വ്യവസ്ഥാപിത പ്രസ്ഥാനങ്ങള്‍ക്കു പുറത്തുള്ളവരെല്ലാം മാവോയിസ്റ്റുകളോ..??

ശക്തമായ ജനാധിപത്യപോരാട്ടങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സോഷ്യല്‍ മീഡിയയുടേയും ചാനലുകളുടേയും ഇടപെടലുകള്‍ക്കും ശേഷം, അന്യായമായി അറസ്റ്റുചെയ്ത എഴുത്തുകാരന്‍ കമല്‍ സി ചവറക്കും സാമൂഹ്യപ്രവര്‍ത്തകന്‍ നദിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തില്ല എന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായി വി എസും കാനവും കോടിയേറിയും രംഗത്തിറങ്ങിയതോടെയാണ് പിണറായിയും ഡിജിപി ബഹ്‌റയും ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധതിതരായത്. അപ്പോഴും ജനാധിപത്യത്തിനു പോലീസ് രാജിന്റെ ഭീഷണി നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രപ്രവര്‍ത്തകനുമായ നദീറിനെ തെളിവുകള്‍ ഇല്ലെന്ന് അന്വേഷണത്തില്‍ […]

ccc

ശക്തമായ ജനാധിപത്യപോരാട്ടങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സോഷ്യല്‍ മീഡിയയുടേയും ചാനലുകളുടേയും ഇടപെടലുകള്‍ക്കും ശേഷം, അന്യായമായി അറസ്റ്റുചെയ്ത എഴുത്തുകാരന്‍ കമല്‍ സി ചവറക്കും സാമൂഹ്യപ്രവര്‍ത്തകന്‍ നദിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തില്ല എന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധങ്ങളുടെ തുടര്‍ച്ചയായി വി എസും കാനവും കോടിയേറിയും രംഗത്തിറങ്ങിയതോടെയാണ് പിണറായിയും ഡിജിപി ബഹ്‌റയും ഈ തീരുമാനമെടുക്കാന്‍ നിര്‍ബന്ധതിതരായത്. അപ്പോഴും ജനാധിപത്യത്തിനു പോലീസ് രാജിന്റെ ഭീഷണി നിലനില്‍ക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകനും ചലച്ചിത്രപ്രവര്‍ത്തകനുമായ നദീറിനെ തെളിവുകള്‍ ഇല്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് വിട്ടയച്ചത്.
ആറളത്തെ ആദിവാസി കോളനിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തില്‍ നദീര്‍ ഉണ്ടെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. ദേശീയ ഗാനത്തെ അപമാനിച്ചു എന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന നോവലിസ്റ്റ് കമല്‍ സി ചവറയെ പരിചരിക്കാന്‍ ആശുപത്രിയില്‍ നില്‍ക്കുമ്പോഴായിരുന്നു അറസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത നദീറിനെ പിന്നീട് ആറളത്ത് കൊണ്ടുപോയി രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
മാവോയിസ്റ്റ് സംഘത്തില്‍ ഉള്ള ആളാണ് നദീറെന്ന് ആദിവാസികള്‍ തിരിച്ചറിഞ്ഞെന്നാണ് നേരത്തെ പോലീസ് പറഞ്ഞിരുന്നത്. നദീറിന് മേല്‍ നേരത്തെ ഉള്ള കേസ് ആണെന്നും പോലീസ് പറഞ്ഞിരുന്നു. കണ്ണൂര്‍ ആറളം പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 148/16 കേസിലാണ് നദീറിനെ കസ്റ്റഡിയിലെടുത്തുന്നതെന്ന് മെഡിക്കല്‍ കൊളജ് പൊലീസ് അറിയിച്ചിരുന്നു. 2015ല് രജിസ്റ്റര്‍ ചെയ്ത കേസാണിത്. സാമൂഹ്യപ്രവര്‍ത്തകര്‍ക്കതിരെ വ്യാപകമായി യു.എ പി.എ ചുമത്തുന്നതിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. യു.എ.പി.എ ദുരുപയോഗിക്കാ്ന്‍ പാടില്ലെന്ന് ് സിപിഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിനു പിന്നാലെയാണ് നദീറിനെ വിട്ടയച്ചത്. കമല്‍ സി ചവറക്കെതിരെ ചുമത്തിയിരുന്ന രാജ്യദ്രോഹകുറ്റമായ 124 എയും പിന്‍വലിക്കുമെന്നു കേള്‍ക്കുന്നു.
വ്യവസ്ഥാപിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തു പ്രവര്‍ത്തിക്കുന്നവരെയെല്ലാം മാവോയിസ്റ്റുകളും തീവ്രവാദികളും രാജ്യദ്രോഹികളുമാക്കുന്ന സമീപനമാണ് കേരളത്തില്‍ ശക്തമാകുന്നത്. സോണിസോറിയേയും ബിനായക് സെന്നിനേയുമൊക്കെ മാവോയിസ്റ്റാക്കിയ തന്ത്രം തന്നെ. മുസ്ലിം പേരുകളാണെങ്കില്‍ പറയാനുമില്ല. സംവിധായകന്‍ കമലിനെതിരെ പോലും പ്രയോഗിച്ച ഈ സംഘപരിവാര്‍ അജണ്ട എല്‍ ഡി എഫും യു ഡി എഫും ഏറ്റെടുക്കുന്നു എന്നതാണ് അല്‍ഭുതകരം. ”സായുധ വിപ്ലവത്തിലൂടെ നിലനില്‍ക്കുന്ന വ്യവസ്ഥിതിയെ ചോദ്യം ചെയ്ത്, എതിരാളികളെയെല്ലാം ഇല്ലായ്മ ചെയ്ത് പുതിയൊരു സമത്വ സുന്ദര ഭൂമി നിര്‍മ്മിക്കുക എന്നതാണ് മാവോയിസ്റ്റുകളുടെ ആത്യന്തിക ലക്ഷ്യം, ഇത്തരത്തില്‍ ഒരു പ്രത്യേക വിഭാഗം വിജയിക്കണമെങ്കില്‍ നിരവധി പേര്‍ കൊല്ലപ്പെടേണ്ടി വന്നേക്കും, ഇന്ത്യ പോലെ ഒരു ജനാധിപത്യ രാജ്യത്ത് എങ്ങനെയാണ് ഇത്തരത്തിലൊരു പകല്‍സ്വപ്നം സാക്ഷാത്കരിക്കപ്പെടുക? അസഖ്യം ഭിന്നതകള്‍ പരസ്പരം ഉണ്ടായി വ്യവസ്ഥിതി വീണ്ടും ചോദ്യം ചെയ്യപ്പെടും. അങ്ങനെ വന്നാല്‍ ഭിന്നതകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍വൈലന്‍സ് നടത്താന്‍ മാവോയിസ്റ്റുകള്‍ തയ്യാറാകേണ്ടി വരും സ്വാഭാവികമായും അവര്‍ ഭരണകൂടമായി മാറുകയും ഹിംസാത്മകമായ സമ്പത്‌വ്യവസ്തയെ പരിപാലിക്കേണ്ടിയും വരും. ചുരുക്കി പറഞ്ഞാല്‍ മാവോയിസ്റ്റുകള്‍ സായുധവിപ്ലവത്തിലൂടെ ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം ഏറ്റെടുത്താല്‍ അധികം വൈകാതെ അവരും ഭരണകൂടമായി മാറേണ്ടി വരുമെന്നു സാരം”. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നദിയടക്കം ഏതാനും ചെറുപ്പക്കാരെ ഇതുപോലെ മാവോയിസ്റ്റാക്കാന്‍ ശ്രമിച്ച സമയത്ത് നദി എഴുതിയ ഈ വരികള്‍ പ്രസിദ്ധീകരിച്ചത് ഏതെങ്കിലും ചെറുകിട പ്രസിദ്ധീകരണണായിരുന്നില്ല. മാതൃഭൂമിയായിയരുന്നു. ആ ചെറുപ്പക്കാരനെയാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരും മാവോയിസ്റ്റാക്കാന്‍ ശ്രമിച്ചത്.
രാഷ്ട്രീയ – സാംസ്‌കാരിക പ്രവര്‍ത്തനം തങ്ങളുടെ കുത്തകയാണെന്നാണ് എല്‍ഡിഎഫും യുഡിഎഫും ബിജെപിയും കരുതുന്നതെന്നു തോന്നുന്നു. വ്യവസ്ഥാപിത പ്രസ്ഥാനങ്ങള്‍ക്കു പുറത്തുള്ളവര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളേയും മാവോയിസമായി വ്യാഖ്യാനിച്ച്, ആടിനെ പട്ടിയാക്കി, പേപട്ടിയാക്കി തല്ലിക്കൊല്ലു്ന്ന ഫാസിസ്റ്റ് സമീപനമാണ് ഇവരെല്ലാം നടപ്പാക്കുന്നത്. അടുത്തകാലത്ത് മുത്തങ്ങ, ചങ്ങറ പോലുള്ള ഭൂസമരങ്ങള്‍ മുതല്‍ പരിസ്ഥിതിസമരങ്ങളിലും ചുംബനസമരത്തില്‍ പോലും ഇതേ യുക്തിയാണിവര്‍ പ്രയോഗിച്ചത്. ഈ സമരങ്ങളില്‍ സജീവമായവരും നേതൃത്വം നല്‍കുന്നവരുമെല്ലാം മാവോയിസത്തേയോ സായുധസമരത്തേയോ അംഗീകരിക്കുന്നവരല്ല എന്നും ജനാധിപത്യ സമരമുറകളാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാണ്. എന്നിട്ടും അവരെയെല്ലാം മാവോയിസ്റ്റുകളാക്കുന്നു. മനുഷ്യാവകാശപ്രവര്‍ത്തകരും ഫമിനിസ്റ്റുകളും ദളിത് രാഷ്ട്രീയക്കാരുമെല്ലാം ഇവര്‍ക്ക് മാവോയിസ്റ്റുകള്‍ തന്നെ. സമീപകാലത്തുണ്ടായ കപടദേശീയത അടിച്ചേല്‍പ്പിക്കാനുള്ള പ്രതിഷേധങ്ങളേയും മാവോയിസ്റ്റ് പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നതും കേട്ടു. വ്യാജഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരേയും അതേ ആരോപണം തന്നെയാണ് ഉയര്‍ന്നത്. ഒപ്പം മുസ്ലം തീവ്രവാദവും മേമ്പൊടി ചേര്‍ത്താല്‍ ഇപ്പോഴത്തെ താല്‍ക്കാലിക വിജയത്തിലും ഈ പ്രവണതകള്‍ക്കെതിരായ പോരാട്ടം തുടരേണ്ടതാണ്.
ജനകീയ ശബ്ദങ്ങളെ അടിച്ചമര്‍ത്താമെന്ന് പോലീസിന്റെയും ഭരണക്കാരുടേയും വ്യാമോഹം നടപ്പാക്കാന്‍ കഴിയുന്ന ഒരു സംസ്ഥാനമായി കേരളം ഇനിയും മാറിയിട്ടില്ല എന്നു തന്നെയാണ് ഈ വിജയം സൂചിപ്പിക്കുന്നത്. കേരള പോലീസില്‍ വളര്‍ന്നു വന്ന ക്രിമിനല്‍ വലതു ഗുണ്ടാ ബന്ധങളെ, പോലീസിന്റെ ആത്മവിശ്വാസമെന്ന പേരിട്ട് വളര്‍ത്താനാണൂ പിണറായി ശ്രമിച്ചത്. ഇതിനെ തുടര്‍ന്നാണ്, ഇന്നും ദേശീയഗാനവിഷയത്തില്‍ സംശയാസ്പദമായ ഇടക്കാല വിധിയെ പിടിച്ച്, സംസ്ഥാനത്ത് ഭീകരത അഴിച്ചുവിടാന്‍ കേരള പോലീസ് ശ്രമിച്ചക്കുന്നത്. നിലമ്പൂരില്‍ രണ്ടു മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തെ പോലീസിന്റെ ആത്മവീര്യവുമായി ബന്ധപ്പെട്ടുയര്‍ത്തുന്ന ചര്‍ച്ചകളുടെ ലക്ഷ്യം വിഷയത്തെ വഴി തിരിച്ചുവിടുകയാണ്. അതില്‍ പിണറായിയും ചേന്നിത്തയും പങ്കെടുക്കുന്നു. ഇത് രാജ്യഭരണമല്ല, ജനാധിപത്യമാണെന്നും ജനങ്ങളില്‍ നിന്ന് ഒന്നും ഒളിക്കാനുള്ള അവകാശം പോലീസിനോ രാഷ്ട്രീയനേതൃത്വങ്ങള്‍ക്കോ ഇല്ല എന്ന അടിസ്ഥാനതത്വമാണ് ഈ നിലപാടുവഴി തള്ളിക്കളയുന്നത്. 50 വര്‍ഷം മുമ്പു പാസ്സായ പോലീസ് ആക്ടാണ് ഇവിടെ നിലനില്‍ക്കുന്നത്. അതാകട്ടെ ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പഴയ ആക്ടിന്റെ ചുവടുപിടിച്ചത്. അതിന്റെ ലക്ഷ്യം എന്തായിരുന്നു എന്നു വ്യക്തം. അടിച്ചമര്‍ത്തുക എന്നതുതന്നെ. കമ്യൂണിസ്ര്‌റുകാര്‍ പറയാറുള്ളപോലെ പോലീസ് എന്നും ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണം തന്നെ. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ ആ അവസ്ഥ മാറേണ്ടതുണ്ട്. പോലീസ് ജനങ്ങളുടെ സുഹൃത്താകണം, സഹായിയാകണം. നിര്‍ഭാഗ്യവശാല്‍ പോലീസിനെ അങ്ങനെമാറ്റാന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള സര്‍ക്കാരിനുപോലും താല്‍പ്പര്യമില്ല. പിണറായി മുഖ്യമന്ത്രിയായതിനുശേഷം മൂന്നു ലോക്കപ്പ് കൊലപാതകങ്ങളും രണ്ടു വ്യാജഏറ്റുമുട്ടല്‍ കൊലകളും നടന്നു കഴിഞ്ഞല്ലോ. ഇന്നും പോലീസ് സ്റ്റേഷനില്‍ ഭയത്തോടെയല്ലാതെ കയറി പോകുവാന്‍ ധൈര്യമുള്ളവര്‍ കുറയും.
അതേസമയം ഇത് പോലീസിന്റഎ മാത്രം പ്രശ്‌നവുമല്ല. വേണ്ടത് രാഷ്ട്രീയതീരുമാനമാണ്. യിഎപിഎയും മറ്റും ദുരുപയോഗം ചെയ്യരുതെന്നാണ് ഇപ്പോഴും കോടിയേരി പറയുന്നത്. കേരളത്തില്‍ നടപ്പാക്കില്ല എന്നല്ല. അതുപോലെതന്നെയാണ് എതിര്‍ക്കുന്നവരെയെല്ലാം രാജ്യദ്രോഹികളാക്കുന്ന 124 എ വകുപ്പിന്റെ പ്രശ്‌നവും. വാസ്തവത്തില്‍ നടപ്പാക്കുന്നത് സംഘപരിവാര്‍ അജണ്ടതന്നെ. അതിലല്‍ഭുതവുമില്ല. ഒരു കൂട്ടര്‍ ഏകമതരാഷ്ട്രവും മറ്റൊരു കൂട്ടര്‍ ഏകപാര്‍ട്ടി രാഷ്ട്രവുമാണല്ലോ കിനാവു കാണുന്നത്. തല്‍ക്കാലം നിവൃത്തിയില്ലാത്തതിനാല്‍ ജനാധിപത്യ്തതില്‍ പങ്കെടുക്കുന്നു… പ്രധാനമന്ത്രിക്കു തിന്നുന്ന മുഖ്യമന്ത്രി…!!!! ആവര്‍ത്തിച്ചു ആഘോഷിക്കപ്പെടുന്ന കപടദേശീയത എതിര്‍ശബ്ദങ്ങളെ തകര്‍ക്കാനുള്ള എക്കാലത്തെയും മികച്ച ആയുധമാണെന്ന് എല്‍ഡിഎഫും തിരിച്ചറിയുന്നില്ല.
ചുരുക്കത്തില്‍ ജനാധിപത്യവിശ്വാസികളുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ഭീകര നിയമങ്ങള്‍ പിന്‍വലിക്കാനും പോലീസ് രാജ് അവസാനിപ്പിക്കാനും കപടദേശീയത അടിച്ചേല്‍പ്പിക്കാതിരിക്കാനും വ്യവസ്ഥാപിത രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് പുറത്തു പ്രവര്‍ത്തിക്കുന്നവരെയെല്ലാം മാവോയിസ്റ്റുകളും തീവ്രവാദികളും രാജ്യദ്രോഹികളുമാക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കാനുമുള്ള പോരാട്ടങ്ങള്‍ തുടരുകതന്നെ വേണം…!!!! സംഘപരിവാര്‍ അജണ്ട കേരളത്തില്‍ വേണ്ട, അവരുടെ ബി ടീമായി നമ്മുടെ സര്‍ക്കാര്‍ മാറുകയും വേണ്ട….!!!

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply