സമുദായ നേതാവ് കിംഗ് മേക്കറാകുന്ന കേരളം

മൂന്നു മുന്നണികളും എന്‍ എസ് എസിന്റെ പിന്തുണ ലഭിക്കാനായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രീതിക്കായി കിണഞ്ഞു പരിശ്രമിക്കുകയാണ്. എന്നാല്‍ ആദ്യമൊന്നും ആര്‍ക്കും പിടികൊടുക്കാതിരുന്ന സുകുമാരന്‍ നായര്‍ ഇപ്പോള്‍ ഏറെക്കുറെ യുഡിഎഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സമദൂരത്തില്‍ നിന്ന് ശരിദൂരമെന്ന അവരുടെ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം മറ്റൊന്നല്ല.

അഞ്ചു നിയമസഭാ തെരഞ്ഞടുപ്പകള്‍ ആസന്നമായ വേളയില്‍ സമുദായ സംഘടനയായ എന്‍ എസ് എസ് താരമാകുന്ന, പ്രതിലോമകരമായ കാഴ്ചയാണ് കാണുന്നത്. പലപ്പോഴും ഇത്തരം സമയങ്ങളില്‍ എസ് എന്‍ ഡി പിയും വെള്ളാപ്പിള്ളിയുമാണ് ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്തെത്താറ്. ഇപ്പോഴത് എന്‍ എസ് എസും സുകുമാരന്‍ നായരുമായിരിക്കുന്നു. മൂന്നു മുന്നണികളും എന്‍ എസ് എസിന്റെ പിന്തുണ ലഭിക്കാനായി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രീതിക്കായി കിണഞ്ഞു പരിശ്രമിക്കുകയാണ്. എന്നാല്‍ ആദ്യമൊന്നും ആര്‍ക്കും പിടികൊടുക്കാതിരുന്ന സുകുമാരന്‍ നായര്‍ ഇപ്പോള്‍ ഏറെക്കുറെ യുഡിഎഫിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സമദൂരത്തില്‍ നിന്ന് ശരിദൂരമെന്ന അവരുടെ പ്രഖ്യാപനത്തിന്റെ അര്‍ത്ഥം മറ്റൊന്നല്ല. സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് കരയോഗ – പൊതുയോഗങ്ങളില്‍ എന്‍എസ്എസ് നേതാക്കള്‍ ഉന്നയിക്കുന്നത്. അതേസമയം മത സാമുദായിക സംഘടനകള്‍ തെരഞ്ഞെടുപ്പിലടപെടുന്നതിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
സമുദായത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ടല്ല എന്‍ എസ് എസ് നിലപാടെടുക്കുന്നത് എന്നതാണ് കൗതുകകരം. അങ്ങനെ നിലപാടെടുക്കുമെന്ന പ്രതീക്ഷയില്‍ സംവരണത്തിന്റെ രാഷ്ട്രീയം തന്ന അട്ടിമറിച്ച് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത് തങ്ങളാണെന്ന് എന്‍ഡിഎയും എല്‍ഡിഎഫും നായര്‍ക്കു മുന്നില്‍ ചൂണ്ടികാണിച്ചു കൊണ്ടേയിരിക്കുകയാണ്. എന്നാല്‍ നായരതു ശ്രദ്ധിക്കുന്നതു പോലുമല്ല. മറിച്ച് അദ്ദേഹം ഇപ്പോഴും ശബരിമല ലഹരിയില്‍ തന്നെയാണ്. കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും വിശ്വാസികളെ വഞ്ചിച്ചു, ്അതിനാല്‍ എന്‍ഡിഎക്കും എല്‍ഡിഎഫിനും വോട്ടില്ല എന്നതാണത്രെ സമദൂരത്തില്‍ നിന്ന് ശരിദൂരത്തേക്ക് മാറുവാനുള്ള കാരണം. വിശ്വാസത്തിന്റെ പേരില്‍ തെരുവിലിറങ്ങുകയും അടികൊള്ളുകയും നിരവധി കേസുകളില്‍ പ്രതികളാകുകയും ചെയ്ത ബിജെപിക്കും സുപ്രിംകോടതി വിധിക്കും വിശ്വാസത്തിനുമിടയില്‍ ഏറെ സര്‍ക്കസ് കളിച്ച സിപിഎമ്മിനും വലിയ ഞെട്ടലാണ് ഈ നിലപാട് സൃഷ്ടിച്ചിരിക്കുന്നത്. വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്താന്‍ തയ്യാറാകാത്തതാണത്രെ എന്‍ എസ് എസിന്റെ കേന്ദ്രവിരോധത്തിനു കാരണം. മറുവശത്ത് ഇപ്പോഴും സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യതയെ കുറിച്ച് പറയുന്നതാണ് കേരള സര്‍ക്കാരിനോടുമുള്ള വിരോധത്തിന് കാരണം. ഇതിനിടയില്‍ ലോട്ടറിയടിച്ചവരുടെ ആഹ്ലാദം പോലെ സന്തുഷ്ടരാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍. പ്രതീക്ഷിക്കാത്ത പിന്തുണയാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്.
അതേസമയം ശബരിമലയാണ് പ്രശ്‌നമെങ്കില്‍ ബിജെപിയോളം ആത്മാര്‍ത്ഥത ആരും കാണിച്ചിട്ടില്ലെന്നാണ് കുമ്മനം രാജശേഖരന്റെ നിലപാട്. ശബരിമല സമരം നയിച്ചതും, ജയിലില്‍ പോയതും ബിജെപി പ്രവര്‍ത്തകരാണ്. നിയമനിര്‍മാണം നടത്തുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച പാര്‍ട്ടിയാണ് ബിജെപി. റിവ്യൂ പെറ്റീഷന്‍ കോടതി പരിഗണിക്കവേ മറ്റെന്താണ് ചെയ്യാനാവുക എന്ന് വ്യക്തമാക്കണം. ശബരിമല ചര്‍ച്ചയായാല്‍ ഭക്തര്‍ ബിജെപിക്ക് തന്നെ വോട്ട് ചെയ്യുമെന്നും കുമ്മനം തറപ്പിച്ചു പറയുന്നു. എങ്കിലും എന്‍ എസ് എസ് നിലപാടില്‍ ബിജെപി നിരാശരാണ്. എന്‍ എസ് എസ് പിന്തുണ ലഭിച്ചാല്‍ കോന്നിയിലും .വട്ടിയൂര്‍കാവിലുമൊക്കെ മികച്ച പ്രകടനം നടത്താനാവുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അതാണിപ്പോള്‍ ഇല്ലാതായത്. അടികൊണ്ടതും ജയിലില്‍ കിടന്നതുമൊക്കെ വെറുതെയായി എന്ന തോന്നലിലാണ് പൊതുവില്‍ ബി ജെ പി പ്രവര്‍ത്തകര്‍. എസ് എന്‍ ഡി പിയുടെ പിന്തുണയും ബിജെപിക്കില്ല എന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. എന്‍ഡിഎ ഘടകകക്ഷിയായ ബിഡിജെഎസും പ്രചാരണ വേളയില്‍ സജീവമായി പ്രചാരണ രംഗത്തില്ല എന്നതും അവരെ നിരാശരാക്കുന്നു.
ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസികള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും എതിരായി നിലകൊള്ളുകയാണെന്നും നവോത്ഥാനത്തിന്റെ പേരില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തി മുന്നാക്ക- പിന്നാക്ക ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നുമാണ് എല്‍ ഡി എഫിനെതിരായ എന്‍എസ്എസ് ആരോപണം. സ്വാഭാവികമായും നായരെ പ്രീണിപ്പിക്കാന്‍ കോടിയേരി രംഗത്തെത്തി. തുടര്‍ന്ന് കേട്ടത് സ്‌നേഹത്തോടേയും ബഹുമാനത്തോടെയുമുള്ള ഉപദേശങ്ങളായിരുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം മറ്റു സമുദായ നേതാക്കള്‍ ഇത്തരം പ്രസ്താവനകളുമായി വരുമ്പോള്‍ അവരെ നേരിടുന്ന രീതിയില്ലല്ല കോടയേരിയും കൂട്ടരും എന്‍ എസ് എസിനും സുകുമാരന്‍ നായര്‍ക്കും മറുപടി പറയുന്നതെന്നാണ്. എന്നാല്‍ എന്തുപറഞ്ഞിട്ടും അദ്ദേഹം കേള്‍ക്കാതായ സാഹചര്യത്തിലാണ് കോടിയേരി വാക്കുകള്‍ അല്‍പ്പം കനപ്പിച്ചത്. സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തിലിടപെടരുതെന്നും എന്‍ എസ് എസ് പറഞ്ഞാല്‍ സമുദായാംഗങ്ങള്‍ കേള്‍ക്കില്ലെന്നും പഴയ എന്‍ ഡി പിയുടെ അവസ്ഥ മറക്കരുതെന്നും ശബരിമലക്കു പോകു്ന്നവരില്‍ ഭൂരിപക്ഷവും സിപിഎം പ്രവര്‍ത്തകാണെന്നോര്‍ക്കണമെന്നുമെക്കെ കോടിയേരി പറഞ്ഞു വെച്ചു. എന്‍ എസ് എസ് പിന്തുണ എല്‍ഡിഎഫിനാണെങ്കില്‍ ഇതെല്ലാം പറയുമായിരുന്നോ എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. എന്നാല്‍ അതിനു മുന്നിലും നായര്‍ക്കു കുലുക്കമില്ല. എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ നായര്‍ സമുദായാംഗങ്ങള്‍ അനുസരിക്കില്ല എന്ന് മുമ്പും പല നേതാക്കളും പറഞ്ഞിട്ടുണ്ട്, എന്നാല്‍ ഈ പ്രസ്താവനയെ സമുദായാംഗങ്ങള്‍ പുച്ഛിച്ചിട്ടേ ഉള്ളു എന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ മുന്നാക്കവിഭാഗത്തെ ബോധപൂര്‍വം അവഗണിക്കുകയുമാണു സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്.
മുന്നാക്കവിഭാഗങ്ങള്‍ക്കും അവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നു. അതിനൊന്നും പരിഹാരം കാണാതെ എന്‍.എസ്.എസിന്റെ നിലപാടിനെ നിസാരമായി തള്ളിക്കളഞ്ഞാല്‍ ജനങ്ങള്‍ അതേപടി ഉള്‍ക്കൊള്ളുമെന്ന് ആരും വ്യാമോഹിക്കേണ്ട. സാമൂഹിക നീതിക്കുവേണ്ടിയാണ് ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍.എസ്.എസ്. ശരിദൂരം സ്വീകരിക്കുന്നത് എന്നിങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. രക്ഷയില്ലെന്നു ബോധ്യപ്പെട്ടപ്പോള്‍ കോടിയേരി വാക്കുകള്‍ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. അതുവഴി എസ് എന്‍ ഡി പിയെ സന്തോഷിപ്പിക്കാനുമാണ് ശ്രമം.
അതിനിടയിലാണ് എന്‍എസ്എസിനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തുവന്നത്. ജാതി- മത സംഘടനകള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്നു പരസ്യമായി പറയുന്നത് ചട്ടലംഘനമാണെന്നാണ് ടീക്കാറാം മീണ പറഞ്ഞത്. എന്‍എസ്എസിന്റെ തീരുമാനത്തിനെതിരെ പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാല്‍ ഇത് സംബന്ധിച്ച് പരിശോധന ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പരാതിയോ നടപടിയോ അല്ല പ്രശ്‌നം. അതു നടക്കട്ടെ. എന്നാല്‍ വളറെ പ്രാധാന്യമുള്ള ഈ ഉപതെരഞ്ഞെടുപ്പുകളുടെ കേന്ദ്രസ്ഥാനത്ത് ഒരു സമുദായ സംഘടന വരുന്നതും മൂന്നു മുന്നണികളുടേയും നേതാക്കള്‍ ആ സംഘടനയുടെ തിണ്ണ നിരങ്ങുന്നതുമാണ്. ഒരു സമുദായ നേതാവ് കിംഗ് മേക്കറാകുന്നത് പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരള രഷ്ട്രീയം എവിടെ എത്തി നില്‍ക്കുന്നു എന്നതിന്റെ സൂചനയായി വേണം കാണാന്‍.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply