ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് പ്രതിപക്ഷം ഐക്യപ്പെടേണ്ടത്..?

സത്യത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഒരു സാധ്യതയാണ്. ലോകസഭാ തെരഞ്ഞെടുപ്പിില്‍ ഒന്നിച്ചുനിന്ന് സംഘപരിവാറിനെ നേരിടാനുള്ള ഒരു റിഹേഴ്‌സലായെങ്കിലും ഈ അവസരത്തെ ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. അതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും ഒന്നിച്ചുനില്‍ക്കുന്നതില്‍ അവര്‍ വിജയിക്കുമോ എന്നാണ് ഓരോ ജനാധിപത്യ – മതേതര വാദിയും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

രണ്ടുവര്‍ഷത്തിനുുള്ളില്‍ ലോകസഭാതെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ജനാധിപത്യത്തിനുനേരെ അവസാനപ്രഹരമേല്‍പ്പിക്കാനുളള നീക്കത്തിലാണ് സംഘപരിവാര്‍ ശക്തികള്‍ എന്നതു ശരിവെക്കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൂടെ നൂറു വര്‍ഷത്തിനുളളില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന തങ്ങളുടെ ലക്ഷ്യം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഊര്‍ജ്ജിതമാക്കിയിരിക്കുന്നതെന്നും കരുതാം. രണ്ടു തരത്തിലാണ് ഇപ്പോള്‍ ആ ലക്ഷ്യം നേടാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിരിക്കുന്നത്. ഒന്ന് തങ്ങളെ എതിര്‍ക്കുന്ന ശക്തികളെ എല്ലാവിധ കേന്ദ്ര ഏജന്‍സികളും ഭരണകൂട സ്ഥാപനങ്ങളും ഉപയോഗിച്ച് തകര്‍ക്കുക. രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ഇ ഡിയെ ഉപയോഗിച്ച് ഇപ്പോള്‍ നടത്തുന്ന നീക്കം അതിന്റെ ഭാഗമാണ്. മറ്റൊന്ന് ഏറെകാലമായി ചെയ്തുകൊണ്ടിരിക്കുന്ന മുസ്ലിം വിരോധം ആളിക്കത്തിച്ച് രാഷ്ട്രീയനേട്ടം കൊയ്യുക എന്നതുതന്നെ. അതാണ് ഇപ്പോള്‍ ബുള്‍ഡോസര്‍ രാഷ്ട്രീയത്തില്‍ എത്തിയിരിക്കുന്നത്. അതിനിടയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ആഗതമായിരിക്കുന്നത്.

ഏറെ ദുര്‍ബ്ബലമാണെങ്കിലും രാജ്യത്ത് എല്ലാ മേഖലകളിലും സ്വാധിനമുള്ള ഏക പ്രതിപക്ഷപാര്‍ട്ടി കോണ്‍ഗ്രസ്സാണല്ലോ. മാത്രമല്ല, പല സംസ്ഥാനങ്ങളിലും ശക്തരായ പല പ്രാദേശിക പാര്‍ട്ടികളും കോണ്‍ഗ്രസ്സുമായി സഖ്യത്തിലുമാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ്സിന്റെ നേരിയ സ്വാധീനം പോലും ഇല്ലാതാക്കുന്നത് തങ്ങളുടെ ലക്ഷ്യം നേടാന്‍ അനിവാര്യമാണെന്ന് അവര്‍ക്കറിയം. അതാണ് കോണ്‍ഗ്രസ്സ് മുക്ത ഭാരതം എന്ന മുദ്രാവാക്യം തന്നെ രൂപം കൊണ്ടത്. ഇക്കാര്യത്തില്‍ സംഘപരിവാര്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളി നെഹ്‌റു കുടുംബത്തിനും സോണിയക്കും രാഹുലിനുമൊക്കെ ഇപ്പോഴും നിലനില്‍ക്കുന്ന പിന്തുണയും പ്രതിച്ഛായയുമാണ്. അതു തകര്‍ക്കാതെ രാജ്യത്തെ കോണ്‍ഗ്രസ്സ് മുക്തമാക്കാനാകില്ല എന്നവര്‍ക്ക് വ്യക്തമായിട്ടുണ്ട്. അതിനാലാണ് ഇപ്പോള്‍ ഇ ഡിയെ രംഗത്തിറക്കിയിട്ടുള്ളത്. ഇഡിയും സിബിഐയും ഗവര്‍ണ്ണറുമൊക്കെ സംഘപരിവാറിന്റെ വെറും ചട്ടുകങ്ങളായി മാറിയ സ്ഥാപനങ്ങളാണല്ലോ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആയിരത്തോളം സ്വാതന്ത്ര്യസമര സേനാനികളെ ഓഹരിയുടമകളാക്കി ജവഹര്‍ലാല്‍ നെഹ്റു പത്രപ്രസിദ്ധീകരണത്തിനായി ആരംഭിച്ച സ്ഥാപനമാണ് അസോസിയേറ്റ് ജേര്‍ണല്‍സ് ലിമിറ്റഡ്. പത്രപ്രസിദ്ധീകരണം നിലച്ചതിനു പിന്നാലെ, ഇതിന്റെ ഉടമാവകാശം സോണിയയ്ക്കും രാഹുലിനും കൂടി 76 ശതമാനം ഓഹരിപങ്കാളിത്തമുള്ള യങ് ഇന്ത്യന്‍ എന്ന സന്നദ്ധസംഘടന നിസാരവിലയ്ക്കു സ്വന്തമാക്കിയതിനു പിന്നില്‍ വന്‍ ക്രമക്കേടാരോപിച്ച് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ കേസിലാണ് ഇ.ഡി. അന്വേഷണം നടക്കുന്നത്. 2010 നവംബര്‍ മൂന്നിന് സ്ഥാപിക്കപ്പെട്ട യങ്ങ് ഇന്ത്യന്‍ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, കമ്പനി ആക്ട് പ്രകാരം നോട്ട് ഫോര്‍ പ്രോഫിറ്റ് വിഭാഗത്തില്‍ പെടുന്ന സ്ഥാപനമാണെന്നും കമ്പനിയിലെ ഒരു വ്യക്തിക്കും ഇതിന്റെ ലാഭത്തില്‍ നിന്നും ഒരു രൂപപോലും കൈപ്പറ്റാന്‍ കഴിയില്ലെന്നും വസ്തുവകകള്‍ കൈമാറ്റം ചെയ്യാനോ ഷെയര്‍ വില്‍ക്കാനോ കഴിയാത്ത ഈ കമ്പനി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് ലാഭവിഹിതം ഉപയോഗിക്കുന്നതെന്നും കോണ്‍ഗ്രസ്സ് ചൂണ്ടികാട്ടുന്നു. 90 കോടി രൂപ നഷ്ടത്തിലായ ഐജെഎല്ലിന്, യങ്ങ് ഇന്ത്യനിലൂടെ അത്രയും തുക പലിശ രഹിത വായ്പയായി നല്‍കുന്നു. എജെഎല്‍ ആ പണം ജീവനക്കാരുടെ ശമ്പളത്തിനും ജീവനക്കാരുടെ റിട്ടയര്‍മെന്റ് ബെനിഫിറ്റിനും മറ്റു ഉപയോഗിക്കുന്നു. കാലാവധിക്കുള്ളില്‍ തിരിച്ചടവുകളൊന്നും നടത്താന്‍ കഴിയാതെ വന്നപ്പോള്‍ എജെഎല്‍ നെ യങ്ങ് ഇന്ത്യന്‍ ഏറ്റെടുക്കുന്നു. ഇതാണ് സംഭവിച്ചതെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു. 2014 ല്‍ ഇഡി അന്വേഷിച്ച് കേസ് നിലനില്‍ക്കുന്നതല്ല എന്ന് റവന്യൂ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് അന്നത്തെ ഇഡി തലവന്‍ രാജന്‍ കട്ടോഘ് നെ സ്ഥാനത്ത് നിന്ന് മാറ്റി കേസ് പുനഃപരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസുകാര്‍ നടത്തിയിരുന്ന പാര്‍ട്ടിയുടെ മുഖപത്രങ്ങളുടെ നടത്തിപ്പ് കോണ്‍ഗ്രസുകാര്‍ തന്നെ നേതൃത്വം കൊടുക്കുന്ന മറ്റൊരു കമ്പനിയിലേക്ക് മാറ്റുക മാത്രമാണ് സംഭവിച്ചിട്ടുള്ളതെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നുമാണ് കോണ്‍ഗ്രസ്സിന്റെ ശക്തമായ നിലപാട്. എന്നാല്‍ മുന്നുദിവസത്തിനുശേഷവും രാഹുലിനേയും പിന്നീട് സോണിയേയും ചോദ്യം ചെയ്യാനാണ് ഇ ഡി നീക്കം. ഒപ്പം അറസ്റ്റ് ചെയ്യാനും നീക്കമുണ്ടെന്നാണ് വാര്‍ത്ത. തീര്‍ച്ചയായും കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ നിഷ്‌കളങ്കമാണെന്ന് കരുതാനാവില്ല.

ഇതേസമയത്താണ് മറുവശത്ത് ബുള്‍ഡോസര്‍ രാഷ്ട്രീയവും അരങ്ങേറുന്നത്. മസ്ജിദിനും ബീഫിനും വസ്ത്രത്തിനുമൊക്കെ ശേഷം പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവരുടെ വീടുകള്‍ ബുള്‍ഡോസര്‍ വെച്ചു തകര്‍ക്കുന്ന അവസ്ഥയിലേക്ക് വെറുപ്പിന്റെ രാഷ്ട്രീയം എത്തിയിരിക്കുന്നു. ജനാധിപത്യ പ്രതിഷേധങ്ങളെ നേരിടാന്‍ ഗ്യാങ്സ്റ്റര്‍ ആക്ട് എന്ന ഭീകര നിയമമാണ് യു.പി സര്‍ക്കാര്‍ പ്രയോഗിച്ചത്. ഏതെങ്കിലും ഗ്യാങ്ങിലെ അംഗമാണ് കുറ്റവാളിയെന്ന് കണ്ടെത്തിയാല്‍ അവരുടെ സ്വത്തുക്കള്‍ കണ്ടു കെട്ടാനും പിടികിട്ടാ പുള്ളിയാണെങ്കില്‍ സ്ഥാവര വസ്തുക്കള്‍ തകര്‍ക്കാനും ജില്ലാ ഭരണകൂടത്തിന് ഈ നിയമം അധികാരം നല്‍കുന്നു. പൗരത്വ പ്രക്ഷോഭ സമരങ്ങളില്‍ പങ്കെടുത്ത 274 പേരുടെ സ്വത്തുക്കള്‍ യു.പി സര്‍ക്കാര്‍ കണ്ടുകെട്ടിയത് ഈ നിയമത്തിന്റെ പിന്‍ബലത്തിലാണ്. 2022 ഫെബ്രുവരിയില്‍ സുപ്രിം കോടതി ഈ കണ്ടുകെട്ടലുകള്‍ റദ്ദാക്കുകയും ജനകീയ സമരങ്ങളുടെ നേരേ ഗ്യാങ്സ്റ്റര്‍ ആക്ട് പ്രയോഗിക്കരുതെന്ന് പരാമര്‍ശിക്കുകയും ചെയ്തതാണ്. അതെല്ലാം കാറ്റില്‍ പറത്തിയാണ് യോഗി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. അതാകട്ടെ സംഘപരിവാറിന്റെ മുഴുവന്‍ പിന്തുണയോടും കൂടി. കാണ്‍പൂരിലും സഹറന്‍പൂരിലും അലഹബാദിലും ലക്നോവിലും അടക്കം വിവധ പ്രദേശങ്ങളിലേയി രണ്ടായിരത്തിലധികം പോരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ഗ്യാങ്സ്റ്റര്‍ ആക്ട് ചുമത്തിയിരിക്കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതേ സമയത്തുതന്നെ കാശി, മഥുരാ ക്ഷേത്രരാഷ്ട്രീയവും സജീവമാക്കിയതും കൂട്ടിവായിക്കണം. ബാബറി മസ്ജിദിന്റെ മുറിവുകള്‍ ഉണങ്ങുന്നതിനു മുമ്പാണ് ഈ നീക്കം ആരംഭിച്ചിരിക്കുന്നത്. ഇന്ന് ഇന്ത്യയിലെമ്പാടും പ്രകടമായി കാണുന്ന മതവിദ്വേഷ രാഷ്ട്രീയത്തിന്റെ -മുസ്ലിം വിരുദ്ധതയുടെ- ഉറവ തന്നെ ക്ഷേത്രരാഷ്ട്രീയമാണ്. താജ് മഹലിനെയും ക്ഷേത്രമാക്കി മാറ്റാനുള്ള നീക്കവും നടക്കുന്നു. ഇതോടൊപ്പം തന്നെ, ഇന്ത്യ ദേശരാഷ്ട്രമല്ല നാഗരിക രാഷ്ട്രമാണെന്ന വാദവും ശക്തമായി മുന്നോട്ട് വെക്കുന്നുണ്ട്. ഈ സങ്കല്പം മുന്നോട്ടു വെക്കുന്നവര്‍ പറയുന്നത് ദേശരാഷ്ട്രം എന്ന പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ആശയത്തേക്കാള്‍ മുന്നേ തന്നെ തങ്ങളുടെ ദേശത്ത് ഒരു രാഷ്ട്ര സങ്കപ്പം നിലനിന്നിരുന്നു എന്നാണ്. ഇന്ത്യന്‍ നാഗരിക രാഷ്ട്രം അവരുടെ കാഴ്ചപ്പാടില്‍ ഒരു ഹിന്ദു നാഗരിക രാഷ്ട്രം മാത്രമാണ്. പടിഞ്ഞാറ് ഗാന്ധാരവും വടക്ക് ഹിമാലയവും കിഴക്ക് കാമരൂപവും കടന്ന് ഇരാവതി നദിയും തെക്ക് മഹാസമുദ്രവും അതിരിടുന്ന ഈ വിശാല ഭൂമിക അവര്‍ ഹിന്ദുനാഗരികതയായിട്ടാണ് സങ്കല്പിക്കുന്നത്. അതിന്റെ ലക്ഷ്യവും നൂറാം വര്‍ഷ ലക്ഷ്യവുമായി കൂട്ടിവായിക്കണം. മുസ്ലീമുകള്‍ ഇന്ത്യ വിട്ട് പോകേണ്ടതില്ല എന്നും പ്രത്യേക ആനുകൂല്യങ്ങളോ അവകാശങ്ങളോ ഇല്ലാത്ത രണ്ടാം തരം പൗരന്മാരായി ഇന്ത്യയില്‍ ജീവിയ്ക്കുക എന്ന സവര്‍ക്കറുടെ നിലപാടാണ് ഇതിലൂടെയെല്ലാം നടപ്പാക്കാന്‍ ശ്രമിക്കുനനത് എന്നതും വ്യക്തം. ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ഇതാണെന്നു സവര്‍ക്കര്‍ അന്നേ തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അനുയായികള്‍ അതു നടപ്പാക്കുന്നു.

ഇത്തരത്തില്‍ കുതിച്ചുപായുന്ന കാവിരഥത്തെ പിടിച്ചുകെട്ടാനാവുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് ഇന്ത്യയുടെ ഭാവി നിലനില്‍ക്കുന്നത്. എന്നാല്‍ പ്രത്യാശ നല്‍കുന്ന മറുപടിയൊന്നും അതിനു കിട്ടുന്നില്ല എന്നതാണ് സത്യം. സംഘപരിവാറിന്റെ മതരാഷ്ട്രവാദത്തെ പ്രതിരോധിക്കാന്‍ മതേതരവാദികള്‍ക്കാവുന്നില്ല. അവരില്‍ പലരും ചെന്നെത്തുന്നത് മൃദുഹിന്ദുത്വവാദത്തിലാണെന്നതാണ് വൈരുദ്ധ്യം. അതിശക്തമായ ചാതുര്‍വര്‍ണ്ണ്യ പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയുള്ള ഈ നവ ഫാസിസത്തെ പ്രതിരോധിക്കാന്‍ ജനാധിപത്യവാദികള്‍ക്കാവുന്നില്ല. അവരുടെ സവര്‍ണ്ണ പ്രത്യയശാസ്ത്രത്തേയും പുരുഷാധിപത്യത്തേയും ചെറുക്കാന്‍ ദളിത് രാഷ്ട്രീയത്തിനോ ലിംഗനീതി രാഷ്ട്രീയത്തിനോ കഴിയുന്നില്ല. അതുപോലെതന്നെയാണ് അവരുടെ കേന്ദ്രീകൃത നാഗരിക രാഷ്ട്ര സങ്കല്‍പ്പത്തെ പ്രതിരോധിക്കാന്‍ പ്രാദേശിക രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ ഫെഡറലിസത്തിനുവേണ്ടി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്നവര്‍ക്കോ കഴിയാത്തത്. മാര്‍ക്‌സ്, അംബേദ്കര്‍, ഗാന്ധി, ലോഹ്യ തുടങ്ങിയവരുടെ ചിന്തകളെല്ലാം തകര്‍ക്കപ്പെടുന്ന ഒരുവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നുവേണം ആശങ്കപ്പെടാന്‍.

മുഖ്യധാരയിലെ രാഷ്ട്രീയപ്രസ്ഥാനങ്ങളും നിസ്സഹായരാകുന്ന കാഴ്ചയാണ് കൂടുതല്‍ നിരാശ പകരുന്നത്. രണ്ടുവര്‍ഷത്തിനുള്ളില്‍ തെരഞ്ഞെടുപ്പുവരുമെന്നറിഞ്ഞിട്ടും ബിജെപിക്കെതിരെ ശക്തമായ പ്രതിപക്ഷ ഐക്യനിര പടുത്തുയര്‍ത്താന്‍ അവര്‍ക്കാവുന്നില്ല. ഇപ്പോഴതിനാകുന്നില്ലെങ്കില്‍ ഇനിയൊരിക്കലും അതാവശ്യം വരില്ല എന്നുപോലും അവര്‍ മനസ്സിലാക്കുന്നില്ല. അതാണല്ലോ ആസന്നമായ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പോലും ശക്തനായ ഒരു പൊതുസ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഒരു വെല്ലുവിളിയെങ്കിലും ഉയര്‍ത്താന്‍ അവര്‍ക്കാകാത്തത്. സത്യത്തില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഒരു സാധ്യതയാണ്. ലോകസഭാ തെരഞ്ഞെടുപ്പിില്‍ ഒന്നിച്ചുനിന്ന് സംഘപരിവാറിനെ നേരിടാനുള്ള ഒരു റിഹേഴ്‌സലായെങ്കിലും ഈ അവസരത്തെ ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിക്കേണ്ടത്. അതിനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലംു ഒന്നിച്ചുനില്‍ക്കുന്നതില്‍ അവര്‍ വിജയിക്കുമോ എന്നാണ് ഓരോ ജനാധിപത്യ – മതേതര വാദിയും ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply