നന്ദിപറയാം ശിവസേനയോട്

കുറച്ചു കാലമായി കേരളത്തിലെ പ്രധാന വിഷയമാണ് സദാചാരപോലീസ്. രാഷ്ട്രീയസംഘടനകളും മതസംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും കോളേജ് മാനോജ്‌മെന്റുകളും മാത്രമല്ല, പോലീസ് പോലും തികച്ചും നിയമവിരുദ്ധമായ സദാചാരപോലീസിംഗ് നടത്തിയ നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായി. അതുമായി ബന്ധപ്പെട്ട് അടുത്തയിടെ നടന്ന അനീഷ് എന്ന യുവാവിന്റെ ആത്മഹത്യയടക്കം മൂന്നു മരണങ്ങളെങ്കിലും കേരളത്തില്‍ നടന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വാര്‍ത്തയില്‍ ശ്രദ്ധനേടാനായിരിക്കാം ശിവസേനയുടെ ഏതാനും ഗുണ്ടകള്‍ നടത്തിയ ഗുണ്ടായിസം ഒട്ടുമൊത്തത്തില്‍ ഗുണകരമായി മാറുകയാണുണ്ടായത്. പലപ്പോഴും സദാചാരപോലീസിന്റെ വേഷമണിഞ്ഞവര്‍ക്കുതന്നെ സംഭവത്തില്‍ പ്രതിഷേധിച്ച് സമരരംഗത്തിറങ്ങേണ്ടിവന്നു. പോലീസിന് കര്‍ശന നടപടികള്‍ […]

cc

കുറച്ചു കാലമായി കേരളത്തിലെ പ്രധാന വിഷയമാണ് സദാചാരപോലീസ്. രാഷ്ട്രീയസംഘടനകളും മതസംഘടനകളും വിദ്യാര്‍ത്ഥി സംഘടനകളും കോളേജ് മാനോജ്‌മെന്റുകളും മാത്രമല്ല, പോലീസ് പോലും തികച്ചും നിയമവിരുദ്ധമായ സദാചാരപോലീസിംഗ് നടത്തിയ നിരവധി സംഭവങ്ങള്‍ കേരളത്തിലുണ്ടായി. അതുമായി ബന്ധപ്പെട്ട് അടുത്തയിടെ നടന്ന അനീഷ് എന്ന യുവാവിന്റെ ആത്മഹത്യയടക്കം മൂന്നു മരണങ്ങളെങ്കിലും കേരളത്തില്‍ നടന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വാര്‍ത്തയില്‍ ശ്രദ്ധനേടാനായിരിക്കാം ശിവസേനയുടെ ഏതാനും ഗുണ്ടകള്‍ നടത്തിയ ഗുണ്ടായിസം ഒട്ടുമൊത്തത്തില്‍ ഗുണകരമായി മാറുകയാണുണ്ടായത്. പലപ്പോഴും സദാചാരപോലീസിന്റെ വേഷമണിഞ്ഞവര്‍ക്കുതന്നെ സംഭവത്തില്‍ പ്രതിഷേധിച്ച് സമരരംഗത്തിറങ്ങേണ്ടിവന്നു. പോലീസിന് കര്‍ശന നടപടികള്‍ സ്വീകരിക്കേണ്ടിവന്നു. രണ്ടുവര്‍ഷം മുമ്പ് സദാചാരപോലീസിംഗിനെതിരെ ചുംബനസമരം ചെയ്തവര്‍ക്ക് ഗുണ്ടകളുടേയും പോലീസിന്റേയും മര്‍ദ്ദനമേറ്റെങ്കില്‍ ഇപ്പോള്‍ അത്തരം സമരത്തിന് പോലീസ് സംരക്ഷണണം നല്‍കി. ശിവസേന തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായ ബിജെപി ജനാധിപത്യരീതിയിലാണ് ചുംബനസമരത്തിനെതിരെ പ്രതിഷോധിച്ചത്. ഗുണ്ടകളെ സസ്‌പെന്റ് ചെയ്യാന്‍ ശിവസേന അഖിലേന്ത്യാ നേതൃത്വവും നിര്‍ബന്ധിതരായി. ഗുണ്ടായിസത്തിനു കൂട്ടുനിന്ന പോലീസിനെതിരേയും നടപടിയുണ്ടായി. ശിവസേന നടത്തിയ അക്രമത്തില്‍ സംസ്ഥാന യുവജന കമ്മിഷന്‍ സ്വമേധയാ കേസെടുത്തു.
എസ് എഫ് ഐ, ഡി വൈ എഫ് ഐ, യൂത്ത് കോണ്‍ഗ്രസ്സ് പോലുള്ള സംഘടനകള്‍ കണ്ടുമടുത്ത പ്രതിഷേധ സമരരൂപങ്ങളുമായാണ് മറൈന്‍ ഡ്രൈവിലെത്തിയത്. ശാസ്ത്ര സാഹിത്യ പരിഷത്താകട്ടെ തെരുവുനാടകമവതരിപ്പിക്കുകയായിരുന്നു. അതേ സമയം ‘കിസ് ഒഫ് ലൗ’ പ്രവര്‍ത്തകര്‍ ത്‌ന്നെയാണ് സമരത്തെ സര്‍ഗ്ഗാത്മകമാക്കിയത്. എഴുത്തുകാര്‍, ചിത്രകാരന്മാര്‍, കലാകാരന്‍മാര്‍, ഭിന്നലിംഗക്കാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ത്. കുടകളില്‍ ചിത്രങ്ങള്‍ വരച്ചു. കുടകള്‍ ഉയര്‍ത്തിപിടിച്ചുതന്നെ പിന്നീട് നാടന്‍പാട്ടുകളും കവിതകളുമായി അവര്‍ പ്രതിഷേധാഗ്‌നി ഉയര്‍ത്തി. മറൈന്‍ഡ്രൈവിലെ തണല്‍ മരത്തിന് കീഴെ ഇവര്‍ ഒത്തുചേര്‍ന്നു. കുടകള്‍ക്കു കീഴില്‍ അനാശാസ്യം എന്നായിരുന്നു ശിവസേനയുടെ ആരോപണമെങ്കില്‍, വര്‍ണക്കുടകള്‍ക്ക് കീഴെതന്നെയാണ് യുവതീയുവാക്കള്‍ ചേര്‍ന്നിരുന്നത്. കുടകളില്‍ ചിത്രങ്ങള്‍ വരച്ചു. കുടകള്‍ ഉയര്‍ത്തിപിടിച്ചുതന്നെ പരസ്യമായി ചുംബിക്കുകയും ചെയ്തു. പ്രത്യേകം സ്ഥാപിച്ച പീഠത്തിന് മുകളിലേറി ഒരു ഡസനോളം പേരാണ് പരസ്യ ചുംബനത്തിലേര്‍പ്പെട്ടത്.
ഒരു വശത്ത് ഗുണകരമായൊരു മാറ്റം പ്രകടമായിരുന്നു എന്നെങ്കിലും മറ്റൊന്നു കൂടി പ്രസക്തമാണ്. ശിവസേനയെ എതിര്‍ക്കുന്നു എന്നു പറയുന്ന പലരും ചുംബനസമരത്തിനെതിരെ ആശയപരമായെങ്കിലും മുന്നോട്ടുവരുന്നുണ്ട്. അതിനവര്‍ക്ക് അവകാശമുണ്ട്. എ്ന്നാല്‍ ആടിനെ പട്ടിയാക്കിയാണ് അവരുടെ ആശയസമരമെന്നതാണ് തമാശ. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെമ്പാടും റിപ്പോര്‍ട്ടു ചെയ്യുന്ന സ്ത്രീകളെ, പ്രതേകിച്ച് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങളെ കൂട്ടുപിടിച്ചാണ് ഇവരത് ചെയ്യുന്നത്. സ്ത്രീപീഡനവും ബാലികാപീഡനവുമൊക്കെ കുറ്റകരമെന്നതുപോലെ, സദാചാര പോലീസിങ്ങും കുറ്റകരമാണ്. സദാചാരപോലീസിങ്ങിനെ ചുംബനസമരത്തിലൂടെ എതിര്‍ക്കുന്നവര്‍ സ്ത്രീപീഡനങ്ങളെ പിന്തുണക്കുകയാണ് ചെയ്യുന്നതെന്ന ലളിതമായ സമവാക്യമാണ് അതിനായി ഇവര്‍ ഉണ്ടാക്കിയിട്ടുള്ളത്. ചുംബനസമരം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കിസ് ഓഫ് ലൗ പ്രവര്‍ത്തകര്‍ തന്നെ എത്രയോ തവണ വിശദീകരിച്ചതാണ്. ‘ചുംബന കൂട്ടായ്മയിലേക്ക് കമിതാക്കളെ മാത്രമല്ല ഞങ്ങള്‍ ക്ഷണിക്കുന്നത്. സഹജീവികളെ സ്‌നേഹിക്കുന്ന, സ്‌നേഹം പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരേയുമാണ്. അതാകട്ടെ, കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന സദാചാരപൊലീസിംഗിന് എതിരായിട്ടുള്ള ഒരു പ്രതീകാത്മക പ്രതിഷേധം എന്ന നിലയില്‍ ആണ്. നിങ്ങളുടെ ജീവിത പങ്കാളികളും, അച്ഛനമ്മമാരും, സഹോദരീ സഹോദരന്മാരും, സുഹൃത്തുക്കളും, കാമുകീ കാമുകന്മാരും, എല്ലാവരും പങ്കെടുക്കട്ടെ! സദാചാര പൊലീസിംഗ് എന്ന സമാന്തര നിയമവ്യവസ്ഥ ഒരു തരത്തിലും അംഗീകരിച്ചു കൊടുക്കേണ്ടതില്ലെന്നും, ഭരണഘടനാനുസൃതമായിത്തന്നെ പൊതു സ്ഥലങ്ങളില്‍ സഹജീവികള്‍ തമ്മില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ അവകാശം ഉണ്ടെന്നും നമുക്ക് ബോധ്യപ്പെടേണ്ടതുണ്ട്. ആ സ്‌നേഹം അവര്‍ പ്രകടിപ്പിക്കട്ടെ!.
ഇന്ത്യന്‍ സ്‌പെഷ്യന്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായ ശേഷം ജീവിതപങ്കാളികള്‍ പുറത്തിറങ്ങിയപ്പോള്‍ സ്ത്രീയുടെ കഴുത്തില്‍ താലിയില്ല എന്ന പേരില്‍ ഈ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത് നമ്മുടെ കേരളത്തില്‍. സഹോദരിയും സഹോദരനും ഒന്നിച്ചു യാത്ര ചെയ്തപ്പോള്‍ സദാചാരക്കാരാല്‍ ആക്രമിക്കപ്പെട്ട സംഭവവും നമ്മുടെ കേരളത്തില്‍. കമിതാക്കള്‍ക്ക് മാത്രമല്ല സഹോദരങ്ങള്‍ക്കും അച്ഛനും മകള്‍ക്കും അമ്മയ്ക്കും മകനും പോലും ഒന്നിച്ചു യാത്രചെയ്യണമെങ്കില്‍ സദാചാരപോലിസ് കളിക്കുന്നവരെ പേടിക്കേണ്ടി വരുന്നത് നമ്മുടെ കേരളത്തില്‍ .
അച്ഛനമ്മമാര്‍ മക്കളെ കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! സഹോദരീ സഹോദരന്മാര്‍ പരസ്പരം കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! ഭാര്യാ ഭര്‍ത്താക്കന്മാരും കാമുകീ കാമുകന്മാരും പരസ്പരം കെട്ടിപ്പിടിക്കണമെങ്കില്‍ കെട്ടിപ്പിടിക്കട്ടെ, ചുംബിക്കണമെങ്കില്‍ ചുംബിക്കട്ടെ! അതവരുടെ മൗലികാവകാശം ആണെന്ന് ബോധ്യപ്പെടട്ടെ! അതിലൂടെ സ്‌നേഹത്തിന്റെ വില മറ്റൊന്നിനുമില്ലെന്ന് പൊതുസമൂഹത്തിനു ബോധ്യപ്പെടട്ടെ. അന്യന്റെ സ്‌നേഹപ്രകടനങ്ങളില്‍ തങ്ങളുടെ സദാചാര ബോധത്തിനു മുറിവേല്‍ക്കാന്‍ ഒന്നുമില്ലെന്ന് അവര്‍ തിരിച്ചറിയട്ടെ!
ചുംബിക്കാന്‍ വേണ്ടിയുള്ള അവ്കാശത്തിനു വേണ്ടിയല്ല ഈ സമരം. മറിച്ച് സഹജീവികള്‍ക്ക് അവര്‍ തമ്മിലുള്ള ബന്ധം എന്തുമാകട്ടെ അവര്‍ തമ്മിലുള്ള സ്‌നേഹം ഒരു ആലിംഗനത്തിലൂടെയോ ചുംബനത്തിലൂടെയോ കൈമാറാന്‍ ഉള്ള അധികാരമുണ്ടെന്നും മറ്റുള്ളവരുടെ അനുവാദം ആവശ്യമില്ലെന്നും സദാചാര പൊലീസ് വക്താക്കളെ ബോധ്യപ്പെടുത്തുകയാണ്. നിങ്ങളതില്‍ ഇടപെടേണ്ട യാതൊരു കാര്യവുമില്ല.’ ഇതിനെയാണ് സ്ത്രീപീഡനത്തെ സഹായിക്കുമെന്ന് വ്യാഖ്യാനിക്കുന്നത്. ഈ നിലപാടവതരിപ്പിക്കുന്നവരില്‍ ഭൂരിപക്ഷത്തിന്റേയും നേതാവായ കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത് ചുംബന സമരം നടത്തിയവരുടെ വീട്ടുകാര്‍ പോലും അതംഗീകരിക്കില്ല എന്നാണ്. വീട്ടുകാര്‍ അംഗീകരിക്കുന്ന സമരങ്ങള്‍ മാത്രമേ കേരളത്തില്‍ നടന്നിട്ടുള്ളു എങ്കില്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ എന്നു സങ്കല്‍പ്പിച്ചു നോക്കാവുന്നതാണ്. പരസ്യമായ ചുംബനം സദാചാരവിരുദ്ധമല്ല എന്ന് കോടതികള്‍ പോലും വിധിച്ചിട്ടുണ്ടല്ലോ. അക്രമം നടത്തിയ ഗുണ്ടകള്‍ക്കു നേതൃത്വം കൊടുത്തത് സ്ത്രീ പീഡന കേസിലെ പ്രതിയാണെന്നതാണ് മറ്റൊരു വൈരുദ്ധ്യം.
ഒരു വശത്ത് സദാചാരഗുണ്ടായിസവും മറുവശത്ത് സ്ത്രീകള്‍ക്കെതിരായ ക്രൂരമായ ലൈംഗികാക്രമങ്ങളുമാണ് കേരളത്തില്‍ നടക്കുന്നത്. ഇവ രണ്ടും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണ്. പരസ്പരം സഹായിക്കുന്നവയുമാണ്. അതിനാല്‍തന്നെ ഇവ രണ്ടിനുമെതിരായ ശക്തവും സര്‍ഗ്ഗാത്മകവുമായ പ്രതിഷേധങ്ങളാണ് കേരളം ഇന്നാവശ്യപ്പെടുന്നത്. ആ ദിശയിലുള്ള ഒന്നാണ് കഴിഞ്ഞ ദിവസം മറൈന്‍ ഡ്രൈവില്‍ അരങ്ങേറിയത്… ഒരു പരിധി വരെയെങ്കിലും ഈ വിഷയം പ്രകടമാക്കിയ ശിവസേനയോട് ഒരിക്കല്‍ കൂടി നന്ദി പറയാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply