ് എന്നാണ് ഐക്യമലയാളപ്രസ്ഥാനത്തിന്റെ വാദം. 96 ശതമാനം മലയാളികളായതിനാല്‍ അത്രതന്നെ മലയാളത്തെയും പരിഗണിക്കുക എന്ന മട്ടില്‍. കേരളത്തിലെ ആദിവാസിസമൂഹത്തെയും അവരുടെ ഭാഷകളെയും മിക്കവാറും അവഗണിച്ചുകൊണ്ടുള്ളതാണ് കേന്ദ്രഗവണ്മെന്റിന്റെ ഭാഷാസെന്‍സസ് എന്ന് തിരിച്ചറിയുമ്പൊഴാണ് കണക്കുകളിലെ ക്രൂരത മനസ്സിലാകുക. ശതമാനം കൂടുതലാണോ കുറവാണോ എന്നത് ന്യൂനപക്ഷത്തോടുള്ള പരിഗണനയില്‍ വ്യത്യാസമുണ്ടാക്കുന്നതെങ്ങനെയാണ്? ന്യൂനപക്ഷങ്ങളുടെ എണ്ണത്തിലുള്ള കുറവ് യഥാര്‍ത്ഥത്തില്‍ ഒരു സര്‍ക്കാരിന്റെ ചുമതല വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. കേരളം രൂപപ്പെട്ട് 60 വര്‍ഷം പിന്നിടുമ്പോള്‍ ഇവിടുത്തെ (കണക്കില്‍പ്പെടുന്ന) ഭാഷാന്യൂനപക്ഷങ്ങള്‍ ശതമാനത്തില്‍ പകുതിയായി ചുരുങ്ങി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, ഉടുമ്പഞ്ചോല താലൂക്കുകള്‍ 2011 സെന്‍സസു പ്രകാരം ന്യൂനപക്ഷതാലൂക്കുകള്‍ അല്ലാതായിരിക്കുന്നു. ഗണ്യമായ കുറവാണ് എല്ലായിടത്തും (കുടിയേറ്റത്തൊഴിലാളികള്‍ ഒഴികെ) ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് ഉണ്ടാകുന്നത്. ആദിവാസിഭാഷകള്‍ ഇല്ലാതാകുകയാണ്. മറ്റ്ഭാഷാന്യൂനപക്ഷങ്ങളോടുള്ള പരിഗണനകളൊന്നും മലയാളഭാഷയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോഅറിവുല്പാദനത്തിനോ തടസ്സമല്ല. മലയാളഭാഷയില്‍ എല്ലാകാര്യങ്ങളും ചെയ്യാനും ചെയ്തുകിട്ടാനും എല്ലാ മലയാളികള്‍ക്കും പറ്റണം. അതിനുവേണ്ടി നടത്തുന്ന സമരങ്ങളെ ആ നിലയ്ക്ക് പിന്തുണയ്‌ക്കേണ്ടതുമാണ്. പക്ഷേ ഭാഷാസൂത്രണമെന്നത് ഇതരഭാഷകളെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ളതാകരുത് എന്നു മാത്രം. മലയാളി ഗോത്രഭാഷകളുടെയും തമിഴിന്റെയും തുളുവിന്റെയും മറ്റു പല ഭാഷകളുടെയും ഇടങ്ങളിലേക്ക് രാഷ്ട്രീയാധിനിവേശം നടത്തിയ പ്രക്രിയയുടെകൂടി പേരാണ് കേരളരൂപീകരണം എന്നത്. ദേശരാഷ്ട്രങ്ങളുടെ രൂപീകരണത്തില്‍ ഇത്തരം പ്രക്രിയകള്‍ ഉള്ളടങ്ങിയിരിക്കുന്നു. അതിനെ മറികടക്കേണ്ടത് തുല്യപൗരത്വത്തിലും ഭാഷാനീതിയിലും ഊന്നിക്കൊണ്ടായിരിക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply