കേരളത്തിലെ രാഷ്ട്രീയ മുന്നണികളും ബി.ജെ.പി. ഭീതിയും

1992 ന് ശേഷം കമ്യൂനിസ്റ്റ് ധാരയിലെ യാതൊരു സംഘടനയും പാര്‍ട്ടിയും ഹിന്ദുത്വ ഫാഷിസ്റ്റുകളെ പിന്തുണയ്ക്കുവാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലായെന്ന ഒരു വലിയ മേന്മ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ക്ക് നേടുവാന്‍ കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകരെപ്പോലെ വ്യവസ്ഥാപിത പാര്‍ട്ടികളിലെ ചില മുന്‍ സോഷ്യലിസ്റ്റുകള്‍ ഹിന്ദുത്വഫാഷിസ്സത്തിന്റെ പാദസേവകരായി മാറിയത് സോഷ്യലിസ്റ്റ് ആശയാദര്‍ശങ്ങള്‍ക്കുപോലും അപമാനം ഉണ്ടാക്കി. ഗുജറാത്ത് കലാപത്തില്‍ മുസ്ലീങ്ങളെ കശാപ്പുചെയ്യുമ്പോഴും കുഷ്ഠരോഗികളുടെ സേവനത്തില്‍ വ്യാപൃതനായ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്നപ്പോഴും ആ പാദസേവകര്‍ നിശബ്ദം അധികാരസേവപിടിക്കുകയായിരുന്നു.

കേരളത്തില്‍ വലത് മുന്നണിക്കും ഇടത് ജനാധിപത്യമുന്നണിക്കും ബി.ജെ.പി.എന്ന വര്‍ഗീയ വാദികളും ദേശ വിരുദ്ധരുമായ പാര്‍ട്ടി അടിത്തറ ഉറപ്പിക്കരുതെന്നാണ് പ്രഖ്യാപിത നിലപാട്.

സമുദായകക്ഷികളും വര്‍ഗ്ഗീയതക്കെതിരെ ചിന്തിക്കുന്നവരുമായ പാര്‍ട്ടികളാണ് വലതുമുന്നണിയില്‍ എന്ന് കരുതാം. കോണ്‍ഗ്രസ് (ഐ) ഒരു മതേതര കക്ഷിയാണെന്നാണ് പൊതുവേയുള്ള ഒരു ധാരണ. മുസ്ലീങ്ങളെ ശത്രുപക്ഷത്തുനിര്‍ത്തി മുസ്ലീങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ക്കും വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും രാജ്യത്തിന്റെ പലഭാഗങ്ങളിലും നേതൃത്വം കൊടുത്ത ബി.ജെ.പി.യെയും ആര്‍.എസ്.എസ്.നെയും അതിന്റെ വിവിധ രൂപങ്ങളെയും അനുകൂലിക്കുവാന്‍ മുസ്ലീംലീഗ് എന്ന കക്ഷിക്ക് കഴിയില്ലാത്തതാണ്. മറ്റനവധിയായ നയപ്രശ്‌നങ്ങളിലും അവര്‍ക്ക് ബി.ജെ.പി. വിരുദ്ധത ഒഴിച്ചുകൂടാനാവാത്തതാണ്. യു.ഡി.എഫി.ല്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ കക്ഷി മുസ്ലീം ലീഗാണ്. അതുപോലെ ക്രൈസ്തവ സമുദായത്തിന് പ്രാധന്യമുള്ള കേരള കോണ്‍ഗ്രസിനും അത് സാധാരണഗതിയില്‍ കഴിയാത്തതാണ്. വടക്കേ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ആര്‍.എസ്.എസ്.സിന്റെയും അതിന്റെ മറ്റ് സംഘടനകളുടെയും ഒരുപാട് അക്രമങ്ങള്‍ക്ക് ഇരയാകുന്നതും ബി.ജെ.പി.ക്ക് പിന്തുണ നല്‍കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു. ആര്‍.എസ്.പി.പോലുള്ള പാര്‍ട്ടികളും പ്രഖ്യാപിത മതേതരവാദികളാണ്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയാണെങ്കില്‍ സി.പി.ഐ.എം., സി.പി.ഐ., എന്‍.സി.പി. തുടങ്ങിയ കക്ഷികള്‍ ദേശീയ തലത്തില്‍ തന്നെ മതേതരവാദ രാഷ്ട്രീയത്തിന്റെ മുന്നണിയില്‍ ഉള്ളവരാണ്. ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ വാഴ്ചയ്ക്കുമുന്നില്‍ കമ്യൂനിസ്റ്റുകളില്‍ സി.പി.ഐ.പ്രകടമായി സര്‍ക്കാരിന്റെ പക്ഷത്തേക്കുവരികയും സി.പി.ഐ.എം. പരോക്ഷമായി ഇന്ദിരാഗാന്ധിയെ നിര്‍ണായക അവസരങ്ങളില്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ലോക് നായക് ജയപ്രകാശ് നാരായന്‍ നടത്തിയ സമ്പൂര്‍ണ്ണ വിപ്ലവ സമരത്തില്‍ സി.പി.ഐ.എം. പങ്കുചേര്‍ന്നില്ല. എന്നാല്‍ തന്ത്രപരമായ സി.പി.ഐ.എം.ന്റെ നിലപാട് അടിയന്താരവസ്ഥാനന്തര രാഷ്ട്രീയത്തില്‍ അവരെ രക്ഷിച്ചു. സംഘടനാ കോണ്‍ഗ്രസുകാരനായ പി.സി.സെന്‍ ജനതാപാര്‍ട്ടിയെ കമ്യൂനിസ്റ്റുകളുമായുള്ള സഖ്യമുണ്ടാക്കാതെ ഒറ്റയ്ക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത് 1978 ല്‍ ജോതി ബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് ബംമ്പര്‍ വിജയം നേടി കൊടുത്തു. അത് അവര്‍ മൂന്നര ദശാബ്ദത്തോളം കാത്തുസൂക്ഷിച്ച് അധികാരത്തിന്റെ പിടിമുറുക്കി. എന്നാല്‍ ഇന്ദിരാഗാന്ധിയെ പ്രത്യക്ഷത്തില്‍ പിന്തുണയ്ക്കുവാന്‍ പോയ സി.പി.ഐ.യ്ക്ക് അടിയന്തരാവസ്ഥാനന്തര രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടിയാണ് നേരിട്ടത്. ബിഹാര്‍, യു.പി.തുടങ്ങിയ സംസ്ഥാനങ്ങളില്‍ വലിയ പാര്‍ട്ടിയായിരുന്ന സി.പി.ഐ.യുടെ അടിത്തറ വലിയ തോതില്‍ നഷ്ടപ്പെടുവാന്‍ അത് കാരണമാക്കി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ദിരാഗാന്ധിയുടെ സേച്ഛാധിപത്യത്തിനെതിരെ പോരാടിയ ഏറ്റവും ചലനാത്മകമായ പ്രസ്ഥാനം സോഷ്യലിസ്റ്റുകളുടേതായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും ബി എല്‍ഡിയിലുമായി നിലകൊണ്ട് അടിയന്തരാവസ്ഥാനന്തര രാഷ്ട്രീയത്തില്‍ വലിയ നേട്ടം വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ നിലയുറപ്പിച്ച സോഷ്യലിസ്റ്റുകള്‍ക്ക് ലഭിച്ചു. മറ്റുപിന്നാക്ക സമുദായങ്ങള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍വ്വീസുകളില്‍ സംവരണം ഏര്‍പ്പെടുത്തുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാലിക്കായത് വലിയൊരു ഗതിമാറ്റമാണ് രാഷ്ട്രീയത്തിലുണ്ടാക്കിയത്. അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ വ്യവസ്ഥാപിത രാഷ്ട്രീയത്തില്‍ മുന്‍ സോഷ്യലിസ്റ്റുകളാണ്. സ്വാഭാവികമായും ആ നേട്ടം ലഭിക്കേണ്ട അവര്‍ അതിനെ വിപുലപ്പെടുത്തുവാനോ നിലനിര്‍ത്തുവാനോ പോലും കഴിയാതെ വെറും പ്രാദേശിക സ്വാധീനം മാത്രമുള്ള കക്ഷികളായി ചുരുങ്ങി. എന്നാല്‍ മതേതരത്വം എന്ന ആശയത്തിന്റെ അടിത്തറ മാന്തുവാനും രാജ്യത്തെ മുസ്ലീങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തി ഒരുപാട് കലാപങ്ങള്‍ ഉണ്ടാക്കുവാനും അക്രമങ്ങള്‍ അഴിച്ചുവിടുവാനും നേതൃത്വം കൊടുത്ത ആര്‍.എസ്.എസ്.സിന്റെ രാഷ്ട്രീയ കക്ഷിയായ ബി.ജെ.പി.യുടെ മുന്നേറ്റത്തിന് എതിരെ നില്‍ക്കുന്നതില്‍ മുലായംസിങ്ങ് യാദവും ലാലു യാദവും ഒഴികെയുള്ളവര്‍ തയ്യാറായില്ല. അത് സോഷ്യലിസ്റ്റുകളുടെ ചരിത്രത്തിലെ ഒരു വലിയ പരാജയമായിരുന്നു. കൂടാതെ ദലിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെ ഏറ്റവും ശക്തമായ ചെറുത്ത് നില്‍പ്പ് സോഷ്യലിസ്റ്റുകളില്‍ നിന്നായിരുന്നു ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ വ്യവസ്ഥാപിത പാര്‍ട്ടികളിലെ സോഷ്യലിസ്റ്റുകള്‍ വ്യവസ്ഥയുടെ പരിവര്‍ത്തനമെന്ന അജണ്ട ഉപേക്ഷിച്ചതുകാരണം അവര്‍ക്ക് കാര്യമായ ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതിലേറെ, എതിരാളികള്‍ക്കെതിരെ ഉന്നയിച്ച കുടുംബവാഴ്ചയും വലിയ അഴിമതിയും മുന്‍ സോഷ്യലിസ്റ്റുകളായ മുലായംയാദവിനെയും ലാലു യാദവിനെയും മറ്റും പിടികൂടി. പാവങ്ങളും സാധാരണക്കാരുമായ ബഹുജനങ്ങളുടെ സാമ്പത്തിക മോചനത്തിനുള്ള യാതൊരു നയപരിപാടികളും വ്യവസ്ഥാപിത പാര്‍ട്ടികളിലുള്ള മുന്‍ സോഷ്യലിസ്റ്റുകള്‍ക്ക് ഇല്ലാതായി.

1992 ന് ശേഷം കമ്യൂനിസ്റ്റ് ധാരയിലെ യാതൊരു സംഘടനയും പാര്‍ട്ടിയും ഹിന്ദുത്വ ഫാഷിസ്റ്റുകളെ പിന്തുണയ്ക്കുവാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ലായെന്ന ഒരു വലിയ മേന്മ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അവര്‍ക്ക് നേടുവാന്‍ കഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ വഞ്ചകരെപ്പോലെ വ്യവസ്ഥാപിത പാര്‍ട്ടികളിലെ ചില മുന്‍ സോഷ്യലിസ്റ്റുകള്‍ ഹിന്ദുത്വഫാഷിസ്സത്തിന്റെ പാദസേവകരായി മാറിയത് സോഷ്യലിസ്റ്റ് ആശയാദര്‍ശങ്ങള്‍ക്കുപോലും അപമാനം ഉണ്ടാക്കി. ഗുജറാത്ത് കലാപത്തില്‍ മുസ്ലീങ്ങളെ കശാപ്പുചെയ്യുമ്പോഴും കുഷ്ഠരോഗികളുടെ സേവനത്തില്‍ വ്യാപൃതനായ ക്രിസ്ത്യന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ട് കുട്ടികളെയും ചുട്ടുകൊന്നപ്പോഴും ആ പാദസേവകര്‍ നിശബ്ദം അധികാരസേവപിടിക്കുകയായിരുന്നു.

കേരളത്തെ സംബന്ധിച്ച് പറയുമ്പോള്‍ കോണ്‍ഗ്രസ്സ് (ഐ) പരേതനായ കരുണാകരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് -ബി.ജെ.പി- ലീഗ് സംഖ്യം ഒരിക്കല്‍ ചില മണ്ഡലങ്ങളില്‍ ഉണ്ടാക്കിയത് അധികാരത്തിനുവേണ്ടിയുള്ള അവസരവാദമായിരുന്നു. സി.പി.ഐ.എം. അക്കാര്യം കൂടെക്കൂടെ പറഞ്ഞ് തങ്ങളാണ് ഫാഷിസ്റ്റ് ഹിന്ദുത്വ ശക്തികളുടെ ഭീഷണിക്കെതിരെ വിശ്വാസ്യതയുള്ള ഒരേ ഒരു ശക്തി എന്ന് സ്ഥാപിക്കുന്നതിനുവേണ്ടി ശ്രമിച്ചുവരുന്നു. അത്തരം അവസരവാദ രാഷ്ട്രീയം കോണ്‍ഗ്രസിനും മറ്റ് വലതുപക്ഷ പാര്‍ട്ടികള്‍ക്കും ഒരു ശീലമാണ്. കെ.എം.മാണി ജീവിച്ചിരുന്നപ്പോള്‍ യു.ഡി.എഫി.ല്‍ നിന്നു കൊണ്ട് കോട്ടയം ജില്ലയിലെ കുറവിലങ്ങാട് പഞ്ചായത്തിലെ ഒരു വാര്‍ഡിലും ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ബി.ജെ.പി.യുമായി ധാരണയുണ്ടാക്കി മത്സരിച്ചത് ഒരു ഉദാഹരണമാണ്. ഇപ്പോള്‍ ഇടതുജനാധിപത്യ മുന്നണിയിലേക്ക് വന്നിരിക്കുന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ആ പാരമ്പര്യം തലയിലേറ്റിയാണ് വന്നിരിക്കുന്നത്. തത്വദീക്ഷയില്ലാതെ ഗൂഢമായി തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുന്നതില്‍ കേരളത്തില്‍ വലതുപക്ഷവും ഇടതുപക്ഷവും തമ്മില്‍ പറയത്തക്ക വ്യത്യാസമില്ല. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ., പി.ഡി.പി.തുടങ്ങിയ പാര്‍ട്ടികളുമായി ഇടതുമുന്നണിയും വലതുമുന്നണിയും മാറി മാറി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുള്ളവരാണ്. കൂടാതെ ചില സമുദായ സംഘടനകളുമായും അതേ വിധത്തില്‍ രഹസ്യധാരണകളും വിലപേശകളും രാഷ്ട്രീയത്തിന്റെ ധാര്‍മ്മികതയെ തകര്‍ക്കുന്നതാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ പിണറായി സര്‍ക്കാരിനെതിരെ ആദ്യത്തെ ഏറ്റവും ശക്തവും വിവാദപരവുമായ അഴിമതി ആരോപണം സ്പിംഗ്ലര്‍ കേസിലാണ്. നവമുതലാളിത്ത കാലഘട്ടത്തില്‍ ആരോഗ്യത്തിന്റെ കച്ചവടത്തില്‍ വ്യക്തികളുടെ വിവരങ്ങള്‍ക്ക് ഏറെപ്രാധാന്യമുണ്ട്. സ്പിംഗ്ലര്‍ ഇടപാട് അത്തരമൊന്നാണ്. അത് ആദ്യമായി പ്രതിപക്ഷ നേതാവ് ഉയര്‍ത്തുമ്പോള്‍ സി.പി.ഐ.എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബി.ജെ.പി.യുടെ താല്പര്യങ്ങളാണ് പ്രതിപക്ഷ നേതാവിന്റെതെന്ന് ആക്ഷേപിച്ചു. തുടര്‍ന്ന് വന്ന അനവധിയായ ആരോപണങ്ങള്‍ക്ക് പ്രതിരോധമായി സി.പി.ഐ.എം. ഉം മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ,് ബി.ജെ.പി.യുടെ രാഷ്ട്രീയത്തിന് ശക്തിപകരുകയാണെന്ന് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.

മുസ്ലീം, ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ ഏറെയുള്ള കേരളത്തില്‍ ബി.ജെ.പി.യെക്കുറിച്ചുള്ള ആശങ്ക വലുതാണ്. ദലിത സമൂഹവും ആദിവാസി സമൂഹവും മറ്റുപിന്നാക്ക സമുദായങ്ങളിലെ സമചിത്തതയുള്ളവരും ഹിന്ദുത്വ ബ്രാഹ്‌മണവാദത്തെ ഏറെ സന്ദേഹത്തോടെയാണ് കാണുന്നത്. ആ പശ്ചാത്തലത്തിലാണ് ബി.ജെ.പി. താല്പര്യങ്ങള്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയക്കളി എന്ന് നിരന്തരം പ്രചരിപ്പിക്കുവാന്‍ സി.പി.ഐ.എം.നെ പ്രേരിപ്പിക്കുന്നത്. ഇന്ദിരാഗാന്ധി മുതല്‍ രാജീവ് ഗാന്ധിയും നരസിംഹറാവും വരെയുള്ള കോണ്‍ഗ്രസ്സ് പ്രധാനമന്ത്രിമാരെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ പലവിധത്തില്‍ പങ്കുവഹിച്ചിട്ടുള്ളവരാണ്. എന്നുമാത്രമല്ല ന്യൂനപക്ഷമായ സിഖ് സമുദായത്തിന്റെ കൂട്ടക്കൊല 1984 – ല്‍ നടത്തുമ്പോള്‍ അതിന് ഹിന്ദുത്വ ഫാഷിസത്തിന്റെ വലിയ രാഷ്ട്രീയ പിന്‍ബലമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഹിന്ദുത്വത്തിനെതിരെയുള്ള ആത്മാര്‍ത്ഥമായ നിലപാട് കാണുവാനില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ബി.ജെ.പി.ക്കെതിരെ നിലകൊള്ളുവാന്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയമായി നിര്‍ബന്ധിതമാണ്. ദേശീയ തലത്തില്‍ അനവധി ആളുകള്‍ കോണ്‍ഗ്രസ്സിലൂടെയാണ് ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കുവാന്‍ കഴിയുക എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ ആ പശ്ചാത്തലവും ഒരു പങ്ക് വഹിക്കുന്നു.

സി.പി.ഐ.എം.നേതൃത്വത്തിലുള്ള സംസ്ഥാന ഭരണം അഴിമതിയില്‍ മുങ്ങിക്കുളിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുഖ്യപ്രതിപക്ഷമായ യു.ഡി.എഫ്. മതേതരത്വം പറഞ്ഞ് അതിനെ എതിര്‍ക്കാതെ നിഷ്‌ക്രിയമായാല്‍ അത് ഏറ്റവുമധികം മുതലാക്കുക ബി.ജെ.പി.യായിരിക്കും. ആ വസ്തുത സി.പി.ഐ.എം. നേതൃത്വത്തിന് മനസിലാകാത്ത സംഗതിയല്ല. കേവലം കരിയര്‍ മാത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം ചുരുങ്ങുകയും ആഗോളവല്ക്കരണ രാഷ്ട്രീയ സമ്പദ് ഘടനയില്‍ സമ്പത്ത് വെട്ടിപിടിക്കുന്ന പ്രവര്‍ത്തനമായി മാറുകയും ചെയ്യുന്ന ഈ ഘട്ടത്തില്‍ എങ്ങനെയും അധികാരം നേടുക അല്ലെങ്കില്‍ കൈവിട്ടുപോകാതെയിരിക്കുക എന്ന ഒരൊറ്റ ലക്ഷ്യംമാത്രമാണ് വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളത്. ഇടതുമുന്നണി ആണെങ്കിലും യു.ഡി.എഫ്.ആണെങ്കിലും ബി.ജെ.പി.യും കൂട്ടാളികളും ആണെങ്കിലും സമൂഹത്തില്‍ ഏത് തരത്തിലുള്ള അനീതിയും അഴിമതിയും വെട്ടിപ്പും എത്രമാത്രം നടന്നാലും അതിലുള്ള തങ്ങളുടെ പങ്ക് വെട്ടിപിടിക്കുകയെന്ന ഒരു അജണ്ട മാത്രമാണ് ഇന്നുള്ളത്. അരാഷ്ട്രീയവത്കരണത്തിന്റെ ഒരു പാതയിലേക്ക് വലതുപക്ഷ രാഷ്ട്രീയത്തെപ്പോലെ വ്യവസ്ഥാപിത ഇടതുപക്ഷ രാഷ്ട്രീയവും നിപതിച്ചിരിക്കുകയാണ്. ആ സാഹചര്യത്തില്‍ ഹിന്ദുത്വ ഫാഷിസം കേരളത്തിന് ഏറ്റവും വലിയ അപകടമാണ് വാഗ്ദാനം ചെയ്യുന്നതെങ്കിലും അരാഷ്ട്രീയവത്കരണം ആ അപകടത്തിന് കടന്നുവരാനുള്ള വലിയ ഒരു ചുരമാണ് തീര്‍ക്കുന്നത്.

ഹാഥ്രാസില്‍ പെണ്‍കുട്ടിയുടെ ശരീരം പിച്ചിച്ചീന്തിയ ബി.ജെ.പി.ക്കാരും വാളയാറിലെ പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരം പിച്ചിച്ചീന്തിയ അധികാരികള്‍ക്കെതിരെ സമരം ചെയ്യുന്നു. മാറി മാറി സമരനാടകങ്ങളും അനീതിയുടെയും അഴിമതിയുടെയും പുതിയ പുതിയ ഏടുകളും ചമയ്ക്കുന്ന ഇന്നത്തെ സ്ഥിതിയില്‍ ഒരു മാറ്റമാണ് ജനാധിപത്യവാദികള്‍ ആഗ്രഹിക്കേണ്ടത്. എന്നാല്‍ സര്‍വ്വവ്യാപിയാരിക്കുന്ന അഴിമതിയും അനീതിയും അക്രമങ്ങളും ഇനിയും വഷളാവുകയല്ലാതെ മാറ്റമൊന്നും ഉണ്ടാകില്ലായെന്ന വിശ്വാസമാണ് സമൂഹത്തില്‍ പ്രബലമായിരിക്കുന്നത്. അരാഷ്ട്രീയവാദികള്‍ എന്തെല്ലാം പ്രചരിപ്പിച്ചാലും രാഷ്ട്രീയമാണ് സമൂഹത്തില്‍ മാറ്റം കൊണ്ടുവരേണ്ട ശക്തികള്‍. സമൂഹത്തിന്റെ ആ ഉപ്പ് ഉറകെട്ടുപോയ ഇന്നത്തെ സ്ഥിതി വിശേഷം ജനങ്ങളുടെ ആത്മവിശ്വാസവും പ്രതീക്ഷയും ക്ഷയിപ്പിച്ചിരിക്കുന്നു. ജനങ്ങളില്‍ ആത്മവിശ്വാസവും പ്രതീക്ഷയും ഉണ്ടാക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ബി.ജെ.പി.യുടേയായലും മറ്റേതെങ്കിലും പ്രതിലോമശക്തികളുടേതെയാലും അപകടങ്ങളെ തിരസ്‌കരിക്കുവാനും നെഞ്ചുയര്‍ത്തി നില്‍ക്കുവാനും ജനങ്ങള്‍ പ്രാപ്തരാകുന്നത്. വിശ്വാസ്യതയും ദിശാബോധവും പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഏറ്റെടുക്കുവാനുള്ള കാഴ്ചപ്പാടും പുതിയൊരു രാഷ്ട്രീയ സംസ്‌കാരവും ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അതിനുള്ള ഒരു ഉപാധി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply