തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ : ദയവായി സുനില്‍ കുമാര്‍ ഇടപെടരുത്

ഈ ശരിയായ തീരുമാനത്തെയാണ് കേരളത്തിന്റെ അഭിമാനമാണ്, തൃശൂരിന്റെ സ്വകാര്യ അഹങ്കാരമാണ് പൂരം, പൂരം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്നൊക്കെ പറഞ്ഞ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. തൃശൂരിന്റെ എംഎല്‍എയും മന്ത്രിയുമായ വി എസ് സുനില്‍ കുമാറിനെ ഇടപെടുവിച്ച് തീരുമാനം മാറ്റിയെടുക്കാനാണ് നീക്കം. പുറ്റിങ്ങല്‍ വെടിക്കെട്ടിനെ തുടര്‍ന്ന് കേരളത്തിലെ ഏറെക്കുറെ എല്ലാ ഉത്സവങ്ങൡും വെടിക്കെട്ട് നിരോധിച്ചപ്പോള്‍ സംഭവിച്ചത് അതായിരുന്നു. തൃശൂരില്‍ മാത്രം വെടിക്കെട്ടു നടന്നു. എന്നാല്‍ വനം മന്ത്രി പറഞ്ഞ മാഫിയകളോടല്ല, ജനങ്ങളോടാണ് ഉത്തരവാദിത്തമെങ്കില്‍ സുനില്‍ കുമാര്‍ അത്തരമൊരു നീക്കത്തിനു ശ്രമിക്കാതിരിക്കുകയാണ് വേണ്ടത്.

 

13 പേരുടേയും മൂന്ന് ആനകളുടേയും മരണത്തിനു ഹേതുവായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ മെയ് 11 മുതല്‍ ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്നാണ് ആന ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. മെയ് 13ന് തൃശൂര്‍ പൂരം നടക്കുന്ന സാഹചര്യത്തില്‍ തന്ത്രപൂര്‍വ്വമായി സമ്മര്‍ദ്ദം ചെലുത്തുകയാണ് ഉദ്ദേശ്യം എന്നു വ്യക്തം.
അടുത്തയിടെ ഗുരുവായൂരില്‍ വെച്ച് രണ്ടുപേരെ കുത്തിക്കൊന്നതിനെ തുടര്‍ന്നാണ് രാമചന്ദ്രന് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാന്‍ ബാധ്യസ്ഥരായ ഭരണാധികാരികളുടെ ന്യായമായ തീരുമാനം. അതിനെയാണ് തൃശൂര്‍ പൂരം തകര്‍ക്കാനുള്ള നീക്കമെന്നാരോപിച്ച് അട്ടിമറിക്കാനുള്ള നീക്കം നടക്കുന്നത്. അതിന്റെ ഭാഗമാണ് ആനയുടമകളുടെ ഈ തീരുമാനമെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കുമറിയാം. രാമചന്ദ്രന്റെ വിലക്കിനെ ശറിവെച്ച വനംമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റാണ് അവര്‍ക്കതിനുള്ള പ്രകോപനമായത്. ഉത്സവം നാടിന്റെ ആഘോഷമാണ്, ഉടമകള്‍ക്ക് കാശുണ്ടാക്കുന്നതിനുള്ള മാര്‍ഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിന്‍വലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നുമാണ് സംഘടനയുടെ തീരുമാനം. വനംവകുപ്പ് ഉദ്യോസ്ഥര്‍ മന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് അവരുടെ ആരോപണം.
ഉത്തരവാദിത്തബോധമുളള ഒരു ഭരണാധികാരിയുടെ നിലപാടാണ് സത്യത്തില്‍ മന്ത്രിയുടെ പോസ്റ്റ്. ”തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍ എന്ന ആനയ്ക്ക് രേഖകള്‍ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയില്‍ മനസ്സിലായിട്ടുണ്ട്. അത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിന് തീരെ കാഴ്ചയില്ലാത്തതിനാല്‍ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥര്‍ കഠിനമായി പീഢിപ്പിക്കുകയായിരുന്നു. അതിന്റെ കാഴ്ചശക്തി കുറവ് കാരണം എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളില്‍ എഴുന്നെള്ളിക്കാറുണ്ടായിരുന്നത്. ഇതൊക്കെയായിട്ടും അത് പല തവണ അക്രമാസക്തമായിട്ടുണ്ട്. 2009 മുതലുള്ള കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ അത് 7 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അത് കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരന്‍, കൂനത്തൂര്‍ കേശവന്‍ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തിയിട്ടുമുണ്ട്. ഏറ്റവുമൊടുവിലായി 08-02-19 ല്‍ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ആനയുടമകള്‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷൂറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത

ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ട് മാത്രം തൃശ്ശൂര്‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. അമ്പലപരിസരം മുഴുവന്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകളില്‍ എഴുന്നെള്ളിച്ചു നില്‍ക്കുന്ന ഈ ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാന്‍ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നത് സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഈ ആനയെ സംബന്ധിച്ച് വിദഗ്ധരായ ആളുകള്‍ ഉള്‍പ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തില്‍ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമാണ്. കേവലം ആവേശ പ്രകടനങ്ങള്‍ക്കല്ല ജന നന്മ ലക്ഷ്യമാക്കി, ജനങ്ങള്‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുന്‍കരുതലുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം കൊടുക്കുന്നത്.” എന്നിങ്ങനെ പോകുന്നു മന്ത്രിയുടെ പോസ്റ്റ്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നെള്ളിച്ച് കോടികള്‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അല്‍പ്പവും വില കല്‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇതിനു പുറകിലെന്നും മന്ത്രി ആരോപിച്ചു. ഇതെല്ലാമാണ് ആനയുടമകളെ പ്രകോപിപ്പിച്ചത്.
കേരളത്തിലെ ഉത്സവപറമ്പുകള്‍ ബലിക്കളങ്ങളായി തുടങ്ങി എത്രയോ കാലമായി. കരിയും കരിമരുന്നുമാണ് ഈ ബലികള്‍ക്ക് കാരണമാകാറുള്ളത്. ഓരോവര്‍ഷവും ശരാശരി നാല്‍പ്പതും അമ്പതും പേര്‍ കൊല്ലപ്പെട്ടിരുന്നു. ഉത്സവകാലത്ത് പരമാവധി പണിയെടുപ്പിച്ച് പണമുണ്ടാക്കാനുള്ള ആനയുടമകളുടേയും ബ്രോക്കര്‍മാരുടേയും നീക്കങ്ങളാണ് ഭീകരമായ ആനപീഡനങ്ങളിലെത്തുന്നതിനും ആനകള്‍ അവയുടെ ശൈലിയില്‍ പ്രതികരിക്കുന്നതിനും കാരണമായത്. പൂരകമ്മിറ്റിക്കാരും പാപ്പാന്മാരും ഉത്സപ്രേമികളെന്നു പറയുന്നവരുമൊക്കെ ഇതിലവരുടെ പങ്കുവഹിച്ചു. എന്നാല്‍ ഏതാനും ശരിയായ ആനപ്രേമികള്‍ കാലങ്ങളോളം നടത്തിയ നിയമയുദ്ധങ്ങളുടെ ഫലമായാണ് ആനപീഡനങ്ങള്‍ക്ക് കുറവുവന്നത്. അതിന്റെ ഫലമായി ആനകളാല്‍ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. അത്തരം പോരാട്ടങ്ങളുടെയെല്ലാം ഫലമായാണ് ഇപ്പോളും അക്രമകാരിയായി തുടരുന്ന രാമചന്ദ്രന് വിലക്കു വന്നത്. തികച്ചും ന്യായമായ തീരുമാനം. പാപ്പാന്മാര്‍ തന്നെ അടിച്ച് കണ്ണുകളഞ്ഞ ആനയാണിതെന്നും അതാണ് അക്രമകാരിയാകാനുള്ള പ്രധാനകാരണമെന്നും മറക്കരുത്. എന്തായാലും ഈ ശരിയായ തീരുമാനത്തെയാണ് കേരളത്തിന്റെ അഭിമാനമാണ്, തൃശൂരിന്റെ സ്വകാര്യ അഹങ്കാരമാണ് പൂരം, പൂരം തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു എന്നൊക്കെ പറഞ്ഞ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. തൃശൂരിന്റെ എംഎല്‍എയും മന്ത്രിയുമായ വി എസ് സുനില്‍ കുമാറിനെ ഇടപെടുവിച്ച് തീരുമാനം മാറ്റിയെടുക്കാനാണ് നീക്കം. പുറ്റിങ്ങല്‍ വെടിക്കെട്ടിനെ തുടര്‍ന്ന് കേരളത്തിലെ ഏറെക്കുറെ എല്ലാ ഉത്സവങ്ങൡും വെടിക്കെട്ട് നിരോധിച്ചപ്പോള്‍ സംഭവിച്ചത് അതായിരുന്നു. തൃശൂരില്‍ മാത്രം വെടിക്കെട്ടു നടന്നു. എന്നാല്‍ വനം മന്ത്രി പറഞ്ഞ മാഫിയകളോടല്ല, ജനങ്ങളോടാണ് ഉത്തരവാദിത്തമെങ്കില്‍ സുനില്‍ കുമാര്‍ അത്തരമൊരു നീക്കത്തിനു ശ്രമിക്കാതിരിക്കുകയാണ് വേണ്ടത്. രാമചന്ദ്രനല്ലെങ്കില്‍ മറ്റൊരാനയാകാമല്ലോ. ഗുരുവായൂര്‍ ദേവസ്വം ആനകളെ വിട്ടുനല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പിന്നെന്തു പ്രശ്‌നം. ഭരണകൂടത്തിന്റെ ന്യായമായ തീരുമാനത്തെ മസില്‍ പവര്‍ കൊണ്ടും സ്വാധീനം കൊണ്ടും അട്ടിമറിക്കാന്‍ മന്ത്രി കൂട്ടുനില്‍ക്കില്ല എന്നു തന്നെ പ്രതീക്ഷിക്കാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply