ബ്രഹ്മപുരം കത്തുമ്പോള്‍

നഗരമാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം ഇന്നും കേരളത്തിനു കീറാമുട്ടിയാണ്. ചെറിയൊരു സംസ്‌കരണം പോലുമില്ലാതെയായിരുന്നു എല്ലാ നഗരങ്ങളിലേയും മാലിന്യങ്ങള്‍ ഗ്രാമീണവാസികളുടെ ജീവിതത്തില്‍ കൊണ്ടുപോയി നിക്ഷേപിച്ചിരുന്നത്. അതിനെതിരായ സമരങ്ങളായിരുന്നു പോയ പതിറ്റാണ്ടുകളില്‍ കേരളം കണ്ടത്. ലാലൂരും ഞെളിയന്‍ പറമ്പും വിളപ്പില്‍ ശാലയും മറ്റും ഉദാഹരണം. ഈ പോരാട്ടങ്ങളില്‍ പലതും പൂര്‍ണ്ണമായും പലതും ഭാഗികമായും വിജയിച്ചു. പലയിടത്തും പല രീതിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ വന്നു. എന്നാലിവയൊന്നും അവിടങ്ങളിലെത്തുന്ന മാലിന്യങ്ങളുടെ സംസ്‌കരമണത്തിനു പര്യാപ്തമല്ല എന്നതാണ് വസ്തുത. അതിനാല്‍ തന്നെ സമീപവാസികളുടെ ജീവിതത്തിനു വലിയ […]

bb

നഗരമാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്‌കരണം ഇന്നും കേരളത്തിനു കീറാമുട്ടിയാണ്. ചെറിയൊരു സംസ്‌കരണം പോലുമില്ലാതെയായിരുന്നു എല്ലാ നഗരങ്ങളിലേയും മാലിന്യങ്ങള്‍ ഗ്രാമീണവാസികളുടെ ജീവിതത്തില്‍ കൊണ്ടുപോയി നിക്ഷേപിച്ചിരുന്നത്. അതിനെതിരായ സമരങ്ങളായിരുന്നു പോയ പതിറ്റാണ്ടുകളില്‍ കേരളം കണ്ടത്. ലാലൂരും ഞെളിയന്‍ പറമ്പും വിളപ്പില്‍ ശാലയും മറ്റും ഉദാഹരണം. ഈ പോരാട്ടങ്ങളില്‍ പലതും പൂര്‍ണ്ണമായും പലതും ഭാഗികമായും വിജയിച്ചു. പലയിടത്തും പല രീതിയിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ വന്നു. എന്നാലിവയൊന്നും അവിടങ്ങളിലെത്തുന്ന മാലിന്യങ്ങളുടെ സംസ്‌കരമണത്തിനു പര്യാപ്തമല്ല എന്നതാണ് വസ്തുത. അതിനാല്‍ തന്നെ സമീപവാസികളുടെ ജീവിതത്തിനു വലിയ മാറ്റമൊന്നുമുണ്ടായില്ല. മാത്രമല്ല ഇവിടങ്ങളില്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളാകുന്നു. അത്തരത്തിലൊന്നാണ് എറണാകുളം ബ്രഹ്മപുരം പ്ലാന്റില്‍ സംഭവിച്ചത്. പ്ലാന്റിലെ മാലിന്യങ്ങള്‍ക്കു തീപിടിച്ചതിനെ തുടര്‍ന്നുള്ള പുക മൂലം നഗരജീവിതം ദുസ്സഹമായി തീര്‍ന്നിരിക്കുകയാണ്.
എറണാകുളം നഗരമാലിന്യങ്ങള്‍ ഏറെകാലം ചുമക്കുകയും അതിനെതിരെ ശക്തമായ പോരാട്ടം നടത്തുകയും ചെയ്തവരാണ് തൃപ്പൂണിത്തുറക്കടുത്ത ബ്രഹ്മപുരം നിവാസികള്‍. മാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാനാവശ്യപ്പെട്ടായിരുന്നു വര്‍ഷങ്ങളോളം അവര്‍ സമരം ചെയ്തത്. എന്നാല്‍ പ്ലാന്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി കൊച്ചി നഗരസഭ മുന്നോട്ടുപോകുകയാണ്. ജില്ലക്കുപുറത്തുനിന്നു പോലും മാലിന്യം ഇങ്ങോട്ടു കൊണ്ടുവരാനാണ് നീക്കമെന്ന് നാട്ടുകാര്‍ ആശങ്കപ്പെടുന്നു. കൊച്ചി കോര്‍പ്പറേഷനില്‍ നിന്നും സമീപ മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകളില്‍ നിന്നും ശരാശരി 200 ടണ്‍ മാലിന്യം ഇപ്പോള്‍ എത്തുന്നത് പുതിയ പദ്ധതിയോടെ 300 ആയിമാറും.
2007ലാണ് ഇവിടെ നിലവിലെ പ്ലാന്റ് സ്ഥാപിച്ചത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയാണ് പ്ലാന്റിന് തറക്കല്ലിട്ടത്. മാലിന്യം വളമാക്കി മാറ്റുന്ന പ്രക്രിയയാണ് പ്ലാന്റില്‍ നടക്കുന്നത്. അതോടെ ഇവിടത്തെ ജീവിതം നരകതുല്ല്യമായി. വായുവും മണ്ണും വെള്ളവും മലിനമായി. അന്തരീക്ഷം രൂക്ഷഗന്ധത്താല്‍ അസഹ്യമായി. പലരുടേയും ജീവിതമാര്‍ഗ്ഗങ്ങള്‍ മുട്ടി. കൃഷിഭൂമി നഷ്ടപ്പെട്ടു. പ്രധാന ജലസ്രോതസ്സായ കടമ്പ്രയാറിനൊപ്പം ചിത്രപ്പുഴ, മനക്കപ്പുഴ എന്നിവയു്.ം മലിനമായി. രോഗങ്ങള്‍ വ്യാപകമായി. അന്നുമതലെ സമരവും നിയമയുദ്ധവുമാരംഭിച്ചു. ആദ്യവാരം തന്നെ ജനങ്ങള്‍ ഹര്‍ത്താല്‍ ആചരിച്ചു. മാലിന്യ ലോറി തടയലും അറസ്റ്റും കേസുമൊക്കെ നിത്യസംഭവമായി. 45 ദിവസത്തോളം മാലിന്യങ്ങള്‍ കിടന്ന് അത് ഉണങ്ങിയ ശേഷമാണ് പ്രോസസിംഗ് നടത്തുന്നത്. ശേഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യം അവിടെ വെച്ച് തന്നെ കത്തിക്കും. മാലിന്യ കൂമ്പാരത്തില്‍ കുടുംബമായി ജീവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് മാലിന്യത്തില്‍ നിന്നും പ്ലാസ്റ്റിക് വേര്‍തിരിക്കുന്നത്. അവരുടെ ജീവിതം ദുരിതമയമാണ്. മലിനീകരണം രൂക്ഷമായപ്പോള്‍ 70 ഓളം കുടുംബങ്ങളെ ഒഴിച്ചിച്ചിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കൂടുതല്‍ മാലിന്യം വരുന്ന പുതിയ ഒരു സംരംഭത്തേയും അനുവദിക്കില്ല എന്ന തീരുമാനത്തിലാണ് നാട്ടുകാര്‍.
അതിനിടയിലാണ് കിഞ്ഞ ദിവസം മാലിന്യങ്ങള്‍ക്ക് തീപിടിച്ചത്.
കെട്ടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍നിന്നാണു പുക ഉയര്‍ന്നത്. നിരവധി ടാങ്കുകളില്‍ വെള്ളമെത്തിച്ച് അടിച്ചെങ്കിലും പുക നിലച്ചില്ല. തുടര്‍ന്ന് ജെ.സി.ബിയും ഹിറ്റാച്ചിയും എത്തിച്ചു ചപ്പുകൂന ഇളക്കി വെള്ളം ചീറ്റിച്ചതോടെയാണു നേരിയ ശമനമുണ്ടായത്. തീപിടിത്തം നിയന്ത്രണവിധേയമായെങ്കിലും എറണാകുളം നഗരത്തില്‍ പുക പടര്‍ന്ന് ആളുകള്‍ക്കു കണ്ണെരിച്ചിലും, ശ്വാസതടസവും തുടരുകയാണ്. വൈറ്റില, മരട്, അമ്പലമുകള്‍, കടവന്ത്ര ഭാഗങ്ങളില്‍ പുകയും രൂക്ഷഗന്ധവും നിറഞ്ഞു. അസ്വസ്ഥത അനുഭവപ്പെട്ട കച്ചവടക്കാരുള്‍പ്പടെ നിരവധിപേര്‍ ചികിത്സ തേടി. സംഭവത്തിനു പുറകില്‍ അട്ടിമറിയെന്നാണ് നഗരസഭയുടെ ആരോപണം. അട്ടിമറിയായാലും അല്ലെങ്കിലും ഇത്തരം അപകടങ്ങള്‍ക്കു സാധ്യത കൂടുതലാണ്. അതില്ലാതാക്കുകയും ഉറവിട സംസ്‌കരണം കര്‍ശനമാക്കി നടപ്പാക്കി ഇത്തരം വന്‍കിട വന്‍കിട പ്ലാന്റുകള്‍ അവസാനിപ്പിക്കുകയുമാണ് ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ ചെയ്യേണ്ടത്.
പരിസ്ഥിതി സൗഹൃദ മാലിന്യ സംസ്‌കരണവും ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള സംസ്‌കരണ കേന്ദ്രങ്ങളുമാണ് കേരളത്തിനാവശ്യം. ജീവിതശൈലിയിലും സാമൂഹിക ശുചിത്വമനോഭാവത്തിലും കാര്യമായ മാറ്റമില്ലാതെ രണ്ടും വിജയിക്കില്ല. ദേഹശുദ്ധി പോലെ പ്രധാനമാണ് നഗരശുദ്ധിയും. തന്റെ മുറ്റത്ത് നിന്ന് അടുത്ത പുരയിടത്തിലേക്ക് മാലിന്യങ്ങള്‍ നീട്ടിയെറിഞ്ഞാല്‍ ശുചിത്വം പൂര്‍ത്തിയായി എന്ന സ്വാര്‍ഥ ചിന്ത വെടിയണം. ഈ സ്വാര്‍ഥതയുടെ പരിഷ്‌കരിച്ച രൂപമാണ് നഗര മാലിന്യങ്ങള്‍ ഗ്രാമത്തില്‍ തള്ളുന്നത്. മനുഷ്യവാസമുള്ളേടത്തെല്ലാം മാലിന്യങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാതെ അവ സംസ്‌കരിക്കുന്നതിലാണ് മനുഷ്യന്റെ സംസ്‌കാരം പ്രകടമാവേണ്ടത്. മാലിന്യങ്ങള്‍ ഉണ്ടാകുന്നിടത്തുതന്നെ സാധ്യമാവുന്നിടത്തോളം സംസ്‌കരിക്കാനുള്ള രീതികളെക്കുറിച്ച് വിദഗ്ധര്‍ പറയുന്നുണ്ട്. ഉല്‍പാദന കേന്ദ്രത്തില്‍തന്നെ മാലിന്യം നശിപ്പിക്കുന്നതിനുള്ള ഇന്‍സിനേറ്ററുകള്‍ പോലുള്ളവ ഫ്ളാറ്റുകളിലും വന്‍കിട ഹോട്ടലുകളിലും ഏര്‍പ്പെടുത്തിയാല്‍ പൊതുസ്ഥലത്ത് എത്തുന്ന മാലിന്യത്തിന്റെ അളവ് വലിയ തോതില്‍ കുറയും. മാലിന്യ നിര്‍മാര്‍ജന സംവിധാനം നല്ല രീതിയില്‍ നിലനില്‍ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ജൈവമാലിന്യങ്ങളെയും പ്ലാസ്റ്റിക് പോലുള്ള അജൈവ മാലിന്യങ്ങളെയും വേര്‍തിരിച്ചിട്ടാണ് സംസ്‌കരണ പ്ലാന്റിലേക്ക് കൊണ്ടുപോകുന്നത്. അതിവിടേയും നിര്‍ബന്ധമായും നടപ്പാക്കണം.
സംസ്‌കരിക്കല്‍ പ്രയാസകരമായ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കാനും ശാസ്ത്രീയമായി സംസ്‌കരിക്കാനും പുനര്‍ചംക്രമണം നടത്താനും ആവശ്യമായ സംവിധാനങ്ങള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഒരുക്കണം (1994ല്‍ കേരള നിയമസഭ പാസ്സാക്കിയ കേരള മുനിസിപ്പാലിറ്റീസ് ആക്ട് പ്രകാരം നഗരസഭകളുടെ നിര്‍ബന്ധിത ഉത്തരവാദിത്വത്തില്‍ പെട്ടതാണ് ഖരമാലിന്യ നിര്‍മാര്‍ജനം). ഉറവിടത്തില്‍ വെച്ചുതന്നെയുള്ള ജൈവ മാലിന്യ സംസ്‌കരണം അപ്രായോഗികമായ ഇടങ്ങളില്‍ നിന്ന് മാത്രമേ അവ ഏറ്റെടുക്കേണ്ടതുള്ളൂ. സംസ്‌കരണത്തിന് സ്വന്തമായി സൗകര്യമുള്ളവര്‍ക്ക് സംവിധാനമൊരുക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സഹായങ്ങളും സബ്സിഡികളും വാഗ്ദാനം ചെയ്യുന്നുണ്ട്. റസിഡന്‍സ് അസോസിയേഷനുകള്‍ക്ക് ഒന്നിലധികം വീട്ടുകാരുമായും അടുത്തുള്ള ഹോട്ടലുകളുമായും മറ്റു സ്ഥാപനങ്ങളുമായും ചേര്‍ന്നും പ്ലാന്റുകള്‍ സ്ഥാപിക്കാവുന്നതാണ്. ജൈവമാലിന്യങ്ങള്‍ ഉപയോഗിച്ച് ബയോ ഗ്യാസും കമ്പോസ്റ്റ് വളവും നിര്‍മിക്കുന്നതിന് നബാര്‍ഡ് സാമ്പത്തിക സഹായവും മാര്‍ഗനിര്‍ദേശവും നല്‍കുന്നുണ്ട്. ഇതെല്ലാം നിലനില്‍ക്കുമ്പോളും ഉപയോഗിക്കാതെ സ്വന്തം മാലിന്യം അന്യന്റെ ജീവിതത്തിലേക്കു തള്ളുന്ന മലയാളികളുടെ – വ്യക്തി മുതല്‍ ഭരണകൂടം വരെ – സാമൂഹ്യവിരുദ്ധ നിലപാടാണ് പ്രശ്‌നത്തെ രൂക്ഷമാക്കുന്നത്. അതിനെ അഭിസംബോധന ചെയ്യാതെ തീപിടുത്തത്തിനു പിന്നില്‍ അട്ടിമറിയാണെന്ന കൊച്ചി മേയറുടെ പ്രസ്താവന ജനവിരുദ്ധമാണെന്നു പറയാതെ വയ്യ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply