നഴ്‌സുമാരുടെ വേതനം കൂട്ടണം, ഡോക്ടര്‍മാരുടേത് കുറക്കണം

ന്യായമായ വേതനവര്‍ദ്ധനവിനായി കേരളത്തിലെ നഴ്‌സുമാര്‍ വീണ്ടും സമരരംഗത്തിറങ്ങുകയാണ്. 50% ശമ്പള വര്‍ദ്ധനവാണ് അവരുടെ ആവശ്യം. സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരമുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമായ 20000 രൂപയെങ്കിലും ലഭിക്കണമെന്നും നേഴ്‌സുമാര്‍ ആവശ്യപ്പെട്ടു. അതു നല്‍കാന്‍ തയ്യാറല്ലെന്ന് ലേബര്‍ കമ്മിഷണര്‍ വിളിച്ച യോഗത്തില്‍ സ്വകാര്യ ആശുപത്രികളുടെ സംഘടന അറിയിച്ചതിനെ തുടര്‍ന്നാണ് സമരമാരംഭിക്കുന്നത്. അതോടൊപ്പം തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. . അതുവരെ ആശുപത്രികളില്‍ പണിമുടക്ക് നടത്തില്ലെന്ന് നേഴ്‌സുമാരുടെ അസ്സോസ്സിയേഷന്‍ വ്യക്തമാക്കി. […]

nnn

ന്യായമായ വേതനവര്‍ദ്ധനവിനായി കേരളത്തിലെ നഴ്‌സുമാര്‍ വീണ്ടും സമരരംഗത്തിറങ്ങുകയാണ്. 50% ശമ്പള വര്‍ദ്ധനവാണ് അവരുടെ ആവശ്യം. സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരമുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളമായ 20000 രൂപയെങ്കിലും ലഭിക്കണമെന്നും നേഴ്‌സുമാര്‍ ആവശ്യപ്പെട്ടു.
അതു നല്‍കാന്‍ തയ്യാറല്ലെന്ന് ലേബര്‍ കമ്മിഷണര്‍ വിളിച്ച യോഗത്തില്‍ സ്വകാര്യ ആശുപത്രികളുടെ സംഘടന അറിയിച്ചതിനെ തുടര്‍ന്നാണ് സമരമാരംഭിക്കുന്നത്. അതോടൊപ്പം തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ തുടര്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. . അതുവരെ ആശുപത്രികളില്‍ പണിമുടക്ക് നടത്തില്ലെന്ന് നേഴ്‌സുമാരുടെ അസ്സോസ്സിയേഷന്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിച്ചു. കുറഞ്ഞ അടിസ്ഥാന ശമ്പളം 20000 രൂപയാക്കുക , 200 കിടക്കകളുളള ആശുപത്രികളില്‍ എന്‍ട്രികേഡറില്‍ സര്‍ക്കാര്‍ വേതനമായ 32000 രൂപ ഉറപ്പാക്കുക. ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുക എന്നിവയാണ് നഴ്‌സുമാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍.
സമീപകാലത്ത് ദേശീയപത്രങ്ങള്‍ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുണ്ടായിരുന്നു. പല രാജ്യങ്ങിലും ഇപ്പോഴും അടിമത്തം നിലനില്‍ക്കുന്നു എന്നതാണത്. അത് പഴയ രീതിയിലാകണമെന്നില്ല, ആധുനികമായ രീതിയിലുള്ള അടിമത്തമാണെന്നുമാത്രം. നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇതൊരു യാഥാര്‍ത്ഥ്യമാണ്. യാതൊരു പരിധിയുമില്ലാത്ത ജോലിസമയം, വളരെ കുറഞ്ഞ വേതനം, ബോണ്ടുപോലുള്ള തൊഴിലാളി വിരുദ്ധ നയങ്ങള്‍ എന്നിങ്ങനെ പോകുന്നു ഈ അടിമ സമാനമായ അവസ്ഥ. ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റും അതുവഴി കൊയ്തിരുന്നത് കൊള്ളലാഭമാണ്.
അതിനെതിരെയാണ് അവിശ്വസനീയമായ രീതിയില്‍ നഴ്‌സുമാരുടെ മുന്നേറ്റമുണ്ടായത്. 2011 ഒക്ടോബര്‍ 18 നായിരുന്നു നേഴ്‌സിംഗ് മേഖലയെ നടുക്കിയ, മുംബൈ ബാന്ദ്രയില്‍ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ നഴ്‌സായിരുന്ന ബീനാ ബേബി ഒരു മുളം കയറില്‍ ജീവന്‍ ഒടുക്കിയത്. ആ രക്തസാക്ഷിത്വമായിരുന്നു നഴ്‌സുമാരെ സംഘടിതരാക്കാന്‍ പ്രേരിപ്പിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ 20 നു ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായി ബാന്ദ്രയിലെ ഏഷ്യന്‍ ഹാര്‍ട്ട് ആശുപത്രിയിലെ 250ഓളം വരുന്ന നേഴ്‌സുമാര്‍ പണിമുടക്കി. തങ്ങളുടെ അടിമസമാനമായ ജീവിതത്തെ പറ്റി അവര്‍ ബോധ്യവാന്മാരായി. 1216 മണിക്കൂര്‍ നീണ്ടു നില്‍കുന്ന ജോലി സമയം. 1000 – 3000 രൂപയായിരുന്നു ശബളം. പ്രസവാവധി ഇല്ല. ഇഎസ്‌ഐ, പി.എഫ്, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഇല്ല. ജോലിസ്ഥിരതയില്ല. ബോണ്ട് വ്യവസ്ഥ, ഒബ്‌സര്‍വേര്‍, കോണ്‍ട്രാക്റ്റ്, അധികാരികളുടെ മാനസികശാരീരിക പീഡനങ്ങള്‍ എന്നിവയെല്ലാം സഹിക്കുകയായിരുന്നു അവര്‍. അവരുടെ പ്രക്ഷോഭം രചിച്ചത് ഒരു പുതിയ സമരചരിത്രമായിരുന്നു.
കേരളത്തിലാകട്ടെ അവസ്ഥകള്‍ കൂടുതല്‍ ദയനീയമായിരുന്നു. ഇവിടെ നഴ്‌സുമാര്‍ക്ക് ഏറ്റവും വലിയ ഭീഷണി മതസാമുദായികശക്തികളും മാനേജ്‌മെന്റ് ഗുണ്ടായിസവുമായിരുന്നു. പോലീസ് മര്‍ദ്ദനമോ ഭരണകൂട ഭീകരയോ ആയിരുന്നില്ല. സംഘടനാരൂപീകരണത്തിനുശേഷം കേരളത്തിലങ്ങോളമിങ്ങോളും നഴ്‌സുമാരുടെ പ്രക്ഷോഭം അരങ്ങേറി. വര്‍ഷങ്ങളായി അനുഭവിച്ച അടിമത്തം അവര്‍ വലിച്ചെറിഞ്ഞു. മാലാഖമാരല്ല, തങ്ങള്‍ മനുഷ്യരാണെന്ന് അവര്‍ പ്രഖ്യാപിച്ചു. സമരങ്ങളെല്ലാം വിജയപാതയിലായിരുന്നു. കാരണം അവ ജീവിതസമരങ്ങളായിരുന്നു. ജീവിത സമരങ്ങള്‍ തോല്‍ക്കില്ലല്ലോ. നഴ്‌സുമാരുടെ അവസ്ഥ അല്‍്പപസ്വല്‍പ്പമൊക്കെ ഭേദപ്പെട്ടു. എന്നാല്‍ അതുപോര. മാന്യമായി ജീവിക്കാനുള്ള വേതനം വേണം. അതിനാണ് ഈ സമരം. ഇനിയും ഈ വിജയപാതയിലൂടെയായിരിക്കും നഴ്‌സുമാര്‍ മുന്നേറുക. അതോടൊപ്പം നില്‍ക്കുകയാണ് ജനാധിപത്യവിശ്വാസികളുടെ കടമ.
അനുഭവങ്ങളില്‍ നിന്നു പാഠം പഠിക്കാതെ സമരത്തെ നേരിടാനാണ് ആശുപത്രി ഉടമകളുടെ നീക്കം. നഴ്‌സുമാര്‍ക്കനുകൂലമായി തീരുമാനമെടുത്ത തൃശൂരിലെ ദയ ആശുപത്രിക്കെതിരെ അസോസിയേഷന്‍ നടപ്പാക്കിയിരിക്കുന്ന ഉപരോധം അതിന്റെ സൂചനയാണ്. ആശുപത്രി മാനേജ്‌മെന്റുകളുടെ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ ദയ ആശുപത്രി മാനേജ്‌മെന്റ് തുറന്നു കാട്ടിയിട്ടുണ്ട്. അപ്പോഴും ഒരു വെല്ലുവിളി നമുക്കുമുന്നിലുണ്ട്. അതു മറ്റൊന്നുമല്ല, ചികിത്സാ ചിലവ് ഇനിയും കൂടുമെന്നതു തന്നെയാണത്. നഴ്‌സുമാര്‍ക്ക് വര്‍ദ്ധിപ്പിക്കുന്ന വേതനത്തേക്കാള്‍ കൂടുതലായിരിക്കും രോഗികളുടെ പോക്കറ്റില്‍ നിന്ന് ഈടാക്കാന്‍ ശ്രമിക്കുക. ദയ മാനേജ്‌മെന്റ് പോലും ചിലവ് ചികിത്സാ ചിലവ് വര്‍ദ്ധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സമരത്തില്‍ നഴ്‌സുമാരുടെ ഒപ്പം നില്‍ക്കുമ്പോഴം ഈ ഭീഷണിയെ കൂടി നേരിടാന്‍ മലയാളികള്‍ തയ്യാറാകണം. ചെയ്യു്ന്ന ജോലിയുമായോ ജീവിച ചിലവുകളുമായോ യാതൊരുവിധ അനുപാതവുമില്ലാത്ത വരുമാനമുള്ളവരാണ് സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍. വന്‍വേതനം, ശസ്ത്രക്രിയകള്‍ക്കും മറ്റുമുള്ള പ്രതേക ചാര്‍ജ്ജ് തുടങ്ങി മരുന്നു കമ്പനികളുടേയും ഉപകരണനിര്‍മ്മാതാക്കളുടേയും കമ്മീഷനുകള്‍, സ്വകാര്യ പ്രാക്ടീസ് എല്ലാമടക്കം 10 ലക്ഷത്തോളം മാസവരുമാനമുള്ളവരാണ് മിക്ക ഡോക്ടര്‍മാരും. ഡോക്ടര്‍മാരും നഴ്‌സുമാരടക്കമുള്ള മറ്റു ജീവനക്കാരുമായുള്ള വേതനത്തിന്റെ ഭീമമായ അന്തരത്തിന് എന്തു ന്യായീകരണമാണള്ളത്. ഇതിനെല്ലാം പുറമെയാണ് അനാവശ്യചികിത്സയിലൂടെ ലഭിക്കുന്ന വരുമാനം. മാനേജ്‌മെന്റുകള്‍ക്കുവേണ്ടി മൃതദേഹത്തെ പോലും ചികത്സിച്ച് പണമുണ്ടാക്കുന്ന ഡോക്ടര്‍മാര്‍ നിരവധിയാണ്. എന്തെങ്കിലും വ്യക്തിപരമായ ബന്ധമില്ലാതെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്കുപോകരുതെന്ന് അടുത്തയിടെ ഒരു ഡോക്ടര്‍ ത്‌ന്നെ ഈ ലേഖകനോട് പറഞ്ഞിരുന്നു. ഈ സാഹചര്യം കുറെ കൂടി രൂക്ഷമാകാനാണ് പോകുന്നത്. ഇവിടെയാണ് ജനകീയ ഇടപെടലുകള്‍ അനിവാര്യമായിരിക്കുന്നത്. ആരോഗ്യമേഖലയും വിദ്യാഭ്യാസമേഖലയും വളറെ പുരോഗതിയിലാണെന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഇവ രണ്ടും ഭയാനകമായ രീതിയില്‍ കച്ചവടവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. അവയവദാനത്തെ കുറിച്ചുപോലും പരാതികളുണ്ടെന്നു മറക്കരുത്.
ഈ സാഹചര്യത്തില്‍ നഴ്‌സുമാരുടെ വേതനവര്‍ദ്ധനവിനായുള്ള സമരത്തെ പിന്തുണക്കുന്നതോടൊപ്പം ആശുപത്രികളിലെ ചാര്‍ജ്ജ് കൂട്ടരുതെന്നാവശ്യപ്പെടാനും നിര്‍ബന്ധമാണെങ്കില്‍ ഡോക്ടര്‍മാരുടെ വേതനം കുറക്കണമെന്നാവശ്യപ്പെടാനും നാം തയ്യാറാകമം. ഒപ്പം ഉപഭോക്താവിന്റെ എല്ലാ അവകാശങ്ങളും രോഗികള്‍ക്ക് ലഭിക്കണം. ജനറിക് മരുന്നുകള്‍ കുറിക്കണം. അവ ലഭ്യമാകണം. എല്ലാ ചിലവുകള്‍ക്കും കൃത്യമായ ബില്‍ വേണം. ഐ സി യു സുതാര്യമാകണം. മരണമുറപ്പായ രോഗികള്‍ക്ക് അനാവശ്യ ചികിത്സ നല്‍കാതെ പാലിയേറ്റീവ് കെയര്‍ നല്‍കണം… ഈ പട്ടിക ഇനിയും നീട്ടാം.
ഇത്തരമൊരു സാഹചര്യത്തില്‍ നഴ്‌സസ് അസോസിയേഷനും ഈ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറാകണം. അത്തരമൊരു സാമൂഹ്യപ്രതിബദ്ധതയിലേക്കുയരാന്‍ അവര്‍ക്കു കഴിയണം. ട്രോളിംഗ് നിരോധനത്തിനായി ശബ്ദമുയര്‍ത്തിയ സ്വതന്ത്ര മത്സ്യത്തൊഴിലാളി സംഘടനയും കമ്പനി നടത്തുന്ന പരിസരമലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തിയ ഗ്രോ പോലുള്ള തൊഴിലാളി യൂണിയനും അപകരകരമായ മരുന്നുകള്‍ക്കെതിരെ നിലപാടെടുത്ത മെഡിക്കല്‍ റപ്പുകളുടെ സംഘടനയുമൊക്കെ കേരളം കണ്ടിട്ടുണ്ട്. സമീപകാലത്ത് ബാര്‍ അസോസിയേഷന്റെ ധാര്‍ഷ്ട്യത്തിനെതിരെ ചില അഡ്വക്കേറ്റുമാരും രംഗത്തു വന്നല്ലോ. ദയ ആശുപത്രിയും മറ്റൊരു ഉദാഹരണം. ഇത്തരമൊരു ഉയര്‍ന്ന സാമൂഹ്യബോധത്തിലേക്ക് ഉയരുകയും വര്‍ദ്ധിപ്പിക്കുന്ന വേതനം ജനങ്ങളുടെ തലയില്‍ കെട്ടിവെക്കരുതെന്ന ഏറ്റവും ബുദ്ധിമുട്ടുള്ള ആവശ്യം ഉന്നയിക്കാന്‍ യു എന്‍ എ ക്കാകുമോ? കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply