കേരളത്തിന് വേണം ഒരു സിവില്‍ സമൂഹ കൂട്ടായ്മ

ഇന്നുള്ള എല്ലാ അധികാര രാഷ്ട്രീയ പാര്‍ട്ടികളിലും ആന്തരിക ജനാധിപത്യം ഇല്ലാതായിരിക്കുന്നു. പാര്‍ട്ടി നേതൃത്വങ്ങളെ വിലയിരുത്തുവാനും , തിരുത്തുവാനും അതാത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് കഴിയാതായിരിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ സാമൂഹ്യപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളോട് മുഖാമുഖം ചോദ്യങ്ങള്‍ ചോദിക്കുകയും, അതിന് മറുപടി പറയേണ്ടുന്ന സാഹചര്യം വികസിപ്പിച്ചു കൊണ്ടുവരികയും വേണം.

സമൂഹത്തില്‍ ഉണ്ടാവേണ്ട ജനാധിപത്യത്തിന്റെ ചില അടിസ്ഥാന മൂല്യങ്ങളിലല്ല ഇന്ത്യയില്‍ അധികാര പാര്‍ട്ടികള്‍ രൂപം കൊണ്ടിട്ടുള്ളത്. വരാന്‍ പോകുന്ന 2023ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഫാസിസത്തിനെതിരായ മഹാപ്രതിപക്ഷമായി ഒന്നിച്ചു നില്‍ക്കണമെന്നുള്ള പാര്‍ട്ടികളുടെ ആലോചന തന്നെ,ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷയായിരിക്കുന്നതോടൊപ്പം വലിയൊരു പരിമിതിയെ കൂടിയാണത് സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മാത്രമേ അധികാരത്തില്‍ കയറിയ ജനവിരുദ്ധ ശക്തികളെ ചോദ്യം ചെയ്യാന്‍ കഴിയുന്നുള്ളൂ എന്ന പരിമിതിയാണത്. അധികാരം ദൈവദത്തമോ ജന്മദത്തമോ ഒരിക്കലും ചോദ്യം ചെയ്യാന്‍ പറ്റാത്ത സര്‍വ്വാധിപത്യമോ ആക്കുന്നതിനേക്കാള്‍ നല്ലതല്ലേ അഞ്ചുവര്‍ഷത്തില്‍ ഒരിക്കലെങ്കിലും തിരഞ്ഞെടുപ്പിലൂടെ ചോദ്യം ചെയ്യാനും ദുഷ്ടശക്തികളെ മാറ്റാനും സാധിക്കുന്ന രാഷ്ട്രീയ അവസ്ഥ ലഭിക്കുന്നത് എന്ന കാര്യം ശരി തന്നെയാണ്. സമൂഹം വളര്‍ച്ചയുടെ പാതയില്‍ നീങ്ങണമെങ്കില്‍ ഇനി അഞ്ചുവര്‍ഷമെന്ന ദീര്‍ഘശ്വാസത്തിന്റെ ഇടവേളയിലേക്ക് നമ്മുടെ രാഷ്ട്രീയ നോട്ടം ചെന്നെത്തണം.

ഇന്ന് അധികാര പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഫാസിസത്തിനെതിരായി നിലകൊള്ളുന്നതിന് അനവധി പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നുണ്ട്. വോട്ടുബാങ്കിനെ ആശ്രയിച്ചു നില്‍ക്കുന്നു എന്നതാണ് ഒരു പ്രതിസന്ധി. കാലാകാലങ്ങളില്‍ അധികാരത്തിലിരുന്ന് സൃഷ്ടിച്ചുവെച്ച നിയമലംഘനങ്ങളും വിഭവശോഷണങ്ങളും പണസമ്പാദനവുമാണ് മറ്റൊന്ന്. അധികാര ഭരണസംവിധാനം ഉപയോഗിച്ച് പ്രതിപക്ഷത്തെ നിയന്ത്രിക്കുന്നതില്‍ ഫാസിസം വിജയിക്കുന്നത് അതുകൊണ്ടാണ്. ഇവിടെയാണ് പ്രതിപക്ഷ സങ്കല്പം പാര്‍ലമെന്റിന്റെ ഇരിപ്പിടത്തുനിന്നും അധികാരം ഉദ്ഭവിക്കുന്നിടത്തേക്ക് വളരേണ്ടത് അനിവാര്യമാകുന്നത്. തൊലിപ്പുറം ചികിത്സയല്ല ഉള്ളക ചികിത്സ തന്നെ വേണം. അധികാരം ഉത്പാദിപ്പിച്ച ശേഷം ഭരണപക്ഷം പ്രതിപക്ഷം എന്ന തിരിവ് ഉണ്ടായാല്‍ പോര. അധികാരം ഉല്പാദിപ്പിക്കുന്ന ഇടം തന്നെ പ്രതിപക്ഷം ആകാന്‍ കഴിയണം. അതായത് പൗരന്‍ എന്നത് തന്നെ ഒരു പ്രതിപക്ഷം ആകുന്ന അവസ്ഥ സംജാതമാകണം. പൗരന്റെ വോട്ട് നേടി പിന്നീട് അഞ്ചുവര്‍ഷത്തേക്ക് തലയ്ക്കു മീതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം പോലെ സംഭവിക്കാത്ത സാമൂഹ്യ സംവിധാനം ഉണ്ടാവണം. ഒരിക്കല്‍ വോട്ട് ചെയ്തതിനുശേഷം കൈവിട്ടുപോയ അധികാരത്തിനു മുമ്പില്‍ ദാസനായി നില്‍ക്കേണ്ടിവരുന്ന ജനത്തിന്റെ ദയനീയ സ്ഥിതി മാറണം. എപ്പോഴും പൗരന്‍ എന്ന മനുഷ്യനോട് ചേര്‍ന്നുനില്‍ക്കുന്ന പുതിയ സാമൂഹ്യ പ്രസ്ഥാനങ്ങളുണ്ടാവണം. അതായത് ഇന്ന് പൗരനെ ആരും സൃഷ്ടിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നു വളരുന്നു പ്രായപൂര്‍ത്തിയാകുന്നു വോട്ടവകാശം കിട്ടി പൗരനാകുന്നു.. ഇതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല.പൗരന്‍ അധികാരത്തെ ഉല്‍പാദിക്കുന്നു എന്നതുപോലെ വളരെ പ്രധാനപ്പെട്ടതാണ് പൗരനെ ഉല്‍പാദിപ്പിക്കുന്ന കാര്യവും. സാമൂഹ്യ ജനാധിപത്യത്തെയും പൗരനെയും ഉല്പാദിപ്പിക്കുന്ന അടിത്തറയില്‍ വേണം അധികാരം വികസിച്ചു വരാന്‍. അതായത് സാമൂഹിക പരിഷ്‌കരണം ഒരു നിരന്തര പദ്ധതിയായിരിക്കണം. കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ഉഴുതിട്ട മണ്ണിലാണ് വളര്‍ന്നുവന്നത് എന്നതുപോലെ തുടര്‍ച്ചയായി നടക്കേണ്ടതായ ഒന്നായി നാമിതിനെ കാണണം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഉപ്പുതൊട്ട് കര്‍പ്പൂരം വരെയുള്ള വസ്തുക്കളുടെ ഉപയോഗവും വിനിമയവുമെല്ലാം ഒരു രാജ്യത്തെ നിയമവ്യവസ്ഥയ്ക്ക് സ്പര്‍ശിക്കേണ്ടി വരും. മനുഷ്യബന്ധങ്ങളുടെ കാര്യത്തില്‍ പ്രത്യേകിച്ച് . ഒരു രാജ്യത്തെ നിയമവ്യവസ്ഥ വ്യക്തിയെ അടയാളപ്പെടുത്തിയിരിക്കുന്നതിനെയാണ് പൗരന്‍ എന്ന് വിളിക്കുക. എന്നാല്‍ പൗരല്ലാത്ത മനുഷ്യബന്ധങ്ങള്‍ അനവധിയാണ്. അടിസ്ഥാനപരമായി മനുഷ്യന്‍ മൃഗവുമാണ്. ഒരു രാജ്യം എത്തിനില്‍ക്കുന്ന ചരിത്ര സാഹചര്യത്തില്‍ നിന്നുകൊണ്ട് മനുഷ്യരെ പൗരനായി വികസിപ്പിച്ചെടുക്കുന്ന ബോധപൂര്‍വ്വ പ്രവര്‍ത്തനം നടത്തേണ്ടിവരുന്നുണ്ട്. സംസ്‌കാരം എന്ന് വിളിക്കുന്നതില്‍ ഈ ബോധപൂര്‍വ്വത ഉള്ളടങ്ങിയിട്ടുണ്ട്.സംസ്‌കാരം പ്രവര്‍ത്തിക്കുന്നത് ഭരണകൂടത്താല്‍ മാത്രമല്ല.അതുകൊണ്ട് തന്നെ അതിസൂക്ഷ്മ ഘടകങ്ങളില്‍ മനുഷ്യനെ പൗരനാക്കുന്ന പ്രാദേശിക രാഷ്ട്രീയ സംഘടനാരൂപങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്. രാഷ്ട്രീയമെന്നാല്‍ അധികാര രാഷ്ട്രീയം മാത്രമായി കാണാനാവില്ല. ഇങ്ങനെ ജനാധിപത്യത്തിന്റെ ജീവിതരീതി എന്ന നിലയില്‍ മനുഷ്യനെ മനുഷ്യത്വവും നീതിയുമുള്ള പൗരനാക്കുന്ന പങ്കുവഹിക്കുന്ന താഴെ തട്ടിലുള്ള സംഘടനാ രൂപങ്ങളെ ‘സിവില്‍ സമൂഹ’ സംഘടന എന്ന് വിളിക്കാം. ഇത്തരമൊരു സാമൂഹ്യ ജനാധിപത്യത്തിന്റെ അസ്ഥിവാരത്തില്‍ വേണം അധികാര രാഷ്ട്രീയം പടുത്തുയര്‍ത്താന്‍. ഇത് അധികാരം മാത്രം ലക്ഷ്യം വയ്ക്കുന്ന പാര്‍ട്ടികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യമാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്നുള്ള എല്ലാ അധികാര രാഷ്ട്രീയ പാര്‍ട്ടികളിലും ആന്തരിക ജനാധിപത്യം ഇല്ലാതായിരിക്കുന്നു. പാര്‍ട്ടി നേതൃത്വങ്ങളെ വിലയിരുത്തുവാനും , തിരുത്തുവാനും അതാത് പാര്‍ട്ടിക്കുള്ളില്‍ നിന്ന് കഴിയാതായിരിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ സാമൂഹ്യപ്രസ്ഥാനങ്ങള്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളോട് മുഖാമുഖം ചോദ്യങ്ങള്‍ ചോദിക്കുകയും, അതിന് മറുപടി പറയേണ്ടുന്ന സാഹചര്യം വികസിപ്പിച്ചു കൊണ്ടുവരികയും വേണം. ശീതീകരണ മുറികളിലെ വട്ടമേശയ്ക്ക് ചുറ്റും അല്ല,സമൂഹത്തിലെ ജീവിത പെരുവഴിയില്‍ ചര്‍ച്ച നടക്കണം. ചോദ്യങ്ങള്‍ക്കുള്ള മറുപടി നേതൃത്വങ്ങള്‍ പറയണം. ജനത്തെ സ്‌നേഹിക്കുന്നവര്‍ ജനത്തിന്റെ ഇടയില്‍ തന്നെ നിന്ന് മറുപടി പറയാന്‍ ഭയക്കുകയില്ല. സഹോദര്യവും, തുല്യതയുമെല്ലാം മുന്‍നിര്‍ത്തി ജനങ്ങളുടെ ഇടയില്‍ നിന്ന് രാഷ്ട്രീയ നേതൃത്വങ്ങളോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തയ്യാറായാല്‍ മണിപ്പൂരും ഗുജറാത്തും കേരളത്തിലും ആവര്‍ത്തിക്കാതിരിക്കും. ഇങ്ങനെ സമൂഹത്തെയും പൗരനെയും സാമൂഹിക സംഘടനകളെയും തയ്യാറാക്കുന്നതിനെയാണ് സാമൂഹ്യ പ്രതിപക്ഷം എന്നു പറയുന്നത്. അധികാര രാഷ്ട്രീയത്തെയും സാമൂഹിക രംഗത്തെയും ഇങ്ങനെ ഒരുപോലെ തിരുത്താന്‍ കഴിയുന്ന സാമൂഹ്യ സംഘടനകളുടെ വിശാലസഖ്യങ്ങള്‍ കേരളത്തില്‍ വളര്‍ന്നു വരണം. പ്രാദേശികമായ വിഷയത്തില്‍ മാത്രമായൊ, അല്ലെങ്കില്‍ പാരിസ്ഥിതികമായ വിഷയത്തില്‍ മാത്രമായൊ, അതുമല്ലെങ്കില്‍ മറ്റേതെങ്കിലും ഒന്നില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയൊ ചെയ്യുക എന്നതിനപ്പുറം ജനാധിപത്യത്തിന്റെ ഇരു പ്രതലങ്ങളിലും ഇടപെടാന്‍ സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്ക് കഴിയും. ജനാധിപത്യത്തിന്റെ ഉയര്‍ന്ന ഒരു രാഷ്ട്രീയം കൂടിയാണിത്. നമ്മുടെ ജനപ്രതിനിധികളെയും റിപ്പബ്ലിക്കിനെയും തിരിച്ചുപിടിക്കാന്‍ സിവില്‍ സമൂഹ കൂട്ടായ്മകള്‍ ഇങ്ങനെ തയ്യാറായാല്‍ അത് ചരിത്രപരമായ പ്രാധാന്യമുള്ള ഒന്നായി തന്നെ വികസിക്കും. പൗരനെ സൃഷ്ടിക്കുവാന്‍ കഴിയുന്ന തുടര്‍ച്ചയായ സാമൂഹ്യ ഇടപെടലും അധികാര രാഷ്ട്രീയത്തിലുള്ള തിരുത്തല്‍ ദൗത്യവും ഏറ്റെടുക്കാന്‍ കഴിയേണ്ടതുണ്ട്. ഈ വിധം നമ്മുടെ മതേതര രാജ്യത്തെ തിരിച്ചുപിടിക്കുകയും ചെയ്യുന്ന ഒരു വിശാല സിവില്‍ സമൂഹ കൂട്ടായ്മ കേരളത്തിന് ഇന്ന് അനിവാര്യമാണ്

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply