ജനാധിപത്യത്തോടും സായുധസമരത്തോടും നീതിപുലര്‍ത്താത്ത സിപിഎം

ജനാധിപത്യത്തോട്‌ സത്യസന്ധമായ നിലപാടുണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ജ്യോതിബാസു സ്ഥാനമേല്‍ക്കുമായിരുന്നു. എന്നാല്‍ ജനാധിപത്യത്തേക്കാള്‍ തങ്ങളുടെ ആധിപത്യമായിരുന്നു അന്ന് പാര്‍ട്ടി കണ്ടത്. മറുവശത്ത് സായുധസമരത്തോട് സത്യസന്ധതയുണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു.

ലോകത്തുതന്നെ അവശേഷിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ പ്രധാനപ്പെട്ട ഒന്നായ കേരളത്തിലെ സിപിഎമ്മിന് എന്താണ് സംഭവിക്കുന്നത്? ജനാധിപത്യസംവിധാനത്തിലാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവകാശപ്പെടുമ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യസംവിധാനത്തെ സത്യസന്ധമായി ഉള്‍ക്കൊള്ളാതിരിക്കുകയും പഴയ കമ്യൂണിസ്റ്റ് ആചാര്യര്‍ എഴുതിവെക്കുകയും ലോകം തള്ളിക്കളയുകയും ചെയ്ത ഏകപാര്‍ട്ടി ഭരണം കിനാവു കാണുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിന് സംഭവിക്കുന്ന സ്വാഭാവിക അപചയത്തിലൂടെ തന്നെയാണ് ഈ പാര്‍ട്ടി കടന്നു പോകുന്നതെന്നു കാണാം.
അലനെന്നും താഹയെന്നും പേരുള്ള രണ്ടു കൗമാരക്കാരെ യുഎപിഎ ചുമത്തി തുറുങ്കിലടച്ച സംഭവം സിപിഎമ്മിന്റെ സമകാലിക അപചയത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. സായുധസമരം ഉയര്‍ത്തിപിടിക്കുന്ന മാവോയിസ്റ്റുകളോട് അനുഭാവം പുലര്‍ത്തുന്നവരാണ് ഇവരെന്നാണല്ലോ ആരോപണം. 19 ഉം ഇരുപതും വയസ്സായ ഇവരെ കഴിഞ്ഞ നാലഞ്ചുകൊല്ലമായി നിരിക്ഷിക്കുന്ന പോലീസിന്റെ കാര്യക്ഷമതയെ കുറിച്ചെന്താണ് പറയുക? അതവിടെ നില്‍ക്കട്ടെ. കേരളത്തില്‍ 600ഓളം ഇതര രാഷ്ട്രീയപ്രവര്‍ത്തകരെ കൊന്നൊടുക്കുകയും അത്രയും പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും ചെയ്ത പ്രസ്ഥാനമാണ് സിപിഎം എന്നതും കൊന്നവരില്‍ പാര്‍ട്ടി വിട്ടു പുതിയ കമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടാക്കിയ ടി പി ചന്ദ്രശേഖരനടക്കമുണ്ടെന്നതും അവിടെ നില്‍ക്കട്ടെ. സായുധസമരത്തോട് അനുഭാവം പുലര്‍ത്തുന്ന അലനേയും താഹയേയും കുറ്റപ്പെടുത്താനും അവര്‍ക്കെതിരെ അന്വേഷണം നടത്താനും പുറത്താക്കാനും ഈ പാര്‍ട്ടിക്ക് എന്തര്‍ഹതയാണുള്ളത്? ഇപ്പോഴും സായുധസമരത്തെ സിപിഎം കയ്യൊഴിഞ്ഞിട്ടുണ്ടോ? പാര്‍ട്ടി പരിപാടിയെ കുറിച്ചറിയുന്ന ഏതെങ്കിലും നേതാക്കളുണ്ടെങ്കില്‍ ഈ ചോദ്യത്തിന് ഉത്തരം പറയട്ടെ. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു ശേഷം ഇത് സ്വാതന്ത്ര്യമല്ലെന്നു പ്രഖ്യാപിച്ച് സായുധസമരത്തിന് ആഹ്വാനം ചെയ്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നീട് പാര്‍ലിമെന്ററി ജനാധിപത്യത്തില്‍ പങ്കെടുക്കാനാരംഭിച്ചു. അപ്പോഴും സായുധസമരത്തെ പൂര്‍ണ്ണമായി നിഷേധിച്ചിട്ടില്ല. അവസരം വന്നാല്‍ സായുധസമരത്തിലൂടെ അധികാരം പിടിച്ചെടുക്കുമെന്നു തന്നെയാണ് പാര്‍ട്ടി ലൈന്‍. അതിനുള്ള സാഹചര്യം ഉണ്ടാകുന്നതുവരെ ജനാധിപത്യസംവിധാനത്തില്‍ പ്രവര്‍ത്തിക്കുക എന്ന കാപട്യം നിറഞ്ഞതും ജനങ്ങളെ വഞ്ചിക്കുന്നതുമായ നയമാണ് പാര്‍ട്ടിയുടേത്. ഈ തട്ടിപ്പ് അംഗീകരിക്കാനവില്ല, സായുധസമരം മാത്രമാണ് ശരിയെന്നു പ്രഖ്യാപിച്ചാണ് പ്രധാനമായും സിപിഎമ്മില്‍ നിന്നും നക്‌സലൈറ്റുകളും പിന്നീട് മാവോയിസ്റ്റുകളും ഉണ്ടാകുന്നത്. പിന്നീട് സിപിഐ സായുധസമരപാത ഉപേക്ഷിച്ചെങ്കിലും സിപിഎം ആ സ്വപ്‌നവുമായാണ് ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ ചെറുപ്പത്തിന്റെ ആവേശത്തില്‍ സ്വാഭാവികമായും സിപിഎമ്മിലെത്തുന്ന പലരും ഈ വഞ്ചന തിരിച്ചറിഞ്ഞ് സായുധസമരത്തിലേക്ക് ആകര്‍ഷിക്കപ്പെടും. എന്താണ് മറ്റുപാര്‍ട്ടികളില്‍ നിന്ന് കാര്യമായി ആരും നക്‌സലൈറ്റോ മാവോയിസ്‌റ്റോ ആകാത്തത് എന്നതില്‍ നിന്നു കാര്യങ്ങള്‍ വ്യക്തമല്ലേ? സായുധസമരവും ഗറില്ലാസമരവുമൊന്നും അംഗീകരിക്കാത്തവര്‍ ചെഗുവേരയെ ദൈവമായി കാണേണ്ടതില്ലല്ലോ. ഇത്തരമൊരു സാഹചര്യത്തില്‍ ആവേശം കൈമുതലായി പാര്‍ട്ടിയിലേക്കു വന്നവര്‍ സായുധസമരത്തില്‍ ആകര്‍ഷകരായാല്‍ അവരെ പുറത്താക്കുകയും യുഎപിഎ ചുമത്തി അകത്തിടുകയുമാണോ വേണ്ടത്? അതും ഒരാശയത്തില്‍ വിശ്വസിക്കുന്നത് കുറ്റകരമല്ല എന്നും കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കുന്നതു മാത്രമാണ് കുറ്റകൃത്യമെന്ന കോടതി വിധി നിലനില്‍ക്കുമ്പോള്‍. മാത്രമല്ല, യുഎപിഎ തങ്ങളുടെ നയമല്ല എന്ന പാര്‍ട്ടിയും സര്‍ക്കാരും പ്രഖ്യാപിക്കുമ്പോള്‍. അഖിലേന്ത്യാ സെക്രട്ടറി യെച്ചൂരിയുടെ വാക്കുകള്‍ക്കുപോലും വിലയില്ലാത്ത അവസ്ഥയാണ് സഖാക്കള്‍ കാണുന്നത്.
വധശിക്ഷ അംഗീകരിക്കാത്ത പാര്‍ട്ടി ഭരിക്കുമ്പോള്‍ 7 പേരെ വ്യാജ ഏറ്റുമുട്ടലില്‍ കൊന്നുകളഞ്ഞ സാഹചര്യത്തില്‍ യുഎപിഎ എത്ര നിസ്സാരമെന്നായിരിക്കും പല നേതാക്കളും ചിന്തിക്കുന്നത്. സിപിഎം പ്രവര്‍ത്തകരെ അകത്തിടുന്നതു മാത്രമാണ് മറ്റുപലരുടേയും പ്രശ്‌നം. തങ്ങള്‍ പാര്‍ട്ടി കുടുംബമാണെന്നും അതിനാല്‍ നീതി പ്രതീക്ഷിക്കുന്നു എന്നുമാണ് ഇരുകൂട്ടരുടേയും വീട്ടുകാരും പറഞ്ഞത്. ഇപ്പോഴിതാ പാര്‍ട്ടിയില്‍ 500 ഓളം മാവോയിസ്റ്റുകളുണ്ടെന്ന ഐ ബി റിപ്പോര്‍ട്ടില്‍ അന്വേഷണം നടക്കുകയാണത്രെ. അവരെയെല്ലാം കണ്ടെത്തി യുഎപിഎ ചുമത്തുമെന്നുതന്നെ കരുതാം. സത്യത്തില്‍ ആരെങ്കിലും അങ്ങനെ പോകുന്നു എങ്കില്‍ അതിനു കാരണം സായുധസമരത്തോടും ജനാധിപത്യത്തോടുള്ള പാര്‍ട്ടിയുടെ കാപട്യം നിറഞ്ഞ നിലപാടാണെന്നത് അംഗീകരിച്ച് തിരുത്തുകയാണ് വേണ്ടത്. എന്നാല്‍ അതിന് തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും ദയനീയം. ജനാധിപത്യത്തോട് സത്യസന്ധമായ നിലപാടുണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ജ്യോതിബാസു സ്ഥാനമേല്‍ക്കുമായിരുന്നു. എന്നാല്‍ ജനാധിപത്യത്തേക്കാള്‍ തങ്ങളുടെ ആധിപത്യമായിരുന്നു അന്ന് പാര്‍ട്ടി കണ്ടത്. മറുവശത്ത് സായുധസമരത്തോട് സത്യസന്ധതയുണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ ചരിത്രം മറ്റൊന്നാകുമായിരുന്നു. ആ കാപട്യമൊക്കെ അതേപോലെ നിലനിര്‍ത്തിയാണ് പാര്‍ട്ടി 500ഓളം വരുന്ന ഇടതുവ്യതിയാനക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. സുപ്രിം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി രണ്ടു സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കി ശബരി സന്നിധാനത്തിലേക്ക് നീങ്ങിയ പോലീസിനെ ഫോണില്‍ വിളിച്ച് തിരിച്ചുവിട്ട സംഘപരിവാറുകാര്‍ ചിന്താഗതിക്കാര്‍ പോലും അംഗങ്ങളായുള്ള മന്ത്രിസഭക്കു നേതൃത്വം കൊടുക്കുന്ന പിണറായി വിജയനാണ് മാവോവേട്ടക്കും യുഎപിഎക്കും ചുക്കാന്‍ പിടിക്കുന്നതെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയത്തോട് ധൈഷണികമായ സത്യസന്ധത പുലര്‍ത്താത്ത ഒരു പ്രസ്ഥാനത്തിന് സ്വാഭാവികമായും നേരിടേണ്ടിവരുന്ന അപചയം തന്നെയാണ് കേരളത്തിലെ സിപിഎം ഇന്നു നേരിടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply