നമുക്കൊരു ആരോഗ്യ വകുപ്പില്ല, ഉള്ളത് രോഗവകുപ്പാണ്.

ആരോഗ്യ – ചികിത്സാ മേഖലയിലെ ഈ തലകീഴായ മുന്‍ഗണനാക്രമങ്ങളാണ് ഈ മഹാമാരിയുടെ കാലത്ത് ദുരിതങ്ങള്‍ ഒരു രോഗാണുവിലേക്കുമാത്രം കേന്ദ്രീകരിച്ചപ്പോള്‍ ആരോഗ്യസംരക്ഷണത്തിന്റെ പ്രാഥമിക ഘടകങ്ങള്‍ പോലും വിസ്മരിക്കപ്പെട്ടു. ഭക്ഷണം, തൊഴില്‍, സുരക്ഷിതത്വബോധം തുടങ്ങിയയെല്ലാം പ്രതിസന്ധിയിലായി. ഭയരഹിതമായ അന്തരീക്ഷം ആരോഗ്യത്തിന്റെ അവശ്യ ഉപാധിയായിരിക്കെ, ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധ്യമായ എല്ലാ മാര്‍ഗ്ഗങ്ങളിലൂടേയും അതിനെ നേരിടേണ്ടതിന്റെ ആവശ്യകത പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആധുനിക വൈദ്യലോബിക്ക് ഭരണതലത്തിലുള്ള പിടിപാടുമൂലം മറ്റു വൈദ്യശാസ്ത്രശാഖകളെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം മാറ്റിനിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നു എന്നു പറയാതെവയ്യ.

നമ്മുടെ ആരോഗ്യവ്യവസ്ഥയെ ഭരിക്കുന്ന രണ്ട് തല തിരിഞ്ഞ സമീപനങ്ങളാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. അതിലൊന്നാമത്തേത് നമുക്ക്  ഒരു ആരോഗ്യ വകുപ്പില്ല എന്നതാണ്. പകരം നമ്മെ ഭരിക്കുന്നത് രോഗവകുപ്പാണ്. ആരോഗ്യമെന്നാല്‍ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല എന്ന് ലോകമാകെ അംഗീകരിച്ചു കഴിഞ്ഞെങ്കിലും നമ്മുടെ ആരോഗ്യസംവിധാനങ്ങള്‍ രോഗങ്ങള്‍ക്ക് പുറകെ പാഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ രോഗത്തേയും കീഴടക്കി എന്നവകാശപ്പെടുമ്പോഴും മൊത്തം രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. അതിനര്‍ത്ഥം നാം ആരോഗ്യത്തെ ഒരു പരിഗണനാവിഷയമായി എടുക്കുന്നില്ല എന്നാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ആരോഗ്യമാനദണ്ഡങ്ങളില്‍ സ്വാതന്ത്ര്യനന്തരം വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും അതിന് കാരണമായത് ആരോഗ്യസംവിധാനങ്ങളല്ല, മറിച്ച് രാഷ്ട്രീയ, സാമൂഹ്യരംഗത്തെ മാറ്റങ്ങളാണ്. സാര്‍വ്വത്രിക വിദ്യാബ്യാസം, ഭൂപരിഷ്‌കരണം എന്നിവ തുടങ്ങി വികേന്ദ്രീകൃതാസൂത്രണം വരെയുള്ള ഒട്ടനവധി സാമൂഹിക പരിഷ്‌കാരങ്ങളാണ് കേരളത്തിന്റെ ജീവിതപിസരത്തെ മാറ്റിമറിച്ചതും പൊതു ആരോഗ്യത്തെ അഭിവൃദ്ധിപ്പെടുത്തിയതും. വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ മാനങ്ങള്‍ ആരോഗ്യത്തിനുണ്ട്. ശരിയായ ഭക്ഷണം, കുടിവെള്ളം, ശുദ്ധവായു, മാനുഷികബന്ധങ്ങള്‍, സമത്വാധിഷ്ഠിത സാമൂഹിക സാഹചര്യം, പ്രകൃതിയുമായുള്ള സാഹോദര്യം എന്നിവയെല്ലാം ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആരോഗ്യത്തിനു പകരം രോഗത്തിലുള്ള ഊന്നലാണ് നമ്മുടെ ശ്രദ്ധയെ മെഡിക്കല്‍ കോളേജുകളിലേക്കും സ്‌പെഷലിസ്റ്റുകളിലേക്കും തിരിച്ചുവിട്ടത്. ഇത് മറ്റൊരു തെറ്റായ സമീപനത്തിലേക്കു നയിക്കുന്നു. രോഗചികിത്സയിലെ ഊന്നല്‍ രോഗിയില്‍ നിന്ന്് ഡോക്ടര്‍മാരില്‍ കേന്ദ്രീകരിക്കപ്പെടുന്നു. രോഗിയുടെ അനുഭവങ്ങളുടേയും അഭിപ്രായങ്ങളുടേയും മേല്‍ വിദഗ്ധഡോക്ടര്‍മാരുടെ തീരുമാനങ്ങള്‍ അന്തിമവും ആധികാരികവുമാകുന്നു. ആര്‍ക്കുവേണ്ടിയാണോ ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്, അവര്‍ അതിന്റെ കേവലം ഇരകള്‍ മാത്രമാകുന്നു.

ഓരോ സമൂഹവും അതിന്റെ ആരോഗ്യപരവും ചികിത്സാപരവുമായ ആവശ്യങ്ങള്‍ നിറവേറ്റുന്നത് വ്യത്യസ്തമായ ഒട്ടേറെ മാര്‍ഗ്ഗങ്ങളിലൂടെയാണ്. ഓരോ സമൂഹത്തിന്റേയും സാംസ്‌കാരികവും ആത്മീയവും പരമ്പരാഗതവുമായ അനുഭവപശ്ചാത്തലത്തിലാണ് ഈ മാര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നത്. അക്കൂട്ടത്തില്‍ ആധുനികവൈദ്യത്തിന്റെ പങ്ക് ചെറുതല്ല. എന്നാല്‍ ജനങ്ങളുടെ അനുഭവത്തെയപ്പാടെ അശാസ്ത്രീയമെന്ന് തള്ളിക്കളഞ്ഞ് ആധുനിക വൈദ്യത്തിന്റെ അധീശത്വം സ്ഥാപിതമായതോടെയാണ് ആരോഗ്യമേഖലയുടെ പൂര്‍ണ്ണാധികാരം ഡോക്ടര്‍മാരില്‍ നിക്ഷിപ്തമാകുകയും രോഗികള്‍ വെറും ഇരകളായി തീരുകയും ചെയ്തത്. അനുഭവങ്ങള്‍ക്കുമേല്‍ സിദ്ധാന്തം പിടിമുറുക്കുകയും രോഗചികിത്സയുടെ വിവിധ സാധ്യതകള്‍ക്കുമേല്‍ ആധുനിക വൈദ്യത്തിന്റെ ഏകശാസനം നിലവില്‍ വരുകയും ചെയ്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആരോഗ്യ – ചികിത്സാ മേഖലയിലെ ഈ തലകീഴായ മുന്‍ഗണനാക്രമങ്ങളാണ് ഈ മഹാമാരിയുടെ കാലത്ത് ദുരിതങ്ങള്‍  ഇരട്ടിപ്പിക്കുന്നത്. ഒന്നാമതായി, രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഒരു രോഗാണുവിലേക്കുമാത്രം കേന്ദ്രീകരിച്ചപ്പോള്‍ ആരോഗ്യസംരക്ഷണത്തിന്റെ പ്രാഥമിക ഘടകങ്ങള്‍ പോലും വിസ്മരിക്കപ്പെട്ടു. ഭക്ഷണം, തൊഴില്‍, സുരക്ഷിതത്വബോധം തുടങ്ങിയയെല്ലാം പ്രതിസന്ധിയിലായി. ഭയരഹിതമായ അന്തരീക്ഷം ആരോഗ്യത്തിന്റെ അവശ്യ ഉപാധിയായിരിക്കെ, ഭീതിതമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കപ്പെടുന്നത്.

രണ്ടാമതായി ജനങ്ങളുടെ അനുഭവജ്ഞാനത്തെ അന്ധവിശ്വാസമെന്ന് അവഹേളിച്ചുകൊണ്ട് വിദഗ്ധരുടെ സൈദ്ധാന്തിക മേധാവിത്വം ഉറപ്പിക്കുകവഴി രോഗപ്രതിരോധത്തിന്റെ ജനകീയ മാര്‍ഗ്ഗങ്ങളപ്പാടെ കൊട്ടിയടച്ചുകളഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കാത്ത പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ബലപ്രയോഗം അത്യാവശ്യമായി വരുന്നത് സ്വാഭാവികമാണ്. ജീവിതാനുഭവങ്ങളില്‍ നിന്ന് ഫലപ്രദമെന്ന് ജനങ്ങളംഗീകരിച്ച വിവിധ ചികിത്സാധാരകളെ മുഴുവന്‍ രംഗത്തുനിന്ന് ബലമായി മാറ്റിനിര്‍ത്തുകയാണ് ചെയ്യുന്നത്. ആയുര്‍വേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി തുടങ്ങിയ ജനങ്ങള്‍ക്കിടയില്‍ അംഗീകാരമുള്ള വിവിധ രോഗനിയന്ത്രണോപാധികളെ തങ്ങള്‍ക്കുമാത്രം പാകമാവുന്ന അളവുകോലുകള്‍ വെച്ച് അശാസ്ത്രീയമെന്ന് വിധിയെഴുതി പുറത്തുനിര്‍ത്തുന്നു. ഇതിനുപിന്നിലുള്ള വ്യവസായിക – സാമ്പത്തിക താല്‍പ്പര്യങ്ങള്‍ ഇനിയും വെളിപ്പെടാനിരിക്കുന്നതേയുള്ളു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply