വിഴിഞ്ഞം തുറമുഖം നിര്‍മ്മിക്കുന്നത് അദാനിയാണെന്നറിയാത്ത ദേശാഭിമാനി

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുലിമുട്ട് ഇതുവരെ എവിടം വരെ എത്തിയെന്ന് ദേശാഭിമാനി ലേഖകന്‍ പറയുന്നത് കൂടി നോക്കുക. ”തുറമുഖത്തിന്റെ ഭാഗമായി 900 മീറ്റര്‍ പുലിമുട്ടിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്” എന്ന് ദേശാഭിമാനി പറയുമ്പോള്‍ ആകെ നീളം വേണ്ടത് പദ്ധതി പ്ലാന്‍ പ്രകാരം 3100 മീറ്ററാണ് എന്നത് മറക്കേണ്ട. ഉടനെ ഇപ്പോള്‍ കപ്പല്‍ വരും, തുറമുഖം ഉല്‍ഘാടനം ചെയ്യും എന്നെല്ലാം വാദിക്കുന്നവര്‍ പ്രധാന നിര്‍മ്മിതിയുടെ മൂന്നിലൊന്ന് പോലും പൂര്‍ത്തിയാക്കിയിട്ടില്ല എന്നറിയുന്നത് നന്നായിരിക്കും.

വിഴിഞ്ഞം അദാനി തുറമുഖ നിര്‍മ്മാണം മൂലം തിരുവനന്തപുരം ജില്ലയിലെ തീരദേശങ്ങളില്‍ ഉണ്ടായിരിക്കുന്ന കെടുതികള്‍ സഹിക്ക വയ്യാതെ തീരദേശ ജനത സമരത്തിന്റെ പാതയിലാണ്. ജൂണ്‍ 5 മുതല്‍ ശംഖുമുഖത്ത് അദാനിയുടെ വിമാനത്താവള ഗേറ്റിന് മുമ്പില്‍ മത്സ്യത്തൊഴിലാളി സംഘടനകളും കാര്‍ഷിക-പരിസ്ഥിതി മേഖലയിലെ സംഘടനകളും ജനാധിപത്യ സംരക്ഷണ പ്രവര്‍ത്തകരുമാണ് വിഴിഞ്ഞം അദാനി തുറമുഖ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും തല്‍ഫലമായി കടലേറ്റത്തില്‍ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവരെ മാന്യമായ നഷ്ടപരിഹാരത്തോടെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സമരം തുടങ്ങിയത്. ജൂലായ് 20 മുതല്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ”അതിജീവന ഭീഷണി നേരിടുന്ന തീരദേശം” സെക്രട്ടറിയേറ്റിന് മുന്നിലേക്ക് സമരം വ്യാപിപ്പിച്ചു. വിഴിഞ്ഞം അദാനി തുറമുഖ നിര്‍മ്മിതിയുടെ പ്രശ്‌നങ്ങളാണ് ആ സമരത്തിന്റെയും പ്രധാന പരിഗണനയിലുള്ളത്. തീരദേശ സമൂഹത്തിന്റെ വാസസ്ഥലങ്ങളും ഉപജീവനവും നിലനിര്‍ത്താനുള്ള സമരങ്ങളെ അവഗണിക്കുന്ന നിലപാടാണ് സംസ്ഥാന ഭരണാധികാരികള്‍ ആദ്യമൊക്കെ സ്വീകരിച്ചത്. എന്നാല്‍ സമരം ജന പിന്തുണയോടെ വളര്‍ന്നു വ്യാപിച്ചു തുടങ്ങിയപ്പോള്‍ അതിനോട് പ്രതികരിക്കാന്‍ കഴിയാത്ത സ്ഥിതി ഇപ്പോള്‍ ഉണ്ടായിരിക്കുന്നു.

ഈ പ്രതികരണത്തിന്റെ ഭാഗമായാണ് ദേശാഭിമാനി ദിനപത്രം ആദ്യമായി ഇന്നലെ തീരശോഷണവും വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന് സൂചിപ്പിച്ച് ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചത് (ആഗസ്റ്റ് 3-ലെ വാര്‍ത്ത കാണുക). ഈ വാര്‍ത്തയില്‍ ഒരു കാര്യം ഞാന്‍ പ്രത്യേകമായി ശ്രദ്ധിച്ചത്, വാര്‍ത്തയില്‍ ഒരിടത്തും അദാനിയുടെ പേരില്ല എന്നതാണ്. 60 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിച്ച് വരുമാനമുണ്ടാക്കാനുള്ള ഒരു തുറമുഖം നിര്‍മ്മിക്കാന്‍ വിഴിഞ്ഞം തീരവും കടലും അദാനിക്കാണ് നല്‍കിയിരിക്കുന്നതെന്ന് (വരുമാനത്തില്‍ ആദ്യ 15 വര്‍ഷം വരെ ഒരു പൈസാ അദാനി സര്‍ക്കാരിന് നല്‍കേണ്ടതില്ല എന്നും അറിയുക) ദേശാഭിമാനിക്ക് അറിയില്ലെന്നുണ്ടോ?

ശംഖുമുഖത്തും സെക്രട്ടറിയേറ്റ് നടയിലും നടക്കുന്ന സമരങ്ങള്‍ മുഖ്യധാരാ പത്ര ദൃശ്യ മാധ്യമങ്ങള്‍ മിക്കതും ആദ്യമൊക്കെ റിപ്പോര്‍ട്ട് ചെയ്തിരുന്നപ്പോഴും ദേശാഭിമാനി അത് കണ്ടില്ല, കേട്ടില്ല. ഈയിടെ കരണ്‍ അദാനി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ വന്നപ്പോള്‍ അദാനി ഗോ ബാക്ക് എന്ന മുദ്രാവാക്യവുമായി തീരദേശവാസികള്‍ സെക്രട്ടറിയേറ്റ് നടയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍ ഒരു ദേശീയ ദിനപത്രമായ ദി ഹിന്ദു പോലും അതിന്റെ ചിത്രം പ്രസിദ്ധീകരിച്ചെങ്കിലും ദേശാഭിമാനിയും മറ്റ് മിക്ക പത്രങ്ങളും കണ്ണടച്ചു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്നാലിപ്പോള്‍ തീരശോഷണത്തിനും തന്മൂലം വലിയതുറയിലെ ക്യാമ്പുകളില്‍ നൂറുകണക്കിന് തീരദേശ കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായി കഴിയുന്നതിനും വിഴിഞ്ഞത്ത് അദാനിയുടെ തുറമുഖ നിര്‍മ്മിതിയുമായി ബന്ധമുണ്ടെന്ന് തീരദേശ ജനത തിരിച്ചറിഞ്ഞതോടെ, ശാസ്ത്രജ്ഞ വേഷമണിഞ്ഞ് ആടിനെ പട്ടിയാക്കാന്‍ ദേശാഭിമാനി മുന്നിട്ടിറങ്ങിയിരിക്കുന്നു. അദാനി കമ്പനി എഴുതി നല്‍കിയിരിക്കാവുന്ന ഈ വാര്‍ത്ത ദേശാഭിമാനി സ്വന്തം ലേഖകന്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ചപ്പോഴും മറ്റ് പല മാധ്യമങ്ങളും ഇതുവരെ പ്രസിദ്ധീകരിച്ചതായി കണ്ടില്ല.

ഈയവസരത്തില്‍ ജൂലായ് 8 ന് ദേശാഭിമാനി ദിനപത്രത്തില്‍ വന്ന മറ്റൊരു ചെറിയ വാര്‍ത്ത ഇന്നലത്തെ ‘ശാസ്ത്ര’ വാര്‍ത്തയോട് താരതമ്യം ചെയ്ത് വായിക്കുന്നത് രസകരമായിരിക്കും. തിരുവനന്തപുരത്തെ മുതലപ്പൊഴി തുറമുഖവും തീരശോഷണവുമാണ് ആ വാര്‍ത്തക്ക് ആധാരം (8 ജൂലായ് ദേശാഭിമാനി വാര്‍ത്ത കാണുക). ആ വാര്‍ത്തയില്‍ വ്യക്തമായി പറയുന്ന ഒരു കാര്യമുണ്ട്, ”മുതലപ്പൊഴി ഹാര്‍ബര്‍ നിര്‍മ്മാണം മൂലം താഴമ്പള്ളി, മുഞ്ഞമൂട്, പള്ളിത്തുറ, കോട്ട മേഖലകളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്.” മുതലപ്പൊഴിയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച തുറമുഖം കാരണം അതിനു വടക്കുള്ള തീരങ്ങളില്‍ തീരശോഷണം ഉണ്ടാകുന്നു എന്ന് സമ്മതിക്കുന്ന ദേശാഭിമാനി പക്ഷേ, വിഴിഞ്ഞത്ത് അദാനിയുടെ തുറമുഖ നിര്‍മ്മാണമല്ല വലിയതുറ-ശംഖുമുഖം മേഖലയിലെ തീരശോഷണത്തിന് കാരണമെന്നാണ് നമ്മെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്.

നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുലിമുട്ട് ഇതുവരെ എവിടം വരെ എത്തിയെന്ന് ദേശാഭിമാനി ലേഖകന്‍ പറയുന്നത് കൂടി നോക്കുക. ”തുറമുഖത്തിന്റെ ഭാഗമായി 900 മീറ്റര്‍ പുലിമുട്ടിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്” എന്ന് ദേശാഭിമാനി പറയുമ്പോള്‍ ആകെ നീളം വേണ്ടത് പദ്ധതി പ്ലാന്‍ പ്രകാരം 3100 മീറ്ററാണ് എന്നത് മറക്കേണ്ട. ഉടനെ ഇപ്പോള്‍ കപ്പല്‍ വരും, തുറമുഖം ഉല്‍ഘാടനം ചെയ്യും എന്നെല്ലാം വാദിക്കുന്നവര്‍ പ്രധാന നിര്‍മ്മിതിയുടെ മൂന്നിലൊന്ന് പോലും പൂര്‍ത്തിയാക്കിയിട്ടില്ല എന്നറിയുന്നത് നന്നായിരിക്കും.

മറ്റൊരു പ്രധാന കാര്യം ഇതില്‍ സൂചിപ്പിക്കുന്ന പഠനത്തിലെ കാര്യങ്ങളാണ്. ദേശാഭിമാനി പത്രം എന്തായാലും ശംഖുമുഖം മേഖലയില്‍ തീരശോഷണം ഉണ്ടെന്ന് സമ്മതിക്കുന്നുണ്ട്. പക്ഷേ അദാനി തുറമുഖ നിര്‍മ്മാണത്തെയല്ല, പകരം ഓഖി തുടങ്ങിയ ചുഴലിക്കാറ്റിനെയാണ് ഇതിന് പഴി പറയുന്നത്. യഥാര്‍ത്ഥത്തില്‍ ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്ന എന്‍.ഐ.ഓ.ടി (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്‌നോളജി) പഠന റിപ്പോര്‍ട്ട് എന്താണ് പറയുന്നത് എന്ന് നോക്കാം. അതു പ്രകാരം വലിയതുറ, ശംഖുമുഖം, പൂന്തുറ പോലെ തീരശോഷണമുള്ള മേഖലകളില്‍ 2005 മുതല്‍ 2020 വരെയുള്ള സ്ഥിതിയുമായി താരതമ്യം ചെയ്തപ്പോള്‍ പോര്‍ട്ട് നിര്‍മ്മാണം തുടങ്ങിയതു (2015 ഡിസംബര്‍) മുതലുള്ള കാലത്തെ തീര അവസ്ഥ ഇപ്പോഴും മുന്‍കാലത്തെന്ന പോലെ നിലനില്‍ക്കുകയാണത്രെ. തീരശോഷണം അല്‍പ്പമെങ്കിലും ഉണ്ടായത് തുമ്പ മുതല്‍ വെട്ടുകാട് വരെയാണെന്നും ഇതില്‍ പറയുന്നത് കാണുക. എത്ര വിചിത്രമാണ് ഈ പഠനത്തിന്റെ കണ്ടെത്തല്‍ എന്ന് പറയേണ്ടതില്ലല്ലോ. പഠന റിപ്പോര്‍ട്ടിന്റെ കവര്‍ ചിത്രത്തില്‍ ഉള്ളതു പോലെ ഈ പഠനം ശരിക്കും അദാനിക്ക് വേണ്ടിയാണ് നടത്തിയതെന്ന് പറയാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇനി എന്തുകൊണ്ടാണ് തീരശോഷണം തുറമുഖ നിര്‍മ്മാണവുമായി ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍ അദാനി ഇത്രമാത്രം വ്യഗ്രത കാണിക്കുന്നത് എന്നുകൂടി നമ്മള്‍ തിരിച്ചറിയണം. ഹരിത ട്രൈബ്യൂണല്‍ നടത്തിയ വിധി പ്രസ്താവനയില്‍ ഒരു കാര്യം ശ്രദ്ധേയമാണ്. തീരരേഖാ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തീരശോഷണം നിരീക്ഷിക്കപ്പെടുകയാണെങ്കില്‍ പദ്ധതി നടത്തുന്നവര്‍ ഉചിതമായ പരിഹാര നടപടികള്‍ പദ്ധതി നടത്തുന്നവരുടെ ചെലവില്‍ ചെയ്യണം എന്നാണ് ഹരിത ട്രൈബ്യൂണല്‍ വിധിയിലുള്ളത്. അപ്പോള്‍ പ്രശ്‌നമിതാണ്, തുറമുഖ നിര്‍മ്മാണത്തെ തുടര്‍ന്ന് തീരശോഷണം ഉണ്ടായെന്ന് കണ്ടാല്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉള്‍പ്പെടെ ചെയ്യേണ്ട ബാധ്യത അദാനിക്കു വന്നു ചേരും. ഇതുകൊണ്ടു മാത്രമാണ് തീരശോഷണം ഇല്ലെന്നോ ഉണ്ടെങ്കില്‍ അത് തുറമുഖ നിര്‍മ്മാണം കാരണമല്ലെന്നോ വരുത്തിത്തീര്‍ക്കാന്‍ ഇവിടെ ദേശാഭിമാനി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. അദാനിക്ക് വേണ്ടി എത്രമാത്രം ദേശാഭിമാനി (ഇടതു സര്‍ക്കാര്‍രും) തരം താഴുന്നു എന്നു കാണുക.

മുതലപ്പൊഴിയുടെ കാര്യത്തില്‍ തുറമുഖവും തീരശോഷണവും തമ്മില്‍ പരസ്പരബന്ധമുണ്ടെന്ന് ദേശാഭിമാനി പറയുമ്പോഴും ചില ന്യായീകരണക്കാര്‍ അത്തരം ഒരു ബന്ധം ഒരിടത്തും ഇല്ലെന്ന് സ്ഥാപിക്കാനാണ് ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2016-ല്‍ കേന്ദ്ര ജല കമ്മിഷന്‍ തീരശോഷണം സംബന്ധിച്ച് ഇറക്കിയ ഒരു റിപ്പോര്‍ട്ട് ഇക്കൂട്ടര്‍ വായിക്കുന്നത് നന്നായിരിക്കും. പ്രസക്ത ഭാഗമടങ്ങിയ ഖണ്ഡികയുടെ തലക്കെട്ട് മനുഷ്യ പ്രേരിത തീരശോഷണം (man induced erosion) എന്നാണ്. അതില്‍ പറയുന്നു, ഉരുക്കളുടെ സുരക്ഷിതത്വത്തിനായി ഹാര്‍ബറുകള്‍ക്കും പോര്‍ട്ടുകള്‍ക്കും വേണ്ടി തീരക്കടലില്‍ ലംബമായി നിര്‍മ്മിക്കുന്ന പുലിമുട്ടുകള്‍ പോലെയുള്ള ഘടനകള്‍ മണല്‍ നീക്കത്തെ തടസ്സപ്പെടുത്തുകയും തല്‍ഫലമായി ഒരു വശത്ത് തീരശോഷണവും മറുവശത്ത് തീരം വയ്പും ഉണ്ടാക്കുന്നു. മണല്‍ നീക്കം ചെയ്യുന്നതും തീരശോഷണത്തിന് മറ്റൊരു കാരണമായി ഇതില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് രണ്ടും അദാനി തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി ചെയ്തിട്ടുണ്ട്, ഇനിയും ഏറെ ചെയ്യാനുമുണ്ട്. കേന്ദ്ര ജല കമ്മിഷന്‍ ഇതൊക്കെ പറഞ്ഞാലും അദാനി അത്തരം പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ഒന്നും സംഭവിക്കില്ല എന്നു കൂടി ഈ ന്യായീകരണക്കാര്‍ പറയുമായിരിക്കും.

തീരദേശവാസികളെ ഒറ്റുകൊടുത്ത് അധികം കാലം ഈ ന്യായീകരണക്കാര്‍ക്ക് മുന്നോട്ടു പോകാന്‍ കഴിയില്ല എന്നു തന്നെയാണ് തീരദേശത്ത് ഉയര്‍ന്നു വരുന്ന ജനകീയ പോരാട്ടം നമ്മോട് പറയുന്നത്. അതിന് ശക്തി പകരുകയാണ് യഥാര്‍ത്ഥ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ കടമ. തീരദേശത്തെ വലതുപക്ഷ രാഷ്ട്രീയക്കാരും വീണ്ടുവിചാരമില്ലാതെ ഈ തീര-കടല്‍ മേഖല നേരത്തേ അദാനിക്ക് തീറെഴുതിയത് തെറ്റായി പോയി എന്ന ബോധ്യത്തോടെ ഈ ജനകീയ സമരത്തിന്റെ ഭാഗഭാക്കാകണം.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply