സിനിമ : സാമൂഹിക അകലത്തില്‍നിന്ന് പൊതുമയിലേക്ക്

ഒരു പക്ഷെ ഭാവിയില്‍ സിനിമയും നവമാധ്യമ സങ്കേതങ്ങളും അവയുടെ ഏറ്റവും മൌലികമായ തനതുസ്വഭാവങ്ങള്‍ നിലനിര്‍ത്തുകയും അവയുടെ അനന്യമായ അനുഭവ/പ്രകാശന സാധ്യതകളെ കൂടുതല്‍ സര്‍ഗ്ഗാത്മകവും സമകാലികവും ആക്കുകയാവും ചെയ്യുക. വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ നിന്ന് തിയ്യറ്ററിന്റെ വിശാലതയിലേക്കും, സീരിയലുകളുടെ ദീര്‍ഘ ഹരങ്ങളില്‍ നിന്ന് സിനിമയുടെ ഹ്രസ്വ ധ്യാനങ്ങളിലേക്കും സ്വകാര്യ ലഹരികളില്‍ നിന്ന് പൊതു ആഘോഷങ്ങളിലേക്കും സമൂഹജീവിയായ മനുഷ്യന് സഞ്ചരിക്കാതിരിക്കാനാവില്ല. പൗരത്വത്തെ ഉപഭോക്താവ് എന്ന സ്വത്വത്തിലേക്കും പൊതുമയെ സ്വകാര്യതകളുടെ ആഘോഷം കൊണ്ടും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്ന കോവിഡ് അനന്തരകാലത്ത് പൊതുമയെയും പൊതുജനത്തെയും പൊതുഭാവനയെയും സിനിമയിലും സിനിമയിലേക്കും കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ ദൗത്യം കൂടിയായിമാറുന്നു

കോവിഡ് 19 എന്ന മഹാവ്യാധി മനുഷ്യരും ലോകവും തമ്മിലുള്ള പാരസ്പര്യത്തെ, ആശ്രയ ആശ്ലേഷ ചൂഷണ ബന്ധത്തെക്കുറിച്ച് ആഴത്തിലും വിമര്‍ശനാത്മകവുമായി സമീപിക്കുവാനും ചിന്തിക്കുവാനും നിര്‍ബന്ധിക്കുന്നുണ്ട്. നമ്മുടെ ജീവിതത്തിലും ജീവനത്തിലും കാഴ്ച്ചപാടുകളിലും കോവിഡ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആഘാതങ്ങള്‍ സമ്പദ്‌വ്യവസ്ഥയെയും രാഷ്ട്രീയത്തെയും എന്ന പോലെ നമ്മുടെ നിത്യജീവിതത്തെയും കലയേയും കുറിച്ച് പുനരാലോചിക്കുവാനുള്ള പ്രേരണ കൂടിയാണ്.

ചലനം, വിനിമയം, പാരസ്പര്യം

മനുഷ്യന്റെ ലോകാവാസത്തിനും ആവാസവ്യവസ്ഥയ്ക്കും അവശ്യമായ മൂന്നു കാര്യങ്ങളാണ് ചലനം, വിനിമയം, പാരസ്പര്യം (movement, communication/exchange and interaction/interface) എന്നിവ. ഒരര്‍ഥത്തില്‍ പല തരം ചലനങ്ങളോ ഒഴുക്കുകളോ ആണിവയെല്ലാം. മനുഷ്യരുടെ ശാരീരികമായ ചലനം, ആശയങ്ങളുടെയും വിവരങ്ങളുടെയും സഞ്ചാരം/ഒഴുക്ക്, അതുപോലെ മനുഷ്യര്‍ തമ്മിലുള്ള ഇടപെടലുകള്‍. ഇവയുടെ സ്വതന്ത്രമായ ഒഴുക്ക്/വികാസം എന്നത് മനുഷ്യര്‍ക്കും മനുഷ്യ സമൂഹങ്ങള്‍ക്കും രാഷ്ട്രീയ രൂപങ്ങള്‍ക്കും സമ്പദ്‌വ്യവസ്ഥകള്‍ക്കുമെല്ലാം നിര്‍ണായകമാണ്. പക്ഷെ കോവിഡ് വ്യാപനം ഇന്ന് ഇവയെ നിയന്ത്രിക്കാനും പുനര്‍വിന്യസിക്കാനും മനുഷ്യസമൂഹത്തെ നിര്‍ബന്ധിതമായിരിക്കുന്നു. ഇത് മനുഷ്യജീവിതത്തെയും ജീവനത്തെയും വിവിധതലങ്ങളില്‍ ഗാഢമായി ബാധിക്കുന്ന ഇടപെടലാണ്: അടിസ്ഥാനപരമായി അത്, വ്യക്തി, സമൂഹജീവി, മനുഷ്യവംശം/ജനുസ്സ് എന്നീ നിര്‍ണായകമായ മൂന്നു നിലകളെയും (as individual being, social being, and species being) ബാധിക്കുന്നു, പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്നു.

വ്യക്തിശരീരം / സമൂഹശരീരം / മനുഷ്യ ജനുസ്സ്

ഒരു വ്യക്തിശരീരം എന്ന നിലയിലുള്ള നമ്മുടെ ജീവിതം/നിലനില്പ് അല്ലെങ്കില്‍ സുരക്ഷ/അതിജീവനം, സമൂഹജീവി എന്ന നിലയ്ക്ക് നമ്മുടെ സ്വാതന്ത്ര്യം/സ്വാഛന്ദ്യം, അതായത് പുറംലോകവും അപരരുമായുള്ളഇടപാടുകള്‍, ഇടകലരുകള്‍ എന്നിവ, അതുപോലെ ഒരു ജനുസ്സ് (സ്പീഷീസ്) എന്ന നിലയ്ക്ക് മനുഷ്യന്റെ ഭൂമിയിലെ നിലനില്പ്/അതിജീവനം ഈ അവസ്ഥകളുടെയും സ്ഥിതികളുടെയുമെല്ലാം ലോലതയും ദൗര്‍ബ്ബല്യവും ഇന്ന് വെളിപ്പെട്ടിരിക്കുന്നു. അതുപോലെ സൂക്ഷ്മപ്രകൃതി നമ്മെ തിരിഞ്ഞുനോക്കുന്ന ഇന്നത്തെ അവസ്ഥ മനുഷ്യനും പ്രകൃതിയും അല്ലെങ്കില്‍ പരിസ്ഥിതിയുമായുള്ള ബന്ധത്തെ പുനരാലോചിക്കാനും പ്രേരിപ്പിക്കുന്നുണ്ട്.

മനുഷ്യജീവിയും ഭൂമിയിലെ മറ്റു ജൈവാജൈവജാലങ്ങളും തമ്മിലുള്ള പരസ്പരാശ്രിതത്വവും ആശ്രയവുമെല്ലാം കൂടുതല്‍ രൂക്ഷമായ രീതിയില്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു. മനുഷ്യജീവി എന്നത് ഈ ഭൗമ വ്യവസ്ഥയ്ക്കുള്ളില്‍ മറ്റേതൊരു ജനുസ്സിനെപ്പോലെയുമുള്ള ഒന്നാണ് എന്നും, ഒരൊറ്റ ജീവചക്രത്തിന്റെ, ജൈവവ്യവസ്ഥയുടെ, ജൈവപ്രക്രിയയുടെ കണ്ണി മാത്രമാണ് മനുഷ്യന്‍ എന്നുമുള്ള ബോധ്യം ലോകത്തെയും വാഴ്‌വിനെയും കുറിച്ചുള്ള ചിന്തകളെ കൂടുതല്‍ ജൈവീകമായ അന്വേഷണങ്ങള്‍ക്കും ജീവിതരീതികള്‍ക്കും ഭാവനകള്‍ക്കും ഇനിയെങ്കിലും വഴി തെളിക്കേണ്ടതാണ്. അതായത് മനുഷ്യര്‍ എന്നത് ഒരൊറ്റ ജനുസ്സാണെന്നും, മനുഷ്യകുലം ഒരൊറ്റ ശരീരം തന്നെയാണെന്നും മനുഷ്യശരീരങ്ങളിലൂടെയുള്ള ശീഘ്രവും സുഗമവുമായ ഈ വൈറസിന്റെ ആഗോള സഞ്ചാരം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ വിശ്വസിക്കുകയും സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്ത നിരവധി സങ്കല്പനങ്ങളെ, ധാരണകളെ നമ്മള്‍ അഴിച്ചു പണിയേണ്ടിയിരിക്കുന്നു: ജീവന്‍, പ്രകൃതി, രോഗം, മരണം, യാത്ര, ‘വികസനം’, ആഗോളീകരണം, അധ്വാനം തുടങ്ങിയവയെക്കുറിച്ചല്ലാം കോവിഡ് അനന്തരകാലത്ത് മാറിച്ചിന്തിക്കുവാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഒരേസമയം വൈയക്തികവും സാമുഹികവും ആഗോളീയവും മനുഷ്യവംശപരവും ആയ ഈ പ്രതിസന്ധി നല്‍കുന്ന അപായസൂചനകളും തിരിച്ചറിവുകളും മറ്റൊരു രീതിയില്‍ മനുഷ്യനെയും മനുഷ്യജീവിതത്തെയും ലോകവാസത്തെയും പാരസ്പര്യങ്ങളെയും ഒക്കെക്കുറിച്ച് ഒരു ഭൗമജീവി എന്ന നിലയിലൊക്കെ സ്വയം കാണാനും അറിയാനും ഭാവന ചെയ്യാനുമൊക്കെയുള്ള പ്രേരണ കൂടിയാണ്.

ഈ മഹാമാരിയുടെ ആഘാതം വളരെ ഭൗതികവും അടിസ്ഥാനപരവും ശാരീരികവുമായ സംഗതികള്‍ തുടങ്ങി മനുഷ്യന്റെ ജൈവികതയെയും ഭൗമാസ്തിത്വത്തെയും സംബന്ധിക്കുന്ന നിര്‍ണായകമായ തലങ്ങളിലേക്ക് വ്യാപിക്കുന്ന ഒന്നാണ്. ഭൗതിക തലത്തില്‍ അത് മനുഷ്യരുടെ യാത്രകളെയും പലതരം വിനിമയങ്ങളെയും അസാധ്യമോ അപകടകരമോ ആക്കുന്നു: അതായത് ചരക്കുകളുടെ ഭൗതികമായ വാങ്ങല്‍-വില്‍ക്കല്‍ ഉപയോഗിക്കല്‍ തുടങ്ങി, പണമിടപാടുകളെയും പലതരം ഭൗതികവും ഭൗതികേതരവുമായ സേവനങ്ങളെയും ബാധിക്കുന്നു. അതായത്, മനുഷ്യര്‍ തമ്മിലുള്ള ശാരീരികമായ ഇടപെടലുകളും കണ്ടുമുട്ടലുകളും ഒത്തു ചേരലുകളും ആവശ്യമുള്ള എല്ലാം തന്നെ ഇന്ന് അപായകരമായ, കഴിയുന്നത്ര ഒഴിവാക്കേണ്ട, സംഗതികളായി മാറിയിരിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കോവിഡ് അവസ്ഥ നിര്‍ദ്ദേശിക്കുന്ന വ്യക്തികള്‍ തമ്മിലെ ശാരീരിക അകലം എന്നതിനെ നിര്‍ബന്ധിതമായ സാമൂഹിക അകലമായും അത് വ്യക്തികള്‍ക്ക് കൂട്ടം കൂടാനാവാത്ത രാഷ്ട്രീയമായ ഒറ്റപ്പെടലായും കൂടി മനസിലാക്കേണ്ടതുണ്ട്. മുഖംമൂടിയിട്ട ഓരോ വ്യക്തിയും ഇവിടെ സംശയാസ്പദനും സംശയാലുവുമാണ്. തനിക്കും രോഗം വരാമെന്ന പേടിയും തന്നിലൂടെ രോഗം പടരാമെന്ന ആശങ്കയും ഇവിടെ വ്യക്തിയെ ഒറ്റപ്പെടുത്തുക മാത്രമല്ല, തനിക്കും സമൂഹത്തിനും ഇടയിലെ അകലങ്ങളുടെ സൂക്ഷിപ്പുകാരന്‍ കൂടിയാക്കി മാറ്റുന്നു. ആ അകലം പാലിക്കുക എന്നത് മറ്റുള്ളവരുമായി ബന്ധപ്പെടാതിരിക്കുക, അകലം പാലിക്കുക, കഴിയുന്നത്ര പൊതു ഇടങ്ങളിലും ഇടപാടുകളിലും പങ്കെടുക്കാതിരിക്കുക വ്യക്തികളുടെ തന്നെ ഉത്തരവാദിത്തവും ധര്‍മ്മവുമായി മാറുന്നു. എന്തുതരം പൊതുമയും അപായകരമായിത്തീരാം എന്ന ചിന്ത/ഭയം ഇവിടെ ഒരു മഹാമാരിയായി സമൂഹത്തില്‍ പടരുന്നു.

ഈ രീതിയില്‍ ശാരീരികമായ വിനിമയങ്ങളും ഇടപെടലുകളും അസാധ്യമായ സാഹചര്യം അവയെ എല്ലാം ഓണ്‍ലൈന്‍ അല്ലെങ്കില്‍ വിര്‍ച്വല്‍ ആയ രൂപങ്ങളിലേക്കും മാര്‍ഗ്ഗങ്ങളിലേക്കും മാറ്റാനുള്ള കാരണവും പ്രേരണയും ആയി മാറിയിരിക്കുന്നു. ഈ അവസ്ഥ എല്ലാ സാമൂഹ്യ രംഗങ്ങളെയും സാമ്പത്തിക മേഖലകളെയും ഏറ്റവും നിര്‍ണായകമായി പൗര മണ്ഡലത്തെയും ബാധിക്കുന്നു. ശാരീരികമായ അകലം ഒരു സാമൂഹ്യനിയമം ആയിമാറുന്ന കാലത്ത് ശരീരസമ്പര്‍ക്കം അവശ്യമായി വരുന്നതും ആള്‍ക്കാര്‍ ഒത്തുചേരുന്നതുമായ സ്ഥലങ്ങളും സന്ദര്‍ഭങ്ങളും ആഘോഷങ്ങളും എല്ലാം ഇനി കുറച്ചു കാലത്തേക്കെങ്കിലും അസാധ്യമോ ഭീതിജനകമോ ആയിത്തീര്‍ന്നിരിക്കുന്നു. ജോലിക്കായാലും കച്ചവടത്തിനായാലുംആഘോഷങ്ങള്‍ക്കായാലും പ്രതിഷേധങ്ങള്‍ക്കായാലും, മനുഷ്യശരീരങ്ങള്‍ ഒത്തുചേരുന്നതും സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതുമായ ഇടങ്ങളെല്ലാം തന്നെ മാറ്റത്തിനും നിയന്ത്രണങ്ങള്‍ക്കും വിധേയമാകുമെന്നതിന് സംശയമില്ല. ഇവയ്ക്കുപകരം വിര്‍ച്വല്‍ ആയ വിനിമയ വേദികളിലേക്കും ഡിജിറ്റല്‍ സമ്പര്‍ക്ക രീതികളിലേക്കും സ്ഥാപനങ്ങളും സംവിധാനങ്ങളും വ്യക്തികളും കുടിയേറും എന്നതും ഉറപ്പാണ്. അത്തരമൊരു സാഹചര്യത്തില്‍ സിനിമ എന്ന ബഹുജന വിനോദ മാധ്യമത്തിനും അതിന്റെ ഏറ്റവും അടിസ്ഥാനപരവും സാമ്പ്രദായികവുമായ പ്രദര്‍ശന-ആസ്വാദന അരങ്ങായ തിയ്യറ്ററുകള്‍ക്കും എന്തു സംഭവിക്കും എന്നുള്ളത് സിനിമാ വ്യവസായരംഗത്തെയാകെ അലട്ടുന്ന പ്രശ്‌നവും വെല്ലുവിളിയുമാണ്.

ആഗോളീയത, സങ്കരത, പൊതുമ

സിനിമ എന്ന ദൃശ്യ മാധ്യമത്തിന്റെയും കലാനുഭവത്തിന്റെയും ഏറ്റവും നിര്‍ണായകമായ മൂന്നു സവിശേഷതകള്‍ അതിന്റെ ആഗോളീയത, സങ്കരത, പൊതുമ (globality, hybridity, publicness) എന്നിവയായിരിക്കും. അതായത് സിനിമ എന്ന മാധ്യമവും വ്യവസായവും കലയും എക്കാലത്തും ആഗോളീയ തലത്തിലുള്ള ജനപ്രിയതയും സ്വീകാര്യതയും ഉണ്ടായിരുന്നു. ഒരു സാങ്കേതികവിദ്യ എന്ന നിലയില്‍ അത് വളരെ പെട്ടെന്നുതന്നെ ലോകമാകെ വ്യാപിച്ചു, തദ്ദേശീയമായ ആഖ്യാന പാരമ്പര്യങ്ങളെയും ദൃശ്യബോധത്തെയും സ്വാംശീകരിച്ചുകൊണ്ട് പ്രാദേശികമായ കഥകള്‍ പറഞ്ഞു, നായികാ നായക രൂപങ്ങളെസൃഷ്ടിച്ചു. അത് ഒരേ സമയം ആഗോളീയവും പ്രാദേശികവും ദേശീയവുമായ ധാരകളെ കോര്‍ത്തിണക്കിക്കൊണ്ടാണ് വളര്‍ന്നതും വികസിച്ചതും. സാങ്കേതികമായി രൂപപരമായി അതിന്റെ ചരിത്രത്തിന് ആഗോളീയമായ സമാനതകളും ദിശകളും ഉണ്ടായിരുന്നു എങ്കിലും ആഖ്യാനത്തിന്റെയും പ്രമേയങ്ങളുടെയും അഭിനയരീതികളുടെയുമൊക്കെ കാര്യത്തില്‍ അത് പ്രാദേശികമായ ശൈലികളും ചേരുവകളും വികസിപ്പിച്ചു. ഉദാഹരണത്തിന് ഇറ്റാലിയന്‍ നിയോറിയലിസവും ഫ്രഞ്ച് നവതരംഗവും ലോകമെമ്പാടുമുള്ള സിനിമകളെ സ്വാധീനിച്ചിട്ടുണ്ടാകാമെങ്കിലും ആ സ്വാധീനങ്ങള്‍ ഓരോ ദേശീയ സിനിമകളിലും പ്രതിഫലിച്ചതും അതാത് സിനിമകള്‍ പറഞ്ഞ കഥകളും അതിനായി ആശ്രയിച്ച രീതികളിലും ശൈലികളും എല്ലാം വ്യത്യസ്തമായിരുന്നു. സെനഗലില്‍ ഉസ്മനെസെംബനെയും, ഇന്ത്യയിലെ സത്യജിത്‌റായ്, ഋത്വിക്ഘട്ടക്ക് എന്നിവരെയും ശ്രീലങ്കയിലെ ലെസ്റ്റര്‍ പെരീസിനയുംനിയോറിയലിസ്റ്റ് സിനിമകള്‍ ഒരുപോലെ സ്വാധീനിക്കുന്നുണ്ട്. എങ്കിലും അവര്‍ ഓരോരുത്തരുടെയും സിനിമകള്‍ വളരെ വ്യത്യസ്തമായ രീതികളാണ് പിന്തുടര്‍ന്നത്; അവയുടെ വികാസത്തില്‍ പ്രാദേശികവും തനതുമായ ആഖ്യാന അവതരണ പാരമ്പര്യങ്ങളും സാംസ്‌ക്കാരിക/രാഷ്ട്രീയചരിത്രങ്ങളും പ്രതിസന്ധികളുമായും ഒക്കെയായുള്ള കെട്ടിമറിച്ചിലുകള്‍ കാണാം. അതായത് എന്നും സിനിമ ആഗോളീയമായിരുന്നപ്പോള്‍ത്തന്നെ അത് തദ്ദേശീയങ്ങളായ ആഖ്യാനരൂപങ്ങളും കഥാശൈലികളും അവതരണരീതികളും ആവിഷ്‌ക്കരിച്ചുകൊണ്ടേയിരുന്നു.

സാംസ്‌ക്കാരികവും ചരിത്രപരവുമായ കാരണങ്ങള്‍ക്കു പുറമെ ഇതിന് മറ്റൊരു പ്രധാന കാരണം, അടിസ്ഥാനം ദേശീയ സിനിമകള്‍ക്ക് ദേശീയമായ ഒരു വിപണി ഉണ്ടായിരുന്നു എന്നതു കൂടിയാണ്. ഇന്ത്യയുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും പ്രകടമാണ്. ഒരു പക്ഷെ ഹോളീവുഡ് സിനിമയുടെ ആധിപത്യത്തില്‍ ലോകമെമ്പാടുമുള്ള ദേശീയ സിനിമാവ്യവസായങ്ങള്‍ നിലംപതിച്ചപ്പോഴും ഇന്ത്യന്‍ സിനിമാ വിപണിയില്‍ ഹോളിവുഡിന് പരിമിതമായ സ്ഥാനമേ ഉണ്ടായിരുന്നുള്ളൂ; മെട്രോകളിലും നഗരങ്ങളിലുമായി അതിന്റെ സ്വാധീനവും ജനപ്രിയതയും പരിമിതപ്പെട്ടു. എന്നാല്‍ ഡിജിറ്റല്‍ വിപ്ലവം ഈ അവസ്ഥയെ മാറ്റിമറിച്ചു. അത് സിനിമയുടെ ആഗോളീയതയെ, ആഗോളീയ സ്വാധീനത്തെയും പ്രചാരത്തെയും കൂടുതല്‍ തീവ്രവും വ്യാപകവുമാക്കി: ദൃശ്യങ്ങളുടെ തല്‍ക്ഷണമുള്ള ആഗോള വിനിമയവും ലഭ്യതയും വലിയരീതിയില്‍ പ്രാദേശിക ഭാവനകളെയും ആഖ്യാന പരിചരണരീതികളേയും ഇക്കാലത്ത് സ്വാധീനിക്കുന്നു. ഇതുമൂലം സാങ്കേതിക മികവ്, പരിചരണ രീതികള്‍, പ്രമേയത്തിരഞ്ഞെടുപ്പുകള്‍ എന്നിവയിലെല്ലാം തന്നെ ആഗോളീയമായ ചില രീതികള്‍ക്കും താല്പര്യങ്ങള്‍ക്കും കൂടുതല്‍ മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കയാണ്. എല്ലാം തന്നെ ആഗോളീയ കേന്ദ്രങ്ങളില്‍ നിന്നുള്ള സിനിമാ/ടെലിവിഷന്‍ ഉല്പന്നങ്ങളെ പിന്തുടരുവാനും അവയുടെ പ്രവണതകളിലേക്ക് സമീകരിക്കപ്പെട്ടുകൊണ്ടിരിക്കയുമാണ്. മുമ്പും ആഗോളീയമായ സ്വാധീനങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ ദൃശ്യ-സാങ്കേതിക വിദ്യയിലും ലാവണ്യസങ്കേതങ്ങളിലും വരുന്ന അത്തരം പരിണാമങ്ങള്‍ ക്രമേണയായിരുന്നു, മാത്രമല്ല മുമ്പ് സൂചിപ്പിച്ചതു പോലെ തദ്ദേശീയമായ രീതികളിലും ശൈലികളിലുമാണ ്അവയെ പ്രാദേശിക/ദേശീയ സിനിമകള്‍ സ്വാംശീകരിച്ചിരുന്നതും സ്വീകരിച്ചിരുന്നതും. ഇന്ന് ആഗോളീയതയുടെ വ്യാപനത്തിന്റെയും വ്യാപ്തിയുടെയും തീവ്രതയും തോതും വര്‍ദ്ധിച്ചിരിക്കുന്നു; ആഗോളകേന്ദ്രങ്ങളിലെ ഉല്പാദനവും അരികുകളിലെ/പ്രദേശങ്ങളിലെ അവയുടെ ഉപഭോഗവും തമ്മിലുണ്ടായിരുന്ന സമയപരമായ വിടവ്, ഇടവേളകള്‍ ഇല്ലാതായിരിക്കുന്നു; ഇത് ക്രമേണ ഒരേ തരത്തിലുള്ള അഭിരുചിശീലങ്ങളും സാങ്കേതിക മികവിനെക്കുറിച്ചുള്ള പ്രതീക്ഷകളും ധാരണകളും ഒക്കെ പങ്കിടുന്ന ഒരു ആഗോള പ്രേക്ഷക സമൂഹത്തെ ഉണ്ടാക്കിയെടുത്തിരിക്കുന്നു.

അതുകൊണ്ട് വിവര വിനിമയത്തിന്റെ കാര്യത്തില്‍ ‘ആഗോളീയം’ എന്ന വാക്ക് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്: ഒരു ക്രിയാപദമായ അതിനെ ഒരു നാമപദമായി നമ്മള്‍ തെറ്റിദ്ധരിക്കുന്നു. ക്രിയാപദങ്ങള്‍ നാമപദങ്ങളായി സ്വാഭാവികവല്‍ക്കരിക്കപ്പെടുന്ന പ്രക്രിയ തിരിച്ചറിയേണ്ടതുണ്ട്. വിവരങ്ങളുടെ ലോകവ്യാപനം എന്ന പ്രക്രിയയേ അല്ലെങ്കില്‍ പ്രതിഭാസത്തെ വിശേഷിപ്പിക്കുന്ന രീതിയില്‍ ഒരു നാമപദമായി അത് ഉപയോഗിക്കുമ്പോള്‍ ആ പ്രക്രിയയില്‍ അടങ്ങിയിരിക്കുന്ന അസമത്വങ്ങളും അസന്തുലിതാവസ്ഥകളും മറ(യ്)ക്കപ്പെടുന്നു. തുല്യമായ തോതിലും വേഗതയിലും ആവശ്യാനുസരണവും ആയ രീതിയില്‍ അല്ല അത് സംഭവിക്കുന്നത്; ആഗോളീയത എന്നത് ലോകത്തെല്ലായിടത്തും ഒരേ അനുഭവവുമല്ല. അത് ലോകത്തിലെ എല്ലാ പ്രദേശങ്ങളും ഒരേപോലെ പങ്കെടുക്കുന്ന, തുല്യ പങ്കാളിത്തവും നിര്‍വാഹകത്വവുമുള്ള ഒരുപ്രക്രിയയല്ല മറ്റ് സാമ്പത്തിക രംഗങ്ങളിലെന്ന പോലെ അസന്തുലിതവും അസമത്വങ്ങള്‍ നിറഞ്ഞതുമാണ്.

ആഗോള മാധ്യമ മൂലധനം (പത്രങ്ങള്‍, സംഗീതം, സിനിമ, പരസ്യം, ടെലിവിഷന്‍ തുടങ്ങി ഇന്റര്‍നെറ്റ് വരെയുള്ള എല്ലാമടങ്ങുന്നത്) എന്നത് ഇന്ന് ടൈം വാര്‍ണര്‍, വാള്‍ട്ട് ഡിസ്‌നി, സോണി, ദ് ന്യൂസ് കോര്‍പ്പറേഷന്‍, സിബിഎസ്, വയാ കോം തുടങ്ങിയ ആറോ ഏഴോ കോര്‍പ്പറേറ്റുകളുടെ ഉടമസ്ഥതയിലുള്ളതാണ്; ദേശീയ തലത്തില്‍ ലോകത്തെമ്പാടുമുണ്ടായിരുന്ന വിവിധ മാധ്യമ സ്ഥാപനങ്ങളെ വാങ്ങിയും ലയിപ്പിച്ചും അവ വളരെ വേഗത്തില്‍ കേന്ദ്രീകരിക്കപ്പെടുകയുമാണ്. വിവര സാങ്കേതിക വ്യവസായത്തിലും വിവര വിനിമയത്തിലും വികസിത രാജ്യങ്ങളും ലോകത്തെ ബാക്കിയുള്ള രാജ്യങ്ങളും തമ്മിലുള്ള കൊള്ളകൊടുക്കകളില്‍ തുല്യതയില്ല എന്നു മാത്രമല്ല വമ്പിച്ച അസമത്വങ്ങള്‍ നിലനില്‍ക്കുന്നു എന്ന സത്യം ഇവിടെ മറച്ചുവെക്കപ്പെടുന്നു. വിവര ഉല്പാദനത്തിന്റെയും ശേഖരണത്തിന്റെയും വിശകലനത്തിന്റെയും അതുവഴി അവയുടെ സാമ്പത്തികമായതും അധികാര സ്ഥാപനത്തിനായുള്ളതുമായ ഉപയോഗത്തിനുമുള്ള കെല്പിന്റെ കാര്യത്തില്‍ വികസിത രാജ്യങ്ങള്‍ക്കുള്ള മേല്‍ക്കൈ ദൃശ്യ മാധ്യമരംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പശ്ചാത്തലം കൂടി കോവിഡ് അനന്തര ദൃശ്യ മാധ്യമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട്. കോവിഡ് സാഹചര്യം ആഗോളീയതയ്ക്ക് ആക്കം കൂട്ടുകയും സങ്കരത്വത്തെ നിലനിര്‍ത്തുകയും എന്നാല്‍ പൊതുമയെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു.  ഈ പുതിയ സാഹചര്യം സിനിമ എന്ന മാധ്യമത്തിന്റെയും കലാനുഭവത്തിന്റെയും ഏറ്റവും പ്രധാനപ്പെട്ട ഒരു സവിശേഷതയെ അതായത് പൊതുമ (പബ്ലിക്‌നെസ്സ്) എന്ന അതിന്റെ അടിസ്ഥാനത്തെ ആണ് സാരമായ രീതിയില്‍ പരിമിതപ്പെടുത്തുന്നത്. അപ്പോള്‍ ഓ ടി ടി വേദികളുടെ വരവിനെയും അതിന്റെ പ്രചാരത്തിനെയും നമ്മള്‍ ഈ ആഗോള സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക സാഹചര്യത്തിലുംകൂടി കാണേണ്ടതുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യം ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരവും അതിന് ഇനി ലഭിക്കാന്‍ പോകുന്ന സമ്മതിയും അധീശത്വവുമായിക്കൂടി ബന്ധപ്പെട്ടിരിക്കുന്നു: ഇതു വെറും സാങ്കേതിക വിദ്യയുടെ വികാസമോ വ്യക്തിയുടെ സൗകര്യമോ ആയ തലങ്ങളില്‍ ചുരുക്കാവുന്ന ഒരു പ്രക്രിയയോ അല്ല: അത് ആഗോള മൂലധനത്തിന്റെയും, ഭരണകൂടങ്ങളുടെയും താല്പര്യങ്ങളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ്.

നവ സാങ്കേതികവിദ്യകളുടെ ഊന്നല്‍ വ്യക്തികളും ഏറ്റവും അടിസ്ഥാനപരമായ ഉപഭോക്തൃ ഗണമായ കുടുംബവുമാണ്: അത് വ്യക്തിപരമായ ഏകാന്തതയിലേക്കും കുടുംബപരവുമായ സ്വകാര്യതയിലേക്കും പിന്‍വലിയാന്‍ മനുഷ്യരെ സഹായിക്കുന്നു, അല്ലെങ്കില്‍ നിര്‍ബന്ധിക്കുന്നു. ഒപ്പം അവരുടെ താല്പര്യങ്ങളെയും പ്രതികരണങ്ങളെയും ഉപഭോഗ ശീലങ്ങളെയും രുചികളേയും എല്ലാം നിരന്തരം പിന്തുടരാനും വിശകലനം ചെയ്യാനും അതുവഴി അവയെ നിയന്ത്രിക്കാനും അവര്‍ക്കു കഴിയുന്നു. യഥാര്‍ഥത്തില്‍ ഇതുതന്നെയാണ് പൗരന്മാരെ നിയന്ത്രിക്കാന്‍ ഭരണകൂടത്തിനും ആവശ്യം.

ഡിജിറ്റല്‍ യുഗം ആരംഭിച്ചതു മുതല്‍ വിനോദവ്യവസായത്തിന്റെയും ഊന്നല്‍; പൊതുവായ വിനോദ ഇടങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മാതൃകകള്‍ക്കും പകരമായി വൈയക്തികവും സ്വകാര്യവും ഗൃഹാധിഷ്ഠിതവുമായ വിനോദരീതികളിലേക്കുള്ള (ഹോംഎന്റര്‍ടെയ്‌ന്മെന്റ്) ചുവടു മാറ്റമാണ് അവിടേയും നമ്മള്‍ കാണുന്നത്; സിനിമ എന്ന കൂറ്റന്‍ വെള്ളിത്തിരയില്‍ നിന്ന്, ടെലിവിഷനിലേക്കും, കമ്പ്യൂട്ടര്‍ മോണിറ്ററിലേക്കും പിന്നെ മൊബൈലിന്റെ കൊച്ചു തിരശ്ശീലയിലേക്കും ഉള്ള സിനിമയുടെയും ദൃശ്യവിനോദങ്ങളുടേയും പ്രയാണം ഈ ദിശയിലേക്കു തന്നെയായിരുന്നു. പൊതുവായ വിനോദങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പകരം വൈയക്തികമായ വിനോദാഘോഷങ്ങളേയും, വ്യക്തി എന്ന ഉപഭോക്താവിനെയും കേന്ദ്രീകരിക്കുന്ന ഈ സാമ്പത്തിക മാതൃകയ്ക്ക് വലിയ ഒരു ലാഭാവസരവും അതിനെ സാധാരണമാക്കിത്തീര്‍ക്കാനുള്ള അവസരവുമായി കോവിഡ് ഒരുക്കിയിരിക്കുന്നു.

സിനിമ എന്ന മാധ്യമം, വ്യവസായം, കല

തീര്‍ച്ചയായും സിനിമ എന്ന മാധ്യമത്തെ, വ്യവസായത്തെ, കലയെ ഈ അവസ്ഥ ഗാഢമായി സ്വാധീനിക്കുകയും മാറ്റുകയും ചെയ്യും എന്നതില്‍ സംശയമില്ല. പക്ഷെ അതിനെ സിനിമയുടെ മരണമോ അന്ത്യമോ ആയി കാണേണ്ടതുമില്ല. മാധ്യമം എന്ന നിലയില്‍ സിനിമയുടെ സാങ്കേതികതകളേയും വ്യവസായം എന്ന നിലയില്‍ അതിന്റെ നിര്‍മ്മാണ വിതരണ പ്രദര്‍ശനരീതികളേയും അവയുടെ എല്ലാം സാമ്പത്തിക ക്രമങ്ങളേയും നിക്ഷേപ രീതികളേയും കല എന്ന നിലയ്ക്ക് സിനിമ പറയാന്‍പോകുന്ന കഥകളേയും അവതരിപ്പിക്കാന്‍ പോകുന്ന പ്രമേയങ്ങളേയും ഈ മാറ്റം തീര്‍ച്ചയായും സ്വാധീനിക്കും, പുന:സംഘടിപ്പിക്കും, പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി രൂപപ്പെടുത്തും ഓ ടി ടി വേദികളും സിനിമയും തമ്മിലുള്ള മുഖാമുഖം തീര്‍ച്ചയായും കാണിസമൂഹത്തെയും കാഴ്ച്ചാ വിപണിയെയും, കാണല്‍രീതികളേയും പ്രദര്‍ശന വേദികളേയും, ഒപ്പം ഉള്ളടക്കത്തെയും പ്രമേയങ്ങളേയും മാറ്റും എന്നതില്‍ സംശയമില്ല.

സിനിമ എന്ന മാധ്യമത്തിന് പ്രചാരം ലഭിച്ചപ്പോള്‍ നാടകരംഗത്തിനും, ടെലിവിഷന്‍ വന്നപ്പോള്‍ സിനിമാ മേഖലയ്ക്കും, മൊബൈല്‍ ഫോണ്‍ പോലുള്ള ചെറിയതും വൈയക്തികവുമായ വിനോദോപകരണ സങ്കേതങ്ങള്‍ വന്നപ്പോള്‍ ടെലിവിഷനും ഉണ്ടായ അതേ ‘കാലഹരണപ്പെടല്‍ ഭീതി’ മാത്രമാണ് ഇപ്പോഴും കാണുന്നത്. ചരിത്രാനുഭവം കാണിക്കുന്നത്, പുതുതായി ഉയര്‍ന്നുവന്ന മാധ്യമങ്ങളും വിനോദ സങ്കേതങ്ങളും വാസ്തവത്തില്‍ മുമ്പുള്ളതിന് പകരമാവുകയും അവരെ ഇല്ലാതാക്കുകയുമല്ല ചെയ്തത് എന്നാണ്. മറിച്ച്, പരസ്പരം സ്വാധീനിക്കുമ്പോള്‍ തന്നെ പുതിയ മാധ്യമാനുഭവങ്ങളുടെ പ്രചാരം ഒരു പുതിയ പ്രേക്ഷക സമൂഹത്തെയും ആസ്വാദനരീതിയെയും സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഇന്ന് സിനിമ എന്ന ദൃശ്യവിനോദം തിയ്യറ്ററില്‍ മാത്രമല്ല, ടെലിവിഷനിലും മറ്റു ചെറു തിരശ്ശീലകളിലും പ്രദര്‍ശിപ്പിക്കപ്പെടുകയും ആസ്വദിക്കപ്പെടുകയും ചെയ്യുന്നു. ഒരിക്കലും തിയ്യറ്ററില്‍ പോയി സിനിമ കാണാന്‍ സാധ്യതയില്ലാത്തവര്‍ ഗാര്‍ഹികവും വൈയക്തികവുമായ സങ്കേതങ്ങളിലൂടെ സിനിമാ പ്രേക്ഷകരായി മാറുന്നു. സിനിമ ടെലിവിഷനില്‍ നിന്ന്വ്യ ത്യസ്തമായ ഒരു ദൃശ്യാനുഭവമായി സ്വയം പുനര്‍നിര്‍മ്മിക്കുന്നു, ഒപ്പം ടെലിവിഷനിലൂടെ തന്നെ പ്രചരിക്കുകയും ചെയ്യുന്നു. ടെലിവിഷനിലൂടെ സിനിമ കാണുന്നവരുടെ എണ്ണം ഗണ്യമായ തോതില്‍ വര്‍ദ്ധിക്കുമ്പോള്‍ അവരെക്കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള രീതിയീല്‍ സിനിമ സ്വന്തം പ്രമേയങ്ങളേയും ആഖ്യാനങ്ങളേയും പരുവപ്പെടുത്തുന്നു. ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കുകയോ ഒന്നിന്റെ വിപണിയെ കീഴടക്കുകയോ അല്ല ചെയ്യുന്നത് സങ്കീര്‍ണമായ രീതിയില്‍ പുതിയ കാഴ്ച്ചാശീലങ്ങളും വിപണനരീതികളും അതുവഴി പുതിയ പ്രേക്ഷക സമൂഹങ്ങളും ഉണ്ടാവുകയാണ് ചെയ്യുന്നത്.

അങ്ങിനെ നോക്കുമ്പോള്‍ ഓ.ടി.ടി വേദികള്‍ സിനിമാ തിയ്യറ്ററുകളെയും അത്തരം പ്രദര്‍ശന രീതികളേയും കാലഹരണപ്പെടുത്തുകയല്ല ചെയ്യുക. മറിച്ച് പുതിയ ഒരു കാണി സമൂഹത്തെയും വിപണിയെയും സൃഷ്ടിക്കുകയും അതിനനുയോജ്യമായ ആഖ്യാന ശൈലികളും കഥകളും മെനയുകയുമാണ്. വിനോദ മാധ്യമ രംഗത്തിന്റെയും വിനോദ സാങ്കേതികവിദ്യകളുടെയും ചരിത്രം അതാണ് സൂചിപ്പിക്കുന്നത്.

സാങ്കേതിക വിദ്യയുടെയും വിപണിയുടെയും സമ്മര്‍ദ്ദം

വിവര സാങ്കേതിക വിദ്യയില്‍ വരുന്ന മുന്നേറ്റങ്ങളെ അവഗണിച്ചുകൊണ്ടോ നിയന്ത്രിച്ചുകൊണ്ടോ ഒരു വിനോദ വ്യവസായത്തിനും ഇന്ന് നിലനില്‍ക്കാനാവില്ല. സമസ്ത മേഖലകളും ആഗോളീകരികപ്പെട്ട ഇന്നത്തെ ലോകത്തില്‍ ഒരു പ്രദേശത്തിനോ രാഷ്ട്രത്തിനോ പോലും ഇത്തരം സാങ്കേതിക തരംഗങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രംഗങ്ങളില്‍ മുമ്പത്തെപ്പോലെ പഴയതും പുതിയതുമായ രീതികള്‍ക്ക് സഹവര്‍ത്തിക്കാന്‍ കഴിയാതായിരിക്കുന്നു.

മറ്റൊന്ന്, വിപണിയുടെയും അതുകൊണ്ടു തന്നെ മുതല്‍മുടക്കിന്റെയും നിര്‍ബന്ധങ്ങളും സമ്മര്‍ദ്ദങ്ങളുമാണ്. മാറ്റത്തിനൊപ്പം നില്‍ക്കുക എന്നത് അവിടെ അതിജീവനത്തിന്റെ ഭാഗവും വളര്‍ച്ചയ്ക്ക് അനിവാര്യവുമാണ്. പുതിയ വേദികളും പ്രക്ഷേപണ വിതരണ ആസ്വാദനരീതികള്‍ക്കും ഒപ്പമാണ് ലോകം. പ്രത്യേകിച്ചും യുവജനങ്ങള്‍ സഞ്ചരിക്കുന്നത് എന്നതിനാല്‍ തന്നെ സ്വന്തം പ്രേക്ഷക സമൂഹത്തെ, വളരുന്ന വിപണിയെ തൃപ്തിപ്പെടുത്തണമെങ്കില്‍ വരുന്ന മാറ്റങ്ങളെ നിരന്തരമായി സ്വാംശീകരിച്ചുകൊണ്ടിരുന്നേ മതിയാവൂ.

ഇന്ത്യയില്‍ ഇന്ന് കൊറോണവ്യാധി കൊണ്ടുണ്ടായ ‘തിയ്യറ്റര്‍ ഇടവേള’ ഈ മാറ്റത്തിന് ഒരുത്വരകമായി മാറുക മാത്രമാണ് ചെയ്തത്. ഇന്ന് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രേക്ഷക ശീലങ്ങളില്‍ വരുന്ന മാറ്റം മറ്റു പല പ്രദേശങ്ങളിലും രാജ്യങ്ങളിലും നേരത്തേ തന്നെ സംഭവിച്ചു തുടങ്ങിയിരുന്നു. ഡിജിറ്റല്‍ ആള്‍ക്കൂട്ടത്തിന്റെ രുചി ശീലങ്ങള്‍ക്കനുസൃതമായി നിര്‍മ്മാണ വിതരണരീതികളെയും വിപണിതന്ത്രങ്ങളേയും മാറ്റുകയും അതിനാവശ്യമായ രീതിയില്‍ ഉള്ളടക്കത്തെ രൂപപ്പെടുത്തുകയും ചെയ്തു എന്നതിന്റെ തെളിവാണ് ഇന്ന് ദൃശ്യമാധ്യമ വ്യവസായരംഗത്ത് ആഗോള ടെലിസീരിയലുകള്‍ക്കു ലഭിക്കുന്ന വമ്പിച്ച പ്രചാരം. ഗെയ്ം ഓഫ് ത്രോണ്‍സ്, മണിഹിയസ്റ്റ്, നോര്‍മ്മല്‍ പീപ്പിള്‍, കമ്മ്യൂണിറ്റി തുടങ്ങിയ വിദേശ പരമ്പരകള്‍ക്ക് ഇന്ത്യയില്‍ ലഭിച്ചിട്ടുള്ള സ്വീകരണവും സ്വീകാര്യതയും സൂചിപ്പിക്കുന്നത് പ്രേക്ഷ സമൂഹത്തില്‍, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ വന്ന മാറ്റത്തെയാണ്. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മ്മിക്കപ്പെട്ട സേക്രഡ് ഗെയിംസ്, ഫാമിലി മാന്‍, ലൈല, പാതാള്‍ ലോക്, പഞ്ചായത്ത് തുടങ്ങിയ പരമ്പരകള്‍ ഈ പുതിയ വിപണിയുടെ തദ്ദേശീയ സാധ്യതകളെ തന്നെയാണ് ലക്ഷ്യം വെക്കുന്നത്. ഒരു പക്ഷെ സിനിമയെക്കാളധികം പ്രേക്ഷക വ്യാപ്തി ഇന്ന് ഈ പരമ്പരകള്‍ നേടിയിട്ടുമുണ്ട്. ഒപ്പം ഉള്ളടക്കത്തിലും അവതരണത്തിലും കൂടുതല്‍ നൂതനതയും സ്വാതന്ത്ര്യവും ഇവ പുലര്‍ത്തുകയും ചെയ്യുന്നുണ്ട് എന്നു വേണം പറയാന്‍.

ഇതെല്ലാം സൂചിപ്പിക്കുന്നത്, സാമ്പ്രദായികമായ തിയ്യറ്റര്‍ വേദികളും അതിന്റെ പ്രേക്ഷകരും ഇപ്പോള്‍ തന്നെ മാറിക്കൊണ്ടിരിക്കയാണ് എന്നുള്ളതാണ്. കോവിഡ് കാലത്തെ ലോക്‌ഡൌണും വീട്ടിലിരിപ്പും ഈ ദിശയിലുള്ള മാറ്റത്തിന് വമ്പിച്ച ഉത്തേജനവും ഉണര്‍വ്വും നല്‍കുകയും ചെയ്തു എന്നുമാത്രം.

പുതിയ ‘സ്മാര്‍ട്’ വിപണി

ഇന്ത്യയിലെ പ്രേക്ഷക വിപണി ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് തയ്യാറാണോ എന്നതാണ് അടുത്ത ചോദ്യം. കണക്കുകള്‍ വ്യക്തമാക്കുന്നത് ഇന്ന് ഇന്ത്യയില്‍ 19 കോടി വീടുകളില്‍ ടെലിവിഷന്‍ ലഭ്യമാണ് എങ്കില്‍ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 65 കോടി കവിഞ്ഞിരിക്കുന്നു, അവരില്‍ 40 കോടി പേര്‍ക്കെങ്കിലും (മൂന്നില്‍ രണ്ടുപേര്‍ക്ക്) 2020 ഓടെ സ്മാര്‍ട്‌ഫോണ്‍ ഉണ്ടായിരിക്കും എന്നാണ് അനുമാനം; അതും ഒന്നു രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ 50 കോടി കടക്കും എന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് മൊബൈല്‍ഫോണ്‍ പോലുള്ള വൈയക്തികമായ വിനോദ സങ്കേതങ്ങളിലേക്ക് പ്രേക്ഷകര്‍ ചുവടു മാറാനുള്ള കളം ഒരുങ്ങിക്കഴിഞ്ഞു എന്നുള്ളതാണ്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ വ്യാപനം

കോവിഡ് സാഹചര്യം വിദ്യാഭ്യാസത്തെ വീടുകളിലേക്കും ഓണ്‍ലൈന്‍ വേദികളിലേക്കും സംക്രമിപ്പിച്ചിരിക്കുന്നു. ഇതോടെ വിദ്യാര്‍ഥികളുള്ള എല്ലാ വീടുകളും സ്മാര്‍ട് ആവാനും ഇന്റര്‍നെറ്റ് ബന്ധമുള്ളതാകാനും നിര്‍ബന്ധിതമായിരിക്കുന്നു. ഇത് ഓണ്‍ലൈന്‍ ദൃശ്യവിനോദ വ്യവസായങ്ങള്‍ക്ക് ഒരു വലിയ വേദിയും വിപണിയുമാണ് തുറന്നു കൊടുത്തിരിക്കുന്നത്: വിദ്യാഭ്യാസത്തിന്റെ ‘ഈവഴി’യിലൂടെ കടന്നുവരാന്‍ പോകുന്നത് വിദ്യാഭ്യാസവും വിവരങ്ങളും വാര്‍ത്തകളും മാത്രമായിരിക്കില്ല, ദൃശ്യവിനോദങ്ങള്‍ കൂടിയാണ്. ഇത് ഓ ടി ടി വേദികളുടെ വലിയ രീതിയിലുള്ള വികാസത്തിനും വിപണിയിലേക്കുള്ള കടന്നു കയറ്റത്തിനും (മാര്‍ക്കറ്റ് പെനിട്രേഷന്‍) വഴിയൊരുക്കിക്കഴിഞ്ഞു.

കോവിഡ് കാരണം ടെലിവിഷനുകള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. കായിക മത്സരങ്ങളുടെയും മറ്റും തത്സമയ പ്രക്ഷേപണങ്ങള്‍, സീരിയലുകള്‍, റിയാലിറ്റി/ക്വിസ് തുടങ്ങിയ പ്രേക്ഷക സാന്നിദ്ധ്യം ആവശ്യമുള്ള പരിപാടികള്‍ തുടങ്ങിയവയുടെയൊക്കെ നിര്‍മ്മാണം മുടങ്ങിയതോടെ പഴയ പരിപാടികള്‍ റീസൈക്കിള്‍ ചെയ്യുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. പിന്നെ അവരുടെ വിനോദങ്ങളും ശകലങ്ങളുമൊക്കെയാണ്. ഇങ്ങിനെയുണ്ടായിരിക്കുന്ന ‘വിനോദ ശൂന്യതാവേള’യെ ഇന്ന് നിറയ്ക്കുന്നത് ഇന്റര്‍നെറ്റിലൂടെയുള്ള പലവിധ ദൃശ്യവിനോദ ഉള്ളടക്കങ്ങളാണ്. അവയില്‍ ഏറ്റവും പ്രമുഖവും പ്രധാനപ്പെട്ടതുമായത് നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍, ഹോട്സ്റ്റാര്‍ തുടങ്ങിയ ഓടിടി വേദികള്‍ തന്നെയാണ്. ഈ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുവാനും ആക്കം കൂട്ടുവാനും ഉതകുന്ന രീതിയില്‍ അവരെല്ലാം തങ്ങളുടെ പരിപാടികള്‍ ഒരുക്കുകയും വരിസംഖ്യാ നിരക്കുകള്‍ ഒതുക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം ഓടിടി വേദികളുടെ ഏറ്റവും വലിയ ആകര്‍ഷണം അവയിലുള്ള കഥാപരമ്പരകളാണ്. പല സീസണുകളായി പടര്‍ന്നു പന്തലിക്കുന്ന നാടകീയമായ ആഖ്യാനങ്ങളും പ്രേക്ഷകരെ പിടിച്ചിരുന്ന വിധത്തിലുള്ള ചടുലമായ ദൃശ്യ പരിചരണരീതികളും സാങ്കേതിക മികവും കൊണ്ട് അവ ആഗോളീയമായ തലത്തില്‍തന്നെ ജനപ്രിയത നേടിക്കൊണ്ടിരിക്കുന്നു. ടെലിവിഷന്‍ പരിപാടികളുടെ പരസ്യമിശ്രിതമായ പരിപാടികളില്‍നിന്നും, അതിന്റെ ഹ്രസ്വകഥാ രൂപങ്ങളില്‍നിന്ന് ദീര്‍ഘമായ രൂപങ്ങളിലേക്കുമുള്ള ഈ ചുവടുമാറ്റം കാണല്‍രീതികളേയും മാറ്റിയിരിക്കുന്നു. ടെലിവിഷന്റെ ഗാര്‍ഹികാന്തരീക്ഷത്തില്‍ നിന്നും വൈയക്തികമായ കാണലിലേക്കും. മറ്റൊരുപാട് വിവരങ്ങളും ദൃശ്യശകലങ്ങളും കൊണ്ട് ശിഥിലമായ ടെലിവിഷന്റെ കൊളാഷ് ദൃശ്യത്തില്‍ നിന്നും ഏകാഗ്രവും അതിന്റെ ഒഴുക്കിന് യാതൊരു തടസ്സവുമില്ലാത്തതുമായ രീതിയിലാണ് ഈ സീരീസുകളുടെ കാഴ്ച്ചയനുഭവം.

കാണികളില്‍ അമിതാസക്തിയുണര്‍ത്തി തുടര്‍ച്ചയായി മണിക്കൂറുകളോളം കാണാന്‍ പ്രേരിപ്പിക്കുന്ന (ബിഞ്ച്വ്യൂയിംഗ്) രീതിയിലേക്കാണ് ആഗോള ജനപ്രിയ ടെലിസീരീസുകള്‍ നമ്മെ കൊണ്ടെത്തിക്കുന്നത്. ഈ ദൃശ്യലഹരിയും ആഖ്യാനത്തിന്റെ പിരിമുറുക്കവും അയയാതെയും പതറാതെയും നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് ആ സീരിയലുകളുടെ ഘടനയെയും കഥപറച്ചില്‍ വേഗങ്ങളെയും പരിണാമഗുപ്തികളെയും എപിസോഡ് വിഭജനങ്ങളെയും എല്ലാം നിര്‍ണയിക്കുന്നത്. തിയ്യറ്ററില്‍ ചെന്ന് വലിയ തിരശ്ശീലയില്‍ സിനിമ കാണുന്ന അനുഭവവുമായി ഇതിനു വലിയ താരതമ്യമൊന്നുമില്ലെങ്കിലും പ്രേക്ഷകരെ അതിന്റെ ആകര്‍ഷണ വലയത്തിലും ലഹരിത്തുടര്‍ച്ചയിലും പിടിച്ചുനിര്‍ത്താനും അതിനെ ഒരു ശീലമാക്കി മാറ്റിയെടുക്കാനുമുള്ള കെല്പും കോപ്പും ഓടിടി വേദികള്‍ക്കും ഉള്ളടക്കത്തിനുമുണ്ട്.

ഇതെല്ലാം സൂചിപ്പിക്കുന്നത് ഓടിടി വേദികള്‍ക്ക് പ്രചാരമേറുന്നതോടെ ടെലിവിഷന്‍ മേഖലയിലും അത് വലിയ രീതിയിലുള്ള ചലനങ്ങള്‍ ഉണ്ടാക്കും എന്നുള്ളതാണ് ഉള്ളടക്കത്തിന്റെയും അവതരണത്തിന്റെയും കാണികളെ പങ്കെടുപ്പിക്കുന്നതിലും മറ്റും കൂടുതല്‍ പരീക്ഷണങ്ങള്‍ ടെലിവിഷന്‍ രംഗം നടത്താനിടയുണ്ട്. ഈ പുതിയ സാഹചര്യത്തില്‍ ടെലിവിഷന് സിനിമയിലുള്ള ആശ്രയം വര്‍ദ്ധിക്കുവാനുള്ള സാധ്യതയുള്ളതിനാല്‍ അത് സിനിമാ വ്യവസായത്തെ മറ്റൊരു രീതിയില്‍ സഹായിച്ചെന്നും വരാം.

പുതിയ തിരശീലകളുടെ കാലത്തെ സിനിമ

ദൃശ്യവിനോദ രംഗത്ത് ടെലിവിഷനുമായി മത്സരിക്കേണ്ടി വന്ന സന്ദര്‍ഭത്തില്‍ സിനിമ കൂടുതല്‍ വലുതും നിര്‍മ്മാണ മികവേറിയതും ദൃശ്യ ശ്രാവ്യ സ്‌പെഷ്യല്‍ ഇഫക്ടുകളുപയോഗിച്ചുകൊണ്ട് വിസ്മയിപ്പിക്കുന്നതും ആയിമാറി; അതുപോലെ ഓ ടി ടി നല്‍കുന്ന ഉല്പന്നങ്ങളുടെ വൈവിധ്യത്തെയും സാങ്കേതിക മികവിനെയും നിര്‍മ്മാണ മൂല്യങ്ങളെയും നേരിടണമെങ്കില്‍ സിനിമാ വ്യവസായം കാണികളെ പിടിച്ചുനിര്‍ത്താനും യുവാക്കളെ ആകര്‍ഷിക്കാനും സ്വയം പുതുക്കേണ്ടതുണ്ട്. ഒരു പക്ഷെ സിനിമയെ അതിനു പ്രാപ്തമാക്കുന്നത് ഇനിയും നഷ്ടപ്പെടാത്ത അതിന്റെ മായികതയാണ്: തിയ്യറ്ററിനകത്തെ ഇരുട്ടില്‍ കാണികളുടെ ഒന്നിച്ചാണെങ്കിലും ഒറ്റക്കുള്ള ഇരിപ്പ്, വലിയ തിരശ്ശീലയില്‍ പ്രക്ഷേപിക്കപ്പെടുന്ന ദൃശ്യങ്ങള്‍, തന്നെ ഇരുന്നുള്ള ഒളിഞ്ഞുനോട്ട സുഖം, വൈകാരികമായി പ്രേക്ഷകരെയാകെ ചൂഴ്ന്നുനില്‍ക്കുന്ന ദൃശ്യശ്രാവ്യ അന്തരീക്ഷം, വലിയ ബിംബങ്ങളുണ്ടാക്കുന്ന തടുത്തുനിര്‍ത്താനാവാത്ത സാത്മ്യപ്രേരണ, ഇതെല്ലാം കൂടി സൃഷ്ടിക്കുന്ന പരിസരബോധം നഷ്ടപ്പെടുത്തുന്ന ഒരു ദൃശ്യലഹരിയും ആ അനുഭവത്തിന്റെ അനന്യതയും ഹരവുമാണ് സിനിമയുടെ എന്നത്തേയും ശക്തി.

ഒരു പക്ഷെ പുതിയ വേദികള്‍ കൊണ്ടുവരുന്ന വെല്ലുവിളി, സിനിമയില്‍ ഇന്ന് നിലനില്‍ക്കുന്ന പലതരം അധീശത്വങ്ങളെയും അട്ടിമറിക്കാനും പുതിയ രീതിയില്‍ അതിന്റെ ക്രിയാത്മകതയെയും വിഭവങ്ങളെയും പുനര്‍വിന്യസിക്കാനുമുള്ള അവസരം കൂടിയാണ്.

ഓടിടി വേദികള്‍ അനുഭവിക്കുന്ന മറ്റൊരു സൌകര്യം ഇപ്പോള്‍ സിനിമയുടെ മുകളിലുള്ളതു പോലുള്ള കര്‍ശനമായ സെന്‍സര്‍ നിയമങ്ങളില്ല എന്നുള്ളതാണ്. തല്‍ക്കാലം ഈ ‘സ്വാതന്ത്ര്യം’ ഓടിടി വേദികള്‍ അനുഭവിക്കുന്നുണ്ട് എങ്കിലും അത് തുടരാനിടയില്ല. മറ്റെല്ലാ മേഖലകളിലുമുള്ള നിയന്ത്രണങ്ങള്‍ നിരന്തരം കര്‍ക്കശമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ ഈ അവസ്ഥ അധിക കാലം നിലനില്‍ക്കാനിടയില്ല.. അത്തരം വേദികളുടെ വ്യാപനം വര്‍ദ്ധിക്കുന്നതോടെ ഇപ്പോഴവര്‍ അനുഭവിക്കുന്ന താരതമ്യേനയുള്ള സ്വാതന്ത്ര്യത്തിന്റെ മുകളില്‍ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.

കാണി പക്ഷം

പ്രേക്ഷക സമൂഹത്തിന്റെ ഭാഗത്തുനിന്ന് നോക്കുകയാണെങ്കില്‍ ഈ ചുവടു മാറ്റം എങ്ങിനെയൊക്കെ ആയിരിക്കും അവരുടെ താല്പര്യങ്ങളെയും തിരഞ്ഞെടുപ്പുകളെയും ബാധിക്കുവാന്‍ പോകുന്നത്? കാണിയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട സംഗതികള്‍ വിനോദത്തിനുള്ള ചിലവിലുള്ള കുറവ്, കാഴ്ച്ചയനുഭവത്തിലെ സ്വകാര്യത, ആവശ്യമുള്ള ത് തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം, ഉള്ളടക്കത്തിലെ വൈവിധ്യം, സാങ്കേതിക നിലവാരം തുടങ്ങിയവയാണ്. ഇപ്പോള്‍തന്നെ സിനിമാ ടിക്കറ്റിന്റെ വിലകൂടാന്‍ സാധ്യതയുണ്ട് എന്നുള്ള സൂചനകളുണ്ട്, അത് ഓ ടി ടി വേദികളിലേക്ക് കൂടുതല്‍ പ്രേക്ഷകരെ അടുപ്പിക്കാനും സാധ്യതയുണ്ട്.പക്ഷെ ഉള്ളടക്ക വൈവിധ്യത്തിന്റെ കാര്യത്തില്‍ ഓടിടികള്‍ എങ്ങിനെയായിരിക്കും പുരോഗമിക്കുക എന്നത് ‘കണ്ട’റിയേണ്ട കാര്യമാണ്

അല്‍ഗോരിതങ്ങളുടെ അധീശത്വം

കാണികളുടെ വൈവിധ്യത്തിനും താല്പര്യങ്ങള്‍ക്കുമനുസരിച്ച് ഇത്തരം വേദികള്‍ വൈവിധ്യപൂര്‍ണമായ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കും എന്ന ലളിത കച്ചവടയുക്തി ഇവിടെ യഥാര്‍ത്ഥത്തില്‍ എത്രകണ്ട് സംഗതമാണ് എന്ന് ആലോചിക്കേണ്ടതാണ്. ഓടിടി വേദികളുടെ കാര്യത്തില്‍ ഉള്ളടക്കത്തിന്റെ ദിശയും രൂപവും നിര്‍ണയിക്കപ്പെടുന്നത് കാണികളുടെ രുചിശീലങ്ങളെ സംബന്ധിച്ചുള്ള വിവരശേഖരത്തിന്റെ വിശകലനത്തില്‍ നിന്നുള്ള സൂചനകളായിരിക്കും. കാണിക്കൂട്ടത്തിന്റെപ്രതികരണങ്ങള്‍ (ആര്, ഏതു സമയത്ത്, എവിടെ, ഏതൊക്കെ സിനിമകള്‍/സീരിയലുകള്‍ എത്ര സമയം എതുവരെ കാണുന്നു തുടങ്ങിയ വിശദവും വൈയക്തികവുമായ വിവരങ്ങള്‍) ശേഖരിച്ച് സമാഹരിച്ച് അതിന്റെ അടിസ്ഥാനത്തില്‍ റേറ്റിംഗ് തീരുമാനിക്കുകയും അതിനനുസരിച്ച് ഉള്ളടക്കത്തിന്റെ മിശ്രവും സീരിയലുകളുടെ ഗതിവിഗതികളും നിര്‍ണയിക്കുകയാണ് അതിന്റെ രീതി. നിലനില്‍ക്കുന്ന വിപണിയുടെ രുചിശീലങ്ങള്‍ക്കനുസൃതമായി ഉള്ളടക്കത്തെ രൂപപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. വിവര ശേഖരങ്ങളെ അടിസ്ഥാനമാക്കിയുള്ള അല്‍ഗോരിതങ്ങള്‍ ഉള്ളടക്കത്തെ നിര്‍ണയിക്കുന്ന ഈ രീതി ദീര്‍ഘകാലത്തില്‍ വൈവിധ്യത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുക. എന്തെന്നാല്‍ ആള്‍ക്കൂട്ട അല്‍ഗോരിതങ്ങള്‍ ഏറ്റവും ശരാശരി രുചികളേയും ശീലങ്ങളെയുമാണ് പിടിച്ചെടുക്കുക, അതുകൊണ്ടു തന്നെ ശരാശരിയില്‍ നിന്നു വ്യതിചലിക്കുന്നവയെ അത് എപ്പോഴും നിരുത്സാഹപ്പെടുത്തുകയാണ് പതിവ് എന്നാണ് പൊതുവെയുള്ള അനുഭവം. ഉദാഹരണത്തിന് ആഗോള തലത്തിലുള്ള ടെലിവിഷന്‍ വ്യവസായ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഉള്ളടക്കത്തിലെ വൈവിധ്യത്തെക്കാളധികം വിപണിയുക്തി കൊണ്ടുവരിക സമീകരണമാണ് എന്നാണ്. മറ്റൊന്ന് ഇത്തരം ഓടിടി വേദികള്‍ ഓരോ രാജ്യത്തും അതിന്റെ വിപണി വികസിപ്പിക്കുന്നതിനനുസരിച്ച് അതാതിടങ്ങളിലെ ഭരണകൂടങ്ങളുമായിക്കൂടി ഒത്തുതീര്‍പ്പുകളിലെത്തുകയാണ് പതിവ്. അതുകൊണ്ടുതന്നെ ചില ജനുസ്സുകള്‍ക്ക് ജനപ്രീതി, താരസാന്നിദ്ധ്യം, വിവാദമൂല്യം തുടങ്ങിയവയ്ക്ക് മുന്‍തൂക്കമുള്ളവ മാത്രമാണ് അവിടെ തുടര്‍ സാന്നിദ്ധ്യങ്ങളുണ്ടാവുക. സമാന്തരമെന്നോ, പരീക്ഷണാത്മകമെന്നോ, വ്യവസ്ഥാ വിരുദ്ധമെന്നോ വിളിക്കാവുന്ന ചിത്രങ്ങള്‍ ക്രമേണ പുറന്തള്ളപ്പെടുകയാണ് പതിവ്. ഉണ്ടെങ്കില്‍തന്നെ തങ്ങള്‍ ഉള്ളടക്കവൈവിധ്യം പുലര്‍ത്തുന്നവരാണ് എന്ന് അവകാശപ്പെടാന്‍ മാത്രമുള്ള മിനിമം ടോക്കണ്‍ സാന്നിദ്ധ്യമായിരിക്കും അത്.

ഇങ്ങനെ നോക്കുമ്പോള്‍ ഓടിടി വേദികള്‍ സിനിമയുടെ സാംഗത്യത്തെയും ജനപ്രിയതയേയും കാഴ്ച്ചയനുഭവത്തെയും ഒരിക്കലും ഇല്ലാതാക്കുവാന്‍ പോകുന്നില്ല. ടെലിവിഷന്‍ അനന്തര സിനിമ മാറിയതുപോലെ ഇന്നും മാറുന്ന/മാറിയ ദൃശ്യാന്തരീക്ഷത്തിനോട് പ്രതികരിച്ചുകൊണ്ട് സിനിമ പുനര്‍നിര്‍മ്മിക്കുവാനും സ്വന്തം ലാവണ്യത്തെയും ആഖ്യാനരീതികളേയും പ്രമേയങ്ങളെയു മറ്റും പുനരാവിഷ്‌ക്കരിക്കുവാനുമാണ് സാധ്യത.

സീരിയലുകളുടെ ദൈര്‍ഘ്യത്തെ ഹ്രസ്വസമയ ദൃശ്യാനുഭവത്തിന്റെ തീവ്രതയിലൂടെയും പരമ്പരകളുടെ പരിചരണ വേഗതയെ സിനമയ്ക്കു മാത്രം സാധ്യമാകുന്ന ധ്യാനാത്മകത കൊണ്ടും ശബ്ദഘോഷങ്ങളെ മൗനം കൊണ്ടും, ദൃശ്യജാലങ്ങളെ ദൃശ്യദൈര്‍ഘ്യം കൊണ്ടും സിനിമ മറികടക്കും എന്നു പ്രതീക്ഷിക്കാം.

പൊതുമയുടെ ആഘോഷം

മറ്റു പലതരം ദൃശ്യ മാധ്യമങ്ങള്‍ക്ക് പ്രചാരം ലഭിച്ചിട്ടും സാമ്പ്രദായിക രൂപത്തിലുള്ള സിനിമ നിലനില്‍ക്കുന്നതും അതിന്റെ മായികത നഷ്ടപ്പെടാതിരിക്കുന്നതും അതിന്റെ ഏറ്റവും വലിയ സവിശേഷതയായ ‘പൊതുമ’ മൂലമായിരിക്കും. ഒരു പൊതുസ്ഥലത്ത് അപരിചിതരുടെ ഒരു കൂട്ടം ഒന്നിച്ചിരുന്ന് സിനിമ കാണുക എന്ന അനുഭവത്തെ മറ്റൊരു മാധ്യമത്തിനും പകരം വെക്കാനായിട്ടില്ല. സവിശേഷമായ ഈ വൈകാരികാനുഭവത്തിന്റെ കാതല്‍ അതിന്റെ പൊതുമയാണ്. അത് ഒരു പക്ഷെ സമൂഹജീവി എന്ന നിലയില്‍ മനുഷ്യന്റെ ഏറ്റവും പ്രാകൃതവും മൗലികവുമായ ചോദന കൂടി ആയിരിക്കാം അത്. അതുകൊണ്ടു തന്നെ സിനിമ എന്ന മാധ്യമവും കലാരൂപവും അതിന്റെ തിയ്യറ്റര്‍ പ്രദര്‍ശന അരങ്ങുകളും ഒരിക്കലും കാലഹരണപ്പെടാന്‍ സാധ്യതയുമില്ല

ഒരു പക്ഷെ ഭാവിയില്‍ സിനിമയും നവമാധ്യമ സങ്കേതങ്ങളും അവയുടെ ഏറ്റവും മൌലികമായ തനതുസ്വഭാവങ്ങള്‍ നിലനിര്‍ത്തുകയും അവയുടെ അനന്യമായ അനുഭവ/പ്രകാശന സാധ്യതകളെ കൂടുതല്‍ സര്‍ഗ്ഗാത്മകവും സമകാലികവും ആക്കുകയാവും ചെയ്യുക. വീടിന്റെ ചുമരുകള്‍ക്കുള്ളില്‍ നിന്ന് തിയ്യറ്ററിന്റെ വിശാലതയിലേക്കും, സീരിയലുകളുടെ ദീര്‍ഘ ഹരങ്ങളില്‍ നിന്ന് സിനിമയുടെ ഹ്രസ്വ ധ്യാനങ്ങളിലേക്കും സ്വകാര്യ ലഹരികളില്‍ നിന്ന് പൊതു ആഘോഷങ്ങളിലേക്കും സമൂഹജീവിയായ മനുഷ്യന് സഞ്ചരിക്കാതിരിക്കാനാവില്ല.
പൗരത്വത്തെ ഉപഭോക്താവ് എന്ന സ്വത്വത്തിലേക്കും പൊതുമയെ സ്വകാര്യതകളുടെ ആഘോഷം കൊണ്ടും മറക്കാനും മറയ്ക്കാനും ശ്രമിക്കുന്ന കോവിഡ് അനന്തരകാലത്ത് പൊതുമയെയും പൊതുജനത്തെയും പൊതുഭാവനയെയും സിനിമയിലും സിനിമയിലേക്കും കൊണ്ടുവരിക എന്നത് ഒരു രാഷ്ട്രീയ ദൗത്യം കൂടിയായിമാറുന്നു

നേരത്തെ സൂചിപ്പിച്ചതുപോലെ ഈ പ്രതിസന്ധി സിനിമാറ്റിക് ഭാവനയെയും മാറ്റി മറിക്കാതിരിക്കില്ല വ്യക്തിയെയും, സമൂഹത്തെയും സാമൂഹികതയെയും മനുഷ്യവംശത്തെ കുറിച്ചുള്ള തികച്ചും വ്യത്യസ്തവും ജൈവികവുമായ ബദല്‍ ഭാവനകളെ ഈ സന്ദര്‍ഭം ഉത്തേജിപ്പിക്കാതിരിക്കില്ല. സാംസ്‌ക്കാരിക മൂലധനത്തിന്റെയും ഭാവനയുടെയും ആഗോളതലത്തിലുള്ള ഏകീകരണത്തെയും കേന്ദ്രീകരണത്തെയും കുറിച്ച് അരികുകളില്‍ നിന്ന് ചിന്തിക്കാനും കൂടി ഈ പ്രതിസന്ധി സഹായിച്ചേക്കും. ഉദാഹരണത്തിന്, ലോക സിനിമയില്‍ എന്നും സ്വയം ആഗോള സംരക്ഷകരും മനുഷ്യവംശത്തിന്റെ പോരാളികളുമായി സ്വയം അവരോധിച്ചിരുന്ന ഹോളിവുഡ്‌സിനിമയ്ക്കും അതിന്റെ ഭൗമരക്ഷക ആഖ്യാനങ്ങള്‍ക്കും അതിന്റെ പ്രഭവമായി പ്രതിഷ്ഠിക്കപ്പെട്ട അമേരിക്കന്‍ അഹന്തയ്ക്കും വലിയ മൂല്യശോഷണം ഇന്നുണ്ടായിട്ടുണ്ട്. അത് ലോക സിനിമാരംഗത്തെ വ്യവസായം എന്ന നിലയ്ക്ക് മാത്രമല്ല കല എന്ന നിലയ്ക്കും ഹോളീവുഡ് നേടിയിട്ടുള്ള അധീശത്വത്തിനും അത് പ്രസരിപ്പിച്ചു കൊണ്ടിരിക്കുന്ന ഭാവനാ വ്യവസ്ഥയ്ക്കും ഏറ്റ കനത്ത തിരിച്ചടി കൂടിയാണ്. കോവിഡ് വ്യാധിപ്പടര്‍ച്ചയോടുള്ള ഓരോ രാഷ്ട്രത്തിന്റെയും പ്രതികരണം വെളിപ്പെടുത്തുന്നത്, അതാത് ദേശരാഷ്ട്രങ്ങള്‍ തുടര്‍ന്നുവന്ന സാമൂഹികവും സാമ്പത്തികവും ആയ നയങ്ങളുടെ ശക്തി ദൗര്‍ബല്യങ്ങളെക്കൂടിയാണ്; അത് പൊതു സമ്പത്തിന്റെയും പൊതുവായതിന്റെയും ഉടമസ്ഥതയെക്കുറിച്ചു മാത്രമല്ല, ഒരു സമൂഹവും പോറ്റി വളര്‍ത്തിയ ധാര്‍മ്മിക സമ്പദ്‌വ്യവസ്ഥയെ കുറിച്ചുകൂടി സൂചിപ്പിക്കുന്നുണ്ട്: പരിചരണം, അനുകമ്പ, ശ്രദ്ധ, എന്നിവയെക്കുറിച്ചെല്ലാം ഓരോ സമ്പദ്വ്യവസ്ഥയും പുലര്‍ത്തിവരുന്ന ധാരണകളേയും അവയെ എല്ലാം അടിത്തറയാക്കിയ സ്ഥാപനങ്ങളെയും കുറിച്ചുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങള്‍ ഈ സന്ദര്‍ഭം ഉന്നയിക്കുന്നുണ്ട്.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply