തിയറ്റര്‍ ഓഫ് മാര്‍ജിനലൈസ്ഡ് പ്രമേയമാക്കി പത്താമത് അന്താരാഷ്ട്ര നാടകോത്സവം.

ഗോപി തെരുവിന്റെ അരങ്ങ് – തിയറ്റര്‍ ഓഫ് മാര്‍ജിനലൈസ്ഡ് എന്ന പ്രമേയത്തിലൂന്നി യായിരുന്നു കേരളത്തിന്റെ പത്താമത് അന്താരാഷ്ട്ര നാടകോത്സവം ജനപവരി 10 മുതല്‍ 29വരെ തൃശൂരില്‍ നടന്നത്. പല വര്‍ഷങ്ങളിലും സംഭവിച്ചപോലെ ഇക്കുറി എടുത്തുപറയാവുന്ന ബ്രഹ്മാണ്ഡനാടകങ്ങള്‍ക്കൊന്നും പ്രേക്ഷകര്‍ക്കു സാക്ഷ്യം വഹിക്കാനായില്ല എങ്കിലും പ്രമേയത്തോട് ഏറെക്കുറെ നീതി പുലര്‍ത്താനും ശരാശരി നിലവാരമുള്ള നാടകങ്ങള്‍ കൊണ്ടുവരാനും സംഘാടകര്‍ക്കു കഴിഞ്ഞു. അഭയാര്‍ത്ഥികള്‍, സ്ത്രീകള്‍, ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗ്ഗലൈംഗികതാ വാദികള്‍, ട്രാന്‍സ്‌ജെന്റേഴ്‌സ്, ദളിതര്‍, ആദിവാസികള്‍, മുസ്ലിംകള്‍ തുടങ്ങി ആധുനികകാലത്ത് മാര്‍ജിനലൈസ് ചെയ്യപ്പെടുന്ന വിഭാഗങ്ങളുടെ നീറുന്ന […]

15ഗോപി

തെരുവിന്റെ അരങ്ങ് – തിയറ്റര്‍ ഓഫ് മാര്‍ജിനലൈസ്ഡ് എന്ന പ്രമേയത്തിലൂന്നി യായിരുന്നു കേരളത്തിന്റെ പത്താമത് അന്താരാഷ്ട്ര നാടകോത്സവം ജനപവരി 10 മുതല്‍ 29വരെ തൃശൂരില്‍ നടന്നത്. പല വര്‍ഷങ്ങളിലും സംഭവിച്ചപോലെ ഇക്കുറി എടുത്തുപറയാവുന്ന ബ്രഹ്മാണ്ഡനാടകങ്ങള്‍ക്കൊന്നും പ്രേക്ഷകര്‍ക്കു സാക്ഷ്യം വഹിക്കാനായില്ല എങ്കിലും പ്രമേയത്തോട് ഏറെക്കുറെ നീതി പുലര്‍ത്താനും ശരാശരി നിലവാരമുള്ള നാടകങ്ങള്‍ കൊണ്ടുവരാനും സംഘാടകര്‍ക്കു കഴിഞ്ഞു. അഭയാര്‍ത്ഥികള്‍, സ്ത്രീകള്‍, ലൈംഗികത്തൊഴിലാളികള്‍, സ്വവര്‍ഗ്ഗലൈംഗികതാ വാദികള്‍, ട്രാന്‍സ്‌ജെന്റേഴ്‌സ്, ദളിതര്‍, ആദിവാസികള്‍, മുസ്ലിംകള്‍ തുടങ്ങി ആധുനികകാലത്ത് മാര്‍ജിനലൈസ് ചെയ്യപ്പെടുന്ന വിഭാഗങ്ങളുടെ നീറുന്ന ജീവിതാനുഭവങ്ങളുമായി പല നാടകങ്ങളും അരങ്ങിലെത്തുകയുണ്ടായി. തീര്‍ച്ചയായും നാടകത്തിന്റെ ഭാഷയില്‍ പലതും പുറകിലായിരുന്നു എന്ന വിമര്‍ശനം നിലവിലുണ്ട്. ഒരു തീം മുന്നോട്ടുവെച്ച് നടത്തേണ്ടതാണോ നാടകോത്സവം പോലുള്ള പരിപാടികള്‍ എന്ന ചോദ്യവും പ്രസക്തമാണ്. എന്നാല്‍ പ്രമേയത്തിന്റെ ശക്തികൊണ്ടുതന്നെ മിക്ക നാടകങ്ങളും ഈ പരിമിതിയെ മറികടന്നു എന്നു വേണം പറയാന്‍.
1 (1)പോളണ്ട്, ഇംഗ്ലണ്ട്, ചിലി, സ്വിറ്റ്‌സര്‍ലണ്ട്, സിംഗപ്പൂര്‍, ജോര്‍ജിയ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബല്‍ജിയം, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും കര്‍ണ്ണാടക, ഡല്‍ഹി, ബംഗാള്‍, മണിപ്പൂര്‍, മഹാരാഷ്ട്ര, പോണ്ടിച്ചേരി, ബീഹാര്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമായി 32 നാടകങ്ങളാണ് നാടകോത്സവത്തില്‍ അവതരിപ്പിക്കപ്പെട്ടത്. ആകെ 64 അവതരണങ്ങള്‍. കൂടാതെ സെമിനാറുകള്‍, ശില്‍പ്പശാലകള്‍, മുഖാമുഖങ്ങള്‍, സംഗീതാവിഷ്‌കാരങ്ങള്‍, മാപ്പിളപാട്ട്, സൂഫി, അര്‍ജുനനൃത്തം, സംഗീതം, കന്യാര്‍ കളി, പാലിയനൃത്തം, ഫ്യൂഷന്‍ സംഗീതം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളും നാടകോത്സവത്തിന് അക്ഷരാര്‍ത്ഥത്തില്‍ ഉത്സവഛായ പകര്‍ന്നു.
അറിയപ്പെടുന്ന ലോകചരിത്രം എന്നും അഭയാര്‍ത്ഥികളുടെ ചരിത്രമാണല്ലോ. അവസാനമില്ലാത്ത അഭയാര്‍ത്ഥി പ്രവാഹം ഇന്നും തുടരുകയാണ്. പ്രവാസത്തെ കുറിച്ചൊക്കെ പലതും പറയാനുണ്ടാകുമെങ്കിലും അഭയാര്‍ത്ഥിപ്രവാഹം മലയാളിക്ക് കേട്ടുകേള്‍വി മാത്രമാണ്. ഒരിക്കലും അതിന്റെ തീഷ്ണത ഉള്‍ക്കൊള്ളാന്‍ നമുക്കാവില്ല എന്നുറപ്പ്. സ്വാഭാവികമായും നാടകമടക്കമുള്ള നമ്മുടെ കലാരൂപങ്ങളുടെ പ്രമേയമായി അതു മാറുകയുമില്ല. എന്നാല്‍ അഭയാര്‍ത്ഥിവിഷയത്തിന്റെ തീവ്രത പ്രമേയമാക്കിയ പല നാടകങ്ങളും കാണാന്‍ ഇക്കുറി പ്രേക്ഷകര്‍ക്കു കഴിഞ്ഞു. നാടകോത്സവത്തിന്റെ ഉദ്ഘാടന നാടകം തന്നെ പാലസ്തീന്‍ ജനതയുടെ ദുരിതങ്ങളുടെ ആവിഷ്‌കാരമായ പാലസ്തീന്‍ സീറോ ആയിരുന്നു. ഇസ്രായേല്‍, നക്ബ എന്ന പേരില്‍ പാലസ്തീനില്‍ നടത്തിയ കുടിയൊഴിപ്പക്കലുകളുടെ കണക്കെടുക്കാന്‍ വരുന്ന ബില്‍ഡിംഗ് അസെസ്സര്‍ നടത്തുന്ന അന്വ്ഷണങ്ങളിലൂടെയാണ് പാലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ ചിത്രീകരിക്കുന്നത്. ആയിരകണക്കിനു കെട്ടിടങ്ങളുടെ തകര്‍ച്ച വളരെ ലളിതമായ സങ്കേതരീതിയിലൂടെയാണ് വേദിയില്‍ അവതരിപ്പിക്കുന്നത്. നാടകം സംവിധാനം ചെയ്തത് ഇസ്രായേല്‍ക്കാരിയായ ഐനാത് വിസ്മാന്‍ ആണെന്നത് അതിന്റെ രാഷ്ട്രീയപ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ഇസ്രായേലില്‍ നാടകം നിരോധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സംവിധായിക പാലസ്തീനിലേക്ക് കുടിയേറുകയായിരുന്നു. സമൂഹം മുഖ്യധാരയില്‍ നിന്നു മാറ്റിനിര്‍ത്തുന്ന ട്രാന്‍സ്‌ജെന്ററുകളും സ്വന്തം രാജ്യത്തുനിന്ന് പുറത്താക്കപ്പെടുന്ന പാലസ്തീനികളും ഒരുപോലെയാണെന്നാണ് സംവിധായിക മീറ്റ് ദി ആര്‍ടിസ്റ്റ് പരിപാടിയില്‍ തുറന്നു പറഞ്ഞത്.
3 (1)അഭയാര്‍ത്ഥി വിഷയം പ്രമേയമാക്കിയ മറ്റു നാടകങ്ങളുമുണ്ടായിരുന്നു. അവയില്‍ ഏറ്റവും ശ്രദ്ധേയമായത് സോഫിയ ബെസ്സെയുടെ ബോര്‍ഡര്‍ ലൈന്‍ ആയിരുന്നു. ഫ്രാന്‍സിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കുന്ന യഥാര്‍ത്ഥ അഭയാര്‍ത്ഥികള്‍ തന്നെയാണ് നാടകത്തില്‍ അഭിനയിക്കുന്നത്. അഭിനേതാക്കളില്‍ സുഡാനില്‍ നിന്നും അഫ്ഗാനില്‍ നിന്നും സിറിയയില്‍ നിന്നുമൊക്കെയുള്ളവരുണ്ട്. ഇത്രയും വലിയൊരു ലോകത്ത് സ്വന്തമായി ഒരടി മണ്ണുപോലുമില്ലാത്ത അഭയാര്‍ത്ഥികളുടെ ദുരിതങ്ങളെ ഹാസ്യാത്മകമായി ചിത്രീകരിക്കുമ്പോഴും പ്രേക്ഷകരുടെ കണ്ണുനിറയുന്നിടത്താണ് നാടകത്തിന്റെ വിജയം. അഭയാര്‍ത്ഥികളെ ഒഴിവാക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ തന്ത്രങ്ങളെയും നാടകം രസകരമായി വിമര്‍ശിക്കുന്നു. അഭയാര്‍ത്ഥി വിഷയവുമായി ബന്ധപ്പെട്ട ട്രംബിന്റേയും രോഹിങ്ക്യന്‍ വിഷയത്തില്‍ ഇന്ത്യയുടേയും നിലപാടുകളും പ്രേക്ഷകര്‍ക്ക് ഓര്‍മ്മവരുന്നത് സ്വാഭാവികം. അറബി, പഷ്‌തോ, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ അഭിനേതാക്കള്‍ സംസാരിക്കുന്നു.
4വികസിത രാഷ്ട്രങ്ങള്‍ പോലും അഭയാര്‍ത്ഥികളെ ആട്ടിപായിക്കുന്ന സമകാലികാവസ്ഥയോടുള്ള പ്രതിഷേധമായിരുന്നു ഇറാന്‍ നാടകം മാനുസ്. 2013ല്‍ ഓസ്‌ട്രേലിയ അഭയാര്‍ത്ഥികളോട് എടുത്ത നിലപാടാണ് വിമര്‍ശനവിധേയമാക്കുന്നത്. നാടകത്തിന്റെ അവതരണം മോശമായെന്ന വിമര്‍ശനത്തോട് പച്ചയായ ഈ യാഥാര്‍ത്ഥ്യത്തിന് സൗന്ദര്യമുണ്ടാകില്ല എന്നായിരുന്നു സംവിധായിക നസറിന്‍ സഹമിസാദെയുടെ മറുപടി. ബ്രിട്ടീഷ് പട്ടാളക്കാര്‍ ഈജിപ്തില്‍ നടത്തിയ അതിക്രമങ്ങളാണ് സിഗ് സാഗ് എന്ന ഈജിപ്ത്യന്‍ നാടകത്തിന്റെ പ്രമേയം. ചൈനീസ് കുടിയേറ്റങ്ങള്‍ നിശബ്ദരാക്കിയ മലായി വംശജരുടെ കഥയാണ് ദി മലായി മാന്‍ ആന്റ് ഹിസ് ചൈനീസ് ഫാദര്‍ പറയുന്നത്. സൈലന്‍സ് എന്ന, തുറന്ന വേദിയിലെ പോളണ്ട് നാടകവും അഭയാര്‍ത്ഥി വിഷയത്തെ തന്നെയാണ് കൂടുതല്‍ ഗൗരവമായ സങ്കേതങ്ങളുപയോഗിച്ച് അവതരിപ്പിച്ചത്. ഇന്ത്യാ – പാക് വിഭജനകാലത്തെ അരക്ഷിതാവസ്ഥയാണ് സാദത്ത് ഹസന്‍ മണ്ടോയുടെ ചെറുകഥയെ ആധാരമാക്കി മായാകൃഷ്ണ റാവു തയ്യാറാക്കിയ ഖോല്‍ ദോ. ലാഹോര്‍ റെയില്‍ വേ സ്‌റ്റേഷനിലെ തിരക്കിനിടിയല്‍ മകളെ നഷ്ടപ്പെട്ട അച്ഛന്റെ അന്വേഷണമാണ് നാടകപ്രമേയം. ഡയലോഗൊന്നുമില്ലാതെ നൃത്തചലനങ്ങളിലൂടേയും മുദ്രകളിലൂടേയുമാണ് നാടകം പുരോഗമിക്കുന്നത്. കാലമിത്രകഴിഞ്ഞിട്ടും അതേ സാമൂഹ്യ അവസ്ഥതന്നെയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത് എന്നതിനാല്‍ നാടകം ഇപ്പോഴും പ്രസക്തമാണെന്ന് സംവിധായിക പറയുന്നു.
5അഭയാര്‍ത്ഥി വിഷയത്തിനുശേഷം കൂടുതല്‍ നാടകങ്ങളും ലിംഗപരമായ വിവേചനത്തെ പ്രമേയമാക്കിയവയായിരുന്നു. മറ്റെന്തിനേയും പോലെ സ്ത്രീകളുടെ സര്‍ഗ്ഗാത്മകതയേയും അംഗീകരിക്കാനും തുല്ല്യരായി പരിഗണിക്കാനും ഇനിയും തയ്യാറാകാത്ത സമൂഹത്തിന്റെ നേര്‍കാഴ്ചയാണ് മുണ്‍ഡോ മൊസാര്‍ട്ട് എന്ന ചിലി നാടകം. ഏറ്റക്കുറച്ചിലുണ്ടാകാമെങ്കിലും ലോകം മുഴുവന്‍ നേരിടുന്ന ഒന്നാണ് ലിംഗവിവേചനം. സംഗീതത്തില്‍ പോലും അതു നില നില്‍ക്കുന്നു എന്നാണ് ഈ നാടകം പറയുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഒരു കുടുംബം യൂറോപ്പില്‍ നടത്തിയ ഒരു സംഗിതയാത്രയാണ് നാടകത്തിന്റെ പശ്ചാത്തലം. മകന്റെ സംഗീത വാസനയെ പരമാവധി പ്രോത്സാഹിപ്പിക്കുന്ന പിതാവും സമൂഹവും മകളായ അന്നയുടെ കഴിവുകളെ വളരാനനുവദിക്കുന്നില്ല. അതിനെതിരെ അവള്‍ നടത്തുന്ന കലാപത്തെ നാടകീയമയും പഴമയെ നിലനിര്‍ത്തിതന്നെ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ചടുലമായ ശരീരചലനങ്ങളോടെ അവതരിപ്പിച്ച നാടകം പ്രേക്ഷകരുടെ കയ്യടി നേടിയത് സ്വാഭാവികമായിരുന്നു. ഇതേവിഷയം തന്നെയാണ് യക്ഷഗാനത്തിന്റെ പശ്ചാത്തലത്തില്‍ കന്നഡ നാടകം അക്ഷയാമ്പരയും ആവിഷ്‌കരിക്കുന്നത്. എണ്ണൂറു വര്‍ഷമായി പുരുഷന്റെ കുത്തകയായിരുന്ന യക്ഷഗാനത്തിലേക്ക് കടന്നുവന്ന സ്ത്രീ നേരിട്ട പ്രശ്‌നങ്ങളാണ് സംവിധായിക ശരണ്യ ഓം പ്രകാശ് വരച്ചുകാട്ടുന്നത്. ദുശ്ശാസനവേഷത്തില്‍ അവള്‍ അട്ടഹാസത്തോടെ പുരുഷന്‍ അഭിനയിക്കുന്ന ദ്രൗപതിയുടെ വസ്ത്രമുരിയുമ്പോള്‍ അതൊരു സ്വാതന്ത്ര്യപ്രഖ്യാപനമാകുന്നു.
6നാടകോത്സവത്തില്‍ അവതരിപ്പിക്കപ്പടുന്ന സോളോ അവതരണങ്ങള്‍ അഭിനയമികവിലും സാങ്കേതികമികവിലുമെല്ലാം മുന്നിലാകുമെങ്കിലും പലപ്പോഴും വിരസതയുണ്ടാക്കാറാണ് പതിവ്. ഇക്കുറിയും ്അത്തരത്തിലുള്ള അവതരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ വ്യത്യസ്ഥമായിരുന്നു നോട്‌സ് ഓണ്‍ ചായ് എന്ന മുംബൈ നാടകം. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടനാടകം സംവിധായികയും നടിയുമായ ജ്യോതിദോഗ്രയുടെ ചടുലമാര്‍ന്ന പെര്‍ഫോമന്‍സില്‍ കയ്യടി നേടി. നിത്യജീവിതത്തില്‍ നിരവധി അവഹേളനങ്ങള്‍ നേരിടുന്ന സ്ത്രീകളുടെ അനുഭവങ്ങളാണ് തനിക്ക് ഈ നാടകം ചെയ്യാന്‍ പ്രചോദനമായതെന്ന് സംവിധായിക പറയുന്നു. ലോകത്തെങ്ങുമുള്ള പുരുഷാധിപത്യത്തിനെതിരായ സ്ത്രീകളുടെ കുറ്റപത്രം തന്നെയാണ സാറ മാച്ചറ്റിന്റെ വോംബ് ഓഫ് ഫയര്‍ എന്ന ദക്ഷിണാഫ്രിക്കന്‍ ഏകാംഗനാടകം. നാടുകടത്തപ്പെട്ട കാതറിന്റേയും വീട്ടുജോലിക്കാരിയായ സാറയുടേയും ജീവിതാനുഭവങ്ങളെ മഹാഭാരതത്തിലെ ദ്രൗപതിയുടെ ജീവിതവുമായി ബന്ധിപ്പിച്ചാണ് നാടകം പുരോഗമിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുതന്നെയുള്ള ദി വാക്ക് ഓര്‍മ്മിപ്പിക്കുന്നത് നിര്‍ഭയെയയാണ്. ഇന്ത്യയിലെ പ്രശസ്തനാടക പ്രവര്‍ത്തക കൃഷ്ണ റാവോവിന്റെ വാക്ക് എന്ന നാടകത്തിന്റെ ദക്ഷിണാഫ്രിക്കന്‍ വെര്‍ഷനാണ് സാറാ മച്ചെറ്റിന്റെ ഈ നാടകം. ഇന്ത്യയെപോലെ തന്നെ നിരവധി പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടു്‌ന ദക്ഷിണാഫ്രിക്കയിലെ ഇരകളുടെ പാര്‍ശ്വവല്‍ക്കരണമാണ് സംവിധായിക ചൂണ്ടികാണിക്കുന്നത്.
7കേരളത്തിലെ ട്രാന്‍സ്‌ജെന്ററുകളുടെ ആദ്യനാടകം മഴവില്‍ വര്‍ത്തമാനം തിരകഥയില്ലാത്ത ഒരു സമൂഹത്തിന്റെ വിഹ്വലതകളും പ്രതിഷേധാഗ്നിയുമായിരുന്നു. ഏഴുദിവസത്തെ ക്യാമ്പില്‍ രൂപപ്പെട്ട നാടകത്തില്‍ ഓരോരുത്തരും സ്വന്തം അനുഭവങ്ങള്‍ അനാവരണം ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ചെന്നെയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്റര്‍ നാടകവുമായി താരതമ്യം സാധ്യമല്ലെങ്കിലും ഒരു വശത്ത് ട്രാന്‍സ് സൗഹൃദമെന്ന് അവകാശപ്പെടുകയും മറുവശത്ത് പോലീസിനെ ഉപയോഗിച്ച് തെരുവുകളെ ട്രാന്‍സ് രഹിതമാക്കുകയും ചെയ്യുന്ന കേരളത്തിന്റെ കാപട്യത്തിനെതിരായ പെരുവിരലായി നാടകം മാറിയെന്നതില്‍ സംശയമില്ല. അങ്ങനെ അതൊരു തുടക്കത്തിന്റെ തുടക്കമായി.
മുംബൈയിലെ പ്രസിദ്ധമായ റെഡ് സ്ട്രീറ്റില്‍ നിന്നെത്തിയ ലാല്‍ബത്തി എക്‌സ്പ്രസ്സ് ഒരു സമൂഹത്തിന്റെ അതിജീവനത്തിന്റെ കഥ പറഞ്ഞപ്പോള്‍ മുഴുവന്‍ പ്രേക്ഷകരും അതിന്റെ ഭാഗഭാക്കാകുകയായിരുന്നു. ലൈംഗികത്തൊഴിലാളികളുടെ മക്കളായ 14 പെണ്‍കുട്ടികളാണ് തങ്ങളുടെ ജീവിതത്തിന്റേയും അതിജീവനത്തിന്റേയും കഥ പറഞ്ഞത്. ലാല്‍ബത്തി എക്‌സ്പ്രസ്സ് നിര്‍ത്തുന്നത് ജീവിതത്തിന്റെ വിവിധ സ്റ്റേഷനുകളിലാണ്. തങ്ങള്‍ നേരിടുന്ന അവഹേളനങ്ങളും പീഡനങ്ങളും അതിക്രമങ്ങളും ഓരോ സ്‌റ്റേഷനിലും അവര്‍ വിളിച്ചു പറയുന്നു. എന്നാലിന്നവര്‍ ക്രാന്തി എന്ന സന്നദ്ധസംഘടനയുടെ സഹായത്തോടെ വിജയത്തിന്റെ പാതയിലാണ്. പെണ്‍കുട്ടികളോട് സംവദിച്ചും അവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞും പ്രേക്ഷകരും നാടകത്തിന്റെ ഭാഗമായി.
ട്രാന്‍സ്‌ജെന്ററുകളേയും ലൈംഗികത്തൊഴിലാളികളുമടക്കമുള്ളവരെപോലും അംഗീകരിക്കാന്‍ തയ്യാറാകുന്നവര്‍പോലും അവജ്ഞയോടെ കാണുന്ന വിഭാഗമാണ് സ്വവര്‍ഗ്ഗാനുരാഗികള്‍. ഇന്ത്യയില്‍ അത് കുറ്റകരവുമാണ്. എന്നാല്‍ മന്‍ദീപ് റായ്ഖിയുടെ കോറിയോഗ്രാഫിയിലൂടെ അരങ്ങേറിയ നൃത്താവിഷ്‌കാരം ക്വീന്‍ സൈസ് പറയുന്നത് രണ്ടു പുരുഷന്മാരുടെ സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ചാണ്.
8മഹാരാഷ്ട്രയിലെ അധ്യാപകനും വിപ്ലവകരമായ ചിന്തകളുട ഉടമയുമായിരുന്ന പ്രൊഫ ആര്‍ ഡി കാര്‍വെയുടെ ജീവിതത്തിന്റെ നാടകാവിഷ്‌കാരമാണ് അതുല്‍ പെഥേക് സംവിധാനം ചെയ്ത സമാജ് സ്വസ്ഥേ. ംൈഗികവിദ്യാഭ്യാസവും ലൈംഗികസ്വാതന്ത്ര്യമടക്കമുള്ള അദ്ദേഹത്തിന്റെ ചിന്തകള്‍ അംഗീകരിക്കാന്‍ യാഥാസ്ഥിതിക സമൂഹം തയ്യാറായിരുന്നില്ല. പലപ്പോഴും നിയമനടപടികള്‍ക്കടക്കം അദ്ദേഹത്തിനു നേരിടേണ്ടിവന്നിരുന്നു. കാര്യമായി ആരും ഓര്‍ക്കാത്ത അദ്ദേഹത്തിന്റെ ജീവിതം കൂടുതല്‍ പൊലിമയൊന്നുമില്ലാതെയാണ് നാടകത്തില്‍ ആവിഷ്‌കരിച്ചത്.
വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയിലെ ഇരകളായ ദളിത് – ആദിവാസി വിഭാഗങ്ങളുടെ ജീവിതവും പല നാടകങ്ങള്‍ക്കും പ്രമേയമായി. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ എഴുത്തുകാരന്‍ ശരണ്‍ കുമാര്‍ ലിംബാളെയുടെ ആത്മകഥ അക്കര്‍മാശി മലയാളിക്കു വളരെ പരിചിതമാണ്. ആ ആത്മകഥയുടെ നാടകാവിഷ്‌കാരമാണ് രണ്‍ധിര്‍ കുമാര്‍ സംവിധാനം ചെയ്ത പട്‌നയില്‍ നിന്നുള്ള നാടകം ഔട്ട് കാസ്റ്റ്. മഹാരാഷ്ട്രയിലെ മഹര്‍ ഗ്രാമത്തില്‍ നിലനില്‍ക്കുന്ന ജാതീയവിവേചനങ്ങളാണ് നാടകപ്രമേയം. വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തും നിരവധി വേദികളില്‍ അവതരിപ്പിച്ച വയനാട്ടിലെ ആദിവാസികളുടെ നാടകം ഉറാട്ടിയും അരങ്ങിലെത്തി. മനോജ് കാനയാണ് സംവിധായകന്‍. ഉറാട്ടി ആദ്യമായി അവതരിപ്പിച്ചപ്പോള്‍ മകനായി വേഷമിട്ട കുട്ടി ഇപ്പോള്‍ അഭിനയിക്കുന്നത് അച്ഛനായി. എന്നാല്‍ ആദിവാസികളുടെ ദുരിതങ്ങള്‍ക്കു മാത്രം അവസാനമില്ല. ഒരുപക്ഷെ ഉറാട്ടിയുടെ അവതരണം ഇനിയും പതിറ്റാണ്ടുകള്‍ തുടരുമായിരിക്കും. സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പീഡനങ്ങളാണ് ട്രാന്‍സ്‌ഫെര്‍മേഷന്‍ എന്ന മലയാള നാടകത്തിന്റെ പ്രമേയം. വിനോദ് വി നാരായണന്‍ സംവിധാനം ചെയ്ത നാടകം അവതരിപ്പിച്ചത് സ്‌കൂള്‍ ഓഫ് ഡ്രാമയാണ്.
9മലയാളനാടകങ്ങളില്‍ ഏറ്റവും മികച്ചുനിന്നത് മരണമാച്ച് തന്നെ. രാജ്യമെത്തി നില്‍ക്കുന്ന ഫാസിസ്റ്റ് ഭീഷണിയുടെ കാലത്ത് കൊല്ലാം, തോല്‍പ്പിക്കാനാവില്ല എന്നാണ് മരണമാച്ച് വിളിച്ചുപറയുന്നത്. രണ്ടാം ലോകയുദ്ധത്തില്‍ മരണക്കളിയെന്നു വിശേഷിപ്പിക്കപ്പെട്ട നാസിസേനയും ഉക്രെയിനിലെ സ്റ്റാര്‍ട്ട് ഫുട്‌ബോള്‍ ക്ലബ്ബും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പുനരാവിഷ്‌കരിക്കുകയാണ് ഈ നാടകം. മലപ്പുറത്തെ ഫുട്‌ബോള്‍ പശ്ചാത്തലത്തിലാണ് നാടകത്തിലെ ഫുട്‌ബോളും മുന്നേറുന്നത്. ദേശീയതയുടെ പേരില്‍ വര്‍ഗ്ഗീയതയും ഫാസിസവും അടിച്ചേല്‍പ്പിക്കുന്ന ഭരണാധികാരികളെ ഫുട്‌ബോള്‍ കൊണ്ടാണ് ഇവിടെ ചെറുക്കുന്നത്. അടിമുടി രാഷ്ട്രീയ ആക്ഷേപഹാസ്യം നിറഞ്ഞുനില്‍ക്കുന്ന മരണമാച്ചാണ് നാടകോത്സവത്തിലെ ഏറ്റവും മികച്ച നാടകമായി ഭൂരിഭാഗം പ്രേക്ഷകരും അംഗീകരിക്കുന്നത്. സ്വാഭാവികമായും മുസ്ലിം വിഭാഗങ്ങളെതന്നെയാണ് ഇന്ത്യന്‍ ഫാസിസം ലക്ഷ്യം വെക്കുന്നതെന്നും നാടകം പറയാതെ പറയുന്നു.
2070ല്‍ ജീവിക്കുന്ന ഒരു ഇറാനിയന്‍ യുവതി തന്റെ മുത്തച്ഛന്റെ തിരോധാനം അന്വേഷിക്കുന്ന ഇറാനിയന്‍ നാടകം വോയ്‌സ്ലെസ്‌നെസ്സ, ആന്റണ്‍ ചെക്കോവിന്റെ ദ് ബെറ്റ് എന്ന ചെറുകഥയെ ആധാരമാക്കി ശ്രീജിത് രമണന്‍ സംവിധാനം ചെയ്ത ഏകാന്തം, വികസനത്തിന്റെ പുതിയ നിര്‍വ്വചനങ്ങളില്‍ പ്രകൃതിയെ മറക്കുന്നവര്‍ക്കുള്ള താക്കീതായി രണ്ടുമുറി അടുക്കളത്തിണ്ണ, വേദിയില്‍ ശബ്ദം കൊണ്ട് സൃഷ്ടിച്ച സാങ്കല്‍പ്പിക നദിയുടെ അതിന്റെ ഒഴുക്കിനനുസരിച്ച് വെയില്‍സ് രാജ്യത്തിന്റെ കഥ പറയുന്ന മൈ ബോഡി വെല്‍ഷ്, കംഭകര്‍ണ്ണന്റെ ഉറക്കവും ലക്ഷ്മണന്റെ ഉറക്കമില്ലായ്മയും ബന്ധിപ്പിച്ച് നിമ്മിറാഫേല്‍ അവതരിപ്പിച്ച സോളോ നിദ്രാവത്വം, നിശബ്ദതയാണ് ശബ്ദത്തേക്കാള്‍ ശക്തമെന്നു പറഞ്ഞ് സ്‌നേഹത്തെ ഉദ്‌ഘോഷിച്ച ശീലങ്കന്‍ നാടകം ലൗ ആന്റ് ലൈഫ്, താരാട്ടുപാട്ടിന്റെ ശക്തി പാവക്കൂത്തിന്റെ രൂപത്തില്‍ അവതരിപ്പിച്ച ജോര്‍ജ്ജിയന്‍ നാടകം ദി പവര്‍ ഓഫ് ലല്ലബി, ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ മുതലാളിത്തത്തിനെതിരെ പോളണ്ടിലുണ്ടായ തൊഴിലാളി വര്‍ഗ്ഗ പ്രക്ഷോഭത്തെ പ്രമേയമാക്കിയ പാവോല്‍ സൊകൊഡാക് സംവിധാനം ചെയ്ത ദി ബാഡ് സിറ്റി, മണിപ്പൂരില്‍ പട്ടാളം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ സംഗീതമോ ശബ്ദമോ ഇല്ലാതെ പച്ചായായി ചിത്രീകിരിച്ച നെര്‍, ബധിരനായ നടന്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച മുംബൈ നാടകം സേ വാട്ട്, സൂഫി ഗായകന്‍ ലാലന്‍ ഫക്കീറിന്റെ ജീവിതം പ്രമേയമാക്കിയ കൊല്‍ക്കത്ത നാടകം മാന്‍ ഓഫ് ദ ഹാര്‍ട്ട്, എല്ലാവരോടും പച്ചമനുഷ്യാരാകാന്‍ ആവശ്യപ്പെട്ട് നഗരം മുഴുവന്‍ അരങ്ങും നഗരത്തിലുണ്ടായിരുന്ന എല്ലാവരേയും കഥാപാത്രങ്ങളുമാക്കി സ്‌പെയിന്‍ സ്വദേശി അഡ്രിയാന്‍ ഷെവാര്‍ സ്റ്റെയിന്‍ അവതരിപ്പിച്ച ദി ഗ്രീന്‍ മാന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ മറ്റു നാടകങ്ങള്‍.
10കേരളത്തിന്റെ അന്താരാഷ്ട്ര നാടകോത്സവം 10 വര്‍ഷമായപ്പോഴേക്കും ഇന്ത്യയുടെ മാത്രമല്ല, ലോക നാടക ഭൂപടത്തില്‍ തന്നെ ഇടം നേടിയെന്നതില്‍ സംശയമില്ല. ബ്രഹ്മാണ്ഡനാടകങ്ങളില്‍ നിന്നു മാറി, രാഷ്ട്രീയ പ്രസക്തമായ പ്രമേയങ്ങളുമായി ചെറുനാടകങ്ങളിലേക്ക് നാടകോത്സവം ചുവടുമാറിയതിനെ വിമര്‍ശിക്കുന്നവരുണ്ടാകാം. എന്നാല്‍ അതാണ് ശരിയെന്ന പക്ഷമാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും. ഈ നാടകങ്ങളാണ് ചെറിയവരുടെ ലോകത്തെ പച്ചയായി അവതരിപ്പിക്കുന്നത്. സ്ത്രീകളടക്കം മാര്‍ജിനലൈസ്ഡ് ആയവരുടെ കലാവിഷ്‌കാരങ്ങളില്‍ നാമെത്ര പുറകിലാണെന്നും ഈ നാടകോത്സവം ബോധ്യപ്പെടുത്തി. മലയാളനാടകങ്ങളിലായിരുന്നു സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവ്.
13നാടകോത്സവത്തെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രശ്‌നം സാമ്പത്തിക പ്രതിസന്ധി നാടകങ്ങളുടെ തെരഞ്ഞെടുപ്പില്‍ പരിമിതികള്‍ സൃഷ്ടിക്കുന്നു എന്നതാണ്. അറിഞ്ഞിടത്തോളം ഫണ്ട് കൂടുതല്‍ അനുവദിക്കുമെന്നൊക്കെ പലപ്പോഴും മന്ത്രിമാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും 50 ലക്ഷം രൂപ ചിലവിലാണ് നാടകോത്സവം നടക്കുന്നത്. ഏകാംഗനാടകങ്ങളുടെ എണ്ണം കൂടാന്‍ അതും കാരണമാണ്. അന്താരാഷ്ട്ര ചലചിത്രോത്സവത്തിനും ബിനാലേക്കും കോടികളാണ് ചിലവഴിക്കുന്നത് എന്നോര്‍ക്കണം. മറ്റൊന്ന് സ്ഥലത്തിന്റെ പരിമിതിയാണ്. കേരളത്തില്‍ നാടകോത്സവം സംഘടിപ്പിക്കാന്‍ ഏറ്റവും സൗകര്യം സംഗീത നാടക അക്കാദമി കോംപ്ലേക്‌സാണെങ്കിലും അതും സത്യത്തില്‍ അപര്യാപ്തം തന്നെയാണ്. വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്ന, കഴിഞ്ഞ നാടകോത്സവത്തില്‍ പ്രേക്ഷകര്‍തന്നെ പ്രകടനം നടത്തി ആവശ്യപ്പെട്ട സാംസ്‌കാരിക ഇടവഴിയും കള്‍ച്ചറല്‍ കോംപ്ലെക്‌സ്ും തൃശൂരില്‍ ഉടനടി ആരംഭിക്കുമെന്ന പ്രഖ്യാപനം ഇക്കുറിയും ഉണ്ടായി. ആ ദിശയിലുള്ള നടപടികള്‍ ഉടനടി ആരംഭിക്കുകയാണ് അധികാരികള്‍ ഉടനടി ചെയ്യേണ്ടത്. കേരളത്തിലെ ഏറ്റവും കരുത്തുറ്റ സാംസ്‌കാരിക അനുഭവമായി അങ്ങനെയാണ് ഇറ്റ്‌ഫോക് മാറുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply