മസ്തിഷ്‌കചോര്‍ച്ചയും കേരളവും

‘ഇന്ന് ഭൗതികമായി സ്ഥലം, കാലം, ദേശം, വര്‍ണം, വര്‍ഗം തുടങ്ങിയവ അത്രമേല്‍ പ്രസക്തമല്ലാതായിത്തീരുന്നു. പകരം സ്വത്വം ഒരു സാംസ്‌കാരിക ഗൃഹാതുരത്വവും അവസ്ഥയും ആയിത്തീരുന്നു. ഒരാള്‍ ഏത് സാമൂഹിക കൂട്ടായ്മയുമായി ഐക്യപ്പെടുന്നുവൊ അതായിമാറുന്നു’ – (പ്രദീപന്‍ പാമ്പിരികുന്നിന്റെ ‘ദളിത് സൗന്ദര്യശാസ്ത്രം’ എന്ന പുസ്തകത്തിലെ ‘വ്യക്തി, സ്വത്വം, കര്‍ത്തൃത്വം – ഒരു ദലിത് വിചാരം’ എന്ന അധ്യായത്തില്‍ നിന്ന്.) -ഡി സി ബുക്‌സിന്റെ മുഖമാസികയായ ‘പച്ചക്കുതിര’യുടെ 2023 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട സനല്‍ ഹരിദാസിന്റെ ലേഖനം.

സമകാലിക കേരളം നേരിടുന്ന മുഖ്യ പ്രതിസന്ധികളില്‍ ഒന്നായി ‘മസ്തിഷ്‌ക ചോര്‍ച്ചയെ’ (Brain drain) അവതരിപ്പിച്ചുകൊണ്ടുള്ള ഭരണകക്ഷി (CPIM) നേതാവ് എ.വിജയരാഘവന്റെ പ്രസംഗം ഈയടുത്ത് (February 2023) വളരെയധികം ചര്‍ച്ച ചെയ്യെപ്പെടുകയുണ്ടായി. ഇതേത്തുടര്‍ന്ന് കേരളത്തില്‍ നിന്ന് വികസിത രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ ഒഴുക്കിനെ തടയുന്നതിന്റെ ഭാഗമായി റിക്രൂട്ടിംഗ് ഏജന്‍സികളെ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയമനിര്‍മാണം നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ സര്‍ക്കാരിന്റെ പരിഗണയിലുണ്ടെന്നും കുടിയേറ്റത്തിന്റെ കാര്യകാരണങ്ങള്‍ പഠിക്കുന്നതിനിയി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍.ബിന്ദു നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഇതേ സംബന്ധിക്കുന്ന ഗൗരവതരവും വിമര്‍ശനാത്മകവുമായ ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ നേരത്തെ തന്നെ തുടക്കം കുറിച്ചിരുന്നു. Nov 28, 2022 ന് INDIA TODAY ONLINE ല്‍ ‘As brain drain of Kerala youth continues, is the state turning into an old age home?’ എന്ന തലക്കെട്ടോടെ പുറത്തുവന്ന വിവേക് രാജഗോപാലിന്റെ ലേഖനം ഇതിനുള്ള ഒരുദാഹരണമാണ്. കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ കൂട്ടപ്പലായനങ്ങളുടെ സ്വഭാവവും അവയുടെ കാര്യകാരണങ്ങളും വിശദീകരിക്കുന്നതാണ് പ്രസ്തുത ലേഖനം. എഴുപതുകളുടെ ആദ്യത്തില്‍ തുടങ്ങിയതും ഇന്നും തുടരുന്നതുമായ, ‘Gulf Boom’ എന്ന് ആദ്യകാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന അറേബ്യന്‍ നാടുകളിലേക്കുള്ള കുടിയേറ്റത്തെ കുറിച്ചാണ് ലേഖനത്തിന്റെ ആദ്യഭാഗങ്ങളില്‍ പരാമര്‍ശിക്കുന്നത്. ഇത് കേരളം എന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ വളരെ വലിയ പങ്കുവഹിച്ചതായ ഒന്നാണ് എന്നും ലേഖനം പറയുന്നു. (നക്‌സല്‍ സംഘടനകള്‍ കേരള സമൂഹത്തില്‍ നടത്തിക്കൊണ്ടിരുന്ന സാംസ്‌കാരിക-ബൗദ്ധിക മുന്നേറ്റങ്ങളുടെ ‘കുലംകുത്തി’കളായാണ് സി.ആര്‍ പരമേശ്വരനെ പോലുള്ള രാഷ്ട്രീയ നിരീക്ഷകര്‍ ഗള്‍ഫ് കുടിയേറ്റക്കാരെ ചരിത്രപരമായി നോക്കിക്കാണുന്നത്. ഇതേ കാലഘട്ടത്തെ ‘ചെറുതെങ്കിലും ധീരമായ മാനസിക ജീവിതം’ എന്ന് വിശേഷിപ്പിക്കുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ ‘തോക്കിന്റെ വഴി’ എന്ന കവിതയാകട്ടെ എണ്ണപ്പണത്തിന് (Oil Money) പുറകെ പാഞ്ഞ ഇവരെ, ‘തോറ്റ തോഴന്മാര്‍ കടല്‍ കടന്ന് കാഞ്ചനം കൊയ്യാന്‍ പറന്നുപോയി’ എന്ന വരിയിലൂടെയാണ് അടയാളപ്പെടുത്തുന്നത്). തൊഴില്‍ തേടി പുറത്ത് പോവുകയും ശമ്പളത്തിന്റെ/കൂലിയുടെ വലിയൊരു ഭാഗം നാട്ടിലേക്ക് അയക്കുകയും ചെയ്യുന്ന ഈ വിഭാഗം അന്നും ഇന്നും കേരളത്തിന്റെ നട്ടെല്ലാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ട് പോകുന്ന വര്‍ത്തമാനകാല തലമുറയുടെ ലക്ഷ്യവും പശ്ചാത്തലവും തികച്ചും വ്യത്യസ്തമാണ്. വിദ്യാര്‍ത്ഥി വിസയില്‍ വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ പ്രധാന ഉദ്ദേശ്യം അവിടങ്ങളില്‍ സ്ഥിരതാമസമുറപ്പിക്കുക (Permanent Residency -PR) എന്നതായിത്തീര്‍ന്നിരിക്കുന്നു. വിദ്യാഭ്യാസത്തിനായി പ്രതിവര്‍ഷം 20 ലക്ഷത്തോളമൊ അതിലധികമൊ ചിലവ് വരുന്നവയാണ് മലയാളികള്‍ സാമാന്യമായി കുടിയേറുന്ന ഇത്തരം രാജ്യങ്ങള്‍. ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയിലും സാരമായ ചോര്‍ച്ചക്കിടയാക്കുന്നുണ്ട്. 2012 ലെ കണക്കനുസരിച്ച് വികസിത-വിദേശ രാജ്യങ്ങളിലേക്ക് പഠനാര്‍ത്ഥം പുറത്തുപോയവരുടെ എണ്ണം നാല്‍പത് ലക്ഷത്തോളമാണ്. 2025 ആകുന്നതോടെ ഇത് 75 ലക്ഷത്തോളമായി ഉയരും എന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ഇത്തരക്കാരിലെ ഭൂരിപക്ഷവും മലയാളികളാണെന്നതാണ്. Ministry of External Affairs ന്റെ റിപ്പോര്‍ട്ടനുസരിച്ച് 2019 ല്‍ മാത്രം കേരളത്തില്‍ നിന്ന് ഇറങ്ങിപ്പോയവരുടെ എണ്ണം 30,948 ആണ്. അതുപോലെത്തന്നെ കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ എണ്ണം 12 ലക്ഷത്തോട് അടുക്കുകയുമാണ്. ഇതിലെ 60 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ വാസമുറപ്പിച്ചവരുടെയും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

INDIA TODAY പ്രസിദ്ധീകരിച്ച തന്റെ ലേഖനത്തില്‍ കേരളത്തില്‍ അനുദിനമെന്നോണം വളരുന്ന ഈ പ്രവണതയുടെ കാരണമായി വിവേക് രാജഗോപാല്‍ ഉന്നയിക്കുന്ന വസ്തുതകള്‍ വളരെ പ്രധാനപ്പെട്ടപ്പെട്ടവയാണ്. ഇതില്‍ ആദ്യത്തേത് വിദേശ യൂണിവേഴ്‌സിറ്റികളുടെയും അവ നല്‍കുന്ന കോഴ്‌സുകളുടെയും നിലവാരക്കൂടുതലാണ്. തുടര്‍ന്ന് അദ്ദേഹം പറയുന്ന കാരണങ്ങള്‍ വികസിത രാജ്യങ്ങള്‍ നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യം, മെച്ചപ്പെട്ട ജീവിത നിലവാരം, സാമൂഹിക സുരക്ഷ, ചെയ്യുന്ന തൊഴിലിന് ലഭിക്കുന്ന ബഹുമാനം എന്നിവയാണ് (The list includes perosnal freedom, a better standard of living, oscial security and respect for work). എ. വിജയരാഘവന്‍ വൈദേശിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് ഇത്. റിക്രൂട്ടിംഗ് ഏജന്‍സികള്‍ വിദേശത്തെത്തന്നെ ഏറ്റവും മോശപ്പെട്ട സര്‍വ്വകലാശാലകളിലേക്കാണ് നമ്മുടെ വിദ്യാര്‍ത്ഥികളെ തള്ളിവിടുന്നതെന്നും അവിടങ്ങളിലെ ആളുകള്‍ ഗൗവരവത്തിലെടുക്കാത്തവയാണ് ഇത്തരം സ്ഥാപനങ്ങള്‍ എന്നുമായിരുന്നു വിജയരാഘവന്റെ പ്രസ്താവന. വിവേകിന്റെ വാദത്തെ മുഖവിലക്കെടുത്താല്‍ ഇത് ഒരു വലിയ പരിധി വരെ അസാധുവാണ് എന്നുവരുന്നു. ഇതുമായി ബന്ധപ്പെട്ട് വിജയരാഘവന്‍ നടത്തിയ മറ്റൊരു വാദം, വികസിത രാജ്യങ്ങളിലെ യുവാക്കള്‍ ചെയ്യാനാഗ്രഹിക്കാത്ത വൃദ്ധസദനങ്ങളിലെ കൂട്ടിരിപ്പ് പോലെയുള്ള ജോലികളും മറ്റും ചെയ്യാന്‍ കരാര്‍ പ്രകാരം തന്നെ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നു എന്നതാണ്. അതുപോലെത്തന്നെ തന്റെ സമ്പന്നനായ ഒരു സുഹൃത്തിന്റെ മകന്‍ വിദേശ രാജ്യത്ത് നേരിടുന്ന ‘ദുരന്തത്തെ’ക്കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ‘രാവിലെ എണീറ്റ് ഹോട്ടലിലെ ചെമ്പ് കഴുകിയിട്ട് വേണം ആ കുട്ടിക്ക് കൊളേജില്‍ പോവാന്‍’ എന്നാതായിരുന്നു ആ ‘കരുതല്‍ വാചകം’. ‘ചെയ്യുന്ന തൊഴിലിന് ലഭിക്കുന്ന ബഹുമാനം’ എന്ന വിവേകിന്റെ പലായന കാരണത്തെ പരിഗണിക്കാതെത്തന്നെ അബദ്ധം എന്ന് അംഗീകരിക്കാവുന്ന ഒന്നാണ് ഈ നിരീക്ഷം/വീക്ഷണം. ഉന്നതവിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ ചെയ്ത് സ്വന്തം ആവശ്യങ്ങള്‍ക്കുള്ള വരുമാനം കണ്ടെത്തുന്ന വ്യക്തികള്‍ക്ക് പ്രത്യേക ബഹുമാനം നല്‍കുന്ന ഒരു പൊതുബോധമാണ് കേരളത്തില്‍ പോലും നിലനില്‍ക്കുന്നത്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ആദ്യമായി ഡോക്ടറല്‍ ബിരുദം നേടിയ യുവാവ് ഗവേഷണത്തോടൊപ്പം ഓട്ടോറിക്ഷാ ഡ്രൈവറായി തൊഴിലെടുത്ത് തന്റെയും കുടുംബത്തിന്റെയും സാമ്പത്തികാവശ്യങ്ങള്‍ സ്വയം പരിഹരിച്ചതിനെ നമ്മുടെ സമൂഹം ആദരവോടെ നോക്കിക്കാണുകയാണുണ്ടായത്. അതുകൊണ്ടുതന്നെ വികസിത രാജ്യങ്ങളിലെ സ്ഥിതി എന്തായിരിക്കും എന്ന് നമുക്ക് ലളിതമായും ഊഹിക്കാവുന്നതേയുള്ളൂ.

അടുത്തതായി എന്തുകൊണ്ട് കേരളീയ യുവത യഥാര്‍ത്ഥത്തില്‍ കേരളം വിടുന്നു എന്ന ചോദ്യത്തിലേക്ക് വന്നാല്‍ അതിനുള്ള മറുപടി ‘അതിസങ്കീര്‍ണവും രോഗാതുരവുമായ നമ്മുടെ സാംസ്‌കാരിക ഘടന’ എന്നതാണ്. പ്രശസ്ത ചിന്തകനായ സണ്ണി എം കപിക്കാട് ഒരു വേദിയില്‍ കീഴാളരുടെമേല്‍ ആരോപിക്കപ്പെട്ടുകൊണ്ടേയിരിക്കുന്ന അധമത്വത്തെ വിശദീകരിക്കുന്നതായ ഒരു പ്രഭാഷണം ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ശ്രദ്ധയില്‍ പെട്ടിരുന്നു. ‘ഒരു കീഴാളനായ കുട്ടി സ്‌കൂളില്‍ പോകുന്നില്ലെങ്കില്‍ മേലാളന്‍ അവനോട് എന്തുകൊണ്ട് പോകുന്നില്ല എന്ന് ചോദിക്കും. സ്‌കൂളില്‍ പോയി ഒടുവില്‍ പഠിച്ചുപഠിച്ച് അയാള്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ അറ്റം തൊടാറായാല്‍ ഇതുവരെ പഠിത്തമൊന്നും കഴിഞ്ഞില്ലെ എന്ന് ചോദിക്കും. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാല്‍ ജോലിയൊന്നുമായില്ലെ എന്ന് ചോദിക്കും. ജോലിയായാല്‍ വിവാഹം കഴിക്കുന്നില്ലെ എന്ന് ചോദിക്കും. വിവാഹം കഴിഞ്ഞാല്‍ എവിടെയാണ് താമസം, ജോലിയൊക്കെയായില്ലെ, ഇനിയെങ്കിലും ഒരു ഒരു പുതിയ വീട് പണിത് അവിടെനിന്ന് മാറിക്കൂടെ എന്ന് ചോദിക്കും. തുടര്‍ന്ന് നിങ്ങള്‍ അന്‍പത് ലക്ഷം ലോണെടുത്ത് ഒരു വീട് പണിതാല്‍ എന്തിനാണ് ഇത്രയും വലിയ വീട് പണിതത് എന്ന് ചോദിക്കും’ എന്നാണ് തന്റെ വാദം വിശദീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം പറഞ്ഞുവച്ചത്. അദ്ദേഹം പറയാത്തതും അതിനോട് കൂട്ടിച്ചേര്‍ക്കുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നതുമായ ചിലതു കൂടി ഇവിടെ പറയുകയാണ് : ‘വിവാഹം കഴിഞ്ഞാല്‍ കുട്ടികള്‍ ആയില്ലെ എന്ന് ചോദിക്കും. കുട്ടികളായാല്‍ എന്ത് പേരാണ് ഇടുന്നതെന്ന് ചോദിക്കും. അത് പൊതുവും പരിചിതവുമല്ലാത്ത പേരാണെങ്കില്‍ ഇതെന്ത് പേരാണ് എന്ന് ചോദിക്കും. കുട്ടിയെ പ്രൈവറ്റ് സ്‌കൂളില്‍ ചേര്‍ത്താല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉന്നത നിലവാരത്തിലേക്ക് കുതിക്കുന്ന ഈ കാലത്ത് എന്തുകൊണ്ട് സ്വകാര്യ സ്‌കൂളില്‍ ചേര്‍ത്തു എന്ന് ചോദിക്കും. സര്‍ക്കാര്‍ സ്‌കൂളിലാണ് ചേര്‍ക്കുന്നതെങ്കില്‍, എന്തൊക്കെ പറഞ്ഞാലും ഗവണ്‍മെന്റ് സ്‌കൂളുകള്‍ക്ക് സ്വാഭാവികമായും പരിമിതികളില്ലെ എന്ന് ചോദിക്കും. ജോലിയില്‍ പ്രമോഷനായില്ലെ എന്ന് ചോദിക്കും’. ഈ നിലയില്‍ അത് ജീവിതാന്ത്യം വരെ തുടര്‍ന്നുകൊണ്ടേയിരിക്കുകയും ചെയ്യും. എന്നാല്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഒന്നുവിടാതെ അംഗീകരിച്ചുകൊണ്ടു തന്നെയും ലേഖനകന് ഇവിടെ അദ്ദേഹത്തോട് വിയോജിക്കേണ്ടിയിരിക്കുന്നു. മേലാളര്‍ കീഴാളരോട് ചോദിക്കുന്ന, ആരോഹണ-അവരോഹണ ക്രമത്തില്‍ മാത്രം നടക്കുന്ന ഒരു സംവേദന പ്രക്രിയയല്ല മേല്‍പ്പറഞ്ഞവ. മറിച്ച് കീഴാളര്‍ തങ്ങളില്‍ പരസ്പരം ചോദിക്കുന്നവ കൂടിയാണ് ഇത്തരം ചോദ്യങ്ങള്‍. കീഴാളരും മേലാളരും ഒരുപോലെ അംഗീകരിക്കുന്നത് മേലാളരുടെ കോയ്മാ മൂല്യങ്ങളെയാണ്/ആധിപത്യ പൊതുബോധത്തെയാണെന്നതാണ് ഇതിന്റെ കാരണം. (2023 ഫെബ്രുവരി 2 മുതല്‍ 5 വരെ നടന്ന മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യോത്സവത്സത്തില്‍ പങ്കെടുത്ത കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ എ.എ റഹിം, കേരളത്തിലെ യുവാക്കള്‍ക്ക് ഒരു വിവാഹച്ചടങ്ങില്‍ പോലും പങ്കെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും തൊഴില്‍, വിവാഹം, ഗര്‍ഭധാരണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളാല്‍ വീര്‍പ്പുമുട്ടിക്കുന്ന ഇത്തരം കൂട്ടായ്മകള്‍ യുവതയെ അവരുടെ Passion ല്‍ നിന്ന് അകറ്റുകയും നിര്‍ബന്ധിതമായി തിരഞ്ഞെടുക്കേണ്ടിവരുന്ന Profession ല്‍ ശോഭിക്കാന്‍ കഴിയാത്തവരാക്കിത്തീര്‍ക്കുകയുമാണ് ചെയ്യുന്നതെന്നും പറയുകയുണ്ടായി)

ഇതിനെ ശരിവെക്കുന്ന വസ്തുതകളുടെയും സാഹചര്യങ്ങളുടെയും സംഭവങ്ങളുടെയും ഒരു വലിയ നിര തന്നെ കേരളീയ സമൂഹത്തില്‍ നിന്നും കണ്ടെത്താനാവും. കേരളത്തിന്റെ സമുദ്രസമ്പത്തില്‍ ഏറ്റവും സുലഭമായി ലഭിക്കുന്ന ഒന്നാണ് മത്തി എന്ന മത്സ്യം (ചിലയിടങ്ങളില്‍ ‘ചാള’ എന്നും വിളിക്കപ്പെടുന്നു). ധാരാളമായി ലഭിക്കുന്നതുകൊണ്ടുതന്നെ മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയാണ് ഇതിനുള്ളത്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ മത്തിയുടെ വില ചരിത്രത്തിലെ തന്നെ ഏറ്റവും കൂടിയ നിരക്കിലേക്ക് ഉയരുകയുണ്ടായി. സ്വാഭാവികമായും പ്രസ്തുത മത്സ്യത്തിന്റെ ദൗര്‍ലഭ്യം തന്നെയാണ് ഇതിന് കാരണമായത്. എന്നാല്‍ മലയാളികള്‍ (സൈബര്‍ മലയാളികള്‍-പ്രത്യേകിച്ചും ഫേസ്ബുക്ക് ഉപയോക്താക്കള്‍) അഭിമാനകരമെന്ന് സ്വയം കരുതുന്ന തങ്ങളുടെ ‘തനിനിറം’ പുറത്തെടുക്കാനുള്ള സുവര്‍ണാവസരമായാണ് ഇതിനെ പരിഗണിച്ചത്. മത്തി കഴിക്കുന്ന ചിത്രങ്ങള്‍ പങ്കുവക്കുക എന്നത് ഫേസ്ബുക്കിലെ ഒരു വൈറല്‍ ട്രെന്‍ഡായിത്തന്നെ ഇക്കാലത്ത് മാറി. മത്തിയുമായിത്തന്നെ ബന്ധപ്പെട്ട മറ്റൊരു വിഷയം നടന്‍ ബാബുരാജ് ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച അഭിനേതാക്കളില്‍ ഒരാളായി പരക്കെ പരിഗണിക്കപ്പെട്ടുപോരുന്ന ഷീല (അദ്ദേഹത്തിന്റെ വാക്കുകളില്‍ – ഷീലാമ്മ) താനുമായി നടത്തിയ സംഭാഷണത്തെയും അതിന്റെ പരിണാമത്തെയും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. താന്‍ പാചകം ചെയ്യുന്ന അത്താഴവിരുന്നിലേക്ക് അതിഥിയായി ക്ഷണിക്കുന്നതിനിടെ എന്താണ് ഭക്ഷണം എന്ന് ഷീല ചോദിക്കുന്നതും മത്തിയും കപ്പയുമാണ് എന്ന മറുപടി കേട്ട നടി ‘അത് പാവങ്ങളുടെ മീനല്ലെ’ എന്ന് മറുചോദ്യം ഉന്നയിക്കുന്നതുമാണ് ബാബുരാജ് ആദ്യമിയി ‘വര്‍ണിക്കുന്നത്’. തന്റെ സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധത്തിന് വഴങ്ങി അന്ന് വിരുന്നില്‍ പങ്കെടുത്ത ശേഷം അവര്‍ക്ക് മത്തി പ്രിയ വിഭവമായി എന്ന്, തന്റെ പാചക വൈദഗ്ധ്യത്തിന്റെ സാധൂകരണം എന്ന തരത്തില്‍ പറഞ്ഞുവച്ചുകൊണ്ട് അദ്ദേഹം ഈ വിവരണം അവസാനിപ്പിക്കുകയും ചെയ്യുന്നു. മുകളില്‍ സൂചിപ്പിച്ച ഇരു സന്ദര്‍ഭങ്ങളെയും പരിശോധിച്ചാല്‍ മലയാളിയുടെ പൊതുബോധത്തെ സംബന്ധിക്കുന്ന ഒരു ഏകദേശ ധാരണ നമുക്ക് ലഭിക്കും. വാങ്ങല്‍ ശേഷി തെളിയിക്കലിലൂടെ സ്വയവും അപരോന്മുഖവുമായി നേടിയെടുക്കാന്‍ ശ്രമിക്കുന്ന സംതൃപ്തി, അതിന്റെ മടികൂടാതെയുള്ള പ്രദര്‍ശനം, പൊതുവും സാമാന്യമായവയോടുമുള്ള അഹന്താപരമായ അകലം പാലിക്കല്‍, അതിനെക്കുറിച്ച് പൊതുസദസ്സില്‍ പോലും പറയുന്നതില്‍ നിന്ന് സ്വയം തടയാത്ത വിധമുള്ള ലോകവീക്ഷണം, ആ വീക്ഷണത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന വിധേയത്വ കാംക്ഷ എന്നിവയാണ് അവയില്‍ എടുത്തു പറയാവുന്ന ചിലത്.

ഗിരീഷ് എ.ഡി എഴുതി സംവിധാനം ചെയ്ത് 2022 ജനുവരി 7 ന് റിലീസ് ചെയ്ത ‘സൂപ്പര്‍ ശരണ്യ’ എന്ന സിനിമ മുന്‍പുള്ള മലയാള ചിത്രങ്ങളില്‍ അവതരിപ്പിക്കാത്ത വിധത്തില്‍ കൊളേജ് വിമന്‍സ് ഹോസ്റ്റലിനെ അതിന്റെ കേന്ദ്ര സ്ഥാനങ്ങളിലൊന്നായി പരിഗണിച്ചിരുന്നു. പ്രമേയപരവും ആഖ്യാനപരവുമായ വ്യത്യസ്തതകള്‍കൊണ്ട് ഈ ചിത്രത്തിന് പരക്കെ സ്വീകാര്യത ലഭിക്കുകയും ചെയ്തു. എന്നാല്‍ ഈ സിനിമയുടെ ഒരു ഭാഗത്ത് മൊബൈല്‍ ഫോണിനോട് അനുബന്ധമായി ഉപയോഗിക്കുന്ന Earphone നെ സംബന്ധിച്ച ഒരു പരാമര്‍ശം കടന്നുവരുന്നുണ്ട്. ഹോസ്റ്റലിലെ ഒരു പെണ്‍കുട്ടി 150 രൂപയുടെ ഒരു Earphone വാങ്ങിയിട്ടുണ്ടെന്നും (സിനിമയിലെ പ്രയോഗം ‘ചാത്തന്‍ ഹെഡ്‌സെറ്റ്’ എന്നാണ്) അത് ഒരു മാസമെങ്കിലും കഷ്ടിച്ച് നിലനില്‍ക്കുമൊ എന്ന് സംശയമാണെന്നുമാണ് പ്രസ്തുത പരാമര്‍ശം. ഇതിനുശേഷം നിരവധി Social media content maker’s വിലകുറഞ്ഞ Earphones നെ പരിഹസിക്കുന്ന Content കള്‍ നിര്‍മിക്കുകയും അവ സൈബറിടങ്ങളില്‍ ആഘോഷിക്കപ്പെടുകയും ചെയ്തു. തോത് കുറഞ്ഞെങ്കിലും ഈ പ്രവണത ഇന്നും തുടരുന്നതായി കാണാം. സമാനമായ അനേകം ആധിപത്യ യുക്തികള്‍ പേറുന്ന ഒന്നാണ് വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 2022 ജനുവരി 21 ന് പുറത്തിറങ്ങിയ ‘ഹൃദയം’ എന്ന സിനിമ. ഒരാളുടെ ഉയര്‍ന്ന നിലയെ അതായിത്തന്നെ അംഗീകരിപ്പിക്കുന്നതിനായി ഇന്ത്യന്‍ സിനിമകള്‍ ഉപയോഗിച്ചു പഴകിയ ‘നായകന്റെ കോമാളിയായ സുഹൃത്തെന്ന’ കഥാപാത്ര നിര്‍മിതിയെപ്പോലും പിന്‍പറ്റുന്നതാണ് ഈ ‘പുതുതലമുറ’ ചിത്രം. ഇരുണ്ട നിറമുള്ള, ഫിംഗര്‍ ബൗളില്‍ നിന്നും വെള്ളം കുടിക്കുന്ന, കഴിച്ച ഭക്ഷണത്തിന്റെയടക്കം കണക്കെണ്ണിപ്പറഞ്ഞ് വിലക്ഷണത പ്രകടിപ്പിക്കുന്ന ഒരാളാണ് നായകന്റെ ഈ സുഹൃത്ത്. ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ (അടിവസ്ത്രങ്ങളുടെയടക്കം) മഹത്വവല്‍ക്കരണം, ഇംഗ്ലീഷ് ഭാഷയോടുള്ള വിധേയത്വത്തെ സ്വാഭാവികവല്‍കരിക്കല്‍, കേരളീയ പൗരുഷത്തിന്റെ കൊടിയടയാളമായി ബുള്ളറ്റിനെ പുഃനസ്ഥാപിക്കാനുള്ള ശ്രമം (കൂടുതല്‍ മെച്ചപ്പെട്ട ഇരുചക്ര വാഹനങ്ങളുടെ വരവോടെ ബുള്ളറ്റ് ഭ്രമത്തിന് ശോഷണം സംഭവിച്ചിട്ടുണ്ട്) എന്നിവയെല്ലാം ഉള്‍ച്ചേര്‍ത്ത ഈ സിനിമ നായകനായി അഭിനയിച്ച പ്രണവ് മോഹന്‍ലാലിന്റെ കരിയറിലെത്തന്നെ ഏറ്റവും മികച്ച ഒന്നായി മാറും വിധം യുവത അതിനെ ഏറ്റെടുക്കുകയാണുണ്ടായത്. ഈ രണ്ട് ചിത്രങ്ങളും മലയാള ഭാഷയിലെ coming-of-age വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവയാണ് എന്നതും ഇവിടെ പ്രസക്തമാണ്.

പന്തീരാങ്കാവ് UAPA (Unlawful activities prevention act) കേസില്‍ അറസ്റ്റിലായ അലൈന്‍ ഷുഹൈബ്, ത്വാഹ ഫസല്‍ എന്നീ നിയമ ബിരുദ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ കേരളത്തിലെ പൊലീസ് സംവിധാനം സ്വീകരിച്ച ഇരട്ടച്ചിന്ത കേരളീയ പൊതുബോധത്തിന്റെ തീര്‍ത്തും പ്രകടമായ മറ്റൊരുദാഹരണമാണ്. നിരോധിത പുസ്തകങ്ങളും ലഘുലേഖകളും (സായുധ ഇടത് അനുകൂല) കൈവശം വച്ചു എന്നതായിരുന്നു ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. അറസ്റ്റിന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അലന്റെ പിതാവ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറസ്റ്റിന്റെ സ്വഭാവത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. പൊലീസ് ഏതെങ്കിലും നിലയില്‍ കുട്ടികളെ ശാരീരിക ഉപദ്രവം ഏല്‍പിച്ചിരുന്നൊ എന്ന ചോദ്യത്തിനോട് അലനെ ഉപദ്രവിച്ചില്ലെന്നും എന്നാല്‍ ത്വാഹയെ മര്‍ദ്ദിക്കുകയുണ്ടായി എന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അലന്‍ ഷുഹൈബിന്റെ കുടുംബത്തിനുള്ള സാമൂഹിക-സാംസ്‌കാരിക മൂലധനമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന നടപടികളാണ് ഈ കേസില്‍ തുടര്‍ന്നുണ്ടായത്. ത്വാഹയെ മാത്രം കേസില്‍ പ്രതി ചേര്‍ക്കാമെന്നും അലനെ മാപ്പുസാക്ഷിയാക്കി വെറുതെവിടാമെന്നുമുള്ള പ്രലോഭനമടക്കം പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നും എന്നാല്‍ താനതിന് വഴങ്ങിയില്ലെന്നും അലന്‍ തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇരുവര്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ച ശേഷം ഇരുവരും ഒന്നിച്ച് നടന്ന മാധ്യമ അഭിമുഖങ്ങളില്‍ ‘അലന്റെ ജയില്‍ ജീവിതമായിരുന്നില്ല ത്വാഹയുടേത്’ എന്ന് ഇരുവരും ഒരേ രാഷ്ട്രീയ ബോധ്യത്തോടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഒരാള്‍ക്ക് ലഭിക്കുന്ന ജനാധിപത്യപരമായ പരിഗണനയുടെ പ്രത്യേക കാരണങ്ങളെക്കുറിച്ചും മറ്റൊരാള്‍ നേരിട്ട മനുഷ്യാവകാശ വിരുദ്ധതയുടെ സാമൂഹിക മാനത്തെക്കുറിച്ചും ഇരുവരും ഇവിടെ ഒരുപോലെ ബോധ്യവാന്മാരായിരുന്നു. ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം എന്ന നിലയിലുള്ള പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ശ്രേണീബോധത്തിന്റെ മറ്റൊരു ഇരയാണ് 2017 ജൂലൈയില്‍ ആത്മഹത്യ ചെയ്ത തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശിയായ 19 വയസ്സുകാരനായ വിനായകന്‍ എന്ന ചെറുപ്പക്കാരന്‍. പൊലീസ് കസ്റ്റഡിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ആത്മഹത്യ ചെയ്ത വിനായകന്റെ ശരീരത്തില്‍ കനത്ത ശാരീകാഘാതങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് തൃശൂര്‍ മെഡിക്കല്‍ കൊളേജിലെ ഫോറന്‍സിക് സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വകുപ്പധ്യക്ഷനായ എന്‍.എ ബല്‍റാമും അസിസ്റ്റന്റ് പ്രൊഫസറായ കെ.ബി രാഗിനും ലോക് ആയുക്തക്ക് നല്‍കിയ മൊഴിയില്‍ പറയുന്നത്. വിനായകന്റെ മരണം (Institutional Murder) അക്കാലത്തെ കേരള സമൂഹത്തില്‍ വളരെയധികം പ്രതികരണങ്ങള്‍ സൃഷ്ടിച്ച ഒന്നായിരുന്നു. വിനായകന്റെ ജാതിയാണ് അന്ന് ഇതോടനുബന്ധിച്ച് ചര്‍ച്ചചെയ്യപ്പെട്ട ഒരു പ്രധാന വിഷയം. അന്നത്തെ ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍മാനായ റാം ശങ്കര്‍ കതേറിയ വിനായകന്റെ കുടുംബത്തെ ഫോണ്‍ കോളില്‍ ബന്ധപ്പെടുകയും തുടര്‍ നടപടികള്‍ സംസ്ഥാന സര്‍ക്കാറിന് ശുപാര്‍ശ ചെയ്യുകയും കൂടി ചെയ്തിരുന്നു. (വര്‍ഷങ്ങള്‍ക്കിപ്പുറവും മകന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കപ്പെട്ടില്ല എന്നുകാട്ടി ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കുന്നതിനിടെ മാതാപിതാക്കള്‍ വൈകാരികരായപ്പോള്‍ ‘ഈ കണ്ണീരൊന്നും ഇവിടെ വേണ്ട’ എന്ന് ആക്രോശിക്കുകയാണ് ആ ഭരണാധികാരി ചെയ്തത് എന്ന് വിനായകന്റെ കുടുംബം പിന്നീട് മാധ്യമങ്ങളോട് പറയുകയുണ്ടായി). വിനായകന്റെ മരണത്തോടനുബന്ധിച്ച് പ്രശ്‌നവല്‍കരിക്കപ്പെട്ട മറ്റൊരു കാര്യം മരണപ്പെട്ടയാളുടെ നീട്ടിവളര്‍ത്തിയ മുടിയായിരുന്നു. മുടി നീട്ടി വളര്‍ത്താനും മുറിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനായി നിലകൊണ്ടുകൊണ്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ‘ഫ്രീക് സാറ്റര്‍ഡെ’ എന്ന പേരിലുള്ള ബൃഹത് സംഗമവും ഇതിനോട് ചേര്‍ന്ന് നടന്നു. എന്നാല്‍ ഈ സംഭവത്തില്‍ അല്‍പം പോലും ചര്‍ച്ചചെയ്യപ്പെടാതെ പോയ കാര്യം വിനായകന്‍ എന്തിന് അറസ്റ്റ് ചെയ്യപ്പെട്ടു എന്നതിലെ പ്രധാന കാരണങ്ങളിലൊന്നാണ്. നിറത്തിനും ജാതിക്കും ആകാരത്തിനും ഉപരിയായി റോഡരികില്‍ ഒരു ‘ഉപരിവര്‍ഗ പെണ്‍കുട്ടിയോട്’ സംസാരിച്ചുനിന്നു എന്നതാണ് ‘തീര്‍ത്തും അരുതാത്തതും’ അദൃശ്യവല്‍കരിക്കപ്പെട്ടതുമായ ആ കാരണം.

Carlos Montero,Darío Madrona എന്നിവരുടെ സംവിധാനത്തില്‍ 2018 ല്‍ Netflix വഴി പുറത്തുവന്ന Elite എന്ന സ്പാനിഷ് വെബ് സീരീസ്, സ്‌പെയിനിലെ ഒരു ആഡംബര സ്‌കൂളില്‍ സാഹചര്യവശാല്‍ പഠനത്തിനായി എത്തിപ്പെടുന്ന മൂന്ന് തൊഴിലാളിവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെയും തുടര്‍ന്ന് ആ സ്ഥാപനത്തില്‍ ഒരു കൊലപാതകത്തോളം ചെന്നെത്തുന്ന സംഭവ പരമ്പരകളെയുമാണ് അവതരിപ്പിക്കുന്നത്. ഇതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് Ashim Ahluwalia യുടെ സംവിധാനത്തില്‍ 2023 ഫെബ്രുവരിയില്‍ Netflix വഴി തന്നെ സ്ട്രീമിംഗ് ആരംഭിച്ച ഇന്ത്യന്‍ (ഹിന്ദി) വെബ് സീരീസാണ് Class. ഇരു സീരീസുകളും അവയുടെ പേര് സൂചിപ്പിക്കുന്നതുപോലെത്തന്നെ വര്‍ഗപരമായ ഭിന്നതകളെയാണ് പ്രശ്‌നവല്‍കരിക്കുന്നത്. ഉപരിവര്‍ഗത്തിന് അടിസ്ഥാനവര്‍ഗത്തോടുള്ള പുച്ഛവും അവജ്ഞയും അസഹിഷ്ണുതയും തൊഴിലാളിവര്‍ഗത്തിന് തിരിച്ചുതോന്നുന്ന അപരിചിതത്വവും ആശങ്കയും അന്യവല്‍കരണവുമെല്ലാം ഇവ കൃത്യതയോടെയും കുറ്റമറ്റതെന്ന് പറയാവുന്ന രീതിയിലും ചിത്രീകരിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ സാഹചര്യത്തോട് ഇവ എത്രത്തോളം നീതിപുലര്‍ത്തുന്നുണ്ട് എന്ന കാര്യം സംശയകരമാണ് (Class ന്റെ Climax ല്‍ ഒരു അടിസ്ഥാനവര്‍ഗ കഥാപാത്രം തിരഞ്ഞെടുക്കുന്ന നിലപാടൊഴിച്ച്). ഒരു വൈദേശിക പരമ്പര എന്ന നിലയിലും ആ പരമ്പരയുടെ Adaptation എന്ന നിലയിലുമാണ് യഥാക്രമം ഇവ പരിമിതപ്പെടുന്നതെന്ന വസ്തുത വ്യക്തമാണ്. അരവിന്ദ് അഡിഗയുടെ ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമായ White Tiger എന്ന നോവലിന്റെ അതേപേരിലുള്ള ചലച്ചിത്രാവിഷ്‌കാരം റമിന് ബഹ്‌റാനിയുടെ സംവിധാനത്തില്‍ Netflix ലൂടെ പുറത്തിറങ്ങുന്നത് 2021 ല്‍ ആണ്. സണ്ണി എം കപിക്കാടുമായി ബന്ധപ്പെട്ട് മുകളില്‍ നടത്തിയ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍/കേരളീയ പശ്ചാത്തലങ്ങളോട് ചേര്‍ത്തുവായിക്കാവുന്ന ഒന്നാണ് ഈ സിനിമ. അസമ്പന്നനും അസവര്ണനുമായ നായകന് അതിസമ്പന്നമായ ഒരു കുടുംബത്തില് ഡ്രൈവറായി തൊഴിലെടുത്തു തുടങ്ങുന്നതോടെയാണ് ഈ ചിത്രം ആരംഭിക്കുന്നത്. അവിടെ അയാള്‍ക്കൊപ്പം, എന്നാല്‍ അയാളേക്കാള് മുകളില്‍ മറ്റൊരു ഡ്രൈവറേയും കാണാം. ഏറെ വര്ഷങ്ങളായി ആ കുടുംബത്തിനായി വണ്ടിയോട്ടിപ്പോരുന്ന ഒരു സീനിയര് ഡ്രൈവറാണ് അയാള്‍. എന്നാല്‍ ആ സവര്ണ്ണ ഹിന്ദു കുടുംബത്തില്‍ നിലനിന്നു പോകുന്നതിനായി സ്വന്തം മതം മറച്ചുവച്ച ഒരു മുസല്മാനാണ് അയാളെന്ന് നായകനു മുമ്പില്‍ പിന്നീട് വെളിപ്പെടുകയാണ്. ഇത് തിരിച്ചറിയുന്ന നായകന്‍ അയാളെ അവിടെനിന്നും ഭീഷണിയോടെ ഒഴിവാക്കുന്നതാണ് തുടര്ന്ന് കാണാനാവുന്നത്. ഈ സംഭവപരമ്പരകള്‍ക്കിടയില് നായകന്റേതായി ഒരു വാചകം കടന്നുവരുന്നത് ശ്രദ്ധേയമാണ് : ”ഒരു തൊഴിലാളിയുടെ ഒന്നാംതരം ശത്രു തന്നേക്കാള്‍ അംഗീകരമുയര്‍ന്ന മറ്റൊരു തൊഴിലാളിയാണ്” എന്നതാണത്. തൊട്ടടുത്തുതന്നെ വരുന്ന മറ്റൊരു സന്ദര്ഭത്തില് തന്റെ യജമാനന്മാരെയും വഹിച്ച് ഡല്ഹിയിലേക്കു സഞ്ചരിക്കുന്ന നായകന്‍ തിങ്ങിനിറഞ്ഞ ഒരു ബസ്സില്‍ നിന്നും പുറത്തേക്കു തൂങ്ങിനിന്ന് സഞ്ചരിക്കുന്ന സ്വന്തം വര്ഗത്തില്‍പ്പെട്ട യാത്രികരോട് വിളിച്ചു പറയുന്നത്, ”ഞങ്ങളിതാ ഡല്‍ഹിയിലേക്കു പോകുന്നു..എ.സി കാറില്‍,” എന്നാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മലയാളത്തിലെ പ്രശസ്ത സംഗീതജ്ഞനായ ഹരീഷ് ശിവരാമകൃഷ്ണന്‍ 2022 ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ വര്‍ഗബോധം എന്ന് വിളിക്കാവുന്ന (അങ്ങനെ പറയാമൊ എന്ന് തനിക്ക് ഉറപ്പില്ല എന്നും പറഞ്ഞുകാണാം) ഒരു പ്രവണത ഉണര്‍ന്നുവരുന്നതായി പറയുന്നുണ്ട്. കലയുടെ അവതരണത്തിന് ശേഷം ലഭിക്കേണ്ടുന്ന പ്രതിഫലത്തെ ‘ദക്ഷിണ’ എന്ന് വിളിക്കുന്നതില്‍ ഔതാര്യത്തിന്റെ ഭാഷ കലര്‍ന്നിട്ടുണ്ടെന്നും കലാകാരന് അവകാശപ്പെട്ട കൂലിയാണ് നല്‍കപ്പെടുന്നതെന്നും അദ്ദേഹം പറയുന്നു. ‘കൂലി’ എന്ന വാക്ക് അവകാശബോധത്തെ കുറിക്കുന്നതാണെന്നും യാതൊരു വിധത്തിലും അതൊരു മോശം വാക്കല്ലെന്നും കൂടി അദ്ദേഹം തുടര്‍ന്ന് കൂട്ടിച്ചേര്‍ക്കുന്നു. കല ദൈവദത്തമായ കഴിവാണ്, അതിനാല്‍തന്നെ അതിന് വിലപറയരുത് എന്നൊക്കെയുള്ള ഫ്യൂഡല്‍ വാദങ്ങളെയും ഹരീഷ് ഈ അഭിമുഖത്തില്‍ തള്ളിക്കളയുന്നതായി കാണാം. നൃത്തം പഠിച്ച ഒരു കുട്ടിക്ക് അരങ്ങേറ്റം നടത്താന്‍ ഭീമമായ തുക ആവശ്യപ്പെടുന്നതിലെ വര്‍ഗപരമായ നൈതികതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശങ്കയോട് അഭിമുഖം നടത്തുന്ന വ്യക്തി സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ യോജിപ്പ് പ്രകടിപ്പിക്കുന്ന സന്ദര്‍ഭം കൂടി ഈ സംഭാഷണത്തിലുണ്ട്. സ്വതന്ത്ര വിപണിയിലും വിപണിതത്വത്തിലും വിശ്വസിക്കുന്ന ഒരാള്‍ എന്ന് സ്വയം അടയാളപ്പെടുത്തിക്കൊണ്ടുകൂടിയാണ് ഹരീഷ് മേല്‍പ്പറഞ്ഞ പരാമര്‍ശങ്ങള്‍ നടത്തുന്നത്. 2023 ജനുവരിയില്‍ തിരുവനന്തപുരം കാര്യവട്ടത്ത് നടന്ന ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് ഏകദിന മത്സരത്തിന് മുന്നോടിയായി ടിക്കറ്റ് നിരക്കില്‍ വന്ന വര്‍ധനയെക്കുറിച്ചുള്ള ചോദ്യത്തിന് ‘ഇടതുപക്ഷ’ ജനാധിപത്യ മുന്നണിയുടെ കായിക മന്ത്രിയായ വി.അബ്ദുറഹ്മാന്‍ നല്‍കിയ മറുപടിയും ആ മറുപടിക്ക് ജനങ്ങള്‍ നല്‍കിയ മറുപടിയും കേരളത്തെ സംബന്ധിക്കുന്ന പ്രതീക്ഷകളെ സജീവമാക്കുന്ന മറ്റൊരു സന്ദര്‍ഭമാണ്. ടിക്കറ്റ് വര്‍ധനയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ‘പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടതില്ല’ എന്ന് മന്ത്രി മറുപടി നല്‍കിയപ്പോള്‍ സ്റ്റേഡിയത്തിലെ നാലില്‍ മൂന്ന് ഭാഗവും ഒഴിഞ്ഞുകിടക്കുന്ന കാഴ്ചയൊരുക്കിക്കൊണ്ടാണ് മലയാളി സമൂഹം അതിനോട് പ്രതികരിച്ചത്. സീറ്റുകള്‍ ഒഴിഞ്ഞു കിടന്നതിന് മന്ത്രിയുടെ പ്രസ്താവനയുമായി ബന്ധമില്ല എന്ന വാദത്തില്‍ എല്‍.ഡി.എഫ് നേതാക്കള്‍ക്കും ജനപ്രതിതിനിധികള്‍ക്കും ഉറച്ചുനില്‍ക്കേണ്ടിവന്നെങ്കിലും ഇത്തരം ഒരു സാഹചര്യത്തെക്കുറിച്ച് ട്വിറ്ററിലൂടെ ആശങ്കയറിയിച്ച യുവരാജ് സിംഗ് അടക്കമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ട്വീറ്റിനു താഴെ ‘ഞങ്ങളുടെ മന്ത്രി പട്ടിണിക്കാര്‍ കളികാണേണ്ടതില്ല എന്നു പറഞ്ഞതുകൊണ്ടാണ് ഞങ്ങള്‍ എത്താതിരുന്നത്’ എന്ന് മറുപടി നല്‍കിയ മലയാളികളുടെ എണ്ണം ഒട്ടും ചെറുതല്ല. അതുകൊണ്ടുതന്നെ മധുസൂദനന്‍ നായര്‍ രചിച്ച ‘അഗസ്ത്യഹൃദയം’ എന്ന കവിതയിലെ ‘ആതുര ശരീരത്തില്‍ ഇഴയുന്ന നീര്‍നാഡി അന്ത്യപ്രതീക്ഷയായ് കാണാം’ എന്ന വരിയെ അര്‍ത്ഥവത്താക്കുന്ന ഒരു വര്‍ത്തമാനകാലമാണ് ഇന്നത്തേതെന്ന് നമുക്കാശ്വസിക്കാം. കണ്ണടച്ചുള്ള കര്‍ശന നടപടികള്‍ എന്ന നയത്തില്‍ നിന്ന് ആധികാരികമായ സാമൂഹിക പഠനങ്ങളിലൂടെയുള്ള പ്രശ്‌ന പരിഹാരം എന്നതിലേക്ക് മാറിയ സര്‍ക്കാര്‍ നിലപാട് സൂക്ഷ്മമായ നിഗമനങ്ങളിലേക്ക് നയിക്കുന്നുവെങ്കില്‍ അവയെ പുരോഗമനപരമായി വിലയിരുത്താവുന്ന ഒരു ഭാവിയാവും നമുക്ക് മുന്‍പിലുണ്ടാവുക എന്ന് പ്രതീക്ഷിക്കുകയുമാവാം.

Reference

*പ്രദീപന്‍ പാമ്പിരികുന്ന്. ദലിത് സൗന്ദര്യശാസ്ത്രം, ഡി.സി ബുക്‌സ്, കോട്ടയം, നവംബര്‍, 2011

*പരമേശ്വരന്‍ സി.ആര്‍, മൗനത്തിന്റെ ശമ്പളം മരണം, മാതൃഭൂമി ബുക്‌സ്, കോഴിക്കോട്, ആഗസ്റ്റ്, 2013

*സനല്‍ ഹരിദാസ്. ഉപരിവര്‍ഗ ചോരയില്‍ കുതിര്‍ന്ന ഉത്തരകാല ബോധോദയങ്ങള്‍, Wtplive.in, ഫെബ്രുവരി, 2021

https://wtplive.in/Cinema/review-about-white-tiger-vellakkaduva-1533

*സനല്‍ ഹരിദാസ്. ഹൃദയം : ആധിപത്യത്തിന്റെയും അടിയറവിന്റെയും മിടിപ്പുകള്‍, WTPLive.in, ഫെബ്രുവരി, 2022

https://wtplive.in/Cinema/sanal-haridas-about-hridayam-movie-3117

*Staff Reporter. Vinayakan’s death: doctors hint at severe torture, Thehindu.com, August, 2017

https://www.thehindu.com/news/national/kerala/vinayakans-death-doctors-hint-at-severe-torture/article19562822.ece

*Vivek Rajagopal. As brain drain of Kerala youth continues, is the state turning into an old age home?, Indiatoday.in, November, 2022

https://www.indiatoday.in/news-analysis/story/as-brain-drain-kerala-youth-continues-is-the-state-turning-into-old-age-home-migration-abroad-2302621-2022-11-28

*സൂപ്പര്‍ ശരണ്യ, സിനിമ, Zee5 : https://www.zee5.com/movies/details/super-sharanya/0-0-1z5105558

*ഹൃദയം, സിനിമ, Dinsey plus Hotstar : https://www.hotstar.com/in/movies/hridayam/1260083403

*Class. Web Series, Netflix : https://www.netflix.com/in/title/81229406?s=a&trkid=13747225&t=cp&vlang=en&clip=81651708

*Elite. Web Series, Netflix : https://www.netflix.com/in/title/80200942?s=a&trkid=13747225&t=cp&vlang=en&clip=81459275

*White Tiger. Film, Netflix : https://www.netflix.com/in/title/80202877?s=a&trkid=13747225&t=cp&vlang=en&clip=81245708

*കുരീപ്പുഴ ശ്രീകുമാര്‍. തോക്കിന്റെ വഴി, കവിത : https://youtu.be/yTPe5KEAelw

*മധുസൂദനന്‍ നായര്‍. അഗസ്ത്യ ഹൃദയം, കവിത : https://youtu.be/vONAWj3OGvY

*അലന്‍ ഷുഹൈബും ത്വാഹ ഫസലും സംസാരിക്കുന്നു : https://fb.watch/iDqCJ_MZAs/

*എ.എ റഹിം സംസാരിക്കുന്നു : https://fb.watch/iLrHqD2w0L/

*എ. വിജയരാഘവന്‍ സംസാരിക്കുന്നു : https://youtu.be/Bosj0UVAftM

*കായിക മന്ത്രി വി.അബ്ദുറഹ്മാന്‍ സംസാരിക്കുന്നു : https://fb.watch/iMfg8boWSJ/

*ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി അര്‍.ബിന്ദു നിയമസഭയില്‍ സംസാരിക്കുന്നു : https://youtu.be/OW3FnoyfG6c

*തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ആദ്യമായി ഡോക്ടറല്‍ ബിരുദം നേടിയ ഡോ. അജിത്തിന്റെ ജീവിതവഴികളുടെ വിവരണം : https://youtu.be/7IJuPMvuJMI

*നടന്‍ ബാബുരാജ് സംസാരിക്കുന്നു : https://www.facebook.com/reel/1837931316557838?s=yWDuG2&fs=e&mibextid=Nif5oz

*ഫ്രീക് സാറ്റര്‍ഡെ : https://youtu.be/wF4FJp88B5c

*ഹരീഷ് ശിവരാമകൃഷ്ണന്‍ സംസാരിക്കുന്നു : https://fb.watch/ivnCeDTuLT/

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply