കരിമണല്‍ ഖനനവും ജനകീയ സമരങ്ങളും

കരിമണല്‍ ലോബിയുമായി ബന്ധപ്പെട്ട മാസപ്പടികളും സംഭാവനകളും അഴിമതികഥകളുമാണല്ലോ കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നത്. തങ്ങള്‍ നടത്തുന്ന പ്രകൃതി ചൂഷണത്തിനു തടസ്സമുണ്ടാകാതിരിക്കാനാണ് കോടികളിറക്കുന്നതെന്നു മനസ്സിലാക്കാന്‍ സാമാന്യബോധം മാത്രം മതി. പ്രധാനമായും ആലപ്പുഴ, കൊല്ലം ജില്ലകളെ കേന്ദ്രീകരിച്ച് കരിമണല്‍ ലോബി തങ്ങളുടെ കൊള്ളയടി ആരംഭിച്ച് ഏറെകാലമായി. അതിനെതിരായ ജനകീയ സമരങ്ങള്‍ ആരംഭിച്ചിട്ടും കാലമേറെയായി ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ അതേകുറിച്ചുള്ള ചര്‍ച്ചകളും അനിവാര്യമാണ്. അതാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.

ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ തീരപ്രദേശത്തെ കരിമണല്‍ ഖനനം ഏറെ സമരങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിരുന്നു. 2002ലെ ജിമ്മിലവതരിപ്പിച്ച പ്രോജക്ടുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണപോലെ സമ്പത്തായിരിക്കും കരിമണല്‍ നമുക്കു കൊണ്ടുവരുക എന്നായിരുന്നു അവകാശവാദം. കായലിനും കടലിനുമിടയില്‍ 50 മീറ്റര്‍ മുതല്‍ ഒന്നര കിലോമീറ്റര്‍ വരെ വീതിയുള്ള, പ്രധാനമായും മത്സ്യത്തൊഴിലാളികള്‍ പാര്‍ക്കുന്ന ഭൂമിയെ കുറിച്ചായിരുന്നു ഈ അവകാശവാദം. ഇത്തരമൊരു പദ്ധതി ആ പ്രദേശത്തെ ഇല്ലാതാക്കുമെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധി പോലും വേണ്ട. സിഎംആര്‍എല്‍ തന്നെയായിരുന്നു നീക്കത്തിനു പുറകില്‍. പതിവുപോലെ നിരവധി വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. അതില്‍ പ്രധാനം സംസ്‌കരണപ്ലാന്റ് അവിടെ തന്നെ നിര്‍മ്മിക്കുമെന്നും നിരവധി പേര്‍ക്ക് ജോലി നല്‍കുമെന്നുതന്നെയായിരുന്നു. അതിനാല്‍ തന്നെ ശക്തമായ പ്രതിഷേധം തുടക്കത്തില്‍ ഉണ്ടായില്ല. മുഖ്യധാരയില്‍ നിന്ന് രംഗത്തുവന്നത് വിഎം സുധീരനായിരുന്നു. പതുക്കെ പതുക്കെ തികച്ചും അപകടകരമായ ഒന്നാണിതെന്നു തിരിച്ചറിഞ്ഞ് കൂടുതല്‍ സംഘടനകളും നാട്ടുകാരും സമരത്തിനിറങ്ങി. സമരത്തെ തണുപ്പിക്കാന്‍ സര്‍ക്കാര്‍ ഒരു പഠനസമിതിയുണ്ടാക്കി ഖനനത്തിനനുകൂലമായി റിപ്പോര്‍ട്ടുണ്ടാക്കി.

2003ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് നാലു സ്വകാ ര്യകമ്പനികള്‍ക്ക് ആലപ്പുഴ തീരത്തെ കരിമണല്‍ ഖനനത്തിന് തത്വത്തില്‍ അംഗീകാരം നല്‍കി. ഇതിനെതിരെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വ ത്തില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. നിരവധി സമരങ്ങള്‍ അക്കാലത്ത് നടന്നു. 2003 ഫെബ്രുവരിയില്‍ മേധാപട്കറുടെ വരവ് സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു. മെയ് 23നു നടന്ന ജനകീയ കണ്‍വെന്‍ഷന്‍ നടന്നു. ജൂണ്‍ 16ന് സുധീരനും എം എ ബേബിയും സംയുക്തമായി നേതൃത്വം നല്‍കിയ 45 കിമി നീളത്തിലെ മനുഷ്യചങ്ങലക്ക് ആലപ്പുഴ സാക്ഷ്യം വഹിച്ചു. സമരത്തോടൊപ്പം നിന്ന വി.എം. സുധീരനെ 2004 തെരഞ്ഞെടുപ്പില്‍ അപരനെ നിര്‍ത്തി കരിമണല്‍ ലോബി തോല്‍പ്പിച്ചു. പിന്നീട് ഇടതുപക്ഷ സര്‍ക്കാര്‍ വന്നപ്പോഴും സമരം തുടര്‍ന്നു. തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന പതിവുപ്രചരണത്തില്‍ വി എസടക്കമുള്ള നേതാക്കള്‍ വീഴുകയായിരുന്നു. എന്നാലത് അധികദിവസം നീണ്ടുനിന്നില്ല. പ്രക്ഷോഭം അതിശക്തമായി. സംസ്ഥാനത്തെ പരിസ്ഥിതി സംഘടനകളെല്ലാം നാട്ടുകാരോട് ഐക്യപ്പെട്ടു. അവസാനം സിപിഎമ്മിലും ശക്തമായ ഭിന്നതകളുണ്ടായി. തുടര്‍ന്ന് ഒരിക്കല്‍ കൂടി സര്‍ക്കാര്‍ ഒരു പഠനസമിതിയെ നിയമിച്ചു. ടി എം മഹാദേവന്‍ സമിതി പക്ഷെ പദ്ധതിയെ അനുകൂലിച്ചില്ല. തുടര്‍ന്ന് 2016ല്‍ പദ്ധതി ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതിനിടെ തൊഴിലിന്റെ പ്രശ്‌നം പറഞ്ഞ് മാനേജ്‌മെന്റ് തന്നെ സ്‌പോണ്‍സര്‍ ചെയ്ത വന്‍പ്രകടനം തിരുവനന്തപുരത്തു നടന്നു. പെയ്ഡ് വാര്‍ത്തകളാല്‍ മാധ്യമങ്ങളും സജീവമായി. ചവറ ഐ.ആര്‍.ഇയുടെ ഖനനം നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍ സി.എം.ആര്‍.എല്ലിന് അസംസ്‌കൃത വസ്തു കിട്ടുന്നില്ലെന്നും അതുകൊണ്ട് സ്ഥാപനം പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സമരം. സ്വകാര്യമേഖലയിലും സംയുക്ത മേഖലയിലും ധാതുമ ണല്‍ ഖനനം അനുവദിക്കാന്‍ പാടില്ലെന്നും പൊതുമേഖലയില്‍ മാത്രമേ ഖനനം പാടുളളുവെന്നുമുളള വ്യവസായനയം പ്രഖ്യാപിച്ച എല്‍.ഡി. എഫ് കാലത്തെ വ്യവസായമന്ത്രി എളമരം കരീമായിരുന്നു മാര്‍ച്ചിന്റെ ഉദ്ഘാടകന്‍.

ഇനി കൊല്ലത്തേക്കുവരാം. അവിടത്തെ തീരദേശ ഗ്രാമമായ ആലപ്പാട് ഗ്രാമം വര്‍ഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ പോരാടുകയാണ്. കോവില്‍ തോട്ടം മുതല്‍ തോട്ടപ്പള്ളി വരെ 17 കിലോമീറ്റര്‍ നീളത്തില്‍ കടലിനും കായലിനും ഇടയില്‍ മണല്‍ബണ്ടു പോലെ കിടക്കുന്ന തീരദേശ ഗ്രാമമാണ് ആലപ്പാട്. പ്രദേശവാസികളില്‍ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളാണ്. ആദ്യകാലങ്ങളില്‍ സ്വകാര്യകമ്പനികള്‍ ആയിരുന്നു ഇവിടെ കരിമണല്‍ ഖനനം നടത്തിയിരുന്നതെങ്കില്‍ പിന്നീടത് പൊതുമേഖലാ സ്ഥാപനങ്ങളായി. ഇന്ത്യന്‍ റെയര്‍ എര്‍ത്ത് കേരളം മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് എന്നീ പൊതുമേഖലാസ്ഥാപനങ്ങള്‍ നടത്തുന്ന കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് പ്രദേശവാസികള്‍ 2018 നവംബര്‍ ഒന്നിന് ആണ് അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുന്നത്. ഖനനം തങ്ങളുടെ നാടിനെത്തന്നെ നശിപ്പിക്കുകയാണെന്നും, ഉടന്‍ തന്നെ അതവ സാനിപ്പിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

ആലപ്പാട് തീരത്തുള്ള മണലില്‍ ഇല്‍മനൈറ്, മോണോസൈറ്റ്, ബ്രൗണ്‍ ഇല്‍മനൈറ്റ്, സിര്‍ക്കോണ്‍ തോറിയം തുടങ്ങിയ ധാതുക്കളും ടൈറ്റാനിയം, സിന്തറ്റിക് റൂട്ടയിന്‍ പോലുള്ള അസംസ്‌കൃത വസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇതാണ് വ്യവസായികാടിസ്ഥാനത്തില്‍ ഈ കരിമണല്‍ ഖനനം ചെയ്‌തെടുക്കുവാന്‍ കാരണമാകുന്നത്. ഹര്‍ഷന്‍ ബര്‍ഗ് എന്ന ജര്‍മന്‍ സായി പ്പാണ് 1911ല്‍ ഖനനം തുടങ്ങിവച്ചത്. തുടര്‍ന്ന് 1932 എഫ് എക്സ് പെരേര ആന്‍ഡ് സണ്‍സ് എന്ന സ്വകാര്യകമ്പനിയാണ് ഖനനം വ്യവസായിക അടിസ്ഥാനത്തില്‍ വന്‍തോതില്‍ തുടങ്ങിയത്. 1994 ഓസ്‌ട്രേലിയന്‍ കമ്പനി യായ വെസ്‌ട്രേലിയന്‍ സാന്‍ഡ്‌സ്, അമേരിക്കന്‍ കമ്പനിയായ റെന്നിസണ്‍ ഗോള്‍ഡ് ഫീല്‍ഡ് കണ്‍സോളിഡേറ്റഡ് തുടങ്ങിയ ആഗോളകമ്പനികള്‍ ആലപ്പാട് ഗ്രാമത്തില്‍ മിനറല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ശ്രമം നടത്തിയിരുന്നു. ജനകീയസമരം ഒന്നുകൊണ്ടുമാത്രം അത് നടക്കാതെ പോയി.

പ്രദേശവാസികള്‍ക്ക് തൊഴില്‍ നല്‍കികൊണ്ട് സ്വകാര്യകമ്പനികളുടെ ശൈലിയില്‍ തന്നെയാണ് പൊതുമേഖലാ കമ്പനികളും ഖനനം ആരംഭിച്ചത്. മണല്‍ തലച്ചുമടായി വള്ളങ്ങളില്‍ എത്തിക്കുകയായിരുന്നു ആദ്യകാലത്തു പ്രദേശവാസികള്‍ക്ക് നല്‍കപ്പെട്ട ജോലി. എന്നാല്‍ പെട്ടെന്നു തന്നെ മണ ലെടുക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതോടെ പ്രദേശവാസികളില്‍ ചിലര്‍ ഖനനത്തില്‍ നിന്ന് പിന്‍വാങ്ങി. ഭൂരിപക്ഷവും മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തുകാര്‍ക്ക് കടലില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും മനസിലാകുമായിരുന്നു. കടലും തീരവും അത്രമാത്രം അവരുടെ ജീവിതവുമായി സങ്കീര്‍ണമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അങ്ങനെയാണ് പ്രദേശവാസികളായ ചില യുവജനങ്ങളുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുന്നത്. സമരം ചെയ്യുന്ന ജനങ്ങള്‍ ഭൂരിഭാഗവും ദുര്‍ബല വിഭാഗമായ മല്‍സ്യത്തൊഴിലാളികളായതും ഖനനം നടത്തുന്നത് പൊതുമേഖലാ സ്ഥാപനമായതുകൊണ്ടും സമരത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ തുടക്കം മുതല്‍ ശ്രമിച്ചത്. പോലീസ് ലാത്തിച്ചാര്‍ജില്‍ അനേകം ആളുകള്‍ക്ക് പരിക്കുപറ്റി ആശുപത്രിയിലായി. ഇതിനെ ത്തുടര്‍ന്ന് ലാത്തിചാര്‍ജിനെതിരെയും പ്രതിഷേധജാഥ നടന്നിരുന്നു. തുടക്കം മുതല്‍ പോലീസിനെ ഉപയോഗിച്ചും കേസുകളില്‍ കുടുക്കിയും സമരത്തില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

1955ല്‍ തയ്യാറാക്കിയ ഒരു ലിത്തോഗ്രാഫിക് ഭൂപടത്തില്‍ ആലപ്പാട് ഗ്രാമ ത്തിന്റെ വിസ്തൃതി 89.5 ചതുരശ്രകിലോമീറ്റര്‍ ഉണ്ടായിരുന്നതാണ്, എന്നാല്‍ അതിപ്പോള്‍ 6.88 ചതുരശ്ര കിലോമീറ്റര്‍ ആയി ചുരുങ്ങി എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കായലിനും കടലിനും ഇടയില്‍ 5 കിലോമീറ്റര്‍ വീതിയും 17 കിലോമീറ്റര്‍ നീളവും ഉണ്ടായിരുന്ന ഭൂമി ഇപ്പോള്‍ 150 മുതല്‍ 20മീറ്റര്‍ വരെ മാത്രം വീതിയും 16 കിലോമീറ്റര്‍ നീളവും ഉള്ള പ്രദേശമായി ചുരുങ്ങി. നീണ്ടകര മുതല്‍ പുറക്കാട് വരെ ഏകദേശം 50 കിലോമീറ്റര്‍ ഭൂമി ഖനനം മൂലം ഇല്ലാതായി കൊണ്ടിരിക്കുന്നു. ദേശീയജലപാതക്കും കടലിനും ഇടയില്‍ ഒന്നാട്ട് കരയുടെയും കുട്ടനാടിന്റെയും സംരക്ഷണ ഭിത്തിയായി നില്‍ക്കുന്ന കവചം ആണ് ഈ തീരഭൂമി. ഭൂമിയിലേക്ക് കടല്‍ കയറിയതോടെ തെങ്ങുകള്‍ നശിച്ചു അതോടൊപ്പം കൃഷിയും. ഒരു കാലത്തു തെങ്ങ് കൃഷിയോട് ബന്ധപ്പെട്ടു വ്യാപകമായിരുന്ന കയര്‍ വ്യവസായവും അതോടെ തകര്‍ന്നു. 20000 ഏക്കര്‍ ഭൂമിയാണ് നഷ്ടമായതെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ കണക്കുകൂട്ടല്‍, അവശേഷിക്കുന്നത് അകെ 650 ഹെക്ടര്‍ മാത്രമാണ്. സുനാമി അടിച്ച വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായത് ഖനനം നടന്ന ആലപ്പാട് മേഖലയിലാണ്. തീരം ശോഷിച്ചതും കടല്‍ ആളുകള്‍ താമസിക്കുന്നിടത്തേക്ക് കയറിവന്നതുമാണ് പ്രശ്നം രൂക്ഷമാക്കിയത്. ആലപ്പാട് ഗ്രാമത്തിന്റെ തീരത്തുണ്ടായിരുന്ന കണ്ടല്‍ കാടുകള്‍ നശിച്ചു പോയി. തീരത്തു എക്കലും ചെളിയും അടിഞ്ഞുകൂടി മത്സ്യപ്രജനനത്തിനു സഹായകമായ ആവാസവ്യവസ്ഥയും നശിച്ചിരിക്കുന്നു. കമ്പനിയില്‍ നിന്നും പുറന്തള്ളുന്ന രാസ മാലിന്യങ്ങള്‍ കടലിന്റെ അടിത്തട്ടില്‍ കടല്‍ ജീവികളുടെ ആവാസവ്യവസ്ഥ നശിപ്പിച്ചു. ഇതിനെല്ലാമെതിരെ സമരം ചെയ്യുന്നവരെ തീവ്രവാദികളാണെന്നുവരെ അന്നു മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ അധിക്ഷേപിച്ചു. എന്തുവന്നാലും ഖനനം അവസാനിപ്പിക്കില്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പോരാട്ടം തുടരുകയാണ് നാട്ടുകാര്‍. അതിനിടയിലാണ് ഇപ്പോഴത്തെ അഴിമതി കഥകള്‍ അരങ്ങേറുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply