സംവിധായകരെ അവഗണിക്കുന്ന സംസ്ഥാന അവാര്‍ഡുകള്‍

രാജേഷ് മുളക്കുളം തീയറ്ററുകള്‍ അടച്ചിട്ടപ്പോള്‍ സിനിമാമേഖലയ്ക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചായിരുന്നു വേവലാതി. കോടികള്‍ കൊയ്ത പുലിമുരുകന്‍ മലയാള സിനിമയ്ക്കു നല്‍കിയ ഉണര്‍വ് നഷ്ടപ്പെടുന്നതിലുള്ള ആശങ്ക പങ്കുവയ്ക്കപ്പെട്ടു. എന്നാല്‍ , കച്ചവടത്തെ അവഗണിച്ച് സിനിമയ്ക്കു നിലനില്‍പ്പ് ഇല്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ സംസ്ഥാന അവാര്‍ഡ് നിര്‍ണയിക്കുന്ന വേളയില്‍മാത്രം സിനിമാ വ്യവസായത്തിന്റെ നട്ടെല്ലാകുന്ന വിജയചിത്രങ്ങളും അവയുടെ സംവിധായകരും അവഗണിക്കപ്പെടുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചു. പടയോട്ടം, മൈഡിയര്‍ കുട്ടിച്ചാത്തന്‍, യവനിക, നാടോടിക്കാറ്റ്, തൂവാനത്തുമ്പികള്‍, കിരീടം, ചിത്രം, കിലുക്കം, ന്യൂഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, ഗോഡ് ഫാദര്‍, […]

mm

രാജേഷ് മുളക്കുളം

തീയറ്ററുകള്‍ അടച്ചിട്ടപ്പോള്‍ സിനിമാമേഖലയ്ക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചായിരുന്നു വേവലാതി. കോടികള്‍ കൊയ്ത പുലിമുരുകന്‍ മലയാള സിനിമയ്ക്കു നല്‍കിയ ഉണര്‍വ് നഷ്ടപ്പെടുന്നതിലുള്ള ആശങ്ക പങ്കുവയ്ക്കപ്പെട്ടു. എന്നാല്‍ , കച്ചവടത്തെ അവഗണിച്ച് സിനിമയ്ക്കു നിലനില്‍പ്പ് ഇല്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കെ സംസ്ഥാന അവാര്‍ഡ് നിര്‍ണയിക്കുന്ന വേളയില്‍മാത്രം സിനിമാ വ്യവസായത്തിന്റെ നട്ടെല്ലാകുന്ന വിജയചിത്രങ്ങളും അവയുടെ സംവിധായകരും അവഗണിക്കപ്പെടുന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചു.
പടയോട്ടം, മൈഡിയര്‍ കുട്ടിച്ചാത്തന്‍, യവനിക, നാടോടിക്കാറ്റ്, തൂവാനത്തുമ്പികള്‍, കിരീടം, ചിത്രം, കിലുക്കം, ന്യൂഡല്‍ഹി, ഒരു വടക്കന്‍ വീരഗാഥ, ഗോഡ് ഫാദര്‍, സന്ദേശം, റാംജിറാവു സ്പീക്കിങ്, മണിച്ചിത്രത്താഴ്, സ്ഫടികം, ദേവാസുരം, ക്ലാസ്‌മേറ്റ്‌സ്, ഉദയനാണ് താരം, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയ്ന്റ്, ട്രാഫിക്, ദൃശ്യം, ആമേന്‍, ബാംഗഌര്‍ ഡേയ്‌സ്, പ്രേമം തുടങ്ങിയ വിജയചിത്രങ്ങള്‍ കഴിഞ്ഞ 35 വര്‍ഷത്തിനുള്ളില്‍ പലകാരണങ്ങളാല്‍ പ്രാധാന്യം നേടിയിരുന്നു.
ഒരു മലയാള സിനിമാ പ്രേമിയെ സംബന്ധിച്ച് പരാമര്‍ശിച്ച ചിത്രങ്ങളില്‍ കുറഞ്ഞത് അഞ്ചെണ്ണമെങ്കിലും ജീവിതത്തില്‍ ഉറപ്പായും കണ്ടിരിക്കേണ്ട സിനിമകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും കഴിയും. ഈ ചിത്രങ്ങളുമായി ബന്ധപ്പെട്ട് നിരവധിപേര്‍ അവര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തു. എന്നാല്‍, ഈ ചിത്രങ്ങളില്‍ ഒന്നിന്റേയും പേരില്‍ ഒരു സംവിധായകനും സര്‍ക്കാരിന്റെ അംഗീകാരപ്പട്ടികയില്‍ ഇടം നേടിയിട്ടില്ല എന്ന വാസ്തവം അവാര്‍ഡ് നിര്‍ണയ സമീപനത്തില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കുന്നു.
ബാഹുബലി ദേശീയ തലത്തില്‍ മികച്ച ചിത്രവും രാജമൗലി മികച്ച സംവിധായകനുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുഖം ചുളിച്ചവര്‍ ഏറെയുണ്ടായി. ടൈറ്റാനിക്ക് എന്ന റൊമാന്റിക് ഡ്രാമ ചിത്രത്തിലൂടെ ജയിംസ് കാമറൂണ്‍ ഓസ്‌കര്‍ നേടിയപ്പോള്‍ കൈയടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് ബാഹുബലിയെ തള്ളിപ്പറയാന്‍ മുന്നില്‍നിന്നത്. ബാഹുബലിയുടേത് അമര്‍ചിത്ര നിലവാരത്തിലുള്ള കഥയായിരുന്നത്രേ. ഇത്തവണ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട മാന്‍ഹോള്‍ പറയുന്ന സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയമൊന്നും ടൈറ്റാനിക്കും ചര്‍ച്ച ചെയ്തിരുന്നില്ല. സാങ്കേതിക മേന്മയായിരുന്നു ടൈറ്റാനിക്കിന്റേയും ബാഹുബലിയുടേയും പ്രത്യേകത.
പ്രമേയത്തിനു മുന്തിയ പരിഗണന നല്‍കി സംവിധായക മികവു നിശ്ച്ചയിക്കുന്നതു തെറ്റായ തീര്‍പ്പുകല്‍പ്പിക്കലാണെന്ന വാദം ഗൗരവത്തോടെ പരിഗണിക്കണം. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ കൃത്യമായി അതു പറയുകയും ചെയ്തു. സിനിമ എന്നാല്‍ ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണം എന്ന ധാരണയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറികള്‍ തിരുത്തണമെന്ന അഭ്യര്‍ഥനയാണ് സനല്‍കുമാര്‍ നടത്തിയത്.
അമരക്കാരന്‍ എന്നതിന് ഉപരി, യൂറോപ്യന്‍ കാഴ്ച്ചപ്പാട് അനുസരിച്ച് സംവിധായകരാണ് സിനിമയുടെ സമ്പൂര്‍ണ രചയിതാവ്. എല്ലാ ഘടകങ്ങളേയും കൂട്ടിയോജിപ്പിച്ച് മാജിക്ക് സൃഷ്ടിക്കാന്‍ കഴിയുമ്പോഴാണ് തീയറ്ററില്‍ കാണികള്‍ അദ്ഭുതത്തോടെയും സന്തോഷത്തോടെയും കൈയടിക്കുന്നത്. പണം മുടക്കാന്‍ ആളുണ്ടായതുകൊണ്ടുമാത്രം കാര്യമില്ല. കൈയടി സംവിധായകനുള്ളതാണ്. ഇതു തിരിച്ചറിയാന്‍ അവാര്‍ഡ് കമ്മിറ്റികള്‍ക്കു കഴിയണം.
ഇത്തവണ വിനായകനു മികച്ച നടനുള്ള കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത് സംവിധായകന്‍ രാജീവ് രവിയാണ്. 20 വര്‍ഷത്തിലേറെയായി വിനായകന്‍ സിനിമയിലുണ്ട്. തന്നിലെ നടനെ പ്രദര്‍ശിപ്പിച്ചതിനു വിനായകന്‍ ക്രെഡിറ്റ് നല്‍കുന്നത് രാജീവ് രവിക്കും. തനിക്കൊപ്പമുള്ളവരെ പൂര്‍ണതയിലേക്ക് നയിക്കുന്ന, അതിലൂടെ നല്ലൊരു സൃഷ്ടി രൂപപ്പെടുത്തുന്ന ആളാണ് മികച്ച സംവിധായകന്‍. ഈയൊരു അടിസ്ഥാനത്തില്‍ ഇത്തവണ അവഗണിക്കപ്പെട്ടത് കലാമൂല്യമുള്ള ജനപ്രിയചിത്രം മഹേഷിന്റെ പ്രതികാരത്തിന്റെ സംവിധായകന്‍ ദിലീഷ് പോത്തനാണെന്നു നിസംശയം പറയാം.
മലയാളത്തിലെ രണ്ട് ക്ലാസിക് ചിത്രങ്ങള്‍ മാത്രം എടുത്ത് പരിശോധിക്കാം. വടക്കന്‍ വീരഗാഥയും മണിച്ചിത്രത്താഴും. 2013ല്‍ ഐ.ബി.എന്‍. നടത്തിയ സര്‍വേയില്‍ ഇന്ത്യയിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഈ ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. ജനപ്രിയ ചിത്രം, തിരക്കഥ, നടന്‍, രണ്ടാമത്തെ മികച്ച നടി, ഛായാഗ്രഹണം, ഗായിക എന്നിങ്ങനെ 1989 ലെ ആറ് സംസ്ഥാന അവാര്‍ഡുകള്‍ വടക്കന്‍ വീരഗാഥ നേടി. എന്നാല്‍, സംവിധായകന്‍ ഹരിഹരന്‍ തഴയപ്പെട്ടു. 93 ല്‍ മണിച്ചിത്രത്താഴിനും കിട്ടി ജനപ്രിയചിത്രം, നടി, മെയ്ക്കപ്പ് അവാര്‍ഡുകള്‍. സംവിധായകന്‍ ഫാസിലിനെ തഴഞ്ഞു. പുലിമുരുകനു മുമ്പ് മലയാളക്കരയെ അമ്പരപ്പിച്ച ദൃശ്യം എന്ന ചിത്രവും ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. സംവിധായകന്‍ ജിത്തു ജോസഫിനെ പരിഗണിച്ചതേയില്ല.
ജനപ്രിയ, വാണിജ്യ വിജയങ്ങള്‍ അവാര്‍ഡു ലഭിക്കുന്നതിനു ശാപമാകുന്നത് സംവിധായകര്‍ക്കു മാത്രമാണ്. ഇതിന്റെ പേരില്‍ സിനിമയില്‍ മറ്റാര്‍ക്കും അവാര്‍ഡ് ലഭിക്കാതെ പോകുന്നില്ല. മെഗാ ഹിറ്റ് ഒരുക്കിയ പ്രിയദര്‍ശന്‍, ബാലചന്ദ്ര മേനോന്‍, സത്യന്‍ അന്തിക്കാട്, ജോഷി, ഭദ്രന്‍, ശ്രീനിവാസന്‍, സിദ്ദിഖ്ലാല്‍, ഷാജി കൈലാസ്, രഞ്ജിത്ത്, റാഫി മെക്കാര്‍ട്ടിന്‍, റോഷന്‍ ആന്‍ഡ്രൂസ്, അന്‍വര്‍ റഷീദ് തുടങ്ങിയവരൊന്നും സംവിധാന മികവിനുള്ള സംസ്ഥാന അവാര്‍ഡ് പട്ടികയില്‍ പേരുള്ളവരല്ല. എന്തിന്, കെ.ജി. ജോര്‍ജും പത്മരാജനും വരെ ഈ ലിസ്റ്റിനു പുറത്താണ്!. പല സംവിധായകരുടേയും പാഠപുസ്തകമാണ് കെ.ജി. ജോര്‍ജിന്റെ സിനിമകള്‍. ഇത്തവണത്തെ ദേശീയ സിനിമാ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ പ്രിയദര്‍ശനും കെ.ജി. ജോര്‍ജുമൊന്നും അവരുടെ സംസ്ഥാനത്ത് അവാര്‍ഡിലൂടെ സംവിധാനമികവ് രേഖപ്പെടുത്താത്തവരാണെന്നത് ഉയര്‍ത്തുന്ന അമ്പരപ്പ് അവാര്‍ഡ് ജൂറിയുടെ പരിഗണനകള്‍ക്കു നേരേയാണ് വിരല്‍ചൂണ്ടുന്നത്.
സമാന്തര പരീക്ഷണ സിനിമകളാണ് സിനിമയുടെ വളര്‍ച്ച രേഖപ്പെടുത്തുന്നത് എന്ന വിലയിരുത്തല്‍ അവാര്‍ഡ് ജൂറി പലപ്പോഴും നടത്തിയിട്ടുണ്ട്. എണ്‍പതുകളില്‍ അരവിന്ദനും (എഴുതവണ) അടൂര്‍ ഗോപാലകൃഷ്ണനും (ആറുതവണ), അവാര്‍ഡുകള്‍ പങ്കിടുന്ന പതിവുണ്ടായി. പിന്നീട് ഷാജി എന്‍. കരുണ്‍, ലെനിന്‍ രാജേന്ദ്രന്‍, ടി.വി. ചന്ദ്രന്‍, ശ്യാമ പ്രസാദ് എന്നിവര്‍ക്കു പ്രത്യേക പരിഗണന കിട്ടി. ഇവരൊക്കെ രംഗത്ത് ഉണ്ടായിരുന്നപ്പോഴാണ് മലയാള സിനിമ മൂക്കുകുത്തിയതും.
സംസ്ഥാന അവാര്‍ഡ് നേടിയ പലചിത്രങ്ങളും സംവിധായകരും പിന്നീട് ഒരാളും പരാമര്‍ശിക്കാന്‍ സാധ്യതയില്ലാത്തവണ്ണം ചരിത്രപുസ്തകത്തില്‍ മാത്രമായി ഒതുങ്ങി. ഇതിനിടെ തീയറ്ററുകള്‍ കല്യാണമണ്ഡപങ്ങളായി മാറിക്കൊണ്ടിരുന്ന അവസ്ഥ മാറ്റിയത് വാണിജ്യ വിജയങ്ങളുമായി നവാഗത സംവിധായകര്‍ കടന്നുവന്നതോടെയാണ്. രഞ്ജിത് ശങ്കര്‍, രാജേഷ് പിള്ള, ലിജോ ജോസ് പല്ലിശേരി, രാജീവ് രവി, അനില്‍ രാധാകൃഷ്ണ മേനോന്‍, വിനീത് ശ്രീനിവാസന്‍, അരുണ്‍കുമാര്‍ അരവിന്ദ്, ദിലീഷ് പോത്തന്‍, ആര്‍.എസ്. വിമല്‍, അല്‍ഫോന്‍സ് പുത്രന്‍, എബ്രിഡ് ഷൈന്‍ ഇവര്‍ക്കൊപ്പം ആഷിഖ് അബു, അമല്‍ നീരദ് എന്നിവരുടെ പേരും എടുത്തു പറയണം.
കലാഭവന്‍ മണിക്കും ജഗതി ശ്രീകുമാറിനും കിട്ടാതെപോയ മികച്ച നടനുള്ള അവാര്‍ഡ് ഇത്തവണ വിനായകനു നല്‍കി മാറ്റം കൊണ്ടുവരാന്‍ ജൂറിക്കു കഴിഞ്ഞതുപോലെ സംവിധായകരുടെ കാര്യത്തിലും യഥാര്‍ഥ മികവിനു മാര്‍ക്ക് ഇട്ടു തുടങ്ങാം. അപ്പോള്‍ മാത്രമേ അവാര്‍ഡ് സിനിമയും വാണിജ്യ സിനിമയും എന്ന തിരിവുമാഞ്ഞു നല്ല സിനിമയുണ്ടാകൂ. ഈയൊരു തരംതിരിവ് വ്യക്തമായിരുന്നതുകൊണ്ടാണ് വാണിജ്യ ചിത്രങ്ങള്‍ക്കൊപ്പം മമ്മൂട്ടി മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട, ഒരേ കടല്‍, തുടങ്ങിയ ചിത്രങ്ങളും മോഹന്‍ലാല്‍ വാനപ്രസ്ഥം, പാദമുദ്ര, പരദേശി തുടങ്ങിയ അവാര്‍ഡ്ചിത്രങ്ങളിലും അഭിനയിച്ച് അംഗീകാരം ഉറപ്പാക്കിയത്.
മാന്‍ഹോള്‍, ഒരാള്‍പ്പൊക്കം തുടങ്ങിയ ചിത്രങ്ങളാണ് മലയാള സിനിമയുടെ വളര്‍ച്ച ഉറപ്പാക്കുന്നതെന്നും പ്രിയദര്‍ശനേയും വൈശാഖിനേയും പോലുള്ളവര്‍ അവാര്‍ഡിനായി ഇത്തരം ചിത്രങ്ങള്‍ തെരഞ്ഞെടുക്കണമെന്നു വരുന്നതും ഒരിക്കലും നല്ലകാര്യമാകില്ല. നല്ല നടന്‍, നല്ല നടി എന്നതുപോലെ നല്ല സിനിമയുമാണ് ഉണ്ടാകേണ്ടത്. അല്ലാതെ വാണിജ്യ സിനിമ, അവാര്‍ഡ് സിനിമ എന്നു വേര്‍തിരിച്ച് സംവിധായകരെമാത്രം അവഗണിക്കുന്ന പതിവു നിര്‍ത്തണം. ചെറിയ സിനിമകള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രോത്സാഹനമാണ് ലക്ഷ്യമെങ്കില്‍ കെ.എസ്. ചിത്രയേയും (16 സംസ്ഥാന അവാര്‍ഡ് ) എം. ജയചന്ദ്രനേയും (ഏഴ്) ഇങ്ങനെ പ്രോത്സാഹിപ്പിച്ച് ബോറടിപ്പിക്കരുത് എന്നുകൂടി ഓര്‍ക്കണം.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply