വനാവാകാശ നിയമത്തെ കുറിച്ച് എം ഗീതാനന്ദന്‍

അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കുനേരെ നടന്ന പോലീസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ വര്‍ഷത്തെ ആദിവാസിദിനം ആചരിച്ചത്. മറുവശത്താകട്ടെ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളായ ഭൂമിയും സ്വയംഭരണമേഖലകളും വനാവകാശവുമെല്ലാം അവര്‍ക്കിപ്പോഴും നിഷേധിക്കുന്നു. ഈ സാഹചര്യത്തില്‍ രണ്ടുവര്‍ഷം മുമ്പ് ക്രിട്ടിക് പ്രസിദ്ധീകരിച്ച, ഇപ്പോഴും പ്രസക്തമായ, എം ഗീതാനന്ദനുമായി ജിജില്‍ അകലാണത്ത് നടത്തിയ അഭിമുഖം പുനപ്രസിദ്ധീകരിക്കുന്നു.

നൂറ്റാണ്ടുകളായി ആദിവാസികളും പരമ്പരാഗത വനവാസികളും അനുഭവിച്ചു വരുന്ന വംശീയമായതും അല്ലാത്തതുമായ വിവേചനത്തിന് ഒരു പരിഹാരമായിരുന്നു 2006 ല്‍ പ്രാബാല്യത്തില്‍ വന്ന വനാവാകാശ നിയമം. എന്നാല്‍ ഒരുപാട് വെള്ളം ചേര്‍ക്കലിലൂടെ അത് ഇല്ലായ്മ ചെയ്്തു കൊണ്ടിരിക്കുകയാണ്. അതില്‍ അവസാനത്തേതാണ് അടുത്ത കാലത്തെ സൂപ്രിം കോടതി വിധി. ഇതോടു കൂടി ആദിവാസികളുടെ വനാവകാശം അവസാനിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. അതിനൊപ്പം തന്നെയാണ് ആദിവാസികളുടേയും പരമ്പരാഗത വനവകാശികളുടേയും അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെടുന്ന വന നിയമ ഭേദഗതിയുടെ കരട് വരുന്നത്. ഇതേ കുറിച്ചും കേരളത്തിലെ ആദിവാസി, പരമ്പരാഗത വനവാസികളുടെ അവസ്ഥയെന്താണെന്നും കേരളവും കേരള സര്‍ക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും ഈ സമൂഹത്തോട് ചെയ്യുന്നതെന്താണെന്നും ആദിവാസി ഗോത്രമഹാസഭാ നേതാവും മുത്തങ്ങ സമരനായകനമായു എം.ഗീതാനന്ദന്‍ ജിജില്‍ അകലാണത്തിനോട് സംസാരിക്കുന്നു.

വനവകാശനിയമത്തിന്റെ അനിവാര്യത എന്താണ്?

പട്ടിക ഗോത്ര വര്‍ഗ്ഗങ്ങള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കും നേരെയുണ്ടായ ചരിത്രപരമായ നീതിനിഷേധം തിരുത്താനാണ് വനാവകാശ നിയമം (FRA 2006) പ്രാബല്യത്തില്‍ വന്നത്. ഇന്ത്യയിലെ ഏറ്റവും ജനായത്തപരമായ നിയമമെന്ന് വിശേഷിപ്പിക്കാവുന്ന വനാവകാശ നിയമം, വനങ്ങളുടേയും വനവിഭവങ്ങളുടേയും സുസ്ഥിരമായ ഉപയോഗത്തിന്റെയും സംരക്ഷണത്തിന്റെയും അവകാശവും ഉത്തരവാദിത്തവും പട്ടിക ഗോത്രവര്‍ഗ്ഗങ്ങളിലും പരമ്പരാഗത വനവാസികളിലും നിയമപരമായി നിക്ഷിപ്തമാക്കുന്നു. താമസ-കൃഷി ഭൂമിയിലെ വ്യക്തിഗത അവകാശങ്ങളും, സാമൂഹ്യ അവകാശങ്ങളും ഗോത്രങ്ങള്‍ക്കും പരമ്പരാഗത വനവാസികള്‍ക്കും നല്‍കുന്ന ഈ നിയമം സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ഉറപ്പാക്കുന്നു. ഒന്ന് വ്യക്തിഗത വനാവകാശം. രണ്ട്. സാമുഹിക വനാവകാശം. മൂന്ന് വികസന വനാവകാശം. ഗ്രാമസഭകളാണ് വനവകാശത്തിന്റെ ഏറ്റവും പ്രധാന ബോഡി. വനവകാശത്തിനുള്ള അപേക്ഷങ്ങള്‍ കൊടുക്കേണ്ടത് ഗ്രാമസഭയിലാണ്. അവിടെ നിന്ന് അനുവദിച്ചാല്‍ മുകളില്‍ SDLC ക്കും DLC യും അംഗീകരിക്കണം. എന്നാല്‍ വനവകാശം കൊടുക്കുന്നത് അംഗീകരിക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ തയ്യാറാവുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

എന്താണ് സുപ്രീം കോടതിയില്‍ സംഭവിച്ചത് ?

വനം – പരിസ്ഥിതി മന്ത്രലായത്തിന്റെ ഒത്താശയോടു ചില എന്‍.ജി.ഒകള്‍ 1980 ഫോറസ്റ്റ് കണ്‍സവര്‍വേറ്റ് ആക്ടിന്റെ ലംഘനമാണ് വനവകാശം എന്ന് പറഞ്ഞു കൊണ്ടാണ് കോടതിയില്‍ പോകുന്നത്. കേസിന് മുതിര്‍ന്ന അഭിഷകനെ നിയമിക്കണമെന്ന് ആദിവാസി സംഘടനകളൊക്കെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അത് ചെയ്തില്ല എന്ന് മാത്രമല്ല, കോടതിയില്‍ വനവകാശത്തെ കുറിച്ച് പറയുക പോലും ഉണ്ടായില്ല. അതുകൊണ്ടാണ് കോടതി ഏകപക്ഷീയ നിലപാട് എടുത്തത്. കോടതി വനവകാശം പൂര്‍ണ്ണമായും റദ്ദ് ചെയ്തിലെങ്കിലും, അംഗീകാരം കിട്ടാത്തവരെ കുടിയിറക്കാന്‍ ഉത്തരവിട്ടു. ഫലത്തില്‍ വനവകാശത്തെ റദ്ദ് ചെയ്യുന്ന നടപടി തന്നെയാണിതി. കോടതി അമിത അധികാര പ്രയോഗമാണ് നടത്തിയതെന്ന പ്രശ്‌നമുണ്ട്. വനാവകാശം അംഗീകരിച്ചില്ലെങ്കില്‍ സിവില്‍ കോടതികളില്‍ പോകാം എന്ന അവകാശം കൂടിയാണ് സൂപ്രിം കോടതി ഒറ്റയടിക്ക് റദ്ദ് ചെയ്തത്.

പുതിയ വനഭേദഗതി നിയമം എന്താണ്? എത്രത്തോളം പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ് ആ ഭേദഗതി?

വനാവകാശ നിയമം 2006 ഗോത്രവര്‍ഗ്ഗക്കാര്‍ക്കും പരമ്പരാഗത വനവാസികള്‍ക്കും നല്‍കുന്ന അവകാശങ്ങള്‍ക്കും ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്കും കടകവിരുദ്ധമാണ് ഇന്ത്യന്‍ വന നിയമത്തിലെ ഭേദഗതി. സ്വകാര്യ കമ്പനികളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ചിലരാണ് ഈ നിയമത്തിന്റെ കരട് തയ്യറാക്കിയിരിക്കുന്നത്. ഏതു നിമിഷം വേണമെങ്കിലും പട്ടയം, വ്യക്തിഗത വനാവകാശം, സാമൂഹ്യ വനവകാശം തുടങ്ങി വനത്തിന്മേലുള്ള ഇവരുടെ അവകാശങ്ങളെ വനത്തില്‍ അതിക്രമിച്ചു കയറി എന്ന് പറഞ്ഞ് റദ്ദ് ചെയ്യാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അവകാശം കൊടുക്കുന്നു. ഇന്ത്യന്‍ വനനിയമത്തിലെ പുതിയ ഭേദഗതി വനങ്ങളുടെ സ്വകാര്യവല്‍ക്കരണത്തിനും വ്യാപകമായ അഴിമതിക്കും വനനശീകരണത്തിനും ഇടയാക്കുന്നു. തടി ഒഴിച്ച് മറ്റു വനവിഭവങ്ങള്‍ ശേഖരിക്കാനുള്ള ഗോത്രവര്‍ഗ്ഗകാരുടേയും പരമ്പരാഗത വനവാസികളുടേയും അവകാശങ്ങളെ വെട്ടിച്ചുരുക്കാനും ഇല്ലായ്മ ചെയ്യാനുള്ള അധികാരം വനം വകുപ്പിന് (ഫോറസ്റ്റ് സെറ്റില്‍മെന്റ് ഓഫീസര്‍) നല്‍കുകയാണ് പുതിയ ഭേദഗതി (വകുപ്പ് 22 എ (2) 30 ബി). ഭേദഗതി വകുപ്പ് 66(2) പ്രകാരം മഴു, അരിവാള്, മറ്റു ഉപകരണങ്ങള്‍ എന്നിവ കണ്ടാല്‍ അപ്പോള്‍ തന്നെ വെടി വെക്കാനുള്ള അവകാശം വനം വകുപ്പിനുണ്ട്. ഈ ഭേദഗതി പട്ടിക ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് മേലുള്ള അവകാശ ലംഘനം, അക്രമണം, ലൈഗിക അതിക്രമം എന്നീ കുറ്റകൃത്യകളില്‍ ശിക്ഷിക്കപ്പെടുന്നതില്‍ നിന്നും വനം വകുപ്പ് ഉദ്യേഗസ്ഥരെ സംരക്ഷിക്കുന്നു. ഇത് ആദിവാസികളുടെ അവകാശങ്ങളുടെ നിഷേധമാണ്. അന്താരാഷ്ട്രീയ നിയമങ്ങളുടെയും കരാറുകളുടേയും പൂര്‍ണ്ണ ലംഘനമാണ്.

വനത്തില്‍ കോര്‍പ്പറേറ്റുകള്‍ ചെയ്യുന്നത്?

വനം അമൂല്യമായ സമ്പത്താണല്ലോ, അത് കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക വലിയ താല്‍പര്യമുണ്ട്. ഇതിന് ആദിവാസികളെയും പരമ്പരാഗത വനവാസികളെയും അവിടെ നിന്ന് കുടിയിറക്കേണ്ടതുണ്ട്. അതാണ് സുപ്രീം കോടതിയില്‍ സംഭവിച്ചത്. 2002 മുതല്‍ വ്യാപകമായി തന്നെ വനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് പാട്ടത്തിന് കൊടുക്കാന്‍ തുടങ്ങിയിരുന്നു. വനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ വനനശീകരണത്തിന് പകരം പുതിയത് ഉണ്ടാക്കാന്‍ സാദ്ധ്യമല്ലാതുകൊണ്ട് നഷ്ടപരിഹാരം വാങ്ങുകയാണ് ചെയ്യുന്നത്. ഇതില്‍ വ്യാപകമായ അഴിമതിയുണ്ട്. ഇതിനെ കാംപ്പ (campa) ആക്ട് എന്ന് പറയും. ഈ കാംപ്പ ഫണ്ട് പ്രകാരം ആയിരകണക്കിന് കോടി രൂപയുടെ ഫണ്ടാണ് വരുന്നത്. വനവകാശം വരുന്നതോടു കൂടി ഇതിന് ഒരു മാറ്റം വരുന്നുണ്ട്. വനവകാശത്തിന്റെ നോഡല്‍ ഏജന്‍സിയായ ട്രൈബല്‍ വകുപ്പാണോ വന വകുപ്പാണോ ഈ ഫണ്ട് കൈകാര്യം ചെയ്യേണ്ടത് എന്നതാണ് പ്രധാനപ്പെട്ടത്. ഇതു കൂടി വനവകാശത്തിന്റെ അട്ടിമറിക്കു കാരണമാണ്. പുതിയ വനനിയമ ഭേദഗതിക്കും.

വനവകാശത്തിന്റെ കേരളത്തിലെ അവസ്ഥ എന്താണ് ?

2006 ല്‍ വനവകാശ നിയമം പാസായതിന്‍ പ്രകാരം കേരളത്തിലെ ഊരുകൂട്ടങ്ങളെ ഗ്രാമസഭകളായി പ്രഖ്യാക്കുകയും ഗ്രാമസഭാ തീരുമാനപ്രകാരം വ്യക്തിഗത, സാമൂഹിക അവകാശങ്ങള്‍ കൊടുക്കുന്നതിനു തുടക്കമിട്ടെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇത് വളരെ പിറകിലാണ്. 25,081 രേഖകളായി വെറും 33778.11 ഏക്കര്‍ ഭൂമിയാണ് വ്യക്തിഗത വനവകാശമായി നല്‍കിയിട്ടുള്ളത്. അത്, നല്‍കാവുന്ന ഭൂമിയുടെ 30% മാത്രമാണ്. എണ്ണത്തേക്കാള്‍ ഏറെ അവകാശപ്പെട്ട ഭൂമിയുടെ അളവിലാണ് വെട്ടിച്ചുരുക്കലും തിരസ്‌കരണവും നടന്നത്. കൃത്യമായ സമയങ്ങളില്‍ DLC ,SDLC മീറ്റിങ്ങുകള്‍ കൂടാതെയും നിയമപരമായ കാരണങ്ങള്‍ കാണിക്കാതെയുമാണ് അപേക്ഷകള്‍ തള്ളിയത.് ഇവ നിയമലംഘനത്തിന്റെ പ്രത്യക്ഷ തെളിവുകളാണ്. വ്യക്തിഗത അവകാശത്തില്‍ പത്ത് ഏക്കര്‍ കൊടുക്കാവുന്നിടത്താണ് മലപ്പുറം, പാലക്കാട്, വയനാട് ജില്ലയില്‍ വെറും 5 സെന്റ്ും മറ്റും കൊടുത്തത്. അതുപോലെ കാസര്‍ഗോഡ് പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാരായ കൊന ഗോത്രം ഉള്ളിടിത്ത് DLC രൂപികരിച്ചിട്ടില്ല. വയനാട്ടില്‍ വനവകാശ നിയമത്തിനു തികച്ചും വിരുദ്ധമായി വനം വകുപ്പാണ് സാമൂഹിക വനവകാശത്തിനുള്ള മാപ്പ് തയ്യറാക്കിയത്. കൊടുത്തത് 2 മുതല്‍ 40 ഏക്കര്‍ വരെയാണ്. ജില്ലാ കളക്ടര്‍ സര്‍വ്വേക്കായി ചുമതലപ്പെടുത്തുന്നവര്‍ അതു ചെയ്യുന്നില്ല. അഥവാ ചെയ്യാന്‍ ശ്രമിച്ചാല്‍ തന്നെ സര്‍വ്വക്ക് വരുന്നവരെ വനം വകുപ്പ് തടയുന്നു. അട്ടപ്പാടിയിലും ഇതാണ് സംഭവിക്കുന്നത്. പ്രാക്തന വര്‍ഗ്ഗങ്ങളുള്ള കേരളത്തില്‍ എവിടെയും ആവാസ അവകാശം നല്‍കിയിട്ടില്ല. വനവകാശ നിയമത്തില്‍ നിര്‍ദേശിച്ചിരിക്കുന്നതിനു വിരുദ്ധമായി ആദിവാസികളെ കാട്ടില്‍ നിന്നും കുടിയൊഴിപ്പിക്കുന്നു. വയനാട്ടില്‍ ഗോലൂര്, അമ്മ വയല്‍, കൊട്ടങ്കര, അറുകുഞ്ചി അടക്കമുള്ള ഊരുകളില്‍ നിന്ന് പ്രാക്തന ഗോത്രവര്‍ഗ്ഗ കാട്ടുനായ്കര്‍ ഉള്‍പ്പെടയുള്ള ആദിവാസികളെ വനവകാശ നിയമത്തിനു വിരുദ്ധമായി പണം കൊടുത്തു ഒഴിപ്പിച്ചു എന്ന് CAG റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടിയെടുത്തില്ല. പട്ടികവര്‍ഗ്ഗ വകുപ്പ് ഫണ്ട് ഉപയോഗിച്ചു തന്നെ ഈ പദ്ധതി തുടരണമെന്നാണ് 20-5-2019 ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനച്ചത്. പുരോഗമനമെന്നൊക്കെ പറയുമെങ്കിലും കേരളത്തിലെ വനവകാശത്തിന്റെ സ്ഥിതി ഇതാണ്.

വനവകാശവുമായി ബന്ധപ്പെട്ട് കേരളത്തിലെ മറ്റു പ്രശ്‌നങ്ങള്‍?

വനവകാശ നിയമപ്രകാരം വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനും, സംരക്ഷിക്കുന്നതിനും കൊണ്ടുപോകാനും അനുമതി (transit Permit) നല്‍കുന്നു വരെയുള്ള അവകാശം ഗ്രാമസഭക്ക് ഉപയോഗിക്കാവുന്ന രീതിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. മറിച്ച് ഗ്രാമസഭയിലെ സ്ത്രീകള്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ വനവിഭവം ശേഖരിച്ചു എന്നതിന് കേസു കൊടുക്കുകയാണ് ഉണ്ടായത്. അട്ടപ്പാടിയിലടക്കം അതാണ് സംഭവിച്ചത്. വനവകാശ നിയമപ്രകാരം ലഭിച്ച വ്യക്തിഗത വനഭൂമിയിലെ വ്യക്ഷങ്ങള്‍ ആദിവാസികള്‍ക്ക് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനോ വില്‍ക്കാനോ ഉള്ള അനുമതി ഇതുവരെ കൊടുത്തിട്ടില്ല. കേന്ദ്രത്തിലെ നിയമത്തില്‍ പറയുന്നത് സ്വകാര്യ വനഭൂമി പോലെ ഉപയോഗിക്കാമെന്നാണ്. ഈ അനുമതി ഈ ഭൂമിയില്‍ വ്യക്ഷങ്ങള്‍ ധാരളം നടുന്നതിനും അതുവഴി ആദിവാസികളുടെ സാമ്പത്തിക ഉന്നതിക്കും മരങ്ങള്‍ വിപണിയില്‍ എത്തുന്നതിനും സഹായകരമാകും. എന്നാല്‍ ഹൈകോടതി ഉത്തരവ് ഉണ്ടായിട്ടും ഇത് പാലിക്കപ്പെടുന്നില്ല എന്നത് അപലപനീയമാണ്.

വനവകാശത്തെ കേരളീയ സമൂഹം എങ്ങിനെയാണ് മനസിലാക്കുന്നത് ?

ആദിവാസികളെ കേരളം പൊതുവില്‍ ജാതിസമൂഹമായിട്ടാണ് കാണുന്നത്. ഇതാണ് ആദിവാസികള്‍ നേരിട്ടുന്ന പ്രധാന പ്രശ്‌നം. വനവകാശ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ കേരളത്തിലെ വനം മന്ത്രി പറഞ്ഞതത് ഞങ്ങള്‍ ഒരു ഏക്കര്‍ വീതം പതിച്ചു കൊടുക്കുമെന്നാണ്. എന്നാല്‍ പ്രശ്‌നം ഭൂമി പതിച്ചു കൊടുക്കലല്ല എന്നും വന അവകാശങ്ങള്‍ അംഗീകരിക്കലാണെന്നും മനസിലാക്കുന്നില്ല. പട്ടികജാതിക്കാരെ പോലെ 4 സെന്റ് കോളനിയിലേക്ക് ഇവരേയും കുടിയിരുത്താനുള്ള ശ്രമമാണ് നടക്കുന്നത്. അതിനാണ് ഇവരെ ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്. ഏല്ലാ കാലത്തും ഒരു അദ്ധ്വാനവര്‍ഗ്ഗത്തെ നിലനിര്‍ത്തേണ്ടതായി കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നു. അതുകൊണ്ടാവും അവര്‍ക്ക് ഇതൊന്നും ഇത് മനസിലാവത്തത്.

വന സംരക്ഷണത്തില്‍ ആദിവാസികളുടെ പങ്ക് ?

എല്ലാ പഠനങ്ങളും കാണിക്കുന്നത് ആദിവാസികളുടെ പങ്കാളിത്തത്തോടു കൂടിയേ വനം സംരക്ഷിക്കാന്‍ കഴിയു എന്നാണ്. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് വനം വകുപ്പിന്റെ തന്നെ കീഴിലുള്ള പറമ്പികുളം, പെരിയാര്‍ കടുവ സംരക്ഷണ കേന്ദ്രങ്ങള്‍. അതിരപ്പിള്ളിയിലെ കാടര്‍ സമൂഹം നടത്തി വരുന്ന വേഴാമ്പല്‍ സംരക്ഷണവും അന്തരാഷ്ട്ര പ്രശംസ നേടിയതാണ്. ആദിവാസികളുടെ പങ്കാളിത്തം ഉള്ളിടത്ത് വന സംരക്ഷണം നന്നായി നടക്കുന്നുണ്ട്. ആദിവാസികളെ കാട്ടില്‍ നിന്നും ഇറക്കിവിട്ടാല്‍ വനസംരക്ഷണവും ഇല്ലാതാവും.

ഇനി എന്താണ് ചെയ്യേണ്ടത്?

സൂപ്രിം കോടതിയുടെ വിധിയോടെ ഉണ്ടായ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എത്രയും പെട്ടന്ന് കോടതിയില്‍ ഇടപെടണം. വനനിയമഭേദഗതി തള്ളുന്നതടക്കമുള്ള വിഷയങ്ങളില്‍ ആദിവാസി സംഘടനകളും മറ്റു ജനാധിപത്യ ശക്തികളും യോജിച്ചു പ്രവര്‍ത്തിക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply