മി ടൂ കാമ്പയിന്‍ എങ്ങിനെ ജെന്റര്‍ വാറാകും രാഹുല്‍ ഈശ്വര്‍?

ലോകമാകെ ആളിപടരുന്ന മി ടൂ കാമ്പയിന്‍ നിരവധി ചര്‍ച്ചകള്‍ക്കും ഒപ്പം വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. കേരളത്തിലും ഇതിന്ന് തരംഗമാണ്. ട്വിറ്ററില്‍ ആരംഭിച്ച കാമ്പയിന്‍ ഇപ്പോള്‍ ഫേസ് ബുക്കിലും വളരെ സജീവമാണ്. അതേസമയം സ്ത്രീകളുടെ ഏതൊരുമുന്നേറ്റത്തേയും പുച്ഛിക്കുകയും അപഹസിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പതിവുപോലുള്ള സ്ത്രീവിരുദ്ധ നിലപാടുകളുമായി രംഗത്തുണ്ട്. ഫേസ് ബുക്കില്‍ സജീവമായ ഒരാളുടെ ഈ പോസ്റ്റ് ഈ നിലപാടിനു ഉത്തമോദാഹരണമാണ്. ‘ചില ഫെമിനിച്ചികള്‍ #MeToo എന്നും പറഞ്ഞ് ഹാഷ്ടാഗും കൊണ്ട് ഇറങ്ങിയിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. അവറ്റകള്‍ക്ക് മേലെ ആകാശം […]

mmm

ലോകമാകെ ആളിപടരുന്ന മി ടൂ കാമ്പയിന്‍ നിരവധി ചര്‍ച്ചകള്‍ക്കും ഒപ്പം വിമര്‍ശനങ്ങള്‍ക്കും കാരണമായിരിക്കുകയാണ്. കേരളത്തിലും ഇതിന്ന് തരംഗമാണ്. ട്വിറ്ററില്‍ ആരംഭിച്ച കാമ്പയിന്‍ ഇപ്പോള്‍ ഫേസ് ബുക്കിലും വളരെ സജീവമാണ്. അതേസമയം സ്ത്രീകളുടെ ഏതൊരുമുന്നേറ്റത്തേയും പുച്ഛിക്കുകയും അപഹസിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം പതിവുപോലുള്ള സ്ത്രീവിരുദ്ധ നിലപാടുകളുമായി രംഗത്തുണ്ട്. ഫേസ് ബുക്കില്‍ സജീവമായ ഒരാളുടെ ഈ പോസ്റ്റ് ഈ നിലപാടിനു ഉത്തമോദാഹരണമാണ്. ‘ചില ഫെമിനിച്ചികള്‍ #MeToo എന്നും പറഞ്ഞ് ഹാഷ്ടാഗും കൊണ്ട് ഇറങ്ങിയിട്ടുണ്ട് എന്ന് കേള്‍ക്കുന്നു. അവറ്റകള്‍ക്ക് മേലെ ആകാശം താഴെ ഭൂമി എന്നേയുള്ളൂ. വേറെ ഒന്നും ചിന്തിക്കാനില്ല. ഫെമിനിസ്റ്റ് മൂത്ത് മുരടിച്ചിട്ടാണു ഫെമിനിച്ചികള്‍ ആകുന്നത്. എല്ലാറ്റിലും ഒരു തീവ്രവാദം ആണല്ലൊ ഇപ്പോഴത്തെ ട്രെന്റ്. ഫെമിനിച്ചികള്‍ ആ ഗണത്തില്‍ പെട്ടതാണ്. ആണും പെണ്ണും ചേര്‍ന്നതാണ് കുടുംബം,സമൂഹം ഒക്കെ. എവിടെ ഒരു പെണ്ണുണ്ടോ അവിടെ ആണും ഉണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ വീട്ടിലുള്ള പിതാവിനെയും ഭര്‍ത്താവിനെയും മകനെയും ആങ്ങളയെയും സംശയിക്കാനാണു ഏതാനും ഫെമിനിച്ചികള്‍ ഈ ഹാഷ്ടാഗും കൊണ്ട് നടക്കുന്നത്. അവറ്റകള്‍ക്ക് ഇപ്പറഞ്ഞ അച്ഛന്‍, ഭര്‍ത്താവ്,ആങ്ങള, മകന്‍ ഒന്നുമില്ല. അങ്ങ് ഇറങ്ങിക്കോളും. അതുകൊണ്ട് കുടുംബം വേണമെന്ന് ആഗ്രഹിക്കുന്ന ഒരു സ്ത്രീയും ഈ ഫെമിനിച്ചിടാഗില്‍ പെടണ്ട എന്ന് ഉപദേശിക്കുന്നു.’ തീര്‍ച്ചയായും ശരാശരി പുരുഷന്റെ നിലപാടാണിത്. അതേസമയം ഈ പെണ്‍കുട്ടികള്‍ പീഡിപ്പിച്ചവരുടെ പേരുകള്‍ പറയുകയാണെങ്കില്‍ ഈ നിലപാടു പറയുന്ന പലരും അതിലുണ്ടാകുമെന്ന് ഉറപ്പ്. സ്ത്രീകളെ പീഡിപപിക്കുന്നത് ഒളിച്ചുവെച്ച് കുടുംബം സംരക്ഷി്കകണമെന്നു പറയുന്ന ഇവരെ പുച്ഛിച്ചുതള്ളാം. അതേസമയം കുറെ കൂടി ഗൗരവത്തോടെ ഈ കാമ്പയിനിനെ വിമര്‍ശിക്കുന്നവരേയും കാണാം. പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും അതേസയമം ഇത്തരം പ്രചരണം ഒരു ജെന്റര്‍ വാറിനു കാരണമാകുമെന്നും ഫെമിനിസമല്ല, വുമണിസമാണ് വേണ്ടെതെന്നും കഴിഞ്ഞ ദിവസത്തെ ചാനല്‍ ചര്‍ച്ചയില്‍ രാഹുല്‍ ഈശ്വര്‍ പറയുന്നതു കേട്ടു. ഒരു വലിയ വിഭാഗം പേര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതും കാണുന്നുണ്ട്.
സ്ത്രീ – പുരുഷ സമത്വം ഏറെക്കുറെ നടപ്പായിട്ടുണ്ടെന്നവകാശപ്പെടുഅമേരിക്കയില്‍ നിന്ന്, കൃത്യമായി പറഞ്ഞാല്‍ ഹോളിവുഡില്‍ നിന്നുള്ള ഒരു പീഡന വാര്‍ത്തയെ തുടര്‍ന്നാണ് ഈ കാമ്പയിന്‍ ആരംഭിച്ചത്. കേരളത്തില്‍ ഇതേസമയം തന്നെ നടിയുടെ പീഡനകേസും സോളാര്‍ കേസും സജീവമാണെന്നത് യാദൃച്ഛികമാകാം. ഹോളിവുഡ് നിര്‍മ്മാതാവ് ഹാള്‍വി വെയ്ന്‍ സ്റ്റെയിന്‍ നടത്തിയ പീഡനങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു അമേരിക്കന്‍ നടി അമീസ്സാ മിലാനോയാണ് തങ്ങള്‍ക്ക് മുന്‍കാലത്ത് നേരിട്ട ലൈംഗിക ദുരനുഭവങ്ങള്‍ തുറന്നു പറയാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ട്വിറ്ററില്‍ ‘മീടു’ ക്യംപെയിന്‍ ആരംഭിച്ചത്. അതാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. സത്യത്തില്‍ പത്തു വര്‍ഷം മുമ്പുതന്നെ ടരാന ബുര്‍ക്കെ എന്ന ബ്ലാക്ക് വുമണ്‍ ആക്ടിവിസ്റ്റ് ഇത്തരമൊരാഹ്വാനം നല്‍കിയിരുന്നു. എന്നാലത് ഇപ്പോഴത്തെ പോലെ ആളിപടര്‍ന്നില്ല. അവര്‍ ബ്ലാക്ക് ആയതും ഒരു കാരണമായിരിക്കാം. എന്തായാലും ലക്ഷകണക്കിനു സ്ത്രീകളാണ് തങ്ങളുടെ തിക്താനുഭവങ്ങള്‍ തുറന്നു പറയാന്‍ തയ്യാറായിരിക്കുന്നത്. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാതിരുന്ന ചെറു പ്രായം മുതല്‍ നേരിട്ട ദുരനുഭവങ്ങള്‍ തുറന്നു പറയാനുള്ള അവസരമായാണ് അവരീ സന്ദര്‍ഭത്തെ കാണുന്നത്. തീര്‍ച്ചയായും അത് വിപ്ലവകരമാണ്. ഇത്തരം സംഭവങ്ങള്‍ കുറയാന്‍ ഈ നടപടി കാരണമാകുമെന്നതില്‍ സംശയമില്ല. അതൊരിക്കലും ജെന്റര്‍ വാറല്ല. പ്രാഥമികമായ മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടമാണ്. മാത്രമല്ല ഇത്തരം സംഭവങ്ങളില്‍ ഇരകളെ കുറ്റപ്പെടുത്തുകയും കുടുംബത്തിന്റെ അന്തസ്സിന്റെ കാര്യം പറഞ്ഞ് അവ മറച്ചു വെക്കുകയും ചെയ്യുന്ന പ്രവണതക്ക് അറുതി വരാനും ഈ മുന്നേറ്റം സഹായകമാകാം.
കാമ്പയിന്‍ തന്റെ അനുഭവങ്ങള്‍ വിവരിച്ച ഒരു പെണ്‍കുട്ടിയുടെ വരികള്‍ അവസാനിക്കുന്നതു നോക്കൂ. ‘ഭ്രാന്തിന്റെയും വിഷാദത്തിന്റെയും ചുഴികള്‍ എന്നില്‍ തുടങ്ങിവെച്ച അജ്ഞാതാ.., എന്റെ കൗമാര ദശയുടെ പുള്ളിച്ചിറകുകള്‍ അരിഞ്ഞുകളഞ്ഞവനെ.., ഞാനിന്നു ആ പഴയ പെണ്‍കുട്ടിയല്ല. നിന്നെയെനിക്ക് കാണുകയും വേണ്ട . പകയല്ല , പകരം പുച്ഛമാണ്. ഇനി ഭയപ്പെടുകയുമില്ല. നീയെന്നില്‍ കുത്തിനിറച്ച പേടിയും അപകര്‍ഷതയുമെല്ലാം ഞാന്‍ എന്നോട് തന്നെ പടവെട്ടി തൂത്തെറിഞ്ഞിരിക്കുന്നു.. ‘ ഇതാണ് മിക്കവരുടേയും അവസ്ഥ. സൂര്യനെല്ലി സംഭവത്തിനുശേഷമാണ് ചെറിയ തോതിലെങ്കിലും ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയുകയും പരാതി പെടുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ ആരംഭിച്ചത്. അതിനുമുമ്പുതന്നെ അതിക്രമങ്ങള്‍ വ്യാപകമായിരുന്നു. അവ മിക്കവാറുമാകട്ടെ വീടുകളില്‍ തന്നെയായിരുന്നു. അക്കാലഘട്ടത്തില്‍ ഇത്തരം അനുഭവങ്ങള്‍ നേരിട്ടവരാണ് ഇപ്പോള്‍ തുറന്നു പറയുന്ന മിക്കവരും. ഒരുപക്ഷെ ആഗോളതലത്തിലും ഈ കാലയളവില്‍ വലിയ വ്യത്യാസങ്ങള്‍ കാണാനിടയില്ല. അടുത്ത തലമുറയിലെ ആണ്‍കുട്ടികളെയെങ്കിലും തലയുയര്‍ത്തി #notme എന്ന് പറയിക്കാനാവുകയാണെങ്കില്‍ ഈ കാമ്പയിന്‍ വിജയിക്കുമെന്നുറപ്പ്.
തീര്‍ച്ചയായും ആണ്‍കുട്ടികളും ഭയാനകമായി പീഡിപ്പിക്കപ്പെടാറുണ്ട്. ബാല്യത്തില്‍ അത്തരം അനുഭവങ്ങളുള്ള നിരവധി ചെറുപ്പക്കാരും മധ്യവയസ്‌കരുമെല്ലാം ഇപ്പോഴുണ്ടാകും. തീര്‍ച്ചയായും സ്ത്രീകളുടെ ഈ കാമ്പയിന്‍ അത്തരം സംഭവങ്ങള്‍ക്കും അറുതി വരുത്താന്‍ സഹായിക്കുകയാണ് ചെയ്യുക. മറ്റൊരു വിമര്‍ശനം പ്രായപൂര്‍ത്തിയായവര്‍ സമ്മതത്തോടെ നടത്തുന്ന ഇടപെടലുകളും പിന്നീട് പീഡനമായി മാറുന്നു എന്നതാണ്. ഇപ്പോള്‍ സജീവമായ സോളാര്‍ കേസിലും ഏതാനും ദിവസം മുമ്പ് സജീവചര്‍ച്ചയായ ചാനലിലെ ലൈംഗിക പീഡനത്തിലും ഈ വിഷയമാണ് പ്രധാനമായും ഉയര്‍ന്നത്. പുരുഷനും സ്ത്രീക്കും തുല്ല്യതയില്ലാത്ത സമൂഹത്തില്‍ സമ്മതം എന്ന വാക്ക് അര്‍ത്ഥരഹിതമാണെന്നും വിവാഹവാഗ്ദാനമടക്കമുള്ള പ്രലോഭനങ്ങളേയും ഭീഷണിയായി കണക്കാക്കാമെന്നുമാണ് ഇക്കാര്യത്തില്‍ ഫെമിനിസ്റ്റുകള്‍ പലരും പറയുന്ന മറുപടി. സോളാര്‍ വിഷയത്തിലാകട്ടെ ലൈംഗികതയെ കൈക്കൂലിയായി കണക്കാക്കാമെന്നും പറയുന്നു. തീര്‍ച്ചയായും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണിവ. സ്ത്രീകള്‍ സ്വന്തമായി നിലപാടെടുക്കാന്‍ കഴിവില്ലാത്തവരാണോ എന്ന ചോദ്യമാണ് തിരിച്ചുന്നയിക്കപ്പെടുന്നത്. ഈ വിഷയങ്ങളില്‍ ചര്‍ച്ച നടക്കട്ടെ. അതുപക്ഷെ മി ടൂ കാമ്പയിന്‍ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളെ ബാധിക്കുന്നില്ല. അതിനെ ജെന്റര്‍ വാറായി മുദ്രയടിക്കാനുമാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply