കഥകളിയിലെ പെണ്‍കാണി

കഥകളിയുടെ നാലുപതിറ്റാണ്ടിന്റെ വികാസപരിണാമത്തെ നോക്കിക്കാണുകയും വിലയിരുത്തുകയും വിമര്‍ശനവിധേയമാക്കുകയും ചെയ്തു കാണിയാണ് ഡോ.പി.ഗീത. ബാല്യത്തില്‍ കണ്ട കഥകളിയില്‍ തുടങ്ങി അതിന്റെ സമ്പൂര്‍ണ്ണ കാലത്തിന്റെ ആസ്വാദകയായും തുടര്‍കാലത്തിന്റെ നിരീക്ഷകയായും ഗീത നിലകൊണ്ടു. കഥകളി വിചാര പുസ്തകമെഴുതി, കോളേജുകളില്‍ വിവിധ ആട്ടക്കഥകള്‍ പഠിപ്പിച്ചു, കഥകളി പ്രഭാഷകയായി, കഥകളിക്കാരുമായി അഭിമുഖം നടത്തി. സാഹിത്യ-ചലച്ചിത്ര നിരൂപണത്തിനൊപ്പം സ്ത്രീ സൈദ്ധാന്തിക വാദമെഴുത്തിലും കളിയെഴുത്തിലും ഗീത ശ്രദ്ധിച്ചു. തന്റെ കാഴ്ച്ചയിലെയും കേള്‍വിയിലെയും കലാ സൌന്ദര്യ ശാസ്ത്രങ്ങള്‍ വിശദമായി വ്യക്തമാക്കുകയാണ് ഗീത ഈ ദീര്‍ഘസംഭാഷണത്തില്‍.

? 1} ഗീത ടീച്ചറെ ആദ്യം കാണുന്നത് ഒരു കളിയരങ്ങിന്റെ മുന്നിലാണ്. അന്ന് നമ്മള്‍ പരിചിതരല്ല. തുടര്‍ന്ന് കാണുന്നത് ഒരു കഥകളി സെമിനാറുമായി ബന്ധപ്പെട്ട് കാറല്‍മണ്ണയില്‍ ഒരു പ്രഭാഷകയായിട്ടാണ്. ഞാന്‍ ആദ്യമായിട്ടാണ് കാഴ്ചക്കാരിയും പ്രഭാഷകയുമായിട്ടുള്ള ഒരു സ്ത്രീയെ അത്തരം സജീവമായിട്ടുള്ള ഒരു കളിസ്ഥലത്ത് കാണുന്നത്. ടീച്ചര്‍ അങ്ങാടിപ്പുറത്തുകാരിയാണ്. അങ്ങാടിപ്പുറം ഒരു ഉത്സവഭൂമിയാണ്. ഇവിടെയുള്ള ഒരു പുരുഷന് സ്വാഭാവികമായും കളിഭ്രാന്ത് വരാം. ഗീതടീച്ചര്‍ക്ക് ശരിക്കും കളിഭ്രാന്ത് തുടങ്ങിയത് എങ്ങനെയാണ്?

ഇതിന് നേര്‍രേഖീയമായ ഒരു ഉത്തരം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. കുറേ ഘടകങ്ങള്‍ ഒരേ സമയം പ്രവര്‍ത്തിക്കാമല്ലോ….. ആശാന്‍ പറഞ്ഞതുപോലെ ഒരേസമയം പലകാര്യങ്ങള്‍ ഉണ്ടാവാലോ. അപ്പൊ അത് പോലെയായിരിക്കാം സത്യത്തില്‍ സംഭവിച്ചിട്ടുണ്ടായിരിക്കുക. ഞാന്‍ കണ്ട ആദ്യത്തെ കഥകളി മേലാറ്റൂര്‍ വെച്ചാണ്. മോഹിനിയാട്ടവും കഥകളിയും ഉണ്ട്. അതിന് എന്നെയും അമ്മയെയും അച്ഛന്‍ കൊണ്ടുപോകുകയാണ്. മോഹിനിയാട്ടം കണ്ടു. നൃത്തത്തിന്റെ ഒരു ലാസ്യ ഭംഗിയുണ്ട്. പിന്നെ കഥകളി വന്നപ്പോള്‍ നൃത്തത്തിന്റെ ഒരു ലാസ്യഭംഗിയോട് കൂടി കഥകൂടിവരികയാണ്. കഥകളുടെ ഒരു ബാല്യവും ശൈശവവും ഒക്കെയുള്ള ഒരാളാണ് ഞാന്‍. കഥകള്‍ കേട്ട് കേട്ട് അങ്ങനെ കഥയിലെ ഒരാളായിട്ട് സ്വയം സങ്കല്‍പ്പിക്കുകയും ഒക്കെ ചെയ്തിട്ടുള്ള ഒരു ഭ്രമാത്മകമായിട്ടുള്ള മുത്തശ്ശിക്കഥ നേരിട്ട് അനുഭവിച്ചു പോന്നിട്ടുള്ള ഒരു ചരിത്രഘട്ടത്തിലൂടെയാണ് എന്റെ ബാല്യവും ശൈശവവും ഒക്കെ കടന്നു പോയിട്ടുള്ളത്. കഥകളിയില്‍ കഥകുടി കടന്നുവന്നപ്പോള്‍ കഥ ഇങ്ങനെ കാണുകയാണ്. അതിലെ കഥാപാത്രങ്ങള്‍, അവരുടെ രൂപങ്ങള്‍, നിറങ്ങള്‍, എത്ര ഭംഗിയുള്ള നിറങ്ങളാണ്. വെള്ളക്ക് പോലും ഉദിപ്പാണ്. ഒന്നും മങ്ങിയ നിറങ്ങളില്ല. ഒക്കെ പ്രകാശിക്കുന്ന നിറങ്ങളാണ്. അതും രാത്രിയില്‍. അന്ന് ഇത്രയധികം ലൈറ്റുകളും ഇലക്ട്രിക്ക് വിളക്കുകളും ഒന്നുമില്ല. നിലവിളക്കു തന്നെയാണ് പ്രധാനം. അതിന്റെ മുന്നില്‍ ഇതിന്റെയൊരും ഭംഗി അനിര്‍വ്വചനീയമാണ്. പകല്‍വെളിച്ചത്തില്‍ കാണുന്നതിനേക്കാള്‍ സുന്ദരമാണ്.

ഈ നിറങ്ങളൊക്കൊക്കൂടെ എന്റെ കൂടെ കൂടിയിട്ടുള്ളത്. അങ്ങാടിപ്പുറം പൂരപറമ്പില്‍ നിന്നാണ്. പൂരപറമ്പില്‍ നിറങ്ങളോട് നിറങ്ങളാണ്. കുട്ടിക്കാലം മുതല്‍ ഓര്‍മ്മവെച്ചിട്ടോ, ആഗ്രഹിച്ചിട്ടോ, ഇഷ്ടപ്പെട്ടി ട്ടോ ഇല്ലാതെയോ ഒക്കെ നമ്മള്‍ പൂരപ്പറമ്പിലേക്കു വരുന്ന ഒരു ശീലം ഉണ്ടായിരിക്കും. അതുകൊണ്ടൊക്കെ തന്നെ മറ്റുകാര്യങ്ങളെക്കാള്‍ ഞാന്‍ അവിടുത്തെ നിറങ്ങളെയാണ് നോക്കിക്കൊണ്ടിരുന്നത്. നിറങ്ങള്‍ ആദ്യമായിട്ടാണ് ഇങ്ങനെ ചലിക്കുന്നതായി കാണുന്നത്. അങ്ങാടിപ്പുറത്തെ പത്താം പൂരത്തിന് നായാട്ടിന് ഇറങ്ങലുണ്ട്. വേട്ടേക്കരന്‍ കാവിലേക്ക് തിരുമാന്ധാം കുന്നിന്റെ മുകളില്‍ നിന്ന് ഒരു ആനമാത്രം ശബ്ദം ഒന്നും ഇല്ലാതെ പോകുന്ന സമയത്ത് എല്ലാവരും ആനയുടെ കുടെ നായാട്ടുകാണാന്‍ വേണ്ടി ഒരു ചക്കയും എടുത്ത് പോകും. പന്നി എന്ന സങ്കല്‍പ്പത്തിലാണ് ചക്ക. ഞങ്ങള്‍ പക്ഷെ കെട്ടിടത്തത്തിന്റെ മുകളില്‍ തന്നെ നില്‍ക്കും. വലിയ തിരക്കിലേക്കൊന്നും പോകാന്‍ വയ്യാ എന്ന് വിചാരിച്ചിട്ട്. മുകളില്‍ നിന്ന് താഴേക്കു നോക്കുമ്പോള്‍ നിറങ്ങള്‍ ഇങ്ങനെ ഒഴുകുകയാണ്. ഒരു പുഴപോലെ താഴേക്ക്. അതിനിടയില്‍ ചെറിയൊരു പാറയും അതിന്റെ മുകളില്‍ നിറക്കുടയും ഒക്കെക്കുടെയുള്ളതാണ് ആ ഒരു ദൃശ്യം. പിന്നെ കുറെക്കാലം കഴിഞ്ഞാണ് വൈലോപ്പിള്ളിയുടെ ”പൂത്തതാഴ്വര പോലെ മരുവീ പുരുഷാരം” എന്നൊക്കെ കവിതയില്‍ പഠിക്കുന്നത്. സാധാരണ മനുഷ്യര്‍ക്കൊക്കെ കുറച്ചൊക്കെ ഭാവനയുണ്ടാവുമല്ലോ. ഇത്തരം ഭാവനയുള്ള മവുഷ്യര്‍ക്കൊക്കെ നിറങ്ങളുടെ ഒരു അവസ്ഥ സ്വാധീനിക്കും എന്നാണ് തോന്നുന്നത്. ആ ചലനം നമ്മള്‍ കേട്ടിട്ടുള്ള കഥാപാത്രങ്ങളുമായി ബന്ധപ്പെട്ടിട്ട് ഒക്കെയാണ്. ‘ഭീമന്‍ ദാ വരണു’ ‘ദുര്യോധനന്‍ ദാ വരണു ‘ നളനെക്കുറിച്ച് നമ്മക്ക് അത്ര തന്നെ പരിചയം ഉണ്ടായിക്കൊള്ളണം എന്നില്ല. ഭീമനും ദുര്യോധനനും രാമനും കീചകനും ഒക്കെ നമുക്ക് സ്ഥിരപരിചിതരാണ്. ഇത്തരം അള്‍ക്കാരെയൊക്കെ നമ്മളിങ്ങനെ നിറപ്പകിട്ടോടു കൂടി കാണുകയാണ്. അത്തരം ഒരു സ്വാധീനം ആയിരിക്കാം ആദ്യം ഉണ്ടായിരിക്കുക എന്ന് എനിക്ക് തോന്നുന്നു.

കേരളസാഹിത്യ അക്കാദമി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, കഥകളിയിലെ പെണ്‍സാന്നിധ്യത്തെ പ്രമേയമാക്കി, ഗീത രചിച്ച ‘കഥകളിയമ്മമാര്‍’ എന്ന പുസ്തകം

? 2 : ടീച്ചറുടെ ഉള്ളിലേക്ക് കടന്നു വന്നത് ആദ്യമായിട്ട് കഥകളിയുടെ ആഹാര്യമാണ് എന്ന് പറഞ്ഞുകൂടെ?

കഥകളിയുടെ ആഹാര്യം തന്നെ ആയിരിക്കാം 4 വയസ്സിലോ അഞ്ചുവയസ്സിലോ എന്റെ മനസ്സിലേക്ക് കടന്നുവരുന്നിട്ടുണ്ടാവുക. ഒരുപക്ഷെ മേളത്തേക്കാള്‍ അതിന്റെ വാദ്യങ്ങളോ അതിന്റെ നൃത്തനൃത്തങ്ങളോ അതിനേക്കാളൊക്കെ വന്നിട്ടുണ്ടാവുക അതിന്റെ ചലനാത്മകതയുടെ ലാസ്യം, താണ്ഡവം അതൊക്കെ വേറെ വിഷയങ്ങളാണ്. അതിന്റെ സാങ്കേതികതയൊന്നും ഇന്നും പറയാനോ വിശദീകരിക്കാനോ അതിന്റെ എല്ലാ മുദ്രകളും തെറ്റാതെ പറയാനോ കഴിഞ്ഞാളണം എന്നില്ല.

?3 : പി.കുഞ്ഞിരാമന്‍നായര്‍ കണ്ടതു പോലെ കഥകളികാണണം, അതാണ് എഴുത്തുകാര്‍ കാണേണ്ട കഥകളി. അത് പറയുന്നത് കൃത്ത്യമായ മുദ്രാകണക്ക് എന്നൊന്നുമല്ല. കവിതയായിട്ട് ആണ് സത്യത്തില്‍ കഥകളി ഭീമന്റെ അര്‍ജുനന്റെ കഥയായിട്ട് കാണുന്നു എന്ന് പറഞ്ഞു. അപ്പൊ കഥയായിട്ട് ഈ കളി ”കഥ’ ‘കളി’ എന്നത് ആട്ടം കൂടിയാണല്ലോ. അപ്പൊ കഥ മനസ്സിലായി ”കഥകളി’ കണ്ടു തുടങ്ങിയ ഒരു കാലഘട്ടം ഏതാണ് ?

അത് കുറച്ചുകൂടി മുതിര്‍ന്നിട്ടാണ്. അങ്ങാടിപ്പുറം പൂരത്തിന് കൊല്ലത്തില്‍ ഒരു കളിയുണ്ടാകും. അതിന് പോകും, അതൊരു വഴിപാടാണ്. മനസ്സിലായാലും ഇല്ലെങ്കിലും ആ രാത്രി അവിടെ പോയിരിക്കുക, ഉറക്കം വന്നാല്‍ പായയോ പേപ്പറോ വിരിച്ച് കാല് നീട്ടിയിരിക്കുകയോ ചെറിയ കുട്ടികളാണെങ്കില്‍ കിടന്നുറങ്ങും. പുലരുന്നതുവരെ ഒരു വഴിപാടു പോലെയാണ് കളികാണാന്‍ പോകുന്നത്. മറ്റൊരു പൂരപ്പറമ്പിലെ പരിപാടികള്‍ക്കും ഇങ്ങനെയൊരു സ്വഭാവം ഞാന്‍ കട്ടിട്ടില്ല. കളിക്ക് പോകുക എന്ന് പറഞ്ഞാല്‍ തൊഴാന്‍ പോകുന്നതു പോലെയാണ്. അച്ഛനാണ് കളിയിലെ കഥയൊക്കെ പറഞ്ഞു തരാറ്..

വാസ്തവത്തില്‍ കഥകളികാണലില്‍ ആദ്യത്തെ ഗുരുനാഥന്‍ അച്ഛന്‍ തന്നെയാണ്. മുത്തശ്ശിയാണ് കഥകള്‍ പറഞ്ഞുതന്നിട്ടുള്ളത് എങ്കിലും, കഥകളി കാണുമ്പോള്‍ കഥ പറഞ്ഞു തന്നിരുന്നത് അച്ഛനായിരുന്നു. കഥാപാത്രങ്ങളെ പരിചിതരായിരുന്നത് മുത്തശ്ശിയുടെ കഥകളിലൂടെയാണ്. അല്ലാതെ കഥകളി എന്നൊരു ആര്‍ട്ട് ഫോമിലേക്ക് ഉള്ള പ്രവേശനം എന്നത് പൂര്‍ണ്ണമായും പുരുഷന്റെ കൈപിടിച്ച് തന്നെയാണ്. കഥകളിയുടെ ഏറ്റവും ഇഷ്ടമുള്ള ഘടകം ഏതാ എന്ന് ചോദിച്ചാല്‍ ആഹാര്യം എന്ന് പറയാം എങ്കിലും കഥകളിയുടെ പാട്ട് എന്ന് പറഞ്ഞാല്‍ കവിത ആസ്വദിക്കുന്നതു പോലെയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

4? :ടീച്ചറുടെ ഉള്ളിലുള്ള ഒരു സാഹിത്യകുതുകിയാണ് കഥകളി കണ്ടു പോന്നത്. കാരണം കഥകളി സംഗീതം ഇഷ്ടമാകുന്നു എന്ന് പറയുന്നത് സത്യത്തില്‍ സംഗീതം ഒരു വശത്ത് ഉണ്ടെങ്കിലും നമ്മള്‍ അതിലെ ആട്ടക്കഥയെ ഇഷ്ടപ്പെടുന്നു എന്നുള്ളതാണ്. ഉദാഹരണമായി നളചരിതം സമ്പൂര്‍ണ്ണ കവിതാസമാഹാരമാണ്. നേരെ മറിച്ച് ദുര്യോധനവധം എന്നത് നല്ല കാവ്യം എന്ന് പറയാന്‍ കഴിയില്ലെങ്കിലും അത് സംഗീതം കൊണ്ട് കാവ്യം ആകുകയാണ്. ടീച്ചറിലെ സാഹിത്യകുതുകിയാണ് കഥകളികാണുന്നത്. അപ്പോള്‍ കഥകളി എന്ന ക്ലാസിക്കല്‍ കലയെ ഗൗരവമായിക്കാണുന്ന കാലത്തുണ്ടായ കഥകളിയിലെ അന്നത്തെ പ്രധാന വക്താക്കള്‍ ആരൊക്കെ ആയിരുന്നു? ടീച്ചര്‍ കളികണ്ടിരുന്ന സമയത്ത് നിറഞ്ഞുനിന്നിരുന്നവര്‍ ആരൊക്കെ ആയിരുന്നു?

അദ്യമൊക്കെ ഞാന്‍ പറഞ്ഞതുപോലെ വഴിപാടായിരുന്നു കളികാണാന്‍ പോകുന്നത്. ഒരു പൂരദിവസം കഥകളിക്കുവേണ്ടി നേരത്തെ പൂരം കെട്ടിയിറങ്ങും. അത് കഴിഞ്ഞ് കളികാണും. അതൊക്കെ ഒരു നാടിന്റെ ശീലത്തിനനുസരിച്ച് ചലിച്ചപ്പോള്‍ ഞാനവിടെ എത്തിപ്പെടുകയായിരുന്നു. പിന്നീട് ഞാന്‍ കളികാണാന്‍ പോണം എന്ന് അച്ഛനോട് ആവശ്യപ്പെടുകയും ചെയ്ത ഒരുകാലം ഉണ്ടായിരുന്നു. 70 കളിലാണ് അത്. എനിക്ക് ആ കളിക്ക് പോണം എന്ന് പറയാന്‍ തുടങ്ങിയത്. കാറല്‍മണ്ണക്കളി, വെള്ളിനേഴിക്കളി , വാഴങ്കടക്കളി, ഇങ്ങനെ വള്ളുവനാടുമായി ബന്ധപ്പെട്ട കല്ലവഴിച്ചിട്ട് എന്ന് പിന്നീട് തിരിച്ചറിഞ്ഞ ആ ഭാഗങ്ങളിലൊക്കെയുള്ള കളികളെല്ലാം കഥകളുമായി ബന്ധപ്പെട്ടതാണ് എനിക്ക്. അതെല്ലാം കളിസ്ഥലങ്ങളാണ് മറിച്ച് അത് വെറും ഒരു സ്ഥലം മാത്രമായിരുന്നില്ല. ഒരു സ്ഥലത്തു കളിക്കാന്‍ പോകുമ്പോള്‍ ആരെങ്കിലുമൊക്കെ പറയും അടുത്ത കളി എവിടെയാണെന്ന്. അല്ലാതെ ഇന്നത്തെ പോലെ പരസ്യങ്ങളോ നോട്ടീസുകളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാന്‍ കളിക്കുന്ന സമയത്ത് ഗോപീശിവരാമന്‍, സദനം കൃഷ്ണന്‍ക്കുട്ടി, രാമന്‍കുട്ട്യാര്, നാണ്വാര്, നീലകണ്ഠന്‍ നമ്പീശനും കുറുപ്പും കൂടി ഉള്ള പാടല്‍ സത്യം ഞാന്‍ പറയാലോ എനിക്ക് നീലകണ്ഠന്‍ നമ്പീശന്റെ പൊന്നാനിയേക്കാളിഷ്ടം ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ശിങ്കിടിയായിരുന്നു. ഞാന്‍ വിചാരിക്കും ഇദ്ദേഹം എന്തിനാ ഇങ്ങിനെ പാടണേ എന്ന്. പലപ്പോഴും കളികാണുന്ന സമയത്ത് ഗോപീടെ നളചരിതം ആണെങ്കില്‍ പോലും ഞാന്‍ ഉണ്ണികൃഷ്ണക്കുറുപ്പിനെ മാത്രം നോക്കിയിരുന്നിട്ടുണ്ട്. കാരണം ഉണ്ണികൃഷ്ണക്കുറുപ്പ് തന്റെ കയ്യിലെ ഇലത്താളം ആണെങ്കിലും ചേങ്ങിലയാണെങ്കിലും അതിന്റെ മുകളിലാണ് ഒരു അരങ്ങിന്റെ താളത്തെ മുഴുവനായി നിയന്ത്രിക്കുന്നത്. ഒരു മനുഷ്യനിങ്ങനെ ആകാശം തൊടുന്ന മാതിരി തോന്നുക. കാരണം ഇതിന്റെ പിന്നില് നില്‍ക്കുന്ന ഒരാളാണല്ലോ, പക്ഷെ ഈ കിരീടത്തിന്റെയൊക്കെ മുകളിലാണ് ഇദ്ദേഹത്തിന്റെ തല ഉയര്‍ന്ന് കാണുന്നത്. വലിയ വലിയ കിരീങ്ങള്‍, വലിയ വലിയ തിരശ്ശീലകള്‍, അതിന്റെയൊക്കെ മുകളില് ഈ തലയിങ്ങനെ ഉയര്‍ന്ന് നില്‍ക്കുന്നു. വലിയൊരു ആകാശഗോപുരം പോലെയാണ് എനിക്ക് ഉണ്ണികൃഷ്ണക്കുറുപ്പിന്റെ പാട്ടിന്റെ അനുഭവം. അത് കാബോജിയാണ് നീലാംബരി ഇങ്ങനെയാണ് പാടുക, അതുവരെ പാടിയതില്‍ നിന്ന് വ്യത്യസ്തമായി കൊണ്ടുവന്ന് കൊണ്ടുവന്ന് നാട്ടിലേക്ക് പരിവര്‍ത്തനപ്പെടുത്തിയിട്ടുള്ള ഒരു കഥകളിപദസംഗീതത്തെ അദ്ദേഹം ചെയ്യുന്നത് കാട്ടരുവിപോലെ അനിയന്ത്രിതമായിട്ട് അഴിച്ചുവിടുകയാണ്. അതില്‍ സദസ്സ് മുഴുവന്‍ ലയിച്ചിരിക്കുകയായിരിക്കും. ഗായകകേന്ദ്രീകൃതമായിരുന്നു അക്കാലത്ത് കളി .

? 5 : ചില പാട്ടുപ്രധാനമായ കഥകളുണ്ടായിരിക്കുമല്ലോ , കുടുതല്‍ കണ്ട കഥകള്‍ ഏതൊക്കെയായിരുന്നു ? ടീച്ചറുടെ കാഴ്ച്ചയെ സ്വാധീനിച്ച കഥകളും , അതിലെ കഥാപാത്രങ്ങളും എങ്ങനെയാണ് വരുന്നത്?

കൃഷ്ണന്‍നായരുടെയും കുഞ്ചുനായരുടെയും കാലത്തിനുശേഷം വരുന്ന ഗോപീശിവരാമന്‍ രാമന്‍കുട്ട്യാര് കാലഘട്ടത്തിലാണ് കൃഷ്ണന്‍കുട്ടിപ്പൊതുവാള്, അപ്പുക്കുട്ടിപ്പൊതുവാള് ഒക്കെ മേളത്തിലേക്ക് വരുന്നത്. നീലകണ്ഠന്‍ നമ്പീശന്‍ ഞാന്‍ കണ്ടുതുടങ്ങി കുറച്ചു കഴിയുന്നതോടുകൂടി പോയി. പിന്നെ വരുന്നത് ഉണ്ണികൃഷ്ണക്കുറുപ്പ് തന്നെയാണ്. ഇത് സോപാനസംഗീതം തന്നെയാണോ അതോ ബംഗാളിപ്പാട്ടാണോ എന്നൊക്കെ പണ്ഡിതന്മാരിങ്ങനെ ഇഴകീറിപ്പരിശേ ധിക്കുകയാണ്. അന്ന് ഞാന്‍ വിചാരിച്ചിരുന്നു ഇവര്‍ക്കിത് ആസ്വദിച്ചാല്‍പ്പോരെ പരിശേധിച്ച് സ്വന്തം ആനന്ദത്തെ എന്തിനാണ് കളയുന്നത് എന്ന് എപ്പോഴും സംശയം തോന്നിയിട്ടുള്ളതാണ്. പക്ഷെ ഞാന്‍ പണ്ഡിതയല്ല. ആ അര്‍ത്ഥത്തില്‍ ശരിയാണ് എനിക്ക് ഒരു തരം ഭ്രാന്താണ്. അതില്‍ വിവേകവും വ്യവഛേദവും ഒന്നും ഇല്ല. ഒരു തരം പിടിച്ചാല്‍ കിട്ടാത്ത ഭ്രമമാണ് എന്നൊക്കെ പറയാം. സ്വബോധത്തോടെയുള്ള ഭ്രാന്ത്. നളചരിതം ഗോപീശിവരാമന്‍ ഉള്ള കളിയാണെങ്കില്‍ നിര്‍ബന്ധാ. വാശിപിടിച്ച് പോകും.

ഗീത, ചവറ പാറുക്കുട്ടിയമ്മക്കൊപ്പം

6? : നളചരിതം നാലുദിവസവും തുല്യനിലയില്‍ ഇഷ്ടമാണോ? ദിവസങ്ങളുടെ
പ്രിയം പറയുമ്പോള്‍ ഏതാണ്.?

അത് പലത് പലതാണെനിക്കിഷ്ടം. എനിക്ക് വേഷങ്ങളുടെ കാര്യത്തില്‍ ശിവരാമനാണ് ഈ നാലുദിവസവും കെട്ടുന്നത് എങ്കില്‍ ഒന്നാം ദിവസത്തെ ദമയന്തിയും നാലാം ദിവസത്തെ ദമയന്തിയും ആണ്. പ്രഗല്‍ഭയായി ട്ടുള്ള ദമയന്തി രണ്ടാം ദിവസമാണ്. പലഘട്ടങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. ആട്ടക്കഥയാണെങ്കില്‍ എനിക്ക് രണ്ടാം ദിവസമാണ് ഇഷ്ടം. ഒരു പാഠപുസ്തകം പഠിക്കുമ്പോള്‍ ഏത് ദിവസം ആണ് പഠിപ്പിക്കേണ്ടത് എന്നു ചോദിച്ചാല്‍ ഞാന്‍ പറയും എനിക്ക് രണ്ടാം ദിവസം മതീന്ന് കാരണം ഒരു സ്ത്രീയുടെ ചുമലിലേക്ക് ഈ കഥയുടെ ഭാരം മുഴുവന്‍ വരുവാണ്. ദമയന്തി എന്നു പറയുന്നത് കേന്ദ്രകഥാപാത്രമായി ആട്ടക്കഥയില്‍ മാറുന്ന ഒരു ഘട്ടമാണ് വാസ്തവത്തില്‍ രണ്ടാം ദിവസം. ഒന്നാം ദിവസത്തെ ദമയന്തി ഭയങ്കര മുശതയായിട്ടുള്ള നായികയാണ്. ഈ മുഗ്ദത മുഴുവന്‍ പോകുകയും പ്രൌഢയായ തന്റേടിയായ സ്വയം നിര്‍ണ്ണയമുള്ള ഒരു സ്ത്രയായിട്ട് മാറുന്ന ഒരു ഘട്ടം രണ്ടാം ദിവസത്തില്‍ ഉണ്ട്. പിന്നീടിഷ്ടം നാലാം ദിവസം ആണ്. നാലാം ദിവസത്തില്‍ ദമയന്തി പറയുന്നുണ്ട് ”മാതാവെനിക്കു സാക്ഷി ഭൂത ഞാന്‍ നിന്നെടു നേരെ നിന്നു നേരു ചൊല്‍നത് എനിക്ക് വേറെ സാക്ഷികള്‍ ആവശ്യമില്ല എന്നാണവള്‍ പറയുന്നത്. ”അനഘാചാരചയെനിക്കു സാക്ഷി ഞാന്‍’ എന്ന് സീത പറയുന്ന പറച്ചില്‍. മഹാഭാരതത്തിലാണീ കഥയെങ്കിലും അതില്‍ ഒരുപാട് ഘട്ടങ്ങളുണ്ട്. ഒരൂഞ്ഞാലു പോലെയാണ്. നമുക്ക് തൊടാന്‍ പറ്റുമോ എന്നു ചേദിച്ചാല്‍ തൊടാം. അപ്പോള്‍ തന്നെ ഇറങ്ങിപ്പോരാം. എന്നാല്‍ തൊടാന്‍ കിട്ടുന്നും ഇല്ല. അപ്പൊ അതിനെ വാക്കുകളിലേക്കു മുഴുവന്‍ കൊണ്ടുവരാന്‍ പറ്റാത്ത കാല്പനികതയുടെ വലിയൊരു അരങ്ങാണ് നളചരിതത്തിലെ പല ഭാഗങ്ങളും. നിയോക്ലാസിസത്തെ ഭാഷാപരമായിട്ട് മാത്രമേ നമുക്കതില്‍ കാണാന്‍ പറ്റുള്ളൂ. ആട്ടക്കഥ എന്നു പറയുന്നതിന്റെ പൂര്‍ണ്ണത അരങ്ങിലാണ്. അവതരിപ്പിക്കുന്ന സമയത്ത് ഇത് കാല്പനികതയുള്ള കവിതയാണ്. അതു തന്നെയാണ് അതിന്റെ ഒരു പ്രത്യേകതയും.

? 7: ആട്ടക്കഥ പഠിപ്പിക്കുന്ന പല കോളേജ് അദ്ധ്യാപകരും കഥകളി കാണുന്നില്ല. പക്ഷെ ആട്ടക്കഥ പഠിപ്പിക്കുന്നതിനുമുമ്പു തന്നെ കഥകളി കണ്ടു തുടങ്ങിയ ഒരു ശീലം ടീച്ചര്‍ക്കുണ്ട്. ആട്ടക്കഥ പഠിപ്പിക്കുമ്പോഴും കഥകളി കണ്ടുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്. കോളേജ് അദ്ധ്യാപകരെ സംബന്ധിച്ച് കഥകളിയുടെ ഒരു കൊണ്ടറിവിന് എത്രത്തോളം സാധ്യത കൂടുന്നുണ്ട് ?

മലപ്പുറം കോളേജില്‍ എന്റെ കൂടെ പഠിപ്പിച്ചിരുന്ന ഒരു ദേവദാസിനെ പോലെ നിത്യമായിട്ട് കളികണ്ടിരുന്ന ആളുകളുണ്ട്. പിന്നീട് കുറച്ചാളുകള്‍ ആട്ടക്കഥ പഠിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ കളിപോയി കാണാന്‍ തുടങ്ങുകയും അതിന്റെ വീരസ്യങ്ങള്‍ പറയാന്‍ തുടങ്ങുകയും ചെയ്തിട്ടുള്ളവരാണ് പക്ഷെ എന്നെ സംബന്ധിച്ച് എന്റെ മക്കളെ ഗര്‍ഭം ധരിച്ചതുമുതല്‍ കളിയില്‍ രാത്രി പങ്കെടുക്കാന്‍ കഴിയാത്ത ശാരീരികവും ഭൗതികവുമായ സാഹചര്യം ഒരു സ്ത്രീ എന്ന നിലക്ക് എനിക്ക് വരുകയാണ്. പിന്നീട് ഒരു കുടുംബത്തിലേക്ക് ഞാന്‍ പ്രവേശിക്കുന്നു. കുട്ടിക്ക് പാലു കൊടുക്കണം, ഇത്തരം സാഹചര്യങ്ങള്‍ വരുമ്പോള്‍ പുരുഷന്മാര്‍ക്കില്ലാത്ത വലിയൊരു പരിമിതിയിലേക്കാണ് ഞാന്‍ കടന്നു പോകുന്നത്. കാരണം ഞാനാഗ്രഹിക്കുന്ന കളിയിലേക്ക് എനിക്ക് കടന്നു പോകാന്‍ പറ്റുന്നില്ല. അങ്ങനെ എന്നെ സംബന്ധിച്ചിടത്തോളം കളിയുടെ അരങ്ങ് മൊത്തം നഷ്ടപ്പെട്ട സമയത്താണ് ആട്ടക്കഥകള്‍ പഠിപ്പിക്കാന്‍ തുടങ്ങുന്നത്. അപ്പൊ ഈ ആട്ടക്കഥകളിലൂടെയാണ് വാസ്തവത്തില്‍ ഞാന്‍ നഷ്ടപ്പെട്ട ആ അരങ്ങുകളെ മുഴുവന്‍ തിരിച്ചു പിടിക്കുന്നത്. ഞാനൊരുകാലത്ത് മുഴുവന്‍ കണ്ടിട്ടുള്ള കല്പനയും തിരിച്ചു കൊണ്ടുവരുന്നത് ആട്ടക്കഥയിലൂടെയാണ് . എന്റെ ക്ലാസിലെ ചില കുട്ടികളെങ്കിലും അത് ഉള്‍ക്കൊണ്ടിട്ടുണ്ടാവും. എന്നാണ് എന്റെ പ്രതീക്ഷ. എന്താണോ ഒരു വഴിക്ക് നഷ്ടപ്പെട്ടത് അതിനെക്കുറിച്ച് ദുഖിച്ചിരിക്കാനല്ല പുറപ്പെട്ടത് മറിച്ച് എനിക്ക് എങ്ങനെ അത് വീണ്ടെടുക്കാം എന്നാണ് ഞാന്‍ നോക്കിയത്. ഇപ്പോള്‍ എനിക്ക് കളികാണണം എന്നും ഇല്ല. ഞാന്‍ കണ്ട കളിയല്ല ഇപ്പൊ കളിക്കുന്നത്. അത് മോശം എന്ന അര്‍ത്ഥത്തില്‍ അല്ല. ഇന്നത്തേത് വേറൊരു കളിയാണ്. ഞാന്‍ കണ്ടത് ഇന്നത്തേതിന്റെ കാല്പനികഘട്ടത്തിലുള്ള കളിയാണ്. ഗോപീടെ ആയാലും ശിവരാമന്റെയായാലും രാമന്‍കുട്ട്യാരടെ ആയാലും നാണ്വാരടെ ആയാലും പത്മനാഭന്‍നായരുടെ ആയാലും ചന്ദ്രശേഖരന്റെ ആയാലും സദനം കൃഷ്ണന്‍ക്കുട്ടിയുടെ ആയാലും ഷാരടി വാസുവിന്റെ ആയാലും ഇവരുടെയൊക്കെ മെച്ചപ്പെട്ട അവതരണമാണ് ഞാന്‍ കണ്ടിട്ടുള്ളത് എന്ന് എനിക്ക് ഉറപ്പാണ്. അവരുടെ നിറവാണ് മുഴുവനും. കാരണം പുലരാന്‍ കാലത്ത് കളി നമ്മളോടൊപ്പം അങ്ങട് പോരുകയാണ്. ഉറക്കത്തിലും ഉണര്‍വിലും കളിയുടെ ചലനങ്ങളാണ്. മുദ്രകള്‍ കാട് രാവണന്‍ എല്ലാം ഒരു ഇത്തിരിപ്പോന്ന സറ്റേജില് നിറഞ്ഞാടിയ ഒരു വലിയ ഹിമാലയപര്‍വ്വതത്തെ തന്നെ നമ്മുടെ മുമ്പിലിട്ട് ആടുന്ന സംഗതിയാണ്, പ്രപഞ്ചത്തെ തന്നെ നമ്മുടെ മുമ്പില്‍ കൊണ്ടു വരുന്നു. അത്തരത്തിലുള്ള ഒരു ഘട്ടം കണ്ടുതഴിഞ്ഞിട്ട് പിന്നീട് സ്റ്റേജ് വലുതാവുകയും അതിന്റെ ലൈറ്റിങില്‍ മാറ്റം വരുകയുമൊക്കെ ചെയ്തപ്പോള്‍ ഞാനിവിടെ പഴയ ആളാണ്. എന്റെ അനുശീലനം അവിടെ പഴയതാണ്. മാത്രമല്ല ഇതിനനുസരിച്ച് മാറ്റങ്ങള്‍ വന്ന ഒരു പണ്ഡിതയും അല്ല. അതുകൊണ്ടു തന്നെ പുതിയ രീതിയിലുള്ള അരങ്ങുകള്‍ കാണാനോ ആസ്വദിക്കാനോ എനിക്ക് സാധ്യമല്ല. ആ രീതിയില്‍ ഞാന്‍ മിസ്റ്റിറ്റ് ആയിരിക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

? 8 : കാണേണ്ടകളികളെല്ലാം ടീച്ചര്‍ കണ്ടുകഴിഞ്ഞു എന്ന ആത്മവിശ്വാസം ഉണ്ട് അല്ലെ ?

എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സംതൃപ്തയാണ്. ഒരു പക്ഷെ ഞാന്‍ കണ്ടതിനേക്കാള്‍ വലുതൊന്നുമില്ല എന്നു പറയുന്നതു പോലെ ഒരു ചെറുപ്പമായിരിക്കാം. പത്മനാഭന്‍നായരുടെയും കുഞ്ചുനായരുടെയും ശിഷ്യരായിട്ടുള്ള ഒരു വലിയ പരമ്പരയുടെ ആട്ടവും പാട്ടും മേളവുമൊക്കെ ഒന്നിച്ചിട്ട്. ഇതില്‍ നിന്ന് ഏതേതൊക്കെ എന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തരീതിയിലാണ് ആ ഘട്ടത്തിലെന്റെ കഥകളിയുടെ ആസ്വാദനം. പക്ഷെ പാട്ട് ഏത് രാഗത്തിയാണ് പാടുന്നതെന്ന് അറിയാം. ഏത് കാലത്തിലാണ് കൊട്ടുന്നത് എന്നൊന്നും എനിക്കറിയില്ല. നളചരിതത്തില്‍ ആ രാഗം മാറ്റി മാറ്റി അലസിതവിലസിത് മാറ്റിപ്പാടുന്നു. കാട്ടാളന്റെ പദം മാറ്റിപ്പാടുന്നു. ഇതൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. ഇതൊക്കെ ചെയ്യുന്നത് ഉണ്ണികൃഷ്ണക്കുറുപ്പാണ്. പിന്നെ അത് ചെയ്തിരുന്ന വേറൊരു ടീം വരുകയാണ്. അതായത് കളി നിങ്ങള്‍ കാണുമ്പോള്‍ മാത്രമല്ല അല്ലാതെയും നിങ്ങള്‍ക്ക് പാട്ടുകള്‍ കേള്‍ക്കാം. ‘കഥകളിപദക്കച്ചേരി’. പണ്ട് കഥകളി ക്ലബ്ബുകള്‍ സജീവമായിരുന്നു. ചെറുപ്പുളശ്ശേരിയില്‍ വെച്ചിട്ടാണ് മിക്കവാറും കളി ഉണ്ടാകുന്നത്. അവിടെ ഒരു പ്രാവശ്യത്തെ പരിപാടി കഥകളിപദക്കച്ചേരിയാണ്. കുറച്ച് പേര്‍ക്ക് എന്താപ്പൊ ഇത് അര്‍ത്ഥം ? കര്‍ണ്ണാടക സംഗീതം ആണോ, അതോ അതേ മട്ടില്‍ വേറെ എന്തെങ്കിലും ആണോ എന്നൊക്കെ ചര്‍ച്ചചെയ്യുന്നു, വലിയ വലിയ പണ്ഡിതന്മാര്‍ അതിനെ പുച്ഛിക്കുകയും ഒക്കെ ചെയ്യുന്നു, ആ സമയത്ത് കലാധരന്‍ ഇത് അവതരിപ്പിച്ചു. എമ്പ്രാന്തിരിയും ഹരിദാസേട്ടനും കൂടിയുള്ള ഒരു കഥകളിപദക്കച്ചേരി ഞാന്‍ കേള്‍ക്കുന്നു. ഞാന്‍ ഹൈദരാലിയേക്കാള്‍ ഒരു പക്ഷെ കേട്ടിരിക്കുന്നത് ഇവരുടെ കച്ചേരിയായിരുന്നു. ഹൈദരാലി കഥകളിക്കു പാടുന്നതാണ് ഞാന്‍ കേട്ടിട്ടുള്ളത്. ഇവരുടെ കച്ചേരി എന്നു പറയുന്നത് വേറെ ഒരു അനുഭവമാണ് അതില്‍ നിറങ്ങളോ ഒന്നൂല്ല്യ , അതിന്റെ അരങ്ങ് നമ്മള്‍ തന്നെ ഉണ്ടാക്കുകയാണ്. വാസ്തവത്തില്‍ കഥകളികാണാവുന്ന ഒരവസ്ഥയില്‍ കഥകളിയുടെ സംഗീതത്തെ ആസ്വദിക്കാന്‍ ഞാന്‍ ശീലിച്ചു കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ കഥകളിപദക്കച്ചേരിയെ ഞാന്‍ പൂര്‍ണ്ണമനസ്സോടെയാണ് അംഗീകരിച്ചിരുന്നത്.

? 9 : സാധാരണ പ്രയുക്ത സംഗീതം വേഷത്തോടൊപ്പമാണ് കഥകളിപ്പാട്ട് കേട്ട് പോന്നത്. അതിനെ സ്വാതന്ത്രമായി ഒരരങ്ങില്‍ മാറ്റി നിര്‍ത്തിയപ്പോള്‍ കഥകളിസംഗീതത്തിന്റെ ശക്തി കൂടിയിട്ടാണോ കുറഞ്ഞിട്ടാണോ തോന്നിയത് ? അരങ്ങില്‍ നിന്ന് അടര്‍ത്തിമാറ്റിയ കഥകളി സംഗീതത്തെ ടീച്ചര്‍ എങ്ങനെയാണ് കേട്ടത് ?

ഞാനത് കഥകളിസംഗീതത്തിന്റെ വലിയൊരു സാധ്യതയായിട്ടാണ് കണ്ടത്. കാരണം അതില്‍ സാഹിത്യം, കവിത, ഒക്കെ ഉണ്ട്. പൂതനാമോക്ഷം രണ്ടു തരത്തില്‍ കളിക്കുമല്ലോ. തെക്കോട്ട് ചവറ പാറുക്കുട്ടിയമ്മ കളിക്കുമ്പോള്‍ കയ്യില്‍ ഒരു കുട്ടിയെ എടുക്കും . കോട്ടക്കല്‍ ശിവരാമന്‍ കളിക്കുമ്പോള്‍ കയ്യ് മാത്രമേ ഉണ്ടാകുകയുള്ള കുട്ടി ഉണ്ടാകുമെന്ന സങ്കല്‍പ്പമാണ്. ഒരു ഭാവനാല്‍പ്പകമായ പേസ് നമുക്ക് വിട്ടുകിട്ടുമ്പോള്‍ അതാണ് നമ്മുടെ ആസ്വാദനക്ഷമതയെ വര്‍ധിപ്പിക്കുക എന്ന് എനിക്ക് തോന്നുന്നത്. നിയതത്വം കല്‍പ്പിച്ചു കഴിഞ്ഞാല്‍, നമ്മോട് ഇപ്പോള്‍ പറയുകയാണ് സീത ഇത്ര വലിപ്പം ഉണ്ട് ..ഭീമന്‍ ഇത്രയടിയുണ്ട് എന്ന് പറഞ്ഞാല്‍ നമ്മുടെ ഭാവനാതലം പരിമിതപ്പെട്ട് പോകുകയാണ്. മറിച്ച് സീതയുടെ കയ്യിലെ മോതിരം ഭീമന്റെ അരയിലേക്ക് അരഞ്ഞാണം ആക്കാമായിരുന്നു എന്നു പറഞ്ഞാല്‍ സീത നമുക്ക് ആകാശത്തോളം പൊങ്ങുകയാണ്. ഇത് ഭാവനാതീതമാണ്. ഭാവനയുടെ വലിയൊരു സാധ്യത നമുക്ക് ഉപയോഗിക്കാന്‍ പറ്റുകയാണ് .ആ അര്‍ത്ഥത്തില്‍ തന്നെ നൃത്തനൃത്ത്യങ്ങളോടു കൂടിയുള്ള ഒരു രൂപം ഉണ്ടാവുമ്പോള്‍ ഉള്ളതിനേക്കാള്‍ സാഹിത്യപരമായിട്ടും ഭാവനാപരമായിട്ടും ഉള്ള ആസ്വാദനം എനിക്ക് കഥകളിപദത്തില്‍ കൂടിയിട്ടുണ്ട്.

? 10 : കഥകളിയില്‍ സര്‍ഗ്ഗാത്മക സ്വാതന്ത്യവുമൊക്കെയെടുത്ത് നടന്മാര്‍ വികസിപ്പിച്ചിട്ടുണ്ട്. എനിക്കു തോന്നുന്നു അതില്‍ ഏറ്റവും പ്രധാനി കോട്ടക്കല്‍ ശിവരാമനായിരിക്കും. ടീച്ചര്‍ കഥകളികണ്ടു മുതിര്‍ന്ന സമയത്ത് സ്വാഭാവികമായും അതിലെ സ്ത്രീകഥാപാത്രങ്ങളെ ശ്രദ്ധിച്ചിരിക്കും. നേരത്തെ പറഞ്ഞില്ലെ ദമയന്തി പക്വതയായി വരുന്നുണ്ട് രണ്ടാം ദിവസത്തില്‍, അങ്ങനെ കഥകളിയിലൊരു സ്ത്രീ കഥാപാത്ര സങ്കല്‍പ്പത്തിന് കോട്ടക്കല്‍ ശിവരാമന്‍ നല്‍കിയ വ്യാഖ്യാനങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്.

വാസ്തവത്തില്‍ ആട്ടപ്രകാരം നോക്കിക്കഴിഞ്ഞാല്‍ ആട്ടപ്രകാരങ്ങളും, അതിന്റെ വേഷഭൂഷാദികളും എല്ലാ ആണുങ്ങളുടെ സൈസിനും, ആണുങ്ങളുടെ നൃത്തനൃത്യങ്ങള്‍ക്കും പാകമായ എഴുതിവെക്കലുകളാണ്. അങ്ങനെ തന്നെയാണോ ഒരു പെണ്ണ് പെരുമാറേണ്ടത്?
അതുതന്നെയാണോ ഒരു പെണ്ണ് പെരുമാറേണ്ടത്? അതുതന്നെയാണോ ഒരു പെണ്ണിന്റെ ഭാവം ? കരുണം എന്നത് ആണ്‍ ചെയ്യുന്നത് പോലെ തന്നെയാണോ ഒരു പെണ്ണ് ചെയ്യേണ്ടത് എന്നൊരു സംശയമുണ്ടല്ലോ. നവരസങ്ങളില്‍ തന്നെ എങ്ങനെയാണ് ആണിനും പെണ്ണിനും ഈ വ്യത്യാസം എന്നൊക്കെ ഉള്ളതിനെക്കുറിച്ച് രസാഭിനയത്തെക്കുറിച്ച് അടിസ്ഥാനപരമായ സംശയങ്ങള്‍ എനിക്കുണ്ട് ഇപ്പോഴും ആ സംശയങ്ങളൊന്നും തീര്‍ന്നിട്ടും ഇല്ല. അത്തരം സംശയങ്ങള്‍ക്കുള്ള ഒരു മറുപടിയായിട്ടാണ് ഞാന്‍ കോട്ടക്കല്‍ ശിവരാമന്റെ അഭിനയത്തെ കാണുന്നത്. അദ്ദേഹം ഒരു പുരുഷനാണ്, പക്ഷെ പുരുഷന്‍ എന്ന എല്ലാ പരമിതിയുടെയും ഉള്ളില്‍ നിന്നിട്ട് സ്ത്രീയെ മനസ്സിലാക്കാന്‍ ശ്രമിച്ച ഒരു പുരുഷനാണ്. അതുകൊണ്ടു തന്നെ കോട്ടക്കല്‍ ശിവരാമന്‍ അഭിനയിച്ച ദമയന്തിയാണ് സ്ത്രീകള്‍ അഭിനയിച്ച ദമയന്തിയേക്കാള്‍ മെച്ചപ്പെട്ടിട്ടുള്ള ദമയന്തി എന്നൊക്കെ കേട്ടിട്ടുണ്ട് . ഇത് ശരിയായിരിക്കാം പക്ഷെ കോട്ടക്കല്‍ ശിവരാമന്‍ ചെയ്തത് എന്താണെന്നു വെച്ചാല്‍ പുരുഷന്മാരുടെ ആട്ടപ്രകാരത്തില്‍ നിന്നും വ്യത്യാസപ്പെട്ടിട്ട് സ്ത്രീ കഥാപാത്രങ്ങള്‍ക്കുള്ള ഒരു ആട്ടപ്രകാരത്തെ ഒരു ഇളകിയാട്ടത്തെ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. അദ്ദേഹം പറയാറുണ്ട് ഓരോ ഭാവങ്ങളെയും ആഗ്യങ്ങളെയും ഞാന്‍ ഭാര്യ ഭവാനിയെ നോക്കിയിട്ടാണ് പഠിക്കാറ് എന്നാണ്. ഭാര്യയാണ് തന്റെ പാഠപുസ്തകം എന്നും പറയാറുണ്ട്. അതില്‍ ഏറെക്കുറെ ശരിയുമുണ്ട്. കാരണം മുദ്രകൊണ്ടുവന്നിട്ട് നടുക്ക് വെച്ച് മുറിക്കാം. ഒരു സ്ത്രീയും പുരുഷനും സ്റ്റേജില്‍ പ്രസംഗിക്കുകയാണെങ്കില്‍ സ്ത്രീ പ്രസംഗത്തിന്റെ ആനന്ദത്തില്‍ ശരീരം പുറത്തെടുക്കാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് അത് നടുക്ക് വെച്ച് മുറിയുന്നത് നമുക്ക് കാണാന്‍ സാധിക്കും. പക്ഷെ ഒരു പുരുഷനാകുമ്പോള്‍ ആ സ്റ്റേജ് മുഴുവന്‍ ഉപയോഗിച്ചുകൊണ്ട് നിറഞ്ഞാടും. കാരണം അയാളെ സംബന്ധിച്ച് ഈ പറയുന്ന സങ്കേചം ഇല്ല. ഇരിക്കുന്നിടത്തും നില്‍ക്കുന്നിടത്തും ഒന്നും ഇല്ല. പക്ഷെ ഒരു സ്ത്രീ റെസ്ട്രിക്റ്റഡ് ആണ്. തന്റെ ഉള്ളിലേക്കു തന്നെ ഒതുങ്ങിയിരിക്കുന്ന ആളാണ് പെണ്ണ് എന്ന് പറയുന്നത് .അത് എത്ര പൊതുവായിട്ടുള്ള സ്ത്രീയുടെ കാര്യത്തിലും ഈ ഒരു വ്യത്യാസം കാണാം. ആയിരത്താണ്ടുകളായിട്ടുള്ള ഒരു മെരുക്കല്‍ പ്രക്രിയയിലൂടെ വന്നതാണ്. കഥകളി എന്ന് പറയുന്നത് പുരുഷകേന്ദീകൃത അഭ്യാസം തന്നെയാണ്, സംശയം ഇല്ല. കാരണം കളരിയില്‍ നിന്നാണ് എടുക്കുന്നത് എന്നൊക്കെ പറയുന്നു. എല്ലാം നോക്കുമ്പോള്‍ കാണുന്നത് പുരുഷകേന്ദ്രീകൃതമായ മെയ് വഴക്കങ്ങളാണ്. പുരുഷകേന്ദ്രീകൃതമായ ചലനങ്ങളില്‍ നിന്നൊക്കെ എടുക്കുമ്പോള്‍ രാമനാട്ടത്തില്‍ സീത എന്നു പറയുമ്പോള്‍ ചുവന്ന തുണികൊണ്ടു കെട്ടിയൊരു ഉരല്‍ അവിടെ കൊണ്ടു വെയ്ക്കുന്നു. കാരണം സീതയെ എങ്ങനെ അവതരിപ്പിക്കണം എന്ന് ഇവര്‍ക്ക് അറിയില്ല. തന്റെ കാലത്തിന്റെ സാധ്യത പുരുഷന്‍ എന്ന പരിമിതിക്കുള്ളില്‍ വെച്ചുകൊണ്ട് സ്വീകരിക്കുകയും അത് കഥകളിയിലേക്ക് ലയിപ്പിക്കുകയും ചെയ്തതായിട്ടാണ് ഞാന്‍ ശിവരാമനെ മനസ്സിലാക്കിയിരി ക്കുന്നത്. അദ്ദേഹത്തിന്റെ ആഹാര്യത്തിലെ മുഖത്തെഴുത്തിനെല്ലാം ഏറെ വ്യത്യാ സം ഉണ്ട്. പിന്നെ പിന്നെ അദ്ദേഹം ശരിക്കും അങ്ങനെ ആയ പോലെയാണ്.

എന്‍.പി. വിജയകൃഷ്ണന്‍

11 ? : പുരുഷകേന്ദ്രീകൃതമായ അരങ്ങിനെ ശിവരാമന്‍ വേറൊരു തരത്തിലേക്ക് കൊണ്ടുവന്നു എന്ന് പറയാന്‍ പറ്റുമോ? പുരുഷ കഥാപാത്രം രംഗത്ത് വരുമ്പോള്‍ എങ്ങനെയാണ് കോട്ടക്കല്‍ ശിവരാമന്റെ സ്ത്രീ കഥാപാത്രം അതിനോട് പൊരുതുകയോ, അതിനോട് തുല്യം നില്‍ക്കുകയോ ചെയ്യുന്നത് എന്നൊരു ചോദ്യം ടീച്ചറുടെ ഉള്ളില്‍ ഉണ്ടായിട്ടുണ്ടാകും അതിനെ എങ്ങനെ കാണുന്നു?

ഇല്ല പറയാന്‍ പറ്റില്ല. ഞാന്‍ മനസ്സിലാക്കുന്നത് ഒരു സ്ത്രീ എന്നതിനേക്കാള്‍ ഒരു ചലഞ്ചാണ് എന്നാണ്. ഒരു പരകായപ്രവേശം.ആ ആര്‍ട്ടിസ്റ്റിന് നളനാവുന്ന കലാകാരന്‍, ദമയന്തി ആകുന്ന കലാകാരന്‍ , ഇവരെല്ലാം കലാകാരന്മാരാണ്. നളനാവുന്ന കലാകാരന്‍ കുറച്ചു യോഗ്യനും , ദമയന്തി ആകുന്ന കലാകാരന്‍ കുറച്ച് താഴെ നില്‍ക്കുന്ന ആളാവണം എന്ന ഒരു അവസ്ഥയാണ് കോട്ടക്കല്‍ ശിവരാമന്‍ മറികടക്കുന്നത്. അതൊരു ആര്‍ട്ടിസ്റ്റിന്റെ ചലഞ്ചാണ്. പക്ഷെ ഒരു പെണ്ണിന്റെ ചലഞ്ച് സ്വീകരിച്ചത് ചവറ പാറുക്കുട്ടിയാണ്. പെണ്ണിന് ഇങ്ങോട്ട് കയറി വരാന്‍ പറ്റുമോ ഇല്ലയോ എന്ന അവസ്ഥയുണ്ടല്ലോ അതാണ് വ്യത്യാസം. ഇതൊരു ആര്‍ട്ടിസ്റ്റിന് അദ്ദേഹത്തിന്റെ കയ്യിലെ പരകായപ്രവേശമാണ്. നിങ്ങള്‍ നളനല്ല ശരിക്ക് പക്ഷെ നിങ്ങള്‍ നളനാവുന്നു, ഞാന്‍ ദമയന്തിയുമല്ല, പക്ഷെ ദമയന്തിയുമാകുന്നു. ഇത് രണ്ടും പ്രധാന കഥാപാത്രങ്ങളാകുന്നു. നളന്റെ പ്രതിഫലത്തെക്കാള്‍ കുറവാവാന്‍ പറ്റമോ ദമയന്തിക്ക്. പ്രാധാന്യം എന്നു പറയുന്നത് പ്രതിഫലം കൂടിയാണല്ലോ? അതുകൊണ്ട് അത് സമ്മതിക്കില്ലെന്ന ഒരു കലാകാരന്റെ വലിയ ഗരിമയാണ് ശിവരാമനില്‍ ഞാന്‍ കണ്ടത് .അതുകൊണ്ട് അദ്ദേഹം കഥാപാത്രത്തെ നിരീക്ഷിക്കുകയും തന്റെ ഭാര്യയെ നോക്കി പഠിക്കുകയും ചെയ്യുന്നത് ഒരു ആര്‍ട്ടിസ്റ്റിന്റെ വലിപ്പമാണ്. അത് പുരുഷനാണോ സ്ത്രീയാണോ എന്നുള്ളതില്‍ അപ്പുറത്തേക്ക് ഒരു കലയുടെ ഉള്ളിലേക്ക് പ്രവശിക്കുന്നു. ഒരാളുടെ മുന്നിലെ വെല്ലുവിളിയാണ്. ഞാനൊരു പുരുഷനായി അഭിനയിക്കുകയാണെങ്കില്‍ ഞാന്‍ നോക്കി പഠിക്കേണ്ടത് ചിലപ്പോള്‍ വിജയകൃഷ്ണനെയോ പവിത്രനെയോ നോക്കിയിട്ടായിരിക്കും. നിങ്ങള്‍ എങ്ങനെയാണ് ഓരോ സന്ദര്‍ഭത്തിലും പ്രവര്‍ത്തിക്കുന്നത് എന്നു നോക്കിയിട്ടായിരിക്കും. ഇതിന്റെ ഒരു മറുപാഠമാണ് കോട്ടക്കല്‍ ശിവരാമന്‍ പറഞ്ഞത്. എനിക്ക് സ്ത്രീയെ നോക്കി പഠിക്കണമെന്ന്. അതുപോലെ ഞാനെരു സ്ത്രീയാണ് , എന്റെ പരിമിതിയെ മറികടക്കണമെങ്കില്‍ ഒരു പുരുഷനെ നോക്കി പഠിക്കുക തന്നെ വേണം. ഇതാണ് ശിവരാമനില്‍ സംഭവിച്ചത് .ശിവരാമന്‍ നല്ലൊരു കലാകാരനാണ്. പക്ഷെ അതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചാലും ഇല്ലെങ്കിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് തുല്യ പ്രാധാന്യം ആവാം എന്ന് അനുകൂലിക്കാനുള്ള മനസ്സ് ഈ കഥകളി ആസ്വാദകന്മാര്‍ക്കിടയില്‍ സംഭവിച്ചു. കാരണം ഒരു സ്ത്രീയെ അവതരിപ്പിക്കുന്നത് ഒരു പുരുഷന്‍ തന്നെയാണല്ലോ..

12 ? : ടീച്ചര്‍ കളിക്കുന്ന കാലം മുതല്‍ ഇന്ന് കളികാണുന്ന ഒരു മൂന്നാലു തലമുറയുടെ അകലം ഉണ്ടല്ലോ സ്വാഭാവികമായും കഥകളി ഇത്രത്തോളം വികസിപ്പിച്ചതില്‍ അല്ലെങ്കില്‍ വിപുലപ്പെടുത്തിയതില്‍ ആസ്വാദകര്‍ക്ക് വലിയൊരു പങ്കുണ്ട്. അങ്ങനെ ഒരു ആസ്വാദകരുടെ ഇടയില്‍ ഇരുന്നുകൊണ്ടാണ് ടീച്ചര്‍ കളി കണ്ടതും ആസ്വദിച്ചതും വളര്‍ന്നതും. അങ്ങനെയൊരു ആസ്വാദക സമൂഹത്തെ ഒന്ന് ഓര്‍മ്മിക്കൂ. കാരണം അവരുകൂടി ഉള്‍പ്പെട്ടതാണ് കഥകളിയുടെ പികാസപരിണാമ ചരിത്രം. കാണിയെ ഒരിക്കലും ആരും ആലോചിക്കാറില്ല. പക്ഷെ അങ്ങനെയൊരു കാണിസമൂഹമുണ്ടായി രുന്നു. പലരും മരിച്ചുപോയിക്കൊണ്ടിരിക്കും പക്ഷെ അവരൊക്കെ നിര്‍ണ്ണയിച്ച ഒരു കഥകളിയുണ്ടായിരുന്നു , അതൊന്നും ഓര്‍മ്മിക്കൂ ?

വി.എസ്.എന്‍ എന്നൊരു സംഗീതനിരൂപകന്‍ ഉണ്ടായിരുന്നു. കഥകളിപ്പാട്ട് കേട്ടു തുടങ്ങിയ കാലത്ത് എനിക്ക് ഇഷ്ടമായിരുന്നു. ചലച്ചിത്ര ഗാനങ്ങളും ,ഡാന്‍സിന്റെ പാട്ടുകളും ഇഷ്ടമായിരുന്നു. ഇതിന്റെയൊക്കെ രാഗം കേട്ടാല്‍ അറിയുകയും ചെയ്യും. അന്ന് എന്റെ കൂടെ വി.എസ്. എന്നിന്റെ മകള്‍ പഠിക്കുണ്ടായിരുന്നു. അന്ന് വി.എസ് എന്നോട് പറഞ്ഞത് നമ്മള്‍ ഏറ്റവും താഴെ നിന്നാണ് തുടങ്ങേണ്ടത്. അങ്ങനെ ആവുമ്പഴെ നമുക്ക് വിലയും ഉണ്ടാവൂ. ഏറ്റവും മുകളിലെ ആള്‍ക്കാരെ കേട്ടുകഴിഞ്ഞാല്‍ അതിനു താഴെ ഉള്ള ആള്‍ക്കാരെ കേള്‍ക്കാന്‍ പറ്റില്ല. എനിക്ക് സംഭവിച്ച ഒരു പാകപ്പിഴ അതാണെന്ന് തോന്നുന്നു. കാരണം അന്ന് എന്റെ കൂടെ ഇരുക്കുന്നവര്‍ സംസാരിക്കുന്നത് ഞാനിങ്ങനെ കേട്ടിരുന്നിട്ടുണ്ട്. വെണ്‍മണി രാമഭദ്രന്‍ ,രാജാന്ദന്‍ ,നരിപ്പറ്റ രാജു, ഇങ്ങനെയൊരു സംഘത്തിന്റെ കൂടെയിരുന്നാണ് ഞാന്‍ കഥകളി കാണുന്നത്. കൂടെ അച്ഛനും ഉണ്ടായിരിക്കും. ഇവരൊന്നും പറയാത്തൊരു കാര്യം അച്ഛന്‍ പറഞ്ഞിട്ടുണ്ട്. അമ്മ ഇതിനേക്കാളൊക്കെ മെച്ചപ്പെട്ട ഒരു നടനുണ്ട് കുമാരന്‍നായര്‍. ഞാന്‍ ഇതെന്റെ സുഹൃത്തുക്കളോടു പറയുമ്പോള്‍ അവര് പറഞ്ഞത് അദ്ദേഹം ഡാന്‍സ് പഠിപ്പിക്കാന്‍ പോയിരിക്കുകയാല്ലേ, സിനിമയിലും മറ്റുമൊക്കെയായി എന്നാണ്. പിന്നീട് അദ്ദേഹം വന്ന് അരങ്ങ് കീഴടക്കിയ ഒരു കാലവും ഞാന്‍ കണ്ടിട്ടുണ്ട്. കീഴ്പടം കുമാരന്‍നായരേക്കാള്‍ മെച്ചപ്പെട്ട ഒരു വെള്ളത്താടിയും ഹനുമാനുമില്ല എന്ന് ഈ പറഞ്ഞ സുഹൃത്തുക്കള്‍ തന്നെ പറഞ്ഞു കേട്ടിട്ടുണ്ട് .പക്ഷെ എന്റെ ദൗര്‍ഭാഗ്യം എന്താണെന്നുവെച്ചാല്‍ വളരെ അപൂര്‍വ്വമായിട്ടു മാത്രമേ പെണ്‍ക്കുട്ടികളോട് എന്റെ കഥകളിയുടെ അനുഭവം പറയാന്‍ പറ്റിയിട്ടുള്ളൂ. ഞാന്‍ കണ്ട സിനിമ എനിക്ക് പറയാന്‍ പറ്റുമായിരുന്നു. പക്ഷെ എനിക്ക് കഥകളി ഇങ്ങനെ ആയിരുന്നു എന്നോ അതില്‍ ചെയ്തത് ശരിയായി എന്നോ സ്ത്രീകളോട് സംസാരിക്കാനുള്ള ഒരു ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല. ഇപ്പോള്‍ കഥകളിയെക്കുറിച്ച് സംസാരിക്കാന്‍ ഒരുപാട് അവസരം ഉണ്ടാവും എന്ന് എനിക്ക് തോന്നുന്നു. പെണ്‍ക്കുട്ടികളോട് ഇത് പറയാന്‍ പറ്റില്ല. കാരണം അരങ്ങില്‍ മൊത്തം ആണുങ്ങള്‍ , അച്ഛന്റെ കൂടെ പോകുന്നു, ഇരിക്കുന്ന തും ലോഗ്യം കൂടുന്നതും എല്ലാം ആണുങ്ങളുടെ കൂടെ .കളിയല്ലാതെ മറ്റൊന്നും ഞങ്ങള്‍ സംസാരിക്കാറില്ല. അറിയാത്തതൊക്കെ അവര് പറഞ്ഞുതരും ഉറക്കം തൂങ്ങിയാല്‍ പിറ്റേ ദിവസം വന്ന് കളിയാക്കും .വഴിയില്‍ നിന്നു കണ്ടാലും സംസാരിക്കാനുള്ളത് കഥകളിയുടെ വിഷയം തന്നെ. ഇതെനിക്ക് സാമൂഹിക മായി നേടിതന്നത് ഒരു മതിപ്പായിരുന്നില്ല. ആണുങ്ങളുടെ കൂടെ ഇരിക്കും, അവരോട് കൂട്ടുകൂടുന്നു, കഥകളികാണുന്ന സ്ത്രീകളില്‍ പലരും എന്നെ ചൂണ്ടികളി യാക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഇവര്‍ കളികാണുന്നുണ്ട് പക്ഷെ ഇവരുമായി സംസാരിക്കാന്‍ പറ്റുന്നില്ല. ചില കഥകളിക്കു പോകുമ്പോള്‍ ഞാന്‍ പുസ്തകം കൊണ്ടാക്കെയാണ് പോകുന്നത്. കാരണം ചില അറിയാത്ത കാര്യങ്ങള്‍ വരുമ്പോള്‍ പുസ്തകത്തില്‍ നോക്കി മനസ്സിലാക്കുമായിരുന്നു. കാരണം എനിക്കുത് മനസ്സിലാക്കിയെ പറ്റ. കുടെയുള്ളവര്‍ എന്നെ കളിയാക്കുമായിരുന്നു. കളികാണു ന്നതിനെ കളിയാക്കുക, കളികാണുന്ന രീതിയെ കളിയാക്കുക .അതാണ് ഞാന്‍ പറഞ്ഞത് ഞാനൊരു പണ്ഡിതയല്ല എന്ന്. ഇതിന്റെയൊരു അവസ്ഥയില്‍ എന്നെ കാണുമ്പോള്‍ ചിരിക്കുകയും കളിയാക്കുകയും ചെയ്യുന്ന സാഹചര്യം എന്റെ കൂട്ടത്തിലെ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഉണ്ടായിരുന്നു. എന്റെ ഈ കാലത്തില്‍ എനിക്ക് മനസ്സിലാവുന്നത് എന്റെ ഈ കളിക്കമ്പം, കളിഭ്രാന്ത് എനിക്ക് ഒരുപാട് അപവാദങ്ങളെ കേള്‍പ്പിക്കുകയായിരുന്നു എന്നെനിക്ക് തോന്നുന്നു. വാസ്തവത്തില്‍ കളികാണാന്‍ പോകുമ്പോള്‍ ആ കളിയെക്കുറിച്ചല്ലേ സംസാരിക്കുക. പക്ഷെ ഇവിടെ നമ്മള്‍ അതിനെക്കുറിച്ച് അപവാദം കേള്‍ക്കു കയും, അതില്‍ തന്നെ ചില വീരന്മാര്‍ മറ്റുള്ളവരോട് പറയുക ”ആ ആള്‍ക്ക് മുമ്പ് എന്നോട് താല്‍പ്പര്യം ഉണ്ടായിരുന്നു എന്നൊക്കെ ‘ഇത് കേട്ടിട്ട് .ഞാനെത്ര വിശ്വസിച്ചിട്ടാണ് ഈ മനുഷ്യന്മാരോട് സംസാരിച്ചത് എന്ന് ഞാന്‍ വിചാരിച്ചിരുന്നു. പിന്നെ പിന്നെ എനിക്ക് മനസ്സിലായിരുന്നു അരങ്ങില്‍ മാത്രമല്ല സ്വബോധം ഇല്ലാതിരിക്കല്‍ കാണികളിലും ഉണ്ട് എന്ന്.അരങ്ങ് മുഴുവന്‍ മദ്യപിച്ചിട്ടായിരിക്കും .അവരോട് സംസാരിക്കണം എന്ന് എനിക്കുണ്ട് .പക്ഷെ കള്ളിന്റെ നാറ്റം സഹിക്കാന്‍ പറ്റാത്തതിനാല്‍ കുറുപ്പിനോടോ ശിവരാമനോടോ സംസാരിക്കാന്‍ പറ്റിയിട്ടില്ല. പക്ഷെ ഞാന്‍ ഇന്റര്‍വ്യവിലേക്കോ എഴുത്തിലേക്കോ വരുന്നതിനു മുമ്പ് തന്നെ കുറുപ്പ് മരിച്ചു. എനിക്ക് അവരോട് ഒന്നും സംസാരിക്കാന്‍ പറ്റിയിട്ടില്ല. പക്ഷെ കുറുപ്പുമായി വേറൊരു രീതിയില്‍ ഞാന്‍ സ്ഥിര പരിചിതനാണ്. അങ്ങാടിപ്പുറം കളംപാട്ടിന് പാടാന്‍ വന്നിരുന്നത് കുറുപ്പിന്റെ അച്ഛനായിട്ടുള്ള രാമക്കുറുപ്പാണ്. ഒരിക്കല്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നതു പോലെ അദ്ദേഹത്തോട് സംസാരിക്കാന്‍ പറ്റിയിട്ടില്ല. പക്ഷെ കൂട്ടത്തിലുള്ള കൂട്ടുകാരൊക്കെ ഇദ്ദേഹത്തോട് സംസാരിച്ചതിനെ കുറിച്ചൊക്കെ എന്നോട് പറയാറുണ്ട്. ഇതാണ് എന്റെ അധമബോധം കൂട്ടിയത് എന്നാണ് ഞാന്‍ പറയുന്നത്. കാരണം ഈ മുദ്ര ഇങ്ങനെ മുറിച്ചത് എന്തിന്? ഇങ്ങനെയാണോ ഇത് ചെയ്യുക എന്നൊക്കെ ഗോപിയോടും ശിവരാമനോടും വരെ ചോദിക്കുകയാണ് എന്റെ കൂട്ടത്തിലിരുന്ന കളികണ്ടിരുന്ന പുരുഷന്മാര്‍ പക്ഷെ എനിക്ക് ഇവരെ പേടിച്ചിട്ട് ഇവരുടെ അടുത്തേക്ക് പോകാന്‍ പറ്റില്ല. കുറേ ചോദിക്കാനുള്ള ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റാതെ പോയിട്ടുണ്ട്. എനിക്ക് പറ്റില്ലായിരുന്നു. എന്റെ കാലത്തു ജീവിച്ചിരുന്ന ഒരു പെണ്‍കുട്ടിക്കും അതിന് പറ്റില്ലായിരുന്നു. ഒരു പക്ഷെ കഥകളിക്കു കൊണ്ടുപോകുന്ന അച്ഛന്‍ ഉള്ളതു കൊണ്ടായിരിക്കും എനിക്കും വിജയകൃഷ്ണനും ഇങ്ങനെ ഇരുന്ന് സംസാരിക്കാന്‍ പറ്റുന്നതു പോലും. അല്ലാതെ എന്റെ കൂടെ ഇരുന്ന് കഥകളി കണ്ടിരുന്നത് പാലനാട്ടു ദിവാകരന്റെ സഹോദരി ഇന്ദിരയാണ്. കര്‍ണ്ണശപഥം തുടങ്ങിക്കഴി ഞ്ഞാല്‍ ഞാനും ഇന്ദിരയും കൂടി കരച്ചിലാണ്. കഥകളി വൈകാരികമായി എടുത്തിരിക്കുകയാണ്. പിന്നെ നാലാം ദിവസം കണ്ടാലും , രാണ്ടാം ദിവസം കണ്ടാലും കരയും

13 ? ഒരു പുരുഷനും കഥകളി കണ്ട് കരഞ്ഞതായി പറയുന്നില്ല. എങ്ങനെയാണ് കഥകളിയെ വൈകാരികമായി എടുക്കുന്നത്?

അത് അങ്ങട് ആവുകയാണ്. കുന്തിയാണ് രംഗത്തെങ്കില്‍ കുന്തിയുടെ ഭര്‍ത്താവുകയാണ്, ദമയന്തിയാണെങ്കില്‍ ദമയന്തിയുടെ ഭാഗത്താവും. എന്നെ സംബന്ധിച്ചാണ് പറയുന്നത്. പിന്നെ വരുന്നത് പാട്ടാണ്. കര്‍ണ്ണശപഥം ഗംഭീര കഥകളിയാണോ എന്ന് ചോദിച്ചാല്‍ അങ്ങനെയൊന്നുമല്ല. വൈകാരികത കൂടും അതിന്റെ രംഗങ്ങള്‍ക്കും , പാട്ടിനെ ചിട്ടപ്പെടുത്തിയതിനുമൊക്കെ .രാജാനന്ദന്‍ എനിക്ക് പേപ്പറില്‍ എഴുതി തന്നിട്ടുണ്ട് ഇങ്ങനെയൊരു കഥകളിയുണ്ട് ഒന്നു കണ്ടുനോക്കൂ എന്നൊക്കെ.ഗോപിയും ശിവരാമനും കൂടിയിട്ട് ആദ്യമായി ചിട്ടപ്പെടുത്തി ചെയ്യുന്നത് കണ്ടിട്ടുണ്ട് .കര്‍ണ്ണശപഥം ഒക്കെ നമ്മുടെ മുമ്പില്‍ നിന്നും പിറവിയെടുത്ത് മുമ്പോട്ടുപോകുന്നത് നമ്മള്‍ കാണുന്നു. അതിലെ വേഷഭൂഷാദികളില്‍ ശിവരാമന്‍ തന്നെ വരുത്തുന്ന മാറ്റം.കുന്തി എന്നു പറയുന്നത് സാധാരണ സ്ത്രീ വേഷം പോലെയല്ല കുറിതൊടലും നാമംചൊല്ലലും ഒക്കെ വ്യത്യാസം ഉണ്ട്. ഇതിലൊക്കെ വരുന്ന മാറ്റം ഞാന്‍ കാണുന്നുണ്ട്. ഇതൊക്കെ ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്നത് അയാള്‍ പുരുഷനായതു കൊണ്ടാണ്.

14 ?:കഥയ്ക്ക് അപ്പുറം കീചകന് സൈരന്ധ്രയോടുള്ള അഭിനിവേശം, അതുപോലെ നളന്‍ ദമയന്തിയോട് ചെയ്തത്, രാവണന്‍ രംഭയോട് ചെയ്തത് അങ്ങനെ സ്വാഭാവികമായും ഈ കളിയരങ്ങില്‍ തന്നെ പുരുഷകേന്ദ്രിത കഥാപാത്രം അവര്‍ ഇന്നിന്റെ ഭാഷയില്‍ സ്ത്രീ കഥാപാത്രം ഇരയും ആവുന്ന ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉണ്ട് ടീച്ചര്‍ ഒരു സ്ത്രീ എഴുത്തിലേക്ക് വന്ന സമയത്ത്.ആ നിലക്ക് ഇതിനെ കണ്ടിട്ടുണ്ടോ ? ഉണ്ടെങ്കില്‍ എന്താണ് പറയാനുള്ളത്?

രണ്ട് മൂന്ന് തരത്തിലാണ് ആ ഘട്ടം കടന്നു പേയിട്ടുണ്ടാവുക. കീചകവധം കാണുമ്പോള്‍ ശിവരാമനും രാമന്‍കുട്ട്യാരും കൂടീട്ടാണ് ആടുന്നത്. കുറുപ്പ് പാടാനാണ്. മാലിനീ…… എന്നാ വിളിയോടു കൂടിയിട്ട് എനിക്ക് കരച്ചില്‍ വന്നിട്ടുണ്ടാകും. ഇദ്ദേഹത്തിനെ ഒരു കോമാളിയായിട്ടാണ് തോന്നുക. കാരണം അത്രയും ഇഷ്ടം തോന്നിയിട്ടാണല്ലോ അദ്ദേഹം പോകുന്നത്. നീ എന്താ ഉറങ്ങിക്കിടക്കുന്നത്? എന്താ കല്ല് പോലെ എന്നൊക്കെ ചോദിക്കുമ്പോള്‍ ഭീമനെ ആണല്ലോ തൊടുന്നത്. അദ്ദേഹത്തെ ചതിച്ചല്ലോ എന്നൊക്കെ തോന്നി എനിക്ക് കരച്ചില്‍ വരും . പാവം ട്ടോ കീചകന്‍ ഇദ്ദേഹം ഇത് മനസ്സിലാക്കിയില്ലല്ലോ എന്നൊക്കെ തോന്നും. ആര്‍ട്ടിസ്റ്റിന്റെ അവതരണവും അതിന്റെ ഒരു പശ്ചാത്തലവും കൂടീട്ട് കീചകനോട് അനുഭവം ഉണ്ടാക്കുന്ന ഒരു പ്രകടനവും ഒരു അരങ്ങുമാണ് അന്ന് ഉണ്ടായിരുന്നത്. എനിക്കിന്ന് തിരിച്ചറിയാം പാഞ്ചാലി ജയിച്ചതിനെയല്ലല്ലോ ശീര്‍ഷകം പോലും സൂചിപ്പിക്കുന്നത്. കീചകനെ കൊന്നതിനെ കുറിച്ചാണല്ലോ. കീചകന്‍ തന്നെയാണിവിടെ നായകന്‍ കീചകനിലേക്ക് തന്നെയാണ് സര്‍വ്വശ്രദ്ദയും കേന്ദ്രീകരിക്കുന്നത്. അരങ്ങിനെ കവിഞ്ഞുള്ള ഒരു അവതാരകനായി മാറുകയാണ് ഈ കലാകാരന്‍. രാമന്‍കുട്ട്യാര് ഒക്കെ ചെയ്യുകയാണെങ്കില്‍ അത് നമുക്ക് അനുഭവമാണ്. ഷാരടി വാസു ചെയ്യുകയാണെങ്കിലും അങ്ങനെ തന്നെയാണ്. അങ്ങനെയുള്ള ഒരു ഗംഭീര അവതരണത്തിന്റെ മുമ്പില്‍ അതിന് അടിയറവ് വെച്ചിരുന്നു എന്റെ സ്വബോധം എന്ന് തോന്നുന്നു. ഞാനതില്‍ ലയിച്ചു വീണുപോയിട്ട് മരിച്ചു പോയൊരാളാണ്. അവിടന്ന് ഞാന്‍ എഴുനേല്‍ക്കുന്ന ഘട്ടങ്ങള്‍ പിന്നീടാണ്.അത് ജീവിതത്തിലെ പല പല സന്ദര്‍ഭങ്ങളുമായി ബന്ധപ്പെട്ടാണ് ഞാനാ സന്ദര്‍ഭത്തിലേക്ക് വരുന്നത്. അങ്ങനെ വന്ന് പിന്നീട് ഞാനിങ്ങനെ സഹിത്യത്തെ സമീപിച്ചു തുടങ്ങുന്നു. ‘ കണ്ണാടികളടക്കുന്നതെന്തിന് ‘എന്ന ലേഖനങ്ങളൊക്കെ വരുന്നു, 97 ല്‍ ആദ്യ പുസ്തകം വരുന്നു. കൊല്ലത്ത് ഒരു പരിപാടിക്ക് വിളിക്കുന്നു.ചവറയാണ് പരിപാടി.കമല്‍ സി ചവറയാണ് ആ പരിപാടി സംഘടിപ്പിക്കുന്നത്.അവിടെ കഥകളിയുണ്ട്.ഞാന്‍ ചവറ പാറുക്കുട്ടിയെ കുറിച്ച് കേട്ടിട്ടും കണ്ടിട്ടും ഉണ്ട്. കാരണം കലാമണ്ഡലത്തിന്റെ ഒരു വാര്‍ഷികത്തിന്റെ ഭാഗമായിട്ട് കുറേ കാലത്തിന് ശേഷം 98 ലാണെന്ന് തോന്നുന്നു. സ്ത്രീകള്‍ ആദ്യമായിട്ട് കലാമണ്ഡലത്തില്‍ കഥകളി അവതരിപ്പിക്കുകയാണ്.70 കളില്‍ വേറൊരു ഓര്‍മ്മയും ഉണ്ട് അന്ന് ആണ്‍ പെണ്‍ വ്യത്യാസം ഇല്ല കഥകളിയില്‍. അങ്ങനെ കഥകളിയ്ക്ക് ഒന്നാം സമ്മാനം കിട്ടുന്നത് രാധികാ വര്‍മ്മ എന്ന് കാണുന്നു. പിചിത്രന്‍ നമ്പൂതിരിപ്പാട് പറയുകയാണ് ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടി കള്‍ക്കും വേറെ വറെ മത്സരം വെക്കാമായിരുന്നു എന്ന്. ആണ്‍കുട്ടികളെ തോല്‍പ്പിച്ച് പച്ച വേഷത്തില്‍ ഒരു പെണ്‍ക്കുട്ടി ജയിച്ചപ്പോള്‍ വരുന്ന ഒരു അഭിപ്രായം ആണത്. അതെന്റെ മനസ്സിലുണ്ട്. കലാമണ്ഡലത്തിലെ സെമിനാറിന് വന്ന ചവറപാറുക്കുട്ടി പറഞ്ഞത് ആദ്യമായിട്ടാണ് കലാമണ്ഡലം എന്നെ വിളിക്കുന്നത് എന്നാണ്. അപ്പോള്‍ ഞാന്‍ അവരോട് സംസാരിച്ചു. ഞാനെരു ദളിത് സ്ത്രീയാണ്. ഞാന്‍ കഥകളി പഠിച്ചു. ഞാനിത് കേട്ടു നില്‍ക്കുകയാണ്. കാരണം എന്നെ സംബന്ധിച്ചിടത്തോളം വേണമെങ്കില്‍ ഇന്ന് അവര്‍ണ്ണമെന്നാരോപിക്കാവുന്ന കല്ലുവഴിച്ചിട്ടയിലുള്ള ആളുകളുടെ ആസ്വാദക മാത്രമാണ്. കാരണം അത്ര പരിമിതമായിരുന്നു എന്റെ ആസ്വാദനത്തിന്റെ മണ്ഡലം എന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്.

ഞാന്‍ കണ്ടിട്ടുള്ള മഹാപണ്ഡിതന്മാര്‍ എത്രയൊരു ചെറിയവൃത്തത്തില്‍ നിന്നുകൊണ്ടാണ് വലിയ കളിക്കാരും ചെറിയകളിക്കാരെയും ഗംഭീരന്മാരെയും ഗംഭീരന്മാരല്ലാത്തവരെയും ഒക്കെ വ്യവഛേദിച്ചത് എന്ന വലിയൊരു തിരിച്ചറിവിലേക്കാണ് ചവറപ്പാറുക്കുട്ടിയമ്മയും തൃപ്പുണിത്തറ വനിത കഥകളി കേന്ദ്രവും എന്നെ എത്തിച്ചത്. അവരുടെ അവതരണം കണ്ടതോടു കൂടി അതെനിക്ക് ബോധ്യപ്പെട്ടു. ആണുങ്ങളെ പോലെ നന്നായി അവതരിപ്പിക്കാനുള്ള ശേഷിയുണ്ട് അവര്‍ക്ക് എന്നുള്ളത്. അപ്പോള്‍ അവിടെ സംസാരിച്ചപ്പോള്‍ പറഞ്ഞിട്ടുള്ളത് കലാമണ്ഡലത്തില്‍ പെണ്‍കുട്ടികളെ കളിപഠിപ്പിക്കാന്‍ വിളിക്കുന്നില്ല. ആണ്‍കുട്ടികള്‍ മാത്രം അപേക്ഷിച്ചാല്‍ മതീന്നാ. പിന്നീട് ചവറ എന്ന് കേട്ടിട്ട് കമല്‍ എന്നെ കൂട്ടാന്‍ വന്നപ്പോള്‍ കമല്‍ പറഞ്ഞു ഇവിടെ അടുത്താണ് ചവറപ്പാറുക്കുട്ടിയമ്മയുടെ വീട് എന്ന്. അങ്ങനാണെങ്കില്‍ എനിക്കവരെ കാണണം എന്നും പറയുകയും ചെയ്തു. അങ്ങനെ ഞാനവരെ കാണാന്‍ പോകുകയാണ്. കണ്ട സമയത്ത് എത്രയോ കാലം മുന്നെ പരിചയം ഉള്ളവരെ പോലെ അവരുടെ അനുഭവങ്ങള്‍ പറയാന്‍ തുടങ്ങി . അതില്‍ നിന്നും എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇതുവരെ അവരോട് ആരും സംസാരിച്ചിട്ടില്ല എന്നാണ്. അവരൊരു ആര്‍ട്ടിസ്റ്റാണെന്നാണ് വിചാരിച്ചിട്ടില്ല. അവര് അന്ന് പറഞ്ഞ കാര്യങ്ങള്‍ വലിയ കാര്യങ്ങളായിരുന്നു. കാരണം കിരീടത്തിനുള്ളില്‍ അവരുടെ തല കൊള്ളില്ല. കാരണം പുരുഷനെ അപേക്ഷിച്ച് ചെറിയ തലയാണല്ലോ സ്ത്രീകളുടേത്. അതുകൊണ്ട് കീരീടത്തിനുള്ളില്‍ അവരുടെ തലകൊള്ളില്ല .അതുപോലെ കുപ്പായവും പറ്റില്ല. പരശുരാമന്റെ വേഷം കെട്ടാന്‍ പറ്റില്ല. അങ്ങനെ ഒരുപാട് വെല്ലുവിളികള്‍. പെണ്ണിനെ അഡ്രസ് ചെയ്യാത്ത ഒരു ആഹാര്യത്തെ ചവറപ്പാറുക്കുട്ടിയമ്മ സ്വന്തം കേശഭാരം ഉണ്ടാക്കി.ശരീരത്തിന്റെ നിറമുള്ള വസ്ത്രം ധരിച്ചിട്ട് പരശുരാമന്‍ കെട്ടി. എന്നോട് പറഞ്ഞു എനിക്ക് കുട്ടി ഉണ്ടാവുന്നതാണ് ഇഷ്ടം. അതെന്താണെന്നും ഭാവനാത്മകമായി ഉണ്ട് എന്ന് തോന്നിക്കുന്നതല്ലേ കഴിവ് എന്നും ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ മറുപടി ”അല്ല കുഞ്ഞ എനിക്ക് കുഞ്ഞ് കയ്യിലുണ്ടാവുന്നതാണ് ഇഷ്ടം’.അതൊരു ആണിന്റെയും പെണ്ണിന്റെയും വ്യത്യാസം ആണ്. ഇവര്‍ ഈ കുട്ടിയോട് കാണിക്കുന്ന സ്‌നേഹവും പാലുകുടിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നവും ഒക്കെ ശ്രദ്ധിച്ചപ്പോള്‍ മറ്റേത് ഗംഭീരമായിട്ടുള്ള അഭിനയവും ഇത് ഗംഭീരമായിട്ടുള്ള താദാത്മ്യവും ആണെന്ന് എനിക്ക് മനസ്സിലായി അങ്ങനെയാണ് ഞാന്‍ വീണ്ടും ആളുകളുടെ അലോഗ്യം നേടുന്നതരത്തില്‍ ‘കഥയും കളിയും ‘ എന്ന ലേഖനം എഴുതുന്നത്. അതിന് ഞാന്‍ എമ്പാടും പരിഹസിക്കപ്പെടുകയുണ്ടായി. സന്ധ്യാവലി ആ സമയത്ത് അനുഭവിച്ചിട്ടുള്ള ആത്മസംഘര്‍ഷം അഭിനയിക്കണമെങ്കില്‍ ഭയങ്കര ബുദ്ധിമുണ്ടാണ്. അത് പറഞ്ഞതിന്റെ പേരില്‍ എനിക്ക് കഥകളിയെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഗീതയോട് ആദ്യം പോയിട്ട് കഥകളി കാണാന്‍ പറയു എന്നാണ്.കഥകളി കണ്ട് പരിചയം ഇല്ലാത്തതുകൊണ്ടാണ് ഇത് പറയുന്നത് എന്നാണ്. എന്തുകൊണ്ടാണ് ഇവര്‍ ഇതിനെയൊക്കെ അയുക്തം ആണെന്ന് പറയുന്നത്. എന്തുകൊണ്ടാണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. പിന്നീട് എനിക്ക് രണ്ടാമത് തോന്നിയ തോന്നാക്കേട് എന്താന്നു വെച്ചാല്‍ ബൃഹന്നള എന്നു പറയുമ്പോള്‍ അര്‍ജുനന്റെ വേഷമാണ്. അത് കൊടുക്കുമ്പോള്‍ അര്‍ജുനന്‍ സ്ത്രീ വേഷത്തിലാണ് ആ സമയം എന്നു പറയുന്നത് അര്‍ജുനന് പുരുഷ ലോകത്ത മനസ്സിലാക്കാനുള്ള അവസരം കൂടിയാണ്. തന്റെ ഭാര്യ എന്താണ് അവിടെ അനുഭവിച്ചത് എന്ന് മനസ്സിലാക്കാം. അത്തരമൊരു സാഹചര്യം കൂടി കൊടുത്തുകൊണ്ട് ബൃഹന്നള കെട്ടിയാല്‍ എന്താണ് എന്നാണ് പിന്നീട് തോന്നിയ ഒരു കാര്യം. ഇന്ന് ബൃഹന്നള എന്ന കഥാപാത്രത്തിന് ട്രാന്‍സ് ജെന്ററിന്റെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടായിരിക്കും .ബൃഹന്നള ട്രാന്‍സ് ആണോ പുരുഷന്‍ സ്ത്രീ വേഷം കെട്ടുന്ന ഒരു കപടമാണോ എന്നൊക്കെയുള്ള കാര്യങ്ങള്‍ ,മനസ്സ് ആണിന്റെ തന്നെയാകുമ്പോള്‍ ഒരിക്കലും സ്ത്രീയെ മനസ്സിലാകില്ല എന്നു തന്നെയാവാം.

15? : അന്ന് ടീച്ചര്‍ക്ക് കലാകാരന്മാരോട് ധാരാളം കാര്യങ്ങള്‍ ചോദിക്കാനുണ്ടാകുകയും എന്നാല്‍ അതിന് കഴിയാതെ വരുകയും ചെയ്തവല്ലോ ……ഒരു പക്ഷെ അന്ന് ടീച്ചറുടെ മനസ്സിലുണ്ടായിരുന്ന കാര്യങ്ങളല്ലേ പിന്നീട് ഒരു കഥകളി നിരൂപക എന്ന നിലയില്‍ ടീച്ചര്‍ എഴുതിയത്. എങ്ങനെയാണ് ഈ കളിയെഴുത്തിലേക്ക് വന്നത്? കഥകളി നിരൂപണ മേഖലയിലേക്ക് ടീച്ചര്‍ വന്നത്?

കഥകളി കാണുമ്പോള്‍ എനിക്ക് ഇതാരോടും പറയാനില്ല. ഇതിന്റെ തിരുത്തുകള്‍ എന്നില്‍ സംഭവിക്കുക എന്നു വച്ചാല്‍ ഞാന്‍ പൂര്‍ണ്ണമായി തെറ്റാണോ എന്ന് ഞാന്‍ വിശ്വസിക്കണം . അല്ലെങ്കില്‍ അപ്പുറം നില്‍ക്കുന്ന പുരുഷന്‍ പറഞ്ഞു തരുന്ന അതേ പാഠത്തെ ഞാന്‍ ഉള്‍ക്കൊള്ളണം. ഇതിന് രണ്ടിനുമിടയ്ക്കുള്ള സ്ഥലത്തേക്ക് പോകാന്‍ എനിക്ക് സാധ്യമല്ലാതെ വന്നു. അത് സാധിക്കാതിരിക്കാന്‍ ഞാന്‍ വ്യവഹരിച്ചിരുന്ന ഫെമിനിസം എന്നു പറയുന്ന ആശയമണ്ഡലത്തിന്റെ മുമ്പില്‍ എന്റെ സുഹൃത്തുക്കള്‍ പൂര്‍ണ്ണമായും അജ്ഞരായിരുന്നു. അവരതില്‍ തല്‍പരരുമായിരുന്നില്ല. അത് അവരുടെ കുറ്റമല്ല.പക്ഷെ കേരളീയം എന്ന് വ്യവഹരിക്കുക ഒരു ജീവിത മണ്ഡലത്തിലേക്ക് സ്ത്രീപക്ഷപരമായ ആശയം കടന്നു വരണമെങ്കില്‍ ഇവിടെയുള്ള എല്ലാ ആവിഷ്‌കാര രൂപങ്ങളെയും ആ തരത്തില്‍ പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്. സ്വാഭാവികമായും കഥകളിയെ സംബന്ധിച്ച് എനിക്ക് അത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായി വരുകയും ചെയ്തിരുന്നു. കാരണം ചവറ പാറുക്കുട്ടിയുമായുള്ള പരിചയം, തൃപ്പുണിത്തറക്കാരുമായുള്ള പരിചയം, ആട്ടക്കഥ പഠിക്കുമ്പോള്‍ സാഹിത്യരൂപം എന്ന് പറയുമ്പോഴുള്ള അതിന്റെ പരിധി ,ആട്ടക്കഥയിലുള്ള സ്ത്രീ കഥാപാത്രം എങ്ങനെയാണ് അരങ്ങില്‍ വരുമ്പോള്‍ ഒന്നുമല്ലാതായിപ്പോകുന്നത്, ദമയന്തി തന്നെ ഒരു രണ്ടാംകിട കഥാപാത്രത്തിന് ആവാം എന്ന മട്ടുവരുന്നു. സന്ധ്യാവലി ഇല്ല .അതുപോലെ എത്രയോ സ്ത്രീകഥാപാത്രങ്ങള്‍ അരങ്ങില്‍ നിന്നും മാറി മാറി ഒരു പാടി രാഗത്തിന്റെ കൂടെ നിന്ന് കൊടുക്കുക, ഒരുമിച്ചു പ്രവേശിക്കുക വേഷംകെട്ടി കാഴ്ചവസ്തുവായി നില്‍ക്കുക. ഞാന്‍ സ്ത്രീയായതു കൊണ്ട് സ്ത്രീകഥാപാത്രത്തെ വികസിപ്പിക്കുന്നു എന്നുള്ളതല്ല അവിടത്തെ നിലപാട്. എനിക്ക് കിട്ടുന്ന വേഷം അത് ആണിന്റെയോ പെണ്ണിന്റെയോ ആവട്ടെ അതിനെ ഞാന്‍ വികസിപ്പിക്കും എന്നുള്ളത് ഒരു ആര്‍ട്ടിസ്റ്റിന്റെ ശാഠ്യമാണ്. അത് ഗുണകരമായി വന്നു. സ്ത്രീകള്‍ക്ക്. ആട്ടക്കഥ പഠിപ്പിച്ചതും കാലത്തില്‍ വന്നിട്ടുള്ള മാറ്റങ്ങളും എന്നെ കഥകളി എന്നെ കഥകളി നിരൂപകയിലേക്ക് വരാന്‍ സഹായിച്ചിട്ടുണ്ട്. സ്ത്രീപക്ഷ ചിന്താധാരകളുടെ കഥകളിചിന്തകളുടെ അഭാവവും എന്നെ അങ്ങോട്ട് നയിച്ചിട്ടുണ്ട്.നമ്മളെ സ്പര്‍ശിച്ച എന്തിനെയും അങ്ങട്ട് സ്പര്‍ശിക്കുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്. അത്തരത്തിലൊരു സ്പര്‍ശമാണ് ഞാന്‍ കഥകളിയോട് ചെയ്തിട്ടുള്ളത്.

? 16 : കഥകളിയിലെ മിക്ക രസവും ശൃംഗാരമാണ്.പച്ചയുടെ ഒരു ശൃംഗാരം ഉദാഹരണമായി കുവലയവിലോചനയാവട്ടെ ,കീചകന്റെയൊരു ശൃംഗാരം കാട്ടാളന്റെയൊരു ശൃംഗാരം പല സ്വഭാവമുള്ള കഥാപാത്രങ്ങളുടെ ശൃംഗാരത്തെ അതിനെ എങ്ങനെ വിലയിരുത്തുന്നു.അത് താരതമ്യം ചെയ്യുമ്പോള്‍ എന്താണ് തോന്നിയിട്ടുള്ളത്.?

പച്ചയുടെ ശൃംഗാരത്തിന് മാത്രമാണ് സ്ത്രീകള്‍ റസ്‌പോണ്‍സ് ഇല്ല. മറുപടി പ്രസംഗങ്ങളില്ലാതെ അവരങ്ങനെ നിന്നോളും. രണ്ടോ മൂന്നോ വാചകങ്ങളു ണ്ടാവുക എന്നല്ലാതെ മറ്റൊന്നുമില്ല. സംവാദം സാധ്യമല്ലാത്തത് കരിയിലും കത്തിയിലുമാണ്. അതിന്റെയൊരു സങ്കല്‍പ്പം എന്ന് പറയുന്നത് ക്ലാസ് &കാസ്റ്റ് ഡിഫറന്‍സ് ഈ കഥാപാത്രങ്ങളില്‍ ഉണ്ട് എന്നതാണ്. വരേണ്യം എന്ന് വിളിക്കാവുന്ന കഥാപാത്രങ്ങളാണ് പച്ചയില്‍ വരുന്നത്. രാവണന്‍,കീചകന്‍ ഇവരൊക്കെ അസുരസ്വഭാവമുള്ള കഥാപാത്രങ്ങളാണ്. ഇവരോട് സംവദിക്കേണ്ടവരല്ല. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഭസ്മീകരിക്കാം എന്നുള്ള ഒരു നിര്‍ദ്ദേശം അവിടെ കൊടുക്കുന്നുണ്ട്.ഒരു ബ്രാഹ്മണിക്കല്‍ മെയില്‍ ആയിട്ടാണ് പച്ച നില്‍ക്കുന്നതെങ്കില്‍ ഒരു ആല്‍ഫാ മെയില്‍ ആയിട്ടാണ് വാസ്തവത്തില്‍ കത്തിയും കരിയുമൊക്കെ നില്‍ക്കുന്നത്.ശൃംഗാരം എന്നു പറയുമ്പോള്‍ ഒരു സ്ത്രീകഥാപാത്രത്തിന്റെ ശൃംഗാരം അരങ്ങില്‍ ആടിയിട്ടില്ല. എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

? 17 : ക്ലാസിക്കല്‍ അരങ്ങ് സങ്കല്‍പ്പത്തില്‍ ഏറ്റവും കരുത്തുള്ള സ്ത്രീകഥാപാത്രം എന്നു തോന്നിയിട്ടുള്ള ഏതൊക്കെ കഥയില്‍ ആരൊക്കെയാണ്. ?

സ്ത്രീകഥാപാത്രങ്ങളെ നോക്കുമ്പോള്‍ കുലസ്ത്രീകളുടെ ഒരു വലിയ നിരയുണ്ട്. അതേപോലെ തന്നെ ലളിതമാര്.പിന്നീട് യക്ഷികളായിമാറുന്ന ലളിതമാര്‍ക്ക് ഒരു പ്രണയകര്‍തൃത്വവും .അഭിസാരികമാരാണ് അത്.അവരൊക്ക തന്നെ അനഭമതകളായിരുന്ന സ്ത്രീകഥാപാത്രങ്ങളാണ്.ഉര്‍വ്വശിമാരുള്‍പ്പെടെ കുടുംബത്തിലേക്ക് കൂട്ടാന്‍ പറ്റില്ല. പക്ഷെ ദമയന്തിയെ നമുക്കങ്ങനെ കുല സ്ത്രീകള്‍ക്കു ചേര്‍ന്ന കുറച്ചു പുരുഷന്മാരും കുലസ്ത്രീകളല്ലാത്ത സ്ത്രീകളും, ഒന്നുകില്‍ മെരുക്കിയെടുക്കാനും അല്ലെങ്കില്‍ പാടെ ഇല്ലാതാക്കാനും നിയുക്തരായ കുറച്ച് പുരുഷകഥാപാത്രങ്ങളുടെ ഒരു വിന്യാസം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടു തന്നെ ഇഷ്ടപ്പെട്ട സ്ത്രീകഥാപാത്രം എന്ന് ചോദിക്കുമ്പോള്‍ അഭിനയസാധ്യതയുള്ള കുറേയധികം കഥാപാത്രങ്ങളതിലുണ്ട്. പക്ഷെ സ്ത്രീകര്‍തൃത്വത്തിലേക്ക് കൊണ്ടുപോകാവുന്ന കഥാപാത്രങ്ങളെ വളരെ അധികമായിട്ടൊന്നും കഥകളിയുടെ അരങ്ങുകളില്‍ കണ്ടെത്താന്‍ കഴിയുമെന്ന് തോന്നിയില്ല.കാരണം അവര്‍ കൊണ്ടുപോകുന്നത് നിങ്ങള്‍ക്കു പോകാന്‍ പാടില്ലാത്ത വഴികള്‍ കാണിച്ചു തരാന്‍ നിങ്ങളെ സന്മാര്‍ഗ്ഗത്തിലേക്ക് നയിക്കാന്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള സ്ത്രീകളാണ്.പക്ഷെ ഏറ്റവും കൂടുതല്‍ അഭിനയ സാധ്യത വെച്ചുകൊണ്ടുള്ള കഥാപാത്രങ്ങളെ മാത്രമേ എനിക്കങ്ങനെ കാണാന്‍ പറ്റുകയുള്ളൂ എന്നാണ്.

? 18 : അന്തസ്സുള്ള പുരുഷകഥാപാത്രമായിട്ട് തോന്നിയിട്ടുള്ളത് ?

ഉദ്ഭവരാവണന്‍ കൈലാസോദ്ധാരണത്തിലെ രാവണന്‍ കത്തിവേഷങ്ങളാണ് അരങ്ങു നിറയുന്നതായിട്ട് തോന്നിയിട്ടുള്ളത്. പക്ഷെ ഞാന്‍ ഇഷ്ടപ്പെടുന്ന വേഷങ്ങള്‍ ഗോപി, ശിവരാമന്റെ നളനും ദമയന്തിയും ആണ് എന്നതാണ് വേറൊരു വൈരുധ്യം

? 19: പുരുഷന്റെ കാല്‍പ്പനിക ഭാവങ്ങളെ കലാമണ്ഡലം ഗോപി എന്നുള്ള നടന്‍ എങ്ങനെയാണ് സാര്‍ത്ഥകമാക്കിയിട്ടുള്ളത് ? ആ കാലഘട്ടത്തിലെ ഓരോ നടന്മാരെയും എങ്ങനെയാണ് ടീച്ചര്‍ നിര്‍വ്വചിക്കുന്നത്?

ഞാന്‍ പ്രേംനസീറിന്റെയും ഷീലയുടെയും സിനിമകള്‍ കണ്ട് വളര്‍ന്നിട്ടുള്ളാരാളാണ്. ആ ഒരു കാല്പനികനായക സങ്കല്‍പ്പത്തെ ക്ലാസിക്കല്‍ കല എന്നു നമ്മള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കലയിലെ നായക സങ്കല്‍പ്പത്തെ ജനപ്രിയ നായകനാക്കിയിട്ട് പരിവര്‍ത്തിപ്പിക്കുന്ന ചരിത്ര പരമായിട്ടുള്ള റോളാണ് ഗോപിക്കുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം നമ്മുടെ അടുത്തിരിക്കുന്ന ഒരാളാണ്. അദ്ദേഹത്തെ നമുക്ക് തൊട്ടറിയാം. അദ്ദേഹം മാനുഷികഭാവത്തിലേക്ക് നളനെ കൊണ്ടുവരുന്നുണ്ട്. രാമന്‍കുട്ടിനായരുടെ നളനെ ഞാന്‍ ഇഷ്ടപ്പെട്ടിട്ടും ആസ്വദിച്ചിട്ടുമില്ല. പക്ഷെ ഞാന്‍ കേട്ടിട്ടുണ്ട് ചിലര്‍ പറയുന്നത് ചിട്ടപ്രധാനമായ അഭിനയമാണ് രാമന്‍കുട്ടിനായരുടേത്. ചിട്ടകള്‍ മുറിക്കുന്ന കഥാപാത്രങ്ങളെയാണ് പൊതുവെ എനിക്കിഷ്ടം.കാരണം ഏറ്റവും നന്നായിട്ട് ചിട്ട് അറിയുന്ന ആള്‍ക്ക് മാത്രമേ ചിട്ട മുറിക്കാനും കഴിയുകയുള്ളൂ. അത്തരത്തില്‍ ചിട്ടകളെ തെറ്റിച്ചിട്ടുള്ള വ്യക്തികളായായിട്ടാണ് ഞാന്‍ ഗോപിയെയും ശിവരാമനെയും കാണുന്നത്. അത്തരത്തിലൊരു കത്തി വേഷം ചെയ്യാന്‍ കഴിയുന്ന മറ്റൊരാളാണ് ഷാരടിവാസു. വെള്ളത്താടി ഹനുമാനില്‍ എനിക്കിഷ്ടം കുമാരന്‍ നായരെയാണ്.

? 20: കീഴ്പ്പടം കുമാരന്‍ നായരെ എങ്ങനെയാണ് വിലയിരുത്തുന്നത് ?

കീഴ്പടം കുമാരന്‍ നായര്‍ സത്യത്തില്‍ വലിയൊരു സംഭവമാണ്. കാരണം മലയാളിക്ക് മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് വെറുതെയല്ല മലയാളത്തില്‍ ഉണ്ടായത്. തന്റെ തൊട്ടടുത്തിരിക്കുന്ന മഹത്വത്തെ തിരിച്ചറിയാ നുള്ള ശേഷികുറഞ്ഞാരു മലയാളികളുടെ സമൂഹം. അതുകൊണ്ടാണ് വാസ്തവ ത്തില്‍ കുറുപ്പിന് ബംഗാളിലേക്കും കുമാരന്‍ നായര്‍ക്ക് മദിരാശിയി ലേക്കുമൊ ക്കെ പോകേണ്ടിവന്നത് എന്നാണ് ഞാന്‍ വിലയിരുത്തുന്നത്. പിന്നെ നമ്മുടെ ഓരോ ബോധ്യങ്ങളും ഉണ്ടല്ലോ. കലാമണ്ഡലത്തില്‍ പഠിക്കണം, കല്ലവഴിച്ചിട്ടയില്‍ വരണം ,കലാനിലയത്തില്‍ പോയാലോ , സദനത്തില്‍ പഠിച്ചാലോ ഒന്നും തന്നെ ആവില്ല എന്നൊക്കെ കുറേതരത്തിലുള്ള ശരി ബേധ്യങ്ങളുണ്ട് അതൊക്കെ നമ്മുടെ ആഭിജാത്യ സങ്കല്‍പ്പങ്ങളില്‍ ഉണ്ട് . പക്ഷെ അതിനെയൊക്കെ തെറ്റിച്ച് വാസ്തവത്തില്‍ നമ്മുടെയൊക്കെ ഇടയില്‍ നില്‍ക്കുന്ന വാനര കഥാപാത്രം എന്നു പറയാന്‍ പറ്റുന്ന തരത്തില്‍ പച്ചയേക്കാള്‍ ഉയരത്തിലുള്ള ഒരു കഥാപാത്രം ആവുക അതൊക്കെ വലിയൊരു കാര്യമാണ്.

? 21: ? ഇന്ന് കഥകളി സംഗീതം എന്നു പറയുന്നത് വളരെ മാറി.ഓരോ കലയും കാലത്തിന് അനുസരിച്ച് വായിക്കണം. വെണ്മണി ഹരിദാസ് വരെ പൂര്‍ത്തീകരിച്ച ഒരു കഥകളി സംഗീതത്തിനപ്പുറം ഇന്ന് വല്ലവരും വല്ലതും ചെയ്തിട്ടുണ്ട് എന്ന് തോന്നുന്നുണ്ടോ?

ഇന്ന് കഥകളി സംഗീതം എന്നു പറയുന്നത് വളരെ വളരെ മാറിയിട്ടുണ്ട്, അത് ശരി തന്നെ. സംഗീതത്തിന്റെ കാര്യത്തില്‍ ഒരുപാട് മുന്നോട്ടുപോയി ട്ടുള്ളതായി തോന്നിയിട്ടുണ്ട്. ഞാന്‍ കണ്ട കാലത്തെ അപേക്ഷിച്ച് പറയുന്നതില്‍ അപ്രാഗല്‍ഭ്യം ഉണ്ട് . സംഗീതത്തിന്റെ കാര്യത്തില്‍ ഞാന്‍ കേള്‍ക്കുന്നൊരാളായതു കൊണ്ടാണ് ഞാന്‍ പറയുന്നത് നല്ല നടന്മാരില്ല എന്നും , നല്ല വാദ്യാന്മാരില്ല എന്നൊന്നുമല്ല ഞാന്‍ പറയുന്നത് പക്ഷെ പാട്ടിന്റെ കാര്യത്തില്‍ കോട്ടക്കല്‍ മധുവാണെങ്കിലും നാരായണനാണെങ്കിലുമൊക്കെ ഒരുപാട് ദൂരത്തേക്ക് സോപാനസംഗീതത്തിന്റെ കൂടുതല്‍ സാധ്യത അവര്‍ ഉപയോഗിച്ചു എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. കഥകളി സംഗീതത്തിന്റെ പുതുമയും അപരിചിതത്വവുമാണ് നമ്മളെ അതില്‍ പിടിച്ചു നിര്‍ത്തുന്നത് കര്‍ണ്ണാടകസംഗീതവുമായിട്ടും നമുക്കതിനെ മേളിക്കാം. ഹരിദാസേട്ടന്റെ പാട്ടുകള്‍ അതിഗംഭീരമാണ്. ലോകത്തിലെ ഏതു സംഗീതത്തോടും കിടപിടിക്കാവുന്ന സംഗീതം തന്നെയാണ് കഥകളി സംഗീതം. അതിന്റെ ഭാവനാത്മകത കൂടിവരുകയാണ് ചെയ്യുന്നത്.

? 22 : സ്ത്രീകള്‍ അരങ്ങില്‍ പാടുന്നു പുരുഷന്‍ കളിക്കുന്നു. അതിനെ എങ്ങനെ വിലയിരുത്തുന്നു ?

ഏതു കഥാപാത്രത്തെയും തന്റെ ചേങ്ങിലയില്‍ നിര്‍ത്തുന്ന പാട്ടുകാരികളുണ്ട് .ചേങ്ങിലയിലാണല്ലോ അരങ്ങു മുഴുവന്‍ നിയന്ത്രിക്കുന്നത്. അരങ്ങിന്റെ പൂര്‍ണ്ണ നിയന്ത്രണമാണ് ചേങ്ങില എന്നു പറയുന്നത്.ആ തരത്തില്‍ പൂര്‍ണ്ണ നിയന്ത്രണം സ്ത്രീയിലേക്ക് വരും. കളിയോഗം നടത്തിയിരുന്നു അമ്മു നേത്യാരമ്മ. പക്ഷെ ചരിത്രത്തിലില്ല. അവര്‍ .കളിയോഗക്കാര്‍ പുരുഷന്മാരും കളിക്കാരുമാണ്. ഇങ്ങനെ സ്ത്രീകളുടേതായിട്ടുള്ള ഒരു പക്ഷെ വരേണ്യകളായിരി ക്കാം പക്ഷെ കഥകളിയുടെ എല്ലാ സങ്കേതങ്ങളെയും പഠിക്കുകയും നിയന്തിക്കുകയും തന്റെതായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുകയും സ്ത്രീകള്‍ക്കുള്ള വഴിയൊരുക്കുകയും ഒക്കെ ചെയ്തിട്ടുള്ള ആള് വരേണ്യയല്ല. ചവറ പാറുക്കുട്ടി എന്ന സ്ത്രീ കഥകളിയുടെ ആട്ടപ്രകാരങ്ങളാവട്ടെ കഥകളിയെക്കു റിച്ചുള്ള പഠനങ്ങളാവട്ടെ അതൊന്നും തന്നെ സ്ത്രീകളുടെ അതുവരെയുള്ള സാന്നിധ്യത്തെപ്പോലും രേഖപ്പെടുത്തുന്നില്ല. സ്ത്രീകളേ ഇല്ലാത്ത ഒരിടമായി കഥകളിയെ മാറ്റിക്കൊണ്ടുവരികയായിരുന്നു ഒരു പരിധിവരെ ചെയ്തത്. ഉണ്ടായിരുന്ന സ്ത്രീകളെ വരെ മായ്ച്ചുകളഞ്ഞു. കഥകളിയോ അത് കോലോത്തെ കുട്ടികള്‍ക്കുള്ളാരു കളി. ഇങ്ങനെ നിസ്സാരീകരിക്കും . സ്ത്രീകള്‍ക്കുള്ള ആത്മവിശ്വാസത്തെയും ധൈര്യത്തെയും ചോര്‍ത്തിക്കളയുന്ന രീതിയിലാണ് .കഥകളി വേഷംകെട്ടാനുള്ള അഭ്യാസം പോയിട്ട് ഒരു രാത്രി കഥകളി കാണാന്‍ പോലും വിഷമിക്കുന്ന സ്ത്രീയുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടെന്നും അത് അനുഭവിക്കുന്ന ആളുകൂടിയാണ് ഞാന്‍ . ഒരുപാട് ആസ്വാദന തലങ്ങളെ ഒരേ സമയം തുറന്നുതരുന്ന ഒരു കലാരൂപമാണല്ലോ കഥകളി അതുകൊണ്ട് കഥകളിയെ വ്യത്യസ്തതരത്തിലാണ് ഓരോരുത്തരും ആസ്വദിക്കു ന്നത്. സ്ത്രീകള്‍ അവരുടെ സമയ പരിധിക്കനുസരിച്ച് ആസ്വദിക്കുന്നുണ്ടായി രിക്കാം. എന്നാണ് എനിക്ക് തോന്നുന്നത്.

? 23 : താത്രിപഠനങ്ങളൊക്കെ വായിക്കുമ്പോള്‍ അതില് പലകഥകളിക്കാര്‍ വന്നിട്ടുണ്ട്. താത്രി കണ്ടാല്‍ കഥകളിയെ ടീച്ചര്‍ ഇന്ന് വിലയിരുത്തുന്നത് എങ്ങനെയാണ് ?

കെ.പി.എസ് മേനോന്‍ പറഞ്ഞത് താത്രിക്കുട്ടിക്ക് കഥകളി ഭ്രാന്ത് ഇല്ലായിരുന്നുവെങ്കില്‍ എന്നാണ്. രാത്രിപോയി കഥകളി ആസ്വദിക്കുന്നത് കുലസ്ത്രീകള്‍ക്ക് ചേര്‍ന്നതല്ല എന്നതില്‍ നിന്നാണല്ലോ കുറിയേടത്തു താത്രി ഭ്രഷ്ടാക്കുന്നത്. ഭരതന്റെ നാട്യശാസ്ത്രത്തില്‍ തന്നെ പറയുന്നത് നിങ്ങള്‍ കലയൊക്കെ പഠിച്ചോളു പക്ഷെ ഭരതമുനിയുടെ ആശ്രമത്തില്‍ ഉള്ളവര്‍ വേണ്ട സ്വര്‍ഗ്ഗ ലോകത്തു നിന്ന് വേശ്യകളെ മതീന്ന്. ഇതാണ് മൊത്തത്തിലുള്ള സങ്കല്‍പ്പ വിക്ടോറിയന്‍ സദാചാരത്തിന്റെ ഉള്ളിലാണ് ഇന്നും നില്‍ക്കുന്നത്. ബ്രാമണിക്കല്‍ സദാചാര സങ്കല്‍പ്പവും വിക്ടോറിയന്‍ സദാചാരവും തമ്മില്‍ ഭയങ്കര യോജിപ്പാണ്. ഇത് ഇന്ത്യയിലെ മാത്രം കെടുതിയല്ല ലോകത്തിലെ മൊത്തം സ്ത്രീകളുടെ ആഭിജാത്യത്തെക്കുറിച്ചും സ്ത്രീകള്‍ പുരുഷന് വിധേയനാകേണ്ടതിനെക്കുറിച്ചും ഒക്കെ ഉണ്ടായിരുന്ന ഒരു സങ്കല്‍പ്പനത്തിന്റെ ഭാഗം 1905-ല്‍ ഇവിടെ ഭരിക്കുന്നത് ബ്രിട്ടീഷുകാരാണ് .അവര്‍ കൊണ്ടുവന്ന ഒരുപാട് മൂല്യങ്ങളുടെ കൂടി ഭാഗമാണ്. ഒരു സാമുദായിക കോടതിയാണ് അത് അതില്‍ വര്‍ത്തിച്ചിട്ടു. മൂല്യത്തിനും ബ്രാഹ്മണിക്കല്‍ വരേണ്യതയുടെ സ്വാധീനം ഉണ്ടായിരിക്കാം എന്ന് വിചാരിക്കുന്നു. വാസ്തവത്തില്‍ വീരരൌദ്രങ്ങളെക്കാള്‍ ഞാന്‍ ആസ്വദിക്കുന്നത് കരുണവും ശൃംഗാരവുമാണ്.കഥകളിയുടെ അരങ്ങില്‍ സ്ത്രീയുടെ ശൃംഗാരം കാണാന്‍ എനിക്ക് സാധിച്ചിട്ടില്ല.

24 ?:കഥകളിക്ക് ഒരു എതിര്‍പാഠം വന്നിട്ടേ ഇല്ല . എന്ത് കൊണ്ടാണ് വിമര്‍ശനപാഠം കഥകളിക്ക് വരാത്തത് ? ഒക്കെ വാഴ്ത്തലുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളു .അത് എന്തുകൊണ്ടാണ് പുതിയകാലത്തിന് അങ്ങനെയൊരു സാധ്യതകളില്ലേ ?

ഇങ്ങനെയാരും വിമര്‍ശനവിധേയരാക്കാത്തതുകൊണ്ടാണ് അതിലെ പുരുഷാധിപത്യം നിലനില്‍ക്കുന്നതും സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമാക്കാതെ വരുന്നതും. അണിയറയിലിരുന്ന് സ്ത്രീകള്‍ക്ക് വേഷം മാറല്‍ സാധിക്കാത്ത സാഹചര്യവും ഉണ്ട് , അങ്ങനെയൊരു യാഥാര്‍ത്ഥ്യം ഇതില്‍ കാണാതിരിക്കാന്‍ പറ്റില്ല. ഈ കലാകാരന്മാര്‍ എന്നു പറയുന്നവര്‍ തന്നെയാണ് സ്ത്രീകള്‍ക്ക് അവിടേക്കുള്ള പ്രവേശനം നിഷിദ്ധമാക്കിയിട്ടുള്ളത്. സ്ത്രീകളെ രണ്ടാംകിട പദവിയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ശ്രമിക്കുമ്പോഴും കൂടെ ആടുന്ന പെണ്ണിനെ തന്റെ കൂട്ടു വേഷക്കാരിയായി കണക്കാക്കാന്‍ പറ്റാത്ത രീതിയില്‍ ദാസിയായിട്ടാണ് കണക്കാക്കുന്നത്. ഇതൊരു ജനാധിപത്യബോധത്തിന്റെ അഭാവത്തിലാണ് വാസ്തവത്തില്‍ കഥകളിയുടെ കാണികളും ഈ പുരുഷവിധേയരാകുന്നത്. ഇതിനെ വിമര്‍ശിക്കാം ,പ്രശ്‌നവല്‍ക്കരിക്കാം എന്ന ബോധം കാണികള്‍ക്കും ഇല്ല.

25 ?: കഥകളികാണല്‍ തുടങ്ങിയ ഒരു കാലത്തു നിന്ന് ഇപ്പോള്‍ നമുക്ക് എല്ലാ ഭൗതികസാഹചര്യങ്ങള്‍ ഉണ്ടായാല്‍ പോലും കഥകളി കാണേണ്ടതില്ല എന്നൊരു തോന്നല്‍ വരുന്നുണ്ടോ ഉണ്ടെങ്കില്‍ അതിന് കാരണം എന്താണ് ? അന്നത്തെ കാലത്തെ പൂര്‍ണ്ണതകളല്ല എന്ന തരത്തില്‍ കഥകളി നീങ്ങിയിട്ടുണ്ടോ?

അത് കഥകളി നീങ്ങിയതല്ല ഞാന്‍ നീങ്ങിയതാവാം.എന്റെ പരിമിതിയാവാം എന്ന് എനിക്ക് തോന്നുന്നു. ഞാന്‍ നല്ല കഥകളിയൊക്കെ കണ്ടു, എനിക്കിപ്പൊ കഥകളി കണ്ടില്ലെങ്കിലും ഇനി പ്രശ്‌നമില്ല. ഇനി പുതിയതായി കഥകളി കാണാനുണ്ട് തോന്നുമ്പോഴായിരിക്കും ഇനി അതിലേക്ക് ഇറങ്ങാന്‍ തോന്നുക. കഥകളി മോശമായതുകൊണ്ടല്ല .ഒരു പക്ഷെ എന്റെ പഴമയും എന്റെ പരിമിതിയും കൊണ്ട് ഞാന്‍ അങ്ങോട്ട് പ്രവേശിച്ചില്ലെങ്കിലും പ്രശ്‌നം ഇല്ലാത്ത അവസ്ഥയിലാണ്.

26 ? : പുതിയ കഥകളിവിചാര പുസ്തകത്തിന്റെ ഉള്ളടക്കം എന്താണ്?

ഇതില്‍ രണ്ട് ഭാഗങ്ങളാണ് ഉള്ളത്. പ്രസിദ്ധീകരിച്ച രണ്ട് പഠനഗ്രന്ഥങ്ങളും അതിലുണ്ട്. പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കാത്ത കുറച്ചു ലേഖനങ്ങളും അതിലുണ്ട്. സ്ത്രീകളായ ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് കളിയമ്മമാരെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ആട്ടക്കഥയില്‍ – നിന്നും അരങ്ങിലേക്കു വരുമ്പോള്‍ എങ്ങനെയാണ് സ്ത്രീകള്‍ മറഞ്ഞു പോകുന്നത് ? ഏതൊക്കെ സ്ത്രീകഥാപാത്രങ്ങളെ ഡെവലപ്പ് ചെയ്യാം എന്ന് , വെള്ളിനേഴി സ്‌കൂളില്‍ കഥകളി നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിച്ച് വരുന്നു, വിദേശികള്‍ക്ക് കാണാനുള്ള കെട്ടുകാഴ്ചയായിട്ട് മാത്രം ഇത് ചുരുങ്ങി പോകുന്നുണ്ടോ എന്ന ഉല്‍കണ്ഠകള്‍ നിറഞ്ഞ ലേഖനങ്ങള്‍.

27 ? : കഥകളിക്ക് വിപുലമായ ഒരു നിരൂപണപദ്ധതി ഉണ്ടായിട്ടില്ല. കേരളത്തിന്റെ കഥയായിട്ടുപോലും എന്തുകൊണ്ടാണ് കൃത്യമായ രൂപത്തില്‍ ഒരു നിരൂപണഗ്രന്ഥം വരാത്തത്?

അത് അത്ര എളുപ്പമല്ല.കാരണം ഏതെങ്കിലും ഒരു തരത്തില്‍ കണ്ടു എന്നോ കേട്ടു എന്നോ നടക്കില്ല. എന്റെ അനുഭവം ആണ് പറയുന്നത്. അതിനും മാത്രമുള്ള വളര്‍ച്ച ഇല്ലാത്തതുകൊണ്ടാണ് എന്ന രീതിയിലാണ് .ഇത്രയും കാലം അനുവര്‍ത്തിച്ചുവന്ന സമയ ദൈര്‍ഘ്യം പുതിയകാലത്തിന് അത്രയും സമയം കളഞ്ഞിട്ട് ഒരു കഥകളി രൂപം തയ്യാറാക്കാന്‍ സൌകര്യമില്ല. പിന്നെ അതിന്റെ സാങ്കേതികത്വം അതിലേക്കുള്ള പ്രവേശനത്തെ ബുദ്ധിമുട്ടിച്ചിട്ടുണ്ടായിരിക്കും. ക്ലാസിക്കല്‍ കല എന്നതിനോട് ഞാന്‍ യോജിക്കുന്നില്ല .കഥകളി ഒരു ഫോക്കാണ് എന്നാണ് ഞാന്‍ പറയുക. അമ്പലത്തിന്റെ ഉള്ളില്‍ കഥകളി നടക്കില്ല. പുറത്താണ് എപ്പോഴും കഥകളി.എല്ലാവരും കഥകളി ക്ലാസിക്കല്‍ കലയാണെന്ന് പറയുമ്പോഴും എങ്ങനെയാണ് കഥകളി ക്ലാസിക്കല്‍ കലയാകുന്നത് ? കഥകളിയില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള അംശങ്ങള്‍ ഒരുപാട് ഫോക് എലമെന്റ്‌സ് ആണ്. അതുകൊണ്ട് തന്നെ കഥകളി ക്ലാസിക്കലൈങ്ങനെ ആവും

28 ? : സോഷ്യല്‍ മീഡിയയില്‍ കഥകളി ഗ്രൂപ്പുകള്‍ ഒക്കെയുണ്ട്. അതൊരു തരത്തില്‍ കഥകളിക്ക് പ്രമോഷന്‍ കൌണ്‍സിലുകളാണ്. സോഷ്യല്‍ മീഡിയ യില്‍ പഴയകാലതിരിച്ചറിവുകള്‍ കാണുന്നുണ്ട്. സോഷ്യല്‍ മീഡിയയിലുള്ള ഇത്തരം വ്യവഹാരങ്ങള്‍ നമുക്ക് കഥകളിയിലെ പൊയ് പോയ കാലങ്ങള്‍ തിരിച്ചു പിടിക്കാനാവുമോ ? അതുകൊണ്ട് കഥകളിക്ക് എന്തെങ്കിലും ഗുണമുണ്ടാ യിട്ടുണ്ടോ ? ഫേസ്ബുക്ക് ചര്‍ച്ചകള്‍ അതിനെപ്പറ്റി എന്താണ് അഭിപ്രായം ?

പാട്ട് മാത്രമാണ് ഞാന്‍ ആസ്വദിക്കാറ്. ചെറിയ സ്‌ക്രീനില്‍ ഒന്നും കളികാണാന്‍ സാധ്യമല്ല. എനിക്ക് ഒരു സിഡി ഇട്ടിട്ട് പോലും കാണാന്‍ പറ്റില്ല. എന്റെ പരിമിതിയാണ് അത്. ഞാനത് സമ്മതിക്കാന്‍ തയ്യാറുമാണ്, എന്റെയൊരു കുറവാണ് അത്. കാലത്തോടൊപ്പം എന്റെ കാഴ്ച്മാറാത്തതിന്റെ ഒരു ബുദ്ധിമുട്ടുണ്ട് എനിക്ക് . കളിയുടെ സംഗതികള്‍ കാണാന്‍ പറ്റില്ല. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ആകെ ആസ്വദിക്കുന്നത് അതിലെ പാട്ടുകളാണ്. വ്യക്തിപരമായിട്ട് എന്റെ അനുഭവം അതാണ്. പക്ഷെ ഒരുപാട് പേര്‍ കഥകളിയെക്കുറിച്ച് സംസാരിക്കുന്ന തായും വാദപ്രതിവാദങ്ങള്‍ നടത്തുന്നതായും ഞാന്‍ കണ്ടിട്ടുണ്ട്. അത്തരത്തി ലൊരു മാറ്റം ഗുണമാണോ എന്നത് കാലം കൊണ്ട് തെളിയേണ്ടതാണ്.

29 ? : സാഹിത്യ നിരൂപണം , സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപനം ഇതിനെയൊക്കെയൊരു ഊര്‍ജ്ജമായിട്ട് ഗീതടീച്ചര്‍ക്ക് കഥകളി എന്താണ് തന്നത്? കഥകളി ടീച്ചര്‍ക്ക് എന്തു തന്നു ?

കഥകളി എനിക്ക് തരാത്തത് എന്താണ് … ജീവിതത്തെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ എനിക്ക് കിട്ടി എന്റെ ആസ്വാദന ക്ഷമതയെ വികസിപ്പിക്കുന്നതിലും കഥകളി വലിയ പങ്കുവഹിച്ചു. എങ്ങനെ കഥകളി മേളപ്പിക്കാം എന്ന ശേഷി മലയാളിക്ക് ഉണ്ട് എന്നുള്ളത് എന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ എനിക്ക് തോന്നുന്നു പാട്ടിനെയും കൊട്ടിനെയും താളത്തെയും സംഗീതത്തെയും നൃത്തത്തെയും സമന്വയിപ്പിക്കുന്ന ഒരു കലാബോധം മലയാളിക്ക് ഉണ്ട്. ഒരു മലയാളി എന്ന രീതിയിലുള്ള അഭിമാനം എനിക്കുണ്ട്. അതെനിക്ക് ഒരു കെട്ടുകാഴ്ചയല്ല. അതെനിക്ക് എന്നില്‍ തന്നെ ലയിച്ചു ചേര്‍ന്ന ഒരു സംസ്‌കാരം എന്നൊക്കെ പറയാവുന്ന ഒന്നാണ്. അങ്ങനെ എന്തൊക്കയോ ആണ് എനിക്ക് കഥകളി. എന്റെ സാഹിത്യാസ്വാദനം കഥയായിട്ട് ഞാന്‍ കാണുന്നു , പാട്ടുകേള്‍ക്കുന്നു , അഭിനയത്തിലേക്കു വരുന്നു, ആസ്വാദനത്തിന്റെ ക്രമികമായിട്ടുള്ള വികാസം അതിന്റെ തന്മയീഭാവം കാണുന്നു. ഭരതന്റെ നാട്യശാസ്ത്രമാകട്ടെ , ധ്വന്യാലോകമാകട്ടെ ഇതൊക്കെ മനസ്സിലാക്കാന്‍ സാധിച്ചത് കഥകളിയിലൂടെയാണ്. കഥാര്‍സിസ് പോലും എനിക്ക് മനസ്സിലാവുന്നത് ഇതിലൂടെ ആയിരിക്കും . കഥകളിയിലൂടെ എനിക്ക് നിറങ്ങള്‍ ,സംഗീതം , നൃത്തം , അഭിനയം , ഭാവനാ യാഥാര്‍ത്ഥ്യം , മോഹങ്ങള്‍ , മോഹഭംഗങ്ങള്‍ എല്ലാം കിട്ടി. ജീവിതത്തിന്റെ അരങ്ങുകള്‍ എത്രത്തോളം പുരുഷാധികാരപരമെന്നും എന്നെ പഠിപ്പിച്ചതു കഥകളികൂടിയാണ്. അങ്ങനെ കഥകളി എനിക്ക് എന്താണ് തരാത്തത്.

പകര്‍ത്തെഴുത്ത് : വിനിഷ എടപ്പലം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply