ഇനിയെങ്കിലും സിപിഎം ചെയ്യേണ്ടത്

ജനാധിപത്യത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന ഒന്നായി മാറുക എന്നതാണ് പാര്‍ട്ടി ആദ്യം ചെയ്യേണ്ടത്. അതിന്റെ ആദ്യപടിയോ അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക എന്നതാണ്. പ്രധാനമായ മറ്റൊന്നാണ് ജനകീയ സമരങ്ങളോടുള്ള നിഷേധാത്മകനിലപാട്. അതിനോടൊപ്പം പ്രധാനമാണ് കാലഹരണപ്പെട്ട പല സിദ്ധാന്തങ്ങളുടേയും പിന്‍ബലത്തില്‍ ആധുനികകാല സമസ്യകള്‍ക്ക് ഉത്തരം കാണാനുള്ള നീക്കവും.

തെരഞ്ഞെടുപ്പുഫലത്തിന്റെ ഞെട്ടലില്‍ നിന്ന് ഇനിയും സിപിഎം മുക്തമായിട്ടില്ല. കേരളത്തില്‍ നിന്ന് ലഭിച്ചത് ഒരേ ഒരു സീറ്റെന്നത് നിസ്സാരകാര്യമല്ലല്ലോ. സീറ്റില്‍ മാത്രമല്ല, വോട്ടിലുമുണ്ടായ വമ്പിച്ച കുറവും പാര്‍ട്ടിക്ക് വിശ്വസിക്കാനാവുന്നില്ല. ബിജെപിക്ക് കേരളത്തില്‍ നിന്ന് സീറ്റൊന്നുമില്ല എന്നതില്‍ മറക്കേണ്ട ഒന്നായി ഈ വന്‍പരാജയത്തെ കാണാന്‍ പാര്‍ട്ടിക്കാവില്ല. ശക്തികേന്ദ്രമായിരുന്ന ബംഗാളില്‍ തിരിച്ചു വരവിന്റെ നേരിയ ലക്ഷണം പോലുമില്ല. മാത്രമല്ല, സിപിഎമ്മിനു ലഭിക്കുമായിരുന്ന വോട്ടുകള്‍ വ്യാപകമായി ബിജെപിയിലേക്കു പോയിരിക്കുന്നു. തെരഞ്ഞെടുപ്പിനുശേഷവും ഒരു എംഎല്‍എ ബിജെപിയിലേക്ക് പോകുകയും ചെയ്തു. തമിഴ്‌നാട്ടില്‍ നിന്ന് 2 സീറ്റു ലഭിച്ചതുമാത്രം ആശ്വാസം. അതാകട്ടെ യുപിഎയുടെ ഭാഗമായതിനാല്‍ മാത്രം. സമീപകാലത്തൊന്നും നേരിടാത്ത ഈ പരാജയം കേരളത്തിലെ പാര്‍ട്ടിക്കകത്തും സംസ്ഥാനകമ്മിറ്റിയും കേന്ദ്രനേതൃത്വവുമായും ശക്തമായ അഭിപ്രായ ഭിന്നതകള്‍ക്ക് കാരണമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശബരിമല വിഷയത്തിലെ പിണറായി വിജയന്റെ സമീപനമാണ് പരാജയത്തിനു പ്രധാന കാരണമെന്നാണ് നിരവധി നേതാക്കള്‍ ഇപ്പോഴും കരുതുന്നത്.
വാസ്തവത്തില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം സിപിഎമ്മിന് കാര്യമായി നിരാശപ്പെടേണ്ടതില്ല എന്ന് തെരഞ്ഞെടുപ്പുഫലങ്ങളെ വിശദമായി വിശകലനം ചെയ്ത നിരവധി പേര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. വളരെ ലളിതമായി പറഞ്ഞാല്‍ ജനങ്ങള്‍ വ്യാപകമായി വോട്ടുചെയ്തത് രാഹുല്‍ ഗാന്ധിക്കായിരുന്നു. ചെന്നിത്തലക്കായിരുന്നില്ല. പിണറായിക്ക് എതിരുമായിരുന്നില്ല. കേരളത്തില്‍ ബിജെപിക്കും മോദിക്കുമെതിരെ നിലനില്‍ക്കുന്ന വികാരവും രാഹുല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തുമെന്ന പ്രതീക്ഷയുമാണ് അതിനുള്ള പ്രധാന കാരണം. ഇന്നത്തെ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടത്.? ന്യൂനപക്ഷങ്ങള്‍ മാത്രമല്ല, ഇക്കാരണത്താല്‍തന്നെ ഇടതുപക്ഷത്തിനു കിട്ടേണ്ടിയിരുന്ന ലക്ഷകണക്കുനുവോട്ടുകള്‍ യുഡിഎഫിനു ലഭിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്ക്്, പ്രതേകിച്ച് മുസ്ലിം സംഘടനകള്‍ക്കെതിരെ ശക്തമായ കടന്നാക്രമണണാണ് അണികള്‍ മാത്രമല്ല, നേതാക്കള്‍ പോലും നടത്തുന്നത്. ലീഗിനെപോലും വര്‍്ഗ്ഗീയ സംഘടനയായി മുദ്രയടിക്കുന്നു. ഇനി ഞങ്ങളില്‍ നിന്ന് സംരക്ഷണം പ്രതീക്ഷിക്കേണ്ട എന്നുപോലും പരസ്യമായി പറയുന്ന പ്രവര്‍ത്തകരെ കണ്ടു. മധ്യവേനലവധിക്കുശേഷം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിലും പല ഓണ്‍ലൈന്‍ സഖാക്കളില്‍ കണ്ടത് കടുത്ത മുസ്ലിം വിരുദ്ധതയാണ്. ഇവരില്‍ ഭൂരിഭാഗവും നിയമസഭാതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കാണ് വോട്ടുചെയ്തതെന്നും ഇപ്പോള്‍ മറിച്ചുചെയ്യുന്നതിനു കൃത്യമായ കാരണമുണ്ടെന്നും മറന്നാണ് ഈ അധിക്ഷേപങ്ങള്‍ എന്നതാണ് കൗതുകകരം. ഇതിലൂടെ ന്യൂനപക്ഷത്തെ പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ അകറ്റുകയാണ് ചെയ്യുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടാതെ കോണ്‍ഗ്രസ്സിനേയും രാഹുലിനേയും ബിജെപിയേക്കാളും മോദിയേക്കാളും വലിയ ശത്രുക്കളായാണ് പലരും കാണുന്നത്. വയനാട്ടില്‍ ഭൂസമരം നടത്തുന്ന ആദിവാസികളോട് ഇനി രാഹുലിനോട് പറഞ്ഞാല്‍ മതി എന്നു നിര്‍ദ്ദേശിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരെപോലും കണ്ടു.
കേരളത്തിലെ തെരഞ്ഞെടുപ്പുഫലത്തിനു കാരണം ശബരിമലയാണെന്നു സ്ഥാപിക്കാനുള്ള നീക്കവും ശക്തമാകുകയാണ്. മൂന്നുമുന്നണിക്കാരും ഇതില്‍ തങ്ങളുടെ പങ്കുവഹിക്കുന്നുണ്ട്. മോദിക്കെതിരായ വിധിയല്ല കേരളത്തിലേതെന്നു സ്ഥാപിക്കാനാണ് ശബരിമല വിഷയത്തിലെ സര്‍ക്കാരിന്റെ നിലപാടിനെതിരായ വോട്ടാണെന്നും അതില്‍ വലിയൊരുഭാഗം യുഡിഎഫിനു ലഭിച്ചതാണ് ഫലം ഇപ്രകാരമാകാന്‍ കാരണമെന്നും ബിജെപി ആവര്‍ത്തിക്കുന്നത്. രാജ്യമെങ്ങും കോണ്‍ഗ്രസ്സിനെ തൂത്തെറിഞ്ഞപ്പോള്‍ കേരളത്തില്‍ വിജയിച്ചത് തങ്ങളുടെ മിടുക്കാണെന്നും അതില്‍ തന്നെ പ്രധാനം ശബരിമലയുമായി ബന്ധപ്പെട്ട നിലപാടുകളാണെന്നും സ്ഥാപിക്കാനാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ ശ്രമിക്കുന്നത്. ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിക്കാത്ത സിപിഎമ്മിലെ ഭൂരിഭാഗംപേരും പരാജയകാരണം അതുമായി ബന്ധപ്പട്ട മുഖ്യമന്ത്രിയുടെ നിലപാടാണെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ അത് ്‌മോദീവിരോധത്തിനു ശേഷം രണ്ടാമതുവരുന്ന കാരണം മാത്രമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വാദത്തിനു ഉപോല്‍ഫലകമായി ബിജെപി ഈ പ്രകടനം നടത്തിയാല്‍ പോര എന്നതു മാത്രം മതി.
സിപിഎമ്മിലേക്കു തിരിച്ചുവരാം. തീര്‍ച്ചയായും സിപിഎം രൂക്ഷമായ പ്രതിസന്ധി നേരിടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ അതിനെ അതിജീവിക്കാന്‍ പാര്‍ട്ടിക്കാവും. അതു സാധ്യമാകുകയും വേണം. സിപിഎമ്മിന്റേയും കോണ്‍ഗ്രസ്സിന്‍രേയും നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ മാറിമാറി അധികാരത്തില്‍ വരുന്നത് കേരളത്തിലെ ജനാധിപത്യസംവിധാനത്തിന്റെ വലിയൊരു നേട്ടമാണ്. ഏകപാര്‍ട്ടി അധികാരത്തിലിരുന്നാല്‍ സംഭവിക്കുന്ന ജീര്‍ണ്ണതയും ഫാസിസവല്‍ക്കരണവും ആ അളവില്‍ കേരളത്തിലില്ലാത്തിനു കാരണം ഇതാണ്. മാത്രമല്ല, ചില സമയങ്ങളിലെങ്കിലും ഈ മുന്നണികള്‍ തമ്മില്‍ ആരോഗ്യകരമായ മത്സരം നടക്കുന്നത് നിരവധി ജനക്ഷേമ നടപടികള്‍ നടപ്പാകാന്‍ കാരണമാകുന്നുണ്ട്. സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റേയും തകര്‍ച്ച ഈ സംവിധാനത്തെയും തകര്‍ക്കുകയും സംഘപരിവാറിന്റെ പ്രവേശനത്തെ അനായാസമാക്കുകയും ചെയ്യും. അതിനാല്‍ രാഷ്ട്രീയത്തെ ഗൗരവമായി കാണുന്ന, സിപിഎം വിരുദ്ധര്‍ പോലും അതിന്റെ തകര്‍ച്ചയെ ആഗ്രഹിക്കുന്നില്ല. അതേസമയം സമകാലിക രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് സ്വയം മാറാന്‍ പാര്‍ട്ടി തയ്യാറാകണം എന്നു പറയാതിരിക്കാനാവില്ല എന്നത് വേറെ കാര്യം.
പലപ്പോഴും പലരും ചൂണ്ടികാട്ടിയപോലെ ജനാധിപത്യത്തെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന ഒന്നായി മാറുക എന്നതാണ് പാര്‍ട്ടി ആദ്യം ചെയ്യേണ്ടത്. അതിന്റെ ആദ്യപടിയോ അക്രമരാഷ്ട്രീയം അവസാനിപ്പിക്കുക എന്നതാണ്. തങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ബിജെപിയുടെ കേരളത്തെ വളര്‍ച്ചയെ തടയുന്നത് എന്ന അവകാശവാദം തെറ്റാണെന്ന് ഇപ്പോള്‍ തെളിഞ്ഞല്ലോ. കേരളത്തില്‍ ബിജെപിയെ തടഞ്ഞത് യുഡിഎഫാണല്ലോ. തൊട്ടടുത്ത സംസ്ഥാനത്ത് യാതൊരുവിധ അക്രമവുമില്ലാതെ ബിജെപിയെ തടഞ്ഞത് ഡിഎംകെയും. സിപിഎമ്മിനെപോലെതന്നെ ബിജെപിയെ തടയാനായില്ലെങ്കിലും എസ്പിയും ബിഎസ്പിയും ആര്‍ജെഡിയും ആന്ധ്രയിലേയും തെലുങ്കാനയിലേയും പ്രാദേശികപാര്‍ട്ടികളും ആം ആദ്മിയുമെല്ലാം അതിനു ശ്രമിക്കുന്നത് അഹിംസയിലൂടെയാണ്. തൃണമൂല്‍ മാത്രമാണ് അപവാദം. അതിനു കാരണം അത് ബംഗാളാണെന്നതുതന്നെ. ജനാധിപത്യവിരുദ്ധമായ അക്രമരാഷ്ട്രീയം ഉപേക്ഷിക്കാതെ വരുംകാലത്തെ വെല്ലുവിളികളെ നേരിടാന്‍ പാര്‍ട്ടിക്കാവില്ല എന്നുറപ്പ്. അതു തിരിച്ചറിയാനും ധാര്‍ഷ്ട്യം കൈവിടാനും പ്രതിപക്ഷ ബഹുമാനം പ്രകടമാക്കാനുമാണ് ഇനിയെങ്കിലും തയ്യാറാകേണ്ടത്. ഇതുപറയുമ്പോള്‍ രക്തസാക്ഷികളുടെ ലിസ്റ്റ് അവതരിപ്പിച്ച് അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നവരാണ് പാര്‍ട്ടിയുടെ ശാപം. ഏറ്റുവുമധികം കൊല്ലപ്പെട്ടവരുടെ പാര്‍ട്ടിമാത്രമല്ല, കൊന്നവരുടേയും പാര്‍ട്ടിയാണ് തങ്ങളുടേത് എന്നതാണവര്‍ മൂടിവെക്കുന്നത്.
അക്രമരാഷ്ട്രീയത്തോടൊപ്പം പ്രധാനമായ മറ്റൊന്നാണ് ജനകീയ സമരങ്ങളോടുള്ള നിഷേധാത്മകനിലപാട്. സംസ്ഥാനത്ത് നടക്കുന്ന ജനകീയ സമരങ്ങളെല്ലാം പാര്‍ട്ടിയെ തകര്‍ക്കാനുള്ള തീവ്രവാദികളുടെ പ്രവര്‍ത്തനമാണെന്ന മട്ടിലാണ് പൊതുവില്‍ കേള്‍ക്കുന്ന പ്രതികരണം. ഭരിക്കുമ്പോള്‍ മാത്രമല്ല, പ്രതിപക്ഷത്തിരിക്കുമ്പോളും ജനകീയ സമരങ്ങള ഏറ്റവും കടന്നാക്രമിക്കുന്നത് സിപിഎമ്മാണ്. സമീപകാലത്താകട്ടെ വികസനത്തിന്റെ പേരില്‍ ഏതു കടന്നാക്രമണത്തേയും ന്യായീകരിക്കാനും എതിര്‍ക്കുന്നവരെ ഭീകരവാദികളായി മുദ്രയടിക്കാനുമുള്ള നീക്കങ്ങള്‍ ശക്തമാണ്. ജനാധിപത്യസംവിധാനത്തിന്റെ അനിവാര്യഘടകമാണ് ജനകീയസമരങ്ങള്‍. അവയെ ചെറുക്കുന്നതും ഒരു ജനാധിപത്യപാര്‍ട്ടിയായി മാറാനാവാത്തതിനാലാണ്. അത്തരമൊരു മാറ്റത്തിലൂടെയല്ലാതെ വരുംകാലത്ത് നിലനില്‍ക്കാനാവമെന്നു കരുതുന്നത് മൗഢ്യമാണ്. കൂടാതെ പാര്‍ട്ടിക്കകത്തും ജനാധിപത്യത്തിന്റെ കാറ്റ് വീശണം. നേതാക്കളെ ആരാധിക്കാനല്ലാതെ, വിമര്‍ശിക്കാനുള്ള ധൈര്യം അണികള്‍ക്ക് ലഭിക്കണം.
അതിനോടൊപ്പം പ്രധാനമാണ് കാലഹരണപ്പെട്ട പല സിദ്ധാന്തങ്ങളുടേയും പിന്‍ബലത്തില്‍ ആധുനികകാല സമസ്യകള്‍ക്ക് ഉത്തരം കാണാനുള്ള നീക്കവും. വികസനം – പരിസ്ഥിതി, സാമൂഹ്യനീതി – സാമ്പത്തികനീതി, ജനാധിപത്യം – ഫാസിസം, കീഴാള – സ്വത്വ – ലിംഗ – വര്‍ഗ്ഗ രാഷ്ട്രീയം, ജാതി – മത ചിന്തകള്‍, മുതലാളിത്തം – ആഗോളവല്‍ക്കരണം – സാമ്രാജ്യത്വം തുടങ്ങി നിരവധി വിഷയങ്ങളോടുള്ള നിലപാടുകള്‍ പുനപരിശോധിക്കാന്‍ പാര്‍ട്ടി ഇനിയെങ്കിലും തയ്യാറാകാണം. കാലത്തിനുപുറകിലേക്കു നടന്ന ലോകത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെല്ലാം സംഭവിച്ചത് എന്താണെന്ന ചരിത്രം മുന്നിലുള്ളപ്പോള്‍ അവയില്‍ നിന്ന് പാഠം പഠിക്കാന്‍ തയ്യാറുണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലാണ് കേരളത്തിലെ സിപിഎമ്മിന്റെ ഭാവി എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala, Latest news, Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply