പ്രളയത്തിന്റ വഴി

ഹാഷിം ചേന്നാമ്പിള്ളി ഇത്ര വലിയ പ്രളയത്തിന് എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവ എന്താണ്? എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ തട്ടിവിടുന്നു. ചിലര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു, ചിലര്‍ മഴയെ പഴിക്കുന്നു, ചിലര്‍ വികസന നയങ്ങളെ കറ്റപ്പെടുത്തുന്നു. എന്റെ അഭിപ്രായങ്ങളും ഇവിടെ കിടക്കട്ടെ. 50 വര്‍ഷം കൊണ്ട് കേരളത്തില്‍ നടപ്പാക്കിയ കണ്ണും മൂക്കുമില്ലാത്ത വികസന നയങ്ങള്‍ തന്നെയാണ് ഈ മഹാ പ്രളയത്തിന്റ ആഘാതം ഇത്ര വലുതാക്കിയത് എന്ന കാര്യത്തില്‍ സംശയമില്ല. ഈ പറഞ്ഞ വികസനം നടക്കുന്നതിന് ഒരു നൂറ്റാണ്ടു […]

ppഹാഷിം ചേന്നാമ്പിള്ളി

ഇത്ര വലിയ പ്രളയത്തിന് എന്തെങ്കിലും പ്രത്യേക കാരണങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവ എന്താണ്? എല്ലാവരും അവരവരുടെ അഭിപ്രായങ്ങള്‍ തട്ടിവിടുന്നു. ചിലര്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നു, ചിലര്‍ മഴയെ പഴിക്കുന്നു, ചിലര്‍ വികസന നയങ്ങളെ കറ്റപ്പെടുത്തുന്നു. എന്റെ അഭിപ്രായങ്ങളും ഇവിടെ കിടക്കട്ടെ. 50 വര്‍ഷം കൊണ്ട് കേരളത്തില്‍ നടപ്പാക്കിയ കണ്ണും മൂക്കുമില്ലാത്ത വികസന നയങ്ങള്‍ തന്നെയാണ് ഈ മഹാ പ്രളയത്തിന്റ ആഘാതം ഇത്ര വലുതാക്കിയത് എന്ന കാര്യത്തില്‍ സംശയമില്ല.
ഈ പറഞ്ഞ വികസനം നടക്കുന്നതിന് ഒരു നൂറ്റാണ്ടു മുന്നേ ഇതു പോലൊരു പ്രളയം സംഭവിച്ചില്ലേ എന്ന് ചോദിക്കുന്നവരുണ്ട്. 1924 ലെ പ്രളയത്തില്‍ 3 ആഴ്ച നിര്‍ത്താതെ മഴ പെയ്തു എന്ന് രേഖപ്പെടുത്തിയിയിരുന്നു. ഇപ്പോള്‍ പെയ്തതിന്റെ ഇരട്ടിയോളം മഴ ലഭിച്ചു എന്നും പറയപ്പെടുന്നു. ഇന്നത്തെ അത്രയും രക്ഷാ പ്രവര്‍ത്തന സംവിധാനങ്ങള്‍, മനുഷ്യ ശേഷി, ശാസ്ത്ര സാങ്കേതിക സൗകര്യങ്ങള്‍, ഭരണ നിര്‍വഹണ സംവിധാനങ്ങള്‍, ആരോഗ്യ രക്ഷാ സംവിധാനങ്ങള്‍ ഒന്നും അന്നുണ്ടിയിരുന്നില്ല എന്നത് ഓര്‍ക്കണം.
1) അസാധാരണമായ മഴയാണ് പ്രളയത്തിന്റ ആദ്യ കാരണമെന്നതിന് സംശയമില്ല. സാധാരണ പെയ്യുന്നതിനേക്കാള്‍ 40-45% മഴ അധികം ലഭിച്ചു. ഏതാണ്ട് ഒരാഴ്ചയോളം കേരളത്തില്‍ പരക്കെ ഈ മഴ നിര്‍ത്താതെ പെയ്തു. രൂക്ഷമായ വെളളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ പെയ്ത്തു വെള്ളം, ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴുകി എത്തിയ മലവെള്ളം, ഡാമുകളില്‍ നിന്ന് തുറന്നു വിട്ട അധിക ജലം എന്നിവയെല്ലാം കൂടിച്ചേര്‍ന്ന് വന്‍ പ്രളയമായിമാറി.
2) പുഴയുടെ വഴികള്‍ ഇടുക്കിയതും അടച്ചതും, തോടുകള്‍ മൂടിയതും, നെല്‍വയലുകള്‍ നികത്തിയതുമെല്ലാം പ്രളയത്തിന്റ തീവ്രതക്ക് കാരണമായി. 50 വര്‍ഷം കൊണ്ട് 12 ലക്ഷം ഹെക്ടര്‍ ഉണ്ടായിരുന്ന നെല്‍വയലുകളില്‍ 1,70,000 ഹെക്ടര്‍ ഒഴിച്ച് ബാക്കി മുഴുവന്‍ നമ്മള്‍ നികത്തിയിരിക്കുന്നു. അതിനര്‍ത്ഥം അതിവര്‍ഷത്തിലൂടെ വരുന്ന അധിക ജലം കയറി കിടക്കേണ്ട പത്ത് ലക്ഷം ഹെക്ടര്‍ ചതുപ്പ് നിലങ്ങള്‍ നാം തന്നെ മണ്ണിട്ടുമൂടിക്കളഞ്ഞു എന്നതാണ്. ശരാശരി ഒരു മീറ്റര്‍ ഉയരത്തിലെങ്കിലും മണ്ണിട്ടു മൂടിയിട്ടുണ്ട്. അതായത് ഓരോ സ്‌ക്വയര്‍ മീറ്ററിലും ആയിരം ലിറ്റര്‍ ജലം സംഭരിക്കപ്പെടാനുളള സാഹചര്യം ഇല്ലാതാക്കി. നികത്തപ്പെട്ട വയലുകളുടെ വ്യാപ്തി കണക്കാക്കുമ്പോള്‍ ദശലക്ഷക്കണക്കിനു കോടി ലിറ്റര്‍ ജലം സംഭരിക്കാവുന്ന നെല്‍വയലുകളാണ് മണ്ണിട്ടുമൂടിയത്. ഇത്തരത്തില്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ജലസംഭരണിയായി മാത്രമല്ല ഭൂഗര്‍ഭ അറകളിലേക്ക് ജലം നിക്ഷേപിക്കുന്നതും ഇത്തരം ചതുപ്പ് നിലങ്ങളാണെന്ന് ശാസ്ത്രം പറയുന്നു. ഇതു കൂടി കണക്കിലെടുത്താല്‍ അധിക ജലം ഗത്യന്തരമില്ലാതെ നമ്മുടെ തൊടികളിലേക്കല്ലാതെ മറ്റെവിടേക്കാണ് പോവുക. നെല്‍വയലുകള്‍ ഭക്ഷ്യ സുരക്ഷക്കുമപ്പുറം മറ്റു പലതുമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
50 വര്‍ഷം മുമ്പുണ്ടായിരുന്ന വിസ്തൃതി ഇന്ന് കേരളത്തിലെ ഒറ്റ നദിക്കും ഇല്ല എന്നതും ഓര്‍ക്കേണ്ടതുണ്ട്. പുഴയുടെ വഴികളെല്ലാം ഇടുക്കിയും അടച്ചും ജലത്തിന്റെ സ്വാഭാവിക ബഹിര്‍ഗമന മാര്‍ഗങ്ങള്‍ നാം ഇല്ലാതാക്കി. എല്ലാ പുഴകള്‍ക്കും അനേകം തോടുകളും കൈവഴികളും ഉണ്ടായിരുന്നു. ഇവയൊക്കെയും പ്രളയ കാലത്ത് പരമാവധി ജലം സംഭരിച്ച് നാശത്തിന്റെ ആഘാതം പരമാവധി കുറക്കുന്നവയായിരുന്നു. ഇന്ന് അവയെല്ലാം മൂടപ്പെട്ടു. പ്രകൃതി ദത്തമായ സംഭരണികളും രക്ഷാ മാര്‍ഗങ്ങളുമായിരുന്ന ഇവയുടെ സ്ഥാനത്ത് ഒരു തുള്ളി ജലം പോലും ഭൂമിയിലേക്ക് കടത്തി വിടാത്ത കെട്ടിടങ്ങളും കോണ്‍ക്രീറ്റ് തറകളും പശ്ചാത്തല സൗകര്യങ്ങളുമാണ് നിറഞ്ഞത്.
3) ജലപ്രളയം മാത്രമല്ല ഇപ്രാവശ്യം സ്ഥിതി ഗുരുതരമാക്കിയത്. അതിനേക്കാള്‍ മാരകമായത് വ്യാപകമായി ഉരുള്‍ പൊട്ടിയും മലകള്‍ ഇടിഞ്ഞും സംഭവിച്ച ദുരന്തമാണ്. ബഹുഭൂരിപക്ഷം ജീവനുകളും നഷ്ടപ്പെട്ടത് ഇതു മൂലമാണ്. ഈ പ്രതിഭാസത്തിന്റെ കാരണക്കാര്‍ നമ്മള്‍ തന്നെയാണ്. പശ്ചിമഘട്ട മലനിരകളില്‍ അനധികൃതമായ പാറമടകള്‍ തന്നെ രണ്ടായിരത്തിലേറെ ഉണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജലാറ്റിന്‍ പോലുള്ള ഉഗ്ര സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചാണ് മല തുരന്ന് പാറ പൊട്ടിക്കുന്നത്. അതുമൂലമുണ്ടാകുന്ന പ്രകമ്പനങ്ങള്‍ മൂലം ഭൂമിയുടെ ഉപരിതല മണ്ണ് ഇളക്കി മറിക്കപ്പെടുന്നു. അധിക മഴ എത്തിയതോടെ മഴയില്‍ കുതിര്‍ന്നും ഉരുള്‍ പൊട്ടിയും ഇവ താഴേക്ക് പതിച്ചു. അതോടൊപ്പം കീഴ്ക്കാംതൂക്കായ പ്രദേശങ്ങളിലെ സംരക്ഷണ കവചങ്ങളായ വനങ്ങള്‍ വെട്ടി വെളുപ്പിച്ചും ഭൂമിയുടെ സ്വാഭാവികമായ കിടപ്പിന് ഭംഗം വരുത്തിയും വ്യാപകമായ തോതില്‍ അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ദുരന്തത്തിന്റെ ആക്കം കൂട്ടാനിടയാക്കി. നേരത്തെ 10 ലക്ഷത്തിലധികം ഹെക്ടര്‍ വയലുകള്‍ നികത്താനും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മലകള്‍ തുരന്നതിന് പുറമെയാണിതെന്നു കൂടി ഓര്‍ക്കണം.
4) പരമാവധി ജലം സംഭരിക്കുക എന്ന ലക്ഷ്യത്തോടെ ഡാമുകളെല്ലാം നിറയുന്നതുവരെ കാത്തിരുന്ന അധികൃതരുടെ കടുത്ത അലംഭാവവും ഈ മഹാ പ്രളയത്തിന്റ കാരണങ്ങളില്‍ ഒന്നാണ്. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഡാം നേരത്തെ തുറക്കാതെ പരമാവധി ജലം സംഭരിക്കാന്‍ ശ്രമിച്ചതാണ് പ്രളയം തീവ്രമാക്കിയതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അഫിഡവിറ്റില്‍ ആരോപിക്കുന്നു. കേരളത്തിലെ ഇടുക്കി അടക്കമുള്ള മറ്റു ഡാമുകളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് കുറ്റവാളികള്‍ എന്ന സ്വയം പ്രഖ്യാപനമാണ് ഈ വാദം.
ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍ കാലയളവില്‍ തന്നെ ഡാമുകള്‍ നിറയുന്ന പ്രതിഭാസം സര്‍ക്കാര്‍ ശ്രദ്ധിച്ചില്ല. ഒരാഴ്ച അതിശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങള്‍ പ്രവചിച്ചതും അവഗണിച്ചു. ജൂലൈ 30 ന് തന്നെ ആഗസ്റ്റ് 20 വരെ കേരളത്തില്‍ പരക്കെ ശക്തമായ മഴ പെയ്യുമെന്ന് അറിഞ്ഞ സാഹചര്യത്തില്‍ അന്നു മുതല്‍ ഓരോ ഷട്ടര്‍ വീതമെങ്കിലും തുറന്നു വിട്ടിരുന്നെങ്കില്‍ ഇത്രമാത്രം ദുരിതം ജനങ്ങള്‍ക്ക് ഉണ്ടാകുമായിരുന്നില്ല. മുല്ലപ്പെരിയാര്‍ ഒഴിച്ച് മറ്റു പ്രധാന ഡാമുകളൊന്നും ഇല്ലാതിരുന്നിട്ടും ഇപ്പോഴത്തേക്കാള്‍ ഇരട്ടിയോളം മഴ ലഭിച്ചിട്ടും 1924 ലെ പ്രളയം സൃഷ്ടിച്ച കെടുതിയേക്കാള്‍ സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത് സര്‍ക്കാരിന്റെ ഈ പിടിപ്പുകേട് തന്നെ.
ഇതൊക്കെയാണെങ്കിലും ഒരു ഭരണാധികാരി എന്ന നിലയില്‍ പ്രതിസന്ധി ഘട്ടത്തില്‍ പതറാതെ രാഷ്ട്രീയ ചേരിതിരിവിനിട നല്‍കാതെ പ്രളയാനന്തര നടപടികള്‍ ഏകോപിപ്പിച്ച് ജനങ്ങള്‍ക്ക് പരമാവധി രക്ഷയും ആശ്വാസവും ഏകുന്നതില്‍ മുഖ്യമന്ത്രിയുടെ നേതൃത്വം മാതൃകാപരമായ പങ്ക് വഹിച്ചു എന്ന് പറയാതെ വയ്യ. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുമപ്പുറത്ത് മത- രാഷ്ട്രീയ ഭേദമന്യേ യുവാക്കള്‍, മല്‍സ്യ തൊഴിലാളികള്‍, സന്നദ്ധ സേവന സംഘങ്ങള്‍ എന്നിവ രംഗത്ത് ഇറങ്ങിയില്ലായിരുന്നുവെങ്കിലുളള അവസ്ഥ ആലോചിക്കാനേ വയ്യ! ഓര്‍ക്കുക. പരിസ്ഥിതി സംരക്ഷണം എന്നത് സഞ്ചിയും തൂക്കി , താടിയും നീട്ടി നടക്കുന്നവര്‍ എന്ന് നാം അധിക്ഷേപിക്കുന്ന പരിസ്ഥിതി വാദികളുടെ മാത്രം ആവശ്യമല്ല. പ്രളയവും ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും വരള്‍ച്ചയുമെല്ലാം നമ്മളേയും തേടി വരുമെന്ന പാഠം തിരിച്ചറിവായി ഓര്‍ത്തു വക്കുക. പരിസ്ഥിതി നിയമങ്ങളും പ്രകൃതിയും കയ്യേറ്റത്തിന് വിധേയമാവുമ്പോള്‍, കോര്‍പ്പറേറ്റ് മൂലധന താല്‍പര്യാര്‍ത്ഥമുളള തീവ്ര വികസനത്തിന്റെ വാദമുയരുമ്പോള്‍ ഇനി നമുക്ക് നിസംഗതയോടെ നോക്കി നില്‍ക്കാനാവില്ല. അതിന്റെ തിരിച്ചടി നമ്മെയും തേടി വരിക തന്നെ ചെയ്യുമെന്നതിനാല്‍ ഇടപെടാന്‍ നാമോരോരുത്തരും ബാധ്യസ്ഥരാണെന്ന് ഓര്‍ക്കുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply