ചെര്‍ണോബില്‍ പ്രദര്‍ശിപ്പിക്കുന്നു – ആഗസ്റ്റ് 23, 10ന് തൃശൂരില്‍ സാഹിത്യ അക്കാദമിയില്‍

ജേണലിസ്റ്റും, ചരിത്രകാരിയും 2015-ല്‍ സാഹിത്യത്തിന് നോബേല്‍ സമ്മാനം ലഭിക്കുകയും ചെയ്ത, ബെലെറൂസിയന്‍ എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്റെ ‘വോയ്‌സസ് ഓഫ് ചെര്‍ണോബില്‍, ദ ഓറല്‍ ഹിസ്റ്ററി ഓഫ് ന്യൂക്ലിയര്‍ ഡിസാസ്റ്റര്‍’ എന്ന പുസ്തകവും, സോവിയറ്റ് ശാസ്ത്രജ്ഞനായ വലേറി ലഗാസോവിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ ഓഡിയോ ടേപ്പുകളുമാണ് ഈ സീരീസ് പ്രധാനമായും അവലംബിക്കുന്നത്.

ഭൂമുഖത്ത് നടന്നിട്ടുള്ള ഏറ്റവും മാരകമായ ആണവദുരന്തത്തിന്റെ എല്ലാ വശങ്ങളേയും തുറന്നു കാട്ടുന്ന ചെര്‍ണോബില്‍ സിരീസ് നവചിത്ര ഫിലിം സൊസൈറ്റി പ്രദര്‍ശിപ്പിക്കുന്നു. ആഗസ്റ്റ് 23, രാവിലെ 10ന് തൃശൂരില്‍ സാഹിത്യ അക്കാദമിയിലാണ് പ്രദര്‍ശനം നടക്കുക.

ടെലിവിഷന്‍ സീരിസുകളിലെ മാസ്റ്റര്‍പീസ് എന്നു നിസംശയം വിളിക്കാവുന്ന ‘ചെര്‍ണോബില്‍’ ഒരു മണിക്കൂര്‍ വരുന്ന അഞ്ച് ഭാഗങ്ങളായാണ് അവതരിപ്പിക്കുന്നത്. ജേണലിസ്റ്റും, ചരിത്രകാരിയും 2015-ല്‍ സാഹിത്യത്തിന് നോബേല്‍ സമ്മാനം ലഭിക്കുകയും ചെയ്ത, ബെലെറൂസിയന്‍ എഴുത്തുകാരി സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്റെ ‘വോയ്‌സസ് ഓഫ് ചെര്‍ണോബില്‍, ദ ഓറല്‍ ഹിസ്റ്ററി ഓഫ് ന്യൂക്ലിയര്‍ ഡിസാസ്റ്റര്‍’ എന്ന പുസ്തകവും, സോവിയറ്റ് ശാസ്ത്രജ്ഞനായ വലേറി ലഗാസോവിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ ഓഡിയോ ടേപ്പുകളുമാണ് ഈ സീരീസ് പ്രധാനമായും അവലംബിക്കുന്നത്. ക്രയ്ഗ് മസിന്റെ തിരക്കഥക്ക് സ്വീഡിഷ് സംവിധായകന്‍ ജോഹന്‍ റെന്‍ക് ആണ് ആവിഷ്‌ക്കാരം നിര്‍വ്വഹിച്ചത്. ലോകത്തെ എക്കാലത്തേയും മികച്ച ടിവി റേറ്റിങ്ങ് ചാര്‍ട്ടുകളില്‍ ചെര്‍ണോബില്‍ ഇടംപിടിക്കുകയും വലിയ രീതിയില്‍ ജനപ്രീതിയും നിരൂപകപ്രശംസയും നേടുകയുണ്ടായി.

1986 ഏപ്രില്‍ 26 പുലര്‍ച്ചെ 1.23-ന് ഉക്രൈയ്‌നിലെ പ്രിപ്യാറ്റ് നഗരത്തിലെ ആണവനിലയത്തിന്റെ റിയാക്ടര്‍ നമ്പര്‍ 4 ഒരു പരീക്ഷണത്തിനിടയിലാണ് പൊട്ടിത്തെറിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഗൗരവമേറിയ സാങ്കേതിക വിപത്തായിരുന്നു ആ പൊട്ടിത്തെറി. നൂറ് ഹിരോഷിമകള്‍ക്ക് തുല്യമായ ചെര്‍ണോബില്‍ ആണവ വിസ്‌ഫോടനം അമ്പത് ക്യൂറി റേഡിയോ ആക്ടിവിറ്റി അന്തരീക്ഷത്തിലേക്ക് തുറന്നുവിട്ടു. ബെലെറൂസിലെ 23 ശതമാനം ഭൂമിയ്ക്കും പൂര്‍ണമായും റേഡിയേഷന്‍ മാലിന്യമേറ്റു. മൂന്നു ലക്ഷത്തോളം പേരെ ന്യൂക്ലിയര്‍ പ്രസരണമേറ്റ സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. 485 ഗ്രാമങ്ങളും പട്ടണങ്ങളും എന്നന്നേക്കുമായി നഷ്ടമായി. ഇരുനൂറ്റി അറുപത്തിനാലായിരം ഹെക്ടര്‍ കൃഷിഭൂമി ഉപേക്ഷിക്കപ്പെട്ടു. ബെലെറൂസിന്റെ നാലിലൊന്ന് വനപ്രദേശവും പ്രിപ്യാറ്റ്, ഡ്‌നൈവര്‍, സോഴ് എന്നി നദികളുടെ താഴ്വരയുടെ പകുതിയിലധികവും റേഡിയോ ആക്ടിവിറ്റിയുടെ മാലിന്യമേറ്റു. കാറ്റിലൂടെ വ്യാപിക്കാന്‍ തുടങ്ങിയ റേഡിയേഷന്‍ പോളണ്ട്, ജര്‍മ്മനി, ഓസ്ട്രിയ, റൊമാനിയ, സ്വിറ്റ്‌സര്‍ലണ്ട്, ഇറ്റലി, ഗ്രീസ്, ഫിന്‍ലന്റ്, നോര്‍വേ, ബള്‍ഗേറിയ… എന്നീ രാജ്യങ്ങളിലെല്ലാം എത്തിച്ചേര്‍ന്നു. അവിടങ്ങളിലെ അന്തരീക്ഷത്തിലെ റേഡിയേഷന്‍ ഉയര്‍ന്ന അളവിലെത്തി. ചെര്‍ണോബില്‍ അങ്ങനെ ഒരു അഗോള പ്രശ്‌നമായി മാറി.

ആദ്യത്തെ പൊട്ടിത്തെറിക്കുശേഷം മറ്റ് ആണവ റിയാക്ടറുകള്‍ക്ക് സംഭവിക്കാന്‍ സാധ്യതയുള്ള വലിയ പൊട്ടിത്തെറിയെ ഒഴിവാക്കാന്‍ സോവിയറ്റ് യൂണിയന് ആറ് ലക്ഷത്തിലേറെ സ്ഥിര-നിര്‍ബന്ധിത സൈനികരെ അത്യാഹിത പ്രദേശത്തേക്ക് നിയമിക്കേണ്ടിവന്നു. അവര്‍ രാപകലില്ലാതെ പണിയെടുത്താണ് വലിയൊരു പ്രദേശത്തെ മനുഷ്യവാസംതന്നെ തുടച്ചുനീക്കപ്പെടുമായിരുന്ന വന്‍ദുരന്തത്തെ നിയന്ത്രിച്ചത്. അന്ന് ജോലിചെയ്ത ഖനിതൊഴിലാളികള്‍, ആണവവികിരണമേറ്റവരെ പരിചരിച്ച നഴ്‌സുകളും ഡോക്ടര്‍മാരും ഇവരില്‍ ഭൂരിഭാഗവും പിന്നീട് ക്യാന്‍സര്‍ ബാധിതരായി. അര്‍ബുദ നിരക്ക് 74 ശതമാനം വര്‍ദ്ധിച്ചു. ഇവരെക്കുറിച്ചുള്ള ഔദ്യോഗിക രേഖകള്‍ ഒന്നും സര്‍ക്കാര്‍ സൂക്ഷിച്ചിരുന്നില്ല.

വലേറി ലഗാസോവ് ആത്മഹത്യചെയ്യുന്നതിനുമുമ്പ് രേഖപ്പെടുത്തിവെക്കുന്ന ഓഡിയോ ടേപ്പുകളില്‍ നിന്നാണ് ചെര്‍ണോബിലിന്റെ ഒന്നാം ഭാഗം തുടങ്ങുന്നത്. ചെര്‍ണോബില്‍ ദുരന്തമന്വേഷിക്കാന്‍ സോവിയറ്റ് നേതൃത്വം നിയോഗിച്ച ശാസ്ത്രജ്ഞനായിരുന്നു ലഗാസോവ്. സത്യം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ സോവിയറ്റ് സ്റ്റേറ്റ് വീട്ടുതടങ്കലിലാക്കുന്നു. ‘നുണകള്‍ക്ക് കൊടുക്കേണ്ടി വരുന്ന വില’യെന്താണെന്ന് അദ്ദേഹം സ്വയം ചോദിക്കുന്നു. ‘നുണകളെ നമ്മള്‍ സത്യമെന്ന് തെറ്റിദ്ധരിക്കുമോ എന്നതല്ല പ്രശ്‌നം, ധാരാളം നുണകള്‍ കേട്ടാല്‍ നമുക്ക് സത്യത്തെ തിരിച്ചറിയാന്‍ പറ്റാതാകുമോ എന്നതാണ് യഥാര്‍ത്ഥ ദുരന്തം’ എന്ന് ലെഗാസോവ് രേഖപ്പെടുത്തുന്നു. ചെര്‍ണോബില്‍ പൊട്ടിത്തെറിയുടെ രണ്ടാം വാര്‍ഷികമായ 1988 ഏപ്രില്‍ 26-ന് വലേറി ലെഗാസോവ് ആത്മഹത്യ ചെയ്തു. അദ്ദേഹത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അടങ്ങിയ ഓഡിയോ ടേപ്പുകള്‍ സോവിയറ്റ് ശാസ്ത്രജ്ഞരുടെ ഇടയില്‍ പ്രചരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്കുശേഷം സോവിയറ്റ് യൂണിയന്റെ RBMK റിയാക്ടറുകളുടെ ഘടനയിലെ ന്യൂനതകള്‍ അധികൃതര്‍ സമ്മതിച്ചു. ലെഗാസോവിനെ സഹായിച്ചുകൊണ്ട് അനവധി ശാസ്ത്രജ്ഞര്‍ ചെര്‍ണോബലില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചു. ഔദ്യോഗിക പ്രസ്താവനകളെ എതിര്‍ത്ത പലര്‍ക്കും ജയില്‍വാസവും അറസ്റ്റും നേരിടേണ്ടിവന്നു. അവരെ പ്രതിനിധാനം ചെയ്യാനും അവരുടെ അര്‍പ്പണബോധത്തെയും സേവനങ്ങളെയും ആദരിക്കാനുമാണ് ഉലാന ഖൊമ്യൂക് എന്ന കഥാപാത്രത്തെ ഈ സീരിയിലില്‍ സൃഷ്ടിച്ചത്. അവര്‍ മാത്രമാണ് ഈ ചരിത്ര നാടകത്തിലെ ഏക സാങ്കല്പിക കഥാപാത്രം. ചെര്‍ണോബില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ബോറിസ് ഷെര്‍ബീന ക്യാന്‍സര്‍ ബാധിതനായി 1990 ഓഗസ്റ്റ് 22-ന് അന്തരിച്ചു.

സോവിയറ്റ് യൂണിയന്‍ 1986-ല്‍ നടത്തിയ ചെര്‍ണോബില്‍ കുറ്റവിചാരണയില്‍ ആണനിലയത്തിന്റെ ഡയറക്ടറായിരുന്ന വിക്തോര്‍ ബ്രുഖാനോവിനും ചീഫ് എന്‍ജിനീയര്‍ നിക്കൊലായ് ഫോമിനും ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറായിരുന്ന അനാറ്റൊലി ഡ്യാറ്റ്‌ലൊവിനും പത്തുവര്‍ഷം തടവ് ലഭിച്ചു. ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍ റേഡിയേഷന്റെ അനന്തരഫലമായി തടവില്‍ കിടന്നു മരിച്ചു. എമര്‍ജന്‍സി ടാങ്കില്‍ സംഭവിച്ച സ്‌ഫോടനമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് അഗ്നിശമന സേന ആദ്യദിവസത്തെ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അവരെല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ മരിച്ചുപോയി. അഗ്നിശമനസേനയുടെ വസ്ത്രങ്ങള്‍ അപകടകരമായ അളവില്‍ വികിരണം പുറപ്പെടുവിച്ചുകൊണ്ട് ഇന്നും പ്രിപ്യാറ്റ് ആശുപത്രിയിലെ ബേസ്‌മെന്റില്‍ കിടക്കുന്നു.

ബെലൂറിസിലെയും ഉക്രൈനിലേയും വികിരണത്താല്‍ മലിനമാക്കപ്പെട്ട സ്ഥലം 2600 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണം വരും. ചെര്‍ണോബില്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ മരണസംഖ്യ ഒരിക്കലും പുറത്തുവന്നിട്ടില്ല. പല പഠനങ്ങളും പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലുള്ള പല കണക്കുകളും പറയുന്നു. പക്ഷേ, 1987 മുതല്‍ മാറ്റമില്ലാതെ തുടരുന്ന സോവിയറ്റ് ഔദ്യോഗിക മരണസംഖ്യ വെറും 31 ആണ്.

ചെര്‍ണോബില്‍ ദുരന്തം മനുഷ്യരാശിയെ വലിയ പാഠങ്ങള്‍ പഠിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട പല നിലകളുള്ള കെട്ടിടങ്ങളുള്ള പട്ടണങ്ങള്‍, ഗ്രാമങ്ങള്‍, മനുഷ്യവാസമില്ലാത്ത അപാര്‍ട്ടുമെന്റുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, പാര്‍ക്കുകള്‍, വീടുകള്‍ ഇതൊക്കെ ഭാവനയില്‍ കാണുക. ഇന്നത്തെ ചെര്‍ണോബില്‍ മുന്നില്‍ തെളിയും. ചിതറിക്കിടക്കുന്ന സെമിത്തേരികളുള്ള പ്രേതനഗരം. ബെലെറൂസിലെ 2.1 ദശലക്ഷം പേര്‍ ഇപ്പോഴും ജീവിക്കുന്ന ആണവ റേഡിയേഷന്‍ ഉള്ള സ്ഥലങ്ങളിലാണ്. മരണനിരക്ക് ജനനനിരക്കിനേക്കാള്‍ 20 ശതമാനം മുന്നിട്ടു നില്‍ക്കുന്ന പ്രദേശങ്ങളാണിന്നിവ. ന്യൂക്ലിയര്‍ അപകടങ്ങളുടെ അനന്തരഫലം മനുഷ്യരുടെ എല്ലാ നിയന്ത്രണങ്ങള്‍ക്കും അതീതമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തി. ശാസ്ത്രലോകം ന്യൂക്ലിയര്‍ റിയാക്ടറുകളെക്കുറിച്ച് പുനര്‍ചിന്തനത്തിന് ആരംഭം കുറിച്ചു, 1991-ല്‍ സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടുന്നതിനും സോവിയറ്റ് കമ്മ്യൂണിസ്റ്റ് അധികാരവാഴ്ചയുടെ അന്ത്യത്തിനും ചെര്‍ണോബില്‍ നിമിത്തമായി. നുണകളെകൊണ്ട് കൃത്രിമമായി ഒരു രാഷ്ട്രത്തിന് അധികകാലം തുടരാനാകില്ലെന്ന് സോവിയറ്റ് നേതൃത്വം തിരിച്ചറിഞ്ഞു.

അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിലും കാലഘട്ടത്തെ പുനഃസൃഷ്ടിച്ചിരിക്കുന്നതിലും ചെര്‍ണോബില്ലിന്റെ പൂര്‍ണ്ണത അമ്പരപ്പിക്കുന്നതാണ്. തീര്‍ച്ചയായും ശ്വാസം അടക്കിപ്പിടിച്ച് കണ്ടുതീര്‍ക്കേണ്ട ചരിത്രനാടകമാണ് ചെര്‍ണോബില്‍ ടിവി സീരിസ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply