പരിസ്ഥിതി സംരക്ഷണം – ഇന്ന് അവസാനദിനം

Environment Impact Assessment 2020 (EIA 2020) അഥവാ പരിസ്ഥിതി ആഘാത വിലയിരുത്തല്‍ 2020 എന്ന കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പുതിയ ഭേദഗതിയില്‍ പൊതുജനത്തിന് അഭിപ്രായമറിയിക്കാനുള്ള അവസാനദിവസം ഇന്നാണ്. ഭേദഗതിക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും പ്രക്ഷോഭങ്ങള്‍ നടന്നു. പല സംസ്ഥാനസര്‍ക്കാരുകളും പൗരപ്രമുഖരും പരിസ്ഥിതി സംഘടനകളും സജീവമായി രംഗത്തുണ്ട്. അതേസമയം കക്ഷിരാഷ്ട്രീ പ്രസ്ഥാനങ്ങള്‍ കാര്യമായി രംഗത്തിറങ്ങിയിട്ടില്ല. അവസാനനിമിഷം രാഹുല്‍ ഗാന്ധി ശക്തമായി പ്രതികരിച്ചിട്ടുണ്ട്. സീതാറാം യെച്ചൂരി, ബിനോയ് വിശ്വം തുടങ്ങിയ ഇടതുപക്ഷ അഖിലേന്ത്യാനേതാക്കളും ഭേദഗതിക്കെതിരെ പ്രതിഷേധിച്ചെങ്കിലും കേരള സര്‍ക്കാരോ പ്രതിപക്ഷമോ തങ്ങളുടെ പ്രതികരണം കേന്ദ്രത്തെ ്‌റിയിച്ചിട്ടില്ല എന്നാണറിവ്. അവസാനനിമിഷം അറിയിക്കുമെന്ന വാര്‍ത്തയുണ്ട്.

1972ല്‍ സ്റ്റോക്ഹോം വിജ്ഞാപനം ലോക പാരിസ്ഥിതിക സംരക്ഷണ മുന്നേറ്റങ്ങളില്‍ വളറെ പ്രധാനപ്പെട്ട ഒന്നായിരുന്നല്ലോ. അതിന്റെ തുടര്‍ച്ചയായി പല രാജ്യങ്ങള്‍ക്കും ഒപ്പം ഇന്ത്യയിലും പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ വന്നു തുടങ്ങി. സൈലന്റ് വാലി പദ്ധതിക്കെതിരെ നടന്ന ജനകീയ മുന്നേറ്റങ്ങളെ അംഗീകരിക്കാനും പദ്ധതി ഉപേക്ഷിക്കാനും പ്രധാനമന്ത്രിയായിരുന്ന ഇമന്ദിരാഗാന്ധിക്ക് പ്രചോദനമായത് പ്രധാനമായും ഈ വിജ്ഞാപനമായിരുന്നു. 1974ല്‍ ജലമലിനീകരണത്തിനും 1981ല്‍ വായു മലിനീകരണത്തിനുമെതിരെ ഇന്ത്യയില്‍ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അപ്പോഴും വിഷയത്തിന്റെ പ്രാധാന്യം സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടു തുടങ്ങിയിരുന്നതേയുള്ളു. 1984ലെ ലോകം കണ്ട ഏറ്റവും വലിയ വ്യവസായിക കൂട്ടക്കൊലയായ ഭോപ്പാല്‍ ദുരന്തത്തിനുശേഷമാണ് ് ഇന്ത്യയില്‍ പരിസ്ഥിതി മലിനീകരണത്തിനെതിരായ ശക്തമായ നിയമം രൂപപ്പെട്ടത്. തുടര്‍ന്ന് 1994ല്‍ പാരിസ്ഥിതികാഘാത പഠനവും നിര്‍ബന്ധിതമാക്കി. അതനുസരിച്ച് ഏതു പദ്ധതി ആരംഭിക്കുമ്പോഴും എന്‍വയോണ്‍മെന്റല്‍ ക്ലിയറന്‍സ് വാങ്ങിയിരിക്കണം. അതനുസരിച്ച് ഒരു കമ്പനി ആരംഭിക്കുന്നതിന് മുമ്പ് പരിസ്ഥിതി മന്ത്രാലയം പരിശോധിക്കും. പരിസ്ഥിതിക്കും അടുത്ത് താമസിക്കുന്നവര്‍ക്കും അതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കും. അതിനു ശേഷം മാത്രമേ എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് നല്‍കുകയുള്ളു. അതെല്ലാം പലപ്പോഴും അട്ടിമറിക്കപ്പെടാറുണ്ടെങ്കിലും പലപ്പോഴും ഗുണകരമായും മാറിയിട്ടുണ്ട്.

1992ല്‍ ജനീറോയില്‍ വച്ച് നടത്തിയ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര പരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യകൂടി ഒപ്പ് വെച്ച റിയോ ഉടമ്പടിയില്‍ പരിസ്ഥിതി സംരക്ഷണത്തിനായി വികസനപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതിന്റെ കൂടി ഭാഗമാണ് പാരിസ്ഥിതികാനുമതിക്കുള്ള പബ്ലിക് ഹിയറിംഗ്. അതിരപ്പിള്ളി പദ്ധതിക്കും മറ്റും പ്രധാന തടസ്സം ഈ പബ്ലിക് ഹിയറിംഗായിരുന്നു. അതാണ് ഇതോടെ ഇല്ലാതാവാന്‍ പോകുന്നത്. ജലസേചനം ആധുനികവത്കരിക്കാനുള്ള പദ്ധതികള്‍, പ്രഖ്യാപിത വ്യവസായ എസ്റ്റേറ്റുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലോഹ, കീടനാശിനി, പെയിന്റ്, പെട്രോളിയം ഉത്പന്നങ്ങള്‍ മുതലായവ നിര്‍മ്മിക്കുന്ന വ്യവസായ പദ്ധതികള്‍, അതിര്‍ത്തി പ്രദേശങ്ങളിലുള്ള ദേശീയ പാത, എക്‌സ്പ്രസ് പാത, പൈപ്പ് ലൈന്‍ പദ്ധതികള്‍, കെട്ടിട നിര്‍മ്മാണ പദ്ധതികള്‍, പ്രാദേശിക വികസന പദ്ധതികള്‍, മേല്‍പ്പാലം, ഉപരിതല പാത, ഫ്ളൈ ഓവര്‍ പദ്ധതികള്‍, കടല്‍ തീരത്ത് നിന്ന് 12 നോട്ടിക്കല്‍ മൈല്‍ അപ്പുറമുള്ള പദ്ധതികള്‍ എന്നിവയ്ക്ക് പൊതു തെളിവെടുപ്പുകള്‍ വേണ്ടെന്ന് പുതിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നു.

ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മൂലം ലോകം ഒന്നടങ്കം വന്‍ പാരിസ്ഥിതിക ഭീഷണി നേരിടുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ EIA ക്ക് ഭേദഗതിയുമായി രംഗത്തുവന്നിരിക്കുന്നത്. അതനുസരിച്ച് ഇനി സ്ഥാപനം തുടങ്ങാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ആവശ്യമില്ല. ആരംഭിച്ച് കഴിഞ്ഞ ശേഷം എന്‍വയോണ്‍മെന്റ് ക്ലിയറന്‍സിന് അപേക്ഷിച്ചാല്‍ മതി. എത്രമാത്രം അപകടകരമാണ് ഈ ഭേദഗതിയെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി. വിശാഖപട്ടണത്ത് അടുത്തു നടന്ന വിഷവാതക ദുരന്തത്തിനു കാരണമായ എല്‍ജി പോളിമറിന് എന്‍വയോണ്‍മെന്റ് ക്ലിയറന്‍സ് ലഭിച്ചിരുന്നില്ല എന്നത് ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. അസമിലെ ഓയില്‍ ഇന്ത്യ ലിമിറ്റഡ് പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ 13,000 കുടുംബംഗങ്ങളെ മാറ്റി പ്പാര്‍പ്പിച്ചല്ലോ. ഈ കമ്പനിക്കും പരിസ്ഥിതി ക്ലിയറന്‍സ് ഉണ്ടായിരുന്നില്ല. നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പനി 50 ശതമാനത്തോളം പ്രവര്‍ത്തനം ഇരട്ടിയാക്കിയാലും പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ആവശ്യമില്ല. നിലവിലെ നിയമപ്രകാരം 20,000 സ്‌ക്വയര്‍ഫീറ്റോ അതില്‍ കൂടുതലോ ചുറ്റളവുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. എന്നാലിനി 1,50,000 സ്‌ക്വയര്‍ഫീറ്റില്‍ കൂടുതലുള്ള കെട്ടിടത്തിന് മാത്രമെ ഇതാവശ്യമുള്ളു.

2006 ലെ വിജ്ഞാപനത്തില്‍ വികസനപദ്ധതികളെ പ്രധാനമായും രണ്ടു വിഭാഗങ്ങളായി തരം തിരിച്ചിരുന്നു. ആധുനികവത്കരണ, വിപുലീകരണ പദ്ധതികളുള്‍പ്പടെയുള്ള A വിഭാഗം പദ്ധതികള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും ‘B’ വിഭാഗം പദ്ധതികള്‍ സംസ്ഥാന അതോറിറ്റിയില്‍ നിന്നും മുന്‍കൂര്‍ പാരിസ്ഥിതിക അനുമതി വാങ്ങണമായിരുന്നു. ഇപ്പോഴിതാ കുറെ പദ്ധതികളെ B2 വിഭാഗത്തില്‍ പെടുത്തി ആഘാത പഠനവും പൊതു തെളിവെടുപ്പുകളും ഒഴിവാക്കിയിരിക്കുന്നു. രാഷ്ട്ര സുരക്ഷയുമായി ബന്ധപ്പെട്ടതും തന്ത്ര പ്രധാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതുമായ പദ്ധതികളിലും പൊതുതെളിവെടുപ്പുകള്‍ ഒഴിവാക്കി. ഈ പദ്ധതികളുമായി ബന്ധപ്പെട്ട വിവരങ്ങളാന്നും തന്നെ പൊതു സമൂഹത്തിനുമുന്നില്‍ വയ്‌ക്കേണ്ടതില്ല. പദ്ധതിയെ തന്ത്രപ്രധാനമെന്ന് വിലയിരുത്താനുള്ള അധികാരം സര്‍ക്കാരിനായിരിക്കുമെന്ന് പ്രത്യേകം പറേണ്ടതില്ലല്ലോ. 5 ഹെക്റ്ററിലോ അതില്‍ താഴെയോ ഉള്ള ഖനന പദ്ധതികളും B2വിഭാഗത്തിലാണ്. ഇതുവഴി കേരളത്തിലെ ക്വാറികളില്‍ ഭൂരിഭാഗത്തിനുമേലും ഒരു നിയന്ത്രണവും സര്‍ക്കാരിനുണ്ടാലവില്ല. പരിസ്ഥിതി ദുര്‍ബ്ബലമായ പശ്ചിമഘട്ടത്തിലാണ് ഭൂരിഭാഗം ക്വീറികളും നിലനില്‍ക്കുന്നത്. അവയില്‍ ഭൂരിഭാഗവും അനധികൃതമാണ്. അവയെല്ലാം പതുക്കെ അധികൃതമായി മാറും. കേരളത്തിനി ഏഖെ ഭീഷണിയായി മാറിയിരിക്കുന്ന ഉരുള്‍ പൊട്ടലുകളില്‍ ക്വാറികളുടെ പങ്ക് ചര്‍ച്ച ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്നത് പ്രധാനമാണ്.

ഇത്രയൊക്കെയായിട്ടും കേരളം എന്തുകൊണ്ട് ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തിറങ്ങുന്നില്ല എന്നതിനുള്ള ഉത്തരത്തിനായി കാര്യമായൊന്നും തല പുകക്കേണ്ടതതില്ല. സംസ്ഥാനത്ത് ദശകങ്ങളായി നടക്കുന്ന പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങളുടെ എതിര്‍ വശത്ത് ആരാണെന്നതു പരിശോധിച്ചാല്‍ മതി. സൈലന്റ് വാലി മുതല്‍ ആരംഭിക്കുന്ന പരിസ്ഥിതി സംരക്ഷണ ജനകീയ പോരാട്ടങ്ങളെ എതിര്‍ക്കുന്നതില്‍ എന്നും മുന്‍നിരയില്‍ ഇപ്പോഴത്തെ ഭരണത്തിനു നേതൃത്വം നല്‍കുന്ന സിപിഎം തന്നെയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ പോലും അവരതു ചെയ്യുന്നു. സിപിഎമ്മിനെപോലെ ശക്തമായിട്ടല്ലെങ്കിലും പലപ്പോഴും കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും രംഗത്തുവരാറുണ്ട്. യെച്ചൂരിയും വി എസും ബേബിയുമൊക്കെ പലപ്പോഴും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് വാചാലരാകാറുണ്ട്. മറുവശത്ത് ഇന്ദിരാഗാന്ധി, ജയറാം രമേഷ്, രാഹുല്‍ ഗാന്ധി, വി എം സുധീരന്‍ തുടങ്ങി ഒരു വിഭാഗം നേതാക്കളും പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ്. എന്നാല്‍ സ്വന്തം പ്രസ്ഥാനങ്ങളെ കൊണ്ട് അതംഗീകരിപ്പിക്കാന്‍ ്‌വര്‍ക്കാകുന്നില്ല. ഗാഡ്ഗിലിനെ ഓടി്കകുന്നതിലും മിക്കവാറും എല്ലാവരും ഒറ്റക്കെട്ടായിരുന്നല്ലോ. വികസനവും പരിസ്ഥിതിയുമായൊരു സംഘര്‍ഷമുണ്ടാകുമ്പോള്‍ പ്രധാന പ്രസ്ഥാനങ്ങളെല്ലാം വികസനത്തെ കുറിച്ചാണ് പറയുക. മുതലാളിത്തപാതക്കാരായാലും സോഷ്യലിസം പറയുന്നവരായാലും വികസനത്തിന്റെ നിലപാടില്‍ പരിസ്ഥിതിക്ക് കാര്യമായ റോളൊന്നുമില്ല. അതിന്റെ അവസാനതെളിവാണ് ഈ ഭേദഗതിയും അതിനോട് ശക്തമായി പ്രതികരിക്കാന്‍ മടിക്കുന്ന നമ്മുടെ രാഷ്ട്രീയ മനസ്സും.,

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply