വയനാട് വനയാത്രാ സമരമവസാനിക്കുമ്പോള്‍

. വികസനത്തെ തള്ളിയുള്ള പരിസ്ഥിതി മൗലിക വാദവും പരിസ്ഥിതിയെ തള്ളിയുള്ള വികസന മൗലികവാദവുമല്ല നമുക്കാവശ്യം. പ്രകൃതിയില്‍ മനുഷ്യന്‍ ബോധപൂര്‍വ്വം ഇടപെടും. മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്ഥമാക്കുന്ന ഒരു ഘടകം അതാണ്. അതിനര്‍ത്ഥം പ്രകൃതിയിലും മൃഗങ്ങളിലും സമ്പൂര്‍ണ്ണ ആധിപത്യം മനുഷ്യനുണ്ടന്നല്ല. ഇവ തമ്മില്‍ സന്തുലിതമായ ഒരു ബന്ധമാണ് വളര്‍ത്തിയെടുക്കേണ്ടത്.

വയനാട്ടില്‍, കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത പകലും അടച്ചിടാന്‍ പോകുന്നു എന്ന വാര്‍ത്തയെ തുടര്‍ന്ന് ആരംഭിച്ച സമരം മന്ത്രിമാരായ എ കെ ശശീന്ദ്രനും ടി പിരാമകൃഷ്ണനും സമരപന്തലിലെത്തി നല്‍കിയ ഉറപ്പുകളോടെ അവസാനിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സമരത്തിനൊപ്പമാണെന്നും സുപ്രിംകോടതിയില്‍ കേന്ദ്രവനം – പരിസ്ഥിതി മന്ത്രാലയം നല്‍കുന്ന സത്യവാങ്ങ് മൂലം എതിരായാല്‍ കേരളസര്‍ക്കാര്‍ ഇടപെടുമെന്നും മികച്ച വക്കീലിനെ വാദിക്കാന്‍ നിയോഗിക്കും എന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. സമരം തുടങ്ങുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അവസാനിപ്പിക്കുക എന്നത്. അതിനാല്‍ അവസാനിപ്പിച്ചത് സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ വനം പരിസ്ഥിതി വകുപ്പ് അത്തരമൊരു സത്യവാങ്ങ് മൂലം നല്‍കിയാല്‍, സുപ്രിം കോടതിയുടെ ഇപ്പോഴത്തെ നിലപാടിന്റെ അടിസ്ഥാനത്തില്‍ ഒന്നും ചെയ്യാന്‍ സര്‍ക്കാരിനു കഴിയില്ല എന്നത് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി.
10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രിയാത്രാനിരോധനവും പിന്‍വലിക്കണമെന്നാണ് സമരത്തിന്റെ ആവശ്യം. സ്ഥലം എം പി രാഹുല്‍ ഗാന്ധിയടക്കം സ്ഥലത്തെത്തിയതോടെ സമരം ദേശീയ ശ്രദ്ധ നേടുിയിരുന്നു. അതേസമയം സമരം ശക്തമായപ്പോള്‍ തന്നെയാണ് വയനാട്ടില്‍ ലോക മൃഗാവകാശ ദിനമായ ഒക്ടോബര്‍ നാലിന് പുറത്തുവന്ന പുലി നാട്ടുകാരെ വിറപ്പിച്ചതെന്നത് ഇവിടെ പ്രസക്തമാണ്.
രാത്രിയാണ് മൃഗങ്ങള്‍ വനത്തില്‍ നിന്നു ധാരാളമായി പുറത്തു വരിക എന്നത് ഏതു കുഞ്ഞിനുമറിയാം. ആ സമയത്ത് വനത്തിലൂടെയുള്ള അനിയന്ത്രിതമായ യാത്രകള്‍ സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍ ചെറുതല്ല. ഈ പാതയില്‍ തന്നെ എത്രയോ മൃഗങ്ങള്‍ വാഹനങ്ങള്‍ക്കടിയില്‍ പെട്ട് ദാരുണമായി കൊല്ലപ്പെട്ടപ്പോഴാണ് രാത്രിയാത്രയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. 10 വര്‍ഷമായി വലിയ പ്രശ്‌നങ്ങളൊന്നും കൂടാതെ ആ നിരോധനം നിലനില്‍ക്കുന്നു. കേരളം എന്നും നിരോധനത്തിനെതിരും കര്‍ണ്ണാടകയും തമിഴ് നാടും അനുകൂലവുമായിരുന്നു. കേരളത്തില്‍ നിന്ന് ആയിരകണക്കിനുപേര്‍ ബാംഗ്ലൂരും മൈസൂരും ജോലി ചെയ്യുന്നു, കര്‍ഷകരുടെ ഉല്‍പ്പന്നങ്ങളുടെ പ്രധാന മാര്‍ക്കറ്റാണവിടം എന്നൊക്കെ വാദിക്കാം. എന്നാല്‍ അതിലൂടെ നിഷേധിക്കുന്നത് മനുഷ്യസംസ്‌കാരത്തിന്റെ ഭാഗമായി പ്രകൃതിയോടുള്ള നവകാഴ്ചപ്പാടുകളും ഐക്യരാഷ്ട്രസഭയുടെ മൃഗാവകാശ പ്രഖ്യാപനവും മറ്റുമാണ്. നിരോധനം നിലനില്‍ക്കുമ്പോഴും നാലുവീതം ബസുകള്‍ക്ക് അങ്ങോട്ടും തിരിച്ചും പോകാന്‍ അനുമതിയുണ്ട്. അടിയന്തിരഘട്ടങ്ങളിലും അനുമതിയുണ്ട്. മൃഗങ്ങളുടെ ദാരുണ മരണങ്ങള്‍ക്ക് വലിയ കുറവും വന്നിട്ടുണ്ടെന്ന് വിവരാവകാശ രേഖയും പുറത്തുവന്നു. ജനങ്ങളാകട്ടെ നിരോധനമനുസരിച്ച് തങ്ങളുടെ യാത്രകളൊക്കെ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും രാത്രിയാത്രാനിരോധനം പിന്‍വലിക്കാനാവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയില്‍ കേസു തുടരുകയാണ്. അതിന്റെ വിസ്താരത്തിനിടയിലാണ് എന്തുകൊണ്ട് ഇതുവഴി പകലും യാത്രാനിരോധനം ഏര്‍പ്പെടുത്തുന്നില്ല എന്ന് കോടതി ചോദിച്ചതും പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാവശ്യപ്പെട്ടതും. അതായത് ഈ പരമാര്‍ശം നമ്മള്‍ ക്ഷണിച്ചുവരുത്തിയതാണ്. എന്നിട്ടും രാത്രിനിരോധനം പിന്‍വലിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു എന്നതാണ് തമാശ. ഗ്രെറ്റ തന്‍ബര്‍ഗ്ഗ എന്ന വിദ്യാര്‍ത്ഥിനിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി ലോകമെങ്ങും കുട്ടികള്‍ നിരത്തിലിറങ്ങുമ്പോള്‍ വനത്തിലൂടെ രാത്രിയാത്രയും വേണമെന്നു പറഞ്ഞാണ് വയനാട്ടില്‍ കുട്ടികളെ നിരത്തിലിറക്കുന്നത്.
ഈ സാഹചര്യത്തിലാണ് വനപാത പൂര്‍ണമായും അടച്ചിട്ടാല്‍ ഉത്തരവാദിത്വം രാത്രിയാത്രാനിരോധനത്തെ എതിര്‍ക്കുന്നവര്‍ക്കായിരിക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കിയത്. പതിവുപോലെ സമരക്കാരുടെ ശത്രുക്കള്‍ പരിസ്ഥിതിവാദികള്‍ തന്നെയാണ്. എന്നാല്‍ വയനാട് പ്രകൃതിസംരക്ഷണസമിതിയോ മറ്റു പരിസ്ഥിതി പ്രവര്‍ത്തകരോ റോഡ് പൂര്‍ണമായും അടക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടില്ല. സമിതി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയിലോ എതിര്‍കക്ഷിയെന്ന നിലയില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലോ രാത്രിയും പകലും അടച്ചിടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. രാത്രി നിരോധനം തുടരണമെന്നു മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ. മാത്രമല്ല തുരങ്കമോ മേല്‍പ്പാലമോ മറ്റ് ബദല്‍ സംവിധാനമോ ഉണ്ടാക്കാനായി സുപ്രീം കോടതിയിലൂടെ ശ്രമിക്കണമെന്ന് പലതവണ അവര്‍ ആവശ്യപ്പെട്ടിരുന്നതാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായി ദേശീയപാത 212ല്‍ 500 കോടി രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന മേല്‍പ്പാലങ്ങളുടെ പദ്ധതിച്ചെലവില്‍ അമ്പത് ശതമാനം സംസ്ഥാനസര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 15 മീറ്റര്‍ വീതി വരുന്ന റോഡില്‍ ഒരു കിലോമീറ്റര്‍ നീളത്തിലുള്ള അഞ്ച് മേല്‍പ്പാതകളാണ് ഉദ്ദേശിക്കുന്നത്. ഇത്തരം മേല്‍പ്പാതകളുടെ അടിഭാഗത്ത് വരുന്ന നിലവിലുള്ള റോഡ് ഫോറസ്റ്റ് ലാന്റ് സ്‌കേപ് ആയി വന്യമൃഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ തടസ്സമില്ലാത്ത രീതിയില്‍ തയ്യാറാക്കുന്നതാണ്. ഇപ്രകാരം വനപ്രദേശത്തില്‍ ഉള്‍ക്കൊള്ളിക്കുന്ന സ്ഥലത്തിന് ആനുപാതികമായ സ്ഥലം വനംവകുപ്പ്‌തേസമയം ദേശീയ പാത 766 കുട്ട, ഗോണികുപ്പ വഴി തിരിച്ചുവിട്ട് റോഡ് ഭാവിയില്‍ പൂര്‍ണമായും അടക്കുന്നതു സംബന്ധിച്ച് നിര്‍ദേശം സമര്‍പ്പിക്കാനാണ് കേന്ദ്ര വനംപരിസ്ഥിതിവകുപ്പിനെ കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ ബദല്‍റോഡും വയനാട് വന്യജീവി കേന്ദ്രത്തിലൂടെയും നാഗര്‍ഹോളയിലൂടെയും കടന്നുപോകുന്നുണ്ട് എന്നതാണ് സത്യം.

[widgets_on_pages id=”wop-youtube-channel-link”]

ഇത്തരമൊരു സാഹചര്യത്തില്‍, വിഷയത്തെ സമഗ്രമായി കാണാതെ, രാത്രിയും വനപാത തുറന്നു തരണമെന്ന ജനങ്ങളുടെ വൈകാരിക നിലപാടിനെ കണ്ണടച്ച് പിന്തുണക്കുകയാണ് സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും അധികാരികളുമെന്നതാണ് ഖേദകരം. പല വിഷയങ്ങളിലും വ്യത്യസ്ഥമായി ചിന്തിക്കാറുള്ള രാഹുല്‍ ഗാന്ധി പോലും രാത്രിയാത്രയടക്കം അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടത്. രാജ്യത്തെ പല സംസ്ഥാനത്തും അതു നിലവിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. യാദൃഛികമായിട്ടാകാം ലോകമൃഗാവകാശ ദിനത്തിലാണ് രാഹുല്‍ ഇക്കാര്യമാവശ്യപ്പട്ടത്. ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ ഈ മാതൃക പിന്തുടരാനാണ് അദ്ദേഹം ആവശ്യപ്പെടേണ്ടിയിരുന്നത്. അതിനാലാവും തികച്ചും യാദൃഛികമായി അന്നേദിനം വീണ്ടുമൊരു പുലി പുറത്തുവന്ന് ജനങ്ങളില്‍ ഭീതി പരത്തിയത്.

[widgets_on_pages id=”wop-youtube-channel-link”]

തീര്‍ച്ചയായും മനുഷ്യനെ പൂര്‍ണ്ണമായി തള്ളി മൃഗങ്ങള്‍ക്കും പ്രകൃതിക്കും വേണ്ടി നിലകൊള്ളാനല്ല പറയുന്നത്. വികസനത്തെ തള്ളിയുള്ള പരിസ്ഥിതി മൗലിക വാദവും പരിസ്ഥിതിയെ തള്ളിയുള്ള വികസന മൗലികവാദവുമല്ല നമുക്കാവശ്യം. പ്രകൃതിയില്‍ മനുഷ്യന്‍ ബോധപൂര്‍വ്വം ഇടപെടും. മൃഗങ്ങളില്‍ നിന്ന് മനുഷ്യനെ വ്യത്യസ്ഥമാക്കുന്ന ഒരു ഘടകം അതാണ്. അതിനര്‍ത്ഥം പ്രകൃതിയിലും മൃഗങ്ങളിലും സമ്പൂര്‍ണ്ണ ആധിപത്യം മനുഷ്യനുണ്ടന്നല്ല. ഇവ തമ്മില്‍ സന്തുലിതമായ ഒരു ബന്ധമാണ് വളര്‍ത്തിയെടുക്കേണ്ടത്. ആ തിരിച്ചറിവിന്റെ ഭാഗമായാണ് ഒക്ടോബര്‍ 4 ലോകമൃഗാവകാശ ദിനമായി ആചരിക്കുന്നത്. ആ നിലപാടില്‍ നിന്നു പരിശോധിച്ചാല്‍ രാത്രിയാത്രാ നിരോധനം തുടരുകയും തികഞ്ഞ ഉത്തരവാദിത്തത്തോടെ പകല്‍യാത്ര അനുവദിക്കുകയാണ്. അതിനാണ് വയനാട്ടുകാര്‍ മാത്രമല്ല, കേരളീയര്‍ ഒന്നാകെ നിലപാടെടുക്കേണ്ടത്. സംസ്ഥാനത്തെവിടേയുമുള്ള പാരിസ്ഥിതിക വിഷയങ്ങളിലും ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരിക്കണം നിലപാട് സ്വീകരിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply