മണിപ്പൂര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ N D A ക്കുപകരം I N D I A

പൊതുവില്‍ വടക്കുകിഴക്കന്‍ മേഖലയിലെ സ്ത്രീകള്‍ കരുത്തരാണ്. അവര്‍ക്കാണ് സമൂഹത്തിലും കുടുംബത്തിലുമൊക്കെ ആധിപത്യം. പന്തമേന്തിയ പെണ്ണുങ്ങള്‍ എന്ന വിശേഷണം തന്നെ ഉയര്‍ന്നു വരാനുള്ള കാരണം അതാണ്. ആ സ്ത്രീകളെയാണ് ഇപ്പോള്‍ അതിക്രൂരമായി പീഡിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ വര്‍ഗ്ഗീ.യവല്‍ക്കരിക്കപ്പെട്ട മനസ്സുമായി കുറെ സ്ത്രീകളും അവര്‍ക്കൊപ്പമുണ്ട് എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. .

മാസങ്ങള്‍ കഴിഞ്ഞിട്ടും മണിപ്പൂര്‍ പുകയുക തന്നെയാണ്. അക്ഷരാര്‍ത്ഥത്തില്‍ നടക്കുന്നത് വംശഹത്യതന്നെ. ഏതൊരു യുദ്ധത്തിലും വംശഹത്യയിലും കലാപത്തിലുമൊക്കെ ഏറ്റവും ദുരന്തങ്ങള്‍ നേരിടുക സ്ത്രീകളാണല്ലോ. ബലാല്‍സംഗത്തെ ആയുധമായി ഉപയോഗിക്കുന്ന ചരിത്രമാണ് എന്നുമുള്ളത്. അതു തന്നെയാണ് മണിപ്പൂരിലും നടക്കുന്നത്. മനുഷ്യമനസാക്ഷിയെ നടുക്കുന്ന രീയിയിലാണ് കുക്കി സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളും പീഡനങ്ങളും കൊലകളും നടക്കുന്നത്. വംശഹത്യയവസാനിപ്പിക്കാന്‍ ഈ നിമിഷം വരെ ക്രിയാത്മകമായ ഒരു നടപടിയും കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ലെന്നു മാത്രമല്ല, പരോക്ഷമായി ന്യായീകരിക്കുകയാണ് ചെയ്യുന്നത്. ലക്ഷ്യമെന്തെന്ന് വളരെ വ്യക്തം.

മണിപ്പൂരിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെ ഹിന്ദു-ക്രിസ്ത്യന്‍ വര്‍ഗ്ഗീയ സംഘട്ടനമായി മാത്രം കാണാന്‍ കഴിയില്ല. തീര്‍ച്ചയായും ഹിന്ദുത്വരാഷ്ട്രമെന്ന തങ്ങളുടെ ലക്ഷ്യം നേടാനായുള്ള ധ്രുവീകരണത്തിനായി കൃസ്ത്യന്‍ വിഭാഗങ്ങള്‍ക്കുനേരെ കടന്നാക്രമണം നടത്തുക എന്നത് സംഘപരിവാറിന്റെ അജണ്ട തന്നെ. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും അത് മുസ്ലിം വിഭാഗങ്ങള്‍ക്കെതിരാണെങ്കിലും വടക്കുകിഴക്കന്‍ മേഖലയില്‍ പ്രധാനമായും കൃസ്ത്യന്‍ സമൂഹത്തിനെതിരാണ്. നേരത്തെ കാണ്ടമാലില്‍ അത് പരീക്ഷിച്ചതുമാണല്ലോ. ഇപ്പോള്‍ നടക്കുന്നത് അതാണെങ്കിലും അതിനായി ഉപയോഗിക്കുന്നത് വംശീയതയും ഗോത്രീയതയുമൊക്കെയാണ്. അവക്ക് മതത്തിന്റെ ആവരണം നല്‍കുകയാണ്.

പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ വിസ്തൃതി മാത്രമുണ്ടായിരുന്ന മണിപ്പൂര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ സ്വതന്ത്രമായി നില്‍ക്കാനായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ 1948 ല്‍ മണിപ്പൂര്‍ രാജാവിനെ ഷില്ലോംഗിലേക്ക് വിളിച്ചുവരുത്തി ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെട്ട മണിപ്പൂര്‍ 1972 ജനുവരി 21 നാണ് ഇന്ത്യന്‍ സംസ്ഥാനമായി മാറിയത്. അതിനിടയില്‍ ഇന്ത്യയില്‍ നിന്ന് വ്യത്യസ്ഥമായ സ്വതന്ത്രദേശീയത തങ്ങള്‍ക്കുണ്ടെന്നവകാശപ്പെട്ട് അവിടെ പ്രക്ഷോഭങ്ങള്‍ സജീവമായിരുന്നു. അക്കാര്യത്തില്‍ ഏറെക്കുറെ എല്ലാ വിഭാഗങ്ങളും ഐക്യപ്പെട്ടിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മണിപ്പൂരിന്റെ ആ പോരാട്ടത്തെ കേന്ദ്രം നേരിട്ടതെങ്ങിനെയെന്നത് വലിയ പഴക്കമുള്ള ചരിത്രമൊന്നുമല്ല. പട്ടാളത്തിന് അമിതമായ അധികാരം കൊടുക്കുന്ന അഫ്‌സ്പ നിയമമാണ് വ്യാപകമായി പ്രയോഗിക്കപ്പെട്ടത്. അതനുസരിച്ചുള്ള നടപടികളെ കോടതികളില്‍ പോലും ചോദ്യം ചെയ്യാനായിരുന്നില്ല. ഇപ്പോള്‍ നടന്നപോലെയുള്ള സ്ത്രീപീഡനങ്ങളും കൊലകളുമൊക്കെ അന്നും നടന്നു. പക്ഷെ അതു നടത്തിയിരുന്നത് പ്രധാനമായും പട്ടാളമായിരുന്നു. അങ്ങനെയായിരുന്നു മനോരമ എന്ന സ്ത്രീ ക്രൂരമായി കൊലചെയ്യപ്പെട്ടത്. അതിനെതിരെ ഞങ്ങളെ കൂടി ഇന്ത്യന്‍ പട്ടാളം ബലാല്‍സംഗം ചെയ്ത് കൊല്ലൂ എന്നാര്‍ത്തുവിളിച്ച് ഒരുപറ്റം സ്ത്രീകള്‍ പട്ടാളക്യാമ്പിനു മുന്നില്‍ നടത്തിയ നഗ്നസമരം മറക്കാറായിട്ടില്ലല്ലോ. തന്റെ കണ്‍മുന്നില്‍ വെച്ച് യുവാക്കളെ വെടിവെച്ചുകൊന്നതു കണ്ട ഇറോം ഷര്‍മിള അപ്‌സ്പ പിന്‍വലിക്കാനാവശ്യപ്പെട്ട വര്‍ഷങ്ങള്‍ നടത്തിയ നിരാഹാരസമരവും സമാനതകളില്ലാത്തതാണ്.

ഗോത്രവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമൊക്കെ അന്നുമുണ്ടായിരുന്നെങ്കിലും അതൊന്നും മതപരവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നില്ല. പൊതുവില്‍ വടക്കുകിഴക്കന്‍ മേഖലയിലെ സ്ത്രീകള്‍ കരുത്തരുമാണ്. അവര്‍ക്കാണ് പൊതുവില്‍ സമൂഹത്തിലും കുടുംബത്തിലുമൊക്കെ ആധിപത്യം. പന്തമേന്തിയ പെണ്ണുങ്ങള്‍ എന്ന വിശേഷണം തന്നെ ഉയര്‍ന്നു വരാനുള്ള കാരണം അതാണ്. ആ സ്ത്രീകളെയാണ് ഇപ്പോള്‍ അതിക്രൂരമായി പീഡിപ്പിക്കുന്നത്. നിര്‍ഭാഗ്യവശാല്‍ വര്‍ഗ്ഗീ.യവല്‍ക്കരിക്കപ്പെട്ട മനസ്സുമായി കുറെ സ്ത്രീകളും അവര്‍ക്കൊപ്പമുണ്ട് എന്നാണ് വാര്‍ത്തകളില്‍ നിറയുന്നത്.

പല വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോത്രവര്‍ഗക്കാരുടെ സംരക്ഷണത്തിന് ചില സവിശേഷ നിയമങ്ങളുണ്ട്. ആസ്സാം, മിസോറം പോലുള്ള സംസ്ഥാനങ്ങളില്‍ അവരെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി നിയമ നിര്‍മാണ, നീതി നിര്‍വഹണ അധികാരങ്ങളുള്ള സ്വയം ഭരണ പ്രദേശങ്ങളായാണ് നിലനില്‍ക്കുന്നത്. എന്നാല്‍ മണിപ്പൂര്‍ ഗോത്രങ്ങളെ ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കുക്കികളും നാഗ ഗോത്രങ്ങളും 1978 മുതല്‍ ആവിശ്യപ്പെട്ടു കൊണ്ടിരിക്കുന്നതാണ് അവരുടെ പ്രദേശം ആറാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി സ്വയം ഭരണ അവകാശം നല്‍കണം എന്നുള്ളത്. അപ്പോഴും പുറത്തുനിന്നുള്ള മറ്റു ജനങ്ങള്‍ക്ക് ഗോത്രമേഖലയില്‍ ഭൂമി വാങ്ങിക്കാനും താമസിക്കാനും പറ്റില്ല. അതിനിടയിലാണ് മെയ്റ്റിസ് വംശജര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കാന്‍ ഹൈക്കോടതി. സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. അപ്പോള്‍ അവര്‍ക്ക് മലയോരമേഖലയില്‍ ഭൂമി വാങ്ങാനാകും. ഇപ്പോഴത്തെ കലാപം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായിരുന്നു ആ നീക്കമെന്നതില്‍ സംശയം വേണ്ട.

സമതലങ്ങളില്‍ ജീവിക്കുന്ന, മണിപ്പൂരിന്റെ രാഷ്ട്രീയ, സാമൂഹ്യ ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള വിഭാഗങ്ങളാണ് മെയ്റ്റീസ്. സമീപകാലത്തായി അവരേറെക്കുറെ ഹൈന്ദവവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. ബിജെപിയുടെ ശക്തിയും അധികാരത്തിലെത്താന്‍ കാരണവും ഈ വിഭാഗങ്ങളാണ്. അവരെ കൂടുതല്‍ കൂടുതല്‍ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള നീക്കങ്ങളാണ് സംഘപരിവാര്‍ നടത്തുന്നത്. അതുകൊണ്ടാണ് നൂറ്റാണ്ടുമുമ്പെ തങ്ങള്‍ ശത്രുക്കളെന്നു പ്രഖ്യാപിച്ചിട്ടുള്ള വിഭാഗങ്ങളെ അതിക്രൂരമായി അക്രമിക്കുന്നത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഗുജറാത്തില്‍ ചെയ്ത, മുസാഫര്‍ നഗറിലും കാണ്ടമാലിലും മറ്റും ആവര്‍ത്തിച്ചതു തന്നെയാണ് മണിപ്പൂരിലും നടക്കുന്നത്. ശത്രുക്കളിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് കുറ്റമോ സ്വന്തം ഭാര്യയോട് ചെയ്യുന്ന തെറ്റുപോലുമോ അല്ല എന്ന പാഠമാണ് ഇക്കൂട്ടര്‍ അക്രമികള്‍ക്ക് നല്‍കുന്നത് അതാണവര്‍ അക്ഷരം പ്രതി നിറവേറ്റുന്നത്. ലക്ഷ്യം വര്‍ഗ്ഗീയ ധ്രൂവീകരണവും അടുത്ത തെരഞ്ഞെടുപ്പും. മണിപ്പൂരിലെ സവിശേഷ സാഹചര്യത്തില്‍ ഒരു വ്യത്യാസമുണ്ട്. അത് അവിടെ ഭൂരിഭാഗവും ഗോത്രവര്‍ഗ്ഗക്കാരാണെന്നതാണ്. ആദിവാസികളും ഗോത്രവിഭാഗങ്ങളുമൊക്കെ തങ്ങള്‍ക്ക് ഭീഷണിയാണെന്നാണ് സംഘപരിവാര്‍ കരുതുന്നത് അതിനാല്‍ ഗോത്രവര്‍ഗ്ഗക്കാരെ മുഴുവന്‍ മതപരമായി വിഭജിക്കുക എന്നതുകൂടി അവരുടെ ആവശ്യമാണ്. അതാണിപ്പോള്‍ കാണുന്നത്.

ഈ കോലാഹലങ്ങള്‍ക്കിടിയല്‍ മുങ്ങിപോകാവുന്ന മറ്റൊന്നു കൂടി കെ സഹദേവനെപോലുള്ള നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നുണ്ട്. മോദിക്കൊപ്പം എവിടേയും കാണുന്ന അദാനിയുടെ സാന്നിധ്യമാണത്. കോര്‍പ്പറേറ്റുകളും ഹിന്ദുത്വരാഷ്ട്രീയവും തമ്മിലുള്ള കൂട്ടുകെട്ടാണല്ലോ എല്ലായിടത്തും കാണുന്നത്. എണ്ണയുല്‍പ്പാദനമേഖലയിലെ അദാനിയുടെ താല്‍പ്പര്യം ഇവിടേയും പ്രവര്‍ത്തിക്കുന്നതായാണ് വാര്‍ത്ത. 2021 ഓഗസ്റ്റ് 18-ന്, നരേന്ദ്ര മോദി ഗവണ്‍മെന്റ് ഭക്ഷ്യ എണ്ണ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് ഭക്ഷ്യ എണ്ണകളുടെ ദേശീയ മിഷന്‍ – ഓയില്‍ പാം (NMEO-OP) എന്ന പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവയാണ് ഈ പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങള്‍. 2025-26 കാലയളവിനുള്ളില്‍ 6,50,000 ഹെക്ടര്‍ ഭൂമി എണ്ണപ്പനയ്ക്കായി നികത്താനും അതുവഴി ഇന്ത്യയിലെ എണ്ണപ്പനക്കൃഷി ഒരു ദശലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാനുമാണ് പദ്ധതി. 2025-26 ഓടെ അസംസ്‌കൃത പാം ഓയില്‍ ഉല്‍പ്പാദനം 1.12 മില്യണ്‍ ടണ്ണായും അതിനുശേഷം 2029-30 ഓടെ 2.8 മില്യണ്‍ ടണ്ണായി ഉയര്‍ത്താനും പദ്ധതിയിടുന്നതായി ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കുന്നു. കേന്ദ്ര കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, നവമ്പര്‍ 30, 2021ല്‍, ലോക സഭയില്‍ എഴുതി നല്‍കിയ മറുപടിയില്‍ സൂചിപ്പിക്കുന്നത് മണിപ്പൂരിലെ ആറ് ജില്ലകളില്‍ നിന്നായി 66,652 ഹെക്ടര്‍ ഭൂമി എണ്ണപ്പന കൃഷിക്കായി കണ്ടെത്തിയിട്ടുണ്ടെന്നാണ്. ഈ സ്ഥലങ്ങളെല്ലാം തന്നെ മലയോര പ്രദേശങ്ങളും ആദിവാസി-ഗോത്ര ജനതയ്ക്ക് മുന്‍തൂക്കമുള്ള സ്ഥലങ്ങളുമാണ്. അവിടങ്ങലളില്‍ പ്രതിഷേധവുമുണ്ട്. ഭക്ഷ്യ എണ്ണ മേഖലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കമ്പനിയാണ് ഗൗതം അദാനിയുടേത്. 1999-ല്‍ സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പാം ഓയില്‍ കമ്പനിയായ വില്‍മറുമായി സഹകരിക്കുന്നതോടെയാണ് അദാനി-വില്‍മര്‍ കൂട്ടുകെട്ടിന്റെ ആരംഭം കുറിക്കുന്നത്. അവരാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ പോകുന്നത് എന്നാണ് വാര്‍ത്ത. അതായത് മറ്റു പലയിടത്തുമെന്നപോലെ ഇവിടേയും ഹിന്ദുത്വ – കോര്‍പ്പറേറ്റ് അഥവാ മോദി – അദാനി സഖ്യമാണ് തദ്ദേശീയ ജനതയുടെ ശത്രുവായി രംഗത്തെത്തിയിരിക്കുന്നത് എന്ന് സാരം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റേതു സമകാലീന വിഷയവുമായി ബന്ധപ്പെട്ടു പറയുന്നതുതന്നെയാണ് ഇവിടേയും പറയാനാകുക. മണിപ്പൂര്‍ ഒറ്റപ്പെട്ട ഒരു വിഷയമല്ല. ബഹുസ്വരതയും ഹിന്ദുത്വരാഷ്ട്രീയവും തമ്മില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ ഭാഗം തന്നെയാണ് മണിപ്പൂരില്‍ നടക്കുന്ന സംഭവവികാസങ്ങളും. അഥവാ നാനാത്വവും ഏകത്വും തമ്മില്‍. അല്ലെങ്കില്‍ നെഹ്‌റുവും മോദിയും തമ്മില്‍. അംബേദ്കറും മനുവും തമ്മില്‍. ജനാധിപത്യവും ഫാസിസവും തമ്മില്‍. മത്തരത്വവും മതരാഷ്ട്രവാദവും തമ്മില്‍. സമീപകാലത്ത് ഇതിനൊരു മൂര്‍ത്തരൂപം വന്നു കൊണ്ടിരിക്കുന്നു. അത് I N D I A യും N D A യും തമ്മില്‍ എന്നതാണ്. പാട്‌നയില്‍ നിന്നാരംഭിച്ച ഇന്ത്യാസഖ്യം ബാഗ്ലൂരിനുശേഷം മുംബൈയിലെത്തുന്നതോടെ കൂടുതല്‍ മൂര്‍ത്തരൂപം വരുമെന്നു കരുതാം. അതോടെ ഇന്ത്യയോ ഭാരതമോ എന്ന ചോദ്യമാണ് നമുക്ക് മുന്നിലെത്തുക. അതിന്റെ ഉത്തരം ഇന്ത്യ എന്നാകണം. എങ്കിലേ ഇനിയും മണിപ്പൂരുകള്‍ ആവര്‍ത്തിക്കാതിരിക്കൂ…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply